ഇതഃപര്യന്തമുള്ള എൻറെ നിരീക്ഷണത്തിൽ ഞാൻ മനസ്സിലക്കിയത് കേരളത്തിൽ ഇന്ത്യൻ കോഫീ ഹൗസുഷോപ്പുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരെല്ലാം തടിയന്മാരും തടിച്ചികളുമാണെന്നാണ് സൂര്യകാന്തി എണ്ണയിൽ പാകം ചെയ്ത ഭക്ഷണങ്ങൾ നിരന്തരംകഴിക്കുന്നതിനാലാകാം ആളുകൾ ഇങ്ങനെ സ്ഥൂല ശരീരികൾ ആകുന്നത്. ഇതിന് യാതൊരു വിധ ശാസ്ത്രീയ തെളിവും എനിക്കില്ല, വെറും തോന്നലുകൾ മാത്രം.
സൂര്യകാന്തി എണ്ണയിലാണ് അവർ വറുക്കലും പൊരിക്കലും വാറ്റലുമൊക്കെ നടത്തുന്നത്. കേരകൃഷിയുടെ പ്രോത്സാഹനമാർത്തിട്ടാകാം വെളിച്ചെണ്ണ കോഫീ ഹൗസിൻ്റെ ഏഴയലത്ത് കയറ്റില്ല.
മസാല ദോശ. ഗീ റോസ്റ്റ് , വാഴയ്ക്കാപ്പം തുടങ്ങി എല്ലാം പ്രപ്പയർ ചെയ്യുന്നത് സൂര്യകാന്തി എണ്ണയിലാണ്. അകാര്യം ബോർഡെഴുതി അവിടെ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ജപ്പാൻ കുടിവെള്ളം ഉപയോഗിക്കുന്നുവെന്ന ബോർഡ് വരെ യുണ്ട്. ഇതു കണ്ടാൽ തോന്നും അടുത്ത കാലം വരെ ജപ്പാൻ, കുടിവെള്ളം ഉപrയാഗിച്ചിരുന്നില്ലന്ന് .
അതെന്താലും തർക്കങ്ങൾക്കൊന്നും കോഫീ ഹാസ് മാനേജ്മെൻ്റ് ആഗ്രഹിക്കുന്നില്ല അതു കൊണ്ടാണ് അനവധി ബോർഡുകൾ അവിടവിടെ സ്ഥാപിച്ചിരിക്കുന്നത്.
ശരീരഭാരം സാമാന്യ മള്ളതിനാലും കുറച്ചു കാലം കൂടി ജീവിച്ചിരിക്കുന്നതു കാണാൻ ആഗ്രഹമുള്ളതിനാലും ഭാര്യയുടെ കൃത്യമായ നിർദ്ദേശമുണ്ട് വല്ലിടത്തും കേറി ആവശ്യമില്ലാതെ വെട്ടി വിഴുങ്ങതെന്ന്.
അതുകൊണ്ട് ഇപ്പോൾ അവിടം സന്ദർശിക്കുന്നത് ഒരു കപ്പ് ചായയോ കോഫിയോ കുടിക്കുന്നതിനു വേണ്ടിമാത്രമാണ്.
അങ്ങനെ ഇരിക്കെയാണ് കൊറോണ എന്ന മഹാമാരി പൊട്ടി പ്പുറപ്പെട്ടത്. പടർന്നു പിടിക്കുന്ന രോഗം കൊറോണ യാണോ കോവി ഡാണാ , മെയ്ഡ് ഇൻ ചൈനയാണോ എന്ന് തിരിച്ചറിയും മുമ്പ് ഇന്ത്യൻ കോഫീ ഹൗസുകൾ പൂട്ടിച്ചു. ചായ കുടിയും മുടങ്ങി.
കോവിഡ് വ്യാപകമായതോടെ, അനു വാദം കിട്ടിയതിനാൽ കോഫി ഹൗസ് രണ്ടു മാസമായി തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. അതോടെ ചായ കുടിയും ഞാൻ പുനരാരംഭിച്ചു.
