Tuesday, 27 March 2012

പ്രൊഫസര്‍ മാണി, ഡോക്ടര്‍ തോമസ്‌





സര്‍വകലാശാലകള്‍പോലുള്ള സ്ഥാപനങ്ങളില്‍ കയറിയിരുന്ന്‌ സമ്പൂര്‍ണ ശബ്ദമലിനീകരണം നടത്തുന്ന ഒരു കൂട്ടരുണ്ട്‌. ഇവരെ പ്രൊഫസര്‍ ഡോക്ടര്‍മാര്‍ എന്ന്‌ വിളിക്കും. പ്രൊഫ. (ഡോ.) കേശവന്‍ നമ്പൂതിരി, പ്രൊഫ. (ഡോ.) സാമുവല്‍ ജോണ്‍സന്‍ തുടങ്ങിയ ആളുകളെ ആര്‍ക്കും തിരുത്താനാവില്ല, സര്‍വജ്ഞപീഠം കേറിയവരാണിവര്‍. അക്കൂട്ടത്തില്‍പ്പെടുത്താവുന്ന രണ്ടുപേരാണ്‌ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രൊഫ. മാണിയും ഡോ. തോമസും.


അധ്യാപകനെന്ന്‌ പറഞ്ഞ്‌ ഇന്ന്‌ കോളേജിന്റെ തിണ്ണമേല്‍ കേറുന്നവരെല്ലാം പ്രൊഫസറാണ്‌. പണ്ട്‌ അങ്ങനെയല്ലായിരുന്നു. പത്ത്‌ വര്‍ഷം കഴിഞ്ഞാലെ പ്രൊഫസര്‍ ഗ്രേഡ്‌ രണ്ട്‌ ആകുമായിരുന്നുള്ളൂ. പത്ത്‌-മുപ്പതുകൊല്ലം ജോലി ചെയ്തിട്ടും പ്രൊഫസറാകാതെ പിരിഞ്ഞ ഹതഭാഗ്യരുമുണ്ട്‌.

കോളേജ്‌ പ്രൊഫസറല്ലെങ്കിലും സര്‍വീസ്‌ വച്ചുനോക്കിയാല്‍ സംസ്ഥാന ധനമന്ത്രി കെ.എം.മാണി ഒരു മഹാ പ്രൊഫസര്‍ തന്നെയാണ്‌. പത്ത്‌ ബജറ്റുകളാണ്‌ അദ്ദേഹം ഇക്കാലയളവില്‍ അവതരിപ്പിച്ച്‌ സംസ്ഥാനത്തെ ഒരു കരക്കെത്തിച്ചത്‌. ഡോ. തോമസാകട്ടെ മുന്‍ ധനമന്ത്രിയാണ്‌, രണ്ടാം അമര്‍ത്യാസെന്‍ എന്നും അറിയപ്പെടും. ജന്മനാ ഡോക്ടറുമാണ്‌. ഇവര്‍ രണ്ടാളുംകൂടി സംസ്ഥാന ധനസ്ഥിതി കുളംതോണ്ടുകയും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ പാതാളത്തിലോട്ട്‌ തള്ളുകയും ചെയ്തു. എന്നിട്ട്‌ രണ്ടുംകൂടി ചാനലില്‍ കേറിയിരുന്ന്‌ കസര്‍ത്താണ്‌.

ദിവസം അരഡസന്‍ തവണ വെള്ള ജുബ്ബയും മുണ്ടും മാറ്റുകയും ഒരുഡസന്‍ പ്രാവശ്യം നെറ്റിയില്‍ കുരിശ്‌ വരയ്ക്കുകയും ചെയ്യുന്ന മാണി താനുള്‍പ്പെടെയുള്ള തൊഴിലന്വേഷകരോട്‌ എന്തിനീ ക്രൂരത ചെയ്തുവെന്നാണ്‌ വിഷ്ണു പോറ്റി ചോദിക്കുന്നത്‌. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്‌ പരീക്ഷ പാസായി സര്‍ട്ടിഫിക്കറ്റ്‌ വെരിഫിക്കേഷനും കഴിഞ്ഞിരുപ്പാണ്‌ പോറ്റി. ഇനി നിയമനം സൂപ്പര്‍ ന്യൂമററി മാത്രം. ഇതിന്‌ പകരം മലര്‍പ്പൊടി കച്ചവടമെന്ന്‌ പറയുന്നതാകും ഭേദം.

പ്രൊഫസര്‍ മാണിക്ക്‌ ഉടന്‍തന്നെ രണ്ടായിരം കോടിയുടെ വികസന കാഴ്ചപ്പാട്‌ നടപ്പിലാക്കാനുണ്ട്‌. പക്ഷേ ഇസ്ലാമിക ബാങ്ക്‌, മണ്ണ്‌ കച്ചവടം പോലുള്ള ഡോ. തോമസിന്റെ വഴികളില്‍ വിശ്വാസം പോരാ. ഒറ്റയടിക്ക്‌ റോഡ്‌ ടാക്സ്‌ ഒരു കൊല്ലത്തേത്‌ എന്നത്‌ 15 വര്‍ഷത്തേക്ക്‌ പിരിച്ച്‌ വിത്തെടുത്ത്‌ കുത്തിയ ചരിത്രമുണ്ട്‌. മാണിക്ക്‌ അതുപോലൊന്ന്‌ ധനതത്വ ചിന്തയില്‍ ഉരുത്തിരിയാത്തതുകൊണ്ട്‌ പെന്‍ഷന്‍ പ്രായം 56 ആക്കി. ആനുകൂല്യമായി നല്‍കേണ്ട 2000 കോടി ഉടനെ വേണ്ട. ആറുമാസം കഴിഞ്ഞ്‌ കൊടുക്കേണ്ടി വരികയാണെങ്കില്‍ അപ്പോള്‍ 57 ആക്കും. അതിനുള്ളില്‍  ഭരണം നഷ്ടപ്പെട്ടാല്‍ ഡോ. തോമസ്‌ വന്ന്‌ വേണ്ടത്‌ ചെയ്തുകൊള്ളും. പ്രൊഫ. മാണിയുടെ പെന്‍ഷന്‍ പ്രായവര്‍ധനവും ഡോ. തോമസിന്റെ പെന്‍ഷന്‍ ഏകീകരണവും എന്തുകൊണ്ടെന്ന്‌ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇരുവരുടെയും ജുബ്ബായുടെ കീശ തപ്പിയാല്‍ മതിയെന്നാണ്‌ രാമന്‍ നായരുടെ അഭിപ്രായം.

