കഥ - കെ എ സോളമൻ
കഴിഞ്ഞ അമ്പതു കൊല്ലമായി കൂടെക്കൂടിയ രണ്ടു മാന്യ വ്യക്തികളാണ് റാവുത്തരും സേട്ടൂം. മുഴവൻ പേര് മുസ്തഫാ റാവുത്തർ, രത്തൻലാൽ സേട്ട് . ഇവർ രണ്ടു പേരും എന്റെ ജീവിതകാലം മുഴുവനും കൂടെയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട് .
ഇവരുമായി ഞാൻ പരിചയപ്പെടുന്നത് 1967ലാണ് . കൃത്യമായി പറഞ്ഞാൽ 1967 നവംബർ മാസം. അതു കൊണ്ടാണ് 50 വർഷത്തിന്റെ കണക്കു പറഞ്ഞത്. 1967 ലാണ് ഇ എം എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ രണ്ടാം കമ്യുണിസ്റ്റുമന്ത്രിസഭ അധികാരമേറ്റത് . ഭരിക്കുന്നത് കമ്യുണിസ്റ്റായാലും കോൺഗ്രസായാലും വലിയ വ്യത്യാസ ഇല്ലെന്ന് ഇന്നും ബോധ്യമാകുന്ന സ്ഥിതിക്ക് വെറും 16 വയസുകാരനായ എന്നെ പ്പോലെയുള്ള ഒരു സ്കൂൾ വിദ്യാർത്ഥിക്ക് കേരളം ആരു ഭരിച്ചാലും അതു പ്രശ്നമായിരുന്നില്ല. ആകെ പ്രശ്നമായിരുന്നത് എങ്ങനെയെങ്കിലും എസ് എസ് എൽ സി കരകേറുക എന്നതായിരുന്നു.
1967-ലും 68-ലുമൊക്കെ പത്താം ക്ലാസ്സ് ജയിക്കുക എന്നത് ശ്രമകരമായ ഒരു ജോലിയായിരുന്നുവെന്നു അന്നു പരീക്ഷയെഴുതി യവർക്ക് അറിയാം . പരീക്ഷ ജയിക്കാൻ ആറുവിഷയവും പാസാകണം . മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾക്ക് 40 ശതമാനം മാർക്കും കണക്ക്, സയൻസ് , സോഷ്യൽ സ്റ്റഡീസ് എന്നിവയ്ക്ക് 35 ശതമാനം മാർക്കും, അങ്ങനെ ആകെ 225 തികഞ്ഞാൽ മാത്രമേ എസ് എസ് എൽ സി ജയിക്കുകയുള്ളു. ഏതെങ്കിലും വിഷയത്തിൽ ഒരു മാർക്ക് കുറഞ്ഞാൽ തോൽവി ഉറപ്പ്. കൂടെ പഠിച്ചിരുന്ന കേശവൻപോറ്റി തോറ്റത് ഒരു മാർക്ക് ഹിന്ദിക്കു കുറഞ്ഞതിനാൽ ആയിരുന്നു. അടുത്ത സെപ്തംബറിൽ ഹിന്ദി പരീക്ഷ പ്രത്യേകമെഴുതി പാസ്സാകുകയും പിന്നീട് വില്ലേജ് ഓഫീസിൽ ജോലി നേടുകയും ചെയ്തു. ഒരു ഹിന്ദി അധ്യാപികയെ വിവാഹം ചെയ്തു അനിവാര്യമായ അല്ലറ ചില്ലറ അസുഖങ്ങളുമായി പരാതികളില്ലാതെ സർക്കാർ പെൻഷനും വാങ്ങി ജീവിച്ചുപോരുന്നു. എങ്കിലും പഴയ ഹിന്ദി പരീക്ഷയുടെ കാര്യം ഓർമ്മിപ്പിച്ചാൽ ഒരു വിളറിയ ചിരി അദ്ദേഹത്തിന്റെ മുഖത്തു നിഴലിക്കും.
