Thursday, 30 June 2016

ട്രാഫിക് -കഥ - കെ.എ. സോളമൻ

ആലപ്പുഴ കളക്ട്രേറ്റിന്റെ തെക്കു കിഴക്കേ മൂലയിലെ തിരക്കേറിയ ജംഗ്ഷൻ. വൈകുന്നേരം 5 മണി റിട്ടയർ ചെയ്യാൻ ഒന്നോ രണ്ടോ മാസം ബാക്കിയുണ്ടെന്ന് തോന്നും , ഒരു പോലിസുകാരൻ. കണ്ടാലറിയാം, വളരെ പണിപ്പെട്ടാണു അദ്ദേഹം ട്രാഫിക് നിയന്ത്രിക്കുന്നത് . ഇടുങ്ങിയ റോഡിലെ ഗതാഗത നിയന്ത്രണം ശ്രമകരമായ ജോലിയായിട്ടു തോന്നി.
തെക്കുനിന്നു എത്തിയ എന്നെ പോലിസുകാരൻ തടഞ്ഞു. എന്നെ മാത്രമല്ല മറ്റു പലരെയും. ഞങ്ങൾ സിഗ്നൽ കിട്ടാൻ കാത്തു നിന്നു.


എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു ഒരു ഫ്രീക്കൻ ഞങ്ങൾക്കിടയിലൂടെ പൾസറിൽ പാഞ്ഞു പോയി. പത്തു പതിനാറു വയസ്സു തോന്നും. പോലിസുകാരൻ കണ്ടതായി ഭാവിച്ചില്ല. ഇതൊടെ സിഗ്നൽ ആയി എന്നു കരുതി ഞാൻ വണ്ടി മുന്നോട്ടെടുത്തു .
പോലിസുകാരൻ തടഞ്ഞു
" പോകാൻ പറഞ്ഞില്ലല്ലോ, പിന്നെ എങ്ങോട്ടാ സാറെ ?"
സാറെയെന്നു വിളിച്ചു അയാൾ എന്നെ അത്ഭുതപ്പെടുത്തി. ഒരു പക്ഷെ അമേരിക്കയിൽ പോലീസു ട്രെയിനിംഗ് കിട്ടിയ ആളാവണം , അതുമല്ലെങ്കിൽ തമിഴ്നാടു പോലിസിന്റെ പെരുമാറ്റം കേട്ടറിഞ്ഞിരിക്കണം
" ഒരു ബൈക്കുകാരൻ പോയതു കണ്ടില്ലേ? നിയമം എല്ലാവർക്കും ഒന്നല്ലേ ? " എന്റെ ധാർമ്മിക രോഷം അണപൊട്ടുമെന്നായി .
"ഓ അതോ , ചാകാൻ നടക്കണവനു എന്തു നിയമം ? ശരി ഇനിപ്പോകാം "
പോലിസുകാരൻ കിഴക്കുദിക്കി ലേക്കു സ്റ്റോപ് കാണിച്ചു തിരിഞ്ഞുനിന്നു.
അയാൾക്ക് ഒരു ഗുഡ് സർവീസ് സർട്ടിഫിക്കേറ്റ് എഴുതിക്കൊടുത്താലെന്ത് എന്ന ആലോചനയോടെ ഞാൻ വണ്ടിയോടിച്ചു പോന്നു.