Sunday, 20 September 2026

ഓർമ്മയുടെ തീരങ്ങളിൽ (കവിത റിപോസ്റ്റ് )

#ഓർമയുടെ #തീരങ്ങളിൽ
 കവിത 

ഓർക്കാനേറെയുണ്ട്            
പക്ഷെ ഓർത്തു നോക്കാൻ ഭയം.                                ഓർമ്മ വന്നാൽഉറക്കം ദൂരേയ്ക്ക് ഒഴുകിപ്പോകും,
രാത്രികൾ തീർന്നാലും തീരാത്ത യാത്രയായി.

നെഞ്ചിൽ തീ പടർത്തിയ
പ്രണയ നിമിഷങ്ങൾ,
കഥകളായും കവിതകളായും
സ്വപ്നങ്ങളായും ഇന്നും കൂടെയുണ്ട്
ദുഃഖവും ഭാവസാന്ദ്രതയും ചുമന്ന്
ഒരു നിഴലായ് കൂട്ടിനൊപ്പം.

പഴയ കടലാസുകൾ, ഡയറിക്കുറിപ്പുകൾ,
വായിക്കരുതെന്ന് പറയുമ്പോഴും
വായിക്കാതെ വയ്യ,
വിധിയാകാതെ പോയ
സ്വപ്നക്കുരുക്കുകൾ
വീണ്ടും വിരിയുന്നു, രൗദ്രഭാവങ്ങളിൽ

പാടിയ വരികളിലും മധുരം,
പക്ഷെ പാടാതെ പോയവയിൽ
ഇനിയും വേദനിച്ചുനിൽക്കുന്ന രാഗം.
എഴുതിയ കഥകളിലും സൗന്ദര്യം,
പക്ഷെ എഴുതാത്തവയിൽ
അതിലേറെ നിശ്ശബ്ദ സുഗന്ധം.

എന്തിനുവേണ്ടി?
എഴുതണം, പാടണം, ഓർക്കണം?
എന്തെന്നാൽ അവയൊക്കെയാണ്
ജീവിതം
ഹൃദയം പൊള്ളിക്കുന്ന
മൗനഗാഥകൾ.
ഇന്നും ഹൃദയം പൊള്ളിക്കുന്ന
മൗനഗാഥകൾ

- കെ എ സോളമൻ
(ഫോട്ടോ. ലന്താന പൂവുകൾ)

Thursday, 10 September 2026

ചെമ്മീൻ സിനിമ

#ചെമ്മീൻസിനിമ

കാലമേറെ കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ  നിൽക്കുന്ന സിനിമയാണ് തകഴിയുടെ, രാമകാര്യട്ടിന്റെ ചെമ്മീൻ. പരീക്കുട്ടിയും പളനിയും കറത്തമ്മയും ചെമ്പന്‍കുഞ്ഞുമൊക്കെ മധു, സത്യൻ, ഷീല, കൊട്ടാരക്കര എന്നിവരുടെ രൂപത്തിൽ ഓർമയിൽ വന്നുപോകുന്നു. വയലാർ -സലിൽ ചൗധരി ഒരുക്കിയ ഗാനങ്ങൾ നിത്യ സുഗന്ധികളായി ആയിരങ്ങളെ രസിപ്പിച്ച് ഇന്നും നിലനിൽക്കുന്നു.

ചെമ്മീൻ സിനിമ ആദ്യമായി കണ്ട അനുഭവം ഓർത്തെടുക്കുന്നത് രസകരമാണ്. സിനിമ റിലീസ് ചെയ്തത് ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ച് ഓഗസ്റ്റിൽ. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം.

