Monday, 17 June 2024

വേലിയകം വീട് - കഥ - കെ എ സോളമൻ

വേലിയകംവീട് -കഥ 
വേലിയകംവീട് -കഥ 
(മറക്കാതെ ബാല്യം -എഴാം ഭാഗം)

വേലിയകൻ്റെ വീടാണ് വേലിയകം. വേലിക്കകം എന്ന് തെറ്റിദ്ധരിക്കരുത്. രണ്ടേക്കർ വരുന്ന ഒരു പുരയിടം. ഒത്തിരി വൃക്ഷങ്ങൾ, ചെടികൾ, മൂന്നു കുളങ്ങളും.

ഒന്നാമത്തെ കുളം കുടിവെള്ള സംഭരണിയാണ്, ആ കുളത്തിൽ നിന്നാണ് ശുദ്ധജലം ശേഖരിച്ച് നാട്ടുകാർ മുഴുവൻ ഉപയോഗിക്കുന്നത്. മറ്റേ കുളം പുരയിട ത്തിൻ്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അനാഥമായി കിടക്കുന്നു. അങ്ങോട്ട് ചെല്ലാൻ പലർക്കും പേടിയാണ്, അവിടെയാണ് ഭൂതപ്രേത പിശാചുക്കൾ കുളിക്കുന്നത്. മൂന്നാമത്തെ കുളം പടിഞ്ഞാറ് ഭാഗത്താണ്,  അതാണ് മുങ്ങി കുളിക്കാൻ വേണ്ടി വേലിയ കത്തെ കാരണവർ ഉപയോഗിച്ചിരുന്നത്

വേലിയകം പുരയിടം വേലി കെട്ടി നന്നായി സൂക്ഷിച്ചിരുന്നു. കിഴക്ക് ഭാഗത്ത് പുരയിടത്തിലേക്കുള്ള പ്രധാന കവാടം, പടിപ്പുരവും ഗോപുരവുമൊക്കെയുണ്ട്. ആ ഭാഗത്തുള്ള വേലി തെങ്ങോലയുടെ തുഞ്ചാണികൊണ്ട് മനോഹരമായി പിന്നി തയ്യാറാക്കി അടക്കാമര വാരി വരിഞ്ഞതാണ്, കാണാൻ മനോഹരം. മറ്റു ഭാഗങ്ങളിൽ മെടഞ്ഞ ഓല കൊണ്ടാണ് വേലിതയ്യാറാക്കുന്നത്. വേലികെട്ട് രണ്ടു മൂന്നാഴ്ച  നീണ്ടു നിൽക്കുന്ന ഉൽസവമാണ്. വേലി കെട്ടുകാരുടെ കൂടെ കൂടിയാൽ ഈ ദിവസങ്ങളിൽ സുഭിക്ഷമായി കഞ്ഞി കുടിച്ചു നടക്കാം.

വേലിയകം വീട് അക്കാലത്തെ നാട്ടിലെ ഓടിട്ട വലിയ കെട്ടിടമായിരുന്നു. രണ്ടു - മൂന്നു നില പണിയാൻ സൗകര്യം ഇല്ലാതിരുന്നത് കൊണ്ടാവണം ഏറെ നീളത്തിൽ ആയിരുന്നു കെട്ടിടം. വടക്കേയറ്റം അരപ്രേസ് രണ്ടു ഭാഗാത്തായുള്ള വർക്ക് ഏരിയ. വർക്ക് ഏരിയയുടെ മൂലക്ക് കൊതുമ്പും ചിരട്ടയും കൂട്ടിയിട്ടിരിക്കും. അതിൻറെ പുറത്ത്  കയറി ഇരിക്കാൻ പാടില്ല ഇരിക്കണമെങ്കിൽ അരപ്രേസിൽ ഇരുന്നു കൊള്ളണം.

