മഹാരാജാസിലെ ഓർമ്മപ്പാതകൾ
മഹാരാജാസ് കോളേജിലെ എന്റെ പഠനകാലം ഓർത്തെടുക്കണമെങ്കിൽ അമ്പതിലേറെ വർഷങ്ങൾ പിന്നിലേക്ക് യാത്ര ചെയ്യേണ്ടിവരും. 1973–75 കാലഘട്ടത്തിലാണ് ഞാൻ മഹാരാജാസ് കോളേജിൽ എം.എസ്.സി ഫിസിക്സ് പഠിച്ചത്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ പ്രീഡിഗ്രി പഠനവും എൻ.എസ്.എസ് കോളേജിലെ ബി.എസ്.സി പഠനവും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഞാൻ മഹാരാജാസിലെത്തുന്നത്.
കേരള യൂണിവേഴ്സിറ്റിയുടെ 1973-ലെ ബി.എസ്.സി പരീക്ഷയിൽ ഏഴാം റാങ്ക് ലഭിച്ചിരുന്നതിനാൽ മഹാരാജാസിൽ പ്രവേശനം നേടുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നിലവിൽ വന്നിട്ടില്ല.
16 സീറ്റുകൾ മാത്രമുള്ള എം.എസ്.സി ബാച്ചിൽ മൂന്നാം റാങ്കോടെയാണ് എനിക്ക് അഡ്മിഷൻ ലഭിച്ചത്.
ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഒരു കാര്യം വ്യക്തമായി മനസ്സിലാകുന്നു. ഒരു മനുഷ്യന്റെ എഴുപത്തഞ്ച് വർഷത്തെ ജീവിതത്തിൽ രണ്ട് വർഷം മാത്രം നീണ്ടുനിന്ന ഒരു കാലഘട്ടത്തെ കുറിച്ച് അഞ്ചു മിനിറ്റിലധികം പറയണമെങ്കിൽ ആ കാലത്ത് ഓർമ്മയിൽ പതിയുന്ന പല സംഭവങ്ങളും ഉണ്ടായിരിക്കണം.
മഹാരാജാസിലെ എന്റെ രണ്ടു വർഷത്തെ പഠനകാലം വലിയ നാടകീയ സംഭവങ്ങളൊന്നുമില്ലാതെ കടന്നുപോയെങ്കിലും ചില ചെറിയ സംഭവങ്ങളും ചില വ്യക്തികളും ഇന്നും മനസ്സിൽ പച്ചയായി നിലകൊള്ളുന്നു.
അന്ന് പഠിപ്പിച്ച മുഴുവൻ അധ്യാപകരുടെയും പേരുകൾ ഓർമ്മയിൽ വരണമെന്നില്ല. എന്നാൽ ചിലരുടെ മുഖവും ശൈലിയും ഇന്നും തെളിഞ്ഞു നിൽക്കുന്നു: ദേവസ്യ മാഷ്, ഡോ. എം.കെ. രുദ്രാവാര്യർ, എബ്രഹാം അറക്കൽ സാർ, ശാന്തകുമാരി ടീച്ചർ, ഹരിഹരൻ സാർ, ഗംഗാധരൻ സാർ, തുളസിയമ്മ ടീച്ചർ, ഭാമിനിക്കുട്ടി ടീച്ചർ. ഇവരൊക്കെ ഞങ്ങളുടെ പഠനകാലത്തെ മഹനീയ സാന്നിധ്യങ്ങളായിരുന്നു.
അന്ന് മഹാരാജാസ് കോളേജിലെ എം.എസ്.സി ഫിസിക്സ് കോഴ്സ് ഇലക്ട്രോണിക്സ് സ്പെഷലൈസേഷൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഫസ്റ്റ് ഇയറിനും സെക്കൻഡ് ഇയറിനും പ്രത്യേക തിയറി പേപ്പറുകളും പ്രാക്ടിക്കൽ പരീക്ഷകളും ഉണ്ടായിരുന്നു.
