Thursday, 11 March 2021

ഒരു കോവീഡിയൻ അപാരത - കഥ

ഒരു കോവീഡിയൻ അപാരത - കഥ

ഏതു യാത്രയുടെ ഒടുവിലാണ് ഇവിടെ വന്നതെന്ന് ഓർമ്മയില്ല. തിരക്കൊഴിഞ്ഞ സ്ഥലമായ ഒരു വലിയപള്ളിയുടെ അകം. ഒറ്റതിരിഞ്ഞു ആളുകൾ പള്ളിക്കകത്തും പുറത്തും നടക്കുന്നു  ഉച്ചതിരിഞ്ഞ നേരമായതുകൊണ്ടാവണം പള്ളിയിൽ പ്രാർത്ഥനയൊന്നുമില്ല. വല്ലാത്ത ക്ഷീണം. ഭക്ഷണമാണെങ്കിൽ കഴിച്ചിട്ടുമില്ല.
അടുത്തു കണ്ട ബഞ്ചിൽ ഇരുന്നു..കൈയ്യിലുള്ളത്  8 മൂലയുള്ള പഴയ മോഡൽ റെക്സിൻ ബാഗ്. അതിനകത്തു കാര്യമായിട്ടൊന്നുമില്ല. പഴ്സ് പാൻ്റ്സിൻ്റെ ഇടത്തേ പോക്കറ്റിലാണ് . കൈ തടവി പഴ്സ് ഉറപ്പാക്കുന്ന ശീലം എപ്പോഴോ തുടങ്ങിയതാണ്. പാൻ്റ്സിൻ്റെ വലത്തേ പോക്കറ്റിൽ ടൗവലും ചീപ്പും

ക്ഷീണം കൊണ്ടാവണം ബഞ്ചിലിരുന്ന ഉടൻ മയങ്ങിപ്പോയി. ബാഗ് ബഞ്ചിൻ്റെ ഒരറ്റത്തേക്ക് യാന്ത്രികമായി തളളി വെച്ചതിനു ശേഷം അതിൽ തല അമർത്തി ഉറങ്ങി.

എത്ര നേരം അങ്ങനെ ഉറങ്ങി എന്നറിയില്ല കടും നീല ഉടുപ്പും ഉടുപ്പിൽ ഏതോ സ്റ്റിക്കറും പതിച്ച 3 പേർ വന്ന് എന്നെ ബഞ്ചിൽ നിന്ന് പിടിച്ചെഴുൽപ്പിച്ചു.

അവർ സൗമ്യമായി സംസാരിച്ചു തുടങ്ങി
"ഞങ്ങൾ കോവിഡ് ആർമിയുടെ അംഗങ്ങളാണ്. താങ്കൾ ഈ സമയത്ത് ഉറങ്ങുന്നത് കോവിഡ് മൂലമാണോയെന്ന് സംശയിക്കുന്നു. കൂടുതൽ തുമ്മുന്നതും ചുമക്കുന്നതുമായ ആളുകളെയും ഞങ്ങൾ കണ്ടെത്താറുണ്ട് . പുറത്ത് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെ മൊബൈൽ യൂണിറ്റ് കിടപ്പുണ്ട്. താങ്കൾ ഞങ്ങളോടൊപ്പം അവിടെ വരെ വന്നു കോവിഡ് ടെസ്റ്റിനു വിധേയനാവണം. ആൻ്റിജൻ ടെസ്റ്റോ, ആർ സി പി ആർ ടെസ് റ്റോ ഏതു വേണമെങ്കിലും താങ്കൾക്ക് തിരഞ്ഞെടുക്കാം. എല്ലാം സൗജന്യമാണ് "

ഇന്ത്യൻ ആർമി, പി.ജെ. ആർമി എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ കോവിഡ് ആർമി എന്ന് കേൾക്കുന്നത് ആദ്യമാണ്.

സൗമ്യമായി സംസാരിച്ച അവരോടു ഞാൻ സൗമ്യമായി തിരികെ ചോദിച്ചു.
" ഇപ്പോൾ ടെസ്റ്റു നടത്താൻ താല്പര്യമില്ലെങ്കിലോ?"

" അതു താങ്കളുടെ ഇഷ്ടം. പക്ഷെ ഇവിടെ ഇങ്ങനെ കിടക്കാൻ പറ്റില്ല "

ഞാൻ ബാഗുമെടുത്തു പുറത്തേയ്ക്കിറങ്ങി. ഇടതു പോക്കറ്റിൽ തടവി  പഴ്സ് ഉറപ്പാക്കിയ ശേഷം പോക്കറ്റിൽ കൈയ്യിട്ടു പഴ്സ് പുറത്തെടുത്തു തുറന്നു നോക്കി . 20-ൻ്റെ 3 നോട്ടുകൾ. ഇന്ത്യൻ കറൻസി നോട്ടുകളിൽ ഏറ്റവും ഭംഗിയുള്ളത് എന്ന് ആരോ പറഞ്ഞതുകൊണ്ടാണ് 20-ൻ്റെ നോട്ടുകൾ പഴ്സിൽ അവശേഷിച്ചത്ത്. അതായത് 60 രൂപയുണ്ട്, പിന്നെ ഏതാനും ചില്ലറത്തുട്ടുകളും എന്തായാലും ഊണു കഴിച്ചിട്ടു തന്നെ കാര്യം.

