കഥ - കെ എ സോളമൻ
പതിവു ഉച്ചമയക്കമാണ് ഒന്നര തൊട്ട് രണ്ടുവരെ, അര മണിക്കൂർ. രണ്ടായിക്കഴിഞ്ഞാൽ ആരും വിളിക്കേണ്ട, ഉണരും, ആട്ടോമാറ്റിക് ആണ്.
ഈ ശീലം എന്നു തുടങ്ങിയെന്നു ചോദിച്ചാൽ കൃത്യമായി ഡാനി സാറിന് പറയാനാവില്ല. ഒരു അഞ്ചു കൊല്ലം അല്ലെങ്കിൽ ആറ്, ജോലി കിട്ടിയിട്ട് കൊല്ലം 12 കഴിഞ്ഞു. ക്ഷീണം തോന്നിയത് അഞ്ചാറു കൊല്ലം കഴിഞ്ഞാണ്. ടെസ്റ്റ് ചെയ്ത ഡോക്ടർ മധുരം കുറക്കണമെന്നു പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് കൂടുതൽക്ഷീണം. കുറിച്ചു തന്ന ഗുളിക ഒന്നു വീതം മുടങ്ങാതെ കഴിക്കുന്നുമുണ്ട്.
ഡാനി സാറിന്റെ മുഴുവൻ പേര് ഫ്റാൻസിസ് ഡാനിയേൽ. വിളിക്കാനുള്ള സൗകര്യമോർത്തിട്ടാവണം എല്ലാവരും ഡാനിയെന്നു വിളിക്കും.. തുപ്പുകാരി മീന വിളിക്കുന്നത് അത്ര ഇഷ്ടമില്ല. അവർ ഡാനി സാർ എന്ന് വിളിക്കുന്നതു കേൾക്കുമ്പോൾ ഡാ-യ്ക്ക് രണ്ടു ഡായുടെ കനുമുള്ളതായി തോന്നും. അതു കൊണ്ട് അവരെ അടുപ്പിക്കാറില്ല. കൂടുതൽ അടുപ്പിച്ചാൽ വായ്പ ചോദിക്കും. അങ്ങനെ കുറെയെണ്ണമുണ്ട്, കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാൻ അറിയാത്തവർ. എന്നും കടം കേറിയ ജീവിതം.
മീനയെ എന്തിന് പറയുന്നു, ഒരു സ്ത്രീയെയും അധികം അടുപ്പിക്കാറില്ല. അടുപ്പിച്ചാൽ കൂടുതൽ സ്വാതന്ത്ര്യ മെടുക്കും. ഭാര്യയാണെങ്കിൽ പോലും അധികം തുള്ളിക്കരുത്, തലയിൽ കയറും
ഡിപ്പാർട്ടുമെന്റിലും ക്ളാസുകളിലും താൻ സ്ട്രിക്ടായിരുന്നു. അനാവശ്യ സംസാരമില്ല, കളിതമാശകളും കുറവ്. ഡിപ്പാർട്ട്മെന്റ് എന്നു പറയാനില്ല. ചെറിയ കോളജ് ആയതു കൊണ്ട് ഒരു സ്റ്റാഫ് റൂമിൽ എട്ടൊമ്പതു പേരുണ്ട്. അഞ്ചു പുരുഷന്മാരുള്ളതിൽ താൻ ഒഴിച്ച് ഒരുത്തനും സ്റ്റാഫ് റൂമിൽ ഇരിക്കില്ല. ഒന്നുകിൽ കാന്റീൻ, അല്ലെങ്കിൽ സംഘടനാ പ്രവർത്തനം , അതുമല്ലെങ്കിൽ ചീട്ടുകളി. കുട്ടികൾ വന്നു ചിലരെയൊക്കെ തിരക്കുന്നതു കാണാം, ഇല്ല ഇല്ല എന്നു പറയുന്നത് തന്റെ ജോലിയുടെ ഭാഗമായി പലപ്പോഴും തോന്നിയിട്ടുണ്ട്.