ഇലക്ട്രോണിക്സ് പ്രധാനമായും പഠിപ്പിച്ചിരുന്നത് ഹരിഹരൻ സാർ ആണ്. നെറ്റ്‌വർക്ക് തിയറിയുടെ ചോദ്യങ്ങളും ഉത്തരങ്ങളും ബോർഡിൽ എഴുതുന്ന അദ്ദേഹത്തിന്റെ വേഗം കാണുമ്പോൾ തന്നെ അത്ഭുതം തോന്നുമായിരുന്നു.
ഞങ്ങളുടെ ക്ലാസിൽ രണ്ട് ബ്ലാക്ക്ബോർഡുകൾ ചങ്ങലയും കപ്പിയും ഉപയോഗിച്ച് ബന്ധിപ്പിച്ച രീതിയിലായിരുന്നു. ഒരു ബോർഡ് നിറഞ്ഞാൽ അത് മേലോട്ട് തള്ളിവിടും; താഴെയുള്ള ബോർഡിൽ എഴുത്ത് തുടരും.
എഴുത്തിന്റെ വേഗത്തിൽ അദ്ദേഹത്തെ പിന്തുടരാൻ ഞങ്ങൾ വിദ്യാർത്ഥികൾക്ക് സാധിക്കില്ലായിരുന്നു. അതിനാൽ നോട്ടുബുക്കുകളിൽ വലിയ ഗ്യാപ്പുകളോടെ കുറിപ്പുകൾ എഴുതിവയ്ക്കും. ക്ലാസ് കഴിഞ്ഞു നോക്കിയാൽ കുറിപ്പുകളേക്കാൾ ഗ്യാപ്പുകൾ കൂടുതലായിരിക്കും! പിന്നീട് ആ ഗ്യാപ്പുകൾ നിറയ്ക്കാൻ ഞങ്ങൾ ശ്രമിക്കും. മറ്റുള്ളവരുടെ നോട്ടുബുക്ക് നോക്കിയാലും അവിടെയും ഗ്യാപ്പുകൾ തന്നെയായിരിക്കും.
ഈ ഗ്യാപ്പുകൾ നിറയ്ക്കാൻ ഞങ്ങളെ സഹായിച്ചിരുന്നത് “Gupta & Kumar” എന്ന ഇലക്ട്രോണിക്സ് പുസ്തകമാണ്.
പക്ഷേ അന്നത്തെ കാലത്ത് ഇന്ത്യൻ എഡിഷൻ പുസ്തകങ്ങൾക്കു വലിയ മഹത്വം കൽപ്പിച്ചിരുന്നില്ല. അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ “ഫോറിൻ ബുക്കുകൾ” എന്നതിലായിരുന്നു കൂടുതൽ താൽപര്യം പ്രകടിപ്പിച്ചിരുന്നത്.
ഡിപ്പാർട്ട്മെന്റ് ലൈബ്രറിയിൽ അത്തരം വിദേശ പുസ്തകങ്ങൾ ധാരാളം ഉണ്ടായിരുന്നു. ചിലർ അവ എടുത്തു ഹോസ്റ്റൽ മുറിയിൽ കൊണ്ടുപോയി തലയിണയ്ക്കടിയിൽ വെച്ച് ഉറങ്ങുന്നതാണ് പതിവ്! ആ പുസ്തകങ്ങളിൽ നിന്നു എത്ര പേർ യഥാർത്ഥത്തിൽ പഠിച്ചു എന്നത് അവർക്ക് മാത്രമേ അറിയൂ.
സത്യമായി പറയുകയാണെങ്കിൽ, ഗുപ്ത & കുമാർ ഇല്ലായിരുന്നെങ്കിൽ എന്റെ ഇലക്ട്രോണിക്സ് പഠനം ഒരു കരയെത്തുമായിരുന്നോ എന്ന് തന്നെ സംശയമാണ്.
