Thursday, 29 November 2012

ജൈവബോര്‍ഡിന്റെ ദേശാന്തര ഗമനം!

Photo: Cherthala


ഗവേഷണ പഠനങ്ങളും അവയിലൂടെ ലഭ്യമാകുന്ന കണ്ടെത്തലുകളും പലപ്പോഴും വിജ്ഞാനപ്രദവും അത്ഭുതാവഹവുമാണ്‌. സ്ത്രീകള്‍ക്കാണ്‌ പുരുഷന്മാരെക്കാള്‍ ബുദ്ധിയെന്ന്‌ ആരെങ്കിലും ഗവേഷണംനടത്തി കണ്ടുപിടിച്ചാല്‍ അടുത്ത ഗവേഷണത്തില്‍ ഫലം മറിച്ചാകും. കോഫിയോ അതോ ചായയോ മെച്ചം എന്ന്‌ ചോദിച്ചാല്‍ കോഫി ബോര്‍ഡ്‌ സ്പോണ്‍സര്‍ ചെയ്ത ഗവേഷകന്‍ പറയും, ചായ കുടിക്കാനെ പാടില്ലെന്ന്‌. മുട്ട ആരോഗ്യത്തിന്‌ ഗുണകരമെന്ന്‌ ഒരുകൂട്ടര്‍ പഠനഫലം നിരത്തുമ്പോള്‍ മഞ്ഞക്കുരുവില്‍ ഫൈബറില്ല, അതുകൊണ്ടു കഴിക്കാനെ പാടില്ലെന്ന്‌ വേറൊരു കൂട്ടര്‍. മൊബെയില്‍ റേഡിയേഷന്‍ മനുഷ്യന്റെ തലയോട്ടിക്കകത്ത്‌ കാന്‍സര്‍ ഉണ്ടാക്കുമെന്ന്‌ മൊബെയില്‍ കമ്പനിയില്‍നിന്ന്‌ ഓണറേറിയം കൈപ്പറ്റുന്ന ഒരു ഗവേഷകനും ഇന്നുവരെ കണ്ടെത്തിയിട്ടില്ല.
ഇങ്ങനെ വൈവിധ്യമാര്‍ന്ന ഗവേഷണങ്ങളും കണ്ടെത്തലുകളും ലഭ്യമാണെങ്കിലും ജനം അതൊന്നും കാര്യമാക്കാറില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തില്‍ ഇതിനൊക്കെ എവിടെ നേരം?

കേരള സംസ്ഥാനത്ത്‌ പലവിധ ബോര്‍ഡുകളും കോര്‍പ്പറേഷനുകളും ഉണ്ട്‌. ഇവകൊണ്ടുള്ള ഉപദ്രവങ്ങളും ഒട്ടും കുറവല്ല. ഉദാഹരണമായി വിദ്യുച്ഛക്തി ബോര്‍ഡിന്റെ കാര്യംതന്നെ എടുക്കാം. വിദ്യുച്ഛക്തിയെന്ന്‌ കേള്‍ക്കുമ്പോള്‍തന്നെ കിട്ടിയ ഇരുട്ടടിയോര്‍ത്ത്‌ ജനത്തിന്റെ നോട്ടം ആര്യാടന്റേതുപോലെ പതറും. കെഎസ്‌ആര്‍ടിസിയാണെങ്കില്‍ ‘വെള്ളാന’യെന്തെന്ന്‌ കുട്ടികള്‍ക്ക്‌ പറഞ്ഞു മനസിലാക്കിക്കൊടുക്കാനുള്ള ഒരു സ്ഥാപനം. അക്കൂട്ടത്തില്‍പ്പെട്ട മറ്റൊരു ബോര്‍ഡാണ്‌ സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്‌. ഇവര്‍ക്ക്‌ എന്താണ്‌ ആകെക്കൂടി പണിയെന്ന്‌ ചോദിച്ചാല്‍ ആര്‍ക്കും കാര്യമായി വിവരമില്ല. സഖാവ്‌ ഗൗരിയമ്മയോട്‌ ചോദിച്ച്‌ മനസിലാക്കാമെന്ന്‌ വിചാരിച്ചാല്‍ അവര്‍ക്ക്‌ കൊടുക്കാമെന്നേറ്റ 17 ബോര്‍ഡംഗങ്ങളില്‍ മൂന്നെണ്ണമേ കൊടുത്തുള്ളൂ. അതുകൊണ്ട്‌ അറിയില്ലെന്ന്‌ പറയും. ജനത്തിന്റെ വിവരദോഷം മാറ്റാന്‍ ഇതാ ജൈവബോര്‍ഡുതന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു.

