Saturday, 30 November 2013

ആകാരവടിവിന് പര്‍വതാസനം











അടി വയറ്റിലെയും ഇരുവശങ്ങളിലേയും ദുര്‍മേദസ് കുറയ്ക്കാനും നട്ടെലിന്റെ വളവ് മാറ്റാനും സഹായിക്കുന്ന ആസനമാണ് പര്‍വതാസനം. ഈ ആസനം അഭ്യസിക്കുന്നതിലൂടെ നെഞ്ചിനും ശ്വാസകോശങ്ങള്‍ക്കും വികാസം ലഭിക്കുകയും ജനനേന്ദ്രിയ വ്യൂഹം ആരോഗ്യമുള്ളതായി തീരുകയും ചെയ്യും. ശരീരത്തിന് നല്ല വടിവ് കിട്ടുന്നതിനും ഈആസനം ഉപകരിക്കുന്നു.
ചെയ്യേണ്ട വിധം
1. പത്മാസനത്തില്‍ ഇരിക്കുക. അതു സാധിയ്ക്കാത്തപക്ഷം അര്‍ദ്ധപത്മാസനം/സുഖാസനം ഏതെങ്കിലും സ്വീകരിക്കുക.
2. കൈകള്‍ നീട്ടി തൊഴുത് പിടിക്കുക. വിരലുകള്‍ മുഴുവന്‍ നിവര്‍ന്നും ചേര്‍ന്നും ഇരിക്കണം. ഉള്ളം‌കൈകള്‍ രണ്ടും നല്ല പോലെ ചേര്‍ന്ന് പതിഞ്ഞിരിക്കണം.
3. സാവധാനം ശ്വാസം എടുക്കുന്നതിനോടൊപ്പം കൈകള്‍ മുട്ടു വളയ്ക്കാതെ നേരെ തലയ്ക്കു മുകളിലേക്കെടുത്തു കഴിയുന്നത്ര ഉയര്‍ത്തിപ്പിടിക്കുക. കൈകള്‍ ചെവിയോട് തൊട്ടിരിയ്ക്കണം. ശിരസുയര്‍ത്തി നേരെ നോക്കി ഇരിക്കുക.
4. ഈ ഇരിപ്പില്‍ ശ്വാസം വിടുക. വീണ്ടും ശ്വാസം എടുത്തിട്ട് കൈകള്‍ ഒന്നുകൂടി മുകളിലേക്ക് വലിച്ചു പിടിക്കുക. നട്ടെല്ലും അതോടൊപ്പം ഒന്നുകൂടി നിവര്‍ത്തണം. ശിരസ് ഉയര്‍ന്നിരിക്കട്ടെ. നേരെ മുമ്പിലുള്ള ഏതെങ്കിലും ഒരു വസ്തുവില്‍ ദൃഷ്ടികള്‍ ഉറപ്പിച്ചു നിര്‍ത്തുക.
5. ശ്വാസം‌മുട്ടല്‍ അനുഭവപ്പെടാത്ത സ്ഥിതിവരെ ഈ പൊസിഷന്‍ നിലനിര്‍ത്തുക. പിന്നീട് സാവധാനം ശ്വാസം വിട്ടുകൊണ്ട് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുക.
അഭ്യാസവേളയില്‍ ഇരിപ്പിന് യാതൊരു ഇളക്കവും ഉണ്ടാകാന്‍ പാടില്ല. അഞ്ച് പ്രാവശ്യം ഇങ്ങനെ ചെയ്യുക.

