Wednesday, 22 October 2025

ഒരു മുതിർന്ന പൗരന്റെ അപേക്ഷ (repost)

#ഒരുമുതിർന്ന #പൗരന്റെ #അപേക്ഷ. കഥ- കെ എ സോളമൻ

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമാൻ കെ റ്റി ജലീൽ സാഹിബ്ബ് വായിച്ചറിയുന്നതിനും അനുകൂലമായ നടപടി സ്വീകരിക്കുന്നതിനും, ഒരു മുതിർന്ന പൗരനായ രാമൻ നായർ ബോധിപ്പിക്കുന്ന അപേക്ഷ.

തിരുരങ്ങാടി പി എസ് എം ഒ കോളജിൽ ഹിസ്റ്ററിപ്രഫസറായ അങ്ങേക്ക് ഇപ്പോൾ പ്രായം 52. കേരള സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായതിനാൽ ലീവിലാണെന്നും അറിയാം. രണ്ടു വർഷം കൂടി കഴിഞ്ഞ് മന്ത്രിസഭയുടെ കാലാവധി പൂർത്തിയാകുമ്പോൾ 54 വയസ്. അപ്പോഴും റിട്ടയർമെന്റ് പ്രായം ആകുന്നില്ല. തിരികെ ചെന്നു വീണ്ടും സർവീസിൽ പ്രവേശിക്കുന്നതിന് തടസ്സവുമില്ല. മറ്റധ്യാപകരെ പോലെ പിള്ളേരെ പഠിപ്പിച്ചോ കളിപ്പിച്ചോ  56 വയസ്സാകുന്നതുവരെ തുടരാം. സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി, കിഫ്ബിലേക്കുള്ള ആസ്തി വരവ് മുന്നിൽ കണ്ട്  ധനമന്ത്രി തോമസ് ജി ഐസക് ജിക്ക്‌  പെൻഷൻ പ്രായം അറുപതാക്കാൻ തോന്നിയാൽ  പിന്നെയും തുടരാം നാലു കൊല്ലം കൂടി ചരിത്ര പ്രഫസറായി.

അങ്ങയെക്കാൾ 10-15 കൊല്ലം പ്രായക്കൂടുതൽ ഉള്ള ആളാണ് ഞാൻ. നിലവിൽ ക്ഷീരകർഷകനാണ്, വരുമാനം തീരെ കുറവ്. മുഴവൻ മേൽവിലാസവും മൊബൈൽ നമ്പരും ഭാര്യ കാർത്യായനി പിള്ളയുടെ പേരിലുള്ള റേഷൻ കാർഡു നമ്പറും ഈ അപേക്ഷയുടെ അവസാനം കൊടുത്തിട്ടുണ്ട്

എന്തിനാണ് ഇങ്ങനെയൊരു അപേക്ഷ എന്ന് അങ്ങു സംശയിക്കുന്നുണ്ടാകും. അതിലേക്കാണ് വരുന്നത്.

അങ്ങയെപ്പോലെ ഹിസ്റ്ററി തന്നെയായിരുന്നു എന്റെ ഡിഗ്രി കോഴ്സിന്റെയും വിഷയം. 1973-ൽ ചേർത്തല എൻ എസ് എസ് കോളജിൽ നിന്നാണ് ഡിഗ്രി പാസ്സായത്. 3 വർഷം കൊണ്ടു തന്നെ ഡിഗ്രി പാസ്സായെങ്കിലും മൂന്നാം വർഷത്തെ ഡിഗ്രി പഠനം വളരെ ക്ളേശ പൂർണ്ണമായിരുന്നു. അതിന് മുഖ്യ കാരണം രണ്ടാം വർഷം എനിക്ക് ഇംഗ്ലീഷ് വിഷയം പാസ്സാകാൻ പറ്റാതിരുന്നതാണ്. ഇംഗ്ളിഷിന് ഞാൻ തോറ്റു പോയത് ശ്രമിക്കതിരുന്നിട്ടല്ല. ഷേക്സ്പീയറിന്റെ മക്ബത്ത് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടറും ലേഡി മാക്ബത്തിന്റെ ക്യാരക്ടറും ഒക്കെ പഠിച്ചോണ്ടു പോയതാണ്. പക്ഷെ അന്നു പേപ്പർ നോക്കിയ കോളജ് സാറന്മാർക്ക് എന്റെ ഇംഗ്ലീഷ് തീരെപിടിച്ചു കാണില്ല. അല്ലെങ്കിൽ തന്നെ ഈ കോളജ് സാറന്മാരെല്ലാം ഒരു പ്രത്യേക ക്ളാസാണ്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ അവർക്കാവില്ല. അവരുടെ ഒക്കെവിചാരം അവരൊഴിച്ച് വേറെ യാർക്കും ഇംഗ്ലീഷ് അറിയില്ല എന്നാണ്. അതു കൊണ്ട് കുട്ടികൾക്ക്‌ അവർ മാർക്കു കൊടുക്കാറില്ല. അവർ തന്നെ വല്ലപ്പോഴും തരുന്ന  ക്ളാസ് നോട്സ് അതേപടി, ഉത്തരക്കടലാസിൽ  പകർത്തി കൊടുത്താലും അവർ തരുന്ന പരമാവധി മാർക്ക് പത്തിൽ നാല്.  അവരുടെ കൂട്ടത്തിൽ ഒരാളെക്കൊണ്ട് എഴുതിച്ച് മറ്റൊരാളെക്കൊണ്ട് ഉത്തരക്കടലാസ് മൂല്യനിർണ്ണയം നടത്തിയാലും പരമാവധി  മാർക്ക് നാല് തന്നെ!

കേരളത്തിലെ കൂട്ടികൾക്ക് ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞു സെന്റൻസ് മേക്കിംഗ് മൊത്തം വെട്ടുന്ന ഒരു കോട്ടയം കാരൻ സാറിനെ പിന്നീട് പരിചയപ്പെടാൻ ഇട വന്നിട്ടുണ്ട്. ഉത്തരക്കടലാസിൽ ചുവപ്പു മഷി കൊണ്ടു വരയിട്ട് മർക്കു കുറച്ച സാറിനോട് ഉത്തരത്തിലെ തെറ്റ് എവിടെയാണെന്നു ചോദിച്ചപ്പോൾ പറഞ്ഞത് തഴത്തെ വരിയിൽ തെറ്റുണ്ട് എന്നാണ്‌. എന്നാൽ പിന്നെ അവിടെയല്ലേ വരയിടേണ്ടത് എന്നു ചോദിച്ചതിന്  " കൃത്യമായി വരയ്ക്കാൻ ഞാൻ ആശാരിയല്ല, ഇനി മുതൽ താൻ ക്ളാസിൽ കേറണ്ട " എന്നു പറഞ്ഞു എന്നെ ഇതികർത്തവ്യഥാ മൂഢനാക്കുകയായിരുന്നു സാറ് ചെയ്തത്.  ഇത് ഒറ്റപ്പെട്ട അനുഭവമല്ല.

എന്താ ചെയ്യുക, ഞാൻ പരീക്ഷയിൽ തോറ്റു. ജയിക്കാനുള്ള മാർക്ക് 105-ആയിരിക്കേ എനിക്ക് കിട്ടിയത് 101. നാലു മാർക്കിനാണ് തോറ്റത്.

