Tuesday, 31 March 2026

രണ്ട് വൃദ്ധന്മാർ - കഥ

#രണ്ടു_വൃദ്ധന്മാർ
കഥ - കെ എ സോളമൻ
​കടലിന് അഭിമുഖമായി നിൽക്കുന്ന ആ സഹകരണ ബാങ്ക് ഒരു ആശ്വാസകേന്ദ്രമാണ്. നിക്ഷേപിച്ച തുച്ഛമായ സമ്പാദ്യം അവിടെയുണ്ടോ എന്ന് ഉറപ്പുവരുത്താനും, മകളുടെ കല്യാണത്തിനോ മറ്റോ പണയം വെച്ച സ്വർണം ലോക്കറിൽ സുരക്ഷിതമാണോ എന്ന് നോക്കാനും എത്തുന്ന വൃദ്ധരുടെ ഒരു താവളം.
അന്ന് രാവിലെ ബാങ്കിന്റെ പടികൾ കയറാൻ തുടങ്ങിയതായിരുന്നു കേശവൻ'. അപ്പോഴാണ് ഒരു ചെറിയ അപകടം നടന്നത്. ബാങ്കിന് മുന്നിലെ തൈത്തെങ്ങിലേക്ക് ഒരു സൈക്കിൾ വന്നിടിച്ചു നിന്നു. സൈക്കിൾ എന്ന് പറഞ്ഞാൽ സാധാരണ സൈക്കിളല്ല; വീൽ വീതിയുള്ള, ഗിയറൊക്കെയുള്ള ഒരു ‘മോഡേൺ’ ഐറ്റം. പേരക്കുട്ടിയുടെ സൈക്കിളും കൊണ്ട് ബാങ്കിലെത്തിയതായിരുന്നു കുമാരൻ..

​പക്ഷേ ഒരു പ്രശ്നം. സൈക്കിൾ തൈത്തെങ്ങിൽ ഇടിച്ചു നിന്നതല്ലാതെ, കുമാരന് അതിൽ നിന്ന് ഇറങ്ങാൻ പറ്റുന്നില്ല. സൈക്കിളിന്റെ സീറ്റ് അല്പം ഉയരത്തിലാണ്, കുമാരന്റെ കാലുകൾക്കാണെങ്കിൽ പണ്ട് ഓടി നടന്ന അവസ്ഥ ഇപ്പോഴില്ല, തരിപ്പാണ് മൊത്തം

​കുമാരൻ: "ചേട്ടാ, ഒന്ന് ഇങ്ങോട്ട് നോക്കിയേ.  പ്രായമായതുകൊണ്ടാവും കാൽ അങ്ങോട്ട് പൊങ്ങുന്നില്ല. ഇതൊന്ന് മെല്ലെ പിടിക്കാമോ?"

​കേശവൻ തന്റെ സ്വന്തം മുട്ടുവേദന ഒന്നു മറച്ചുപിടിച്ചു കൊണ്ട് ചിരിച്ചു. ഒരു തരം സീനിയർ സിറ്റിസൺ ഗമയിൽ. അദ്ദേഹം ചോദിച്ചു:
"അതിനെന്താ പിടിക്കാമല്ലോ.  ഞാൻ നിങ്ങളെ പിടിക്കണോ,  അതോ ഈ സൈക്കിൾ താങ്ങണോ? വേണമെങ്കിൽ കാൽ പൊക്കിത്തരാം?"
കുമാരൻ  "എന്തായാലും കുഴപ്പമില്ല. എങ്ങനെയെങ്കിലും ഒന്ന് ഇറങ്ങി കിട്ടിയാൽ മതി. ഇപ്പോഴത്തെ പിള്ളേരുടെ ഓരോ തരം സൈക്കിളുകൾ! ഇത് ഓടിക്കണമെങ്കിൽ സർക്കസ്സുകാരൻ ആകണം."
​കേശവൻ എത്തി സൈക്കിളിൽ ഒരു കൈ പിടിച്ചു. കുമാരൻ കഷ്ടപ്പെട്ട് തന്റെ വലതുകാൽ സൈക്കിളിന് മുകളിലൂടെ വായുവിൽ ഒരു അഭ്യാസപ്രകടനം നടത്തി താഴെയിറക്കി, മറിഞ്ഞുവീണിലെന്നു മാത്രം 

ഒടുവിൽ രണ്ടുപേരും കൂടി കിതച്ചുകൊണ്ട് ബാങ്കിനുള്ളിലേക്ക് കയറി.
​സഹായിച്ചതിലുള്ള നന്ദി സൂചകമായി കുമാരൻ പറഞ്ഞു: "നിങ്ങൾ ആദ്യം നടന്നോളൂ, ഞാൻ പിന്നാലെ വരാം."
​കേശവൻ കൗണ്ടറിലേക്ക് നീങ്ങി. തന്റെ പാസ്ബുക്ക് നീട്ടി. കമ്പ്യൂട്ടറിൽ നോക്കി ക്ലർക്ക് ചോദിച്ചു: "എത്ര എടുക്കണം?"
"ഒരു അഞ്ഞൂറ് രൂപ എടുത്തോളൂ. അത്യാവശ്യത്തിന് വേണം." കേശവൻ  പറഞ്ഞു.