Monday, 25 November 2013

ഓട്ടോറിക്ഷ, ഒപ്പം ടോയ്‌ലറ്റും

Photo

സ്റ്റേറ്റുകാറില്‍ പായുന്ന മന്ത്രി ഓട്ടോറിക്ഷ ഓടിക്കുന്നതു കണ്ട്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ അന്ധാളിപ്പുണ്ടായെന്ന്‌ തിരുവനന്തപുരം വാര്‍ത്ത. വാര്‍ത്തയിലെ മന്ത്രി, മത്സ്യമന്ത്രി ബാബുവാണ്‌. മത്സ്യമന്ത്രിയായിരിക്കെ അദ്ദേഹം എക്സൈസ്‌ മന്ത്രിയുമാണ്‌. എക്സൈസ്‌ വകുപ്പിനും മന്ത്രിക്കും ജനത്തെ അന്ധാളിപ്പിക്കലാണല്ലോ മുഖ്യവിനോദം.
അത്ഭുതം സംഭവിച്ചത്‌ മത്സ്യവിപണനതൊഴിലാളികള്‍ക്ക്‌ തീരദേശ വികസന കോര്‍പ്പറേഷന്‍ ഓ‍ട്ടോറിക്ഷാ വിതരണം ചെയ്തപ്പോഴാണ്‌. കേരളത്തിലെ തെരുവായ തെരുവെല്ലാം, മത്സ്യ വിപണന തൊഴിലാളികള്‍ എന്ന മീന്‍കച്ചവടക്കാര്‍ മീന്‍ചന്തയാക്കി നാറ്റിച്ചുകൊണ്ടിരിക്കുകയാണ്‌. നാറ്റിക്കാന്‍ ഇനിയും സ്ഥലം അവശേഷിക്കുന്നുണ്ടെങ്കില്‍ ഓട്ടോറിക്ഷയില്‍ പോയി നാറ്റിക്കട്ടെയെന്നതാണ്‌ തീരദേശ വികസന കോര്‍പ്പറേഷന്റെയും മത്സ്യമന്ത്രിയുടെയും തീരുമാനം. പണ്ട്‌ തിരുവിതാംകൂര്‍ രാജാവിന്റെ ഭരണകാലത്ത്‌ കേന്ദ്രീകൃതമായി ഡ്രയിനേജോടുകൂടി നടത്തിയിരുന്ന മത്സ്യമാര്‍ക്കറ്റുകളെല്ലാം പൊളിച്ചടുക്കി റോഡരികില്‍ സ്ഥാപിച്ചിരിക്കുകയാണ്‌ മത്സ്യവിപണന തൊഴിലാളികള്‍. കോളറാ പടര്‍ന്നുപിടിച്ച്‌ കൂട്ടമരണം സംഭവിക്കാന്‍ ഇതാണ്‌ എളുപ്പമാര്‍ഗം!
65-ാ‍ം ജന്മദിനം കുമരകത്ത്‌ ആഘോഷിക്കാന്‍ എത്തിയ രാജകുമാരനും രണ്ടാംഭാര്യ കാമില്ലാക്കും വഴിയൊരുക്കിയതിന്റെ പേരില്‍ കുച്ചൊന്നുമല്ല പോലീസിന്റെ തെറി ജനം കേട്ടത്‌. രാജാവിന്റെയും പത്നിയുടെയും ചേര്‍ത്തല-കുമരകം യാത്രയില്‍ റോഡരികില്‍ കണ്ട മത്സ്യസ്റ്റാളുകളുടെ എണ്ണം