ഉമ്മന്‍ചാണ്ടിയെ വിശ്വസിച്ച യുവാക്കളാണ്‌ ആപ്പിലായത്‌. യുവാക്കളുമായി ആലോചിച്ചേ ഏത്‌ നടപടിയും സ്വീകരിക്കൂവെന്നാണ്‌ ഒരാഴ്ച മുമ്പുവരെ ചാണ്ടി പറഞ്ഞത്‌. ജോസ്‌ കെ.മാണി, ചാണ്ടി ഉമ്മന്‍ , അനൂപ്‌ ജേക്കബ്‌ ഇവരാണ്‌ ചാണ്ടിയുടെയും മാണിയുടെയും യുവാക്കള്‍ , അവരുടെ ഭാവി ഭദ്രമായി. അവരുമായി ആലോചിച്ചാണ്‌ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്‌. യുവാക്കള്‍ക്ക്‌ പക്ഷേ കിട്ടാന്‍ സാധ്യതയുള്ള ജോലിയേ നഷ്ടമാകുന്നുള്ളൂ, സാധാരണക്കാരന്റെ കീശയാണ്‌ കാലിയാകുന്നത്‌, അതിനുള്ള ഭേദഗതി വാറ്റ്‌ കോമ്പൗണ്ടിംഗിലൂടെ മാണി വിദഗ്ധമായി നിര്‍വഹിച്ചിട്ടുണ്ട്‌.

                                           *****************

കൊട്ടാരം പണിയാന്‍ മാണി നല്‍കിയ 20ലക്ഷം സന്തോഷത്തോടെ സ്വീകരിക്കുമെങ്കിലും കോഴിമല രാജാവ്‌ കൊട്ടാരം പണിയുന്നില്ല. പകരം കെല്‍ട്രോണില്‍നിന്ന്‌ എട്ടര ലക്ഷം വച്ച്‌ രണ്ട്‌ ഇ-ടോയ്‌ലറ്റ്‌ വാങ്ങി ഉപയോഗിക്കും. ബാക്കി മൂന്ന്‌ ലക്ഷം വട്ടച്ചെലവിന്‌  മാറ്റിവെയ്ക്കുകയും ചെയ്യും.

കെ.എ.സോളമന്‍

Thursday, 22 March 2012

ഇനി നമുക്ക്‌ ഇ-ടോയ്‌ലറ്റ്‌!

ഹരിതവിപ്ലവം ധവളവിപ്ലവം, വഴുതനവിപ്ലവം തുടങ്ങിയവയ്ക്കുശേഷം കേരളരാജ്യം സാക്ഷ്യം വഹിക്കുന്ന പുതിയ വിപ്ലവമാണ്‌ ടോയ്‌ലറ്റ്‌ വിപ്ലവം. വെറും ടോയ്‌ലറ്റല്ല, ഇ-ടോയ്‌ലറ്റ്‌, കുറഞ്ഞവില ഒന്നിനു മൂന്നരലക്ഷം രൂപ, കൂടിയതിന്‌ എട്ടരലക്ഷം. ഇ-ടോയ്‌ലറ്റിന്റെ വ്യാപനത്തില്‍ പഞ്ചായത്തു-മുനിസിപ്പല്‍-നഗരസഭാ-അധ്യക്ഷന്മാര്‍ ആവേശത്തിലാണ്‌. ലക്ഷങ്ങള്‍ മറിയുന്ന ഏര്‍പ്പാടാണല്ലോ? രാമന്‍ നായരും സന്തുഷ്ടനാണ്‌. പുതിയ ടെക്നോളജി വരുമ്പോള്‍ നാം പുറംതിരിഞ്ഞു നിന്നുകൂടാ, പഴഞ്ചനെന്നു മുദ്രകുത്തും. ട്രാക്ടര്‍ വന്നപ്പോള്‍ എതിര്‍ത്തില്ലേ, മെതി യന്ത്രം, കമ്പ്യൂട്ടര്‍ ഇവയൊക്കെ വന്നപ്പോഴും എതിര്‍ത്തില്ലേ, പക്ഷെ എന്തുണ്ടായി? മൊബെയിലില്‍ കെട്ടിമറിയാതെ ഇന്ന്‌ ജനത്തിന്‌ ഉറങ്ങാന്‍ പറ്റാതായി. ടെക്നോഫോബിയ ഒരിക്കലും പാടില്ല, രാമന്‍നായര്‍ തലകുലുക്കി സമ്മതിച്ചു. നാം എതിര്‍ത്താലും വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല.

പണ്ടു രാജഭരണകാലത്ത്‌ സൗജന്യമായി ഉപയോഗിക്കാവുന്ന ശൗചാലയങ്ങള്‍ ഉണ്ടായിരുന്നു, അവ വൃത്തിയായി സൂക്ഷിച്ചുപോന്നിരുന്നു. ഇന്ന്‌ കംഫര്‍ട്ടുസ്റ്റേഷനുകളാണ്‌, അതും ബസ്സ്റ്റേഷനിലും റെയില്‍വേ സ്റ്റേഷനിലും മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഇവ സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യമില്ല. എന്തിനധികം പറയുന്നു, മത്സ്യമാര്‍ക്കറ്റുകള്‍ തന്നെ അപ്രത്യക്ഷമായി, പകരം മീന്‍ കച്ചവടം ഹൈവേയിലല്ലേ?