തൊട്ടു തെക്കേമുറി വിശാലമായ അടുക്കള.ജോലി ചെയ്യുന്നവർക്ക് ഓടി നടക്കാൻ മാത്രം വിശാലമായിരുന്നു അത്. അടുക്കളയുടെ തൊട്ടു പടിഞ്ഞാറ് സ്റ്റോർ മുറി. അവിടെയാണ് ചാക്ക് കണക്കിന് അരിയും പല വ്യഞ്ജനങ്ങളും വാങ്ങി സൂക്ഷിക്കുന്നത്. വലിയ പാത്രങ്ങൾ സൂക്ഷിച്ചിരുന്നത് അതിനകത്തു തന്നെ. അതിൻറെ പടിഞ്ഞാറുവശം ഒരു ചെറിയ ബെഡ് റൂം. ആ വീട്ടിലെ മൂത്തമ്മമാരെന്നു  ഞങ്ങൾ വിളിക്കുന്ന രണ്ടുപേരിൽ പ്രായം കൂടിയ ആൾ ആ മുറിയിലാണ് ഉറങ്ങിയിരുന്നത്. അവർക്ക് ആ വീട്ടിൽ വലിയ സ്വാധീനം ഇല്ലായിരുന്നു എന്നാണ് എൻറെ ഓർമ്മ

ഇളയ മൂത്തമ്മയാണ് കല്യാണി മൂത്തമ്മ .അവരും അവരുടെ മകൾ ലക്ഷ്മിക്കുട്ടിയും കൂടിയാണ് വീട് ഭരിച്ചിരുന്നത്.

അടുക്കളയിൽ നിന്ന് തെക്കോട്ടിറങ്ങിയാൽ വിശാലമായ  ഹാൾ, മൂന്ന് മുറികളുടെ നീളമുണ്ട് അതിന്. സിമിൻ്റ് തറയിട്ട ഹാളിൽ അധികം ഫർണിച്ചർ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീടിൻറെ ചാണക തറയുമായി നോക്കുമ്പോൾ ഈ സിമൻറ് തിണ്ണയിൽ ഇരിക്കാൻ നല്ല സുഖം തോന്നിയിരുന്നു.
ഹാളിന്റെ തെക്ക് ഭാഗത്ത് മറ്റ് രണ്ടു ബഡ് റൂമുകൾ. അവിടെ കിഴക്ക് ഭാഗത്ത് രണ്ടു മുറി നീളത്തിൽ മറ്റൊരു മുറി. അവിടെ ഭിത്തിയിലാണ് ദേവതകളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സന്ധ്യസമയത്ത് നിലവിളക്ക് കത്തിച്ചു വെക്കുന്നതും ആ മുറിയിലായിരുന്നു

അവിടം വിട്ടു തെക്കോട്ട് ചെന്നാൽ വിശാലമായ മറ്റൊരു ഹാൾ . അവിടെ നീളത്തിൽ നിരത്തിയിരിക്കുന്ന പത്തിരുപതും കുഷനിട്ട കസേരകൾ കാണാം. കസേരകൾക്ക് എല്ലാറ്റിനും ഒരേ ഷേപ്പ് ആയിരുന്നില്ല, വ്യത്യസ്ത കാലങ്ങളിൽ പണിതത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. ഗസ്റ്റുകൾ വന്നാൽ അവിടെയാണ് പതിവായി ഇരിക്കുക. ആ മുറിയിൽ ഗസ്റ്റുകൾ ഇരിക്കുന്നതായി ഞാൻ ഒരിക്കലുംകണ്ടിട്ടില്ല. ഒരുപക്ഷേ ഗസ്റ്റുകൾ വരുന്ന സമയത്ത് എന്നെ അങ്ങോട്ട് പ്രവേശിക്കാൻ അനുവദിക്കാത്തതായിരിക്കും കാരണം '

വേലിയകനാണ് ആ വിടിൻ്റെ ഉടമ . കാല്യണി മൂത്തമ്മ അദ്ദേഹത്തിൻ്റെ പെങ്ങൾ. പെങ്ങളുടെ ഭർത്താവ് മരണപ്പെട്ടപ്പോൾ പെങ്ങളെയും മകളെയും അവരുടെ ഭർത്താവിനെയും മക്കളെയും കൊണ്ടുവന്ന് അവിടെ താമസിപ്പിക്കുകയായിരുന്നു വേലിയകൻ.

