Tuesday, 13 August 2013

പ്രണയത്തിനും ഡിഗ്രി!





















“എന്റെ പ്രണയത്തിനും
നിന്റെ മൃദുലാധരത്തിനും
ഈ മനോഹര റോസാദളത്തിനും
ഒരേ നിറമാണ്‌,
ഒരേ സുഗന്ധമാണ്‌
നമ്മുടെ സ്വപ്നങ്ങളുടെ
ചന്ദന സുഗന്ധം”

പ്രണയത്തെക്കുറിച്ചുള്ള കവി വചനമാണ്‌. പ്രണയം ദുഃഖം പോലെ തന്നെ ശാശ്വതഭാവമാണ്‌, ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ കാശിന്‌ കൊള്ളാത്തവര്‍, പ്രണയത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ്‌ സിനിമാ-നടീനടന്മാരും കവികളും എഴുത്തുകാരും കുറെ കോളേജ്‌ പ്രിന്‍സിപ്പാളുമാരും പറയുന്നത്‌. കുട്ടികള്‍ പ്രണയിച്ചു നടന്നാല്‍ കലാലയത്തില്‍ കുഴപ്പങ്ങള്‍ കുറഞ്ഞുകിട്ടും. പ്രണയമെന്തെന്നറിയാത്തവരാണ്‌ ബസ്സിന്‌ കല്ലെറിയാനും റോഡ്‌ ഉപരോധിക്കാനും സകലതും സ്തംഭിപ്പിക്കാനും മുന്നിട്ടിറങ്ങുന്നതത്രെ. വര്‍ണ-വര്‍ഗ രഹിത സമൂഹത്തിന്‌ പ്രണയവിവാഹങ്ങള്‍ അനിവാര്യമെന്ന്‌ പ്രണയത്തില്‍ അഭിരമിച്ചവര്‍ വാദിക്കും. എന്നാല്‍ സ്വന്തം മകനോ മകളോ പ്രേമിച്ചാല്‍ അതംഗീകരിച്ചു കൊടുക്കാന്‍ തയ്യാറാകാത്ത മുന്‍ കമിതാക്കളും കുറവല്ല.
കേരളത്തിന്റെ തൊഴില്‍ മേഖല ഐടിയില്‍ കുടുങ്ങിയപ്പോള്‍ പ്രണയ വിവാഹിതരുടെ എണ്ണം കൂടി. മക്കള്‍ വരനെ, അല്ലെങ്കില്‍ വധുവിനെ അന്വേഷിച്ചു നടക്കേണ്ട രക്ഷിതാക്കളുടെ ജോലി കുറഞ്ഞു. വരനും വധുവും പരസ്പ്പരം നോക്കിയെടുത്തു കൊള്ളും, രക്ഷിതാക്കള്‍ക്ക്‌ വേണമെങ്കില്‍ വിവാഹത്തിന്‌ സഹകരിക്കാം.
പ്രണയിച്ചു വിവാഹം ചെയ്ത ചില വിദ്വാന്മാര്‍ പിന്നീട്‌ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ആവുന്ന കാഴ്ചയും കേരളത്തില്‍ സുലഭം. മിശ്രവിവാഹിതര്‍, തങ്ങള്‍ വിപ്ലവകാരികളാണെന്നും സമൂഹത്തിന്‌ നല്‍കിയ സംഭാവന പരിഗണിച്ചു പെന്‍ഷന്‍ നല്‍കണമെന്നും ആവശ്യപ്പെടും. സമുദായ നേതാക്കള്‍ ആരും തന്നെ പിന്തുണക്കാനില്ലാത്തതിനാല്‍ ആവശ്യം നിരാകരിക്കപ്പെടുകയാണ്‌ പതിവ്‌.
