Monday, 25 November 2019

ജെ എൻ യു പ്രഫസർ - കഥ


തന്റെ സാംസ്കാരിക ട്രൂപ്പിന് ഗ്ളാമർ നഷ്ടപ്പെട്ടതും ആളു കുറഞ്ഞതും സെക്രട്ടറിയായ കോയക്കുഞ്ഞ് സാഹിബിനെ വ്യാകുലചിത്തനാക്കി.

"എന്താണിതിന് കാരണം?" കോയാ കുഞ്ഞ് ആത്മഗതം.

ഇതു കണ്ട മുട്ടുവേദനക്കാരനായ പ്രസിഡന്റ് പറഞ്ഞു:

"അതു നമ്മുടെ ആരുടെയും കുഴപ്പമല്ല. പണ്ടെത്ത പോലെയാണോ ഇപ്പോ? നമ്മുടേയും ആ ഉപേന്ദ്രപന്റയും ട്രൂപ്പുകൾ മാത്രമല്ലേ പണ്ടുണ്ടായിരുന്നുള്ളു. നമ്മുടെതിന്റെ പകുതി ആളുകൾ ഉപേന്ദ്രന്റെ ജനനിക്ക് എത്തുന്നില്ല. ഇപ്പോൾ പണ്ടെത്തെ സ്ഥിതിയാണോ? 2-നു പകരം 20 എണ്ണമില്ലേ? എല്ലാവർക്കുമുണ്ടു ആളെ കിട്ടാനുള്ള പരിമിതി"

" എന്നാലും ഇങ്ങനെയുണ്ടോ, ആളുകളുടെ കൊഴിച്ചിൽ? ചായയ്ക്കും വടയ്ക്കും ഹാൾ വാടകയ്ക്കമായി 1000 വെച്ചു മുടക്കുന്നത്, " കോയ

"അതു കോയ വീട്ടീന്നു കൊണ്ടുവന്നതല്ലല്ലോ?
നടന്നു പിരിച്ചതല്ലേ? ആദരിക്കാനും ഷാളു പുതപ്പിക്കാനുമെന്നും പറഞ്ഞു പണം ചോദിച്ചു, കുറെ പേർ വീണു. "എന്നെ ആദരിക്കുന്നില്ലേ "യെന്നു ചോദിച്ചു കൊണ്ടു വരുന്നവരുമുണ്ട്, അതുകൊണ്ട് പണത്തിനു മുട്ടു വരില്ല. ഈ ഷാൾ പുതപ്പിക്കൽ കൂടിയതാണ് ആളുകൾ അടുക്കാത്തത്, കാശു പോകുന്ന പരിപാടിക്ക് ബോധമുള്ളവർ മുതിരില്ല ? " പ്രസിഡന്റ്.

" അപ്പോ, എന്താ ഒരു വഴി?" !കോയ

" അതൊന്നുമല്ല കാരണം, വെറുപ്പിച്ച വിട്ടാൽ ആരെങ്കിലും പിന്നീടു വരുമോ? ആ രണ്ടു പ്രഫസർമാരെ വെറുപ്പിച്ചതു ശരിയായില്ല. അവർക്കു പകരം ഡൽഹീന്നു വന്ന ചെരുപ്പുകടക്കാരനെ പ്രഫസറാക്കി അവതരിപ്പിച്ചതും പാളി, അയാൾ ഒരു യോഗത്തിൽ വിളിച്ചു പറഞ്ഞതു കേട്ടില്ലേ , ഡൽഹിയിൽ ചെരുപ്പിനു വിലക്കുറവാണെന്ന് " അഭിപ്രായം പറഞ്ഞത് കടൽത്തീരം കവി രാഘവനാണ്.