ഇ-ടോയ്‌ലറ്റ്‌ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇ-ടോയ്‌ലറ്റിന്റെ വിശേഷങ്ങള്‍ നിരത്തുകയാണ്‌. എന്തൊക്കെയാണ്‌ വിശേഷങ്ങള്‍?
ഇ-ടോയ്‌ലറ്റ്‌ സ്ഥാപിക്കാന്‍ ഇരുപത്‌ സ്ക്വയര്‍ഫീറ്റ്‌ സ്ഥലം മതി, മൂന്നരലക്ഷം രൂപാമതി. ഓരോ ഫ്ലഷിനും 5ലിറ്റര്‍ വെള്ളം മാത്രം മതി. എട്ടരലക്ഷം മുടക്കിയാല്‍ ഈ അഞ്ചുലിറ്റര്‍ വെള്ളവും റി-സൈക്കിള്‍ ചെയ്തു തിരികെത്തും. അങ്ങനെയൊത്തിരിവിശേഷങ്ങള്‍. ടോയ്‌ലറ്റ്‌ ഉപയോഗിക്കുകയെന്നത്‌ സാധാരണ ജനത്തെ സംബന്ധിച്ചിടത്തോളം ഒരു സ്വാഭാവിക ഇടപെടലാണെങ്കിലും ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം അത്ര സ്വാഭാവികമല്ല. ഇടപാടുകാരന്‍ നിക്ഷേപിക്കുന്ന സാധനം ബാക്ടീരിയ വിമുക്തമാക്കി പൊടിരൂപത്തിലാക്കും. വളമായി വിതരണം ചെയ്യും, ആവശ്യമുണ്ടെങ്കില്‍ ഇടപാടുകാരന്‍ തന്നെ ഇ-കൊമേഴ്സുവഴി പാഴ്സലായി തിരികെ അയച്ചുകൊടുക്കും. കമ്പ്യൂട്ടര്‍, വെബ്‌, മൊബെയില്‍ ബ്ലൂടൂത്ത്‌, യൂറോപ്യന്‍ ക്ലോസറ്റ്‌ എന്നിവയുടെ സമഞ്ജസ സമ്മേളനം, ഇ-ടോയ്‌ലറ്റിന്റെ നാലു ചുവരും പരസ്യത്തിന്‌ നല്‍കും, ടോയ്‌ലറ്റ്‌ കാവല്‍ക്കാരന്‌ എക്സിക്യൂട്ടീവ്‌ ലുക്ക്‌, കോട്ടും സ്യൂട്ടും കഴുത്തിലെ നാടയില്‍ തൂക്കിയ നെയിംപ്ലേറ്റും ഇടപാടുകാരന്‍ ആകെ ചെയ്യേണ്ടത്‌ ടോയ്‌ലറ്റ്‌ ഡോറിലെ സ്ലോട്ടില്‍ നാണയം തിരുകുകയും ഇരുന്നുകൊടുക്കുകയും മാത്രം!

നിലവിലെ പാരമ്പര്യ ടോയ്‌ലറ്റില്‍ ഒരുകപ്പ്‌ വെള്ള മൊഴിക്കാന്‍ സൗകര്യമൊരുക്കാത്ത പഞ്ചായത്ത്‌-മുനിസിപ്പല്‍-നഗരസഭാ അധികാരികളാണ്‌ ഇ-ടോയ്‌ലറ്റിന്റെ പുറകേ പോവുന്നത്‌. പക്ഷെ എഴ്‌ വര്‍ഷം കഴിഞ്ഞാല്‍ എട്ടരലക്ഷം ആവിയാകും. ഇ-ടോയ്‌ലറ്റിന്റെ കാലാവധി ഏഴുവര്‍ഷമാണ്‌. അതുകഴിഞ്ഞാല്‍ ഐ-ടോയ്‌ലറ്റ്‌, അതായത്‌ ഇന്റലിജന്‍സ്‌ ടോയ്‌ലറ്റ്‌.

ഐ-ടോയ്‌ലറ്റാകുമ്പോള്‍ തുക യെന്നിലൊ ഡോളറിലൊ നല്‍കണം. ഇതിന്‌ സ്പെഷ്യല്‍ എഫക്ട്‌ കൂടുതലാണ്‌. പെര്‍ഫ്യൂ സ്പ്രേ, ഓഡിയോ-വീഡിയോ പ്രോഗ്രാം, ബിപി, ഷുഗര്‍, ബോഡി ടെമ്പറേച്ചര്‍ ഇവയളക്കാന്‍ സംവിധാനം, അങ്ങനെ പലതും. ഇ-വേണ്ട, നമുക്ക്‌ ഐ-മതിയെന്ന്‌ കൂത്രപ്പള്ളി പഞ്ചായത്തു പ്രസിഡന്റ്‌ പറഞ്ഞാല്‍ എങ്ങനെ പറ്റില്ലെന്ന്‌ പറയും?

കെ.എ.സോളമന്‍

Monday, 19 March 2012

പ്രഭാകരന്‍ കടക്കരപ്പള്ളിയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ചേര്‍ത്തല: കെ പ്രഭാകരന്‍ കടക്കരപ്പള്ളി രചിച്ച മൂന്ന് പുസ്തകങ്ങള്‍ സംസ്കാരയുടെ ആഭിമുഖ്യത്തില്‍ പ്രകാശനം ചെയ്തു. പി വി പി ഒറ്റമശേരി അധ്യക്ഷനായി. വിദ്വാന്‍ കെ രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കവിതാസമാഹാരം "മുത്തച്ഛന്‍പ്ലാവ്" ഡോ. പള്ളിപ്പുറം മുരളിയില്‍നിന്ന് കെ ഇ തോമസ് ഏറ്റുവാങ്ങി. കഥാസമാഹാരം "എന്റെ ചെറുകഥകള്‍" പൂച്ചാക്കല്‍ ഷാഹൂലില്‍നിന്ന് ഉല്ലല ബാബു ഏറ്റുവാങ്ങി. നോവല്‍ "ചക്രവര്‍ത്തിയുടെ ഓമനമകള്‍" ഡോ. ലേഖാറോയിയില്‍നിന്ന് പ്രൊഫ. കെ എ സോളമന്‍ ഏറ്റുവാങ്ങി.
 പി ആര്‍ രാമചന്ദ്രന്‍ , കെ മുകുന്ദന്‍ , വെട്ടയ്ക്കല്‍ മജീദ്, തുറവൂര്‍ ദേവരാജന്‍ , ബി സുജാതന്‍ , വി കെ സുപ്രന്‍ , എം എ എം സജീബ്, ശോഭ പട്ടണക്കാട് എന്നിവര്‍ സംസാരിച്ചു. കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് കെ പുരുഷന്‍ മാന്തറ ഗ്രന്ഥകാരനെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് സാഹിത്യസംഗമവുംചേര്‍ത്തലയുടെ    സ്വന്തം ഫോട്ടോഗ്രഫര്‍ വി കെ ഷേണായിയുടെ ഫോട്ടോപ്രദര്‍ശനവും നടന്നു

Thursday, 8 March 2012

കാളകുത്തിയാല്‍ പിന്നെ!