40 രുപ, 50 രൂപ. 99 രൂപ എന്നിങ്ങനെ വിവിധ നിരക്കിൽ ഊണുകൾ വിൽക്കുന്നതിൻ്റെ ബോർഡുകൾ അവിടവടെ കാണാം. 40 ൻ്റെ ഊണുകഴിക്കാമെന്നുറച്ചു.

അപ്പോഴാണ് മാസ്ക്  ധരിച്ചിച്ചിട്ടില്ലയെന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. ബാഗിൽ കൈയ്യിട്ടു മാസ്ക് തിരഞ്ഞെങ്കിലും കിട്ടിയില്ല. അത് എവിടയോ വെച്ചു നഷ്ടപ്പെട്ടു. ഒരു പക്ഷെ കിടന്നുറങ്ങിയ സ്ഥലത്തു വെച്ചായിരിക്കും. തിരികെ പോയി എടുക്കാനൊന്നും പറ്റില്ല, കോവിഡ് ആർമി!

കൈയ്യിലുള്ള ടൗവൽ ഉപയോഗിച്ച് വായും മൂക്കും മൂടിക്കെട്ടാമെന്ന് നോക്കിയപ്പോൾ അതിനു നീളവും പോരാ.

അടുത്തു കണ്ട കടയിൽ കയറിൽ ഒരു മാസ് കു വാങ്ങാമെന്ന് കരുതി. മാസ്ക് നിർമ്മാണവും കച്ചവടവും വൻ വ്യവസായമായ കാലത്ത് മാസ്ക് ലഭ്യമല്ലാത്ത കടകളില്ല.

അടുത്തു കണ്ട റെഡിമെയ്ഡ് ഷോപ്പിലാണ് കയറിയത്. വില്പനയ്ക്കുള്ള ധാരാളം വസ്ത്രങ്ങൾ തൂക്കിയിട്ടുണ്ട് എങ്കിലും വില്പപനക്കാരെ ആരെയും അവിടെകണ്ടില്ല.

"ഇവിടാരുമില്ലേ?"  എൻ്റെ ചോദ്യം കേട്ട് മൂന്ന് യുവതികളുടെ തലകൾ ഒരു കാബിനിൽ നിന്നു ഒന്നിച്ചു പൊങ്ങി വരുന്നതു കണ്ടു. സുന്ദരികളായ അവർ മൂവരും ഊണുകഴിക്കയായിരുന്നു

അവരിലെ മുതിർന്ന ഒരുത്തി എന്നോടു ചോദിച്ചു
"എന്താ വേണ്ടത് "
"ഒരു മാസ്ക് "
" അതിനു താമസമുണ്ട്. ഉണ്ടായിരുന്നത് തീർന്നു, അപ്പുറത്തു തയ്ക്കുന്നുണ്ട് "

" മാസ്ക് തയ്ക്കുകയോ?"

" അതെ, ഇവിടെ മാസ്ക് തയ്ച്ചാണ് കൊടുക്കുന്നത്, പുറത്തു നിന്നു വരുന്ന മസ്കുകൾ എങ്ങനെ വിശ്വസിക്കും, അവ കൊറോണ പരത്തുന്നതാണെങ്കിലോ? അത്യാവശ്യമാണെങ്കിൽ എൻ്റെ മാസ്കു തരാം"

"ഛേ " ഞാൻ പുറത്തേയ്ക്കു നടന്നു. എനിക്കു സംശയം തോന്നി, ആ യുവതി കളിയാക്കിയതാണോ? എയ്  അങ്ങനെ ആവാൻ  തരമില്ല. അവരുടെ മുഖഭാവം അങ്ങനെ അല്ലായിരുന്നു. അതു മാത്രമല്ല, ഛെ എന്നു പറഞ്ഞതു തെറ്റായിപ്പോയെന്നു എനിക്കു തോന്നി. ചുണ്ടിൽ ചെഞ്ചായം പൂശീ റ്റി വി സ്ക്രീനിൽ വന്ന് കാമുക ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന യുവതിയെപ്പോലുള്ള ആ യുവതിയോടു അങ്ങനെ പ്രതികരിക്കരുതായിരുന്നു. 

കടയിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ മൈക്കിൽ അനൗൺസ് ചെയ്യുന്നതു കേട്ടു. 

