Friday, 11 August 2017

നന്മമരം - കവിത



പിന്നോട്ടു നടക്കാനാണെനിക്കിഷ്ടം
പിന്നിൽ കൃത്യമാം ലക്ഷ്യമുണ്ട്
ആറു വയസ് അല്ലെങ്കിൽ ഏഴ്
അടുപ്പിലെ തീ പുകയാനൊട്ടുവൈകും

അടുത്ത പറമ്പിലെ വലിയ മാവ്
മനസ്സു വായിക്കും പൊന്നു തേന്മാവ്
മാമ്പഴം പൊഴിക്കാൻ കാറ്റു വേണ്ട
കരിയുന്ന വയറിന്റെ നീറ്റൽ കണ്ടാൽ

തീതുപ്പി കലുഷമായ് കരയുന്ന വയറിന്റെ 
ശൂന്യമാം ദൈന്യത കണ്ടറിഞ്ഞ് 
അമ്മിഞ്ഞപ്പാല്‍മണം മറാത്ത ചുണ്ടി-
ലങ്ങമൃതമായ്തീരാൻ ഒരു മാമ്പഴം

പുഞ്ചിരി തൂകില്ല, കിന്നാരം പറയില്ല 
കുഞ്ഞിളം പാദങ്ങള്‍  നീട്ടി മെല്ലേ
കൂട്ടിരിക്കും, തലചേർത്തുവെക്കും
താരാട്ട് പാട്ടുകൾ കേൾക്കുമെന്നും
മാവിൻ -
താരാട്ടുപാട്ടുകൾ കേൾക്കുമെന്നും

തൂവെള്ള പല്ലുകൾ കാട്ടിച്ചിരിക്കാതെ
ആമോദത്തോടെ ഞാൻചേർന്നിരിക്കേ
പിന്നെയും മാമ്പഴം വീഴ്ത്തിയെന്റെ
ഉള്ളം തണുപ്പിച്ച നന്മമരം
കാഴ്ച മറയ്ക്കാത്ത നല്ലമരം

പിന്നോട്ടു നടക്കാനാണെനിക്കിഷ്ടം
പിന്നിൽ കൃത്യമാം ലക്ഷ്യമുണ്ട്
-കെ എ സോളമൻ

No comments:

Post a Comment