Saturday, 8 April 2023

മറക്കാതെ ബാല്യം -കഥ (ഒന്നാം ഭാഗം)

#മറക്കാതെ #ബാല്യം - കഥ (ഒന്നാം ഭാഗം)

ബാല്യം എന്ന് പറയുമ്പോൾ 60 കൊല്ലങ്ങൾക്ക് പിന്നിലേക്കുള്ള തിരിഞ്ഞുനോട്ടം. നാട്ടിൽ ഓടിട്ട വീടുകൾ തീരെ കുറവ്. :എല്ലാം ഓലക്കൂരകൾ. അത്തരത്തിൽ ഒന്നിൽ നിന്നാണ് എന്നും പുറത്തേക്ക് ഇറങ്ങാറുള്ളത്

നേരെ കിഴക്കോട്ട് ഇറങ്ങിയാൽ കൊച്ചപ്പന്റെ വീടാണ്. കൊച്ചപ്പന്റെ ഭാര്യ.ത്രേസ്യ. കൊച്ചപ്പന്റെ യഥാർത്ഥ പേര് ജോർജ് തൈപ്പറമ്പിൽ . കൊച്ചപ്പനും കുടുംബവും ഞങ്ങളുടെ വീട്ടിൽ മുന്നിൽ വന്നു താമസിച്ചപ്പോൾ നികർത്തിൽ എന്നായിവീട്ടുപേര്. പണ്ട് പാടമായിരുന്ന സ്ഥലം നികർത്തിയെടുത്തതാണ് ആ പുരയിടം.

കൊച്ചപ്പൻ കയർ കമ്പനി തൊഴിലാളിയാണ്. അങ്ങ് അകലെ ശക്തീശ്വരൻ കവലയിലുള്ള വേലാംമൂപ്പന്റെ കയറുമില്ലിൽ ആണ് ജോലി. വേലാൻ മൂപ്പൻ എന്ന് ഞങ്ങൾ പറയുമെങ്കിലും അദ്ദേഹം വേലായുധൻ മുതലാളിയാണ് . ഇന്നത്തെ  ചേർത്തലയിലെ പ്രശസ്തമായ കെ വി എം ഗ്രൂപ്പിൻറെ തുടക്കക്കാരൻ .

കൊച്ചപ്പൻ രാവിലെ ചോറു പാത്രവും തൂക്കി പോകുന്നതും വൈകിട്ട് തിരികെ വരുന്നതും കാണാമായിരുന്നു, സാമാന്യ വിദ്യാഭ്യാസം ഉണ്ട് , അതുകൊണ്ട് നന്നായിട്ട് പുത്തൻ പാനയും അമ്മാനയും വായിക്കും. പെസഹാ നാളുകളിലാണ് അദ്ദേഹത്തിന്റെ വായന ഞങ്ങളെല്ലാവരും കേൾക്കാറുള്ളത്. ഭാര്യക്ക് അത്രവിദ്യാഭ്യാസമില്ല. തൊട്ടടുത്ത വീട് ആയതുകൊണ്ട് കൂടുതൽ വഴക്കും പിണക്കവും സ്നേഹവും അവരുമായിട്ടായിരുന്നു.

അവരുടെ വീടും കഴിഞ്ഞ് മുന്നോട്ട് നടന്നാൽ തോടും ചിറയും കൂടിക്കലർന്ന ഒരു പുരയിടം. അതും കഴിഞ്ഞ് കിഴക്കോട്ട് നടന്നാൽ ബ്രിജിത്ത വല്യമ്മയുടെ വീട്.  ബ്രിജിത്ത വല്യമ്മ ഇളയമകൻ വറുതിന്റെ കൂടെയാണ് താമസം. വറുതിന് കടപ്പുറം പണിയാണ്. രണ്ടുമൂന്ന് മൈൽ പടിഞ്ഞാറുള്ള കടപ്പുറത്ത് പോയി പണി ചെയ്യുന്ന അപൂർവ്വം ആളുകളെ ആ ഭാഗത്ത് ഉണ്ടായിരുന്നുള്ളൂ അന്ന്. വറുതിന്റെ ഭാര്യ വിരോണി . വിരോണി വെളുത്തവളും വറുതിനെക്കാൾ പൊക്കവുമുള്ള സ്ത്രീയായിരുന്നു. എൻറെ കാഴ്ചപ്പാടിൽ അവർ തമ്മിൽ ചേർച്ച തോന്നിയിരുന്നില്ലെങ്കിലും സന്തോഷമായിട്ടാണ് അവർകഴിഞ്ഞു പോന്നത്.

