Friday, 26 December 2014

നനവ് -ഹൈക്കു കവിതകള്‍- -കെ എ സോളമന്‍

1കാഴ്ച
വെള്ളാരം കല്ലുകള്‍ ,
പുഴയൊഴുകും വഴി
ഇനിയില്ല, ഈ കാഴ്ച
2ഭൂമി
മരം വീശും കുളിര്‍ കാറ്റില്ല
കിളിയിരിക്കും ചില്ലയില്ല
ഇതൊരു വരണ്ട ഭൂമി
3ഏകന്‍
തിരയിതാ വിടവാങ്ങി
കുഴിയൊരുക്കും ഞണ്ട്
തീരത്തേകനായ് ഞാന്‍.
4കാവല്‍
മകന് കാവല്‍ അമ്മയായിരുന്നു
അമ്മയ്ക്ക് ദൈവം കാവല്‍
ഇതൊരു വൃദ്ധ സദനം
5നനവ്
പാടമുണങ്ങിപ്പോയി
എങ്കിലും കാണുന്നുണ്ട് നനവ്
ഒരുകൊക്കിന്റെ കണ്ണീര്‍ വീണ നനവ്.
6പൊന്മാന്‍
വീണ്ടുമൊഴുകും പുഴ
വരും ഈ വഴി പരല്‍ മീനുകള്‍
കാത്തിരിക്കുന്നു പൊന്മാന്‍
7ഡയറി
കീറിപ്പഴകിയ എന്റെ ഡയറി
നീ എഴുതിയിട്ടവരികള്‍
കണ്ണീരാല്‍ എല്ലാം മാഞ്ഞുപോയ്
8തെരുവ്
ആരവമേളമൊടുങ്ങി
ആളുകളെല്ലാം മടങ്ങി
ഈ തെരുവെത്ര നിശബ്ദം
9ക്രിസ്മസ് രാത്രി
മഞ്ഞുവീഴും ക്രിസ്മസ് രാത്രി
നക്ഷത്രങ്ങള്‍ തിളങ്ങും വാനില്‍
കണ്ണും നട്ടു തനിയെ ഞാന്‍ 

No comments:

Post a Comment