എസ്. എസ് എൽ സി പരീക്ഷയുടെ പഴയ കാഠിന്യം ഇന്നില്ല. പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ വിഷയത്തിനും ഉണ്ടായിരുന്ന മിനിമം മാർക്കു എടുത്തു കളഞ്ഞു ,പകരം ഗ്രൂപ്പു മിനിമമാക്കി. ലാംഗ്വേജ് ഗ്രൂപ്പിന് 120, സബ്ജക്റ്റിന് 90, ആകെ 210 മതി. അത് പിന്നീടു പരിഷ്കരിച്ചു ഗ്രൂപ്പുമിനിമവും എടുത്തു കളഞ്ഞു. ഇപ്പോൾ ആരും തോല്ക്കാറില്ല, പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങി ഓടുന്നവൻ വരെ ജയിക്കുന്ന അവസ്ഥയായി. ഉത്തരക്കടലാസ്സിൽ റജിസ്റ്റർ നമ്പർ തെറ്റി ച്ചെഴുതിയാലും ജയിക്കും. രജിസ്റ്റർ നമ്പർ പരിശോധിച്ച് ശരിയാണെന്നു ഉറപ്പാക്കേണ്ടത് പരീക്ഷാ ഹാളിൽ നില്ക്കുന്ന ഇൻവിജിറ്റേറുടെ ചുമതലയാണ്. ദോ ഹസാർ എന്നതിന് നാലായിരം എന്നർത്ഥമെഴുതിയാൽ ഹിന്ദി പരീക്ഷക്കു മുഴുവൻ മാർക്ക് കിട്ടും, ഹസാറിന്റെ ഉത്തരം പൂർണ്ണമായും ശരിയാണല്ലോ?
പക്ഷെ 68-ലെ കാര്യം ഇങ്ങനെ യല്ല. കഷ്ട പ്പെട്ടു തന്നെ പഠിക്കണം. കട്ടികളെ സഹായിക്കാൻ ഇന്നത്തെ പ്പോലെ ട്യൂഷൻ സെന്ററുകളില്ല. ലേബർ ഇൻഡ്യയും അന്നു പ്രസിദ്ധീകരണം ആരംഭിച്ചിട്ടില്ല. വി - ഗൈഡുകളൊക്കെ പ്രചാരത്തിലാകുന്നത് തൊണ്ണൂറുകളിലാണ്. ഞങ്ങൾക്കൊക്കെ എക ആശ്രയം അധ്യാപകർ തന്നെ.
പക്ഷെ എന്നെ സംബന്ധിച്ചാണെങ്കിൽ അതും ഇമ്മിണി പരുങ്ങലിൽ ആയിരുന്നു. ഇവിടെ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ, അ
വിടെന്നു കിട്ടുന്നത് ഉൾക്കൊള്ളാൻ പറ്റു. അധ്യാപകരുടെ നിലവാരത്തിനൊത്തു ഉയരാൻ പറ്റാത്ത എന്റെ അവസ്ഥ അടുത്ത കൂട്ടുകാർക്കു പോലും അറിയില്ലായിരുന്നു.
എന്റെ സ്കൂളായ എച്ച് എസ് കണ്ടമംഗലത്തെ അന്നത്തെ വലിയ പഠിത്തക്കാരായിരുന്നു ബാലചന്ദ്രനും സുദേവനും. സുദേവൻ എന്റെ ക്ളാസിലും ബാലചന്ദ്രൻ എ ബാച്ചിലും. എ-ബാച്ചിൽ പഠിപ്പിച്ചിട്ട് ബി.ബാച്ചിൽ വന്നു ബാലചന്ദ്രന്റെ വിശേഷം പറയുമ്പോൾ ഞാൻ അന്തം വിട്ടിരിക്കും. അച്ചടി പോലിരിക്കും ബാലചന്ദ്രന്റെ കൈയക്ഷരം എന്നു കേൾക്കുമ്പോൾ വെള്ളം വീണു നനഞ്ഞ എന്റെ നോട്ടുബുക്കു സാറു കാണാതെ ഞാൻ തുറന്നു നോക്കും. ഒട്ടും പോരാ എന്ന സ്വയം നിഗമനത്തിൽ ബുക്കു മടക്കി വെയ്ക്കും. ഇതു എത്ര തവണ ഞാൻ ചെയ്തിരിക്കുന്നു.
തവളയുടെ ലൈഫ് സൈക്കിൾ വരച്ചു കൊണ്ടുവരാൻ സയൻസ് പഠിപ്പിക്കുന്ന ദാമോദരൻ സാർ ഒരിക്കൽ പറഞ്ഞു. നല്ല ആർട്ട് പേപ്പറിൽ കളർഫുള്ളായി സുദേവൻ വരച്ചു കൊണ്ടുവന്ന ചാർട്ട് സാർ ക്ളാസ് ഭിത്തിയിൽ തുക്കി. ഞാൻ വെള്ളക്കടലാസ്സിൽ പെൻസിൽ ഉപയോഗിച്ചു വരച്ചുകൊണ്ടു വന്ന തവളകളെ ചുരുട്ടിക്കൂട്ടി ചവറുകൊട്ടയിൽ തള്ളി. എനിക്കപ്പോൾ വിഷമമുണ്ടായോ യെന്ന് ചോദിച്ചാൽ അത്തരം ചെറിയ വിഷമങ്ങൾ എന്നെ അലട്ടാ റെയില്ലായിരുന്നു. പോരാത്തിന് സാറ് എന്നെ അനുമോദിക്കുകയും ചെയ്തു. വളരെ നന്നായിട്ടു ചെയ്യാൻ ആയില്ലെങ്കിലും നാം ശ്രമിക്കണം. തവളയുടെ ലൈഫ് സൈക്കിൾ ഒരിക്കൽ പോലും കാണാത്തവരെ നോക്കി സാറ് ഇത് പറഞ്ഞപ്പോൾ എനിക്ക് അഭിമാനം തോന്നി.