ചുരുക്കിപ്പറഞ്ഞാല്‍, പ്രണയിക്കാമെന്നല്ലാതെ പ്രണയത്തിന്‌ വലിയ അംഗീകാരമൊന്നും സമൂഹത്തിലില്ല. ജനിച്ചാലും മരിച്ചാലും പഞ്ചായത്തില്‍നിന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാം, പ്രണയിച്ചതിന്‌ ഒരു പഞ്ചായത്തും സര്‍ട്ടിഫിക്കറ്റ്‌ നല്‍കാറില്ല. എന്നാല്‍ ഇതിന്‌ മാറ്റം വരാന്‍ പോകുന്നു, അങ്ങ്‌ ബംഗാളില്‍ നിന്നാണ്‌ വാര്‍ത്ത.
ബംഗാളിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റിയാണ്‌ പ്രസിഡന്‍സി. വൈസ്‌ ചാന്‍സലര്‍ ഒരു മഹതിയാണ്‌, പേര്‌ മാളവിക സര്‍ക്കാര്‍. വിപ്ലവകരമായ തീരുമാനമാണ്‌ മാളവിക സര്‍ക്കാരിന്റെ കീഴിലുള്ള സിന്‍ഡിക്കേറ്റ്‌ എടുത്തിരിക്കുന്നത്‌. അടുത്ത കൊല്ലം മുതല്‍ പ്രസിഡന്‍സി യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ “ലവ്‌” എന്ന വിഷയത്തില്‍ ഡിഗ്രിയെടുക്കാം. ഇതര ഇന്ത്യന്‍ സര്‍വകലാശാലകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത്തരമൊരു അദൃഷ്ട പൂര്‍വമായ ആശയം മറ്റൊരിടത്തും ജനിച്ചിട്ടില്ല.
‘ലവ്‌’എന്ന വാക്കിന്‌ സ്നേഹം, താല്‍പ്പര്യം, പ്രേമം, പ്രേമഭാജനം, സൗഹാര്‍ദ്ദം, അഭിനിവേശം, പ്രതിപത്തി, കാമുകന്‍, കാമുകി, ആസക്തി എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും വൈസ്‌ ചാന്‍സലര്‍ വിവക്ഷിക്കുന്നത്‌ പ്രണയം തന്നെയാവണം. ‘ആസക്തി’യില്‍ ഡിഗ്രി എടുത്ത്‌ എന്നൊക്കെ പറഞ്ഞാല്‍ അതിന്‌ സ്വീകാര്യത തീരെ കിട്ടില്ല.
മാളവിക സര്‍ക്കാരിനെ സഹായിക്കാന്‍ ഫിസിക്സ്‌ പ്രൊഫസര്‍ റായ്‌ ചൗധരിയുമുണ്ട്‌. മാറ്ററും റേഡിയേഷനും തമ്മിലുള്ള അഭേദ്യ ബന്ധത്തെക്കുറിച്ചായിരുന്നു ഇത്രയും നാള്‍ പഠിപ്പിച്ചുപോന്നത്‌. ഇനിയങ്ങോട്ട്‌ ആണും-പെണ്ണും തമ്മിലുള്ള അഭിനിവേശം പഠിപ്പിക്കും.
കീഴ്‌വഴക്കം നോക്കിയാല്‍ പ്രണയം കഴിഞ്ഞാല്‍ പിന്നെ പ്രസവമാണ്‌. അതുകൊണ്ട്‌ ഡിഗ്രിക്ക്‌ ‘പ്രണയം’ പഠിക്കുന്ന പ്രസിഡന്‍സി യൂണിവേഴ്സിറ്റി കുട്ടികള്‍ക്ക്‌ തുടര്‍ പഠനത്തിന്‌ കാണിക്കാന്‍ പരുവത്തില്‍ നാലു കാമറ വെച്ചു ഷൂട്ട്‌ ചെയ്ത ഒരു ‘പ്രസവം’ സിനി കേരളത്തില്‍ റിലീസ്‌ കാത്തുകിടപ്പുണ്ട്‌. ഈ വിവരം മാളവികാ സര്‍ക്കാരിനും റായ്‌ ചൗധരിക്കും അറിയുമോ എന്തോ?