തോറ്റ വിഷയം ജയിക്കാനായിരുന്നു പിന്നീടുള്ള പഠിത്തം. ചേർത്തലയിൽ തന്നെയുള്ള കുറുപ്പു സാറിന്റെ ട്വീട്ടോറിയലിൽ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നു. ഇത് മെയിൻ പഠനമായ ഹിസ്റ്ററിയെ സാരമായി ബാധിച്ചെങ്കിലും അടുത്ത സെപ്തംബറിൽ 120 മാർക്കു വാങ്ങി ഇംഗ്ലീഷ് നല്ല രീതിയിൽ പാസ്സായി. ട്യൂട്ടോറിയലിൽ പോയി പഠിക്കുന്നതിന് 150 രുപാ അന്ന്  ഫീസായി നൾകേണ്ടിയും വന്നു.

ട്യൂട്ടോറിയൽ കോളജിലേക്കുള്ള പോക്കും ബസ് യാത്രയും മറ്റു കഷ്ടപ്പാടുകളും പോട്ടെന്ന് വച്ചാൽ തന്നെ ഫീസായി കൊടുത്ത 150 രൂപ 1972-ൽ വലിയ തുകയാണു്.

കർഷക വികാസ് പത്ര പോലുള്ള സാമ്പാദ്യ പദ്ധതിയിൽ തുക നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് ഇരട്ടിക്കുന്ന ഒരു പദ്ധതി അന്നുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ 1972-ലെ 150 രൂപ ഇന്ന് 2019-ൽ ഏകദേശം ഒരു ലക്ഷത്തി പതിനാലായിരം രൂപായാകും. പണക്കണക്ക് അല്പം കൂടി ലളിതമാക്കിയാൽ അന്നത്തെ 150 രൂപയ്ക്ക് ഇന്ന് ഒരു ലക്ഷം രൂപയുടെ മൂല്യമുണ്ട്,

ഞാൻ പറഞ്ഞു വരുന്നത് ഇത്രേയുളളു.
പരീക്ഷയിൽ പാസ്സാകാൻ അർഹതയുള്ള എന്നെ നാലു മാർക്കിനാണ് അന്നു തോല്പിച്ചത്. അങ്ങായിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെങ്കിൽ എന്റെ അർഹത നേരിട്ടു കണ്ടു ബോധ്യപ്പെട്ടു 5 മാർക്കു കൂട്ടിത്തരുമായിരുന്നു. എനിക്ക് 150 രൂപ നഷ്ടം വരില്ലായിരുന്നു. അർഹരെ കണ്ടെത്തിയാൽ നിയമവും ചട്ടവും മുന്നും പിന്നും നോക്കില്ല എന്ന് അങ്ങ് ചാനലിൽ കേറി പറഞ്ഞതു ഞാൻ കണ്ടു.

കാലം കുറെ കഴിഞ്ഞതിനാലും പട്ടാമ്പി പുഴ കുറെ ഒഴുകിയതിനാലും അഞ്ചു മർക്കു ഇനി കൂട്ടിത്തരുന്നതിൽ വലിയ പ്രസക്തിയില്ല. പക്ഷെ എന്റെ അന്നത്തെ 150 രൂപക്ക് പകരമായ ഒരു ലക്ഷം രൂപാ തന്നു സഹായിച്ചാൽ അതു വളരെ ഉപകാരമാകും. ആയതിനാൽ ഒരു ലക്ഷം രൂപയ്ക്കു അർഹനായ എന്നെആ തുക തന്നു സഹിയിക്കണമെന്നു അപേക്ഷിക്കുന്നു.

ഈ പറഞ്ഞതൊക്കെ സത്യമാണോയെന്ന ന്യായമായ സംശയം അങ്ങേയ്ക്കു ഉണ്ടാവാം. അതിനും പരിഹാരമുണ്ട്. എന്റെ കൂടെ അന്നു പഠിച്ച സുഹൃത്ത് കോളജ് അധ്യാപകനായി റിട്ടയർ ചെയ്തതിന് ശേഷം ജില്ലയിലെ ചില സാംസ്കാരിക സദസ്സുകളിൽ പോയിരുന്നു ഉറക്കം തൂങ്ങുന്നുണ്ട്- തെളിവിനായി അദ്ദേഹത്തെ ഞാൻ അങ്ങയുടെ മുന്നിൽ ഹാജരാക്കാം. അദ്ദേഹം പറയും എല്ലാ സത്യവും. ഉപേക്ഷ വിചാരിക്കരത്, എനിക്കർഹരായ നഷ്ടപരിഹാരം ഒരു ലക്ഷം രൂപാ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ചു തരാൻ എത്രയും വേഗം നടപടിയുണ്ടാകണം
എന്ന്
വിശ്വസ്തൻ
രാമൻ നായർ (ഒപ്പ്)

കാലം കണക്ക് ചോദിക്കുമ്പോൾ - കഥ

#കാലം #കണക്ക്ചോദിക്കുമ്പോൾ - 
​ഭാഗം 1 1975 – ഡൊണേഷൻ്റെ കാലം.

​1975. ഓഗസ്ത് 1 കോളേജ് ഗേറ്റിൽ ഒരു വിറയലോടെ രാമൻനായർ നിന്നു. കൂടെ മകൻ രഘു. രഘുവിൻ്റെ നെഞ്ചിൽ 92 ശതമാനം മാർക്കിൻ്റെ 'ബ്ലാക്ക് ആൻഡ് വൈറ്റ്' അഭിമാനം. ലക്ഷ്യം ഒന്നു മാത്രം – ഫിസിക്സ് ഡിഗ്രി.

​പ്രിൻസിപ്പലിൻ്റെ മുറി. മേശപ്പുറത്ത് പുസ്തകങ്ങളുടെയും ഫയലുകളുടെയും ചെറിയ ഒരു ശേഖരം. പ്രിൻസിപ്പൽ സാർ കണ്ണടയുടെ മുകളിലൂടെ ഒന്നു നോക്കി.

​"എൻ്റെ മോൻ... നന്നായി പഠിക്കും സാർ! ഒരു അഡ്മിഷൻ, ഫിസിക്സ് ആണ്." രാമൻ നായർ വിനയത്തോടെ പറഞ്ഞു.

 'പഠിക്കും' എന്ന വാക്ക് കേട്ട് പ്രിൻസിപ്പൽ ചെറുതായി ഒന്നു മൂളി.
​"മാർക്ക്?" പ്രിൻസിപ്പലിന് വലിയ താല്പര്യമില്ലാത്തതുപോലെ. മാർക്കിന് വലിയ വിലയില്ലെന്ന്  ഭാവം.

​"പറയൂ  നിൻ്റെ മാർക്ക് എത്രയെന്ന്." പിതാവ് രഘുവിനോട് ആവശ്യപ്പെട്ടു.
​രഘു പ്രതീക്ഷയോടെ തലയുയർത്തി: "സാർ, സബ്ജക്റ്റിന് 450-ൽ 413 ഉണ്ട്. 92%."

​"ഓഹോ. എല്ലാവർക്കും നല്ല മാർക്കാണല്ലോ ഇപ്പോൾ. മാർക്കിലൊന്നും വലിയ കാര്യമില്ല." പ്രിൻസിപ്പൽ പേപ്പറിൽ നോക്കാതെ പറഞ്ഞു.

​രഘുവിൻ്റെ പ്രതീക്ഷയുടെ ബലൂൺ ശബ്ദമില്ലാതെ  പൊട്ടിയതുപോലെ. 

"ഇല്ല സാർ! ഒന്നാംറാങ്കുകാരന് 415 മാർക്കേ ഉള്ളൂ! മാർക്ക് ലിസ്റ്റ്  ഞാൻ കണ്ടതാണ് "

​രഘു ഇടയ്ക്ക് കയറി സംസാരിച്ചതു പ്രിൻസിപ്പലിന് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നു തോന്നി. 