വർക്കിംഗ് ടൈമിൽ ചീട്ടുകളിയെന്നല്ല ഒരു കളിയും പാടില്ലെന്നു സർക്കുലർ ഉണ്ട്. ഇതേക്കുറിച്ച് ആരും ചോദിക്കാറില്ല. യാതൊരു പ്രയോജനവും ചെയ്യാത്ത എത്രയോ സർക്കുലറുകൾ സർക്കാർ ഓഫീസികളിൽ കറങ്ങി നടക്കാറുണ്ട്.
ക്ളാസിൽ പോകുന്നത് പ്രധാനമായും അധ്യാപികമാരാണ്, പലർക്കും ഇന്നവേഷൻ കുറവ്. പുതുതായി ഒന്നും പഠിച്ചു പഠിപ്പിക്കില്ല. പണ്ടാരോ കൊടുത്ത ലക്ചർ നോട്ട് അതേപടി നോക്കി പഠിപ്പിക്കും. പലവിധ കഥകളികൾ കണ്ടു പരിശീലിച്ചുള്ള കുട്ടികൾക്ക് ഒരു കളിയും ബോറടിയല്ല.
ടീച്ചർമാർ കൂടുതൽ സമയവും സാരിയെക്കുറിച്ചുള്ള വർണ്ണനകളാണ്. വില കൂടിയ സാരി എവിടെ കിട്ടുമെന്ന് എല്ലാവർക്കുമറിയാം. മക്കളുടെ കാര്യം അപൂർവ്വമായി ചർച്ചാ വിഷയമാകുമെങ്കിലും ഭർത്താക്കന്മാരെക്കുറിച്ച് അധികമാരും മിണ്ടാറില്ല. മോഡേൺ ബ്റഡും മുട്ടക്കറിയുമാണ് തന്റെ വീട്ടിൽ ആഴ്ചയിൽ മൂന്നു ദിവസം ബ്റേക്ക് ഫാസ്റ്റിനെന്നു ഒരു ടീച്ചർ പറഞ്ഞത് കേട്ടിട്ടുണ്ട്
രസമെന്താന്നു വെച്ചാൽ ശ്രദ്ധിക്കാൻ മെനക്കെടാറില്ലെങ്കിലും താൻ ഒറ്റയ്ക്കിരുന്നാണ് ഇവളുമാരുടെ സംസാരം കേൾക്കുന്നത്? തന്റെ ഉച്ചയുറക്കം മുറിഞ്ഞു പോകാനും സ്റ്റാഫ് റൂമിലെ സ്ത്രീകളുടെ ബഹളം കാരണമായിട്ടുണ്ട്.
ഇവരിൽ ഒരുത്തിയുണ്ട്, പേര് സുമ. പട്ടുസാരി പ്രദർശനമാണ് ഇഷ്ട വിനോദമെങ്കിലും പഠിപ്പിക്കുന്ന വിഷയം ഫിസിക്സാണ്. ആ വിഷയം അണ്ടിപ്പിണ്ണാക്കാണോ അതോ കടലപ്പിണാക്കാണോ എന്നറിയില്ല. സ്റ്റാഫ് റൂമിലെ അലമാരയിൽ ഒരു സി.ആർ ഒ ഉണ്ട്. ദിവസവും അതു പൊക്കിക്കൊണ്ട് ക്ളാസിലേക്കു പോകുന്നതു കാണാം. അതിന്റെ കൃത്യമായ ഉപയോഗം ടീച്ചർക്കോ കുട്ടികൾക്കോ അറിയാത്തതുകൊണ്ട് മറ്റുള്ളവരും തത്കാലം അറിയേണ്ടതില്ല. എന്തായാലും തനിക്കവരെ കാണുന്നതു കലിയാണ്. അവർക്കും അങ്ങനെ തന്നെ. പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാ അവരോടു ഇത്രമാത്രം വിരോധമെന്ന്. ശരിയാണ്, ചിലരോടു ഇഷ്ടവും വെറുപ്പും തോന്നാൻ പ്രത്യേകിച്ചു കാരണമൊന്നും വേണ്ടല്ലോ?