പത്താം ക്ളാസ് ജയിക്കണം എന്ന അതിയായ മോഹമുണ്ടെങ്കിലും ക്ളാസ് നോട്ട് എഴുതി ഇംഗ്ലീഷും ഹിന്ദിയും കടന്നു കൂടാനാകുമോ യെന്ന സംശയം എന്നെ ബാധിച്ചിരുന്നു. അപ്പോഴാണ് എന്റെ സീനിയറായി പഠിച്ചിരുന്ന പ്രതാപൻ എസ് സ് എൽ സി ടാബ്ലറ്റ്സ് എന്ന പ്രസീദ്ധീകര ണത്തെ ക്കുറിച്ചു പറയുന്നത്. പരീക്ഷയ്ക്കു വരാവുന്ന എല്ലാ മാതൃകാ ചോദ്യങ്ങളും ഈ ബുക്കിൽ പ്രതിപാദിച്ചിട്ടുണ്ട്. ഒരു ടാബ്ലറ്റ്സ് ഞാനും സംഘടിപ്പിച്ചു . അതു വായിച്ചു പഠിച്ചു തുടങ്ങിയതു മുതലാണ് മുസ്തഫാ റാവുത്തരും രത്തൻലാൽ സേട്ടും എന്നോടൊപ്പം കൂടുന്നത് .
ടാബ്ലറ്റസിലെ ഇംഗ്ലീഷ് സെക്ഷനിൽ പഠിക്കാൻ ഒരു ബിസിനസ് ലെറ്റർ ഉണ്ടു്. ലെറ്റർ എഴുതിയിരിക്കുന്നത് അഹമ്മദാ ബാദിലെ ഒരു രത്തൻലാൽ സേട്ടാണു് . അഡ്രസ് ചെയ്തിരിക്കുന്നത് കോഴിക്കാട്ടങ്ങാടിയിലെ മുസ്തഫാ റാവുത്തർക്ക്. " അയച്ച കത്തും ഡി-ഡി.യും ലഭിച്ചു, അടുത്ത ലോട്ടു് ഉടൻ അയയ്ക്കുന്നതാണ് , സഹകരണത്തിനു നന്ദി, ക്ഷേമാശംസകളോടെ " ഇതാണ് കത്തിലെ ഉള്ളടക്കം. ഇതു ഞാൻ കാണാതെ പഠിച്ചു. എങ്കിലും സേട്ടിന്റെ പേരു് എനിക്കെപ്പോഴും മാറി പ്പോകമായിരുന്നു, സേട്ടാണോ, ലോട്ടാണോയെന്നു എപ്പോഴും സംശയം .
അതെന്തായാലും ഇവർ രണ്ടാളും മാന്യന്മാരാണ് എന്ന തോന്നൽ ഇന്നു മെ നിക്കുണ്ട് . ഏതെങ്കിലും വിവാഹ സൽക്കാരത്തിനൊക്കെ പങ്കെടുക്കുമ്പോൾ ഇവർ കൂടെ ഉ ണ്ടെന്നൊരു തോന്നൽ. മാന്യമായി പെരുമാറാൻ അതെന്നെ പ്രേരിപ്പിക്കാറുണ്ട്.
ദാമോദരൻ സാർ ഇന്നില്ല, നേരത്തെ പരിഞ്ഞു. 1968-ലെ എസ്.എസ് എൽ സി പരീക്ഷയിൽ കണ്ട മംഗലം സ്കൂളിലെ ആകെ മൂന്നു ഫ്സ്റ്റുകളാസ്സുകൾ, ബാലചന്ദ്രൻ, സുദേവൻ പിന്നെ ഞാൻ . ബാലചന്ദ്രൻ പിരിഞ്ഞു - റോഡ്ആക്സിഡന്റ്, സുദേവനും - ഹാർട്ട് ഫെയില്വർ. മുസ്തഫാ റാവുത്തരും രത്തൻലാൽ സേട്ടുവുമായി ചേർന്ന് ഞാൻ അങ്ങനെ തുഴഞ്ഞുകൊണ്ടിരിക്കുന്നു - ഈ ജീവിതമാകുന്ന പുഴയിൽ, പരാതികളില്ലാതെ, ശാന്തമായി.
- കെ. എ സോളമൻ