Friday, 24 August 2018

ഇതാണാ രേഖ! - കഥ -കെ എ സോളമൻ

തിരുമേനിയുടെ വിശ്വസ്തനാണ് അലിക്കുഞ്ഞ്, മന:സാക്ഷി സൂക്ഷിപ്പുകാരൻ.

ആ ക്രിക്കച്ചവടമാണ് തൊഴിൽ. സാമാനങ്ങൾ സൂക്ഷിക്കാൻ പീടീകകൾ ലോകമെമ്പാടും. ചൈനയിൽ പത്തെണ്ണമുണ്ട് , ജപ്പാനിൽ പുതിയ അഞ്ചെണ്ണം ഉടൻ തുടങ്ങും. സൗദിയിൽ പണ്ടേ കച്ചോടമുണ്ട്. അവിടത്തെ രാസാവുമായി നല്ല മൊഹബത്തും . അലി ദൈവത്തിന്റെ നാട്ടിലെത്തുമ്പോൾ തിരുമേനിയെ കാണാതിരിക്കില്ല.

" ഇതാര് അലിയോ? കേറി വരുക ഇങ്ങട്. ദുഫായിൽ എങ്ങനൊക്കെയുണ്ട്, ആ ക്രികളെല്ലാം ഓടുന്നുണ്ടാ?" ചാരു കസാലയിൽ കിടന്നു കൊണ്ടുതിരുമേനി ചോദിച്ചു.

അലി: " തിരുമേനിടൊക്കെ സഹായോള്ളതുകൊണ്ടു കൊഴപ്പോല്ല. ജപ്പാനിലെ കാര്യത്തിന്റെ തിരക്കിലാ"

" കൊള്ളാം, ഇബിടുത്തെ കാര്യോല്ലാമറിഞ്ഞില്ലേ. മലവെള്ളം കേറി എല്ലാം കൊളായി "

'' അറിഞ്ഞു തിരുമേനി, രാസാവു ചോദിക്കയും ചെയ്തു"

" ഏതു രാജാവ് ?"

" സൗദി രാജാവ്, പെരുത്തിഷ്ടമാ തിരുമേനിയെ, എന്തേലും വേണേൽ ചോദിച്ചാൽ മതി"

" ഉവ്വോ, എത്ര വരെ ചോദിക്കാം. 5 കോടി "

" എന്താ കഥ , അബിടെ കായ് പുളീന്റെ കുരുപോലെയല്ലേ, തിരുമേനി "

" അപ്പാ ഒരു 10 കോടി ചോദിക്കാല്ലേ?"

" 100 മില്യൺ ഡോളർ ചോദിക്കാം തിരുമേനി "

" അത് എത്ര ഉറുപ്പിക വരും അലി?"

" ഒരു ഡോളർ 70 ഉറുപ്പിക വരും തിരുമേനി, മില്യൺ എന്നു വെച്ചാൽ 10 ലക്ഷം. അപ്പോ ആകെ 70000 ലക്ഷം ഉറുപ്പിക, 700 കോടി. 700 കോടിയിൽ ഉറപ്പിക്കട്ടെ തിരുമേനി? "

" കിട്ടുമോ? എന്നാ പിന്നെ ഒറപ്പിച്ചോളിൻ. ഇവിടെ ഒന്നും കിട്ടീല്ലെന്നും പറഞ്ഞു കുറെയെണ്ണം ഇരുപ്പുണ്ട്. എല്ലാറ്റിനും കൊടുത്തേക്കാം"

" ഞാൻ ഏറ്റു തിരുമേനി. ചാനൽ കാരോടു പറഞ്ഞോളൂ"

തിരുമേനി പ്രസ്താവന ഇറക്കിയതോടെ നാട്ടിൽ എമ്പാടും തല്ലു പിടുത്തം ആരംഭിച്ചു. തിരുമേനിക്ക് നേരിട്ടു പണം വാങ്ങാൻ റൈറ്റില്ലെന്നു ഒരു കൂട്ടർ. ഉണ്ടെന്നു മറ്റൊരു കൂട്ടർ. സൗദി രാജാവിനും പൊറുതിമുട്ടി .  സൗദി അംബാസഡർ ഇടപാട് നിഷേധിക്കയും ചെയ്തതോടെ തിരുമേനി വല്ലുണ്ടുവെട്ടിലുമായി.

തിരുമേനി അലിയെ വിളിച്ചു.
" രേഖ കിട്ടുമോ അലി, 700 കോടിയുടെ "

അലി: " എന്തുരേഖ തിരുമേനി?  എന്റെ വാടസ് ആപ് ആദ്യംതിരുമേനി നോക്ക്. ചാനൽകാർ രേഖ ചോദിക്കുമ്പോൾ പടത്തിൽ കാണുന്നതുപോലെ വലതു കൈ മേലോട്ടു പൊക്കണം.  എന്നിട്ടിങ്ങനെ പറയണം
" ഇതാണാ രേഖ, അതോടെ ശുഭം "

                      * * * * * *

Thursday, 9 August 2018

ശമനം - കഥ

"ടീ, കുറത്തീ. . . "

" ദേ പറഞ്ഞേക്കാം, വേല വേണ്ട. തിരുമേനിക്ക് എന്തിന്റ സുക്കേടാ, എനിക്കൊരു പേരൊണ്ട്, കല്യാണി, അങ്ങന വിളിച്ചാ മതി"

രാമൻ നായർ " പോട്ട കല്യാണി, തമാശിച്ചതല്ലേ, അതുപോട്ട്, ഇപ്പഴും പഴയതുപോലക്കത്തന്നയാ?"