എടുത്തുരസിക്കുകയായിരുന്നു കാമില്ലായെന്ന്‌ ബ്രിട്ടണിലെ ‘ലണ്ടന്‍ ടൈംസ്‌’ റിപ്പോര്‍ട്ടുചെയ്യുന്നു. രണ്ടാംപത്നിയുടെ എണ്ണമെടുപ്പ്‌ ഒന്നാം പത്നി ഡയാന സ്വര്‍ഗത്തിലിരുന്ന്‌ കാണുന്നുണ്ടായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം സ്റ്റാളുകള്‍ 240 എന്ന്‌ കാമില്ലായും 239 എന്ന്‌ രാജാവിന്റെ മന്ത്രിയും. രണ്ട്‌ ദിവസം കുമരകം ‘ലേക്ക്‌ റിസോര്‍ട്ടില്‍’ താമസിച്ചു കൂട്ടി നോക്കിയിട്ടും പത്നിയുടെയും മന്ത്രിയുടെയും കണക്ക്‌ പൊരുത്തപ്പെടാത്തതില്‍ രാജകുമാരന്‍ അത്ഭുതപ്പെടുകയും ചെയ്തു. കൊളോണിയല്‍ ഉച്ചിഷ്ടം തിന്നു മതിയാകാത്തവരുടെ ദണ്ഡനമസ്കാരമാണ്‌ 2100 പോലീസിനെ മുന്നിലും പുറകിലും നിര്‍ത്തിയുള്ള രാജാവിന്റെ കുമരകം ഘോഷയാത്ര. ഈ മുടക്കിയ കാശൊന്നും രാജാവ്‌ തൊഴിലുചെയ്ത്‌ ഉണ്ടാക്കിയതെന്ന്‌ ആരും പറയില്ല. ജനിക്കുന്നെങ്കില്‍ രാജകുമാരനായി ജനിക്കണം. വഴിയരുകില്‍ നോക്കിനിന്ന്‌ തെറികേള്‍ക്കുന്നവനായി ജനിക്കരുത്‌.
മന്ത്രിയുടെ ഓട്ടോറിക്ഷാ പ്രകടനത്തില്‍ ജനത്തിനുണ്ടായ അന്ധാളിപ്പ്‌ ആദ്യത്തേതല്ല. സമാന അന്ധാളിപ്പുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌. മന്തിന്റെ ഗുളിക വിഴുങ്ങാന്‍ മടിച്ച ജനത്തെ ഗുളിക വിഴുങ്ങിക്കാണിച്ചുകൊണ്ട്‌ മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അന്ധാളിപ്പിച്ചിട്ടുണ്ട്‌. ചെണ്ടകൊട്ട്‌ വശമില്ലാത്ത മുന്‍ ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌ ചെണ്ടക്കാരിയുടെ തോളത്ത്‌ തൂക്കിയ ചെണ്ടയില്‍ കൊട്ടി ചെണ്ടമേളം ഉദ്ഘാടനം ചെയ്തപ്പോള്‍ അന്ധാളിച്ച ജനത്തിന്റെ കാര്യം മറക്കാറായിട്ടില്ല. തെങ്ങുകയറ്റമറിയില്ലെങ്കിലും