" രാഘവനു വല്ല നിർദ്ദേശവുമുണ്ടോ. ആളുകളെ കൂടുതലായി എത്തിക്കാൻ?":-പ്രസിഡന്റ്

"പ്രഫസർമാർ സാഹിത്യ സമ്മേളനങ്ങൾക്ക് അലങ്കാരമാണ്‌. നമ്മുടെ പരിപാടി നേരം കൊല്ലിയാണെന്നു വ്യാപക പ്രചരണമുള്ളതിനാൽ പ്രഫസർമാരെ കിട്ടില്ല. അപ്പോൾ പഴയ പരിപാടി ആവർത്തിക്കേണ്ടി വരും

" പുതുതായി വന്ന, അധികം സംസാരിക്കാത്ത, ആരോടും മിണ്ടാത്ത താടിക്കാരനെ, എന്താണയാളുടെ പേര്, അതെ റോഹിത് കുമാരനെ നമുക്ക് പ്രഫസറാക്കി വാഴിക്കാം. അയാളെ ആർക്കും തന്നെ അത്ര പരിചയമില്ല പ്രസിഡന്റിന്റെ കെയറോഫിൽ വന്നതല്ലേ? ഏതു കോളജിലെ പ്രഫസർ എന്ന് ആരെങ്കിലും ചോദിച്ചാൽ ജെ എൻ യു എന്നു പറയാൻ പഠിപ്പിച്ചാൽ മതി. ജെ.എൻ യു പ്രഫസറാവുമ്പോൾ അവിടത്തെ പിള്ളാരെ പോലയാണ്, പല്ലു തേയ്ക്കണ്ട, മുഖം കഴുകണ്ട കുളിക്കില്ല. താടിയും മുടിയും കണ്ടാൽ ബൗദ്ധിക നിലവാരം കൂടിയ ആൾ എന്നു തോന്നുകയും ചെയ്യും. ജെ എൻ യു ആണിപ്പോൾ ട്രൻന്റ്" രാഘവൻ

"എങ്കിൽ അതു മതി. ജെ എൻ യു പ്രഫസർ രോഹിത് കുമാർ അടുത്ത പരിപാടിക്ക് നമ്മുടെ മുഖ്യാതിഥി "

 കോയകുഞ്ഞു ചാടി എഴുന്നേറ്റ് രാഘവനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു

- കെ എ സോളമൻ

Saturday, 9 November 2019

തണ്ണിമത്തൻ ഡേയ്സ്

കഥ - കെ എ സോളമൻ

ഇടിമുറിയുടെ വരാന്തയിൽ കരിഓയിൽ പൂശണമോ അതോ ഗ്രീസ് പുരട്ടിയാൽ മതിയോ എന്നു ശങ്ക തോന്നിയിട്ടു കുറച്ചു നാളായി.  അത്രമാത്രമുണ്ട് ശല്യം.

ഇടിമുറി എന്നു പറഞ്ഞത് ആലങ്കാരികമായാണ്. ശരിക്കും ഇതു ക്ളാസ് മുറിയാണ്. ഡിഗ്രി പിള്ളാരെ, 10-17 വയസ്സു പിന്നിട്ട കുട്ടികളെ, പഠിപ്പിക്കുന്ന മുറി. ക്ളാസ് റൂം പഠനം പീഡനമെന്നു വിശേഷിപ്പിക്കുന്ന ഇക്കാലത്ത് ക്ളാസ് മുറികളെ ഇടി മുറികളെന്നു വിളിച്ചാൽ തെറ്റില്ല.

" നടന്നാൽ നടക്കും, കിടന്നാൽ കിടക്കും" എന്നറിയാവുന്നതു കൊണ്ടാണ്  കോളജിനു മുന്നിലെ കടമുറികളിൽ ഒന്നിൽ ട്യൂഷൻ ക്ളാസ് ആരംഭിച്ചത്. ട്യൂഷൻ ക്ളാസെന്നു പറയാൻ കാര്യമായിട്ടൊന്നുമില്ല. ലൈൻ ബിൽഡിംഗിലെ കടമുറി. കാറ്റു വീശി വരുന്ന പടിഞ്ഞാറു ഭാഗത്ത് ജനൽ ഇല്ലാത്തതിനാൽ ഫ്റണ്ട് ഷട്ടർ പൂർണ്ണമയും തുറന്നിടണം. അല്ലെങ്കിൽ കാറ്റുകയറില്ല.

ഹൈവേയിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഇരമ്പലും തൊട്ടടുത്തുള്ള വർക്ക് ഷാപ്പിലെ ഒച്ചയും അധ്യയനത്തെ സാരമായി ബാധിക്കുകമെങ്കിലും കാലം കുറച്ചധികമായതിനാൽ ഒരു ശീലമായി. പക്ഷെ പുതിയ വിപത്ത് തികച്ചും അപ്രതീക്ഷിതമായിരുന്നു.

ഇടിമുറി തുടങ്ങിയതിനു ശേഷം തൊട്ടടുത്ത മുറിയിൽ നാലു സംരംഭകർ വ്യാപാരം തുടങ്ങിയെങ്കിലും ഒന്നും ക്ളച്ചു പിടിച്ചില്ല. ആദ്യം ഒരു പച്ചക്കറി സ്റ്റാൾ, തുടർന്ന് ആട്ടമാവ് ഹോൾസെയിൽ, പിന്നീട് സ്റ്റേഷനറി, ഒടുക്കം ടെക്സ്റ്റയിൽസ്. എല്ലാം പൂട്ടിക്കെട്ടി പോയി. പൊളിയാൻ ഓരോരുത്തർക്കും ഓരോരോ മാർഗ്ഗം

ഒടുക്കം വന്ന അഞ്ചാമത്തെ സ്ഥാപനമാണ് കൂൾബാർ, ഗംഭീര സക്സസ്. കോളജിലെ സകല കമിതാക്കളും അതിനകത്താണ്. കട് ലറ്റ്, പഫ്സ്, പരിപ്പുവട, പലതരം ഐസ് ക്രീമുകൾ എല്ലാം ഉണ്ട്. ഫുൾജാർ സോഡ ഉദ്ഘാടന ദിവസം എന്തായിരുന്നു ബഹളം. പക്ഷെ സോഡ അതു പെട്ടെന്നു ചീറ്റി.

കടയുടമ ജോലിക്കാർക്ക് പ്രത്യേക നിർദ്ദേശം കൊടുത്തു കാണണം കമിതാക്കളെ ശല്യം ചെയ്യാൻ പാടില്ലെന്ന്. എത്ര മണിക്കുറാണ് കമിതാക്കൾ ഐസ് ക്രീം ടേസ്റ്റു ചെയ്ത് കൂൾബാറിൽ കുത്തിയിരിക്കുന്നത്.

എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു സംഭവമാണ്. ഞാൻ മുൻവഷം ഡിഗ്രി പഠിപ്പിച്ചു വിട്ട കുട്ടിയാണ്.     അടുത്ത കോളജിൽ എം എസ് സി ക്കു അഡ്മിഷൻ കിട്ടി പഠിക്കാൻ ചേർന്നു. അവളും ഒരുത്തനേം കൂട്ടി കഴിഞ്ഞ ദിവസം ഈ കൂൾബാറിൽ കുത്തിയിരുന്നത് മൂന്നു മണിക്കൂറാണ്‌.  11 മണിക്ക്  ഞാൻ വീട്ടിലേക്കു പോകാൻ നേരം കൂൾ ബാറിലേക്ക് കയറിപ്പോയ അവർ രണ്ടു പേരും രണ്ടു മണിക്ക് ഞാൻതിരികെ വന്നപ്പോൾ മാത്രമാണ് ഇറങ്ങിപ്പോയത്. പഠിപ്പിച്ച സാറിന്റെ മുന്നിലൂടെ കാമുകനുമായി ഇങ്ങനെ പോകുന്നതിൽ ബഹുമാനക്കുറവ് ഉണ്ടെന്നു പറഞ്ഞു കൂടാ. നോട്ടുബുക്ക് കൊണ്ട് മുഖം മറച്ചിട്ടുണ്ട്, സാറു കാണാതിരിക്കാൻ.