കല്യാണി: എന്തോന്ന്?

"അല്ല, വിഷമം തോന്നുമ്പോൾ കുറേ കക്ക വാരിട്ടങ്ങു നീറ്റുന്ന പണി.  അതിന്റെ ആവീം ചൂടും പൊകേംഏല്ക്കുമ്പോൾ അമ്മിണി ഉമ്മിണി വിഷമമൊക്കെ തീരുമെന്ന് നീ പറഞ്ഞതേ "

"അതൊക്കെ വിട്ടു തിരുമേനി. നീറ്റാനിപ്പോ കായലിൽ എവിടാ കക്കാ? ഹൗസ് ബോട്ടുകാരെല്ലാം ചേർന്നു ഒള്ള മണ്ണണ്ണേം ഡീസലുമൊക്കെ  കലക്കിയതിപ്പിന്നെ കായലിൽ  കക്കേയില്ല, മീനുമില്ല"

" അപ്പോ, എന്താണൊരുവഴി?"

"വഴിയെന്നതാണെന്നു ചോദിച്ചാൽ തൊഴിലുറപ്പിനു പോകും. അല്ലറ ചില്ലറ പണിയൊക്കെ ചെയ്തു രണ്ടറ്റവും മുട്ടിക്കും "

" അതല്ല കല്യാണി, വിഷമം മാറ്റാൻ?"

" അതോ, തിരുമേനിക്ക് അതും ഞാൻ പറഞ്ഞു തരണം ല്ലേ? പുതിയ പുസ്തകത്തിന്റെ രണ്ടു താളു വായിക്കും. എന്നിട്ട് അതു കീറി അടുപ്പിൽ തീ പിടിപ്പിക്കും. അതിന്റെ പുക കൊള്ളുമ്പോൾ വല്ലാത്തൊരുശമനം"

" ഏതു പുസ്തകം?"

" മീശ "
                 -- - - - - - - -
- കെ എ സോളമൻ

Thursday, 12 July 2018

അഴിമതിനിയമനം

മൂല്യങ്ങളെക്കുറിച്ച് വാചാലമാകുന്നവർ മൂല്യങ്ങൾ കാറ്റിൻ പറത്തുന്ന കാലം. വിജ്ഞാപനവും റാങ്ക് പട്ടികയും അട്ടിമറിച്ച് സി.പി.എം എം.എല്‍.എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ കരാര്‍ നിയമനം കൊടുത്തത് തെളിവ്. തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്‍റെ ഭാര്യ സഹല ഷംസീറിനാണ് സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം നല്‍കിയത്. സര്‍വകലാശാലയുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ആദ്യ റാങ്ക് നേടിയ ഉദ്യോഗാർത്ഥി.

കണ്ണൂര്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് കരാര്‍ അധ്യാപകരെ ക്ഷണിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിനാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. അധ്യാപന പരിചയം, ദേശീയ - അന്തര്‍ ദേശീയ തലത്തിലുളള സെമിനാര്‍ പ്രസന്‍റേ‍ഷന്‍, പ്രസാധനം എന്നിവയെ അടിസ്ഥാനമാക്കി ജനറല്‍ കാറ്റഗറിയിലാണ് നിയമനമെന്നായിരുന്നു വിജ്ഞാപനം. ജൂണ്‍ 14ന് നടന്ന അഭിമുഖത്തില്‍ എം.എല്‍.എയുടെ ഭാര്യയും മറ്റൊരു അധ്യാപികയായ ബിന്ദുവും മാത്രമാണ് പങ്കെടുത്തത്. 2015 മുതല്‍ ഇതേ വിഭാഗത്തില്‍ കരാര്‍ ജീവനക്കാരിയായിരുന്ന ബിന്ദുവായിരുന്നു റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ നിയമനം നല്‍കിയതാവട്ടെ, എം.എല്‍.എയുടെ ഭാര്യക്കും.

ഷംസീറിന്റെ ഭാര്യ ഷഹല ഷംസീറിന് വേണ്ടി സര്‍വകലാശാല ഒത്തുകളിച്ചത് അങ്ങേയറ്റം അപലപനീയം

ഉദ്യോഗാർത്ഥികളുടെ സ്വാധീനം അനുസരിച്ച് വേക്കൻസികൾ നിർണ്ണയിക്കന്നതിൽ സർവ്വകലാശാലകളിൽ തട്ടിപ്പുകൾ അരങ്ങേറാറുണ്ട്. അതിനു തെളിവാണ് ഡിപ്പാർട്ട്മെന്റ് സംവരണത്തിനു പകരം സർവ്വകലാശാലയിലെമൊത്തം അധ്യാപകർക്കുമായി സംവരണം നിശ്ചയിക്കന്നത്. ഡിപ്പാർട്ടുമെന്റ് മ്പംവരണം ഒഴിവാക്കിയാൽ ചില വകുപ്പുകളിൽ ഇതര ജാതിയിൽ പെട്ട അധ്യാപകരാരും ഇല്ലാതെവരും. ഇത്തരം നീക്കങ്ങൾ സ്വന്തക്കാരെ തിരുകിക്കയറ്റാൻ അധികാരിവർഗ്ഗം നടത്തുന്ന തിരിമറിയാണ്. പക്ഷെ, നോട്ടിഫിക്കേഷൻ ഇറക്കിക്കഴിഞ്ഞാൽ അതിൽ മാറ്റം വരുത്തുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യം.