ആലപ്പുഴ-ചേര്‍ത്തല മുനിസിപ്പാലിറ്റികളിലെ വനിതാ ചെയര്‍പേഴ്സണ്‍മാര്‍ തെങ്ങില്‍ കയറി തെങ്ങുകയറ്റ പരിശീലനം ഉദ്ഘാടനം ചെയ്യുന്നത്‌ കണ്ട്‌ ജനം ഞെട്ടിയിട്ടുണ്ട്‌. പക്ഷെ എന്തുകൊണ്ടോ ഇ-ടോയ്‌ലറ്റിന്റെ ഉദ്ഘാടനത്തിന്‌ ഈവിധ ആവേശമൊന്നും കാണുന്നില്ല.
ഇ-ടോയ്‌ലറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ്‌ ചേര്‍ത്തലയില്‍ കഴിഞ്ഞിടെ ഉദ്ഘാടനം ചെയ്ത മൂന്നെണ്ണത്തിന്റെ കാര്യം ഓര്‍മ്മയില്‍ വന്നത്‌. പച്ചലൈറ്റും തെളിച്ചു വഴിയരുകില്‍ കാത്തുകിടക്കുന്നതല്ലാതെ മനുഷ്യരാരും കേറി രണ്ട്‌ രൂപ നിക്ഷേപിക്കുന്നില്ല. തെരുവുനായ്ക്കളില്‍ ചിലര്‍ ഇ-ടോയ്‌ലറ്റിന്റെ മൂലയില്‍ വല്ലപ്പോഴും പിന്‍കാലു പൊക്കി നില്‍ക്കാറുണ്ടെങ്കിലും പച്ചലൈറ്റു കെട്ട്‌ ചുവപ്പുലൈറ്റ്‌ തെളിയാറില്ല. രണ്ട്‌ രൂപ മുടക്കാന്‍ ഇല്ലാഞ്ഞിട്ടല്ല, കാര്യം നടത്തുന്നതിലെ ഫോര്‍മാലിറ്റീസ്‌ ഓര്‍ക്കുമ്പോഴാണ്‌ ജനത്തിന്‌ പേടി. അല്‍പം വൈകിപ്പോയാല്‍ കളക്ടര്‍, എക്സിക്യൂട്ടീവ്‌ മജിസ്ട്രേറ്റ്‌, മുനിസിപ്പല്‍ സെക്രട്ടറി, വകുപ്പുമന്ത്രി എന്നിവര്‍ക്കാണ്‌ സന്ദേശം പോകുന്നത്‌. സന്ദേശം എത്തുന്നത്‌ ഇവര്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണെങ്കില്‍ എന്താ ചെയ്യുക. നാണോം മാനോമുള്ളവര്‍ ഇ-ടോയ്‌ലറ്റിലെ സാഹസത്തിന്‌ എന്നെങ്കിലും മുതിരുമോ?
ഓട്ടോറിക്ഷ കിട്ടുന്ന മത്സ്യവിപണനതൊഴിലാളിക്ക്‌ ടോയ്‌ലറ്റ്‌ സൗകര്യവും നല്‍കുമെന്നാണ്‌ മന്ത്രിയുടെ ഭീഷണി. അത്‌ ഇ-ടോയ്‌ലറ്റ്‌ ആകാതിരുന്നാല്‍ ഭാഗ്യം. ഇ-ടോയ്‌ലറ്റില്‍നിന്നുള്ള വരുമാനം എത്ര ലക്ഷമെന്ന്‌ ബന്ധപ്പെട്ടവര്‍ ഒന്ന്‌ പരസ്യപ്പെടുത്തുമോ?

