രാമൻ നായർ ആരാണെന്നു എന്നോടു പലരും ചോദിക്കാറുണ്ട് . അദ്ദേഹം എന്റെ നാട്ടുകാരനാണെന്നും പെയിന്റിംഗ് പണിയാണ് ജോലിയെന്നും ഒക്കെ പറയാറുണ്ടെങ്കിലും ചിലർക്കു അതു പോര. അദ്ദേഹത്തെ നേരിൽ കാണണം, സംസാരിക്കണം. അദ്ദേഹത്തെ നേരിൽ കാണണമെങ്കിൽ വീട്ടിൽ ചെല്ലണം അല്ലെങ്കിൽ ജോലി സ്ഥലത്ത് ചെന്ന് അന്വേഷിക്കണം. അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്നു തന്നു കൂടെ എന്നാണു് പുന്നപ്ര ചന്തയ്ക്കു സമീപം താമസം മി വള്ളിക്കാടൻ ചോദിച്ചത്. ഫോൺ നമ്പർ കൊടുക്കുന്നതിൽ വിഷമമില്ല, പക്ഷെ രാമൻ നായരോടു ചോദിക്കാതെങ്ങനെ?
രാമൻ നായർക്കെന്താ പ്രത്യേകതയെന്ന് ഇതു വായിക്കാൻ മെനക്കെടുന്നവർക്ക് ചിലപ്പോൾ തോന്നിയേക്കാം. അതിനു കാരണമുണ്ട്.
രാമൻ നായർ എന്റെ വീടിനു മുന്നിലൂടെയാണ് രാവിലെ പണിക്ക് പോകുന്നതും വൈകിട്ടു തിരികെ വരുന്നതും. പണിയൊന്നുമില്ലാതെ വീട്ടിൽ കുത്തിയിരിക്കുന്ന ഞാൻ അദ്ദേഹത്തെ എന്നും കാണും. എന്തെങ്കിലും സംസാരിച്ചിട്ടെ പോകു. പെൻഷൻ വാങ്ങാൻ പോയില്ലെ? ടീച്ചർക്കു സുഖമാണോ, മകൻ ആഴ്ചതോറും വരുമോ? പോലുള്ള നിരുപദ്രവകരമായ ചോദ്യങ്ങളെ അദ്ദേഹം ചോദിക്കാറുള്ളു. ഒരിക്കൽ പോലും വായ്പ ചോദിച്ചിട്ടുമില്ല. ഇക്കാരണങ്ങളാലാവണം എനിക്ക് അദ്ദേഹത്തോടു പ്രത്യേക അടുപ്പം തോന്നി.
വയസ് 67 ആയെങ്കിലും പണിക്കു പോകും. കൂടെയുള്ള ടീമ്സ് എല്ലാം പിള്ളാരാണ്.
"എത്ര നാളിങ്ങനെ പണി ചെയ്തു കഷ്ടപ്പെടാനാണ് നായരെ, ഇനിയങ്ങു വിശ്രമിച്ചു കൂടെ?"
" അതു പാടില്ല സാറെ, വെറുതെയിരുന്നാൽ നമ്മൾ പെട്ടെന്നു വയസ്സാകും, ക്ഷീണിക്കും, എന്തെങ്കിലും ചെയ്തോണ്ടിരുന്നാൽ ക്ഷീണം തോന്നില്ല. നമ്മുടെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ നോക്കു. എന്നെക്കാൾ ഒരു വയസ് മൂത്തതാണു് , തോന്നുമോ കണ്ടാൽ. അയാൾ വിശ്രമമില്ലാതെ ജോലി നോക്കുന്നു, വ്യായാമം ചെയ്യുന്നു. അതു കൊണ്ട് സാറും ഈ കുത്തിയിരുപ്പൊക്കെ അവസാനിപ്പിക്കണം"
രാമൻ നായരെക്കുറിച്ച് ഞാൻ, മനസ്സിലാക്കിയ കാര്യം അയാൾ നാടിന്റെ സ്പന്ദനം കൃത്യമായി അറിയുന്നുവെന്നതാണ്. അല്ലെങ്കിൽ മമ്മുട്ടിയുടെ പ്രായം എങ്ങനെ കൃത്യമായി അറിഞ്ഞു?
"രാമൻ നായർ ഏതു പത്രമാണ് വായിക്കുന്നത്?" ഞാൻ ചോദിച്ചു.