രണ്ടു പേര് പങ്കെടുത്ത നിയമനത്തില്‍ ഒന്നാം റാങ്കുകാരിയായ ബിന്ദുവിനെ ഒഴിവാക്കി വിജ്ഞാപനം തിരുത്തുകയും ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയെന്നും ചെയ്തത് അഴിമതിയാണ്
ഷംസീറിന്റെ ഭാര്യ ഷഹല ഷംസീറിനു വേണ്ടി സര്‍വകലാശാല ഒത്തുകളിച്ചതിന്നുപിന്നിൽ സർവ്വകലാശാല അധികാരികൾക്കും രാഷ്ട്രീയ നേതൃത്വത്തിന്നും പങ്കുണ്ട്.

അദ്ധ്യാപക തസ്തികയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ച ആളെ ഒഴിവാക്കിയ തെറ്റായ നടപടി വിദ്യാഭ്യാസ വകപ്പ് ഇടപെട്ട് തിരുത്താൻ ആവശ്യപ്പെടേണ്ടതായിരുന്നു. സ്വയംഭരണ സ്ഥാപനമായ സർവ്വകലാശാലയിൽ ഇടപെടാൻ പറ്റില്ലായെന്നതാണ് സർക്കാരിനറ വാദമെങ്കിൽ ഒന്നാം റാങ്കുകാരിയോടുള്ള നീതി നിഷേധം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ രണ്ടാം റാങ്കുകാരിയുടെ നിയമനം അസാധുവാകുമെന്ന് സർക്കാരിന് സർവ്വകലാശാലയെ ഉപദേശിക്കാമായിരുന്നു. ഏതു കാര്യത്തിനും നീതിനിർവഹണം നടന്നു കിട്ടാൻ ജനങ്ങൾ കോടതിയെ സമീപിക്കുകയെന്ന സാഹചര്യം ഒരു ജനകീയ സർക്കാരിന് ചേർന്നതല്ല.

കെ എ സോളമൻ

Friday, 29 June 2018

നടിമാർ വിധിച്ചു, മന്ത്രിമാർ പിന്തുണച്ചു.

റീമാ കല്ലുങ്കലും ഭർത്താവു ആഷിക് അബുവും ചേർന്ന് പോളിറ്റ് ബ്യൂറോ ഹൈജാക്ക് ചെയ്ത ലക്ഷണമുണ്ട്. ഇടതു എം പി ഇന്നസെന്റ്, എം എൽ എ മുകേഷ്, അനഭാവി എം എൽ എ യും മാപ്പിസ്റ്റുമായ കൊട്ടാരക്കര ഗണേശൻ തുടങ്ങിയ അമ്മ അംഗങ്ങളെല്ലാം മാർക്സിസ്റ്റു പാർട്ടിക്കുവേണ്ടി ഇത്രയും നാൾ വെള്ളം കോരിയതു വെറുതെയായി. ധനമന്ത്രി തോമസ് ഐസക്. മരാമത്തുമന്ത്രി സുധാകരകവി തുടങ്ങിയവരെല്ലാം അമ്മയെ തള്ളിപ്പറഞ്ഞു റീമാ കല്ലുങ്കലിനൊപ്പം ചേർന്നു അവൾക്കൊപ്പം, ഇരക്കൊപ്പം എന്നൊക്കെ പ്രസംഗിക്കുകയും  പ്രസ്താവന ഇറക്കുകയു ആണ്.

അമ്മ പ്രസിഡന്റായി മോഹൻലാൽ വന്നതിലെ അമർഷമാണ് അവൾക്കൊപ്പം ചേർന്ന്, ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബി-ജെ പി യോടു ആഭിമുഖ്യമില്ലെന്നും തനിക്കു സി പി എമ്മിൽ ചേരാൻ താല്പര്യമുണ്ടെന്നും മോഹൻലാൽ പറഞ്ഞാൽ അവൾ പോകാൻ പറ, ഞങ്ങൾ അവനൊപ്പമെന്ന് ഈ നേതാക്കൾ പറയുകയും ചെയ്യും.

നടി ഏതെന്നു എല്ലാവർക്കുമറിയാ മെങ്കിലും അക്രമിക്കപ്പെട്ട നടിയുടെ പേര് പുറത്തു പറയാൻ പാടില്ലെന്നാണ് നിയമം..
അതുകൊണ്ടാണ്  അമ്മയിൽ നിന്നു രാജിവെച്ചത് ഭാവന, റീമാ കലുങ്കൽ, രമ്യാ നമ്പീശൻ ഗീതുമോഹൻദാസ് എന്നീ നാലു നടികളാണെന്നു പറഞ്ഞതിനു ശേഷം അടുത്ത വാചകത്തിൽ അക്രമിക്കപ്പെട്ട നടി, റീമാ കലുങ്കൽ, രമ്യാ നമ്പീശൻ ഗീതുമോഹൻദാസ് എന്നിങ്ങനെ നാലു പേർ എന്നു തട്ടി വിടുന്നത്.  തുടർന്നു ചേരും പടി ചേർക്കേണ്ടത് വായനക്കാരന്റെ ജോലിയാണ്.