കെ.എ. സോളമന്‍
Janmabhumi Daily on 25-11-2013

Saturday, 9 November 2013

ഒരു നാഴി, മറുനാഴി

Photo

ഒരു നാഴിക്കകത്ത്‌ മറ്റൊരു നാഴി കേറില്ലെന്നത്‌ പ്രമാണം. ഇതേറെ ശരിയാകുന്നത്‌ കോണ്‍ഗ്രസ്‌ വക്താക്കളുടെ കാര്യം വരുമ്പോഴാണ്‌. കേരളത്തിലെ കോണ്‍ഗ്രസ്‌ വക്താക്കളാണ്‌ രാജ്മോഹന്‍ ഉണ്ണിത്താനും പന്തളം സുധാകരനും. ചാനലുകളില്‍ കേറിയിരുന്നു പി.സി.ജോര്‍ജിനൊപ്പം പുലഭ്യം പറയുക എന്നതാണ്‌ ഇവരുടെ നിലവിലെ ചുമതല.

സിനിമ അഭിനയിച്ചും ചാനലില്‍ കേറി ആക്രോശിച്ചും ജോസ്‌ പ്രകാശ്‌, കെ.പി.ഉമ്മര്‍, ബാലന്‍ കെ.നായര്‍, നരേന്ദ്രപ്രസാദ്‌ എന്നീ പരേതരുടെ അവസ്ഥയിലാണ്‌ ഉണ്ണിത്താന്‍. ചുമ്മാ തട്ടിവിട്ട ഡയലോഗുകള്‍ കേട്ടാണ്‌ ഇവരോട്‌ ജനങ്ങള്‍ക്ക്‌ വിരോധമുണ്ടായത്‌. ഉള്ളുകൊണ്ട്‌ എല്ലാവരും നല്ല മനുഷ്യര്‍ .
മുഖ്യമന്ത്രിക്ക്‌ എതിരെ സിപിഎം സമരം തുടര്‍ന്നാല്‍ കേരളത്തില്‍ കൂത്തുപറമ്പ്‌ ആവര്‍ത്തിക്കും എന്നാണ്‌ കഴിഞ്ഞൊരു ദിവസം ഉണ്ണിത്താന്‍ പറഞ്ഞത്‌.
കൂത്തുപറമ്പ്‌ ഹീറോ എം.വി.രാഘവന്റെ ഇപ്പോഴത്തെ അവസ്ഥയാണോ ഉണ്ണിത്താന്‍ ഉദ്ദേശിച്ചതു എന്ന്‌ വ്യക്തമാക്കും മുമ്പ്‌ സകല സഖാക്കളും സ്വന്തം പാര്‍ട്ടിക്കാരും ഉണ്ണിത്താന്‌ എതിരെ തിരിഞ്ഞു. ഉണ്ണിത്താന്റെ കഴിഞ്ഞിടെയുണ്ടായ ഒരു അനുഭവം വച്ചുനോക്കിയാല്‍ മൂന്നാല്‌ ഡിവൈഎഫ്‌ഐക്കാരെ വെടിവെച്ചുകൊല്ലാനുള്ള ദ്വേഷ്യവും ചുമന്നാണ്‌ അദ്ദേഹം നടക്കുക. തന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതമാവും എന്ന വിചാരമുള്ളതുകൊണ്ടാണ്‌ തോക്കു പുറത്തെടുക്കാത്തത്‌. പകരം ഏര്‍പ്പാടെന്ന നിലയിലാണ്‌ ചാനലുകളിലെ അടച്ചിട്ട സ്റ്റുഡിയോയില്‍ കേറിയിരുന്നു കിടിലന്‍ ഡയലോഗ്‌ നടത്തുന്നത്‌. ഇതാരെങ്കിലും മുഖവിലയ്ക്കെടുക്കുന്നുണ്ടോയെന്നാണെങ്കില്‍ ഉണ്ട്‌. രാജ്മോഹന്‍ ഉണ്ണിത്താന്റെ നിലപാടു തെറ്റാണെന്നാണ്‌ മറ്റൊരു കോണ്‍ഗ്രസ്‌ വക്താവായ പന്തളം സുധാകരന്‍ പറയുന്നത്‌. ഒരു നാഴിക്കകത്ത്‌ മറ്റൊരു നാഴി കേറില്ലായെന്നതിന്‌ ഇതില്‍ കൂടുതല്‍ തെളിവെന്ത്‌ വേണം.