​പ്രിൻസിപ്പൽ: " പയ്യൻ വിഷയം നന്നായി പഠിക്കുമെന്ന് തോന്നുന്നു. എന്തായാലും ഒരു അഡ്മിഷൻ തരാം. പക്ഷേ, മാനേജ്‌മെൻ്റ് ഫണ്ടിലേക്ക് 2000 രൂപ ഡൊണേഷൻ ഉണ്ട്. ഫീസ് കൂടാതെ."

​രാമൻ നായരുടെ വയറ്റിൽ ഒരു തണുപ്പ് കയറി. ഫീസ് എങ്ങനെയും അടക്കാം പക്ഷെ 2000 രൂപ? 20 രൂപ പോലും പെട്ടെന്ന് എടുക്കാൻ ഇല്ലാത്ത അവസ്ഥ!

​"സാർ,  അന്നന്ന് ജോലി ചെയ്തു കഴിയുന്നവനാണ് ഞാൻ! ഈ 2000 രൂപ എന്നെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്. അങ്ങ് മനസ്സുവെച്ചാൽ..."

 രാമൻനായരുടെ തൊണ്ട വരണ്ടു. കണ്ണുകൾ നിറഞ്ഞോ?

​പ്രിൻസിപ്പൽ: "നിങ്ങൾ ഇപ്പോൾ പോകു! അടുത്ത ആളെ വിളിക്കു!" ഒരു ദയയുമില്ലാത്ത പ്രിൻസിപ്പൽ പീയൂണിനോട് പറഞ്ഞു.

​നിരാശയുടെ ഭാരം പേറി അച്ഛനും മകനും പുറത്തിറങ്ങി. രഘു പിതാവിനെ നോക്കി:

 "സാരമില്ലച്ഛാ, എനിക്ക് പഠിക്കണമെന്നില്ല! ഞാനും നാളെ മുതൽ പണിക്ക് പോകാം. 

രാമൻ നായർ  മകനെ നോക്കിയില്ല. ഒരു നെടുവീർപ്പ് മാത്രം. ആ രാത്രി മുഴുവൻ അയാൾ ഉറങ്ങിയില്ല. ഡൊണേഷൻ എന്ന ഭീകര സ്വപ്നം മനസ്സിൽ നിന്ന് പോയില്ല.
​കൂട്ടുകാർ, പരിചയക്കാർ, ദൂരെയുള്ള ബന്ധുക്കൾ ' ഒരുദിവസം മുഴുവൻ നടന്നു.

 'ഉടൻ തരാൻ പണമില്ല' എന്ന മറുപടിയാണ്  എല്ലായിടത്തും കേട്ടത്. അവസാനം 800 രൂപ സംഘടിപ്പിച്ചു. ഒരു വല്ലാത്ത ഭാരം നെഞ്ചിൽ വെച്ച് പിറ്റേന്ന് രാവിലെ വീണ്ടും കോളേജിൽ.

​പ്രിൻസിപ്പൽ: "എന്താ? വീണ്ടും വന്നോ?"

​"അഡ്മിഷൻ, കുറച്ചു രൂപയുണ്ട്. വേറെ വഴിയില്ല, സാർ." 

രാമൻ നായർ വിറയ്ക്കുന്ന കൈകളോടെ കവർ നീട്ടി.
​പ്രിൻസിപ്പൽ കവർ തുറന്ന് പണം എണ്ണി. 800 രൂപ . പണം എണ്ണിത്തീർന്ന ശേഷം ഒന്നും മിണ്ടാതെ അത് പാന്റിൻ്റെ പോക്കറ്റിൽ തിരുകി. 

​അനന്തരം രഘുവിനെ നോക്കി. ആ നോട്ടത്തിൽ ഒരു വാത്സല്യത്തിൻ്റെ നേരിയ അംശം - ഒരുപക്ഷേ തൻ്റെ മകനെ ഓർത്തു പോയതാകാം.

പ്രിൻസിപ്പൽ പറഞ്ഞു " നീ, നന്നായി പഠിക്കണം. സമരം, ബഹളം, യൂണിയൻ ... ഇതിനൊന്നും പോകരുത്. പോയാൽ പഠനം അവിടെ അവസാനിക്കും. 

​"മനസ്സിലായി സാർ." അച്ഛനും മകനും തലകുനിച്ചു. രഘു നന്നായി പഠിച്ചു. പാസ്സായി. കാലം ആരെയും കാത്തുനിൽക്കാതെ കടന്നുപോയി.

​ഭാഗം 2: 2025 - കണക്കുതീർപ്പിൻ്റെ കാലം

2025, ഓഗസ്റ്റ്.
​പിതാവ് രാമൻ നായർ ഇന്ന് ജീവിച്ചിരിപ്പില്ല. രഘു (പഴയ രഘു, ഇപ്പോഴത്തെ രഘു സാർ) തൻ്റെ പൗത്രൻ അഭിലാഷിന് (മകൻ്റെ മകൻ) അഡ്മിഷൻ എടുക്കാൻ കോളേജിലെത്തി.
​പ്രിൻസിപ്പലിൻ്റെ കസേരയിൽ പഴയ പ്രിൻസിപ്പലിൻ്റെ മകൻ. ആ പഴയ മേശ, പഴയ അന്തരീക്ഷം.

​പുതിയ പ്രിൻസിപ്പൽ: "എന്താ വന്നത്?" 
ചോദ്യം പഴയത് തന്നെ

​രഘു സാർ: "ഡിഗ്രി ഫിസിക്സിന് അഡ്മിഷൻ. അപേക്ഷ സമർപ്പിച്ചതാണ്."

​പ്രിൻസിപ്പൽ പിയൂണിനെ വിളിച്ചു: "ഇവരെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി അഡ്മിഷൻ കൊടുക്കാൻ സൂപ്രണ്ടിനോട് പറയൂ. ഫിസിക്സ്!"

​ഓഫീസിൽ ഊഷ്മളമായ സ്വീകരണം! സൂപ്രണ്ട് പല വിശേഷങ്ങളും ചോദിച്ചു.
​"വേറെ കോളേജിൽ പോകരുത്. ഇവിടെ തന്നെ പഠിക്കണം." സൂപ്രണ്ട് അഭ്യർത്ഥന പോലെ പറഞ്ഞു.

​അഡ്മിഷൻ കിട്ടി സന്തോഷത്തോടെ തിരികെ വന്നപ്പോഴാണ് വീടിനടുത്തുള്ള മറ്റൊരു കോളേജിൽ നിന്ന് വിളി വന്നത്.

​"നിങ്ങളെന്താണ് വരാത്തത്? ഫിസിക്സിന് അഡ്മിഷൻ  ഓഫർ ലെറ്റർ അയച്ചതാണല്ലോ!"

​പുതിയ കോളേജിൽ ചെന്ന് വിവരങ്ങൾ തിരക്കി. അവിടത്തെ പ്രിൻസിപ്പൽ പറഞ്ഞു: "വേറെ കോളേജിൽ ചേർന്നതിൽ പ്രശ്നമില്ല. ടി.സി. വാങ്ങി ഇവിടെ വന്നാൽ മതി."

​അപ്പോൾ പ്രിൻസിപ്പലിന്റെ സമീപത്തിരുന്നചെറുപ്പക്കാരനായ ഒരദ്ധ്യാപകൻ  പറഞ്ഞു: 
"സ്റ്റുഡൻ്റിന് വേണ്ട അത്യാവശ്യ സാമ്പത്തിക സഹായങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്.. യാത്ര ചെയ്യാൻ സൈക്കിൾ, സ്റ്റേഷനറി, കാൻ്റീൻ ഫുഡ് ഫ്രീ, പോക്കറ്റ് മണി, സ്കോളർഷിപ്പ്... എല്ലാം ഞങ്ങൾ തരും!"