പുകവലി ആരോഗ്യത്തിന്‌ ഹാനികരം, മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം! രണ്ടും സര്‍ക്കാര്‍ അംഗീകരിച്ചു പരസ്യം ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ . എന്തുകൊണ്ടൊ രണ്ടാമത്തേതിനു സ്വീകാര്യത പോര.

കുടിച്ചില്ലെങ്കില്‍ അതു വലിയ കുറവു തന്നെ, ഒട്ടു മിക്കവരും അങ്ങനെ ചിന്തിക്കുന്നു. കുടിപ്പിച്ചില്ലെങ്കില്‍ അതിനെക്കാള്‍ വലിയ കുറവ്‌, സര്‍ക്കാരും ചിന്തിക്കുന്നു. മദ്യത്തില്‍നിന്നുള്ള വരുമാനമില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ല, സര്‍ക്കാരിന്റെ ധനകാര്യവിദഗ്ദ്ധര്‍ ആ വിധമാണ്‌ ചിന്തിക്കുന്നത്‌. യഥേഷ്ടം മദ്യം വിതരണം ചെയ്യുക, എന്നിട്ടു പ്രസ്താവന പുറപ്പെടുവിക്കുക. ‘മദ്യത്തില്‍നിന്നു കിട്ടുന്നതിന്റെ ഇരട്ടിതുക മദ്യപരുടെ പുനരധിവാസത്തിനും ചികിത്സക്കും മുടക്കും.”
ഇവിടെ മാരാരിക്കുളത്തുനിന്നുള്ള വാര്‍ത്തയാണ്‌ ഭര്‍ത്താവിനെ ഉപേക്ഷിച്ചു ഭാര്യ കടന്നു കളഞ്ഞു.. മദ്യപിക്കാത്ത കഴിവുകെട്ട ഭര്‍ത്താവിനെ ഭാര്യയ്ക്കു വേണ്ട, എങ്ങനെ ചെറുപ്പക്കാര്‍ മദ്യപിക്കാതിരിക്കും?

ഇറ്റലി രാജ്യം കഴിഞ്ഞാല്‍ മദ്യത്തിലൂടെ ഏറ്റവുമധികം പണം സമ്പാദിക്കുന്ന രാജ്യമാണ്‌ കേരള രാജ്യം. പഞ്ചായത്തുകള്‍ തോറും ബിവറേജസ്‌ ഔട്ട്ലെറ്റുകള്‍ ഉള്ളപ്പോഴാണ്‌ കെടിഡിസിയുടെ 35 മദ്യക്കടകളും 21 ബിയര്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നത്‌. ബിയര്‍ കുപ്പി വിറ്റുമാത്രം 60 ലക്ഷം ലാഭമുണ്ടാക്കി കഴിഞ്ഞ കൊല്ലം കെടിഡിസി. ഇക്കൊല്ലം തുക പിന്നെയും കൂടും. ബിവറേജ്‌ കോര്‍പ്പറേഷന്‍ കുപ്പികള്‍ തിരികെ കിട്ടാത്തതുകൊണ്ട്‌ ഇങ്ങനെയൊരു വരുമാനമുണ്ടാക്കാനാവുന്നില്ല. ഇതിന്‌ പരിഹാരമുണ്ടാക്കുമെന്നാണ്‌ വകുപ്പുമന്ത്രി കെ.ബാബു പറയുന്നത്‌. എന്നുവെച്ചാല്‍ പാവപ്പെട്ടവനായി ആരെങ്കിലുമുണ്ടെങ്കില്‍ കുപ്പി പെറുക്കി ജീവിക്കാനും അനുവദിക്കില്ല. ഒരു കുപ്പി വിറ്റാല്‍ രണ്ട്‌ രൂപാ കിട്ടും. മന്ത്രിയുടെ പരിഷ്ക്കാരം നടപ്പില്‍ വരുന്നതോടെ ആവശ്യക്കാരന് ബിയര്‍ വായിലോട്ട്‌ നേരിട്ടു വീഴ്ത്തും. അതോടെ കോര്‍പ്പറേഷന്‌ കുപ്പി ലാഭം, അധികവരുമാനവും ലഭിക്കും. കുപ്പി പെറുക്കി വിറ്റ്‌ അന്തസ്സായി ജീവിച്ചുപോന്നവര്‍ക്ക്‌ പകരം ലോട്ടറി ടിക്കറ്റുകള്‍ നല്‍കി തെണ്ടിപ്പിക്കും. ഒരു തൊഴില്‍ നഷ്ടപ്പെട്ടാല്‍ പകരം തൊഴില്‍ നല്‍കി പുനരധിവസിപ്പിക്കുന്നതാണല്ലോ ജനസമ്പര്‍ക്കാധിഷ്ഠിത ജനപ്രിയ പരിപാടി.

കുടികൂടുതലും പട്ടണങ്ങള്‍ കേന്ദ്രീകരിച്ചാണ്‌, ഗ്രാമങ്ങളില്‍ കുറവ്‌, മദ്യപാനം മൂലമുള്ള രോഗികള്‍ കൂടുതലും നഗരപ്രദേശങ്ങളി ലാണ് . അതുകൊണ്ട്‌ ഗ്രാമീണ മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ പറ്റില്ലെന്നാണ്‌ ഡോക്ടര്‍മാര്‍ , അല്ലെങ്കില്‍ ഡോക്ടര്‍ ആകാന്‍ പോകുന്നവര്‍ .