ഇടവപ്പാതിക്കാലത്ത്‌ മത്സ്യങ്ങളുടെ പ്രജനനവും ബന്ധപ്പെട്ട്‌ നടക്കുന്ന പ്രതിഭാസമാണ്‌ ‘ഊത്തയിളക്ക’മെന്നും ഇക്കാലത്തുള്ള മത്സ്യബന്ധനം എന്നുവെച്ചാല്‍ ഊത്തപിടുത്തം നിരോധിക്കണമെന്നുമാണ്‌ ശുപാര്‍ശ. ‘ബൂത്തുപിടിത്തം’ എന്നു മാത്രം കേട്ട്‌ ശീലിച്ച ജനത്തിന്‌ പുത്തനറിവാണ്‌ ഊത്തപിടുത്തം.
ഇടവപ്പാതിയില്‍ പുഴകളില്‍നിന്നും ചാലുകളില്‍നിന്നും കൂട്ടത്തോടെ മത്സ്യങ്ങള്‍ അണ്ഡവുമായി നടത്തുന്ന ദേശാന്തരഗമനമാണ്‌ ഊത്തയിളക്കമെന്നും ഈ സമയത്ത്‌ മത്സ്യബന്ധനം നിരോധിക്കണമെന്നും ‘തീസിസ്‌’ എഴുതാന്‍ ജൈവബോര്‍ഡിന്‌ എന്ത്‌ ചെലവായെന്നും വ്യക്തമാക്കി.

ഇടവപ്പാതിയുടെ തുടക്കത്തിലുള്ള പെരുമഴക്കൊടുക്കം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമാണ്‌ ഊത്തയിളക്കമെന്ന്‌ കണ്ടെത്താന്‍ ഗവേഷണത്തിന്റെയോ ശുപാര്‍ശയുടെയോ ആവശ്യമില്ല. കൊടുംമഴയത്ത്‌ തലകീഴ്‌ പുതച്ചുമൂടി കിടക്കേണ്ട സമയത്ത്‌ആരെങ്കിലും മത്സ്യബന്ധനത്തിന്‌ പോകുന്നുണ്ടെങ്കില്‍ അതെന്തായാലും അത്യാഗ്രഹം കൊണ്ടാവില്ല. ജൈവവൈവിധ്യ ബോര്‍ഡിന്റെ വകയായി പാവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ മുതുകത്ത്‌ ഇതുകൂടി ഇരിക്കട്ടെ എന്നുള്ളതാണ്‌ ബോര്‍ഡിന്റെ ശുപാര്‍ശക്ക്‌ പിന്നില്‍.

ഊത്തപിടുത്തം നിരോധിക്കണമെന്നാവശ്യപ്പെട്ട നിലക്ക്‌, പുക നിരോധിച്ച, പുകവലി നിരോധിച്ച, ഹെല്‍മെറ്റില്ലാത്ത തല നിരോധിച്ച, പീഡനം നിരോധിച്ച സര്‍ക്കാര്‍ ഊത്തപിടിത്തവും നിരോധിക്കും. കനത്ത ഇടിമിന്നലിലും മഴയത്തും സംഭവിക്കുന്ന മത്സ്യങ്ങളുടെ ‘ദേശാന്തരഗമന’സമയത്ത്‌ നടത്തുന്ന ഊത്തപിടിത്തം തടയാന്‍ പോലീസിനെ നിയോഗിക്കാമെന്ന്‌ വെച്ചാല്‍ ഏത്‌ പോലീസാണ്‌ ആ സമയത്ത്‌ കിടക്കപ്പായ വിടുക, ബഹു. ജൈവ ബോര്‍ഡേ?

 കെ.എ. സോളമന്‍ Janmabhumi 29-12-2012

Sunday, 25 November 2012

സര്‍ഗ്ഗോത്സവം ചേര്‍ത്തല



ചേര്‍ത്തല: ചേര്‍ത്തല സര്‍ഗ്ഗത്തിന്റെ പന്ത്രണ്ടാമത് വാര്‍ഷികം 'സര്‍ഗ്ഗോത്സവം' നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല ഗവ. ടൗണ്‍ എല്‍.പി.എസ്സില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കെ.സി.രമേശന്‍ അധ്യക്ഷത വഹിച്ചു. വിദ്വാന്‍ കെ.രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു.