​രഘു സാർ അമ്പരന്നു.  1975-ൽ 2000 കൊടുക്കണം, 2025-ൽ കോളേജ് പണം ഇങ്ങോട്ട് നൽകും. അത് കൊള്ളാമല്ലോ'

​അദ്ധ്യാപകൻ തുടർന്നു: "ഇപ്പോൾ ഡിഗ്രി പഠനം 'FYUGP' ആണ്, മൾട്ടി ഡിസിപ്ലിനറി. ഫിസിക്സിനൊപ്പം മറ്റു വിഷയങ്ങളും പഠിക്കാം, വേണമെങ്കിൽ വിഷയങ്ങൾ മാറുകയും ആവാം. അതുകൊണ്ട് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പോലുള്ള വിഷയങ്ങൾ പഠിക്കാൻ ആളില്ല! കുറച്ചു പേരെങ്കിലും വരാൻ വേണ്ടിയാണ് ഈ ഓഫർ!"

​അദ്ധ്യാപകൻ്റെ ശബ്ദത്തിൽ നിരാശ. "ആരും പഠിക്കാൻ വന്നില്ലെങ്കിൽ ഞങ്ങളുടെ ജോലിയാണ് പോവുക! അതുകൊണ്ട് ദയവായി ടി.സി. വാങ്ങി ഇവിടെ വരണം. കൈയ്യിൽ നിന്ന് കുറച്ചു പണം പോയാലും ക്ലാസ്സുകൾ നടക്കുമല്ലോ!"

​രഘു സാർ (പഴയ രഘു) ഓർത്തു:
1975-ൽ, 800 രൂപ ഡൊണേഷൻ.
സ്വർണ്ണവില വർദ്ധനവ് വെച്ച് നോക്കിയാൽ ഇന്ന് അത് 2 ലക്ഷം!
കർഷക വികാസ് പത്ര നിക്ഷേപം വെച്ച് നോക്കിയാൽ 8 ലക്ഷത്തി ഇരുപതിനായിരം!

​രഘു സാർ തൻ്റെ പൗത്രൻ്റെ സൈക്കിളിന് കൊടുക്കാൻ പോകുന്ന പണവും, ഫീസ് ഫ്രീയും, പോക്കറ്റ് മണിയും ഓർത്തു. പണ്ട് മുടക്കിയ കാശിന് ഇതാ ഇന്ന് പലിശ സഹിതം ഒരു 'റിട്ടേൺ'. 

​രഘു സാർ മനസ്സിൽ ചിരിച്ചു: "പണ്ട് 2000 രൂപ ചോദിച്ചത് കണക്ക്. ഇന്ന് അവർ പതിനായിരം  തരാൻ തയ്യാറായതും കണക്ക്. കാലം കണക്ക് ചോദിക്കാതിരിക്കില്ല!"
​അതാണ് കാലത്തിൻ്റെ ഗതി. അല്പം കടുപ്പമുള്ളതും, അല്പം തമാശയുള്ളതുമായ ഒരു കണക്ക് പുസ്തകം.

-കെ എ സോളമൻ
ഫോട്ടോ: അഭിലാഷും രഘു സാറും

Monday, 6 October 2025

ചുവന്ന ചക്രവാളം -കവിത

#ചുവന്ന #ചക്രവാളം - കവിത
സന്ധ്യയിൽ നീലാംബരം ചുവന്നു തുടുത്തു,
എരിയുന്ന കനൽ, തീപിടിച്ച സ്വപ്നം.
സൂര്യനും ഭൂമിയും കണ്ടുമുട്ടുന്നിടത്ത്
ഊഷ്മളമാം ദിനത്തിൻ്റെ അവസാന ശ്വാസം.

തിളക്കത്തിൻ കീഴെ, ലോകം ശാന്തമാകുന്നു,
പ്രകൃതിയുടെ നെഞ്ചിൽ നീളെനിഴലുകൾ 
മേഘങ്ങൾ, തീജ്വാലകൾ പോലെ, 
ത്ധടിതിയിലും വീതിയിലും ഒഴുകുന്നു,
നക്ഷത്രങ്ങൾ മറഞ്ഞിരിക്കുന്ന ഒരു കടൽ.

കാറ്റ് മൃദുവായി വീശുന്നു, വായു കുളിർകോരുന്നു, നിശ്ചലമാണ്ചക്രവാളം 
എന്നിട്ടുമെന്തേ സമയം നിശ്ചലമാകുന്നില്ല?
വെളിച്ചത്തിൻ്റെ ആലിംഗനത്തിന് ഒരു ചുവന്ന വിടവാങ്ങൽ,
രാത്രി സ്വന്തം സ്ഥാനാരോഹണത്തിനായി പതുക്കെ .

ഈ ഹ്രസ്വപ്രകാശത്തിൽ, ഭൂമി നെടുവീർപ്പിടുന്നു,
വിടപറയുന്നതിന് മുമ്പ് ഒരു ക്ഷണിക ചുംബനം.
ചുവന്ന ചക്രവാളം എന്നെ അടുത്തേക്ക് വിളിക്കുന്നു,
നിശ്ശബ്ദമായ ഒരു വാഗ്ദാനം, സ്ഫടികം പോലെ വ്യക്തം.
കെ എ സോളമൻ

Friday, 19 September 2025

ഓർമ്മയുടെ തീരങ്ങളിൽ

ഓർമയുടെ തീരങ്ങളിൽ -കവിത - കെ എ സോളമൻ

ഓർക്കാനേറെയുണ്ട്.                  

 പക്ഷെ ഓർത്തു നോക്കാൻ ഭയം.       ഓർമ്മ വന്നാൽഉറക്കം ദൂരേയ്ക്ക് ഒഴുകിപ്പോകും,
രാത്രികൾ തീർന്നാലും തീരാത്ത യാത്രയായി.

നെഞ്ചിൽ തീ പടർത്തിയ
പ്രണയ നിമിഷങ്ങൾ,
കഥകളായും കവിതകളായും
സ്വപ്നങ്ങളായും ഇന്നും കൂടെയുണ്ട്
ദുഃഖവും ഭാവസാന്ദ്രവും ചുമന്ന്
ഒരു നിഴലായ് കൂട്ടിനൊപ്പം.

പഴയ കടലാസുകൾ, ഡയറിക്കുറിപ്പുകൾ,
വായിക്കരുതെന്ന് പറയുമ്പോഴും
വായിക്കാതെ വയ്യ,
വിധിയാകാതെ പോയ
സ്വപ്നക്കുരുക്കുകൾ
വീണ്ടും വിരിയുന്നു, രൗദ്രഭാവങ്ങളിൽ

പാടിയ വരികളിലും മധുരം,
പക്ഷെ പാടാതെ പോയവയിൽ
ഇനിയും വേദനിച്ചുനിൽക്കുന്ന രാഗം.
എഴുതിയ കഥകളിലും സൗന്ദര്യം,
പക്ഷെ എഴുതാത്തവയിൽ
അതിലേറെ നിശ്ശബ്ദ സുഗന്ധം.