അങ്ങാടിയില്‍ ചെന്നപ്പോള്‍ കാളകുത്തിയതിന്‌ വീട്ടില്‍വന്ന്‌ അമ്മയെ തല്ലിയെന്ന്‌ കേട്ടിട്ടുണ്ട്‌. ഹൗസ്‌ സര്‍ജന്മാരുടേയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പെരുമാറ്റം സംബന്ധിച്ച്‌ ആലപ്പുഴയില്‍നിന്നുള്ള വാര്‍ത്തകള്‍ ഈവിധമാണ്‌. കൂട്ടസിസേറിയന്‍ , കാലുമാറി ചികിത്സ, കേടായ പല്ലുനിര്‍ത്തി കേടാകാത്തതു പറിക്കുക ഇതൊക്കെയാണ്‌ ആലപ്പുഴ ഡോക്ടര്‍മാരുടെ പണി.

സൂപ്പര്‍ സ്പെഷ്യാലിറ്റി പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ ഗ്രാമീണ മേഖലയിലും സേവനമനുഷ്ഠിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ആലപ്പുഴയിലെ ഡോക്ടര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ രസിച്ചില്ല. ഓര്‍ഡറിറക്കിയ മന്ത്രിയെ കിട്ടാത്തതു കാരണം പ്രിന്‍സിപ്പാളിനെ തന്നെ ഘെരാവോ ചെയ്തു, വണ്ടാനം മെഡിക്കല്‍ കോളേജില്‍ . ഇതുകണ്ടാല്‍ തോന്നുക പ്രിന്‍സിപ്പാള്‍ റംലാ ബീവിയാണ്‌ ഗ്രാമീണ മേഖല കണ്ടുപിടിച്ചതെന്ന്‌.

ആലപ്പുഴ ടൗണില്‍നിന്നും നാലുകിലോമീറ്റര്‍ വിട്ടാല്‍ പിന്നെ ഗ്രാമപ്രദേശമാണ്‌. പ്രിന്‍സിപ്പാളിനെ ഘെരാവോ ചെയ്ത ഡോക്ടര്‍മാര്‍ അപ്പോള്‍ പിന്നെ ആരെ ചികിത്സിക്കുമെന്നാണ്‌ പറയുന്നത്‌?

കെ.എ.സോളമന്‍
Janmabhumi Published on 9-3-12

ഒരു നോക്കു കാണാന്‍ -കവിത -കെ എ സോളമന്‍













കാത്തിരുന്നു ഞാന്‍
മനസിന്റെ മായ ജാലകം തുറന്നിട്ടു
കാത്തിരുന്നു ഞാന്‍ ,
തെന്നലായ്, ഒരു കുളിര്‍ മഴയായ് ,
നീ വരുന്നതും ഒരു നോക്കു കാണുന്നതും കിനാവില്‍
കാത്തിരുന്നു ഞാന്‍ .

കുസൃതിയാം തെന്നല്‍ വന്നില്ല,
കിളിവാതില്‍ തുറന്നില്ല
കുളിര്‍ മഴയായ്, തെളിമലരായ് നിന്നെ കണ്ടില്ല
എങ്കിലും പ്രിയേ നിനയ്ക്കായി , നിന്നെ യോര്‍ത്തു
കാത്തിരുന്നു ഞാന്‍ .

നീലനിലാവുള്ള രാത്രിയില്‍ സുഗന്ധമായ്
വാതില്‍ പതുക്കെ തുറന്നെത്തും സൌരഭ്യമായ്
വെളിച്ചമായ് അനുഭൂതിയായ്,
ഞരമ്പുകള്‍ ത്രസിപ്പിക്കും ഊര്‍ജ്ജമായ്
നീവരുന്നതും ഓര്‍ത്ത്‌ അക്ഷമനായി
കാത്തിരുന്നുഞാന്‍ .

ഞാനിന്നുമെന്നപോല്‍ ഓര്‍ക്കുന്നു
നിന്റെ സ്നേഹ സമ്മാനവും ചുടു നിശ്വാസവും
നിന്‍ കരിനീല കണ്ണില്‍ നിഴലിച്ച എന്‍രൂപവും
കവിതയായ് കിളിമൊഴിയായ്
എന്‍ ഹൃത്തില്‍ നിറഞ്ഞതും പ്രിയേ
ഇന്നുമെന്നപോല്‍ ഓര്‍ക്കുന്നു

നഷ്ടത്തിന്‍ ഏടുകള്‍ ജീവിതമെങ്കിലും
ഹൃദയത്തില്‍ ചാലിച്ചു നീ ആയിരം വര്‍ണങ്ങള്‍ -
സൌമ്യമാം അനുഭൂതിയാണ്
നീ വരുന്നതും ഒരു നോക്കു കാണുന്നതും കിനാവില്‍
ഓര്‍ത്തിരുന്നു ഞാന്‍ ,
നിന്നെ കാത്തിരുന്നു ഞാന്‍ .

-കെ എ സോളമന്‍

Monday, 5 March 2012

പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ആവശ്യത്തിനു ന്യായമില്ല

പറഞ്ഞു പറഞ്ഞു തേഞ്ഞ വിഷയമാണ്, എങ്കിലും പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഭരണം
മാറിയപ്പോള്‍ സാമൂഹിക പ്രതിബദ്ധതയും യുവജനസ്നേഹവും പൊക്കിപ്പിടിച്ചു സമ
 രത്തിനെത്തിയിരിക്കുന്ന ഡി വൈ  എഫ്  ഐ പോലുള്ള സംഘടനകളുടെ  സമരാവേശം  കണ്ടു പറയുന്നതു മല്ല. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ട യാതൊരു ആവശ്യും ഇല്ല . കുഴിയിലേക്കു    കാലുനീട്ടറായ ചില മന്ത്രിമാര്‍  സര്‍ക്കാര്‍ ജീവനക്കാരുടെ സല്കാരം സ്വീകരിച്ചു പെന്‍ഷന്‍ പ്രായം വര്‍ദ്ദിപ്പിക്കെണ്ടാതിന്റെ അനിവാര്യതയെ ക്കുറിച്ച് പറയുമ്പോള്‍ മിണ്ടാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി.    .സര്‍ക്കാരിന്റെ സമ്പത്തു സംരക്ഷിക്കേണ്ടതു പെന്‍ഷന്‍ പ്രായം നീട്ടിക്കൊടുത്തു കൊണ്ടല്ല, പകരം വികസന കാഴ്ചപ്പാട്‌ വിപുലീകരിച്ചു ആവണം .