കഥാസാഹിത്യം സരോജിനി ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.എ.സോളമന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ പുറക്കാട്, സുബൈര്‍ പള്ളുരുത്തി, കെ.വി.ക്ഷമ, ഉല്ലല ബാബു, വെട്ടയ്ക്കല്‍ മജീദ്, എസ്. മുരളീധരന്‍, ഇ. ഖാലിദ്, മാരാരിക്കുളം വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

കവിയരങ്ങ് ഡോ. പള്ളിപ്പുറം മുരളി ഉദ്ഘാടനം ചെയ്തു. വെണ്മണി രാജഗോപാല്‍, ഓമന തിരുവിഴ എന്നിവര്‍ പ്രസംഗിച്ചു. രാജു കഞ്ഞിപ്പാടം, വൈശാഖ് പട്ടണക്കാട്, എന്‍.ചന്ദ്രന്‍ നെടുമ്പ്രക്കാട്, വിമല്‍രാജ്, ആര്‍.സതീശന്‍ ചെറുവാരണം, വൈരം വിശ്വന്‍, വിശ്വന്‍ വെട്ടയ്ക്കല്‍, ഗൗതമന്‍ തുറവൂര്‍, വി.എസ്. പ്രസന്നകുമാരി, പ്രസന്നന്‍ അന്ധകാരനഴി, വാരനാട് ബാനര്‍ജി എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. 

Saturday, 24 November 2012

കഥാസാഹിത്യം – കെ. എ. സോളമന്‍



Photo

“സാഹിത്യം” എന്ന് പറഞ്ഞാല്‍ കഥ, കവിത, നാടകം, ചിത്രകലാസ്വാദനം, രാഷ്ട്രീയലേഖനം, ഭാഷാവിമര്‍ശം, സഞ്ചാര സാഹിത്യം, സാഹിത്യനിരൂപണം, സിനിമാസ്വാദനം, സംഗീതസാഹിത്യം, ശാസ്ത്ര/വൈജ്ഞാനിക ലേഖനങ്ങള്‍, സാംസ്കാരികവിമര്‍ശം, നരവംശവിശകലനം എന്നിവ മുതല്‍ പാചകസാഹിത്യവും വരെയുള്ള വിശാല പ്രപഞ്ചമാണ്. 

സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. എന്നാല്‍ സംസ്കൃതപദത്തിന്റെ അതേ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമല്ലത്ത, ഭാവനാ എഴുത്തായ കവിത, കഥ, നോവല്‍, നാടകം തുടങ്ങിയവക്കാണ് ഈ വാക്ക് സാധാരണ മലയാളത്തിലും ഉപയോഗിക്കുന്നത്. 

ഇംഗ്ലീഷിലെ Literature എന്ന വാക്കിന് പകരമായി സാഹിത്യം എന്ന വാക്ക് ഉപയോഗിക്കുന്നു. എന്നാല്‍ Literature എന്ന ലാറ്റിന്‍ വാക്കിന് art of written work എന്നര്‍ത്ഥം. സാഹിത്യം കഥയാകുമ്പോള്‍ അത് മനുഷ്യ ജീവിതവുമായി കൂടുതല്‍ ഇഴചേര്ന്ന് നില്ക്കുന്നു. 

അച്ചടി സാഹിത്യവും ഇതര സാഹിത്യവും 

മലയാള സര്‍ഗവേദി സാഹിത്യവും ബ്ലോഗു സാഹിത്യവും അച്ചടി മാധ്യമ സാഹിത്യത്തിനു സമാന്തരമായി മത്സരിച്ചു സഞ്ചരിക്കുന്ന ഒരുകാലമാണിത്. ശ്രദ്ധിക്കപ്പെടുകയും വിലയിരുത്ത പ്പെടുകയും ചെയ്യാന്‍ പ്രാപ്തമായ ഗൌരവ പൂര്‍ണ്ണമായ മികച്ച രചനകള്‍ ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുകയാണ് . എഴുത്തിലും ശൈലിയിലും ഉള്ള യോഗ്യതക്കുറവല്ല, മറിച്ച് സാങ്കേതികമായ മറ്റു പരിമിതികള്‍ മാത്രമാണ് മുഖ്യ ധാരയിലെത്താന്‍ സര്‍ഗവേദികളിലെയും ഇന്റര്‍ നെറ്റിലെയും പ്രതിഭയുള്ള എഴുത്തുകാര്‍ക്ക് തടസ്സമാകുന്നത് എന്ന് അനുദിനം വരുന്ന ചില രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു .മുഖ്യധാരയില്‍ അനുഭവപ്പെടുന്ന കാല വിളംബം എന്ന കടമ്പ കൂടാതെ തങ്ങളുടെ കൃതികള്‍ ചൂടോടെ വായനക്കാരില്‍ എത്തിക്കാന്‍ കഴിയുന്നു എന്നതും ഈ മേഖലകള്‍ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നു .