കെ.എ.സോളമന്‍, 

ജന്മഭൂമി 13-8-13

Friday, 9 August 2013

KAS Life Blog: ഏവര്‍ക്കും സമാധാനം കവിത- കെ എ സോളമന്‍

KAS Life Blog: ഏവര്‍ക്കും സമാധാനം കവിത- കെ എ സോളമന്‍: കണ്ണീര്‍ വാര്‍ക്കുന്ന നിന്റെ മുഖം എൻറെ മുഖം തന്നെയാണ് നിന്റെ ദയനീയമായ നോട്ടം എന്റെ നോട്ടം പോലെയാണ് നീ എന്റെ സഹാദരനാണ്. നിന്...

ഏവര്‍ക്കും സമാധാനം കവിത- കെ എ സോളമന്‍

Photo: ℓιкє тнιѕ ραgє Pixelz

Click here for unlimited store of free HD pictures 3D wallpapers..http://goo.gl/oJzpgK

കണ്ണീര്‍ വാര്‍ക്കുന്ന നിന്റെ മുഖം
എൻറെ മുഖം തന്നെയാണ്
നിന്റെ ദയനീയമായ നോട്ടം
എന്റെ നോട്ടം പോലെയാണ്
നീ എന്റെ സഹാദരനാണ്.

നിന്റെ പെണ്‍മക്കളെ
പിച്ചിചീന്തിഎറിഞ്ഞവരോടു
നിനക്കു പകയുണ്ട്,
അവരോടു എനിക്കും കടുത്ത പകയാണ്
നീ എന്റെ സഹാദരനാണ്.

ഭീകരര്‍ കൊന്നൊടുക്കിയ നിന്റെ മിത്രങ്ങള്‍
എന്റെയും മിത്രങ്ങളാണ്
അവര്‍ രാജ്യസ്നേഹികളാണ്.
ഈ നാടിന്റെ വീരപുത്രര്‍
അവരെ നീ സ്നേഹിക്കും പോലെ
ഞാനും സ്നേഹിക്കുന്നു
നീ എന്റെ സഹോദരനാണ്.

അവര്‍ ഏറ്റുവാങ്ങിയ ഓരോ വെടിയുണ്ടയും
തകര്‍ത്തത് മനസ്സാണ്,
എന്റെയും നിന്റെയും മനസ്സ്.
അവര്‍ മുറിവേലപിച്ചത്
എന്റെയും നിന്റെയും ഹൃദയങ്ങളെയാണ്
നീ എന്റെ സഹോദരനാണ്.

ഉറക്കംനഷ്ടപ്പെട്ട ഭീകരരൂപികള്‍
സ്വപ്നം കാണുന്നതു ഏത് നരകം?
അവിവേകികളവര്‍ കൊന്നൊടുക്കിയത്
നിന്റെ സഹോദരങ്ങളെയാണ്,എന്റെയും
നീ എന്റെ സഹോദരനാണ്.

അഹങ്കാരികൾ അവര്‍ ഭീകരര്‍  
കീറിയ ചോരച്ചാലുകളെല്ലാം  
എന്റെയും നിന്റെയും നെഞ്ചകങ്ങളിലാണ്
നീ എന്റെ സഹോദരനാണ്.

എങ്കിലും പ്രാര്‍ഥിക്കയാണ്
അതിരുകളില്ലാത്ത ലോകത്ത്
സ്വാർത്ഥത നശിക്കട്ടെ
സ്നേഹം പൂത്തുലയട്ടെ  
ഭീകരനും വർഗീയവാദിയും
ആയുധവ്യാപാരിയും കപടരാഷ്ട്രീയവാദിയും
തുലയട്ടെ
വെള്ളരിപ്രാവുകൾ പറക്കട്ടെ
എന്റെയും നിന്റെയും
അവന്റെയും മനസ്സുകളില്‍
സമാധാനംപുലരട്ടെ.

ഏവര്‍ക്കും സമാധാനം.

Sunday, 4 August 2013

KAS Life Blog: എന്നെ മന്ത്രിയാക്കല്ലേ!

KAS Life Blog: എന്നെ മന്ത്രിയാക്കല്ലേ!: പണ്ടത്തെ കാലം, കാലണ, അരയണ വെച്ചുള്ള നാടന്‍ ചീട്ടുകളി. പാക്കരനും കളിക്കും, തെങ്ങു കേറി കിട്ടുന്ന മുഴുവന്‍ കാശും ചീട്ടുകളിയില്‍ തുലയ്ക്കുകയ...