വല്യമ്മയുടെ വീട്ടിൽ പോയി കുത്തിയിരുന്നാൽ ഒരു കട്ടൻ കാപ്പി പോലും കിട്ടില്ല. ബിജിത്ത വല്യമമ കൂടുതൽ സമയവും ഞങ്ങടെ വീട്ടിൽ ആയിരുന്നു. എന്റെഅമ്മ തിളപ്പിച്ചു കൊടുക്കുന്ന ഒരു ഗ്ലാസ് കട്ടൻചായയും ഒരു ശർക്കര കഷ്ണവും ബിജിത്ത വല്യമ്മയ്ക്ക് വളരെ കാര്യമായിരുന്നു. പറഞ്ഞ കാര്യങ്ങൾ തന്നെ ബ്രിജിത്ത വല്യമ്മ പറഞ്ഞുകൊണ്ടിരിക്കും. എന്നാലും ഇവയെല്ലാം ആദ്യം കേൾക്കുന്ന മട്ടിൽ എന്റെ അമ്മ കേൾക്കുകയും തൊണ്ടുതല്ലുകയും ചകിരി പിരിക്കുകയും ചെയ്യുമായിരുന്നു.  എന്തെങ്കിലും അസുഖം മൂലം  വല്യമ്മ വരാത്ത ദിവസങ്ങളിൽ എൻറെ അമ്മയ്ക്കും ചെറിയ വിഷമം തോന്നിയിരുന്നു.

ബ്രജിത്താ വല്യമ്മയുടെ തറയിൽ വീട് കടന്ന് 20 മീറ്റർ കിഴക്കോട്ട് നടന്നാൽ ഞാൻ ചെന്നു കയറുന്നത് പപ്പുണ്ണി ആശാൻറെ വീട്ടിലാണ്. കല്ല് കെട്ടിയ ഓലമേഞ്ഞ വീട്.

പപ്പുണ്ണി ആശാൻ , ഭാര്യ ആശാട്ടി മകൻ തങ്കാലി - മൂന്നു പേരുള്ള വീട് .
കുട്ടികൾക്ക് മുമ്പ് നിലത്തെഴുത്ത് പഠിപ്പിച്ചത് കൊണ്ടാണ് ആശാനെയും ആശാട്ടിയെയുംഅങ്ങനെ വിളിച്ചിരുന്നത്. എന്നെക്കാൾ മൂന്നാല് വയസ്സ് കുറവുള്ള  തങ്കാലി അസാമാന്യ കഴിവുള്ള കുട്ടിയായിരുന്നു. പാട്ട് എഴുതും , നാടകം എഴുതും സ്വന്തമായിട്ട് അഭിനയിച്ച് നാട്ടുകാരെ കാണിക്കുകയും ചെയ്യും.

പപ്പുണ്ണി ആശാന് എന്നോട് വലിയ കാര്യമായിരുന്നു. അതിന് കാരണം ചെറിയ ജോലികളൊക്കെ ചെയ്യാൻ എന്നെക്കാൾ ആദായത്തിൽ അവിടെ ആളെ കിട്ടുന്നത് അന്ന് പ്രയാസമായിരുന്നു. പത്തു രൂപ ഒരാൾക്ക് കൂലി ഉണ്ടായിരുന്ന അക്കാലത്ത് അതിൻറെ അഞ്ചിൽ ഒന്ന് അതായത് രണ്ട് രൂപ മുടക്കിയാൽ എന്നെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാമായിരുന്നു. മറ്റൊരു വഴിയിൽ രണ്ട് രൂപ കിട്ടാൻ മാർഗമില്ലാതിരുന്ന എനിക്ക് ഇത് വലിയ അനുഗ്രഹമായിരുന്നു.

ജോലി പ്രധാനമായിട്ടും തൊണ്ട് തല്ലിക്കാൻ വള്ളത്തിൽ ചെങ്ങണ്ട വരെ കൊണ്ടുപോവുക എന്നതായിരുന്നു. ചെങ്ങണ്ടയിലാണ് തൊണ്ടു തല്ലുമില്ല് ഉള്ളത്. വള്ളമൂന്നലും  നീന്തലും ആ പ്രായത്തിൽ തന്നെ ഞാൻ പഠിച്ചിരുന്നു. ആശാൻ തൊണ്ട് വള്ളത്തിൻറെ അണിയത്തിരിക്കും ഞാൻ അമരത്തിൽ നിന്ന് വള്ളമൂന്നും .

ഒന്നു രണ്ടു തവണ വലിയ അപകടമൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ടായി. ചെങ്ങണ്ട മില്ല് അവധിയാണെങ്കിൽ വള്ളം ചേർത്തലയ്ക്കു വിടണം. ചേർത്തലയിൽ എത്താൻ കായൽ കടക്കണം, കായലിൽ നല്ല ആഴവും ചെളിയുമുള്ള സ്ഥലങ്ങൾ ഉണ്ട് . ഒന്നു രണ്ടു തവണ കഴുക്കോൽ ചെളിയിൽ ഉറച്ചതും ഞാൻ കഴുക്കോലിൽ തൂങ്ങി നിന്നതും ഓർക്കുന്നു. 

