Monday, 24 August 2026

അക്ഷരങ്ങളുടെ ഉപാസകൻ

#അക്ഷരങ്ങളുടെ #ഉപാസകൻ, 
#ഗൗതവൻ_തുറവൂർ_സാർ_80ൻ്റെ_നിറവിൽ
​കൊച്ചി മുതൽ അമ്പലപ്പുഴ വരെയുള്ള സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യവും, ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുകയും ചെയ്ത പ്രിയപ്പെട്ട അധ്യാപകനും കവിയുമായ ശ്രീ. ഗൗതമൻ തുറവൂർ സാർ എൺപതിന്റെ നിറവിലേക്ക്  തന്റെ അശീതി പൂർത്തിയിലേക്ക് ചുവടുവെക്കുന്ന ധന്യനിമിഷമാണ് നാളെ (22.06.2026), 

ഗൗതമൻ സാർ തന്റെ ജീവിതത്തിന്റെ എൺപത്തിയൊന്നാം വസന്തത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആ സ്നേഹധന്യമായ സാന്നിധ്യത്തെ ആദരവോടെ ഓർക്കുകയാണ് അദ്ദേഹത്തിൻറെ ശിഷ്യരും സുഹൃത്തുക്കളും. ​കേവലം ഒരു ജന്മദിനത്തിനപ്പുറം, ഒരു മനുഷ്യൻ തന്റെ ആയുസ്സും ആരോഗ്യവും ചിന്തകളും സമൂഹത്തിനുവേണ്ടിയും അക്ഷരങ്ങൾക്കുവേണ്ടിയും എങ്ങനെ മാറ്റിവെച്ചു എന്നതിന്റെ സാക്ഷ്യപത്രമാണ് ഗൗതമൻ സാറിന്റെ ഈ എൺപതാം ജന്മദിനം.
​ഏതാണ്ട് കാൽനൂറ്റാണ്ട് മുമ്പ്, ചേർത്തലയിലെ  'സംസ്കാര' എന്ന സാംസ്കാരിക സംഘടനയുടെ വേദിയിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. അക്കാലത്ത് പി. വി. പി. ഒറ്റമശ്ശേരി പ്രസിഡന്റായും, വെട്ടക്കൽ മജീദ് സെക്രട്ടറിയായും നയിച്ചിരുന്ന ആ സദസ്സ് പ്രതിഭകളുടെ ഒരു വലിയ സംഗമഭൂമിയായിരുന്നു.

​ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ, ശക്തീശ്വരം പണിക്കർ, മാരാരിക്കുളം വിജയൻ, ഖാലിദ് പുന്നപ്ര, പി. കെ. തങ്കപ്പൻ സാർ, വൈരം വിശ്വൻ, മത്തായി സാർ, കൊക്കേതമംഗലം എ. വി. നായർ, ഓമന തിരുവിഴ, വി. കെ. സുപ്രൻ , ഉല്ലല ബാബു തുടങ്ങി നിരവധി പ്രതിഭകൾ ഒത്തുചേർന്നിരുന്ന ഒരു സുവർണ്ണകാലമായിരുന്നു അത്.
​അന്ന് ആ സംഘടനയുടെ സാരഥികളിൽ ഒരാളായിരുന്ന ഗൗതമൻ സാർ, ഇന്നും  'സംസ്കാര'യുടെ പ്രതിമാസ പരിപാടികളിൽ പങ്കെടുക്കുന്നുവെന്ന് ഞാൻ കരുതുന്നു

.
​കവിതകൾ എഴുതുക മാത്രമല്ല, അവ തനതായ ആലാപന ശൈലിയിലൂടെ ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് നേരിട്ട് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ സവിശേഷമായ കഴിവ് ഏതൊരു സാഹിത്യ സദസ്സിനെയും ധന്യമാക്കുന്ന ഒന്നാണ്.
​എല്ലാവരോടും അളവറ്റ സ്നേഹത്തോടും വാത്സല്യത്തോടും കൂടി പെരുമാറുക എന്നത് ഗൗതമൻ സാറിന്റെ സഹജമായ സ്വഭാവ വൈശിഷ്ട്യമാണ്. എങ്കിൽപ്പോലും, അധ്യാപക സമൂഹത്തെ ചെറുതാക്കി കാണിക്കുന്ന ഏതൊരു പ്രവണതയ്ക്കും എതിരെ  ഗർജ്ജിക്കുന്ന ഒരു വിപ്ലവകാരിയും അദ്ദേഹത്തിലുണ്ട്.

​"ഇന്നത്തെ അധ്യാപകർക്ക് കാര്യമായ വിവരമില്ല" എന്ന് ഏതെങ്കിലും പൊതുവേദിയിൽ ആരെങ്കിലും പറഞ്ഞാൽ, സാറിന്റെ രക്തം തിളയ്ക്കും. അധ്യാപകന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നവരോട് അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടും, യുദ്ധം പ്രഖ്യാപിക്കും. എന്നാൽ ഒരു യഥാർത്ഥ ഗുരുവര്യന്റെ മനസ്സുള്ളതുകൊണ്ട് തന്നെ, ആ ദേഷ്യം അദ്ദേഹം ക്ഷണനേരം കൊണ്ട് മറക്കുകയും ചെയ്യും. ഒരു സഹപ്രവർത്തകൻ അല്ലെങ്കിൽ അധ്യാപകൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിന്റെ ഈ സ്വഭാവത്തോട് എപ്പോഴും അനുഭാവം മാത്രമേ തോന്നിയിട്ടുള്ളൂ.

​"എല്ലാവരുടെയും മിത്രം ആരുടെയും മിത്രമല്ല" എന്നൊരുചൊല്ലുണ്ട്.. എന്നാൽ ഗൗതമൻ സാറിന്റെ കാര്യത്തിൽ ഈ ചൊല്ല് പൂർണ്ണമായും ശരിയല്ല എന്ന്പറയേണ്ടിവരും. അദ്ദേഹം ഭേദചിന്തകളില്ലാതെ എല്ലാവരുടെയും യഥാർത്ഥ മിത്രമാണ്. ആ ഹൃദയത്തിൽ എല്ലാവർക്കും സ്ഥാനമുണ്ട്, എല്ലാവരോടും ഒരേ സ്നേഹവുമുണ്ട്.

​ആയിരക്കണക്കിന് വരികളിൽ കവിതയെഴുതി ആത്മാവിനെ തൊട്ടുണർത്തിയ കവി, ആയിരക്കണക്കിന് കുട്ടികളെ നല്ല നാളെയുടെ പൗരന്മാരാക്കി മാറ്റിയ ശ്രേഷ്ഠനായ ഗുരുനാഥൻ... അശീതിയുടെ നിറവിൽ നിൽക്കുന്ന പ്രിയപ്പെട്ട ഗൗതമൻ തുറവൂർ സാറിന് ആയുസ്സും ആരോഗ്യവും നിറഞ്ഞ ദീർഘായുസ്സ് നേരുന്നു. ഇനിയും ഒരുപാട് വസന്തങ്ങൾ സാറിന് അക്ഷരവഴിയിൽ തുടരാൻ കഴിയട്ടെ.

​ഗൗനവൻ സാറിന് ഹൃദയം നിറഞ്ഞ അശീതി മംഗളങ്ങൾ! 
ആശംസകൾ സാർ!💚💜💙
-കെ എ സോളമൻ 
ജൂൺ 21, 2026

No comments:

Post a Comment