മാസ്ക്, സാനിറ്റൈസർ തുടങ്ങിയ അനുസാരികളുമായിട്ടാണ് യാത്രയെങ്കിലും കോഫീ ഹൗസിൽ കയറുമ്പോൾ ഇവ രണ്ടും ഉപയോഗിക്കണം. അതും നമ്മുടെ സ്വന്തം സാനിറ്റൈസർ പറ്റില്ല, അവരുടേതു തന്നെ കൈയിൽ പുരട്ടണം
കോവിഡ് ജാഗ്രത തുടരുമ്പോഴും ആളുകൾ കോഫി ഹൗസ് ഇപ്പോൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഫീ ഹൗസിൽ എത്തി സാനിറ്റൈസർ പുരട്ടി ക്കൊണ്ടിരുന്നപ്പോൾ എനിക്കൊപ്പം എത്തിയ ഒരു കസ്റ്റമർ മാസ്ക് അഴിച്ചുമാറ്റി സാനിറ്റൈസർ തൻ്റെ നരച്ചതാടി മീശയിലും മുടിയിലുംതടവുന്നതു കണ്ടു. എനിക്കെന്തോ സംശയമുണ്ടെന്ന് തോന്നിയതിനാലാവണം എന്നെ ബോധവൽക്കരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു " വയറസാണ്, മൈക്രോ ഓർഗാനിസം, എവിടെ വേണമെങ്കിലും പറ്റി പിടിച്ചിരിക്കാം ". അദ്ദേഹം വിവരവും വിദ്യാഭ്യാസവുമുള്ള ആളാണെന്നു എനിക്കു തോന്നുകയും ചെയ്തു.
പല തവണ ചായ കുടിച്ച് ബോറടിച്ചതു കൊണ്ടാവണം അന്നെനിക്ക് കോഫി കുടിക്കാനാണ് തോന്നിയത്. ഒരു വെറൈറ്റി, അത്രേയുള്ളൂ.
സാമൂഹ്യ അകലം പാലിച്ച് കസേരയിൽ ഇരുന്ന് അല്പനേരം പിന്നിട്ടപ്പോൾ തലപ്പാവുകാരനെത്തി ഓർഡർ വാങ്ങാൻ. പതിവു കാണുന്ന ആളല്ലായിരുന്നു അന്ന്.
" വൺ കോഫീ, പ്ളീസ് "
" വിത്തൗട്ട്, സേർ? "
"നോ, വിത്ത് "
"ഓ കേ, സേർ "
തിരികെ പോകുന്ന വഴിയിൽ തലപ്പാവുകാരനെ സാനിറ്റൈസർ താടിയിൽ തൂവിയ ആൾ തടഞ്ഞു നിർത്തി ചോദിച്ചു.
" എന്തുണ്ട് കഴിക്കാൻ?"
"മസാല ദോശ, ഗീ റോസ്റ്റ്, പൂരീമസാൽ, വട, ബീഫ് റോസ്റ്റ്, ബീഫ് ഫ്റൈ, മുട്ട റോസ്റ്റ്, വാഴയ്ക്കാപ്പം, സ്ക്രാംബിൾഡ് എഗ് ഓൺ ടോസ്റ്റ്, ബ്രഡ് ജാം ... "
" ഒരു മസാല ദോശ "
എല്ലാവരുടെയും ഗതികേട് ഇതാണ്, മസാല ദോശ മാത്രമേ ഓർക്കു
" ഡിങ്ക് സ്, കുടിക്കാൻ ?"
"ചായ "
അധികം വൈകിയില്ല, എൻ്റെ കോഫീ മേശപ്പുറത്ത് എത്തി. കോവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്തു ഇടതു കൈയ്യിൽ എടുത്തു കപ്പിൻ്റെ പുറകുവശം ഞാൻ ചുണ്ടോടു ചേർത്തു. കപ്പിൻ്റെ മറ്റു വശങ്ങളിലെല്ലാം വയറസ് പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ളതിനാലാണ് കപ്പിൻ്റെ പിടിഭാഗം ഞാൻ ചുണ്ടോടു ചേർത്തത്.
ബില്ലിലേക്ക് ഞാൻസൂക്ഷിച്ച നോക്കി, ശരിയാണ്, ചായ തന്നെ. ജീ എസ് റ്റി, എ എസ് റ്റി, ഐസക് റ്റി എല്ലാം കയറ്റി ബിൽ തുക 11 രൂപാ 49 പൈസ. റൗണ്ട് ഓഫ് 11 രുപ .
11 രൂപാ കൗണ്ടറിൽ കൊടുത്ത് കിറുമ്മാതെ ഞാൻ പുറത്തേക്ക് ഇറങ്ങി. തലപ്പാവുകാരൻ എന്നെ നോക്കി പുഞ്ചിരിച്ചു. എൻ്റെ കാഫി കുടിക്കാൻ പോകുന്ന സാനിറ്റൈസർ താടിക്കാരൻ്റെ വിധി ഓർത്തപ്പോൾ വിവരണാതീതമായ ഒരു മനഃസ്സുഖം എനിക്കനുഭവപ്പെടുകയും ചെയ്തു.
കെ എ സോളമൻ