സര്‍വീസിലുള്ള ഒരു ന്യൂനപക്ഷം മാത്രമാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത്. മരിക്കുന്നത് വരെ കിട്ടിയ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കണം എന്ന ഏക ആഗ്രഹം മാത്രമേ ഇവര്‍ക്കുള്ളൂ . ജോലിഅന്വേഷിച്ചു നടക്കുന്ന സ്വന്തംമക്കളെ ക്കുറിച്ചു പോലും ഇവര്‍ ചിന്തിക്കുന്നില്ല . 55 -ല്‍ പിരിയുന്ന ഒരുത്തന്റെ കുടുംബം ഒരിക്കലും തകര്‍ന്നു പോവില്ല. പുതുതായി ഒരാള്‍ ജോലിക്കു കയറിയാല്‍ , അതിനു അവസരമുണ്ടാക്കി ക്കൊടുത്താല്‍ ഒരു കുടുംബം രക്ഷപെടുകയും ചെയ്യും.

പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ ജീവനക്കാരനില്‍ നിന്നും കാര്യക്ഷമമായ ജോലിയും ജനങ്ങളോട് സൗമ്യമായ പെരുമാറ്റവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നു പറയുന്നത് വാചകമടിയാണ്. ഏതു യന്ത്രവും അതിന്റെ മിനിമം എഫിഷ്യന്സിയില്‍ പ്രവര്‍ത്തിക്കുമെന്നു പറയുന്നത് സര്‍ക്കാര്‍ യന്ത്രത്തിനും ബാധകമാണ്. സര്‍ക്കാര്‍ ജീവനക്കാരില്‍ 20 - ശതമാനത്തിന്റെ അധ്വാനം   ഒന്നു കൊണ്ടു മാത്രമാണ് ഇങ്ങനെയെങ്കിലും മുന്നോട്ടു പോവുന്നത്. പെന്‍ഷന്‍ പ്രായം കൂട്ടി ഇതിനു മാറ്റം വരുത്താമെന്നു പറയുന്നത് വിഡ്ഢിത്തം . മാര്‍ച്ച് 31 - ലേക്കുള്ള വിരമിക്കല്‍ ഏകീകരണം സര്‍ക്കാര്‍ ജീവന ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം . ഇതിനു സമമായിട്ടുള്ളത് ഈ ഏര്‍പ്പാട് കൊണ്ടുവന്ന മന്ത്രിയുടെതന്നെ റോഡിലെ കുഴി എണ്ണല്‍ പ്രക്രിയ ഒന്നു മാത്രമാണ്.
ഇക്കൊല്ലം റിട്ടയര്‍ ചെയ്യുന്നവര്‍ക്ക്  പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിനു പണ മില്ലെങ്കില്‍ പെന്‍ഷന്‍ കാരെ മൊത്തം  വെടി വെച്ചു കൊല്ലുന്നതിനെ കുറിച്ച് ആലോചിക്കാം. പക്ഷെ ഇതു പെന്‍ഷന്‍ വാങ്ങുന്ന മുന്‍ എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കും കൂടി ബാധകമാക്കണം .

80 - പിന്നിട്ട ചില രാഷ്ട്രീയ നേതാക്കള്‍ ഊര്ജസ്വലതയോടെ ഓടി നടക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരനെ 55 -ല്‍ പറഞ്ഞുവിടുന്നത്‌ ന്യായമാണോ എന്നാണു മറ്റൊരു ചോദ്യം. 55 -കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജോലി മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളോ ? മറ്റൊരു ജോലിയുo പറ്റിയില്ലെങ്കില്‍ രാഷ്ട്രീയം കളിക്കട്ടെ. എന്തിനു പാവപ്പെട്ട യുവാക്കളുടെ അവസരം നശിപ്പിക്കുന്നു, അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നു ? ഇതര സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ഉം മുകളിലുമാണ് , അതുകൊണ്ട് ഇവിടെയും കൂട്ടണമെന്നാണ് മറ്റൊരു വാദം. തൊഴിലില്ലാപ്പട അന്യ സംസ്ഥാനങ്ങളില്‍ ഉള്ളതിന്റെ അനേകമിരട്ടിയാണ് ഇവിടെ എന്നു ഇക്കൂട്ടര്‍ അറിയുന്നതു നന്ന്. കേരളത്തിലെ യുവജന സംഘടനകളെ തള്ളിക്കേറ്റം തൊഴിലുള്ളതിന്റെ ലക്ഷമായാണോ കാണേണ്ടത് ?

മദ്യകച്ചവടത്തിലും മറ്റുമായി സര്‍ക്കാരിനു ഒത്തിരി വരുമാനമുള്ളപ്പോള്‍ എന്തിനു പെന്‍ഷന്‍ പ്രായം കൂട്ടിലാഭ മുണ്ടാക്കുന്നു? എന്തിനു അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ സ്വപ്നം തല്ലിക്കെടുത്തുന്നു ? റിട്ടയര്‍ മെന്റ് കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി പെന്‍ഷന്‍ ആനുകൂല്യം  പിടിച്ചു  വെച്ചാല്‍  അടുത്ത  വര്ഷം  കൊടുക്കേണ്ടി  വരില്ലേ  ?  55 -ല്‍ വിരമിച്ചു കൊള്ളാം എന്ന വ്യെവസ്ഥയില്‍  സര്‍വീസില്‍ കേറിയ ജീവനക്കാരന്‍ 55 -ല്‍ വിരമിക്കാന്‍  തയ്യാറല്ല  എന്ന് പറയുന്നതില്‍  അശേഷം  നീതികരണമില്ല  .