ഇതോടൊപ്പം തന്നെ ‘മുഖ്യ ധാരയോ അതോ സര്‍ഗവേദി -ബ്ലോഗു സമാന്തര ധാരയോ മികച്ചത്, എന്ന തരത്തില്‍ ഇരു മേഖലകളിലും ഉള്ളവര്‍ നടത്തുന്ന ഹിത പരിശോധനകളും വാഗ്വാദങ്ങളും അതില്‍ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും കൂടിവരികയാണ്.

ബ്ലോഗില്‍ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു പരിധി വരെ സര്‍ഗവേദികളിലും ഈ സ്വാതന്ത്രിയമുണ്ട്. അതാണ് സാഹിത്യമെഴുതാന്‍ അറിയാമെന്കിലും ഇല്ലെങ്കിലും സര്‍ഗവേദികളില്‍ ന്പങ്കെടുക്കുവാനും ബ്ലോഗു തുടങ്ങാനും അതില്‍ തുടരാനും പ്രേരിപ്പിക്കുന്നത്. ഈ ഗുണം നിലനിര്‍ത്തിയാല്‍ തങ്ങളുടെ കഴിവുകള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും. 

ഇന്റെര്‍നെറ്റും ബ്ലോഗ് ബ്ലോഗ് എഴുതും പരിചയമില്ലാത്തവര്‍ക്ക് അവരുടെ കൃതികള്‍ അനുവാചകരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിന് അവസരം നല്‍കുന്നതാണ് കഴിഞ്ഞ 12 കൊല്ലമായി പ്രവര്‍ത്തിക്കുന്ന സര്‍ഗം പോളുള്ള സംഘടനകള്‍. ഇതര സങ്ഘടനകളായ ചേര്‍ത്തല പിറവി, ചേര്‍ത്തല സംസ്കാര, എസ് എല്‍ പുരം ആലോചന, പുന്നപ്രയിലെ മുഖമുദ്ര കമ്മുനികേഷന്‍സ് തുടങ്ങിയവയും എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കുന്നു. 

സര്‍ഗവേദികളിലും ബ്ലോഗെഴുത്തിലും സാഹിത്യമില്ല എന്ന് ആരോപിക്കുന്ന മുഖ്യധാരക്കാരോട് തര്‍ക്കിച്ചു വായിലെ വെള്ളം വറ്റിക്കുന്ന ഒരാവശ്യവുമില്ല. എഴുത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഫലപ്രദമായി തങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്നതാണു പ്രാധാന്യമര്‍ഹിക്കുന്നത്. 

സര്‍ഗസംഗമങ്ങളെ ഇഷ്ടപ്പെടുന്നവര്, ബ്ലോഗെഴുത്തിനെ സ്‌നേഹിക്കുന്നവര്‍ , വായനക്കാര്‍ ഇങ്ങനെ എല്ലാവരും കൂടിച്ചേര്‍ന്ന് നിര്‍വ്വഹിക്കുന്ന ഒരു സര്‍ഗ്ഗ പ്രക്രിയമുഖ്യധാര സാഹിട്യസൃഷിട്ക്ക് ഒട്ടും തന്നെ പിന്നിലല്ല. ഒരുപക്ഷേ എഴുത്തുകാരുടെയും ആസ്വാദരുടെയും പങ്കാളിത്തം കൂടുതല്‍ മുഖ്യധാരയിലെതിനെക്കാള്‍ ഈ മേഖലയിലാണ് കൂടുതല്‍ എന്നു പറയണം. 

കഥകളും കവിതകളും ലേഖനങ്ങളും മറ്റിതര കാര്യങ്ങളും എഴുതുന്ന നിരവധിപേര്‍ക്ക് എഴുത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സഞ്ചരിക്കുന്നത് കൃത്യമായ വഴികളിലൂടെയാണോ എന്ന കാര്യത്തില്‍ ഒരു ബോദ്ധ്യം വന്നിട്ടില്ല എന്ന് പലരും സ്വയം വിമര്‍ശനപരമായി തുറന്നു സമ്മതിക്കാറുണ്ട്. തിരുത്തല്‍ വരുത്താനുള്ള ആഗ്രഹം എത്രയോ അധികമായി നിലനില്‍ക്കുന്നുവോ അത്രയും എഴുത്തിന്റെ മേന്മയ്ക്ക് നല്ലത് എന്ന് കരുതാം . 