പ്രീഡിഗ്രിക്ക് മാത്തമാറ്റിക്സിൽ 150 ൽ 150 മാർക്കും, ബി.എസ്.സി യിലെ സബ്സിഡിയറി മാത്തമാറ്റിക്സിന് 200 ൽ 200 മാർക്കും നേടിയ ഞാൻ, മാത്തമാറ്റിക്കൽ ഫിസിക്സ് പേപ്പർ എളുപ്പമാകും എന്നാണ് കരുതിയത്. പക്ഷേ ആ പേപ്പർ എനിക്ക് അത്ര നന്നായി എഴുതാൻ കഴിഞ്ഞില്ല. അതിന് എന്റെ സ്വന്തം പരിമിതികളാണ് കാരണം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
മാത്തമാറ്റിക്കൽ ഫിസിക്സ് പ്രധാനമായും പഠിപ്പിച്ചത് തുളസിയമ്മ ടീച്ചർ ആയിരുന്നു. ടീച്ചറുടെ ക്ലാസിന്റെ പ്രത്യേകത, ടീച്ചർ മിക്കപ്പോഴും ഫാമിലി കാര്യങ്ങർ ക്ലാസിൽ പങ്കുവയ്ക്കുമെന്നതായിരുന്നു. വീട്ടിൽ അന്നത്തെ ബ്രേക്ക്‌ഫാസ്റ്റ് എന്തായിരുന്നു, ഉച്ചയ്ക്ക് ചോറിനുള്ള കറി എന്താണെന്നൊക്കെ ടീച്ചർ രസകരമായി പറയും.
അങ്ങനെ സംസാരിക്കുന്നതിനിടയിൽ 1968-ൽ ഇടപ്പള്ളിയിൽ ആരംഭിച്ച മോഡൽ ബ്രഡ് ഇൻഡസ്ട്രിയെക്കുറിച്ച് ടീച്ചർ പറഞ്ഞുതന്നത് ഇന്നും ഓർമ്മയിലുണ്ട്. ഇന്ത്യയിൽ ആദ്യമായി വിറ്റാമിനുകളും മിനറലുകളും ചേർത്ത ഫോർട്ടിഫൈഡ് ബ്രഡ് വിപണിയിലെത്തിച്ചത് ഇവരാണെന്ന് ടീച്ചർ പറഞ്ഞിരുന്നു.
ടീച്ചറുടെ വീട്ടിൽ പല ദിവസവും ബ്രേക്ക്‌ഫാസ്റ്റിന് മോഡേൺ ബ്രഡ് ആയിരിക്കും. അതിനൊപ്പം പരിപ്പ് കറിയോ മറ്റോ ഉണ്ടാകും. ചില ദിവസങ്ങളിൽ ടീച്ചർ ക്ലാസിൽ വന്നാൽ ഞങ്ങളിൽ ചിലർ ചോദിക്കും: “ഇന്ന് ബ്രേക്ക്‌ഫാസ്റ്റ് എന്തായിരുന്നു ടീച്ചർ?” അങ്ങനെ തുടങ്ങിയാൽ ആ ദിവസത്തെ ക്ലാസ് വളരെ രസകരമായി നീങ്ങും. എന്നാൽ അതിനിടയിൽ മാത്തമാറ്റിക്കൽ ഫിസിക്സിനോടുള്ള ചില വിദ്യാർത്ഥികളുടെ ശ്രദ്ധ അല്പം കുറയുന്നതും സത്യമാണ്!
രണ്ടാം വർഷത്തിൽ ഞങ്ങൾക്ക് ലഭിച്ച മികച്ച അധ്യാപകനായിരുന്നു ദേവസ്യ മാഷ്. ന്യൂക്ലിയർ ഫിസിക്സ് അദ്ദേഹമാണ് പഠിപ്പിച്ചത്. പ്രാക്ടിക്കൽ ചാർജും അദ്ദേഹത്തിനായിരുന്നു. എം.എസ്.സി വിദ്യാർത്ഥികളായിരുന്ന ഞങ്ങൾക്ക് ശാസ്ത്രീയ ദിശാബോധം നൽകുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്.
ശാന്തകുമാരി ടീച്ചർ ഞങ്ങളെ ക്വാണ്ടം മെക്കാനിക്സ് പഠിപ്പിച്ചു. ഇന്നും വിദ്യാർത്ഥികൾക്ക് ഈ വിഷയത്തോട് ഒരു ഭയം ഉണ്ടല്ലോ. പക്ഷേ ടീച്ചർ വളരെ ലളിതമായി അത് അവതരിപ്പിക്കുകയും മികച്ച നോട്ട് സ് തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ഞങ്ങളെ പഠിപ്പിക്കുന്ന സമയത്താണ് ടീച്ചർ കൊച്ചി യൂണിവേഴ്സിറ്റിയിൽ പാർട്ട് ടൈമായി റിസർച്ച് നടത്തി ഡോക്ടറേറ്റ് നേടിയത്.