പാര്‍ട്ടി വക്താക്കളുടെ പ്രസ്താവന പതിവായി രണ്ടുതരത്തിലാണുള്ളത്‌. വിവാദമായാല്‍ വ്യക്തിപരം, വിവാദമാവില്ലെങ്കില്‍ പാര്‍ട്ടിപരം. ഇത്തരം വ്യക്തിപരവും പാര്‍ട്ടിപരവുമായ പ്രസ്താവനകള്‍ ഇടതടവില്ലാതെ തട്ടിവിടുന്ന മറ്റൊരാളാണ്‌ കേരളാ കോണ്‍ഗ്രസ്‌ -മാണിയിലെ പി.സി.ജോര്‍ജ്‌. ജോര്‍ജ്‌ പറയുന്നതില്‍ ഏതാണ്‌ വ്യക്തിപരം, ഏതാണ്‌ പാര്‍ട്ടിപരം എന്നറിയാന്‍ മാണിയുടെ മുഖത്ത്‌ നോക്കണം. മാണിയുടെ രണ്ടിഞ്ചു മേല്‍മീശ കീഴോട്ട്‌ വളഞ്ഞിരുന്നാല്‍ ജോര്‍ജ്‌ പറയുന്നത്‌ വ്യക്തിപരം, മേലോട്ടെങ്കില്‍ പാര്‍ട്ടിപരം. ജോര്‍ജ്ജിന്റെതായി പ്രസ്താവന ഇടതടവില്ലാതെ ഇറങ്ങുന്നതിനാല്‍ മാണിയുടെ മേല്‍മീശ വളരെ വേഗത്തിലാണ്‌ മേലോട്ടും കീഴോട്ടും വളയുന്നത്‌. ഇത്തരം ചലനങ്ങളെ ഭൗതികശാസ്ത്രത്തില്‍ സിമ്പിള്‍ ഹാര്‍മോണിക്‌ മോഷന്‍ എന്നാണ്‌ വിളിക്കുക.
വാര്‍ത്താചാനലുകളല്‍ കേറിയിരുന്ന്‌ സമനില വിട്ടമട്ടില്‍ വക്താക്കള്‍ വാക്കുകള്‍ വക്രീകരിക്കുന്നതുകൊണ്ടാണ്‌ സ്വകാര്യ ടെലിവിഷന്‍ ചാനലുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഒരു തൃക്കൊടിത്താനത്തുകാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്‌. തൃക്കൊടിത്താനത്തെ നമിക്കാന്‍ രാമന്‍നായര്‍ക്കും തോന്നുന്നു. കാരണം വളരെ നിരുത്തരവാദപരവും വാസ്തവവിരുദ്ധവുമാണ്‌ ഒട്ടുമിക്ക ചാനലുകളും സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസില്‍ തമ്മിലടിക്കാന്‍ വിഷയം കുറയുമ്പോള്‍, പൊടുന്നനേ ചിലത്‌ വീണു കിട്ടും. അക്കൂട്ടത്തില്‍ ഒന്നാണ്‌ കണ്ണൂര്‍ സംഭവം. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത്‌ ഐ കോണ്‍ഗ്രസാണ്‌, സഖാക്കളാണ്‌, ഗുണ്ടകളാണ്‌, തിരുവഞ്ചൂരിന്റെ പോലീസാണ്‌ എന്നിങ്ങനെ പോകുന്നു തര്‍ക്കം എങ്കിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ നേതാക്കളുടെ അത്രയും മാനസിക പാപ്പരത്തം കണ്ണൂര്‍ കോണ്‍ഗ്രസിനില്ല. മധ്യപ്രദേശിലെ സകലമാന താമരക്കുളങ്ങളും ഇലക്ഷന്‍ കഴിയുന്നതുവരെ മൂടിയിടണമെന്നതാണ്‌ അവിടത്തെകോണ്‍ഗ്രസിന്റെ ഡിമാന്റ്‌. കൈപ്പത്തി എന്തുചെയ്യണമെന്ന്‌ അവര്‍ പറഞ്ഞിട്ടില്ല.

കെ.എ.സോളമന്‍ ,
 Janmabhumi Daily 10-11-13

Sunday, 3 November 2013

നരവംശശാസ്ത്രം കേരള മോഡല്‍!

Photo: Do you love Autumn?

മനുഷ്യനെക്കുറിച്ചുള്ള ഏത്‌ പഠനത്തെയും നരവംശശാസ്ത്രമെന്ന്‌ പറയാം. ജീവശാസ്ത്രപരമായും സാമൂഹിക-സാംസ്കാരികമായും ഭാഷാശാസ്ത്രപരമായും പ്രാചീന ചരിത്രപരമായുമൊക്കെ മനുഷ്യനെക്കുറിച്ച്‌ പഠനം നടത്തുന്നത്‌ ഈ ശാസ്ത്രത്തിലാണ്‌. മഹാനായ ചിന്തകന്‍ അരിസ്റ്റോട്ടിലായിരുന്നു ഇതിന്റെ ആദ്യകാല ഉപാസകന്‍. പുരുഷനെക്കാള്‍ പല്ല്‌ കൂടുതല്‍ സ്ത്രീക്കെന്ന്‌ പറഞ്ഞത്‌ ഈ മഹാനാണ്‌. നിലവില്‍ ഈ വിഷയത്തില്‍ ജീവിച്ചിരിക്കുന്ന രണ്ട്‌ വിശാരദന്മാരാണ്‌ അമേരിക്കയിലെ മോണ്ട്ക്ലയര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ റിച്ചാര്‍ഡ്‌ ഫ്രാങ്കിയറും മാരാരിക്കുളത്തെ കാട്ടൂര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. തോമസ്‌ ഐസക്കും. ജനകീയാസൂത്രണത്തിന്റെ ഉപജ്ഞാതാവാണ്‌ ഒന്നാമനെങ്കില്‍ അതിന്റെ മാരാരിക്കുളം മോഡല്‍ സ്ഥാപകനാണ്‌ രണ്ടാമന്‍.