എന്തിനുവേണ്ടി?
എഴുതണം, പാടണം, ഓർക്കണം?
എന്തെന്നാൽ അവയൊക്കെയാണ്
ജീവിതം
ഇന്നും ഹൃദയം പൊള്ളിക്കുന്ന
മൗനഗാഥകൾ.
- കെ എ സോളമൻ



Monday, 1 September 2025

മാധ്യമ നൈതികത

#മാധ്യമനൈതികത - ലേഖനം
മാധ്യമങ്ങൾ എന്നു പറയുമ്പോൾ പ്രധാനമായിട്ടും പത്രമാധ്യമങ്ങളുണ്ട് ദൃശ്യമാധ്യമങ്ങളുണ്ട്. പത്രമാധ്യമങ്ങളെ ഇവിടെ ചർച്ചയ്ക്ക് വിധേയമാക്കുന്നില്ല, കാരണം പത്രം വായിക്കുന്നവരുടെ എണ്ണം തീരെ കുറഞ്ഞുവരുന്നു. വായനക്കാർ തീരെ കുറവായതിനാൽ വായനക്കാരുടെ പംക്തിയും പ്രധാന പത്രങ്ങളിൽ കാണാറില്ല.

പ്രധാനപത്രങ്ങൾ ഇപ്പോൾ പരസ്യ നോട്ടീസുകളാണ്, നമ്മുടെ വീട് മുറ്റത്ത് ദിവസവുമെത്തുന്ന പരസ്യ നോട്ടീസ്. ഫ്രണ്ട് പേജ് പരസ്യത്തിന് താരിഫ് കൂടുതൽ ആയതിനാൽ പല പത്രങ്ങൾക്കും രണ്ടും മൂന്നും ഒന്നാം പേജുകളാണ്. അതുകൊണ്ട് പത്രങ്ങൾ വായിക്കുന്നവർ തന്നെ ചുരുങ്ങി, പത്ര വരിക്കാരും കുറഞ്ഞു. പത്രത്തിൽ വരുന്ന ഒരു പ്രാദേശിക വാർത്ത ആകെ കാണുന്നത് 100 പേരിൽ കൂടുതൽ വരില്ല.  അതിൽ കൂടുതൽ ആളുകൾ വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നുണ്ട്.  പത്രമാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് ഒരു ദിവസത്തെ കാലതാമസമുള്ളതിൽ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ഇംപാക്ട് അത്ര ഗുരുതരമാകാറില്ല

അതുകൊണ്ട് ഇവിടെ പ്രധാനമായും ചർച്ചയ്ക്ക് വിധേയമാക്കുന്നത് ദൃശ്യ വാർത്താ മധ്യമനൈതികതയാണ്

#ദൃശ്യമാധ്യമങ്ങൾ
ദൃശ്യമാധ്യമങ്ങളുടെ പ്രവർത്തനം ജനങ്ങളുടെ ആശങ്കകൾ വർദ്ധിപ്പിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്

കഴിഞ്ഞ കുറച്ച് കാലങ്ങളായി ദൃശ്യമാധ്യമങ്ങളുടെ പ്രവർത്തനം പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. വാർത്താ ചാനലുകൾക്ക് സമൂഹത്തിൽ വളരെ വലിയ സ്വാധീനമുണ്ട്. വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

 എന്നാൽ, ചിലപ്പോൾ ഈ സ്വാധീനം ദുരുപയോഗം ചെയ്യപ്പെടുന്നതായി കാണാം. തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, വ്യക്തിപരമായ ആക്രമണങ്ങൾ എന്നിവ സമൂഹത്തിൽ സ്പർദ്ധയും ഭിന്നിപ്പും ഉണ്ടാക്കുന്നു എന്നുള്ള  അഭിപ്രായത്തോട് പലർക്കും യോജിപ്പുണ്ടാകും. ഇത് വളരെ ഗൗരവമായ ഒരു വിഷയമാണ്.

#മാധ്യമങ്ങളുടെഉത്തരവാദിത്തം
​വാർത്താ മാധ്യമങ്ങൾ എന്നത് സമൂഹത്തിന്റെ നാലാം തൂണായിട്ടാണ് അറിയപ്പെടുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങൾ സത്യസന്ധവും നീതിയുക്തവുമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്. സർക്കാരിന്റെയും അധികാരികളുടെയും പ്രവർത്തനങ്ങളെ വിമർശനപരമായി വിലയിരുത്താനും അഴിമതിയും അനീതികളും പുറത്തുകൊണ്ടുവരാനും മാധ്യമങ്ങൾക്ക് വലിയൊരു ഉത്തരവാദിത്തമുണ്ട്. എന്നാൽ, വാർത്തകൾ അവതരിപ്പിക്കുമ്പോൾ അതിന്റെ സത്യസന്ധത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും, റേറ്റിങ്ങിനും കാഴ്ചക്കാരെ കൂട്ടുന്നതിനും വേണ്ടി വാർത്തകളെ വളച്ചൊടിക്കാനും സെൻസേഷണലിസത്തിന് പ്രാധാന്യം നൽകാനും മാധ്യമങ്ങൾ ശ്രമിക്കാറുണ്ട്.
ടിആർപി ( Telivison Rating Point) വർദ്ധിപ്പിക്കുക എന്നതാണ് ടിവി ചാനലുകളുടെ പ്രധാന ലക്ഷ്യം
ഇത്തരം പ്രവണതകൾ മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നു.

അതുകൊണ്ടുതന്നെ ​ഇതുമായി ബന്ധപ്പെട്ട്  ഉയർന്നു വരുന്ന ചില പ്രധാന പ്രശ്നങ്ങളുണ്ട്

#തെറ്റായവാർത്തകൾ (Fala news)
​വാർത്താ വിശകലനത്തിന്റെ പേരിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും.
​മതസ്പർദ്ധയും ഭിന്നിപ്പും: ചില ചാനലുകൾ പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് വാർത്തകൾ നൽകുന്നത് സമൂഹത്തിൽ വർഗീയ വിദ്വേഷം വളർത്താൻ കാരണമാകും. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് ഭീഷണിയാണ്.

#സാമ്പത്തികലക്ഷ്യങ്ങൾ: 
ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ചില മാധ്യമങ്ങൾ, ധാർമികതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യാൻ മടി കാണിക്കാറില്ല. പണത്തിനു വേണ്ടി എന്ത് വാർത്തയും നൽകാം എന്ന ചിന്ത സമൂഹത്തിന് ദോഷകരമാണ് 

പണ്ടൊക്കെ പീഡനമടക്കം ഒരു കുറ്റകൃത്യം നടന്നാല്‍ നേരേ പോലീസ് സ്റ്റേഷനിലേക്കാണ് പരാതി പറയാന്‍ കേരളത്തിലെ സ്ത്രീകള്‍ പോയിക്കൊണ്ടിരുന്നത്. ഇക്കാലത്ത് അവര്‍, പ്രത്യേകിച്ച് സിനിമാനടികളെന്ന് പറയപ്പെടുന്നവരും എഴുത്തകാരികളും ഫെമിനിസ്റ്റ് ചിന്താഗതിക്കാരും നേരേ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ മുന്നിലേക്കാണ് പോകുന്നത്. പരാതിക്കാരി സിനിമ നടി ആണെങ്കിൽ ചാനലുകൾ ആഴ്ചയോളം വാർത്ത ആഘോഷമാക്കും. സാമൂഹ്യദുരന്തം എന്നേ ഇതിനെ വിശേഷിപ്പിക്കാനാവു.

 പോലീസ് സ്റ്റേഷന്‍, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയ വ്യവസ്ഥാപിത ജുഡീഷ്യല്‍ , അര്‍ദ്ധ-ജുഡീഷ്യല്‍ സ്ഥാപനങ്ങളില്‍ ഇത്തരം പരാതിക്കാരികൾക്ക് വിശ്വാസമില്ല എന്നുവെച്ചാൽ ഭരിക്കുന്നവരിൽ വിശ്വാസമില്ല എന്നുവേണം കരുതാന്‍. മാധ്യമങ്ങള്‍ തങ്ങള്‍ക്ക് നീതി വാങ്ങിത്തരുമെന്ന തെറ്റായ വിശ്വാസമായിരിക്കാം ഇതിന് കാരണം.