ഞങ്ങളുടെ എല്ലാവരുടെയും
പ്രിയപ്പെട്ട അധ്യാപകനായിരുന്നു ഡോ. എം.കെ. രുദ്രാവാര്യർ. അദ്ദേഹം പഠിപ്പിച്ചത് മോളിക്യുലർ സ്പെക്ട്രോസ്കോപ്പിയാണ്. “തന്മാത്രിയ സ്പെക്ട്രോസ്കോപ്പി” എന്ന മലയാള പുസ്തകം ഉപയോഗിച്ചാണ് അദ്ദേഹം ഇംഗ്ലീഷിൽ ക്ലാസ് എടുത്തത്. രുദ്രാവാര്യർ സാറും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഗിരിജാവല്ലഭൻ സാറും ചേർന്ന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി തയ്യാറാക്കിയ പുസ്തകമാണ് അത്.
ആ മലയാളം പുസ്തകം നോക്കി ഇംഗ്ലീഷിൽ ക്ലാസ് എടുത്ത അദ്ദേഹത്തിന്റെ ശൈലി വളരെ രസകരമായിരുന്നു. കോളേജ് ക്ലാസുകളിൽ പഠിപ്പിക്കാൻ ഇംഗ്ലീഷ് മാത്രമേ വേണ്ടൂ എന്ന ധാരണയെ കുറച്ചെങ്കിലും ചോദ്യം ചെയ്യാൻ എനിക്ക് പ്രചോദനം നൽകിയതും രുദ്രാവാര്യർ സാറാണ്.
ഗംഗാധരൻ സാർ ഞങ്ങളെ അറ്റോമിക് ഫിസിക്സ് പഠിപ്പിച്ചു. ഫസ്റ്റ് ഇയർ പ്രാക്ടിക്കൽ ചാർജും അദ്ദേഹത്തിനായിരുന്നു. ഇലക്ട്രോണിക്സിന്റെ ഒരു ഭാഗം പഠിപ്പിച്ചിരുന്ന എബ്രഹാം അറക്കൽ സാർ പിന്നീട് ഞാൻ ജോലി ചെയ്ത കോളേജിൽ ഡെപ്യൂട്ടേഷനിൽ പ്രിൻസിപ്പലായി എത്തുകയും ഏഴുവർഷം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ലഭിക്കുകയും ചെയ്തു. പിന്നീട് മഹാരാജാസിൽ പ്രിൻസിപ്പലായി തിരിച്ചെത്തിയശേഷമാണ് അദ്ദേഹം വിരമിച്ചത്.
മാതാപിതാക്കളെയും ഗുരുക്കന്മാരെയും നമുക്ക് തിരഞ്ഞെടുക്കാനുള്ള അവസരം സാധാരണയായി ലഭിക്കാറില്ല. എന്നാൽ എന്റെ ജീവിതത്തിൽ ലഭിച്ച അധ്യാപകർ എല്ലാവരും തന്നെ എനിക്ക് വഴികാട്ടികളായിരുന്നുവെന്നതാണ് എന്റെ വിശ്വാസം.
കോളേജുമായി ബന്ധപ്പെട്ട് ഓർമ്മയിൽ നിൽക്കുന്ന മറ്റൊരു മേഖല അവിടുത്തെ രാഷ്ട്രീയമാണ്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ നേതാവായ എസ്. രമേശൻ ആയിരുന്നു ഞങ്ങളുടെ കാലത്ത് ചെയർമാൻ. രാഷ്ട്രീയത്തിൽ വലിയ താൽപര്യമില്ലാതിരുന്ന ഞങ്ങൾ ഫിസിക്സ് വിദ്യാർത്ഥികൾക്കും രമേശനെ ഇഷ്ടമായിരുന്നു. അദ്ദേഹം മികച്ച ഒരു പ്രാസംഗികനായിരുന്നു.