സഖാക്കന്മാരും,  സാംസ്ക്കാരിക - മാധ്യമ- മനുഷ്യാവകാശികളും  രണ്ടുദിവസമായി ആക്രമിക്കപ്പെട്ട നടിക്ക് പുൻർപിന്തുണ അർപ്പിച്ചു ചർച്ചകൾ നടത്തുകയും  കവിതകൾ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുകയുമാണ്. കഴിഞ്ഞ കൊല്ലം ഇതേ ദിവസങ്ങളിൽ  നടത്തിയ പിന്തുണ പോരാത്തതിനാലാവണം പുതിയ പിന്തുണയായി എത്തിയിരിക്കുന്നത്.

നടി ആക്രമണ കേസിൽപ്പെട്ട നടൻ ദിലീപിനെ അമ്മയിലേക്കു തിരികെയെടുത്തതാണ് പുതിയ മോങ്ങലിനു കാരണം പറയുന്നതെങ്കിലും കേരളത്തിലെ നീറുന്ന പ്രശ്നളിൽ നിന്ന് ജങ്ങളുടെ ശ്രദ്ധതിരിക്കാൻ ഇതേക്കാൾ പറ്റിയ മാർഗ്ഗമില്ല. മഴക്കെടുതി, കടലാക്രമണം, റേഷൻ വിതരണത്തിലെക്രമക്കേട്, നിയമന നിരോധനം, മദ്യവിപത്ത്, മയക്കുമരുന്നു വ്യാപനം, പൂഴ്ത്തിവെയ്പ്പ്, മായം ചേർക്കൽ , പെൺകുട്ടികളെ കാണാതാ കൽ, ഡങ്കിപ്പനി ഇതെല്ലാം ജനം മറക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗ്ഗം:

നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഭർത്താവ് ദിലീപിനെ സംശയമുണ്ടെന്ന് ആദ്യം പറഞ്ഞ മഞ്ജു വാര്യർ  അതു വീണ്ടും പറയണമെന്നതാണ് വനിതാ കമ്മീഷൻ   അധ്യക്ഷ ജോസഫൈനിന്റെ ഡിമാന്റ്. കുറച്ചു ഡാൻസും പാവപ്പെട്ട പെൺകുട്ടികളെ സഹായിക്കലുമായി സ്വസ്ഥതയോടെ കഴിയുന്ന മഞ്ജുവാര്യർ അങ്ങനെ കഴിയാൻ പാടില്ലെന്നാണ് കമ്മീഷൻ അധ്യക്ഷയുടെ ആവശ്യം

ദിലിപ് കുറ്റക്കാരനെന്നു അമ്മയിൽ നിന്നു രാജി വെച്ച നാലുനടികൾ ഉറക്കെ പ്രഖ്യാപിക്കുകയും അതിന് ഭരണകക്ഷി നേതാക്കൾ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നത് കോടതിയോടുള്ള അനാദരവാണ്. പഴുതടച്ച കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നു അന്വേഷണ സംഘം അവകാശ പ്പെടുമ്പോൾ കോടതി വിധിക്കു കാത്തിരിക്കുകയെന്നതു സാമാന്യ മര്യാദയാണ്.

നടിമാർ വിധി കല്പിക്കുകയും മന്ത്രിമാർ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സ്ഥിതിക്ക്അമ്മയുടെ മേൽനോട്ടക്കാരായ മെഗസ്റ്റാർ മമ്മൂട്ടി, നടൻ മുകേഷ് എം എൽ എ,,  പാർട്ടി എംപി ഇന്നസെന്റ്, സഖാവും മദ്യവിരുദ്ധ പ്രവർത്തകയുമായ നടി കെ പി എ സി ലളിത എന്നിവർക്കും അഭിപ്രായം പറയാവുന്നതാണ്. കൊട്ടാരക്കര ഗണേശന് ഒരു മാപ്പും ആകാം. അല്ലെങ്കിൽ ഞങ്ങൾ  അവൾക്കൊപ്പമുണ്ട് പക്ഷെ അതിനു കോടതി വിധി വരെ കാത്തിരിക്കു എന്നെങ്കിലും പറയാമായിരുന്നു.

സാധാരണ ഒരു പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നത് കോടതി വിധി വരുമ്പോഴാണ്. വിധി ന്യായമാണെങ്കിലും
അല്ലെങ്കിലും അംഗീകരിച്ചേ പറ്റൂ, അതാണ് ശരിയായ കീഴ് വഴക്കം. ഓപ്പൺ മുലയൂട്ടൽ അശ്ളില്ലമല്ല, കവിതയാണെന്നു കോടതി പറഞ്ഞപ്പോൾ മുലയൂട്ടൽ വിവാദം അവിടെ അവസാനിച്ചു. ആരും അതേക്കുറിച്ചു ഇപ്പോൾ സംസാരിക്കുന്നില്ല, ഫോട്ടോ പ്രസി ദ്ധീകരിച്ച വാരിക ഇടയ്ക്കിടെ വീണ്ടും പ്രസിദ്ധീകരിക്കുന്നതല്ലാതെ.