1990-കളോടെ നരവംശശാസ്ത്രം അതിവിപുലമായ ഒരു വിജ്ഞാനമേഖലയായി വികസിച്ചു. ബോധപഠന വിദ്യാഭ്യാസം, പരിസ്ഥിതിപഠനം, ഫെമിനിസം, സിനിമ, ഫോട്ടോഗ്രാഫി, മ്യൂസിയം, പോഷകാഹാരം, കൃഷി, രാഷ്ട്രീയം, രാഷ്ട്രീയകൃഷി, നിയമം, മനഃശാസ്ത്രം, നാഗരികപ്രശ്നങ്ങള്‍, പോളവാരല്‍, തൊഴിലുറപ്പ്‌, പന്തിഭോജനം എന്നിങ്ങനെ അസംഖ്യം വിഷയങ്ങള്‍ നരവംശശാസ്ത്രത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്ന്‌ അമേരിക്കന്‍ ആന്ത്രോപ്പോളജി അസോസിയേഷനും അതിന്റെ മാരാരിക്കുളം ഫ്രാഞ്ചൈസിയും കൂടി സംയുക്തമായി തീരുമാനിച്ചിട്ടുണ്ട്‌. അമേരിക്കന്‍ അസോസിയേഷന്റെ തലതൊട്ടപ്പനാണ്‌ റിച്ചാര്‍ഡ്‌ ഫ്രാങ്കിയെങ്കില്‍ അതിന്റെ മാരാരിക്കുളം അപ്പോസ്തലനാണ്‌ ഡോ. ഐസക്‌.

എത്യോപിയ, സോമാലിയ, ഉഗാണ്ട, ഗ്വാട്ടിമാല തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ദരിദ്രര്‍ ഉണ്ടെങ്കിലും കേരളത്തിലെ പട്ടിണിപ്പാവങ്ങളെ രക്ഷിക്കണമെന്നതായിരുന്നു അഭിനവ നരവംശശാസ്ത്രജ്ഞരുടെ ആഗ്രഹം. അതുകൊണ്ടാണ്‌ കേരളം തന്നെ തെരഞ്ഞെടുത്ത്‌ ഒന്നുരണ്ട്‌ പുസ്തകങ്ങള്‍ എഴുതി പാവങ്ങളെ രക്ഷിക്കണമെന്ന്‌ ഫ്രാങ്കി തീരുമാനിച്ചത്‌. 
പുസ്തകമെഴുതാന്‍ ഫ്രാങ്കിക്കൊരു കൂട്ടുവേണം, അത്‌ ഡിസൈനര്‍ താടിയും കടുംനിറമുള്ള കുര്‍ത്തയും ധരിച്ച്‌ നടക്കുന്ന ഒരാളാവുമ്പോള്‍ ശേലാവും എന്ന്‌ കരുതി. അങ്ങനെയാണ്‌ ചാനലില്‍ കേറിയിരുന്ന്‌ താടീമീശ മാന്തിപ്പറിക്കുകയും തലയിലെ അവശേഷിക്കുന്ന മുടി പിഴുതെറിയുകയും ചെയ്തുകൊണ്ടിരിക്കുന്ന ഐസക്ജിയെ കൂട്ടിയത്‌. ഐസക്ജിയാകട്ടെ, കേരളത്തില്‍ മന്ത്രിയായിരുന്ന്‌ ഒട്ടേറെപ്പേരുടെ പട്ടിണിമാറ്റിയ പദ്ധതികള്‍ ആവിഷ്കരിച്ചു വിജയിപ്പിച്ച ചരിത്രവുമുണ്ട്‌.