എഴുത്തിന്റെ ലക്ഷ്യം 

സര്‍ഗ വേദികളില്‍, ബ്ലോഗില്‍ നൂറുകണക്കിന് എഴുത്തുകാര്‍ ഉണ്ട് . ഓരോ ഓരോ ആഴ്ചയിലും ഇത്തരം വേദികളില്‍ എത്തുന്നവരുടെ ഹാജര്‍ പുസ്തകം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. .യുക്തിഭദ്രമായി യാഥാര്‍ത്ഥ്യ ബോധത്തോടെ ഭംഗിയായി എഴുതുന്നവര്‍ ഉണ്ട് .ഒട്ടും കാമ്പില്ലാതെ കഥയെന്നും കവിതയെന്നും ‘ പേരില്‍ വല്ലതുമൊക്കെ എഴുതി നിറയ്ക്കുന്നവരും കുറവല്ല . നന്നായി എഴുതാന്‍ കഴിയുന്നവരിലും അല്ലാത്തവരിലും പല തരം എഴുത്ത് പൊതുവേ കണ്ടു വരുന്നു . നല്ല ആശയവും നന്മ പകരുന്ന സന്ദേശവും നന്നായി അവതരിപ്പിക്കുന്നഒത്തിരിപേരെ സര്‍ഗാസംഗമങ്ങളില്‍ കാണാം 

നാം എഴുതുന്നത് എന്തിനു വേണ്ടിയാണ് എന്ന് കണ്ടെത്തിയാല്‍ ഇവയില്‍ ഒന്നാമത്തെ പ്രശ്‌നം പരിഹരിക്കപ്പെടും . പാശ്ചാത്യം ആയാലും പൌരസ്ത്യം ആയാലും സാഹിത്യത്തില്‍ പണ്ട് മുതലേ നടന്നു വരുന്ന ഒരു വലിയ തര്‍ക്കമാണ് കല അല്ലെങ്കില്‍ സാഹിത്യം എങ്ങിനെ ഉപയോഗിക്കപ്പെടണം എന്നത് .’കല കലയ്ക്ക് വേണ്ടി ‘ എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ , ‘കല ജീവിതത്തിനു വേണ്ടി ‘[ലോക നന്മയ്ക്ക് വേണ്ടി] എന്ന് മറുവാദവുംഉണ്ട്. 

1930 കളുടെ ഉത്തരാര്‍ദ്ധത്തില്‍ ലോകമാകമാനം പടര്‍ന്നു പിടിച്ച ജീവല്‍ സാഹിത്യ പ്രസ്ഥാനം സാമൂഹിക ഉച്ചനീചത്വങ്ങള്‍ അനുഭവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മാനവരാശിയുടെ ജീവിത പഥങ്ങളില്‍ പ്രകാശവും പ്രതീക്ഷയും നല്‍കിക്കൊണ്ട് അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്.. 

മലയാളത്തില്‍ ബഷീര്‍,കേശവദേവ് ,തകഴി ,പൊന്‍ കുന്നം വര്‍ക്കി , വി .ടി .ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ ആയിരുന്നു ജീവല്‍ സാഹിത്യ ശാഖയുടെ പ്രചാരകര്‍ .ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ജീവല്‍ സാഹിത്യം ബഹുദൂരം മുന്നോട്ടു കുതിക്കട്ടെ .നവ ലിബറല്‍ സിദ്ധാന്തങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്ന സമകാലിന ജീവിത സമസ്യകളില്‍പ്പെട്ടുഴലുന്ന ജനകോടികള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ഗവേദികള് മുന്നേറട്ടെയെന്നു ആശംസിക്കുന്നു 

പന്ത്രണ്ടാം വാര്‍ഷികമാഘോഷിക്കുന്ന ചേര്‍ത്തല സര്‍ഗത്തിന് സര്‍വവിധ മംഗളങ്ങളും! 

(25-12-2012-ല്‍ ചേര്‍ത്തല സര്‍ഗം വാര്‍ഷികദിനത്തില്‍ സാഹിത്യ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം.)

