#അനിതടീച്ചറുംസൂസന്നയും - കഥ
കെ എ സോളമൻ
കോവിഡ് കൊടുമ്പിരി കൊണ്ട കാലത്താണ് സൂസന്നഎൽകെജി ക്ലാസിൽ ചേർന്നത്. ക്ലാസുകൾ എല്ലാം തന്നെ ഓൺലൈൻ ആയിരുന്നു. മിക്കക്ലാസുകളും എടുത്തിരുന്നത് അനിത ടീച്ചറാണ്.
ലാപ്ടോപ്പിൽ ഇരുന്ന് ടീച്ചർ പഠിപ്പിക്കും പാട്ടുപാടും, കഥ പറയും, ചോദ്യങ്ങൾ ചോദിക്കും, ഉത്തരം ടീച്ചർ തന്നെ പറയും , കുട്ടികളെ കൊണ്ട് പറയിപ്പിക്കും, പരീക്ഷ നടത്തും, എല്ലാവർക്കും എ പ്ളസ് പ്ളസ് കൊടുക്കുകയും ചെയ്യും.
സൂസന്ന വരക്കുന്ന പൂവിന്റെയും പൂച്ചയുടെയും ചിത്രങ്ങൾ ഫാട്ടോയെടുത്ത് ടീച്ചർക്ക് അയക്കും. എല്ലാം ഗുഡ് ആണെന്നു ടീച്ചർ പറയും. ഗുഡ് മാത്രമല്ല അതിന്റെ കൂടെ സ്റ്റാറും കൂടി ഉണ്ടെന്ന് ടീച്ചർ പറയും. സ്റ്റാർ കിട്ടുന്നത് സൂസന്നയ്ക്ക് വളരെ സന്തോഷം ഉള്ള കാര്യമായിരുന്നു
അനിത ടീച്ചറിന് സൂസന്നയെ വളരെ ഇഷ്ടമായിരുന്നു അതുപോലെ സൂസന്നയ്ക്ക് അനിത ടീച്ചറിനെയും ഇഷ്ടമായിരുന്നു.
ഒരിക്കൽ അമ്മയെയും കൂട്ടി പ്രോഗ്രസ് കാർഡ് ഒപ്പിടാൻ സ്കളിലെത്തിയപ്പോഴാണ് സൂസന്ന ആദ്യമായി അനിത ടീച്ചറെ നേരിൽ കാണുന്നത്. സൂസന്ന ഓടിച്ചെന്ന് ടീച്ചറെ കെട്ടിപ്പിടിച്ചു. ടീച്ചർ സൂസന്നയുടെ തലയിൽ മൃദുവായി തലോടി. അഞ്ചു മിനിറ്റോളം അവർ.അങ്ങനെ തന്നെ നിന്നു. മറ്റു കുട്ടികളുടെ കാര്യം കൂടി ടീച്ചറിന് നോക്കേണ്ടതുണ്ട് എന്ന കാര്യം സൂസന്ന ഓർത്തതേയില്ല.
എൽകെജി വാർഷിക പരീക്ഷ കഴിഞ്ഞതോടെ കോവിഡ് ഏതാണ്ടൊക്കെ ഒഴിഞ്ഞു. നൂസന്നയ്ക്ക് യുകെജിയിലേക്ക് പ്രമോഷനായി.
പുതിയ യൂണിഫോമും പുതിയ ബാഗും പുതിയ ടിഫിൻ കാരിയറുമായി സൂസന്ന സ്കൂളിൽ പോയി തുടങ്ങി. ക്ലാസിൽ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളും വീട്ടിൽ വന്ന് അമ്മയോടും അപ്പയോടും പറയും.
"ഇന്ന് എന്താണ് പഠിപ്പിച്ചത് " അമ്മ ചോദിക്കും
"ഇന്ന് ഇംഗ്ലീഷിലും കണക്കും പഠിപ്പിച്ചു "
" അനിത ടീച്ചർ എന്താണ് പഠിപ്പിച്ചത് ?"
"ടീച്ചർ ഒന്നും പഠിപ്പിച്ചില്ല , ഇന്ന് ഒരു പാട്ട് പാടി തന്നു "
" ഏത് പാട്ട് ?"
"ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
ഹൗ ഐ വാണ്ടർ വാട്ട് യു ആർ "
" ഇത് എൽകെജിയിൽ ടീച്ചർ പഠിപ്പിച്ച പാട്ടല്ലേ ?!
" ആണു, പക്ഷേ ടീച്ചർ ഇന്നും പാടി "
പിന്നീട് ഒരു ദിവസം അമ്മ ചോദിച്ചു
"ഇന്ന് അനിത ടീച്ചർ വല്ലതും പഠിപ്പിച്ചു വോ ? "
"ഇന്ന് ടീച്ചർ വെജിറ്റബിൾസിന്റെ പേരാണ് പഠിപ്പിച്ചത് "
ഓരോ ദിവസവും ക്ലാസ് കഴിഞ്ഞു വരുമ്പോൾ അമ്മ സൂസന്നയോട് ചോദിക്കും. ഇന്ന് അനിത ടീച്ചർ എന്താണ് പഠിപ്പിച്ചത് എന്ന് .
സൂസന്ന പറയും ഇന്ന് ചിത്രം വരയ്ക്കാൻ പഠിപ്പിച്ചു , പെയിൻറ് ചെയ്യാൻ പഠിപ്പിച്ചു , മുടി പിന്നിയിടുന്നത് പഠിപ്പിച്ചു, ഹെയർ ബോ വെക്കുന്നത് പഠിപ്പിച്ചു , അങ്ങനെ ഒത്തിരി ഒത്തിരി വിശേഷങ്ങൾ
ഒരു ദിവസം സൂസന്ന പറഞ്ഞു
"ഇന്ന് അനിത ടീച്ചർ ഒന്നും പഠിപ്പിച്ചില്ല ടീച്ചറിന്റെ മകൾക്ക് സുഖമില്ലായിരുന്നു. ടീച്ചർക്ക് എന്നെപ്പോലെ ഒരു മകൾ ഉണ്ട് . ടീച്ചറിന്റെ മകൾക്ക് ഇന്ന് പനിയായിരുന്നു അതുകൊണ്ട് ടീച്ചറിന് ഒരു സന്തോഷം ഇല്ലായിരുന്നു "
ക്ലാസുകളും അനിത ടീച്ചറിന്റെ വിശേഷങ്ങളുമായി ദിവസങ്ങൾ, ആഴ്ചകളായി, മാസങ്ങളായി കടന്നുപോയി.
വീണ്ടും പ്രോഗ്രസ്സുകാർഡ് ഒപ്പിടാനുള്ള ദിവസം
സൂസന്നയും അമ്മയും വീണ്ടും സ്കൂളിലെത്തി.
പ്രോഗ്രസ് കാർഡ് ഒപ്പിടുവിക്കാൻ ഇരിക്കുന്ന ടീച്ചറിനോട് അമ്മ പറഞ്ഞു:
" ഇവളുടെ അനിത ടീച്ചർ വന്നില്ലേ? ഒന്നു കാണാൻ പറ്റുമോ ? "
"ഏത് അനിത ടീച്ചർ ?" സംശയത്തോടെ ക്ലാസ് ടീച്ചർ ചോദിച്ചു
"ഇവളെ പഠിപ്പിക്കുന്ന അനിത ടീച്ചർ :
"ഇവരെ പഠിപ്പിക്കുന്നത് ഞാനാണ് പ്രധാനമായും . പിന്നെ വേറെ ഒന്ന് രണ്ടുപേർ കൂടിയുണ്ട്. ആ കൂട്ടത്തിൽ അനിത ഇല്ല "
"ഇവളെ എൽകെജിയിൽ പഠിപ്പിച്ചിരുന്ന അനിത ടീച്ചർ ?"
"ഓ ആ അനിതയോ? അനിത കഴിഞ്ഞ കൊല്ലം തന്നെ ഗവൺമെൻറ് സ്കൂളിൽ ജോലി കിട്ടി പോയല്ലോ "
അമ്മ സൂസനയെ നോക്കി. ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിൽ അനിതടീച്ചർ ബോർഡിൽ വരച്ചിട്ട ചിത്രത്തിൽ നോക്കി സൂസന്ന അനങ്ങാതെ നിന്നു