അതു കൊണ്ട് കോടതിവിധി വരും മുമ്പേ ദിലീപിനെ കുറ്റവാളിയാക്കി മുദ്രകുത്തി വേട്ടയാടുന്നത് നടിമാർക്കു മാത്രമല്ല മന്ത്രിമാർക്കും ചേർന്ന നടപടിയല്ല, കോടതികുറ്റവാളിയെന്ന് വിധികൽപ്പിക്കും വരെ  ഒരു സാധാരണ പൗരന്റെ അവകാശം ദിലീപിനുണ്ട്. അതംഗീകരിക്കാൾ എല്ലാവരും തയ്യാറാകണം.

- കെ എ സോളമൻ

Monday, 25 June 2018

കെ എസ് ആർ ടി സിനിയമന നിരോധനം.

കണ്ടക്ടര്‍ നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക്  പോലും നിയമനം നല്‍കാന്‍ സാധിക്കില്ലെന്ന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവന പ്രതിഷേധാർഹമാണ്.
ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്, അത് ദേശിയ ശരാശരിക്കൊപ്പമാക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. അതു കൊണ്ടാണ് നിയമനം നടത്താൻ ഉദ്ദേശമില്ലാത്തതെന്നു മന്ത്രി.

ചാനൽ മൂരി ശൃംഗാരത്തിനു ശേഷം ഈ മന്ത്രി ജീവിച്ചിരുപ്പുണ്ടോയെന്നറിയുന്നത് ഈ പ്രസ്താവന കേട്ടപ്പോഴാണ്. ചങ്ക് ബസ്, കറണ്ട് ബസ്, ഷോക്കു ബസ്, കണ്ടക്ടർ പണി, ചെക്കിംഗ് പണി, തൂപ്പുപണി, മേസ്തരി പണി ഇവയെല്ലാം പോലീസ് എംഡി നേരിട്ടു നടത്തി പ്രസ്താവന ഇറക്കുന്നതിനാൽ മന്ത്രിക്ക് പ്രസ്താവനയ്ക്കു അവസരമില്ലാതിരിക്കുകയായിരുന്നു. ഇപ്പോഴാണ് ഒരെണ്ണം ഒത്തു കിട്ടിയത്. അതു വെച്ച് പാവം ഉദ്യോഗാർത്ഥികളുടെ തലക്കിട്ടു തന്നെ കിഴുക്കാമെന്നു കരുതി.

കണ്ടക്ടര്‍ തസ്തികയിലേക്ക് 4051 പേര്‍ക്കാണ് പിഎസ്‌സി വഴി അഡ്വൈസ് മെമ്മോ ലഭിച്ചിരിക്കുന്നത്. അഡ്വൈസ് മെമ്മോ ലഭിച്ചാൽ 3 മാസത്തിനകം നിയമനം നടത്തിയിരിക്കണമെന്നതാണ് നിയമം. സ്റ്റാ ട്യൂട്ടറി സ്ഥാപനമായ പി എസ് സി യെ കുരങ്ങു കളിപ്പിക്കാമെന്നാണോ മന്ത്രി കരുതുന്നത്? വേക്കൻസി ഇല്ലായി രുന്നെങ്കിൽ എന്തിന് പരീക്ഷ നടത്താനും റാങ്കുലിസ്റ്റു തയ്യാറാക്കാനും അഡ്വൈസ് മെമ്മോ അയയ്ക്കാനും പി എസ് സി യെ ചുമതലപ്പെടുത്തി?  ഉത്തരവാദിത്യപ്പെട്ട ഒരുത്തനുമില്ലേ കെ എസ് ആർ ടി സി യിൽ ?

ഇലക്ട്രിക് ബസ്സെന്നെ വെള്ളാനയെ കെട്ടി എഴുന്നള്ളിച്ചിട്ടുണ്ട്‌. അധികം വൈകാതെ കട്ടപ്പുറത്തു നിരന്നു നില്ക്കുന്ന ലോ ഫ്ളോറുകൾക്കൊപ്പമാകും ഇവയുടെ അവസ്ഥയും.. ഇലക്ട്രിക്കും, നന്നാക്കിയെടുക്കുന്ന ലോ ഫ്ളേറ്റുകളും ഓടിക്കാൻ ആള് വേണ്ടേ? അവയെല്ലാം മന്ത്രിയും എം ഡിയും കൂടി മാറി മാറി ഓടിക്കുമോ? അതോ അന്യ സംസ്ഥാന നൊഴിലാളികളെ വെച്ചു ദിവസക്കൂലിക്കു ഉന്തിക്കുമോ?

അഡ്വൈസ് മെമ്മോ ലഭിച്ച 4051 പേരും ഒരുമിച്ച് നഷ്ടപരിഹാരത്തിനും തൊഴിൽ നിഷേധത്തിനും വിശ്വാസ വഞ്ചനയ്ക്കും കെ എസ് ആർ ടി സി ക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്
- കെ എ സോളമൻ

Friday, 15 June 2018

ചായക്കണക്ക് - കഥ'

കോളജിലെ തന്റെ സർവീസിന്റ ഭാഗമായി ടീച്ചേഴ്സിന് ചായ വാങ്ങിക്കൊടുക്കുന്ന ചുമതല ചെല്ലപ്പൻ ചേട്ടൻ സ്വയം ഏറ്റെടുത്തു ചെയ്യുമായിരന്നു. രാവിലെ 11 മണിക്കും ഉച്ചതിരിഞ്ഞു 3 മണിക്കും ചായ. എല്ലാവർക്കും ആവശ്യമില്ലെങ്കിലും രണ്ടു നേരവും കൂടി 60 ചായക്ക് ആവശ്യക്കാരുണ്ടായിരുന്നു.