വേലിയകം വീട് എൻറെ ബാല്യകാല അത്ഭുതങ്ങളുടെയും ജിജ്ഞാസയുടെയും പേടിയുടെയും ഒക്കെ കേന്ദ്രമായിരുന്നു. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഒരു പുസ്തകം വായിച്ചാൽ, കഥവായിച്ചാൽ കഥയുടെ പശ്ചാത്തലം എൻറെ ഭാവനയിൽ ഈ വീട് ആയിരുന്നു. ഇന്നും അങ്ങനെ തന്നെ. സ്വപ്നങ്ങളിൽ ഞാൻ ഇപ്പോഴും ആ വീട്ടിൽ കറങ്ങാറുണ്ട്

ഞാൻ വായിച്ച കഥയിലെ കഥാപാത്രങ്ങളെല്ലാം താമസിക്കുന്നത് ഈ വീട്ടിലുള്ളവർ എന്ന് എനിക്ക് തോന്നുമായിരുന്നു. എൻറെ ചിന്തകളിലെ ഒരു വരിക്കാശ്ശേരി മന ' കഥകളിലെ എല്ലാ സംഭവവികാസങ്ങളും നടക്കുന്നത് ആ വീട് കേന്ദ്രീകരിച്ചാണ്.
ഒരു കഥയിലും എന്റെ സ്വന്തം വീട് പശ്ചാത്തലമായി വന്നിട്ടില്ല. അതിനുള്ള സൗകര്യം എൻറെ സ്വന്തം വീട്ടിൽ ഇല്ലാതിരുന്നതായിരിക്കാം കാരണം.

എനിക്ക് വേലിയകം വീട്ടിൽ പ്രവേശനം ഉണ്ടായിരുന്നു.  വടക്കേ അറ്റത്തുള്ള വർക്ക് ഏരിയയിൽ നിന്ന് തെക്കേ അറ്റത്തുള്ള ഗസ്റ്റ് റൂം വരെ എനിക്ക് യഥേഷ്ടം നടക്കാം, ഒറ്റ വ്യവസ്ഥ മാത്രമേയുള്ളൂ, കാല് കഴുകിത്തുടച്ചിട്ടേ വീട്ടിൽ കയറാവു, ഗസ്റ്റ് റൂമിൽ പ്രവേശിക്കാനും പാടില്ല.

വർക്ക് ഏരിയയിലെ അര പ്രേസിൽ കേറി ചുമ്മാ തൂണിൽ ചാരിയിരിക്കും. കൂട്ടത്തിൽ അല്പം കഞ്ഞിയോ ചക്ക പുഴുക്കോ കിട്ടുമെന്ന പ്രതീക്ഷയും.  അത് ഒരിക്കലും തെറ്റാറില്ല. പക്ഷേ എന്തെങ്കിലും ജോലി ചെയ്യിപ്പിച്ചിട്ടേ കല്യാണി മൂത്തമ്മ കഞ്ഞി തരാറുള്ളു. കഞ്ഞി എന്ന് പറയാനില്ല. ആദ്യം കഞ്ഞിവെള്ളം ആയിരിക്കും തരുക അതിലേക്ക് ഒരു ചെറിയ തവി ചോറ് ഇട്ടുതരും. കൂട്ടത്തിൽ അല്പം ചക്കപ്പുഴുക്കോ, മോരുകറിയോ ചമ്മന്തിയോ ഇട്ടു തരും.  'അതെന്തായാലും വലിയ ടേസ്റ്റ് ആയിരുന്നു ഈ കഞ്ഞിക്ക്. റേഷനരി കഞ്ഞി പച്ചമുളക് കടിച്ചു കൂട്ടി കഴിക്കുന്നവർക്ക് കുത്തരി കഞ്ഞിക്ക് ടേസ്റ്റ് കൂടുതൽ തോന്നുക സ്വാഭാവികം.