എന്നെ മന്ത്രിയാക്കല്ലേ!

Photo: ℓιкє тнιѕ ραgє Pixelz

പണ്ടത്തെ കാലം, കാലണ, അരയണ വെച്ചുള്ള നാടന്‍ ചീട്ടുകളി. പാക്കരനും കളിക്കും, തെങ്ങു കേറി കിട്ടുന്ന മുഴുവന്‍ കാശും ചീട്ടുകളിയില്‍ തുലയ്ക്കുകയാണ്‌ പതിവ്‌.  ഇന്നത്തെപോലെ മൊബെയില്‍ സിം കാര്‍ഡും, ലോട്ടറിയുമില്ലാത്തതിനാല്‍ കാശു കളയാന്‍ ഈ ഒരു മാര്‍ഗമേയുള്ളൂ. ഇടവഴിയിലും ഒഴിഞ്ഞ പറമ്പുകളുമാണ്‌ ചീട്ടുകളി സംഘത്തിന്റെ താവളം. കളിയിലെ കള്ളത്തരങ്ങള്‍ വശമില്ലാത്തതിനാല്‍ പാക്കരന്‌ വരവു-ക, ഇല്ല-ക, ചെലവു-ക, ഉണ്ടു-ക (റുപ്പിക) എന്നതാണ്‌ മട്ട്‌.

അന്ന്‌ പോലീസ്‌ ഇന്നത്തെ മാതിരി ലെഗ്ഗിംഗ്സ്‌ ഇട്ട്‌ വയര്‍ തള്ളിയവരല്ല. കൊമ്പന്‍ മീശയും കൂര്‍ത്ത തൊപ്പിയുമാണ്‌ പോലീസിന്റെ സ്റ്റാറ്റസ്‌ സിംബല്‍. , ട്രൗസര്‍ മുട്ടിന്‌ മുകളില്‍ നില്ക്കും , നല്ല   ലൂസും കാണും, കള്ളന്മാരെ ഓടിച്ചിട്ടു പിടിക്കാനാണത്രെ ഇത്രഇറക്കം. ലെഗ്ഗിംഗ്സ്‌ ആകുമ്പോള്‍ കാലുകള്‍ക്ക്‌ വേണ്ടത്ര ആയം കിട്ടില്ല.

പോലീസിനന്ന്‌ മുഖ്യ വരുമാന സ്രോതസ്സ്‌ നാട്ടിലെമ്പാടുമുള്ള ചീട്ടുകളി സംഘമാണ്‌. ഹോട്ടലുകളിലും കള്ളുഷാപ്പിലും പ്രൈവറ്റ്‌ ബസിലും പോലീസിന്‌ സര്‍വം ഫ്രീയാണെങ്കിലും എന്തെങ്കിലും പുത്തന്‍ തടയണമെങ്കില്‍ ചീട്ടുകളിക്കാരെ ഓടിച്ചിട്ടു പിടിക്കണം. ജനത്തിനാണെങ്കില്‍ ചീട്ടുകളിക്കാതെ വയ്യ, എന്തെങ്കിലും വിനോദം വേണ്ടേ? ഇന്നത്തെപ്പോലെ അന്ന്‌ ചാനലുകളില്ല, ചാനലുകളിലെ ഉരുട്ടിപ്പിടുത്തവുമില്ല. കള്ളുഷാപ്പുകളൊന്നും ഫാമിലി റസ്റ്റോറന്റുമായിരുന്നില്ല. ഓപ്പണായി മദ്യപിക്കാന്‍ യുവാക്കള്‍ക്ക്‌ അല്‍പ്പം ജാള്യതയുമുണ്ടായിരുന്നു.

പോലീസിന്റെ വെട്ടം കാണുമ്പോള്‍ ചീട്ടുകളി സംഘം ഉടുതുണിയും ഉപേക്ഷിച്ച്‌ ഓടിക്കളയും. കൂട്ടത്തില്‍ ചീട്ട്‌ നഷ്ടപ്പെടും, കാശും. അടുത്ത തവണ കളിക്കണമെങ്കില്‍ പുതിയ കുത്തു ചീട്ട്‌ വാങ്ങണം.

