#അമ്മയുടെ #കൈകളിൽ
(ഇന്നു മാതൃദിനം)
സുരക്ഷിതനായിരുന്നു ഞാൻ
ആദ്യശ്വാസത്തിൻ നാൾമുതൽ
എന്റെ അമ്മയുടെ കൈകളിൽ
ഇരിക്കാൻ പഠിച്ചതും
നടക്കാൻ തുടങ്ങിയതും
ആ കൈകളാൽ താങ്ങി.
കരയാൻ നേരം മുറുകെ പുണർന്നും
കൈകളാൽ കണ്ണീർ മെല്ലെ തുടച്ചും
ചേർത്തുപിടിച്ചും വീഴാതെ നോക്കിയും
കാലങ്ങളേറെ കൂടെ നടന്നതും
എന്റെ യമ്മ
മറക്കാനാവാത്ത കാലം
കൊടിയ നിരാശയുടെ,
കൊടും പട്ടിണിയുടെ കാലം.
തിരികെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ
അതെന്റമ്മയെ കാണാൻ മാത്രം
ചാണകതറയിലെ കൽപെരുമാറ്റം
മേയാൻ വൈകിയ പുരയിലെ സൂര്യകിരണങ്ങൾ
മഴവരല്ലെയെന്ന നേർത്ത പ്രാർത്ഥന
എല്ലാമൊരിക്കൽ കൂടി
എന്റെ അമ്മയുണ്ടെങ്കിൽ മാത്രം.
മരണപ്പെട്ടവരുടെ ജീവിതം
ജീവിക്കുന്നവരുടെ ഓർമകളിൽ
എങ്കിൽ ഞാൻ പറയും
എന്റെ അമ്മ
ചാന്ദ്രപ്രകാശമായായിരുന്നു
തിളങ്ങുന്ന അരുവിപോലെ സാന്ദ്രമായിരുന്നു
നിറംമങ്ങിയ കാൻവാസിലെ
നക്ഷത്രവെളിച്ചം
സുരക്ഷിതനായിരുന്നു ഞാൻ
ആദ്യശ്വാസത്തിൻ നാൾമുതൽ
എന്റെ അമ്മയുടെ കൈകളിൽ
- കെ എ സോളമൻ