- കെ എ സോളമൻ
2011 ഡിസംബറിലാണ് ആ മഹാസംഭവം. പ്രത്യേകിച്ച് ഒരു പണിയില്ലാത്തവർ കൊച്ചിയിൽ തടിച്ചു കൂടിയത് അന്നാണ്. ഇമ്മാനുവേൽ സിൽക്ക് എന്ന തുണിക്കടയുടെ ഉദ്ഘാടന മാമാങ്കം . ഉദ്ഘാടനം ചെയ്യാൻ എത്തിയത് പ്രമുഖ ബോളിവുഡ് സിനിമാ നടൻ ഷാരൂഖ് ഖാൻ. ജോലിയില്ലാപ്പട തടിച്ചുകൂടാൻ എല്ലാ പത്രങ്ങളിലും ചാനലുകളിലും പരസ്യമുണ്ടായിരുന്നു. "നിങ്ങളും ഉണ്ടാകണം എന്റെ കൂടെ " എന്നായിരുന്നു പരസ്യവാചകം. കാസർകോട്ടു നിന്നുവരെ ഷാരൂഖ്‌ഖാനെ കാണാൻ ജനം എത്തി. അന്നേ ദിനം കൊച്ചിയിലും പരിസരത്തുമുണ്ടായിരുന്ന ബിവറേജ് ഷാപ്പുകളിൽ ജനകീയ ബ്രാൻറുകൾ പൂർണ്ണമായും വിറ്റൊഴിഞ്ഞു.
ഷാരൂഖ് ഖാൻ ബോഡി ബിൽഡ് ചെയ്ത് നടക്കുന്ന കാലമായിരുന്നു അത്. ഇമ്മാനുവലിന് ബോഡി ബിൽഡ്ചെയ്ത നടന്മാരെ ആയിരുന്നു ഉദ്ഘാടനത്തിന് വേണ്ടിയിരുന്നത്. മമ്മൂട്ടി, മോഹൻലാൽ, ദിലിപ് തുടങ്ങിയ തദ്ദേശീയ നടന്മാരെ ക്ഷണിക്കാതിരിക്കാൻ വേറെ കാരണം ഒന്നും ഉണ്ടായിരുന്നില്ല.
വൈകാതെ ഇമ്മാനുവേൽ സിൽക്ക് പൂട്ടി.
ചരിത്രം ആവർത്തിക്കുന്നത് ആദ്യം ട്രാജഡി ആയും പിന്നീട് കോമഡിയായും . കേരളം മുഴുവൻ മൊത്തക്കച്ചവടത്തിനായി നടക്കുന്ന യൂസഫലി മുതലാളിയുടെ ലുലു മാളിലേക്ക് ഇമ്മാനുവേലിന്റെ തൊഴിലാളികളെ ഇരട്ടി ശമ്പളത്തിൻ വിലയ്ക്കെടുത്തതാണ് ഇമ്മാനുവേൽ ട്രാജഡിക്കു കാരണം. തൊഴിലാളികൾ ഇല്ലാതെ എങ്ങനെ തുണിക്കച്ചവടം നടത്തും?
2011ലെ ആവർത്തനമാണ് 2017 ഓഗസ്റ്റിൽ കൊച്ചിയിൽ കണ്ടത്. ഷാരൂഖ് ഖാനും പകരം ഫോൺ ഫോർ ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയത് ഹോളിവുഡ് - ബോളിവുഡ് സിനിമാതാരം സണ്ണി ലിയോണാണ്. ഷാരൂഖ് ഖാൻ സമാഹരിച്ചതിന്റെ പതിന്മടങ്ങ് ആളുകളെയാണ് സണ്ണിലിയോൺ ആകർഷിച്ചത്. സാധാരണ സിനിമകളേക്കാൾ മലയാളി മൂപ്പിൽസിനെ കൂടുതൽ ആകർഷിക്കുന്നത് അഡൽറ്റ് മൂവിസാണെന്നു സണ്ണി ലിയോണിനെ അവതരിപ്പിച്ച ഫോൺ ഫോർ മുതലാളിക്കറിയാം. സണ്ണിയാകട്ടെ അഡൾട്ട് മൂവിസിന്റെ താരറാണിയും.
സണ്ണി ലിയോണിനെ കുറിച്ച് അറിയാത്തവർ സംസ്ഥാനത്തു വളരെ കുറവ്. പോർണോഗ്രാഫിയിലൂടെ കോടികൾ സമ്പാദിച്ച ഈ ഇൻഡോ- അമേരിക്കൻ നടിയുടെ ശരീരത്തിൽ എവിടെയെല്ലാം മറുകുണ്ട് എന്ന് ആരാധകർക്കു അറിയാം. പോർണോഗ്രാഫി എന്ന ബില്യൺ ഡോളർ ബിസിനസ്സിൽ സണ്ണി ലിയോണിന്റെ സംഭാവന ചെറുതല്ല. സിനിമയിലും അല്ലാതെയും കണ്ടു മനസ്സിലാക്കിയ നടിയുടെ ശരീരഭാഗങ്ങൾ ഒത്തു നോക്കാൻ കൂടിയാണ് ജനം വേലയും കൂലിയും ഉപേക്ഷിച്ച് ഫോൺ ഫോറിൽ തടിച്ചുകൂടിയത്. സിനിമാ സീരിയല് ഇംഗ്ലീഷ് - മംഗ്ളീഷ് നടി രഞ്ജിനി ഹരിദാസ് ഒപ്പമുണ്ടായിരുന്നെങ്കിലും ജനത്തിന്റെ പൂരപ്പാട്ട് ആസ്വദിക്കാനായിരുന്നുഅവർക്ക് വിധി.
രസകരമായി ട്ടുള്ളത് ഇതുസംബന്ധിച്ചുള്ള ചാനൻചർച്ചയാണ്. പോൺ സുന്ദരിയെ കാണാൻ തടിച്ചു കൂടിയതിൽതെറ്റില്ലെന്ന് ചുംബനപ്രേമിയും തെറ്റായിപ്പോയെന്നു ചുംബന വിരുദ്ധനും. "എനിക്ക് ഇഷ്ടം എങ്കിൽ തനിക്കെന്താ കുഴപ്പം ?"എന്ന് ഒരു വിദ്വാൻ. ഇഷ്ടമാണെന്നു കരുതി വസ്ത്രമുപേക്ഷിച്ചു നടക്കാമോയെന്നു മറു കക്ഷി
ഫോൺ ഫോർ എപ്പോൾ പൂട്ടി -യെന്നറിഞ്ഞാൽ മതി.
- - - - -