കോളജിൽ ഇരിക്കപ്പൊറുതി ഇല്ലാത്തതിനാലും ബസ്റ്റാന്റിൽ ഏറെ നേരം നിന്നാൽ സെക്യൂരിറ്റിക്കാർ ചോദ്യം ചെയ്യുമെന്നതിനാലും കൂൾ ബാറിൽ കൊള്ളാത്ത കമിതാക്കൾ കെട്ടിടത്തിന്റെ വരാന്തയിലാണ് മണിക്കൂറുകളോളം കുത്തിയിരിക്കുക. കൂൾബാർ കാരനുൾപ്പെടെ സകല കടക്കാരനും ബാരിക്കേഡ് വെച്ച് വരാന്ത സംരക്ഷിച്ചിട്ടുള്ളതിനാൽ ട്യൂഷൻ മുറിയുടെ മുന്നിൽ 4 ജോടി  കമിതാക്കൾ എപ്പോഴും കാണും. മുറിയിലേക്കു കയറാനും ഇറങ്ങാനും ഇവരോടു അനുവാദം വാങ്ങണം .

കമിതാക്കളെ ശല്യം ചെയ്യാൻ പാടില്ലായെന്ന അപ്രഖ്യാപിത നയം നിലവിലുള്ളതിനാൽ "എന്തിനിവിടെയിരിക്കുന്നു?" എന്നു ചോദിക്കാൻ ഒരിക്കൽ പോലും ധൈര്യം കിട്ടിയിട്ടില്ല.

പക്ഷെ ക്ഷമയുടെ നെല്ലിപ്പലകയിൽ എത്തിച്ചത് "തണ്ണീർമത്തൻ ഡേയ്സി ''ലെ നായകനാണ്, അല്ലെങ്കിൽ അവനെപ്പോലുരുത്തൻ. അതേ ലുക്ക്, അതേ തരത്തിലുള്ള അവിഞ്ഞ സംസാരം. ആറു പെണ്ണുങ്ങളുടെ നടുവിലാണ് ഇവന്റെ ഇരുപ്പ്. 3 പേർ വലത്തും മൂന്നു പേർ ഇടത്തും. പെമ്പിള്ളേരുടെ കവിളിൽ തൊടുന്നു, തലയിൽ കൈവെയ്ക്കുന്നു, പിടിച്ചു വലിക്കുന്നു,  മൊബൈലിൽ തോണ്ടിക്കാണിക്കുന്നു, അട്ടഹസിക്കുന്നു. ഒരു തരത്തിലും അകത്തു ക്ളാസ് എടുക്കാൻ പറ്റാത്ത അവസ്ഥ. സാറിന്റെയും വിദ്യാർത്ഥികളുടെ ശ്രദ്ധ തകർക്കുന്ന ഒച്ച. മിണ്ടാതിരിക്കണം എന്നു പറയാൻ ഒരു മടി. ഈ പെമ്പിള്ളേർക്ക് വീട്ടിൽ ഒരു ജോലിയുമില്ലേ, ഇങ്ങനെ ഇവിടെ കുത്തിയിരിക്കാൻ?

ശല്യം വളരെ കൂടിയ ഒരു ദിവസം പുറത്തിറങ്ങി തണ്ണി മത്തനോടു പറയുകെ തന്നെ ചെയ്തു. "ഇവിടെ ഇരുന്നു ബഹളം വയ്ക്കരുത്, ഡോണ്ട് ഡിസ്റ്റർബ്"

തണ്ണി മത്തൻ എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. " ഇതു പൊതു സ്ഥലമാണ്, സേട്ടാ "

സേട്ടാന്നെങ്കിലും വിളിച്ചല്ലോ? വരാന്തയിൽ ഞാനും ബാരിക്കേഡ് തീർക്കണോ, അതോ കരിഓയിൽ, ഗ്രീസ് പ്രയോഗം മതിയോ എന്നാലോചിച്ചു. വേണ്ട , അതൊന്നും ശരിയാകില്ല . ചില പാവങ്ങൾ രാത്രി ഈ വരാന്തയിൽ ഉറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. 