"സാർ, സാർ? " തന്റെ ഉച്ചമയക്കത്തിന് ഭംഗം വരുത്തിയ പീയൂൺ മാത്യുവിനെ അല്പം ദ്വേഷ്യത്തോടെ ആണ് നോക്കിയത്. ഇത്തരം ദേഷ്യങ്ങൾ നല്ലവണ്ണം പരിചിതമായതിനാൽ മാത്യു ചിരിച്ചു കൊണ്ടു പറഞ്ഞു:
" സാറിനെ പ്രിൻസിപ്പൽ വിളിക്കുന്നു. ഉടൻ ചെന്നു കാണണമെന്ന് "
ഒരു വിളി താൻ പ്രതീക്ഷിച്ചിരുന്നതതാണ്. അതിത്ര പെട്ടെന്നാകുമെന്നു കരുതിയില്ല.
താൻ ഊണും കഴിഞ്ഞ് ഉച്ചമയക്കിത്തിലായിരുന്നു. ഇരുന്നുറങ്ങുന്ന കസേരയുടെ പുറകിലാണ് സി ആർ ഒ സൂക്ഷിക്കുന്ന അലമാര. കസേരയ്ക്കും അലമാരയ്ക്കുമിടക്ക് ഒരാൾക്ക് നില്ക്കാനുള്ള സ്പേസ് ഉണ്ട്. തന്നെ സിസ്റ്റർബ് ചെയ്യേണ്ട അല്ലെങ്കിൽ പറഞ്ഞിട്ടും കാര്യമില്ല എന്നു തോന്നിയതിനാലാവണം സുമ ടീച്ചർ തനിയെ സി- ആർ ഒ പൊക്കി അലമാരയിൽ വയ്ക്കാൻ ശ്രമിച്ചുത് . അലമാരയുടെ മേൽത്തട്ടിൽ കൈയെത്താതെ വന്നതിനാൽ തന്റെ കസേരയുടെ ബാറിൽ ചവുട്ടി ഏന്തി വലിഞ്ഞാണ് സി.ആർ ഒ വെച്ചത്. ഈ ഉദ്യമത്തിൽ കസേരയുടെ ബാർ ഒടിയുകയും സി ആർ ഒ ഉൾപ്പെടെ സുമ തന്റെ മേൽ വീഴുകയും ചെയ്തു.
ഞെട്ടിയുണർന്ന ദേഷ്യത്തിന്
"എന്താ സ്ത്രീയെ, നിങ്ങളീ കാട്ടുന്നത് " എന്നു ചോദിക്കുകയും ചെയ്തു.
ഒച്ച കേട്ട് ഓടി വന്നവർ എന്തോ കാണാൻ പാടില്ലാത്തതു കണ്ടതുപോലെ നോക്കുകയും ചെയ്തു.
ഇതവർക്ക് വലിയ ഇൻസൾട്ടായി പോയി. സ്ത്രീത്വത്തെ അപമാനിച്ചതിന് പ്രിൻസിപ്പാളിനും വനിതാ കമ്മീഷനും പരാതി കൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി.
"എന്തു പുല്ലെന്നു വെച്ചാൽ നിങ്ങൾ ചെയ്യ് "
അന്നേരത്തെ ദ്വേഷ്യത്തിന് അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് വേണ്ടെന്നു തോന്നി. മറ്റു ടീച്ചർമാർ പിന്തരിപ്പിക്കാൻ നോക്കിയതു പരാജയപ്പെട്ടതാകാം പ്രിൻസിപ്പൽ വിളിപ്പിച്ചത്
പ്രിൻസിപ്പൽ പറഞ്ഞു : " ഡാനി സംശയച്ചതു തന്നെ. സംഗതി ഗുരുതരമാണ്, സ്ത്രീ സുരക്ഷാ നിയമം. ജോലി സ്ഥലത്ത് സ്തീകളെ എബ്യൂസ് ചെയ്യാൻ പാടില്ല "
" ഞാൻ എബ്യൂസ് ചെയ്തെന്നാണോ സാറു കരുതുന്നത്, അതും ആ സാധനത്തെ?"