Wednesday, 21 November 2012

സിനിമാനടിയുടെ പ്രസവം



നടിയുടെ പ്രസവം ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചതിനെക്കുറിച്ച്  സ്പീക്കര്‍ ജി കാര്‍ത്തികേയനും മുന്‍ മന്ത്രി ജി സുധാകരനും  പ്രതികരിച്ചതിനോട് പൂര്‍ണമായും യോജിക്കുന്നു. തികച്ചും ആഭാസകരവും ഭാരതീയ സംസ്കാരത്തിന് യോജിക്കാത്തതുമായ നടിയുടെയും സംവിധായകന്‍റെയും പ്രവര്‍ത്തികളോടു സ്ത്രീസമൂഹം പ്രതികരിക്കാത്തത് സംയമനം കൊണ്ടാണ്. ഇത്തരം തീരെ തരംതാണ പ്രവര്‍ത്തികള്‍ക്ക് പ്രതികരണമല്ല, കരണത്തടിയാണ് വേണ്ടത്.
പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നുംതാന്‍ ഇത് രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നുവെന്നും നടി പറയുന്നതു അവിവേകം കൊണ്ടാണ്. കൊച്ചിനെ മുംബയില്‍ ഉപേക്ഷിച്ചിട്ടു പോരണമായിരുന്നോ എന്ന നടിയുടെ ചോദ്യത്തിന് ഭര്‍ത്താവെന്നും പറഞ്ഞു ഒരു മരങ്ങോടന്‍ കൂടെയുണ്ടായിരുന്നല്ലോ, അവനെ ഏല്‍പ്പിക്കാന്‍ മേലായിരുന്നോ അല്പനേരം, മുഖ്യമന്ത്രിയെ ക്കൊണ്ടു സ്റ്റേജില്‍ നിര്‍ത്തി കുഞ്ഞിനെ താലോലിപ്പിക്കേണ്ടകാര്യമുണ്ടായിരുന്നോ യെന്ന്ചോദിക്കാന്‍ തോന്നിപ്പോകുന്നു ?
“മനോഹരനിമിഷം” മാര്‍ക്കറ്റിങ് ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ ഷോകണ്ടു മറ്റ്നടികളും മഹത്വം വിളമ്പാന്‍ മുന്നിട്ടിറങ്ങണമെന്നാണോ നടിഉദ്ദേശിക്കുന്നത്?
നടിയുടെ പ്രസവം സംവിധായകന്‍  ഷൂട്ട് ചെയ്തു, ഒരു കച്ചവടമുതലാക്കി മാറ്റിയത് ജനത്തെ തീയേറ്ററില്‍ കേറ്റി കാശടിക്കാനാണ്, അവിടെ  മാതൃത്വത്തിന്റെ മഹത്വമില്ല,ഒരു മണ്ണാമ് കട്ടയുമില്ല. പലതും കണ്ട ജനം നടിയുടെ പ്രസവംകാണാന്‍  തീയേറ്ററില്‍ഇടിച്ചു കയറും എന്ന് ഉറപ്പാണ്. മറ്റു ആര് പ്രസവിക്കുന്നത് കാണിക്കുന്നതിലും കൂടുതല്‍ കളക്ഷന്‍ നടിയുടെ പ്രസവം കാണി ച്ചാല്‍ കിട്ടും  എന്നറിയുന്നതിന്അതിബുദ്ധിവേണ്ട.  

മാതൃത്വത്തിന്റെ മഹത്വവുംമക്കളോടുള്ള വാല്‍സല്യവും സ്വര്‍ണമുതലാളിമാര്‍വരെ വിറ്റുകാശാക്കുന്ന ഇക്കാലത്ത് വൈകൃതങ്ങള്‍ എത്ര വേണമെങ്കിലുമുണ്ടാകാം. അതിലൊന്നാണ് നാലു മൂവിക്കാമറവെച്ചു ഷൂട്ട് ചെയ്ത നടിയുടെ പ്രസവം. ഇതും പൊ ക്കിപ്പിടിച്ചു സംസ്കാരരാഹിത്യനടപടിക്കു  മുതിര്‍ന്നാല്‍ ചവുട്ടി നട്ടെല്ലൊടിക്കുകയാണു വേണ്ടത്.
എന്ത് വിറ്റാല്‍ കാശ് കിട്ടുംഎന്നതിനു  ഒരു മാതൃക കാണിക്കാന്‍സിനിമാസംവിധായകനും നടിക്കും കഴിഞ്ഞു. മാതൃത്വത്തിന്റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്ക് അത് മനസ്സിലാക്കികൊടുക്കാന്‍ ഇനിയും ചില തുണിയുരിയല്‍ നടിമാരും അവര്‍ക്കുപിന്നാലേ കാമറ യുമായി നടക്കുന്ന സിനിമക്കാരും വരും, അതുകൊണ്ടു ജനം ജാഗരൂകരായ് ഇരിക്കുകതന്നെ വേണം .
-കെ എ സോളമന്‍