ചേർത്തല ഭവാനി തീയേറ്റർ റിലീസിംഗ് സെൻറർ അല്ലാതിരുന്നതിനാൽ ആഴ്ചകൾ പിന്നിട്ടാണ് ചെമ്മീൻ സിനിമ അവിടെ പ്രദർശനത്തിന് എത്തുന്നത്. നല്ല സിനിമയ്ക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ  സ്വർണ്ണ മെഡൽ നേടിയ ചെമ്മീനിന്   മലയാളത്തിലെ ആദ്യത്തെ കളർസിനിമ എന്ന ഖ്യാതി കൂടി ഉണ്ടായിരുന്നു.  സിനിമ കാണാൻ ജനങ്ങളുടെ വൻ തിരക്കായിരുന്നു.

സിനിമയുടെ വിശേഷം ക്ലാസിലെ കുട്ടികൾ പറഞ്ഞു കേട്ടപ്പോൾ ആ സിനിമ എങ്ങനെയും കാണണമെന്നായി ആഗ്രഹം.  പക്ഷേ തടസ്സമായിനിന്നത്  സിനിമ കാണുന്നതിനുള്ള പണം കണ്ടെത്തുക എന്നതായിരുന്നു. ടിക്കറ്റിനുള്ള പണം മാത്രം പോരാ, യാത്രയ്ക്കുള്ള ബസ് ഫെയറും  ഒരു പാട്ട് പുസ്തകം വാങ്ങുന്നതിനുള്ള കാശും വേണമായിരുന്നു. ഇന്ന് കണ്ടുകിട്ടാനില്ലാത്ത സിനിമപാട്ട് പുസ്തകം അന്നു വലിയ ഹിറ്റായിരുന്നു

കാശ് എങ്ങനെയോ സംഘടിപ്പിച്ചു എന്നു പറഞ്ഞാൽ മതി

സിനിമ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പു തന്നെ തിയറ്ററിൽ എത്തി.  ടിക്കറ്റ് കൗണ്ടറിന്റെ മുന്നിലായി പാട്ടുപുസ്തകങ്ങൾ നിരത്തി തൂക്കിയിട്ടിരിക്കുന്നു.  മനോഹരമായ കടലാസിൽ പ്രിൻറ് ചെയ്ത പാട്ടുപുസ്തകം. ഓരോ പേജിലും സ്വർണ്ണ മെഡലിന്റെ വാട്ടർ മാർക്ക് പ്രിൻറ് ചെയ്തിരുന്നു. അതിനു മുകളിലാണ് ഗാനങ്ങൾ എല്ലാം അച്ചടിച്ചിരുന്നത്. പാട്ടുപുസ്തകം ഒരെണ്ണം സ്വന്തമാക്കി പാട്ടുകൾ ഉരുവിട്ട് നോക്കി.  പാടാൻ അറിയാത്തതിൽ വളരെ വിഷമം തോന്നിയ നിമിഷം. പാട്ടു പാടുക ഒരു പ്രത്യേക സിദ്ധിയാണന്നും എല്ലാവർക്കും നന്നായി പാടാനാവില്ല എന്ന തിരിച്ചറിവ്  ഉണ്ടായിരുന്നതും  ഗൃണം ചെയ്തു

തറയിൽ ഇരുന്ന് സിനിമ കാണുന്നത് രസമാണ്. സ്ക്രീനിലേക്ക് നോക്കാൻ തല അല്പം ഉയർത്തണമെന്ന് മാത്രം കുറച്ചുകഴിയുമ്പോൾ എല്ലാം നോർമൽ .

മാറ്റിനി സിനിമയാകുമ്പോൾ മുൻ ഷോ കണ്ടവരുടെ തുപ്പൽ അവശിഷ്ടം തറയിൽ വീഴാത്തതിനാൽ മണ്ണ് മാറ്റി ഇരിപ്പിടം വൃത്തിയാക്കേണ്ട സാഹചര്യമൊന്നുമില്ലായിരുന്നു. ചെറുപ്പക്കാർ ഉൾപ്പെടെ ഒട്ടുമിക്കവരുടെയും സ്ഥിരംകലാപരിപാടി ആയിരുന്നു അന്ന് വെറ്റില മുറുക്ക് .
 