കോളജിനു എതിർവശമുള്ള പത്മനാഭന്റെ കടയിൽ നിന്നു വാങ്ങും. പത്മനാഭൻ,  ഒറ്റച്ചായ എടുക്കുന്നതിൽ അതിവിദഗ്ധൻ. 50 പേരു് ഒരുമിച്ചു ചെന്നാലും പത്മനാഭൻ ഒറ്റച്ചായയെ എടുക്കൂ. ചേർത്തല താലൂക്കിൽ കിട്ടവുന്ന ഏറ്റവും മികച്ചചായ. എത്ര ലോറിക്കാരാണ് പത്മനാഭന്റെ ചായ കുടിക്കാൻ വണ്ടി നിർത്തുന്നത്.

ചെല്ലപ്പൻചേട്ടൻ രാവിലെ 11 മണിക്കു തന്നെ എല്ലാ ചായയും പത്മനാഭനെക്കൊണ്ടു എടുപ്പിച്ച്  വിതരണത്തിന് എത്തും. ഫസ്റ്റ് പീരിയഡ് ക്ളാസും കഴിഞ്ഞ് ക്ഷീണിച്ചു ഡിപ്പാർട്ടുമെന്റിലെത്തുന്ന സാറന്മാർക്ക് ചായകൊടുത്തിരിക്കണം എന്ന വാശി എന്നും ചെല്ലപ്പൻ ചേട്ടനുണ്ടായിരുന്നു.

പക്ഷെ ഇതിന്റെ കണക്ക് സൂക്ഷിക്കുകയെന്നത് വലിയ പ്രശ്നമായിരുന്നു എപ്പോഴും.. കണക്കെഴുതാൻ 200 പേജിന്റെ കോമ്പസിഷൻ ബുക്ക് ഉണ്ടെങ്കിലും ചിലപ്പോൾ കണക്കു പിശകും. പോരാത്തതിന് കുടിക്കുന്ന ചായയ്ക്ക് പ്രത്യേകം കണക്കു സൂക്ഷിക്കുന്ന ഒറുപ്പമാരായ ചില സാറന്മാരുമുണ്ട്'. അവരുടെ കണക്കിന്റെ കാര്യത്തിൽ ചെല്ലപ്പൻ ചേട്ടൻ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്തു.

സ്ത്രീകളായ ടീച്ചേഴ്സിന്റെ കാര്യത്തിൽ ഈ ജാഗ്രത പുലർത്താൻ കഴിഞ്ഞില്ല. അതിന്റെ കാരണം അവരുമായി ഇടപഴകാൻ അധികംഅവസരം ഇല്ലായിരുന്നുവെന്നതാണ് .

ലേഡി ടീച്ചേഴ്സിൽ പീസമ്മ ടീച്ചറിന്റെ പേരല്ലാതെ ചായ കുടിക്കുന്ന മറ്റാരു ടീച്ചറിന്റെയും പേര് അറിയില്ലായിരുന്നു. അതു കൊണ്ട് ചായയുടെ മാസക്കണക്ക് എഴുതി സൂക്ഷിച്ചത് ഇങ്ങനെ..
പീസമ്മ ടീച്ചർ-30 ചായ
മറ്റേ പീസമ്മ ടീച്ചർ-25 ചായ
ഇംഗ്ലീഷിലെ പീസമ്മ ടീച്ചർ-28 ചായ
ഇക്കണോമിക്സിലെ വെളുത്ത പീ . . .
                           - - - - - -
കെ എ സോളമൻ

Sunday, 27 May 2018

കൂഴച്ചക്കയിലെ ഫൈബർ!- കഥ

പാട്ടുകാരാ, താങ്കൾ എപ്പോ, എവിടെ പ്രസംഗിച്ചാലും ദാരിദ്യത്തെക്കുറിച്ചു പറയും. കൊടിയപട്ടിണി അനു ഭവിച്ചതിനെക്കുറിച്ചു പറയും. അത്ര കണ്ടു ദയനീയമായിരുന്നോ താങ്കളുടെ ജീവിതം? താങ്കളുടെ മാതാപിതാക്കൾക്ക് വരുമാനമുള്ള ഒരു ജോലിയുമില്ലായിരുന്നോ? പട്ടിണിയെക്കുറിച്ച് താങ്കൾക്ക് എന്തെല്ലാം കഥകൾ അറിയാം ? പത്തറുപതു കൊല്ലം മുമ്പ് ഇവിടെ ഭൂരിപക്ഷം പേർക്കും പട്ടിണിയായിരുന്നുവെന്ന കാര്യം താങ്കൾ സമ്മതിക്കുമായിരിക്കും?