തണ്ണിമത്തനും പെൺപിള്ളേരും വരാന്തയിലെ നാടകം തുടർന്നുകൊണ്ടിരുന്നു

അങ്ങനെയിരിക്കെ നാട്ടുകാരൻ വേണു എന്തോ ആവശ്യത്തിന്എന്നെ കാണാൻ വന്നു. പെമ്പിള്ളേരുടെ കവിളിൽ തലോടി കളിക്കുന്ന തണ്ണിമത്തനെയാണ് ആദ്യം കണ്ടത്.

"സാറിന് ആളെ മനസ്സിലായില്ലേ? നമ്മുടെ അടുത്തുള്ള രഘുവിന്റെ മകൻ . പായസം ഗോപാലന്റെ ചെറുമകൻ "

" ഓ പായസത്തിന്റെ പേരക്കുട്ടിയാണോ, അഡ്മിഷൻ സമയത്ത് ഇവന്റ അമ്മ ശാരദ ഡസൻ പ്രാവശ്യമെങ്കിലും എന്നെ വിളിച്ചിട്ടുണ്ട്, മോനു കോളജിൽ അഡ് മിഷൻ ശരിയാക്കുന്നതിന്.

അതേതായാലും വേണ്ടി വന്നില്ല, അല്ലാതെ തന്നെ അഡ്മിഷൻ കിട്ടി. പ്ളസ് കഴിയുന്നവനെല്ലാം 90 ശതമാനത്തിൽ കൂടുതലാണല്ലോ ഇപ്പോൾ മാർക്ക് "

" ശല്യം കൂടുതലാണെങ്കിൽ സാർ രഘുവിനോടു പറയൂ, അല്ലെങ്കിൽ പ്രിൻസിപ്പാളിനെ അറിയിക്കു"

" അതൊന്നും വേണ്ട വേണു. പല കാരണങ്ങളാൽ കസേരയ്ക്കു തീപിടിച്ച മട്ടിലാണ് ഒരോ കോളജിലും പ്രിൻസിപ്പൽമാർ കഴിയുന്നത്, അതിനിടയ്ക്കാണ് ഈ ലൊട്ടുലൊടുക്കു പരാതി. കഷ്ടപ്പെട്ടു ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്ന രക്ഷകർത്താക്കളെ അലോസര പ്പെടുത്തുന്നതും ശരിയല്ല "

ആ പയ്യനോടു ഞാൻ നാളെ ഒന്നുകൂടി സംസാരിച്ചു നോക്കാം "

പിറ്റേ ദിവസം തണ്ണിമത്തനും കൂട്ടുകാരികളും പതിവു കേളികൾ ആരംഭിച്ചപ്പോൾ ഞാൻ തണ്ണിമത്തനോടു ചോദിച്ചു
" നീ പായസം ഗോപാലന്റെ ചെറുമകനല്ലേ, രഘുവിന്റെ മകൻ? ഞാൻ രഘുവിനെ കാണുന്നുണ്ട് "

" അയാൾ എന്റെ അച്ഛനല്ല "

" ങേ,എങ്കിൽ പറയൂ, നിന്റെ അച്ഛനാരാണ്.  നിന്റെ അമ്മ ശാരദ നിന്റെ അഡ് മിഷന് വേണ്ടി ഡസൻ തവണയെങ്കിലും എന്നെ വിളിച്ചിട്ടുണ്ട്"

" അവരെയൊന്നും ഞാൻ അറിയില്ല, സേട്ടൻ സേട്ടന്റെ കാര്യം നോക്കു "

ഒടുക്കം തണ്ണീർ മത്തൻ സിനിമയിലെ തള്ളയുടെ മാതിരി ഒരു ചോദ്യം ഞാൻ അവനോടു ചോദിച്ചു , " നിന്റെ അമ്മ ചത്തോ?"

രൂക്ഷമായ ഒരു നോട്ടത്തോടെ തണ്ണി മത്തനും കൂട്ടരും വരാന്തയുമുപേക്ഷിച്ച നടന്നകന്നു. പിന്നെ അവരെ  ആ പരിസരത്തു കണ്ടിട്ടില്ല!
                           * * *