" വരൂ കടന്നു വരൂ, രാജ്യത്തെ 138 കോടി 94 ലക്ഷം ജനങ്ങളിൽ 119 കോടിയും കോവിഡ്വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. നിങ്ങൾ എന്താ മടിച്ചു നില്ക്കുന്നത്. കടന്നു വരു, ഈ കരവാനിലേക്ക് . കോ വിഡ് വാക്സിൻ ഫ്രീ . ഒരു രേഖയും വേണ്ട നിങ്ങളുടെ വിരൽ തുമ്പു മാത്രംമതി - അതിലുണ്ട് എല്ലാം രേഖകളും "

ഓഹോ, എങ്കിൽ പിന്നെ വാക്സിൻ എടുത്തിട്ട് 40 രൂപയുടെ ഊണുകഴിക്കാം..ഇന്ത്യൻ ജനസംഖ്യ ഇത്ര കൃത്യമായി വേറെയാരും പറയുന്നതു ഞാൻ കേട്ടിട്ടില്ല.  ഞാൻ കരവാനി ലേക്ക് നടന്നു.

സ്വീകരിക്കാൻ വാതിൽ പടിക്കൽ സ്റ്റിക്കറൊട്ടിച്ച നേവിബ്ളൂ കോട്ടിട്ട ഒരു സുന്ദരി.  രണ്ടു കസേരയുള്ളതിൽ ഒന്നിൽ ഒരാൾ കോവിഡ് വാക്സിൻ എടുത്തു കൊണ്ടരിക്കുന്നു.

അകത്തു പ്രവേശിച്ച എന്നോടു അവിടെ ഇരുന്ന യുവതി:
"സേറിൻ്റെ ഫിംഗർ കാണിക്കൂ . സോറി ഒരു കാര്യം പറയാൻ വിട്ടു. ഇവിടെ കോവിഡ് വാക്സിൻ എടുക്കുന്നതിന് ഖാദി ബോർഡ് തയ്യാറാക്കിയ പ്രത്യേകതരം ഷർട്ടുണ്ട്. ഇടത്തേ ത്തോളിൽ രണ്ടു ദ്വാരം വെട്ടിയ ഷർട്ട്. ഒരു ദ്വാരം ആദ്യ ഡോസ് ഇൻജക്ഷനും രണ്ടാമത്തേത് ബൂസ്റ്റർ ഡോസിനും. സേർ വിഷമി,ക്കാനില്ല. ഷർട്ട് ഇവിടെ കിട്ടും, 340 രൂപാ. ഖാദി ബോർഡിൻ്റേതായതു കൊണ്ടാണ് ഇത്ര വില കുറച്ചു നല്കുന്നത് "

ഞാൻ ഇടത്തേ പോക്കറ്റിൽ തടവി. 40 രൂപയുടെ ഊണ് !.

ഞാൻ പറഞ്ഞു " ഞാൻ പോയിട്ടു പിന്നെ വന്നാൽ മതിയോ "

" അത് സേറിൻ്റെ ഇഷ്ടം. ഇപ്പോഴാണെങ്കിൽ തിരക്കു കുറവായിരുന്നു "

എൻ്റെ നിസ്സാഹയത അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ നില്ക്കാതെ ഞാൻ കരവാനിൽ നിന്ന് പുറത്തു കടന്നു.

എൻ്റെ പ്രിയപ്പെട്ട സൂസന്ന മരിയ വന്ന് ചെവിയിൽ ഒച്ച വെച്ചില്ലായിരുന്നെങ്കിൽ ഈ കോവീഡിയൻ സ്വപ്നം അനന്തമായി നീണ്ടു പോകുമായിരുന്നു

-കെ എ സോളമൻ

#മഞ്ഞിൻകണങ്ങൾ


ഒരു ശൈത്യത്തിലായിരുന്നു നമ്മളാദ്യമായി കണ്ടത്
ഏതോ ദേശാടനപ്പക്ഷികൾ വിരുന്നെത്തിയ കാലം
നമ്മളറിഞ്ഞു:

ഒരു മഴക്കാറും പെയ്യാതെ പോയില്ല
ഒരു മരവും തണൽ വിരിക്കാതിരുന്നില്ല
ഒരു കിളിയും പാടാതിരുന്നില്ല
ഒരു പുഴയും ഒഴുകാതിരുന്നില്ല
ഒരിക്കലും സൂര്യനുദിക്കാതിരുന്നില്ല

നമുക്ക് മൂന്നാറിൻ കുന്നിലെ തണുപ്പിലേക്കു പോകാം
ചെടികളും പൂക്കളും കണ്ടുരസിക്കാം
തണുത്ത കാറ്റിനുള്ളിലേക്കു നടക്കാം
അപരിചിതരുടെ കൈകളിലെ
മഞ്ഞിൻ കണങ്ങളായി തെറിക്കാം
- കെ എ സോളമൻ