കഴുക്കോൽ ചെളിയിൽ പൂണ്ടാൽ കുടഞ്ഞു വലിക്കണം  എന്നുള്ള ടെക്നിക്ക് എനിക്ക് അറിയാത്തത് അല്ല പക്ഷേ ഒന്ന് രണ്ട് തവണ അത് പറ്റിയില്ല. കഴുക്കോലിൽ തൂങ്ങി നിൽക്കുന്ന ഞാൻ നിലയില്ലാ കയത്തിൽ ഒറ്റയ്ക്ക് വള്ളത്തിൽ ഇരിക്കുന്ന ആശാന്റെ അങ്കലാപ്പ് നേരിട്ട് കണ്ടിട്ടുണ്ട്. തൊട്ടടുത്തുള്ള വള്ളക്കാരന്റെ സഹായത്താൽ കഴുക്കോലും  പറിച്ച് തിരികെ വള്ളത്തിൽ ചെന്ന് കേറുമ്പോഴാണ് ആശാൻറെ ശ്വാസം നേരെ വീഴുന്നത്. ഏറ്റിരുന്ന കൂലി കൃത്യമായി തരുന്നതിന് ആശാൻ ഒരിക്കലും പോലും വീഴ്ച വരുത്തിയിട്ടുമില്ല.

മകൻ തങ്കാലി അദ്ദേഹത്തിന് ജീവനായിരുന്നു, അവനെക്കൊണ്ട് ഈ ജോലിയൊക്കെ ആകുന്നതേയുള്ളൂ എന്നാലും അതല്ലല്ലോ ശരിയായ രീതി, ജോലി ചെയ്യാൻ വേറെ കുട്ടികൾ ഉള്ളപ്പോൾ .

ആ കുടുംബത്തെ ഒന്നാകെ ഉലച്ച സംഭവം തങ്കാലിയുടെ മരണമായിരുന്നു. തങ്കീ കവലയിൽ വെച്ചു നടന്ന ഒരു ആക്സിഡൻറിൽ തങ്കാലി മരണപ്പെട്ടു. തീവ്റ ദുഃഖം സഹിക്കവയ്യാതെ അമ്മ ആശാട്ടിയും വൈകാതെ മരിച്ചു. ആശാൻ വീണ്ടും വിവാഹിതനായി. പിന്നീട് വന്ന സ്ത്രീ കയർ പിരിയിൽ താല്പര്യം കാണിക്കാതിരുന്നതിനാൽ എൻറെ പണി മുടങ്ങി, വരുമാനവും നിലച്ചു.

പപ്പൂണ്ണി ആശാൻറെ വീടും കടന്നു കുറച്ചു നടന്നാൽ കാളമ്മാമ്മയുടെ വീടാണ്. കാളി എന്നായിരിക്കണം അവരുടെ യഥാർത്ഥ പേര്. ഞങ്ങൾ കാളമ്മാമ്മ എന്ന് വിളിക്കും. കാളമ്മാമ്മയ്ക്ക് ഏഴ് മക്കളായിരുന്നു. അവരുടെ പേര് ഒരു പാട്ടിലൂടെ എനിക്ക് പഠിപ്പിച്ചുതന്നത് റപ്പേലായിരുന്നു.

കലിയൻ , ദിവാകരൻ, ഭാമാക്ഷി,  മീനാക്ഷി , പൊന്നമ്മ , തങ്കമ്മ, കമലാക്ഷി (തുടരണോ ?)