അത്തരം ഒരു പട്ടണിയുടെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്. എപ്പോഴുമെപ്പോഴും ദാരിദ്യത്തിന്റെ കഥ എന്തിനിങ്ങനെ വിളമ്പുന്നു എന്നു ചോദിച്ചത് ഓർത്തു കൊണ്ടു തന്നെയാണ് ഈ കഥ ഞാൻ പറയുന്നത്

60 കൊല്ലം മുമ്പു് എന്നു പറയുമ്പോൾ കൂടുതൽ വീടുകളും ഓല മേഞ്ഞതും ചോർന്നു ഒലിക്കുന്നവയും. കോഴിമുട്ടയുണ്ടെങ്കിൽ അത് പീടികയിൽ കൊടുത്ത് കപ്പലണ്ടി പ്പിണ്ണാക്കു വാങ്ങി വിശപ്പടക്കുന്ന ബാർട്ടർ സിസ്റ്റത്തിന്റെ കാലം. ഒരു മുട്ട പുഴുങ്ങി വീട്ടിലെഎല്ലാവരും കൂടി പങ്കിട്ടു കഴിച്ചാൽ ഒന്നുമാകില്ല. ശരീരത്തിന്റെ ദഹന വ്യവസ്ഥ പ്രവർത്തിക്കണമല്ലോ? കപ്പലണ്ടി പിണ്ണാക്കാകുമ്പേൾ വെള്ളം കുടിച്ചു വീർക്കും. ഡൈജസ്റ്റീവ് സിസ്റ്റം പ്രവർത്തിക്കാൻ നല്ലതാണ്. ചക്കക്കുരുവും നല്ലതാണ്, പക്ഷെ അതെവിടെ കിട്ടാൻ?  ഒരു അണക്ക് ഒരു കഷണം കൂഴച്ചക്ക ചന്തയിൽ നിന്നു വാങ്ങിക്കൊണ്ടു വന്നാൽ അതിന്റെ പൊല്ലവരെ ഭക്ഷിക്കും. ആഹാരത്തിൽ ഫൈബർ വേണം എന്ന മഹത്തായ അറിവ് അന്ന് പൊല്ല തിന്നുമ്പോൾ ഇല്ലായിരുന്നു. ചക്ക തന്നെ അപൂർവമാകുമ്പോൾ എവിടെന്നാണ് ചക്കക്കുരു?

ഇത്തരം ദരിദ്രവാസിക്കഥകൾ എഴുതരുതെന്ന് ഞാൻ പലകുറി ആലോചിച്ചിട്ടുള്ളതാണ്'. പക്ഷെ പാട്ടുകാരാ, താങ്കളുടെ പഴയകാല കഥന കഥകൾ കേൾക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്. എന്നു വെച്ചാൽ ഈ എഴുത്തിനു താങ്കൾ തന്നെയാണ് കാരണക്കാരൻ.

വീട്ടിൽ അംഗങ്ങൾ നാലു പേരുണ്ട്. പക്ഷെ ഇക്കഥയിൽ ഞങ്ങൾ രണ്ടു സഹോദരങ്ങൾക്കേ റോളുള്ളു. രണ്ടാമത്തെയാൾ ചേട്ടനാണ്, 3 കൊല്ലവും ഒരു മാസവും ഒരു ദിവസവും മൂത്തത്. സ്കൂളിലൊക്കെ പോകുന്നില്ലേയെന്നു ചോദിച്ചാൽ പോകുന്നുണ്ട്. ആഴ്ചയിൽ 7 ദിവസവും സ്കൂളു പ്രവർത്തിക്കാത്തതിൽ വിഷമവും ഉണ്ട്. പഠനമില്ലെങ്കിൽ രണ്ടു ദിവസത്തെ ഉച്ചക്കഞ്ഞി കൃത്യസമയത്ത് കിട്ടില്ല. വീട്ടിൽ കപ്പപുഴങ്ങിയത് ഉണ്ടെങ്കിൽ തന്നെ അതിന് സ്കൂളിലെ കപ്പക്കറിയുടെ ടേസ്റ്റില്ല .

സ്കൂളിലെ ഉച്ചക്കഞ്ഞിക്കു ശേഷം പിന്നീടെപ്പോഴോ ആണ് ഉപ്പുമാവ് വന്നത്. ഉപ്പുമാവ് അധികം നാൾ കഴിക്കാൻ യോഗമുണ്ടായില്ല. നാലാം ക്ളാസ് പിന്നിട്ടാൽ വിശപ്പ് പ്രശ്നമല്ല എന്നതായിരുന്നു അന്നത്തെ സ്കൂൾ അധികൃതരുടെ നിലപാട്.

വീട്ടിലെ പട്ടിണി കലശലാകുമ്പോൾ ചേട്ടനും ഞാനും കൂടി വീടുവിട്ടു പോകുന്ന ശീലമുണ്ട്. വല്ല ഇടത്തേക്കുമല്ല, 8മൈൽ അകലെയുള്ള അമ്മ വീട്ടിലേക്ക്. അവിടെ എന്തെങ്കിലും തിന്നാൻ കിട്ടും, അവിടത്തെ പിള്ളാരുമായി കളിക്കാം എന്നാക്കെയാണ് പ്രതീക്ഷ. ഒട്ടുമിക്ക അവസരങ്ങളിലും പ്രതീക്ഷ സഫലമാകാറുമുണ്ട്.

പക്ഷെ ചിലപ്പോൾ അവിടത്തെ പ്രശ്നവും സങ്കീർണ്ണമാകും. എന്തു ചെയ്യണമെന്നറിയാതെ അവർ നക്ഷത്രമെണ്ണമ്പോഴാണ് രണ്ടു വിരുന്നുകാർ കൂടിചെല്ലുന്നത്. തിരികെ പറഞ്ഞു വിടില്ലെങ്കിലും കുറച്ചു നേരം ചുറ്റിക്കറങ്ങി നിന്നിട്ട് വൈകിട്ടു മടങ്ങും.
പിന്നെപ്പോയാൽ പോരെ എന്നൊക്കെ ചോദിക്കുമ്പോൾ ഒഴിവു കഴിവ് എന്തെങ്കിലും പറയും.

