നരകത്തിലേക്കുള്ള ഒരു തുരങ്കമോ?
കസേരയുടെ ഒടിഞ്ഞു വീഴാറായ കാലോ?
റേഷൻ കടയിലെ പുതുകാഴ്ച പോലെ
അരി സഞ്ചിയിൽവീഴ്ത്തുന്ന കുഴലോ?
നിനക്ക് ഓർമ്മയുണ്ടാകണം
നിലംതപ്പികളെ നിലയ്ക്കു നിർത്തിയ നിന്റെ കുലീനത
പാസ്റ്റർ- ഉസ്താൾദൈവങ്ങളുടെ
തുള്ളലവവസാനിപ്പിച്ച നിന്റെ ശൗര്യം
നീ പള്ളിക്കൂടങ്ങൾ അടച്ചു പൂട്ടി
കടകമ്പോളങ്ങളും പണിശാലകളും
ഗതാഗതവുമെല്ലാം നിന്റെ ദയയ്ക്കായി കാത്തു നില്ക്കുന്നു
ഇനിയും തകർക്കാൻ അവശേഷിക്കുന്നതെന്ത്?
കവിഞ്ഞൊഴുകിയ പ്രണയ നദികളെല്ലാം വരണ്ടു
തുപ്പൽ കണങ്ങൾ പോലും കാറ്റിൽ പറക്കാതായി
എന്നെന്നേക്കുമായി പറഞ്ഞ സ്നേഹം
വല്ലപ്പോഴുമുള്ള ഫോൺ വിളികളിലൊതുങ്ങി.
കാണാതിരുന്നാൽ പ്രണയമൊടുങ്ങുമെന്നുപറഞ്ഞ നീ ആര്?
നീ ചൈനയുടെ കളിപ്പാട്ടമോ എല്ലാം
ചവിട്ടിയരയ്ക്കുന്ന അമേരിക്കൻ ബുൾഡോസറോ?
എത്ര നാൾ ഞങ്ങൾ ചാനൽപരസ്യം കണ്ടു രസിക്കണം
നിന്നെ സമ്മതിക്കണം
ഞങ്ങളുടെ പ്രാർത്ഥനകളിലെല്ലാം നീ നിറഞ്ഞിരിക്കുന്നു
നിരാശ, എനിക്ക് നിന്നെ ഒട്ടും ഇഷ്ടമായില്ല.
എന്താണിവിടെ നി കാണാൻ ലക്ഷ്യമിട്ടത്?
പാമ്പും കീരിയും ചേർന്നു പൊതുപാചകപ്പുരയിൽ പുകയൂതുന്നതോ?
ജീവിതകാലത്തിന്റെ പകുതിയും കാത്തിരുന്നവരുടെ കൊടിയ നിരാശയോ?
നീ ഒരു മൈക്രോസ് .കോപിക് കശ്മലൻ
ഞങ്ങളുടെ വേരുകൾ പിഴുതെറിയാനും
ഞങ്ങൾ നയിച്ച ജീവിതത്തിൽ നിന്ന് ഞങ്ങളെ പുറത്താക്കുവാനും
നിന്റെ അജ്ഞാത യാത്രയിൽ കൂടെ കൂട്ടാനും വന്നവൻ
എങ്കിൽ അങ്ങനെയാവട്ടെ
പക്ഷെ, ഇപ്പോൾ നീ പോ
പോ, കൊറാണ!
- കെ എ സോളമൻ