- കെ എ സോളമന്‍ , എസ് എല്‍ പുരം 6 -3 -12

തത്സമയം- കഥ -കെ എ സോളമന്‍

മേലോട്ടുയര്‍ത്തിയ ഗ്ളാസ് ചുണ്ടോടു ചേര്‍ത്തില്ല, ആഗസ്തി ഞെട്ടി ത്തരിച്ചിരുന്നു പോയി, ഭീതി പ്പെടുത്തുന്നതാണ്ലോക വിഷന്‍ ചാനലില്‍ കാണിച്ചു കൊണ്ടിരിക്കുന്ന ദൃശ്യം. ആഗസ്തി   കസേരയില്‍ നിന്നെഴുന്നേറ്റു ടി വി യുടെ വോളിയം കൂട്ടി.

പന്ത്രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യനെ രണ്ടു പോലീസുകാര്‍  ചേര്‍ന്ന് മര്‍ദ്ദിക്കുന്ന രംഗം. പോലീസുകാരില്‍ ഒരുത്തന്‍ കൊന്‍സ്ടബിള്‍   ആണ്, വേഷത്തില്‍ മറ്റെയാള്‍ എസ്  ഐ യും ആവണം. കപ്പടമീശയാണ് പോലീസിന്റെ വേഷത്തിലെ പ്രധാന ഇനം എന്ന്  ഈ   പോലീസുകാരന്‍  കരുതുന്നണ്ട്.  വെട്ടി വൃത്തിയാക്കിയ മീശയാണെങ്കിലും എസ് ഐയുടെ മുഖത്തെ ക്രൌര്യത്തിനു ഒട്ടും കുറവില്ല.
ഒരു ലിറ്റര്‍ പെട്രോള്‍ ചോര്‍ത്തി എന്നതാണ് പയ്യന്റെ പേരിലെ കുറ്റം. റെയില്‍വേ സ്റേ ഷനില്‍   പാര്‍ക്ക്‌ ചെയ്തിരുന്ന മോട്ടോര്‍ ബൈക്കില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ മോഷ്ട്ടിച്ഛത്രേ. കണ്ടവരായി ആരു മില്ല, പക്ഷെ പോലീസിനു  തെളിവുണ്ട്, സംശയാസ്പദ നിലയില്‍ ഇവനെയാണ് കണ്ടത്.  തൊണ്ടി മുതലായ പെട്രോളും കാനും അവന്റെ സപീപത്തുണ്ട്.

പയ്യന്‍ പറഞ്ഞു: "സാര്‍ എനിക്കറിയില്ല   , ഇത് ഞാന്‍ വാങ്ങി ക്കൊണ്ട് വന്ന പെട്രോളാണ്  ,  വാങ്ങാന്‍ കാശു തന്ന ആള്‍ ഇവിടെത്തന്നെ യുണ്ടായിരുന്നു.'
"എന്നിട്ടെവിടട, " പോലീസ് ആക്രോശിച്ചു. " നിന്നെ ക്കൊണ്ട് പറയിക്കാമെന്നു നോക്കട്ടെ". എസ് ഐ കോണ്‍സ്ടബിളിനെ  നോക്കി ആoഗ്യം കാട്ടിയതും, അയാള്‍ പയ്യനെ കുനിച്ചു നിര്‍ത്തി നട്ടെല്ലില്‍ കൈമുട്ടു കൊണ്ട് മര്‍ദ്ദിച്ചു. പയ്യന്‍ വേദന സഹിക്ക വയ്യാതെ പുളയുന്നത് കണ്ടു ആഗസ്തി ഞെട്ടി.
പോലീസുകാരന്റെ കൈ വേദനിച്ചിട്ടാവണം  ,അയാള്‍    ഇടി നിറുത്തിയത്തോടെ     എസ് ഐ മര്‍ദ്ദനം ഏറ്റെടുത്തു.  കൈമുട്ടിനു പകരം, ലാത്തി അല്ല, നീളം കൂടിയ ചൂരല്‍ കൊണ്ട് എസ് ഐ പയ്യന്റെ കൈവെള്ളയില്‍ ആഞ്ഞടിച്ച്ചു.  ആ  രംഗം തുടര്‍ന്ന് കാണാന്‍ വയ്യാതെ ആഗസ്തി ടി വി ഓഫ് ചെയ്തു.

മൊബൈല്‍  എടുത്തു ആഗസ്തി തന്റെ സാംസ്കാരിക സുഹൃത്തുക്കളെ വിളിച്ചു, എന്നിട്ട് രോഷം കൊണ്ട്. " എന്തൊരു കാടന്‍ ലോക മാണിത്, ജന മൈത്രി പോലീസാണത്രെ  .  കൊച്ചു കുട്ടികളെ കുനിച്ചു നിറുത്തി  നട്ടെല്ലിനു കൈമുട്ട് കൊണ്ടിടിക്കുന്നതാണോ ജനമൈത്രി? നിങ്ങള്‍  പ്രതികരിക്കാനില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക്  പ്രതികരിക്കും",  ആഗസ്തി പറഞ്ഞു. ആഗാസ്തിയുടെ സുഹൃത്തുക്കള്‍ ആരും തന്നെ ആഗസ്തി കണ്ട വാര്‍ത്ത ടി വി യില്‍ കണ്ടിരുന്നില്ല. വേറിട്ടൊരു ചാനലില്‍ , യേശുദാസ്  അമ്പതു വര്ഷം പൂര്‍ത്തിയാക്കിയ പരിപാടി കാണുകയായിരുന്നു അവരെല്ലാം.
ഇന്ത്യന്‍ പ്രസിഡണ്ട്‌, പ്രധാന  മന്ത്രി, മുഖ്യമന്ത്രി, ആഭ്യന്തര  മന്ത്രി തുടങ്ങി ഒട്ടു മിക്ക അധികാരികള്‍ക്കും ആഗസ്തി പരാതി പോസ്റ്റ്‌ ചെയ്തു. മനുഷ്യാവകാശ കമ്മീഷനുള്ളത് രജിസ്റേഡ്  പോസ്റ്റില്‍ അയച്ചു. കോടതിയില്‍ സ്വകാര്യ പെറ്റീഷന്‍   നല്‍കാന്‍  വക്കീലിനെയും ഏര്‍പാടാക്കി.