നീതി ലഭിക്കുകയും കുറ്റവാളി ശിക്ഷിക്കപ്പെടുകയും ചെയ്തില്ലെങ്കിലും കാര്യം നാലാളറിയട്ടെ എന്ന ചിന്താഗതിയുമാകാം ചില സ്ത്രീകളുടെ ഇത്തരം സമീപനം കാരണം. 
പോലീസിലും കോടതിയിലും പോയാല്‍ കിട്ടാത്ത പബ്ലിസിറ്റി  ചാനലിലൂടെ കിട്ടുമെന്ന് ചില പരാതിക്കാരികൾ കരുതുകയും ചെയ്യുന്നു. ചാനലിൽ വ്യാജ പരാതികൾ ഉന്നയിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും ഇവിടെ നിയമ സംവിധാനം വേണം.

#നിയമനിർമാണത്തിന്റെആവശ്യകത
വ്യാജവാർത്തകളും വിദ്വേഷ പ്രസംഗങ്ങളും തടയാൻ കർശനമായ നിയമങ്ങൾ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിലവിൽ, ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യാൻ ചില വകുപ്പുകളുണ്ടെങ്കിലും, അവ പലപ്പോഴും ഫലപ്രദമല്ലാത്തതിനാൽ പുതിയ നിയമനിർമാണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കേണ്ടതുണ്ട്.

#സ്വതന്ത്രഏജൻസി
 തെറ്റായ വാർത്തകൾ കണ്ടെത്തി ശിക്ഷിക്കാൻ ഒരു സ്വതന്ത്ര ഏജൻസി രൂപീകരിക്കുക എന്നത് ഒരു പരിഹാരമാണ്. ഈ ഏജൻസിക്ക് വാർത്തകളുടെ സത്യസന്ധത പരിശോധിക്കാനും ആവശ്യമെങ്കിൽ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും അധികാരം നൽകണം. ഇതിനാകട്ടെ കാലതാമസവും പാടില്ല
.
#ഡിജിറ്റൽമാധ്യമനിയമങ്ങൾ: 
ടെലിവിഷൻ ചാനലുകൾക്കൊപ്പം, ഓൺലൈൻ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതിനാൽ ഈ മേഖലകളിലും ശക്തമായ നിയമങ്ങൾ ആവശ്യമാണ്.
​എന്നാൽ, നിയമനിർമാണം നടത്തുന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. കാരണം, മാധ്യമ സ്വാതന്ത്ര്യം ഒരു ജനാധിപത്യത്തിന്റെ ജീവനാണ്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെയും അതേസമയം, അവരുടെ ഉത്തരവാദിത്തം ഉറപ്പുവരുത്തിക്കൊണ്ടും വേണം നിയമങ്ങൾ ഉണ്ടാക്കാൻ.

​മാധ്യമങ്ങളുടെ നിലവാരം ഉയർത്തുന്നതിൽ പ്രേക്ഷകർക്കും വലിയ പങ്കുണ്ട്. തെറ്റായ വാർത്തകൾ നൽകുന്ന ചാനലുകളെ ബഹിഷ്കരിക്കാനും സത്യസന്ധമായ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങൾ തയ്യാറാകണം. അപ്പോൾ  പ്രേക്ഷകരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനും മര്യാദയാടെ പ്രവർത്തിക്കാനും മാധ്യമ സ്ഥാപനങ്ങളും നിർബന്ധിതരാകും.

​ഇത്തരം വിഷയങ്ങളിൽ പൊതുചർച്ചകൾ ഉണ്ടാകുന്നത് നല്ലതാണ്. ഇത് സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ഈ വിഷയത്തെ കൂടുതൽ ഗൗരവമായി കാണാനും ചർച്ച ചെയ്യാനും സമൂഹത്തെ പ്രേരിപ്പിക്കും.
-കെ എ സോളമൻ

Saturday, 16 August 2025

പ്രൊഫസർ എം കെ സാനു അനുസ്മരണം

#അനുസ്മരണക്കുറിപ്പ് 
അക്ഷരങ്ങളുടെയും സേവനങ്ങളുടെയും ജീവിതമായിരുന്നു പ്രഫ എം കെ സാനുവിന്റെത്.
കേരളത്തിലെ സാഹിത്യ, അക്കാദമിക്, സാമൂഹിക മേഖലകളിലെ ഉന്നത വ്യക്തിത്വം. പ്രൊഫസർ എം.കെ. സാനുവിന്റെ വിയോഗം വളരെ ദുഃഖത്തോടെയാണ് നാം എല്ലാവരും അറിഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമായി കരുതാം.
അദ്ദേഹത്തിന്റെ കൃതികളും ജീവിതവും അടുത്തറിഞ്ഞ എല്ലാവർക്കും ആഴത്തിൽ അനുഭവപ്പെടുന്ന ഒരു ശൂന്യത അദ്ദേഹത്തിൻറെ മരണം അവശേഷിപ്പിച്ചു. 

പ്രൊഫസർ സാനു ഒരു എഴുത്തുകാരനും വാഗ്മിയും എന്നതിലുപരി  ഒരു മികച്ച അധ്യാപകനായിരുന്നു, അറിവിന്റെയും സത്യത്തിന്റെയും അന്വേഷണത്തിനായി  ജീവിതം സമർപ്പിച്ച ഒരു ബൗദ്ധിക ഭീമൻ. മലയാള സാഹിത്യത്തിന്റെയും ചിന്തയുടെയും സമ്പന്നമായ രചനയെ തലമുറകൾക്കായി പ്രകാശിപ്പിച്ച ഒരു വഴികാട്ടി.

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും തത്ത്വചിന്തയെയും കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകൾക്ക് അദ്ദേഹം പ്രത്യേകിച്ചും ആദരിക്കപ്പെട്ടു, വാചാലവും സൂക്ഷ്മവും ഗവേഷണം ചെയ്തതുമായ രചനകളിലൂടെ എണ്ണമറ്റ വായനക്കാർക്ക് ഗുരുവിൻ്റ പ്രബോധനങ്ങൾ പ്രാപ്യമാക്കാൻ അദ്ദേഹം സഹായിച്ചു. 

ഒരു കോളേജ് പ്രൊഫസർ എന്ന നിലയിൽ, അദ്ദേഹം യുവമനസ്സുകളെ രൂപപ്പെടുത്തുകയും വിദ്യാർത്ഥികളിൽ സാഹിത്യത്തോടുള്ള സ്നേഹം വളർത്തുകയും ചെയ്തു, അവരിൽ പലരും പിന്നീട് പ്രമുഖ വ്യക്തികളായി മാറി.   "സാനു മാഷ്" എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പാരമ്പര്യം, സംസ്ഥാനത്തിന്റെ ബൗദ്ധിക ജീവിതത്തിൽ അദ്ദേഹം ചെലുത്തിയ ശാശ്വത സ്വാധീനത്തിന്റെ തെളിവാണ്. 