പക്ഷെ ഈ കഞ്ഞി കിട്ടുന്നതിനു മുമ്പ് ചില അഭ്യാസങ്ങളുണ്ട്. കുളത്തിൽ നിന്ന് വെള്ളം കോരി ചെമ്പ് കലത്തിൽ നിറയ്ക്കണം, കാരണവർക്കു മുങ്ങിക്കുളി ഇല്ലാത്തപ്പോൾ കുളിക്കാൻ ചൂടുവെള്ളം വേണം. ചെടികൾ വെള്ളം കോരി നനയ്ക്കണം, തേങ്ങ പൊതിച്ചു കൊടുക്കണം എന്നിങ്ങനെ. അതൊക്കെ ചെയ്യാൻ വേറെ ആളുകൾ ഉണ്ടെങ്കിലും കഞ്ഞിക്ക് മുമ്പ് പിള്ളേർ ഇതൊക്കെ ചെയ്തിരിക്കണം എന്ന് കല്യാണി മൂത്തമ്മയ്ക്ക് നിർബന്ധമുണ്ട്.

കല്യാണി മുത്തമ്മയും കൂട്ടരും ഈഴവജാതിക്കാരായിരുന്നുവെങ്കിലും എനിക്കുന്നു തോന്നിയസംശയം ഇവര് നമ്പൂതിരിമാർ ആണോ എന്നാണ് . കുടിക്കാൻ തന്ന കഞ്ഞിക്കിണ്ണത്തിലോട്ടു   ചമ്മന്തി ഇട്ടു തന്നിന്നത് അല്പം ദൂരെ മാറി നിന്നായിരുന്നു, എവിടെയോ കേട്ടിട്ടുള്ള തീണ്ടലിൻ്റെ ഓർമ്മ

വ്യത്യസ്ത വികാരങ്ങളാണ് ഈ വീട് എനിക്ക് സമ്മാനിച്ചിരുന്നത് എന്ന് ഞാൻ മുമ്പ് പറഞ്ഞല്ലോ ? വടക്കേ അറ്റത്ത് സിറ്റൗട്ടിൽ ഇരുന്നാൽ സന്തോഷം, നടുക്ക് വീടിൻ്റെ പ്രധാന ഹാളിൽ ഇരുന്നാൽ അത്ഭുതം, പുറത്തു തെക്കുഭാഗത്ത് വരാന്തയിൽ ഇരുന്നാൽ ഭയം

ഭയത്തിൻ്റെ കാരണം ഇതാണ് ' വീടിൻറെ തെക്ക് പടിഞ്ഞാറ് മൂലയിൽ മുറ്റത്തിനോട് ചേർന്ന് മൂന്നാല് ചെമ്മീപ്പുളി  മരങ്ങൾ ഉണ്ട്. ചെമ്മിപ്പുള്ളി മിക്കപ്പോഴും ഉണ്ടായിരിക്കും. കുട്ടികൾ പുളി  പറിച്ച് തിന്നുന്നത് കണ്ടാലും ആരും വഴക്ക് പറയില്ല. പക്ഷേ ചെമ്മിപുളി മരങ്ങളോടു ചേർന്ന്   തിരി കൊളുത്തി വെക്കാനുള്ള തകിട് ഒരു കുറ്റിയിൽ നാട്ടിയിരുന്നു. അവിടെ ദിവസവും വൈകിട്ട് നിലമടിച്ച് വൃത്തിയാക്കുകയും വിളക്ക് തെളിക്കുകയും ചെയ്തിരുന്നു.

ചെമ്മിപ്പുളി മരത്തിൽ  കുടിയിരിക്കുന്ന അറുകൊലയെ പ്രീതിപ്പെടുത്താൻ വേണ്ടിയായിരുന്നു ഇത്. അറുകൊല ഉള്ളതു കാരണം കുട്ടികൾ ഒറ്റയ്ക്കു അങ്ങോട്ട് പോകാറില്ല, ചെമ്മിപ്പുളി പറിക്കാറുമില്ല'

അറുകൊലമാത്രമല്ല യക്ഷിയും വേലിയകത്തുണ്ട് എന്നാണ് കൂട്ടുകാർ  പറഞ്ഞുതന്നിട്ടുള്ളത്. അറുകൊലയുമായി സ്നേഹത്തിൽ ആണെങ്കിലും ചെമ്മിപ്പുളി മരത്തിലേക്ക് യക്ഷി വരില്ല. യക്ഷി താമസിക്കുന്നത് തെക്കേ കുളത്തിന് അരികിലുള്ള പന മരത്തിലാണ്, അതുകൊണ്ടാണ് തെക്കേ കുളത്തിന് അടുത്തേക്ക് ഞങ്ങളാരും അന്ന് പോകാതിരുന്നത്.