​അക്കൗണ്ടിൽ ലക്ഷങ്ങളില്ലെങ്കിലും ആ അഞ്ഞൂറ് രൂപ കൈയ്യിൽ കിട്ടിയപ്പോൾ ഉണ്ടായ സന്തോഷമുണ്ടല്ലോ, അത് ഏതൊരു കോടീശ്വരന്റെ ലാഭത്തേക്കാളും വലുതായിരുന്നു. പൈസ മടക്കി മടിശീലയിൽ വെച്ച് കേശവൻ പുറത്തേക്ക് നടന്നു.

​പുറത്തിറങ്ങുമ്പോൾ അദ്ദേഹം കണ്ടു, കുമാരൻ അവിടെ മാനേജരുടെ ക്യാബിന് മുന്നിൽ കാത്തുനിൽക്കുന്നു. തന്റെ സ്വർണ്ണ ഉരുപ്പടി തിരികെ കിട്ടുമോ അതോ വീണ്ടും പലിശ അടയ്ക്കണോ എന്ന ആകുലതകുമാരന്റെ മുഖത്തുണ്ട്. ഈയിടെയായി സഹകരണ ബാങ്കിൽ എല്ലാം കൊട്ടത്താപ്പ് ആണല്ലോ '

ബാങ്കിന് പുറത്തിറങ്ങിയ കേശവൻ ഒരിക്കൽ കൂടി ആ തൈത്തെങ്ങിലേക്ക് നോക്കി. ആ കത്രികപ്പൂട്ടു പോലുള്ള സൈക്കിൾ അവിടെ തന്നെയുണ്ട്. കുമാരൻ ഇനി അതിൽ എങ്ങനെ കയറും? കുമാരന്  പണയ ഉരുപ്പടി കിട്ടിക്കാണുമോ? വീണ്ടും സഹായം ചോദിക്കുമോ?

​സാധാരണക്കാരായ യുവാക്കൾക്കാണെങ്കിൽ ഇത്തരം നൂറായിരം ചിന്തകൾ തലയിൽ പുകയും. "അയ്യോ, ആ പാവം വൃദ്ധൻ എങ്ങനെ ഇനി വീട്ടിൽ പോകും?" എന്ന് കരുതി അവർ അവിടെ കാത്തുനിന്നേനെ.

​പക്ഷേ, കേശവൻ അവിടെ നിന്നില്ല. അദ്ദേഹം പതുക്കെ തന്റെ വഴിക്ക് നടന്നു. അതിൻറെ കാരണം എന്താണെന്ന് വെച്ചാൽ  ഒരു പ്രായം കഴിഞ്ഞാൽ മനസ്സ് ഒരു പ്രത്യേക പാകതയിലെത്തും. ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ തനിക്ക് കഴിയില്ലെന്ന തിരിച്ചറിവ്. കുമാരൻ സൈക്കിളിൽ കയറുന്നതും വീഴുന്നതും അയാളുടെ വിധി. തന്റെ അഞ്ഞൂറ് രൂപ പോക്കറ്റിലുണ്ട്, കടൽക്കാറ്റ് മുഖത്തടിക്കുന്നുണ്ട്. അതിൽ കൂടുതൽ എന്തിന് ആകുലപ്പെടണം?

​‘അനാവശ്യമായ ആകുലതകളിൽ നിന്നുള്ള മോചനം തന്നെയാണ്
വാർദ്ധക്യം നൽകുന്ന ഏറ്റവും വലിയ ആശ്വാസം  മറ്റുള്ളവർ സൈക്കിളിൽ കയറുകയോ വീഴുകയോ ചെയ്യട്ടെ  അത് നോക്കി നിൽക്കുന്നതിനേക്കാൾ, താൻ വീഴാതെ നടക്കാൻ നോക്കുന്നതാണ് ബുദ്ധി. കൂടുതൽ ആലോചിക്കാതെ കേശവൻ മുന്നോട്ടു നടന്നു.!
                                * * *

No comments:

Post a Comment