കോസ്മിക് കിരണങ്ങളും ഭൂകമ്പവും-ഇതാണ് ശിവനുണ്ണിയുടെ ഗവേഷണ മേഖല. ഡയനാമോ കണ്ടുപിടിച്ച മൈക്കേള്‍ ഫാരഡേയുടെ റെക്കോര്‍ഡ് മറികടക്കാന്‍ തന്നെയായിരുന്നു ശിവനുണ്ണിയുടെ പുറപ്പാട്. സ്കൂള്‍ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഫാരഡേ ശാസ്ത്രജ്ഞരുടെ ലോക അക്കാദമിയില്‍ പോയി ക്ലാസ്സെടുത്തിട്ടുണ്ടെന്നതാണ് ചരിത്രം. തന്റെ കോസ്മിക് ഭൗമ സംഘട്ടനവുമായി കടല്‍ കടക്കാന്‍ ശിവനുണ്ണി ശ്രമിച്ചുകൊണ്ടിരിക്കേയാണ് ഇവിടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്.
കോസ്മിക് കിരണങ്ങള്‍ ഫോക്കസ് ചെയ്യുന്നത് ഇരിങ്ങാലക്കുടയിലെ ചെറിയ പള്ളിയിലേക്കെന്ന് തിരിച്ചറിഞ്ഞതിനാല്‍ അവിടെയാണ് അടുത്ത ഭൂകമ്പമെന്ന് ഉണ്ണി പ്രവചിച്ചു. കേള്‍ക്കേണ്ട താമസം, കെ.എം.മാണിയെന്ന പാലാ മാണിക്യമൊഴിച്ച് ആരെന്തുപറഞ്ഞാലും ചെവികൊടുക്കാത്ത കേരള ചീഫ് വിപ്പ് പി.സി. ജോര്‍ജ് ശിവനുണ്ണിയെ വിശ്വസിച്ചു. അതുകൊണ്ട് ഇരിങ്ങാലക്കുടയിലും പരിസരത്തുമുള്ള സ്കൂള്‍ കുട്ടികള്‍ ക്ലാസ് മുറികളില്‍ ഇരുന്ന് കളിക്കണ്ട, പുറത്തിറങ്ങി മരത്തണലില്‍ കളിച്ചാല്‍ മതിയെന്ന് വാക്കാല്‍ ഉത്തരവും നല്‍കി. പരീക്ഷ മാറ്റിവയ്ക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിച്ചു നടക്കുന്ന കോത്തായം യൂണിവേഴ്സിറ്റിയിലെ സിണ്ടിക്കേറ്റ് സഖാക്കന്മാര്‍ക്ക് ജോര്‍ജിനെ അത്ര പിടുത്തമില്ലാത്തതുകൊണ്ട് പരീക്ഷകളൊന്നും മാറ്റിയില്ല.
പക്ഷെ അത്ഭുതകരമായത് മുല്ലപ്പെരിയാറിന്റെ രക്ഷക്ക് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കന്മാര്‍ ചാടിവീണതാണ്. 2008-ലും അതിന് മുമ്പും ചെറുഭൂകമ്പങ്ങളിലൂടെ ഡാമിന് ഭീഷണി നേരിട്ടപ്പോള്‍ പുതച്ചുമൂടിക്കിടന്ന ചാനലുകളും മന്ത്രിമാരും പ്രതികരണ മുന്‍ജഡ്ജിമാരും ഉണര്‍ന്നെഴുന്നേറ്റു. രാഷ്ട്രീയ നേതൃത്വം തങ്ങളുടെ കഴിവുകേടു മറച്ചുവെക്കാന്‍ പൊതുജനത്തെ പെരുവഴിയിലോട്ട് വലിച്ചിഴച്ചു. ‘മന്ത്രിസ്ഥാനം പുല്ല് ’ എന്ന് വിമാനത്തില്‍ ഭൂകമ്പമുണ്ടാക്കിയ ഒരു മന്ത്രി ചാനലില്‍ അലറിയതോടെ ശവാസനം, വജ്രാസനം, കുത്തിയിരിപ്പ്, നിരാഹാരം, ഹര്‍ത്താല്‍ , ബന്ദ്-ജനം സമരം ഏറ്റെടുത്തു.
മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ താനും വീട്ടുകാരിയും ഒരുമിച്ചൊഴുകിപ്പോകും എന്ന് ഉത്തമവിശ്വാസമുള്ള രാമന്‍പിള്ള ചോദിക്കുന്നതിങ്ങനെ: “അല്ല സാറന്മാരെ, നിങ്ങള്‍ ഇത്രനാളും എവിടാരുന്നു? പിറവം തെരഞ്ഞെടുപ്പോ അതോ ഡാം 999 സിനിമയോ ഏതാണ് ഡാമിന്റെ മുഖ്യസുരക്ഷാ ഭീഷണി? പുതിയ ഡാം പണിതാലും തമിഴ്‌നാടിന് ജലം തുടര്‍ന്നും നല്‍കുമെന്ന കാര്യം എന്തുകൊണ്ട് നിങ്ങള്‍ പുരച്ചിതലൈവിയ്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നില്ല? ഡാം പൊട്ടാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പു പറയുന്നുണ്ടെങ്കില്‍ എന്തിന് അതുപേക്ഷിക്കാതിരിക്കണം? ഡാം പൊട്ടിയാല്‍ ഒഴുകിപ്പോകുന്നത് ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 30 ലക്ഷം ജനങ്ങളും അവരുടെ കോഴി, താറാവ്, ആട്, പശു, പണം, പണപ്പെട്ടി, എസ്‌എസ്‌എല്‍സി ബുക്ക്, റേഷന്‍കാര്‍ഡ് പോലുള്ള സാധനങ്ങളുമാണ്. ഇതിനേക്കാള്‍ വിലപിടിപ്പുള്ളതാണോ
ഇദയക്കനിയുടെ നാട്ടിലെ പൂ-പച്ചക്കറികൃഷി സോറി, പച്ചക്കറി-പൂകൃഷി? ”
കെ. എ. സോളമന്‍