അക്കാദമിക്, സാഹിത്യ നേട്ടങ്ങൾക്കപ്പുറം, പ്രൊഫസർ സാനു സാമൂഹിക നീതിയോടുള്ള ആഴമായ ബോധ്യവും അചഞ്ചലമായ പ്രതിബദ്ധതയും ഉള്ള ആളായിരുന്നു. എം‌എൽ‌എ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം പൊതുസേവനത്തോടുള്ള  സമർപ്പണത്തിന്റെ പ്രതിഫലനമായിരുന്നു, മനുഷ്യാവകാശങ്ങൾക്കും സമൂഹത്തിന്റെ പുരോഗതിക്കും വേണ്ടിയുള്ള ഒരു സ്ഥിരമായ ശക്തിയായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയല്ല, മറിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി വാദിക്കുന്നതിനും പുരോഗതിയുടെയും സമത്വത്തിന്റെയും മൂല്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതിനാണ് അദ്ദേഹം തന്റെ വേദികൾ ഉപയോഗിച്ചത്. 

അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളുടെ ആഴം, പ്രചോദനാത്മകമായ പ്രസംഗം, സാമൂഹിക വിഷയങ്ങളിലെ അദ്ദേഹത്തിന്റെ തത്വാധിഷ്ഠിത നിലപാട് എന്നിവ അദ്ദേഹത്തിൻറെ കൃതികളിലൂടെ ഓർമ്മിക്കപ്പെടും.  

പുസ്തകങ്ങൾ എഴുതുമ്പോൾ തന്നെ സത്യസന്ധതയോടും വ്യക്തതയോടും നന്മയോടുള്ള സ്ഥിരമായ അഭിനിവേശത്തോടും കൂടി ജീവിതം നയിച്ച  മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാം ദുഃഖിതരാകുമ്പോൾ,നമ്മുടെ മുന്നിൽ തെളിയുന്നത് നന്നായി ജീവിച്ച ഒരു ജീവിതത്തെയും, വരും വർഷങ്ങളിൽ നമുക്ക്  പ്രചോദനം നൽകുന്നഒരു ജീവിതശൈലിയും ആണ് 

സാനു മാഷിനു പ്രണാമം.

Wednesday, 13 August 2025

സാമൂഹിക മാറ്റത്തിനായുള്ള ശബ്ദം

#സാമൂഹിക മാറ്റത്തിനായുള്ള ശബ്ദം.

ഇ. ഖാലിദ്,  പുന്നപ്ര കേരളത്തിലെ സാഹിത്യ-സാംസ്കാരിക രംഗത്ത് സുപരിചിതനായ വ്യക്തിയാണ്. കഴിഞ്ഞ അമ്പത് വർഷമായി അദ്ദേഹം എഴുത്തിലും പ്രസംഗത്തിലും സജീവമാണ്. പുസ്തകങ്ങൾക്കു പുറമെ, മലയാളത്തിലെ വിവിധ പത്രങ്ങളിൽ "എഡിറ്റർക്കുള്ള കത്ത്" എന്ന വിഭാഗത്തിൽ അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ച് വരുന്നു. പ്രത്യേകിച്ച് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന മംഗളം ദിനപത്രത്തിൽ,  ഖാലിദ് നിരന്തരം കത്തുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കത്തുകൾ കൂടാതെ ശ്രദ്ധേയമായ പല ലേഖനങ്ങളും ഖാലീദിൻ്റേതായിപത്ര പംക്തികളിൽ അച്ചടിച്ചു വന്നിട്ടുണ്ട്. പലപ്പോഴും അദ്ദേഹത്തോടൊപ്പം പങ്കുചേരാൻ എനിക്കും. സാധിച്ചിട്ടുണ്ട്


ഖാലിദിന്റെ എഴുത്തുകൾ എല്ലായ്പ്പോഴും സാമൂഹിക വിഷയങ്ങളെക്കുറിച്ചാണ്. അനീതിക്കെതിരെ ശബ്ദമുയർത്തുകയും സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സന്ദേശം നൽകുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇതുവരെ അദ്ദേഹം അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു, എല്ലാം സാമൂഹിക വിമർശനങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഏറ്റവും പുതിയ കൃതി "വർത്തമാനകാല ചിന്തകൾ " സാഹിത്യമിത്രം പ്രസിദ്ധീകരണം, കോഴഞ്ചേരി പ്രസിദ്ധീകരിച്ചിരിക്കുന്നു.


വർത്തമാനകാല ചിന്തകൾ – പുസ്തകത്തെക്കുറിച്ച്.

വർത്തമാനകാല ചിന്തകൾ 27 ചെറു ലേഖനങ്ങൾ/ പ്രതികരണൾ അടങ്ങിയ ഒരു ഗ്രന്ഥമാണ്. ഓരോ ലേഖനവും സമൂഹത്തെക്കുറിച്ചുള്ള ഖാലിദിന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളും ലളിതമായെങ്കിലും ശക്തമായ അവതരണശൈലിയും പ്രകടമാക്കുന്നു.

ആദ്യ ലേഖനമായ "മാനവികതയുടെ അണയാത്ത ദീപം" എന്നതിൽ പുന്നപ്രയിലെ പഞ്ചജാക്ഷ കുറുപ്പിനെക്കുറിച്ച് അദ്ദേഹം എഴുതുന്നു. സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച മഹാനായ സാമൂഹ്യ പരിഷ്‌ക്കാരകനായി കുറുപ്പിനെ അദ്ദേഹം ചിത്രീകരിക്കുന്നു. കുറുപ്പിന്റെ "അയൽ കൂട്ടം" എന്ന ആശയം പിന്നീട് കുടുംബശ്രീ, ഗ്രാമസഭ തുടങ്ങിയ പദ്ധതികളുടെ അടിസ്ഥാനമായി മാറിയതാവണം  . മാനവികതയ്ക്ക് പ്രധാന്യം കൊടുത്ത കുറുപ്പിന്റെ ദർശനത്തിന് ഖാലിദ് ഈ ലേഖനത്തിലൂടെ ആദരം അർപ്പിക്കുന്നു.


സമൂഹം, മതം, ഭരണകൂടം.


പുസ്തകത്തിലെ രണ്ടാമത്തെ ലേഖനം "സർക്കാരും സാധാരണ ജനങ്ങളും" എന്നതാണ്. ഇന്നത്തെ മാറിമാറുന്ന ലോകത്തിൽ സർക്കാരിന്റെ പദ്ധതികൾ സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലായിരിക്കണമെന്ന് അദ്ദേഹം ഉറച്ച നിലപാട് എടുക്കുന്നു. വികസനം എന്നത് വലിയ കെട്ടിടങ്ങളും റോഡുകളും മാത്രമല്ല, പൊതുജനങ്ങൾക്ക് നല്ല താമസം, ആരോഗ്യം, വിദ്യാഭ്യാസം, അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മൂന്നാമത്തെ ലേഖനത്തിൽ അദ്ദേഹം സംസാരിക്കുന്നത് മതം, വിശ്വാസം, അന്ധവിശ്വാസം എന്നിവയെക്കുറിച്ചാണ്. ഇവയുടെ അതിരുകൾ വളരെ ലോലണ്, പലരും ഇവയെപരസ്പരം ബന്ധപ്പെടുത്തി കാണുന്നുവെന്ന് അദ്ദേഹം പറയുന്നു. വിശ്വാസം മനുഷ്യരെ ധാർമ്മികമായി നയിക്കുമ്പോൾ, അന്ധവിശ്വാസം അവരെ അറിവില്ലായ്മയിലും ഭയത്തിലും കുടുക്കും. ചില സ്വാമിമാരും പുരോഹിതന്മാരും മതത്തെ പണമുണ്ടാക്കാനുള്ള മാർഗ്ഗമാക്കുന്നതിനെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിക്കുന്നു. മതത്തിന്റെ യഥാർത്ഥ ആത്മാവ് കരുണയും സത്യവും സേവനവുമാണെന്ന് ഖാലിദ് ഓർമ്മപ്പെടുത്തുന്നു.