ഞാൻ പഠിച്ച കാലത്ത് വൈക്കം വിശ്വനും ഏഴാച്ചേരി രാമചന്ദ്രനും കോളേജ് അങ്കണത്തിന് പുറത്തുനിന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തതു ഓർക്കുന്നു. വൈക്കം വിശ്വന്റെ പ്രസംഗം ഞങ്ങളെ വളരെ ആകർഷിച്ചു, വിഷയം കൊണ്ടല്ല, അദ്ദേഹത്തിന്റെ വാക്ചാതുര്യം കൊണ്ട്.
ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ പരിഹസിച്ച് ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞ ഒരു കഥ ഇന്നും ഓർമ്മയിൽ നിലനിൽക്കുന്നു.
ചന്തയിലേക്ക് പോകുന്ന പട്ടർ വഴിയരികിലെ വീട്ടിൽ നിന്ന് ഒരു കുട്ടി ഇംഗ്ലീഷ് പഠിക്കുന്നത് കേൾക്കുന്നു. കുട്ടി വായിക്കുന്നത്:
“Silk = പട്ട്”.
ഇത് കേട്ട പട്ടർക്ക് തോന്നി : “ഇംഗ്ലീഷ് ഇത്രയേ ഉള്ളോ?”
അദ്ദേഹം ഉടനെ സ്വയം പാഠം തുടർന്നു:
Silk = പട്ട്
Silker = പട്ടർ
Silki = പട്ടി
silkathi= പട്ടത്തി
Silkanam = പട്ടണം
Silkika = പട്ടിക
Silka = പട്ട
ഇതൊക്കെ തന്നെയല്ലേ ഇംഗ്ലീഷ് മീഡിയം പഠനം എന്നാണ് പ്രാസംഗികനും ഉദ്ദേശിച്ചത്.
ആ ഉപമ കേട്ട് വിദ്യാർത്ഥികൾ എല്ലാവരും ചിരിച്ചതു ഇന്നും ഓർമ്മയിലുണ്ട്.
കോളേജ് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ യേശുദാസിൻ്റെ ഗാനമേളയും ഓർമ്മയിൽ തങ്ങിനിൽക്കുന്നു. അന്ന് യേശുദാസിനൊപ്പം പാടിയത് ഒരു കൊച്ചു പെൺകുട്ടിയാണ് -സുജാത. അന്ന് ആ കുട്ടിക്ക് പത്തു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് ലോകം അറിയുന്ന പ്രശസ്ത ഗായികയായി അവർ മാറിയിരിക്കുന്നു. അതിലും കൗതുകകരമായ കാര്യം, ഇന്ന് അവരുടെ മകളും നല്ല ഗായികയാണ്.
കാലം ഏറെ മാറിയെങ്കിലും മഹാരാജാസിലെ ആ രണ്ടു വർഷങ്ങൾ എന്റെ ഓർമ്മകളിൽ ഇന്നും പുതുമ കുറയാതെ നിലനിൽക്കുന്നു. ജീവിതപാതയിൽ മുന്നോട്ട് പോകാൻ സഹായിച്ച ഗുരുക്കന്മാരെയും, സഹപാഠികളെയും, ആ കോളേജ് അന്തരീക്ഷത്തെയും നന്ദിയോടെ ഓർക്കുമ്പോൾ മനസിൽ നിറയുന്നത് സന്തോഷമാണ്. മഹാരാജാസ് എന്ന അധ്യായം ജീവിതത്തിൽ ഉണ്ടായത് ഒരു ഭാഗ്യം. അക്കാലത്ത് അപൂർവമായി മാത്രം ലഭിക്കുന്ന ഒരു ഫസ്റ്റ് ക്ലാസും വാങ്ങി മഹാരാജാസിൽ നിന്ന് വിടവാങ്ങിയതാണ് ശേഷിച്ച ജീവിത്തിൻറെ പാത മാറ്റിവരച്ചത്.
കൂടെ പഠിച്ചവരെ കുറിച്ച് ഇനിയൊരിക്കൽ അവസരം കിട്ടുകയാണെങ്കിൽ പറയാം.
No comments:
Post a Comment