അങ്ങനെ ഒരു ദിവസംതിരികെ പോരുമ്പോൾ ഞാൻ വലിയ വിഷമത്തിലായി. പൊരിയുന്ന വയറുമായി 8 മൈൽ തിരികെ നടക്കുന്നത് ഓർക്കാനെ വയ്യ.

നടന്ന് നടന്ന് ഒരു ദൂരമെത്തിയപ്പോൾ വയറു വിശന്ന് , കാലു കുഴഞ്ഞു ഞാൻ നിലത്തിരുന്നു പോയി - സംരക്ഷകനായ സഹോദരന് എന്നെ വിട്ടിട്ട് പോകാനും പറ്റുന്നില്ല.

അടുത്തു കണ്ട വീട്ടിൽ പോയി കിണർ വെള്ളം കോരിക്കടിച്ചു. ഏറെ നേരം അങ്ങിനെ വഴിയിൽ കുത്തിയിരുന്നു.

അല്ല ഗായകാ, താങ്കൾക്ക് എന്റെ കഥ കേട്ടു ബോറടിയായോ ? താങ്കൾ പറഞ്ഞിട്ടുള്ള കഥകളും ഏതാണ്ട് ഇമ്മാതിരി അല്ലേ?

സന്ധ്യയായി, വഴിയിൽ കുത്തിയിരുന്ന ഞങ്ങളെക്കടന്ന് സ്ത്രീകളും കൂട്ടികളുമുൾപ്പെടെ കുറെപ്പേർ കടന്നു പോയി.
അടുത്തൊരു വീട്ടിൽ കല്യാണമാണു് നാളെ. ഇന്ന് അത്താഴ മൂട്ട്.
നടക്കാൻ വയ്യാതിരുന്ന എന്നെ ചേട്ടൻ വലിച്ചെഴുന്നേൾപ്പിച്ചു. ഞങ്ങളും അവർക്കൊപ്പം നടന്നു. അന്നത്തെ രാത്രിഭക്ഷണത്തിന്റെ വിലഎങ്ങനെ മറക്കാൻ?

വളരെ സ്മാർട്ടായിരുന്നു എന്റെ സഹോദരൻ. എന്തെങ്കിലും ഒരു വഴികാണാതിരിക്കില്ല എന്നു എപ്പോഴും വിശ്വസിക്കുന്ന പ്രകൃതക്കാരൻ

" നമുക്ക് നാളത്തെ കല്യാണ സദ്യയും കഴിഞ്ഞിട്ടു പോയാൽ മതി. ഇവിടെ പന്തലിൽ ഒരുപാട് പേരുണ്ടല്ലോ"

യാതൊരു വിധ എതിരഭിപ്രായവും എനിക്കില്ലായിരുന്നു. കല്യാണ വീട്ടിലെ തിരക്കിൽ ചെറിയ ജോലികൾ ചെയ്തു ഞങ്ങളും കൂടി. രാത്രിഒരുമിച്ച് ഞങ്ങൾ പന്തലിൽക്കിടന്നു ഉറങ്ങി.  ഞങ്ങൾ എവിടെന്നു വന്നുവെന്ന് ആരും ചോദിച്ചില്ല. അനിയനെ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത ചേട്ടൻ വീട്ടിലില്ലാത്ത മുൻകരുതലുകളാണ് സ്വീകരിച്ചത്.

അക്കാലത്ത് നിക്കറ് ധരിക്കുന്നത് പണക്കാരായ കുട്ടികളായിരുന്നു, ഞങ്ങൾ - പാവങ്ങൾക്കൊക്കെ മുണ്ടായിരുന്നു വേഷം, സ്കൂളിൽ പോകുന്നതു കൊണ്ട് ഉടുപ്പുമുണ്ട് -

മുണ്ടിന്റെ  അറ്റം അനിയന്റെ മുണ്ടിൽ ചേർത്തു കെട്ടി ചേട്ടൻകിടന്നുറങ്ങി. വീട്ടിലായിരിക്കുമ്പോൾ ഉറക്കത്തിൽ എഴുന്നേറ്റ് അമ്മയെ തിരക്കി അറുകാൽപുരയുടെ  മെടല വാതിൽ നീക്കി പുറത്തേയ്ക്കു പോകുന്ന സ്വഭാവം അനിയനുണ്ടായിരുന്നു. ഇവിടെയും അവൻ ഉറക്കത്തിൽ എഴുന്നേറ്റു പോയാലോ ?

ആ സമയം മുഴവനും നാളെത്തെ സദ്യയിൽ തങ്ങളെ കാത്തിരിക്കുന്ന അതിവിശിഷ്ട വിഭവങ്ങളെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു അനിയൻ.

പാട്ടുകാരാ, ചോദിച്ചോട്ടേ , അങ്ങയുടെ പട്ടണി ക്കാലത്തെക്കുറിച്ച് ഇങ്ങനെ വല്ല  ഓർമ്മയും?  വിളിക്കാത്തിടത്തു പോയി കല്യാണം കൂടി വിഭവസമൃദ്ധമായ സദ്യയുണ്ട അനുഭവം ?

- കെ എ സോളമൻ