ഇത്രയുമൊക്കെ  ചെയ്തു വീട്ടിലെത്തിയ ആഗാസ്തിക്ക്  എന്തോ  നല്ല കാര്യം ചെയ്ത സംതൃപ്തി തോന്നി . തന്നെ പ്പോലെ  പ്രതികരിക്കുന്നവരാകണം  മറ്റുള്ളവരും. ഈ നാടു നന്നാക്കി എടുക്കാന്‍ ആത്മാര്‍ത്ഥയുള്ള കുറച്ചു പേര്‍ വിചാരിച്ചാല്‍ മതി.
ഭാര്യയോടു  ഒരു  ചായ കൊണ്ട് വരാന്‍ പറഞ്ഞിട്ട്  ആഗസ്തി ടി വി യുടെ മുന്നിലെ ചാരു കസേരയില്‍ ഇരുന്നു . എന്നിട്ട്  ഭാര്യ കണ്ടുകൊണ്ടിരുന്ന കണ്ണീര്‍ ചാനലില്‍ നിന്ന് ലോക വിഷന്‍ ചാനലിലേക്കു  റിമോട്ടില്‍ ഞെക്കി.
കൊലകൊമ്പന്മാരായ രാഷ്ട്രീയ നേതാക്കളെ കൈ വെള്ളയിലിട്ടു     അമ്മാനമാടുന്ന ലോകവിഷന്‍ കളമൊഴി അപ്പോള്‍ : " രാവിലെ സംപ്രേഷണം ചെയ്ത  പോലീസ് മര്‍ദ്ദനത്തിന്റെ ബാക്കി  ഭാഗം രാത്രി പത്തിന്  . പിറവം കള്ളു ഷാപ്പിലെ കുടിയന്‍മാരെ അണിനിരത്തി  ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ പങ്കജാക്ഷിയും കാമറാമാന്‍ പപ്പുക്കുറുപ്പും  ചേര്‍ന്ന്  തയ്യാറാക്കിയ  ഈ "തത്സമയം " പരിപാടി മാര്‍ച് പതിനേഴു വരെ സംപ്രേക്ഷിക്കും , അന്നാണ് പിറവം തെരെഞ്ഞുടുപ്പ്. "

-കെ എ സോളമന്‍

Sunday, 4 March 2012

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനു മുദ്രപ്പത്രം അനാവശ്യം.

പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക്  സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാന്‍ മുദ്രപ്പത്രം വേണമെന്നുള്ള നിബന്ധന അനാവശ്യ മാണ് . മുദ്രപ്പത്രം കിട്ടാതിരുന്നതിനാല്‍  പല  വിദ്യാര്‍ഥികള്‍ക്കും   അപേക്ഷ  സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ആവശ്യ ക്കാരുടെ തള്ളിക്കയറ്റം മൂലം പല സ്റ്റാമ്പ്‌വെണ്ടര്‍മാരുടെ പക്കലും മുദ്രപ്പത്രങ്ങള്‍ തീരുകയും  ചിലര്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് കൂടുതല്‍ വില ഈടാക്കുകയും ചെയ്തു.  ഒരു ആനുകൂല്യം നല്‍കുന്നതിനു മുമ്പു ജനത്തെ കഴ്ടപ്പെടുത്തുക എന്നത് അധികാരികള്‍ക്കു  ശീലമായിരിക്കുന്നു. വെള്ളക്കടലാസിലുള്ള  രക്ഷ  കര്‍ത്താവിന്റെ സത്യാവാംഗ് മൂലത്തില്‍ ഹെഡ് മാസ്ടറിന്റെ മേലൊപ്പു കൊണ്ട് പരിഹരിക്കാവുന്നകാര്യത്തിനാണു  പാവപ്പെട്ടവനെ ക്കൊണ്ടു വെണ്ടര്‍മാരുടെ തിണ്ണ നിരങ്ങിക്കുന്നത്.
 
സ്‌കോളര്‍ഷിപ്പ് നടപ്പാക്കുന്നത് പിന്നാക്കവികസന വകുപ്പ് വഴിയാണെന്നതാണ് രസകരം . ഒച്ചിഴയുന്നത് എങ്ങനെയെന്നു ഗവേഷണം നടത്തുന്നവരാണ് ഇക്കൂട്ടര്‍ . സ്വന്തം ജീവനക്കാരെ സസ്പെണ്ട് ചെയ്തിട്ട് തിരിച്ചെടുക്കാന്‍ കൈക്കൂലി വാങ്ങുന്ന വീരന്മാരും ഈ  വകുപ്പിലുണ്ട് .  സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളെ കണ്ടെത്തി ആനുകൂല്യം നല്കാറാകുമ്പോള്‍  കുട്ടികള്‍ സ്കൂള്‍  വിട്ടു കഴിഞ്ഞിരിക്കും  . വാര്‍ഷിക വരുമാനം 44,500 രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് .   ഈ വരുമാനത്തില്‍ പത്തു രൂപ ചെലവാക്കി പത്രം വാങ്ങുകയും അതിനായി രണ്ടു ദിവസത്തെ ദിവസക്കൂലി രക്ഷകര്‍താവ്  ഉപേക്ഷിക്കയും ചെയ്യണമെന്നുള്ള വ്യവസ്ഥ  അംഗികരിക്കാനാവില്ല     . പത്തുരൂപയുടെ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം എഴുതി വാങ്ങിയത് കൊണ്ട് എന്തെങ്കിലും പ്രയോജന മുണ്ടെങ്കില്‍  കൊള്ളാമായിരുന്നു.

മുദ്രപ്പത്രം കിട്ടാത്തതിനാല്‍ പല കുട്ടികള്‍ക്കും അപേക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടിക്കൊടുക്കുകയും മുദ്രപ്പത്രം വേണമെന്നുള്ള വ്യവസ്ഥ പിന്‍വലിക്കുകയും ചെയ്യണം.

-കെ എ സോളമന്‍