Wednesday, 14 November 2012

കരീമിന് സ്തുതി



യു.ഡി.എഫ് സര്‍ക്കാരിന് ആന്റണിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ രൂക്ഷ വിമര്‍ശനം. കേരളത്തിലേക്കു പുതിയ കേന്ദ്രസ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ധൈര്യമില്ലെന്നു എ.കെ.ആന്റണി പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന്‌ അനുകൂലമല്ലെന്നും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്‌ തനിക്കു മികച്ച പിന്തുണ ലഭിച്ചിരുന്നുവെന്നും ആന്റണി പറഞ്ഞു. വികസന പദ്ധതികളെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മുന്‍ വ്യവസായ മന്ത്രി എളമരം കരീമും അകമഴിഞ്ഞ് പിന്തുണച്ചെന്നും ആന്റണി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയിലിരുത്തിയായിരുന്നു ആന്റണിയുടെ അഭിപ്രായപ്രകടനം.
കമന്‍റ്: കരിമീനോ കരീമോ? റിയല്‍ എസ്റ്റേറ്റ് വ്യവസ്സായത്തിന്റെ കാര്യത്തില്‍ കരീമും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നാണ് വിവരോള്ളവര്‍ പറയുന്നത്. അപ്പ്ളെങ്ങനെ കരീമിനുമാത്രം ഒരു സ്തുതി ?
-കെ എ സോളമന്‍ 

Saturday, 10 November 2012

ജൈവ നെല്‍കൃഷി റിസോര്‍ട്ടു വക!


Photo

അങ്ങനെ കൊയ്ത്തുത്സവവും റിസോര്‍ട്ട്‌ ഹോട്ടലിലായി. ഇക്കുറി കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ കൊയ്ത്തുത്സവം ആഘോഷിച്ചത്‌ മാരാരി ബീച്ച്‌ റിസോര്‍ട്ടിലാണ്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിയേഷ് കുമാറായിരുന്നു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്‌. . സഹകാര്‍മികത്വം പഞ്ചായത്ത്‌ മെമ്പര്‍ ജസ്സി അവര്‍കള്‍ക്ക്‌.  മാര്‍ക്സിസ്റ്റ്‌ സഖാക്കന്മാര്‍ക്ക്‌ പണ്ടായിരുന്നു റിസോര്‍ട്ടുകളോടും റിസോര്‍ട്ടു ഉടമകളോടും അലര്‍ജി. ഇപ്പോള്‍ ആരുമായും സമരസപ്പെടാന്‍ അവര്‍ പഠിച്ചിരിക്കുന്നു.

കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത്‌ ഒത്തിരി സായിപ്പന്മാരും അവരുടെ മദാമ്മമാരും കൊയ്ത്ത്‌ പഠിച്ചു. കൊയ്ത്തരിവാള്‍ പ്രത്യേകം ഓര്‍ഡര്‍ ചെയ്തു സായിപ്പന്മാരെ ഏല്‍പ്പിക്കുകയായിരുന്നു. നോര്‍വേയില്‍നിന്നും ഡെന്‍മാര്‍ക്കില്‍നിന്നുമുള്ള സായിപ്പന്മാര്‍. . അവരെല്ലാം കൊയ്ത്ത്‌ പഠിച്ചു. കുട്ടനാട്ടിലെ കൊയ്ത്തിന്‌ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ്‌ കൊയ്ത്തുത്സവത്തോട്‌ അനുബന്ധിച്ച്‌ റിസോര്‍ട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉദ്ഘാടകന്‍ പറഞ്ഞത്‌. . മാരാരി ബീച്ചില്‍ താമസിച്ച സായിപ്പന്മാര്‍ക്ക്‌ ജീവിതത്തില്‍ മറക്കാനാവാത്ത സംഭവമായിരുന്നു ഇതെന്ന്‌ മുഖ്യ സായിപ്പ്‌ പാദരിസന്‍ ലൈസ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സിര്‍പാളിന്‍ കുളത്തിലെ കരനെല്‍ കൃഷിക്ക്‌ ചെലവേറുമെന്നാണ്‌ റിസോര്‍ട്ട്‌ ഉടമയുടെ കണ്ടെത്തല്‍, അതായത്‌ ഒരു കിലോ നെല്ല്‌ കൃഷി ചെയ്തെടുക്കാന്‍  1000 രൂപയില്‍ കുറയാതാകും.

