ഒരു നെടുവീർപ്പ്! - കവിത - കെ എ സോളമൻ
ആർത്തിരമ്പും കടലിന്റെ
ആവേശത്തിരകൾക്കുമപ്പുറം
ഓർത്തു വെയ്ക്കാനുണ്ട്
ഒരു നെടുവീർപ്പിൻ പഴങ്കഥ
മണൽ കാറ്റിൽ മങ്ങും വെളിച്ചം
വർണ്ണ രേണുക്കൾ പോൽ കണ്ടു
കാലത്തിൻ രൗദ്രക്കണ്ണകൾ
ജിവിതം തന്ന പാഠ ഭേദങ്ങൾ
മണിമുത്തുകൾ മരതകപ്പെട്ടുകൾ
ഒന്നുപോലും കണ്ടില്ലൊരിക്കലും
മരുപ്പച്ചയായിരുന്നു ലക്ഷ്യം
കണ്ണീരുണങ്ങിയകാലമാം യാത്രയിൽ
കണ്ടില്ലൊരിക്കലും നീർത്തടം
പിന്നിൽ ഉഷ്ണക്കാറ്റിൻ സീൽക്കാരം
തണൽ, കുടിക്കാൻ ഒരു കവിൾ ജലം
ഇല്ല, തണ്ണീർ വറ്റിയ യാത്രാ വഴികളിൽ
കളി വീടില്ല, കളിപ്പാട്ടവുമില്ല
ഓർത്തുവെയ്ക്കാൻ ഒർമ്മകൾ മാത്രം
ആരോ കൂടെയുണ്ടെന്ന തോന്നൽ
പിറവി നൾകിയ പുണ്യമേ നന്ദി!
ആർത്തിരമ്പും കടലിന്റെ
ആവേശത്തിരകൾക്കുമപ്പുറം
ഓർത്തു വെയ്ക്കാനുണ്ട്
ഒരു നെടുവീർപ്പിൻ പഴങ്കഥ