തിയേറ്ററിനകത്ത്  സിനിമാസ്വാദകർ തുപ്പുന്ന കാലമായിരുന്നു അത്. ആ ശീലം ക്രമേണ മാറി.  ഇന്ന് ആരും തിയേറ്ററിനകത്തു തുപ്പാറില്ല, തിയറ്ററിൽ കാണിക്കുന്ന ചില സിനിമകൾ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണെങ്കിൽ പോലും

തിരക്ക് കാരണം വളരെ പണിപ്പെട്ടാണ് ടിക്കറ്റ് എടുത്തത്..സിനിമയ്ക്ക് വരവും കാഴ്ചയും ഒറ്റയ്ക്കായതുകൊണ്ട് സ്വന്തമായി തന്നെ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയായിരുന്നു. 

ഏറെ തിങ്ങി ഞെരുങ്ങിയാണ് തറയിലിരുന്ന് സിനിമ കണ്ടത്. ഏതാണ്ടൊക്കെ അന്നു മനസ്സിലായി. പക്ഷേ പരീക്കുട്ടിയെയും കറുത്തമ്മയേയും ഒടുക്കം കൊല്ലണ്ടായിരുന്നു എന്ന ചിന്ത അന്ന് തോന്നിയിരുന്നു.

പ്രേമിച്ചു തുടങ്ങാൻ സംഭാഷണം എങ്ങനെ വേണം എന്നത് ആ സിനിമ കണ്ടപ്പോഴാണ് പഠിച്ചത്. പക്ഷേ ആ സമ്പ്രദായം വിജയകരമായി പ്രയോഗിക്കാൻ ഒരു ചാൻസ് കിട്ടിയില്ല എന്നത് ഒരു ദുഃഖസത്യമായി ഇന്നും അവശേഷിക്കുന്നു 

സിനിമയിലെ ആദ്യ ഡയലോഗുകൾ എവിടെയോ വായിച്ചതിങ്ങനെ ? പരീക്കുട്ടിയും കറുത്തമ്മയും കൂടിയുള്ള സംഭാഷണമാണ്.

"എന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കൊണ്ടു പോവ്വാണേല്ലോ"".
""കറത്തമ്മേടെ ഭാഗ്യം!""
കറത്തമ്മയ്ക്ക് ഉത്തരം മുട്ടിപ്പോയി.  അവള്‍ പറഞ്ഞു. ""പഷ്ഷേല് രൂപ തെകായാത്തീല്ല. ഞങ്ങക്ക് കുറെ രൂപ തരാവോ?""
""എന്റെ കൈയിലെവടന്നാ രൂപാ?"" പരീക്കുട്ടി കൈ മലര്‍ത്തിക്കാണിച്ചു.
കറത്തമ്മ ചിരിച്ചു. ""പിന്നെന്തീനാ വല്യ കൊച്ചു മൊതാലാളി ആന്നും പറഞ്ഞു നടാക്കുന്നെ?""
""എന്നെ എന്തിനാ കൊച്ചു മുതലാളീന്നു കറത്തമ്മ വിളിക്കുന്നെ?"".
""പിന്നെന്നാ വിളിക്കണം?"",
""പരീക്കുട്ടീന്നു വിളിക്കണം"".
കറത്തമ്മ "പരീ" എന്നോളം ശബ്ദിച്ചു. എന്നിട്ടു പൊട്ടിച്ചിരിച്ചു. ആ വിളി മുഴുവനാക്കാന്‍ പരീക്കുട്ടി ആവശ്യപ്പെട്ടു. കറത്തമ്മ ചിരി അടക്കിയിട്ട് ഗൗരവം ഭാവിച്ച്, "ഇല്ല" എന്നു തലകുലുക്കി എന്നിട്ടവള്‍ പറഞ്ഞു:
""ഞാന് വിളിക്കാത്തീല"".
""എന്നാല്‍ ഞാന്‍ കറത്തമ്മേന്നും വിളിക്കത്തില്ല"".
""പിന്നെന്താ എന്നേം വിളീക്കാമ്പോണേ?""
""ഞാന്‍ വല്യ മരക്കാത്തീന്നു വിളിക്കും"".