" ഡാനി ദ്വേഷ്യപ്പെടാൻ വേണ്ടി പറഞ്ഞതല്ല, എനിക്കു കാര്യങ്ങൾ നന്നായി അറിയാം.
സ്ത്രീകളെ സഹായിക്കാനായി എല്ലാജില്ലകളിലും വനിതാ ഹെല്‍പ് ലൈന്‍ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നതു അറിയാമോ? ഈ ഹെൽപ് ലൈനൊക്കെ ഇങ്ങാട്ടോടിക്കേറി വന്നാൽ നാണക്കേടാകും. സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഗൗരവത്തോടെ അന്വേഷിച്ചു നടപടിയെടുക്കണമെന്നതാണ് സര്‍ക്കാരിന്‍റെ നയം."
"ഇതൊക്കെ സാറെവിടെന്നണ് മനസ്സിലാക്കിയത്. പത്രത്തിൽ നിന്നല്ലേ? ഞാനും വയിച്ചിട്ടുണ്ട്. പുരുഷ പീഡനത്തിത് വല്ല നടപടിയുമുണ്ടോ, സാർ? സാറിനു വിഷമം തോന്നരുത്, ചോദിക്കുന്നതുകൊണ്ട്. സാർ, ഈ കസേരയിൽ ഇരുന്നു മയങ്ങുകയാണെന്നു വിചാരിക്കുക . ഓഫീസ് സൂപ്രണ്ട് തങ്കമണി സാറിന്റെ മേലേട്ടു അലച്ചുവീണാൽ സാറ് എന്തു ചെയ്യും?"
'' ങ് ഹേ? അതൊക്കെ ശരി ഡാനി, ഞാനൊരു കാര്യം ചെയ്യാം. ആ ശ്രീകല ടീച്ചറെയും സീമയെയും വിട്ടു സംസാരിപ്പിച്ചു നോക്കാം. ഡാനി ഇതിന്റെ പേരിൽ അവരോടൊന്നും ചോദിക്കാനും പറയാനും നില്ക്കരുത്. ഫയൽ ഏതായാലും ക്ളോസ് ചെയ്യണമല്ലോ? ഇന്നുതന്നെ ഒരു വിശദീകരണമെഴുതി തന്നേക്കൂ"
"വിശദീകരണമെഴുതിത്തരാം, അതോടൊപ്പം എനിക്ക് ഒരു മാസത്തെ ലീവും അനുവദിക്കണം"
" ലീവെന്തിനാണ്, ആരു കുട്ടികളെ പഠിപ്പിക്കും?"
"സാറു പഠിപ്പിക്കും.. ഇനി ആരും കുട്ടികളെ പഠിപ്പിച്ചില്ലെങ്കിലും അവർ എങ്ങനെയെങ്കിലും പഠിക്കും. അതാണല്ലോ പലയിടങ്ങളിലും കാണുന്നത്. സാറിന്റെ കോളജിൽ അധ്യാപകൻ സഹാധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു എന്നു കേൾക്കുന്നതിനെക്കാൾ നല്ലതല്ലേ ലീവ് അനുവദിക്കുന്നത്? ഒരു മാസം മതി, പ്രക്ഷുബ്ദമായ മനസ്സു തണുപ്പിച്ചിട്ടു ഞാൻ തിരികെ വരാം ഇപ്പോൾ തന്നെ വിശദീകരണമെഴുതി കൊടുത്തു വിട്ടേക്കാം "
" ഡാനി ഇരിക്കു, പറയുന്നതു കേൾക്കു "
പ്രിൻസിപ്പൽ തുടർന്നു പറയുന്നതു കേൾക്കാൻ നില്ക്കാതെ ഡാനി സാർ ചേമ്പർ വിട്ട്പുറത്തേക്കിറങ്ങി. ഹാഫ് ഡോർ ശക്തമായടയുന്ന ശബ്ദം അകലെ സ്റ്റാഫ്റൂമിലും പ്രതിദ്ധ്വനിച്ചു.
No comments:
Post a Comment