പോലീസിനെ കണ്ട്‌ പേടിച്ച്‌ ഒത്തിരി തവണ ഉടുതുണിയുമുപേക്ഷിച്ച്‌ പാക്കരനും തോടു ചാടിയിട്ടുണ്ട്‌.  വെള്ളം കണ്ടാല്‍ പോലീസ്‌ അറയ്ക്കും. കുട്ടനാട്ടിലും മറ്റു വാറ്റു കേന്ദ്രങ്ങളിലും കാണുന്ന പതിവ്‌ കാഴ്ചയില്‍ പോലീസിന്റെ കനാല്‍ വിരോധം പ്രകടം.  പക്ഷെ ഒരിക്കല്‍ പാക്കരനെ പോലീസ്‌ പിടികൂടുക തന്നെ ചെയ്തു.

പാക്കരന്റെ ശബ്ദം, പേടി കൊണ്ടാവണം, പതറിപ്പോയി. വളരെ പണിപ്പെട്ടാണ്‌ ഒരു കണക്കിന്‌ ഇത്രയും പറഞ്ഞൊപ്പിച്ചത്‌ “എന്നെ വിട്ടേക്കല്ലേ ഏമാനെ” ഞാന്‍ നിരപരാധിയാണ്‌, ചീട്ടു കളിച്ചിട്ടില്ല, കളി കാണുകയായിരുന്നു, അതുകൊണ്ട്‌ എന്നെ വെറുതെ വിടണം"  പക്ഷെ പറഞ്ഞപ്പോള്‍ തിരിഞ്ഞുപോയെന്ന്‌ മാത്രം. ഭാസ്കരന്‍ എന്ന പാക്കരന്റെ കഥ അവിടെ നില്‍ക്കട്ടെ. നമ്മുടെ കെപിസിസി പ്രസിഡന്റ്‌ ആരോടന്നില്ലാതെ പറയുന്നതും “എന്നെ മന്ത്രിയാക്കല്ലേ” എന്നാണ്‌.

കുറച്ചുനാളായി കേരളത്തില്‍ ഒരു ആഭ്യന്തര മന്ത്രി സ്ഥാനം അനാഥപ്രേതം പോലെ അലയുകയാണ്‌. . ഒരു ‘കോപ്പനെ’ അറസ്റ്റ്‌ ചെയ്തു. നിലവിലെ ആഭ്യന്തര മന്ത്രി ആപ്പിലായി. അദ്ദേഹത്തെ മാറ്റുന്നതോടൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പിണക്കംഇല്ലാതാക്കുകയും വേണം. അതുകൊണ്ടു  ആഭ്യന്തര മന്ത്രി, ചെന്നിത്തല ഗാന്ധിയാകട്ടെ എന്നു കരുതി. ആ സ്ഥാനം വാങ്ങി രമ്യതപ്പെടാമെന്ന്‌ ചെന്നിത്തല കരുതിയതുമാണ്‌.   അപ്പോഴാണ്‌ മൂന്ന്‌ രൂപാ മെമ്പര്‍ഷിപ്പിനായി ദല്‍ഹി-തിരുവനന്തപുരം ഷട്ടില്‍ അടിച്ചുകൊണ്ട്‌  അച്ഛന്റെ ആത്മാവുമായി നടന്ന മുന്‍ കെപിസിസി പ്രസിഡന്റ്‌  ചെന്നിത്തല ഗ്രൂപ്പിന്റെ ചുമതലയേറ്റത്‌. .. “ഗ്രൂപ്പോ, ഛെ,” എന്നാണ്‌ അദ്ദേഹം കുറച്ചുനാള്‍ മുമ്പുവരെ പറഞ്ഞത്‌. . അതെല്ലാം വെള്ളം തൊടാതെ വിഴുങ്ങിയതോടെ ഒട്ടകത്തിന്‌ ഇടം കൊടുത്ത അറബിയെപ്പോലെയായി ചെന്നിത്തല. 
പ്രതിപക്ഷത്തിന്റെ രാപ്പകല്‍ ഭക്ഷണം മൈന്‍ഡ്‌ ചെയ്യാത്ത ഉമ്മന്‍ ചാണ്ടി-മുരളീധരന്റെ നീക്കം തടയിടാനാണ്‌ ഉണ്ണിത്താനെ ചാനലില്‍ കേറ്റിയത്‌.  ഉണ്ണിത്താന്‌ മുരളീധരനോട്‌ പഴയൊരു ഉദയംമുണ്ടിന്റെ കണക്ക്‌ പറഞ്ഞു തീര്‍ക്കാനുണ്ട്‌.  ഉണ്ണിത്താന്‍ വന്നതോടെ ചാനല്‍ റേറ്റിംഗ്‌ കൂടുകയും ചാനല്‍പ്പണി ഹൈ-റിസ്ക്‌ ജോബാണെന്ന്‌ ജീവനക്കാര്‍ക്ക്‌ തോന്നുകയും ചെയ്തു.