ഐസക്ജിയുടെ അതിനൂതന പദ്ധതിയായിരുന്നു വ്യാപാരികളില്‍നിന്ന്‌ വില്‍പനനികുതി ഈടാക്കാനായി ഏര്‍പ്പെടുത്തിയ സ്ക്രാച്ച്‌ ആന്റ്‌ വിന്‍ കാര്‍ഡ്‌. അതേക്കുറിച്ച്‌ ഇന്ന്‌ ഏതെങ്കിലും വ്യാപാരിയോട്‌ ചോദിച്ചാല്‍ പൂരപ്പാട്ടു കേട്ട്‌ ഓടേണ്ടിവരും. അഴിമതിരഹിത ചെക്ക്പോസ്റ്റായിരുന്നു മറ്റൊന്ന്‌. ചെക്ക്പോസ്റ്റില്‍ അഴിമതിക്കാരെ മാത്രമേ നിയമിക്കാവൂ എന്ന അവസ്ഥയിലാണ്‌ ഇപ്പോള്‍ ഈ പദ്ധതി. അഴിമതിക്കാര്‍ക്ക്‌ തന്മൂലമുണ്ടായ സന്തോഷം പറഞ്ഞറിയിക്കുകവയ്യ. ഡാമിലെ മണല്‍വാരി വില്‍ക്കലായിരുന്നു മറ്റൊരു പദ്ധതി. മണല്‍ വാരാന്‍ കൂലിക്കെടുത്ത ലോറികള്‍ക്കുള്ള വാടക ഒടുക്കം ഖജനാവില്‍നിന്ന്‌ കൊടുത്തുതീര്‍ത്തു. പിഡബ്ല്യൂഡി എഞ്ചിനീയര്‍മാരെക്കൊണ്ട്‌ റോഡിലെ കുഴിയെണ്ണിച്ച്‌ വെബ്സൈറ്റില്‍ ഇടുന്നതായിരുന്നു വേറൊന്ന്‌. അന്ന്‌ വിറളിപിടിച്ച എഞ്ചിനീയര്‍മാര്‍ ഐസക്ജിയുടെ ഫോട്ടോക്ക്‌ മുന്നില്‍ അഗര്‍ബത്തി കത്തിച്ച്‌ ആരാധിക്കുകയാണ്‌ ഇപ്പോള്‍. വനിതകളെക്കൊണ്ട്‌ ചെണ്ടകൊട്ടിച്ചതാണ്‌ ഇനിയുമൊരെണ്ണം. ചെണ്ടകൊട്ടിയ വനിതകളൊക്കെ നടന്നുപോകുമ്പോള്‍ ജനം ഒന്ന്‌ ഇരുത്തിമൂളുമെന്നുമാത്രം. ബിടി വഴുതനക്കെതിരെ നാടന്‍ വഴുതനയെന്ന്‌ പറഞ്ഞ്‌ മാരാരിക്കുളംകാരെക്കൊണ്ട്‌ കുറ്റിച്ചെടി കൃഷി ചെയ്യിച്ചതും വലിയ സംഭാവനയാണ്‌. 
ഇപ്പോള്‍ അദ്ദേഹം പറയുന്നു റിച്ചാര്‍ഡ്‌ ഫ്രാങ്കിയെ എതിര്‍ത്തവര്‍ വിവരദോഷികളാണെന്നും അതുകൊണ്ട്‌ പുതിയ പുസ്തകം എഴുതാന്‍ പോകുന്നുവെന്നും.

കെ.എ. സോളമന്‍