" ഞാൻ പത്രം വായിക്കാറില്ല. ഏതെങ്കിലും പത്രം സത്യം പറയാറുണ്ടോ? പത്രം വായിച്ചെന്തിനാ നുണ നേരത്തെ അറിയുന്നത്? പക്ഷെ ഞാൻ ന്യൂസ് ചാനൽ കാണാറുണ്ട്, ഒന്നല്ല, അഞ്ചെണ്ണം. അഞ്ചെണ്ണം മാറി മാറി കണ്ടാൽ ഏകദേശ ധാരണ കിട്ടും അതാണ് ഞാൻ സാറിനോട് പറയാറുള്ളത് "
നായർ പറയുന്നത് പലപ്പോഴും ശരിയാണെന്നു തോന്നിയതുകൊണ്ടാണ് ഫേസ് ബുക്കിൽ അദ്ദേഹത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഞാൻ അവ ഷെയർ ചെയ്യാൻ തുടങ്ങിയത്. എന്നു കരുതി അദ്ദേഹം പറയുന്നത് എല്ലാം ഷെയർ ചെയ്യാനും ആവില്ല അവ ശരിയാണെങ്കിൽ പോലും. ഉദാഹരണത്തിന് അദ്ദേഹം കഴിഞ്ഞ ദിവസം എന്നോടു ചോദിച്ചത് ഇങ്ങനെയാണ്
"ദേശിയ പാത വികസനം വീണ്ടും വന്ന സ്ഥിതിക്ക് ശ്രീധരൻപിള്ളക്കെതിരെ തോമസ്ഐസക് ഖുമൈനി പ്രഖ്യാപിച്ച ഫത്വാ പിൻവലിക്കുമോ സാറെ " എന്നാണ്.
ദേശീയപാത വികസനത്തിന് ബി ജെ പി പ്രസിഡന്റ് ശ്രീധരൻ പിള്ള ടോർപിഡോ വെച്ചെന്നും അതുകൊണ്ടു പിള്ളയെ സാമൂഹ്യ മായി ബഹിഷ്കരിക്കണമെന്നും മന്ത്രി തോമസ് ഐസക്ക് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നായർ ഇങ്ങനെ ചോദിച്ചത്
പക്ഷെ ഇതു ഞാൻ ഫേസ് ബുക്കിൽ പോസ്റ്റു ചെയ്തില്ല
ജീവതത്തിൽ അഭിമുഖീകരിക്കുന്ന ഏതുതരം പ്രയാസവും ചിരിച്ചു കൊണു നേരിടാൻ രാമൻ നായർക്ക് ഒരു പ്രത്യേക കഴിവുണ്ടെന്നു ഞാൻ മനസ്സിലാക്കി. അതിനു പ്രേരകമായ ഒരു സംഭവം അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു
" സാറെ, എനിക്ക് മൂത്രമൊഴിക്കുന്നതു സംബന്ധിച്ചു ഒരു പ്രശ്നമുണ്ടായിരുന്നു. മൂത്രശങ്ക തോന്നിയാൽ ഉടൻ നടത്തിയിരിക്കണം, അല്ലെങ്കിൽ പ്രശ്നമാണ് "
ഞാനും സമ്മതിച്ചു. " ശരിയാണ് നായരെ, മെസ്സേജ് തലച്ചോറിൽ നിന്ന് പോയാൽ വാൽവ് ഒപ്പണാകും. ക്ളോസ് ചെയ്യാനുള്ള മെക്കാനിസം പ്രായമായ പലരിലും വർക്കു ചെയ്യില്ല. എന്നു വെച്ചാൽ പിടിച്ചാൽ കിട്ടില്ല"
" അതു തന്നെയാണ് സാറെ എന്റെയും പ്രശ്നം. ഒരു രക്ഷയുമില്ലാതെ നടന്ന സമയത്ത് ഞാൻ പെയിന്റിംഗ് വർക്കിനു ചെന്ന സ്ഥലത്തെ സാറു പറഞ്ഞത്, ചാത്തനാട്ട് ഒരു ഹോമിയോ ഡോക്ടർ ഉണ്ടെന്നും മരുന്നു കഴിച്ചാൽ മാറുമെന്നും. അദ്ദേഹം തന്ന തുള്ളിമരുന്ന് 2മാസം കഴിച്ചു. ആദ്യത്തെ ഒരാഴ്ച മരുന്നു പിടിച്ചതു പോലെ തോന്നി, പക്ഷെ പിന്നീടു പഴയതുപോലായി. മരുന്നുമായി പുത്തനങ്ങാടിയിലെ ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം പറയുകയാണ് മൂത്രരോഗത്തിന്റെതല്ല, മന്തിന്റെ മരുന്നാണതെന്ന് "