ഇങ്ങനെയൊക്കെയുള്ള ‘നടുവൊടിയും’ പണി ചെയ്യേണ്ടി വരുമെങ്കില്‍ താന്‍ അമേരിക്കയിലേക്കോ, ന്യൂസിലാന്റിലേക്കോ ടൂര്‍ പോകാനില്ലായെന്നാണ്‌ രാമന്‍ നായര്‍ പറയുന്നത്‌. . ന്യൂസിലാന്റിലാണെങ്കില്‍ നെല്‍കൃഷിയില്ല, പകരം ആപ്പിള്‍ കൃഷിയാണുള്ളത്‌. . ഒരു കുട്ട ആപ്പിള്‍ പറിച്ചു നിറച്ചാല്‍ അഞ്ച്‌ ന്യൂസിലാന്റ്‌ ഡോളര്‍ പ്രതിഫലം കിട്ടും. ആപ്പിള്‍ പറിക്കുന്ന പണി പരിശീലിക്കാമെന്ന്‌ വെച്ചാല്‍ തന്നെ അവിടത്തെ ഒരു പഞ്ചായത്തു നേതാവും തിരിഞ്ഞുനോക്കില്ല, വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒരു ചാനല്‍-  പത്രക്കാരനും  വരില്ല.

റിസോര്‍ച്ച്‌ കച്ചോടത്തിന്റെ പരസ്യം പത്രത്തില്‍ കൊടുക്കണമെങ്കില്‍ വന്‍തുക ചെലവാകും. ഇതു മാരാരി മുതലാളിക്കുംനന്നായ് അറിയാം. അതുകൊണ്ട്‌ കൊയ്ത്തുത്സവം എന്നൊക്കെ പറഞ്ഞു ഒരു തിമിലകളി നടത്തിയാല്‍ ചെലവില്ലാതെ വാര്‍ത്തയായി, പരസ്യമായി. ബ്ലോക്ക്‌ പഞ്ചായത്തു പ്രതിനിധിയെയും മാധ്യമക്കാരെയും ഒന്നു സല്‍ക്കരിക്കണം. അതിന്റെ ചെലവ്‌ നോര്‍വെ-ഡെന്‍മാര്‍ക്ക-ബ്രിട്ടന്‍ സായിപ്പന്മാര്‍ വഹിച്ചുകൊള്ളും. അവര്‍ക്ക്‌ പണമെന്നത്‌ പുളിങ്കുരു പോലെയാണ്‌.

പ്രശസ്ത കവി ചെമ്മനം ചാക്കോ പറഞ്ഞത്‌ എത്ര ശരി. കുളത്തിലിറങ്ങിയ പശുവിനെ കരയ്ക്ക്‌ കയറ്റിയത്‌ വാര്‍ത്ത, എന്നാല്‍ നന്നായി പഠിച്ച കുട്ടി ജില്ലയില്‍ ഒന്നാമതായാല്‍ അത്‌ വാര്‍ത്തയല്ല. ചെമ്മനം പറഞ്ഞു: "കാവ്യ സപര്യയ്ക്ക്‌ അരലക്ഷം രൂപാ സമ്മാനം ലഭിച്ചത്‌ വാര്‍ത്തയായില്ല, ചുളുവില്‍ ഒരു ബലാല്‍സംഗം സംഘടിപ്പിച്ചിരുന്നെങ്കില്‍ വന്‍ വാര്‍ത്തയാകുമായിരുന്നു". 
കവി ചെമ്മനത്തിന്റെ അഭിപ്രായത്തോട്‌ രാമന്‍ നായര്‍ക്ക്‌ പൂര്‍ണ യോജിപ്പ് . മാധ്യമശ്രദ്ധ നേടാന്‍ ബലാല്‍സംഗ വാര്‍ത്ത സൃഷ്ടിക്കണമെന്ന്‌ തന്നെയില്ല ചെമ്മനം മാഷേ.  പകരം കേരളത്തിലെ  അറിയപ്പെടുന്ന സ്ഥലങ്ങളായ പറവൂര്‍ , കോതമംഗലം എന്നിവിടങ്ങളില്‍ കൂടി വഴി നടന്നുവെന്ന്‌ ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനോട്‌ വിളിച്ചു പറഞ്ഞാല്‍ മതി. പിറ്റേന്ന്‌ മുതല്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വീട്ടുപടിക്ക്‌ മുന്നില്‍ ടെന്റ്‌ കെട്ടി താമസിക്കും!

- കെ.എ.സോളമന്‍