വീടിൻറെ മുഖ്യകാരണവർ വേലിയകനെ കുറിച്ച് ഞാൻ കൂടുതലായി ഒന്നും ഇതുവരെ പറഞ്ഞില്ല, അതിന് കാരണവുമുണ്ട്. അദ്ദേഹത്തെക്കുറിച്ച് എനിക്ക് കൂടുതലായി ഒന്നുമറിയുകയുമില്ല. ഞാൻ വേലിയകത്ത് വീട്ടിലെത്തി വർക്ക് ഏരിയയിൽ ഇരുന്ന നാളുകളിൽ ഒരിക്കൽ പോലും അദ്ദേഹം ആ ഭാഗത്തേക്ക് വരികയോ അടുക്കളയിലേക്ക് നോക്കുകയോ ചെയ്തിട്ടില്ല. വീടിനോട് ചേർന്നുള്ള തെക്കനിയിലാണ് അദ്ദേഹത്തിൻ്റെ താമസം.

സാമ്പത്തികമുള്ളവർക്ക് പണ്ടുകാലത്തുള്ള ഒരു സൗകര്യമാണ് വലിയ വീടിൻ്റെ തെക്കേയറ്റത്ത് മറ്റൊരു കെട്ടിടം, തെക്കിനി എന്ന് പറയും. ഭക്ഷണം ഉൾപ്പെടെ എല്ലാ വസ്തുവകകളും തെക്കിനിയിൽ എത്തും. ഒരുതരത്തിൽ പറഞ്ഞാൽ ഏതാണ്ട് അമേരിക്കൻ പ്രസിഡന്റിന്റെ രീതിയിലുള്ള ജീവിതം, എല്ലാ സൗകര്യങ്ങളും പ്രസിഡന്റിന്റെ അടുത്തേക്ക് വരും , പ്രസിഡൻറ് എങ്ങോട്ടും പോകണ്ട. അതുപോലെ കാരണവർ തെക്കിനിയിൽഇരിക്കും. ഏത് കാര്യത്തിനും ആൾക്കാർ അങ്ങോട്ടാണ് ചെല്ലുക. പെങ്ങളായ കല്യാണി മൂത്തമ്മ പോലും വളരെ ഓച്ഛാനിച്ച് നിന്നാണ് ചേട്ടനായ വേലിയകനോട് സംസാരിരുന്നത്. ഞങ്ങൾ കുട്ടികളെ അദ്ദേഹം മൈൻഡ് ചെയ്യാറെ ഇല്ലായിരുന്നു

വേലിയകം പുരയിടത്തോടു ചേർന്നാണ് ഞങ്ങളുടെ വീട്.  കുടിൽ എന്നു കരുതിയാൽ മതി. ചെറിയ കുടിലുകൾ വേറെ ഉണ്ടായിരുന്നതുകൊണ്ട് എൻറെ അമ്മ പറഞ്ഞിരുന്നത്  അറുകാൽപ്പുര എന്നാണ്, പുരയ്ക്ക് ആറു തൂണ് ഉള്ളത് കൊണ്ട് ഉണ്ടായ പേരാണ്

ഞങ്ങളുടെ വീടിൻറെ പടിഞ്ഞാറ് ഭാഗത്തുകൂടി അദ്ദേഹം മുതുകുന്നം പുരയിടത്തേക്ക് പോകുന്നത് കുഞ്ഞു നാളിൽ കണ്ടിരുന്നു. മുതകുന്നം ഒന്നര ഏക്കർ വരുന്ന വേലിയകൻ്റെ മറ്റൊരു പുരയിടമാണ് .