കറത്തമ്മ പൊട്ടിച്ചിരിച്ചു. പരീക്കുട്ടിയും പൊട്ടിച്ചിരിച്ചു. നീണ്ടുനീണ്ട ചിരി. എങ്ങനെ എന്തിനായി അവര്‍ അങ്ങനെ ചിരിച്ചു? 
ആ ചിരിയുടെ പൊരുൾ എട്ടാം ക്ലാസ് കാരനും മനസ്സിലാകുമായിരുന്നു

സിനിമ കാണുന്നതിനിടയിലും പാട്ടുപുസ്തകം മുറുകെ പിടിച്ചിരുന്നു വീട്ടിൽ ചെന്ന് പാട്ടുപാടി രസിക്കാൻ.

പക്ഷേ ഞെട്ടിപ്പോയത് പുറത്തിറങ്ങി  പോക്കറ്റിൽ കൈ ഇട്ടപ്പോഴാണ്.  മടക്കയാത്രയ്ക്കുള്ള വണ്ടിക്കൂലി ടിക്കറ്റ് കൗണ്ടറിലെ തിരക്കിൽ നഷ്ടപ്പെട്ടിരിക്കുന്നു !

പിന്നീട് ഒന്നും ആലോചിച്ചില്ല , ചേർത്തല നിന്ന് വീട്ടിലേക്ക് നടന്നു, ആറു കിലോമീറ്റർ ദൂരം. ചെമ്മീൻ സിനിമയിലെ രംഗങ്ങൾ ഓരോന്നായി മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നതിനാൽ ആറ് കിലോമീറ്റർ നടപ്പ് അത്ര വലിയ പ്രയാസമുള്ളതായി തോന്നിയില്ല. പിറ്റേദിവസം സ്കൂളിൽ നടക്കാനിരിക്കുന്ന പരീക്ഷയെ കുറിച്ചുള്ള ചിന്തകളും അലോസരപ്പെടുത്തിയില്ല.

പിന്നീടുള്ള ദിവസങ്ങളിൽ പാട്ടുപുസ്തകത്തിലെ പാട്ടുകൾ പാടി രസിക്കുക, മറ്റുള്ളവരെ രസിപ്പിക്കാൻ നോക്കുക  എന്നുള്ളതായിരുന്നു പരിപാടി. പക്ഷേ ആവശ്യക്കാർ തീരെ ഇല്ലാതിരുന്നതിനാൽ എങ്ങനെയോ ആ കലാവാസന അപ്രത്യക്ഷമായി.

-കെ എ സോളമൻ (10-9-2022)

Tuesday, 1 September 2026

മഴ വരകൾ -കഥ by ഗീതു കൃഷ്‌ണ. അവലോകനം

മഴവരകൾ: അതിജീവനത്തിന്റെയും ആത്മാനുരാഗത്തിന്റെയും മനോഹര ചിത്രം

​ജീവിതത്തിലെ തകർച്ചകളിൽ തളർന്നുപോകാതെ, സ്വന്തം സ്വത്വവും ആത്മാഭിമാനവും കണ്ടെത്തി മുന്നേറുന്ന ഒരു സ്ത്രീയുടെ അതിജീവന കഥയാണ് ഗീതു കൃഷ്ണയുടെ 'മഴവരകൾ'. മനോഹരമായ പശ്ചാത്തല വിവരണങ്ങളിലൂടെയും വൈകാരികമായ സംഭാഷണങ്ങളിലൂടെയും വായനക്കാരുടെ മനസ്സിലേക്ക് കൃഷ്ണ എന്ന കഥാപാത്രത്തെ പ്രതിഷ്ഠിക്കാൻ  കഥാകാരിക്ക് സാധിച്ചിട്ടുണ്ട്.