ഗ്രാമ ലൈബ്രറികൾ – പുനരുദ്ധാരണം ആവശ്യമാണ്


ഗ്രാമീണ ഗ്രന്ഥശാലകളിൽ പരിഷ്കരണത്തിനുള്ള ആഹ്വാനം
പുസ്തകത്തിന്റെ അവസാനത്തിൽ എഴുത്തുകാരൻ പങ്കുവെയ്ക്കുന്നു, കേരളത്തിലെ ഗ്രാമീണ ഗ്രന്ഥശാലകളുടെ അവസ്ഥ നിലവിൽ തൃപ്തികരമല്ല.. ഈ ഗ്രന്ഥശാലകൾ ഒരുകാലത്ത് പഠനത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. അറിവ് പ്രചരിപ്പിക്കുന്നതിലും സമൂഹാത്മാവ് വളർത്തുന്നതിലും അവ ഒരു പ്രധാന പങ്ക് വഹിച്ചു. എന്നാൽ സമീപ വർഷങ്ങളിൽ, നിരവധി ഗ്രാമീണ ഗ്രന്ഥശാലകൾ രാഷ്ട്രീയ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായി. ഇത് സാഹിത്യ-സാംസ്കാരിക വികസനത്തിൽ നിന്ന് രാഷ്ട്രീയ പ്രചാരണത്തിലേക്ക് അവരുടെ ശ്രദ്ധ മാറ്റിയിരിക്കുന്നു.


ഇത് മാറണമെന്ന്  എഴുത്തുകാരൻ ശക്തമായി ആഗ്രഹിക്കുന്നു. സാഹിത്യത്തിലും സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും യഥാർത്ഥ താൽപ്പര്യമുള്ള ആളുകൾക്ക് ലൈബ്രറികൾ കൈമാറണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. അത്തരമൊരു നടപടി ലൈബ്രറികളെ അവയുടെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് പുനഃസ്ഥാപിക്കാനും അവയെ വീണ്ടും സമൂഹത്തിന് വിലപ്പെട്ട വിഭവങ്ങളാക്കി മാറ്റാനും സഹായിക്കും.

"വർത്തമാനകലാ ചിന്തകൾ " എന്നപുസ്തകം ഉപന്യാസങ്ങളുടെ ഒരു ശേഖരം മാത്രമല്ല, ഇത് നമ്മുടെ സമൂഹത്തിന് നേരെ ഉയർത്തിപ്പിടിച്ച ഒരു കണ്ണാടിയാണ്. ലളിതവും നേരിട്ടുള്ളതുമായ ഭാഷയിലൂടെ, ഖാലിദ് നമ്മൾ ദിവസവും കാണുന്നതും എന്നാൽ പലപ്പോഴും അവഗണിക്കുന്നതുമായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നു. മെച്ചപ്പെടുത്തലിനായി പ്രായോഗിക നിർദ്ദേശങ്ങൾ നൽകുകയും സത്യസന്ധത, സേവനം, മാനുഷിക അന്തസ്സ് തുടങ്ങിയ മൂല്യങ്ങളിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

വിദ്യാർത്ഥികൾക്ക്, ഈ പുസ്തകം ഒരു മികച്ച ഉറവിടമാകാം.  അസൈൻമെന്റുകൾ, സംവാദങ്ങൾ, ചർച്ചകൾ എന്നിവയ്ക്ക് പ്രസക്തമായ വിവിധ വിഷയങ്ങൾ ഈ ഉപന്യാസങ്ങളിൽ ഉൾക്കൊള്ളുന്നു. എഴുത്ത് മനസ്സിലാക്കാൻ എളുപ്പമാണ്, അതോടൊപ്പം അർത്ഥവത്തായ ചിന്തയ്ക്കും സംഭാഷണത്തിനും തിരികൊളുത്താൻ കഴിയുന്ന ആഴത്തിലുള്ള ഉൾക്കാഴ്ചകൾ അതിൽ അടങ്ങിയിരിക്കുന്നു.


വ്യക്തതയും ലക്ഷ്യവുമുള്ള എഴുത്തുകാരൻ


ഖാലിദിന്റെ കൃതികൾ വായിക്കുമ്പോൾ, വ്യക്തതയോടും ലക്ഷ്യബോധത്തോടും കൂടി അദ്ദേഹം എഴുതുന്നുവെന്ന് ഒരാൾക്ക് കാണാൻ കഴിയും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് ഓരോ ഉപന്യാസത്തിലും പ്രകടമാണ്. 

 ഒരു ചരിത്ര വ്യക്തിയെക്കുറിച്ച് ചർച്ച ചെയ്യുകയാണെങ്കിലും, സർക്കാർ നയങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയാണെങ്കിലും, മതത്തിന്റെ പങ്ക് വിശകലനം ചെയ്യുകയാണെങ്കിലും, അദ്ദേഹത്തിന്റെ ചിന്തകൾ എല്ലായ്പ്പോഴും  ഘടനാപരവും യുക്തിയുടെ പിൻബലമുള്ളതുമാണ്.

അദ്ദേഹത്തിന്റെ എഴുത്തിന്റെ മറ്റൊരു ശക്തി അതിന്റെ വ്യക്തമായ ശൈലിയാണ്. സങ്കീർണ്ണമായ വാക്കുകളോ അനാവശ്യമായ സാങ്കേതിക പദങ്ങളോ ചേർക്കുന്നില്ല. പകരം, ലളിതമായ മലയാള ഭാഷ ഉപയോഗിച്ചിരിക്കുന്നു, അതിനാൽ ഒരു വിദ്യാർത്ഥി, ഗ്രാമീണൻ, അല്ലെങ്കിൽ ഒരു പ്രൊഫഷണൽ എന്നിങ്ങനെ ആർക്കും സന്ദേശം വായിക്കാനും മനസ്സിലാക്കാനും കഴിയും. ഈ ഗുണം അദ്ദേഹത്തിന്റെ കൃതികളെ വിശാലമായ പ്രേക്ഷകർക്ക് പ്രാപ്യമാക്കുന്നു.

ഇ.ഖാലിദ് പുന്നപ്ര ഒരു എഴുത്തുകാരൻ മാത്രമല്ല, ഒരു ചിന്തകനും പരിഷ്കർത്താവും സാംസ്കാരിക പ്രവർത്തകനുമാണ്. തന്റെ പുസ്തകങ്ങളിലൂടെയും പതിവ് പത്ര സംഭാവനകളിലൂടെയും അദ്ദേഹം നിരന്തരം പ്രധാനപ്പെട്ട സാമൂഹിക ചോദ്യങ്ങൾ ഉന്നയിക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.  അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ 'വർത്തമാനകാല ചിന്തകൾ' 27 ചിന്തോദ്ദീപകമായ ലേഖനങ്ങളിലൂടെ ഈ പാരമ്പര്യം തുടരുന്നു.

സമൂഹം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഖാലിദിനെപ്പോലുള്ളവരുടെ ശബ്ദങ്ങൾ പ്രധാനമാണ്. നാം മുറുകെ പിടിക്കേണ്ട മൂല്യങ്ങളെയും, നാം ആവശ്യപ്പെടേണ്ട പരിഷ്കാരങ്ങളെയും, നാം വളർത്തിയെടുക്കേണ്ട സമൂഹങ്ങളെയും കുറിച്ച് അവ നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് കരുതലുള്ള ഏതൊരാളും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. 

അർത്ഥവത്തായതും പ്രചോദനാത്മകവുമായ ഇത്തരമൊരു കൃതിക്ക് ഇ. ഖാലിദിന് അഭിനന്ദനങ്ങൾ.!

- കെ എ സോളമൻ