വെള്ളത്തോർത്തു മുണ്ടും അതിലൂടെ തെളിഞ്ഞു കാണുന്ന കോണകവാലും ആണ് അദ്ദേഹത്തിൻറെ വേഷം. കൈയ്യിൽ വില്ലു പോലുള്ള ഒരു ഉപകരണവും കുറേ കൂർപ്പിച്ച പച്ച ഈർക്കിലിയും കാണാം. കാക്കകളെ പിടിക്കുക എന്നതാണ് ലക്ഷ്യം. അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഞങ്ങളെ അദ്ദേഹം കാണാറില്ല.

കാക്കകളെ പിടിക്കാൻ പോകുന്ന ദിവസം അദ്ദേഹം രണ്ട് കാക്കകളേ എങ്കിലും പിടിക്കും.  മുതുകുന്നംപുരയിടത്തിൽ ചെന്നാണ് അദ്ദേഹം കാക്കകളെ പിടിക്കുന്നത്. പിടിച്ച കാക്കകളെ മരക്കമ്പിൽ കെട്ടി തൂക്കിയിടും, മറ്റു കാക്കകൾ വന്ന് അവിടെ ഉണങ്ങാൻ നിരത്തിയിരിക്കുന്ന കൊപ്ര കൊത്തിക്കൊണ്ട് പോകാതിരിക്കാൻ വേണ്ടിയാണ്  ഇങ്ങനെ പ്രദർശിപ്പിക്കുന്നത്.

ഈർക്കിലി കൊണ്ട്  കാക്കകളെ പിടിക്കുന്ന വിദ്യ മറ്റാർക്കും അദ്ദേഹം പറഞ്ഞു കൊടുക്കാത്തത് കൊണ്ടാണോ എന്നറിയില്ല മറ്റാരും അവിടെ കാക്കകളെ ഈ രീതിയിൽപിടിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

ഒരു ദിവസം ഞാൻ കേൾക്കുന്നത് കാരണവർ പടിഞ്ഞാറെക്കുളത്തിൽ മുങ്ങി മരണപ്പെട്ടതായാണ്. കുളത്തിൽ നിന്ന് കയറ്റി ഒരു വാഴയിലയിൽ കിടത്തിയിരിക്കുന്ന രൂപമാണ് ഞാൻ അവസാനമായി കണ്ടത്. ചെമ്മിപ്പുളിയിൽ  വസിച്ചിരുന്ന അറു കൊല കുളത്തിൽ തല്ലിയിട്ടു കൊന്നു എന്ന് ആരോ പറയുന്നത് കേട്ടു. അത് ഞാൻ വിശ്വസിക്കുകയും ചെയ്തു. അദ്ദേഹം കൊന്നൊടുക്കിയ കാക്കകളുടെ ആത്മാക്കൾക്കു് അറുകൊലയുമായി ചങ്ങാത്തം ഉണ്ടായിരുന്നത്രേ

പിന്നീട് ആരോ പറയുന്നത് കേട്ടു അദ്ദേഹത്തിന് രാത്രിയിൽ കൂട്ട് കിടന്നിരുന്ന ഒരു ബന്ധു പണാപഹരണം  നടത്തുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ കുളത്തിൽ തള്ളിയിട്ട് കൊന്നതാണെന്ന്.  പണം എത്ര ഉണ്ടായിരുന്നു എന്ന് പെങ്ങൾ കല്യാണി മൂത്തമ്മയ്ക്കു പോലും അറിയില്ലായിരുന്നു

അതെന്തായാലും പിന്നീട് അങ്ങോട്ടുള്ള ജീവിതയാത്രയിൽ വേലിയകത്തെ രണ്ടു കുളങ്ങളുടെ സമീപത്തേക്കു ഞാൻ പോകാതായി. ചെമ്മിപ്പുള്ളി മരങ്ങളുടെ സന്തതി പരമ്പരക്കൊപ്പം അറുകൊല അവിടെ താമസം ഉണ്ടോ എന്ന് ഞാൻ ഇപ്പോൾ തിരക്കാറുമില്ല.
(തുടരും....)
- കെ എ സോളമൻ