​ഒരു കോഫി ഷോപ്പിലെ ജനൽച്ചില്ലിൽ പെയ്യുന്ന മഴത്തുള്ളികൾ വരയ്ക്കുന്ന വരകളിൽ നോക്കിയിരിക്കുന്ന കൃഷ്ണയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഒരുകാലത്ത് പ്രണയത്തിലും ബന്ധങ്ങളിലും തനിക്കുവേണ്ടി ജീവിക്കാൻ മറന്നുപോയ അവൾ, ഇന്ന് സ്വന്തം മനസ്സിനെ സ്നേഹിക്കാൻ പഠിച്ചിരിക്കുന്നു. ഭൂതകാലത്തിന്റെ മുറിവുകളെ ഓർത്തുവെച്ച് വിലാപങ്ങൾ സൃഷ്ടിക്കാതെ, "ഞാൻ എനിക്കായി ജീവിക്കുന്നു" എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നിടത്താണ് കഥയിലെ പോസിറ്റീവ് തരംഗം ആരംഭിക്കുന്നത്.

​കഥയിലെ പ്രണയവും പിന്നീട് അതുണ്ടാക്കുന്ന മാറ്റങ്ങളും തികച്ചും യാഥാർത്ഥ്യബോധത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുൻകാമുകനായ ബ്രീസുമായുള്ള കണ്ടുമുട്ടൽ ഒരു വൈകാരിക കൊടുങ്കാറ്റാകാമായിരുന്നിട്ടും, കൃഷ്ണ അതിനെ വളരെ ശാന്തതയോടെയും പക്വതയോടെയും നേരിടുന്നു. തളർത്താൻ ശ്രമിച്ചവരുടെ മുന്നിൽ തളരാതെ, നിന്ദിച്ചവർക്ക് മുന്നിൽ സ്വന്തം അധ്വാനം കൊണ്ട് ഉയർന്നുവന്ന കൃഷ്ണ ഇന്ന് ഫീനിക്സ് കോഫി പൗഡറിന്റെ എം.ഡി എന്ന വിജയിച്ച സ്ത്രീയാണ്.

​കഥയിലെ ഏറ്റവും മനോഹരമായ വരികളിൽ ഒന്ന്, "40 കഴിഞ്ഞ ഒരു സ്ത്രീ വിലയിടേണ്ടത് അവളെ ആര് സ്നേഹിക്കുന്നു എന്നതിലല്ല, സ്വയം എത്രമാത്രം സ്നേഹിക്കപ്പെടുന്നു എന്നതിലാണ്" എന്ന തിരിച്ചറിവാണ്.

 മറ്റുള്ളവരുടെ അനുകമ്പയ്ക്കോ സഹതാപത്തിനോ വേണ്ടി യാചിക്കാതെ സ്വന്തം കാലിൽ നിൽക്കാനും, തനിക്ക് ചുറ്റും തണൽ വിരിക്കാനും അവൾ പഠിച്ചു കഴിഞ്ഞു.
​ചിത്രകാരനായ ക്രിസ്റ്റിയുടെ വരകളും, കോഫി ഷോപ്പിലെ അന്തരീക്ഷവും, പുറത്ത് പെയ്യുന്ന മഴയുമെല്ലാം കഥയുടെ അന്തരീക്ഷത്തെ കൂടുതൽ സാന്ദ്രമാക്കുന്നു. വരുംകാലത്തിലേക്ക് ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും കാൽവെപ്പുകൾ നടത്തുന്ന കൃഷ്ണ, തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഏതൊരു സ്ത്രീയുടെയും പ്രതിനിധിയാണ്.

​നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഓർത്ത് ദുഃഖിച്ചിരിക്കാതെ, സ്വന്തം ജീവിതം സ്വയം പടുത്തുയർത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകുന്ന തികച്ചും പോസിറ്റീവായ ഒരു കഥയാണ് 'മഴവരകൾ
ആശംസകൾ
- കെ എ സോളമൻ
31.8.2026