" എന്റെ കൂടെ വർക്കു ചെയ്യുന്ന പയ്യന്റെ കാർന്നോർ പറഞ്ഞതിന് പ്രകാരമാണ് ആയുർവേദത്തിലേക്കു മാറിയത്. തിരുവിതാംകൂർ ആര്യവൈദ്യശാലയുടെ ഒരു ലേഹ്യമുണ്ട്. താമരനൂലാണ് അടിസ്ഥാന ഘടകം. പിടിച്ചിടത്തു നില്ക്കും എന്നാണ് അയാൾ പറഞ്ഞത്. രണ്ടു ഡപ്പി വാങ്ങിക്കഴിച്ചു. കൊളസ്ട്രോൾ കൂടിയതല്ലാതെ മൂത്രമൊഴുക്കിന് തടസ്സമുണ്ടായില്ല"
രാമൻ നായർ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ നമ്മൾ കേട്ടിരുന്നു പോകും. അതാണു രാമൻ നായരുടെ രീതി.
ഇടയ്ക്കു കയറി ഞാൻ ചോദിച്ചു " ഇപ്പോൾ രോഗമെങ്ങനെ, മറിയോ?"
" അതിലേക്കല്ലേ വരുന്നത്. ആയുർവേദത്തിനു ശേഷം സിദ്ധഔഷധക്കാരുടെ നീറ്റു മരുന്നു കുറെ പ്രാതലിന്റെയും അത്താഴത്തിന്റെയും കൂടെ കഴിച്ചു. മാറ്റമുണ്ടായില്ല"
" എന്തിനേറെ പറയുന്നു, സാറിന്റെ കൂട്ടുകാരൻ ഗോപാലകൃഷ്ണൻ ചേട്ടൻ പറഞ്ഞതനുസരിച്ചാണ് കൊച്ചിടൗൺ ആശുപത്രിയിൽ ഓപ്പറേഷൻ നടത്താൻ പോയത്. 50000 രൂപായെ ചെലവാകു എന്നാണ് ഗോപാലകൃഷ്ണൻ ചേട്ടൻ പറഞതെങ്കിലും എല്ലാം കഴിഞ്ഞു വന്നപ്പോൾ മൊത്തം ഒന്നര ലക്ഷം പോയി. കുറച്ചു കാശുകടമുണ്ട്, പണി ചെയ്തു വീട്ടണം"
" കാശു പോയാലെന്ത്, രോഗം മാറിയല്ലോ ?" ഞാൻ
" ഹ ഹ ഹ " രാമൻ നായർ ചിരിച്ചു കൊണ്ടു പറഞ്ഞു.
" ഇപ്പോൾ ഞാൻ എവിടെ പെയിൻറു ജോലിക്കു ചെന്നാലും ആദ്യമെതന്നെ ടോയ്ലറ്റു കണ്ടു വെക്കും. ചില രോഗം വന്നാൽ അത് നമ്മേം കൊണ്ടേ പോകൂ സാറെ "
" അപ്പോ, രോഗം മാറിയില്ലെന്നാണോ പറഞ്ഞു വരുന്നത്? "
" എന്നല്ല, എല്ലാ രോഗങ്ങളും മാറില്ല പക്ഷെ ആശുപത്രിക്കാർ മറാത്ത രോഗവും ചികിത്സിക്കും, അതാണല്ലോ അവരുടെ പണി. അതി കലശലല്ലായിരുന്നു ഒന്നര ലക്ഷം മുടക്കി ഓപ്പറേറ്റു ചെയ്യും മുമ്പ്. ഇപ്പോൾ ഒരു മൂത്രപ്പുര കൂടെ കൊണ്ടു നടക്കണമെന്നു മാത്രം "
നിങ്ങൾ അന്വേഷിച്ച രാമൻ നായർ ഇദ്ദേഹമാണ്.
-കെ എ സോളമൻ
വീക്ഷണം ഞായർ, 26 മെയ് 2019
No comments:
Post a Comment