#സത്യവാങ്മൂലം #എന്ന #മായാജാലം!
തിരഞ്ഞെടുപ്പ് അടുത്താൽ നാട്ടിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള സാഹിത്യവിഭാഗം ഏതാണെന്ന് അറിയാമോ? സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം! കവിതയല്ല, കഥയല്ല - കൽപ്പനാശക്തിയെ പോലും വെല്ലുന്ന "ആസ്തി പ്രഖ്യാപനങ്ങൾ"!
നിയമപ്രകാരം സ്ഥാനാർത്ഥികൾ അവരുടെ ക്രിമിനൽ കേസുകൾ, സ്വത്ത്, ബാധ്യത, വിദ്യാഭ്യാസ യോഗ്യത എന്നിവ ഒക്കെ സത്യസന്ധമായി പറയണം. പക്ഷേ പ്രായോഗികമായി നോക്കുമ്പോൾ, ഇത് ഒരു സൃഷ്ടിപരമായ എഴുത്തുപരീക്ഷയായി മാവും. ആരാണ് കൂടുതൽ ലളിതമായി കോടികൾ മറച്ചുപിടിക്കുന്നത് എന്നതിലാണ് മത്സരത്തിന്റെ യഥാർത്ഥ രസം.
കേരളത്തിലെ ഒരു നഗരത്തിൽ 5സെന്റ് ഭൂമി വേണ്ട ഒരാൾക്ക് കോടീശ്വരനായി മാറാൻ. പക്ഷേ സത്യവാങ്മൂലത്തിൽ ആ വ്യക്തി സാധാരണ ജീവിതം നയിക്കുന്ന പാവം മനുഷ്യൻ. തെരഞ്ഞെടുപ്പ് സമയത്ത് ദരിദ്ര സ്ഥാനാർത്ഥികൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകുന്നതിനാൽ, സമ്പന്നർ പോലും താൽക്കാലികമായി ദാരിദ്ര്യത്തിലേക്ക് മാറുന്നതിൽ അത്ഭുതപ്പെടാനില്ല!
ഇതിൽ ഏറ്റവും രസകരം, അവരുടെ പ്രഖ്യാപിച്ച ആസ്തിയുടെ വിലയാണ്. അവർ പറഞ്ഞ വിലയ്ക്ക് ആസ്തി വാങ്ങാൻ ആളുകൾക്ക് വലിയ താൽപര്യമില്ല. പക്ഷേ അതേ ആസ്തി അവർ പറഞ്ഞതിന്റെ മൂന്നിരട്ടി വിലയ്ക്ക് വാങ്ങാൻ തയ്യാറായി വരുന്ന ആളുകൾ നിരവധിയാണ്. എന്തുകൊണ്ടെന്ന് ചോദിക്കേണ്ട, അതാണ് സത്യവാങ്മൂലത്തിന്റെ മായാജാലം.
ഇങ്ങനെ നോക്കുമ്പോൾ, സത്യവാങ്മൂലം ഒരു നിയമരേഖയല്ല, മറിച്ച് ഒരു കലാപരിപാടിയാണ്. ഓരോ സ്ഥാനാർത്ഥിയും സ്വന്തമായി കഥാപാത്രങ്ങളെ സൃഷ്ടിച്ച് അഭിനയിക്കുന്ന ഒരു നാടകം.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോഴത്തെ ചുമതലകൾക്കൊപ്പം ഒരു പുതിയ വിഭാഗം തുടങ്ങിയാൽ തിരഞ്ഞെടുപ്പ് കുറെ കൂടി സർഗ്ഗാത്മകമാക്കാം.
മികച്ച സൃഷ്ടിപരമായ സത്യവാങ്മൂലം, ഏറ്റവും വിശ്വസനീയമായ ദാരിദ്ര്യാവിഷ്കാരം, മികച്ച ആസ്തി പ്രകടനം തുടങ്ങിയ പുരസ്കാരങ്ങൾ കമ്മീഷൻ സ്വന്തമായിട്ട് ഏർപ്പാടാക്കണം. ഒപ്പം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അവാർഡ് നിശയും നടത്തിയാൽ, സ്ഥാനാർത്ഥികൾ തന്നെ സ്വന്തം കൃതികൾ വായിച്ചുകേൾപ്പിക്കുന്ന ഒരു സാഹിത്യവിരുന്ന് കൂടി കിട്ടും.
അതുകൊണ്ട്, ഈ സത്യവാങ്മൂലങ്ങളെ നാം ഗൗരവത്തോടെ സമീപിക്കേണ്ടതില്ല. പകരം ചെറിയൊരു ചിരിയോടെ വായിച്ചാൽ മതി. ഒരിക്കലും പരിശോധിക്കപ്പെടാൻ ഇടയില്ലാത്ത ഇത്തരം സത്യവാങ്മൂലങ്ങൾ നമ്മുടെ ഹാസ്യ സാഹിത്യ ശാഖയ്ക്ക് വൻ മുതൽക്കൂട്ടാവും.
കല്യാണാലോചന സമയത്ത് പയ്യന്റെ സ്വഭാവത്തെക്കുറിച്ച് അയൽക്കാരൻ അമ്മാവൻ പറയുന്നതിന് കൊടുക്കുന്ന ഗൗരവമേ സത്യവാങ്മൂലത്തിന് വോട്ടർമാർ നൽകേണ്ടതുള്ളു. എങ്കിലും പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥിയുടെ മുഖത്ത് വിരിയുന്ന ഒരു കള്ളച്ചിരിയുണ്ടല്ലോ, അതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ തമാശ. ആയതിനാൽ അടുത്ത തെരഞ്ഞെടുപ്പിൽ സത്യവാങ്മൂലങ്ങൾ വായിക്കുന്നവർ അവയെ വാർത്തയായി കാണാതെ മികച്ച ഹാസ്യകൃതിയായി കാണാൻ എല്ലാവരും തയ്യാറാവുക.
No comments:
Post a Comment