കെ.എ.സോളമന്‍

Saturday, 3 August 2013

KAS Life Blog: എനിക്കെന്തുണ്ട് ചൊല്ല് നീ- കവിത- കെ എ സോളമന്‍

KAS Life Blog: എനിക്കെന്തുണ്ട് ചൊല്ല് നീ- കവിത- കെ എ സോളമന്‍: ചൊല്ല് സഖേ നിനക്കിഷ്ടമെന്നോടോ. ഇല്ലകള്ളം പറഞ്ഞെന്നെ കളിപ്പിക്കയാണോ ? സുന്ദരാണാണെന്നോ , ഹ , നല്ല കാര്യംപിന്നെ സത്യമായും  നിനക...

എനിക്കെന്തുണ്ട് ചൊല്ല് നീ- കവിത- കെ എ സോളമന്‍



Photo: ksheeramullorakidim naduvilum chora thanne kothikinnu kowthukam........................

ചൊല്ല് സഖേ നിനക്കിഷ്ടമെന്നോടോ.
ഇല്ലകള്ളം പറഞ്ഞെന്നെ കളിപ്പിക്കയാണോ?
സുന്ദരാണാണെന്നോ, , നല്ല കാര്യംപിന്നെ
സത്യമായും  നിനക്കെന്നൊടിഷ്ടമാണെന്നോ?

നീണ്ടതല്ലേ മുഖം തടിച്ച ചുണ്ടുകള്‍
മൂക്കിന്‍ തുമ്പിലെ മറുകു നീ കണ്ടില്ലേ
ഇടുമ്പിയകണ്ണിലെ കറുത്ത വരകളും
നിന്നിഷ്ടപാകത്തില്‍ എനിക്കെന്തുണ്ട് ചൊല്ല് നീ

എന്റെ കണ്‍കളില്‍ നക്ഷ്ത്രമുണ്ടെന്നോ  
എന്റെയീരൂപം വശ്യമാണെന്നോ ?
ചിരിക്കുമ്പോള്‍ പൊഴിയും മുത്തുകളുണ്ടെന്നോ
നിനക്കെന്നോടിത്തിരി ഇഷ്ടമാണെന്നോ?

എങ്കില്‍ പറയട്ടെ പ്രിയസഖേ, എന്നുടെ
ഉള്ളിലെ കണ്ണാടിയില് നിന്‍ ചിത്രമാണപ്പെഴും  
ആ മുഖം കാണ്‍കെ എന്‍നെഞ്ചകം തുടിക്കുന്നു
ആ സ്വരം കേള്‍ക്കെ എന്‍ മാനസംതളിര്‍ക്കുന്നു.

ചൊല്ല് സഖേ നിനക്കിഷ്ടമെന്നോടോ.
ഇല്ലകള്ളം പറഞ്ഞെന്നെ കളിപ്പിക്കയാണോ?
സുന്ദരാണാണെന്നോ, , നല്ല കാര്യംപിന്നെ
സത്യമായും  നിനക്കെന്നൊടിഷ്ടമാണെന്നോ?


കെ എ സോളമന്‍