Tuesday, 4 April 2023

പാട്ടു പാടും കിളി

#പാട്ടുപാടും #കിളി

കാറ്റത്തുലയും ഇലകളെ
 ഓർക്കുമോ നിങ്ങൾ
മണ്ണിന്റെ പുതുമണവും
പുക്കളിൻ സുഗന്ധവും

പാട്ടുപാടും കിളിയെ
മറക്കുമോ നീ
പോക്കുവെയിലിൽ തിളങ്ങും
കണ്ണും കപോലവും
- ആർ എൻ

Wednesday, 1 February 2023

#തിസീസിലെ #പിശക്

#തിസീസിലെ #പിശക്

യുവജനക്ഷേമ കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ പി എച്ച് ഡി തിസീസിലെ  "വാഴക്കുല " പിശക് കൊട്ടിഘോഷിക്കാൻ പറ്റിയ തെറ്റൊന്നുമല്ല. ചിന്തയെ ട്രോളാൻ വേണ്ടി ഏഷ്യാനെറ്റ് ചാനൽ ചെയ്ത തരികിട പരിപാടി. ഇങ്ങനെ തെറ്റ് കണ്ടുപിടിക്കാൻ തുടങ്ങിയാൽ ലോകത്തിലുള്ള മിക്കവാറും എല്ലാ തിസീസുകളിലും മിസ്റ്റേക്കുകൾ ധാരാളം കണ്ടെത്താം. കെ ടി ജലീലിന്റെ വാര്യൻ കുന്നൻ തിസീസിൽ ഒക്കെ ചരിത്രപരമല്ലാത്ത എന്തെല്ലാം അബദ്ധങ്ങൾ എഴുതി പിടിപ്പിച്ചിട്ടുണ്ടാവും?

ചിന്താ ജെറോമിന് പറ്റിയ കുഴപ്പം അവർ ഇതിനകം തന്നെ ഒട്ടനവധി ആളുകളെ അവരുടെ പെരുമാറ്റം കൊണ്ട് വെറുപ്പിച്ചിട്ടുണ്ട്. എം എ ബേബി "സ്കൂളിൽ " പഠിച്ചു വന്നതിന്റെ കുഴപ്പം . വടിവൊത്തഭാഷയിൽ എന്നു അവർ കരുതുന്ന അവരുടെ പ്രസംഗം കേൾക്കുന്നത് തന്നെ പലർക്കും അലോസരമായി തോന്നും. 

ഇംഗ്ലീഷ് സാഹിത്യത്തിലാണ് അവരുടെ ഡോക്ടറേറ്റ്. ഇംഗ്ലീഷ് ഭാഷയിൽ അവർക്ക് വലിയ പ്രാവീണ്യം ഇല്ലെന്നു അവരുടെ വർത്തമാനം കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാകും.

അവാർഡ് ചെയ്ത പിഎച്ച്ഡി ഉടനെ പിൻവലിക്കണം  എന്ന  ചിലരുടെയൊക്കെ ആവശ്യം അസംബന്ധമാണ്. ഒരിക്കൽ കൺഫർ ചെയ്തു കഴിഞ്ഞാൽ പി എച്ച് ഡി തിരിച്ചെടുക്കാൻ നിലവിൽ നിയമമില്ല. അതിന്റെ ആവശ്യവുമില്ല.

- കെ എ സോളമൻ

Monday, 30 January 2023

. റൈറ്റ് റവ മൊൺ മാത്യു നെറോണ

#റൈറ്റ് #റവ #മൊൺ #മാത്യു #നെറോണ

ആലപ്പുഴ രൂപത മോൺസിഞ്ഞോർ റൈറ്റ് റവ ഫാദർ മാത്യു നെറോണയക്ക് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഫ്രറ്റേണിറ്റി സ്വീകരണം നൽകിയത് ഇന്നായിരുന്നു. കോളജിന്റെ അധ്യപക-അനധ്യാപകരും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളുംപൂർവ്വ അധ്യാപക- അനധ്യാപകരും ചേർന്ന് മാത്യു അച്ഛന് മൊൺസിഞ്ഞോർ പദവി ലഭിച്ചതിന് ആദരവ് അർപ്പിക്കുന്ന ചടങ്ങായിരുന്നു അത്.

മുൻ പ്രിൻസിപ്പൽ പ്രൊഫസർ എബ്രഹാം അറക്കൽ അധ്യക്ഷനായ യോഗത്തിൽ കോളേജ് മാനേജർ ഫാദർ നെൽസൺ തൈപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ.സിന്ധു എസ് നായർ, പ്രൊഫസർ ആർ നാരായണപിള്ള , സർവശ്രീ ലൂയിസ്, തോമസ്, ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളജ് ഓഫീസ് സൂപ്രണ്ട് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു

എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നൽകിയ നിമിഷങ്ങൾ ആയിരുന്നു അത്. പ്രധാന കാരണം, യോഗത്തിൽ വിവിധവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾ ഉണ്ടായിരുന്നെങ്കിലും ഫിസിക്സ് കാരുടെ ഒരു സമ്മേളനം പോലെയാണ് എനിക്ക് തോന്നിയത് .

എബ്രഹാം അറക്കൽ സർ  ഫിസിക്സിന്റെ പ്രൊഫസർ ആണ് ആശംസ അർപ്പിച്ച് നാരായണ സാർ ഫിസിക്സിന്റെ പ്രൊഫസറാണ്, സ്റ്റെല്ല ടീച്ചർ ഫിസിക്സ്‌ പ്രൊഫസർ. ഞാൻ പഠിപ്പിക്കുന്ന വിഷയവും മറ്റൊന്നല്ല. ആദരവ് ഏറ്റുവാങ്ങിയ ഫാദർ മാത്യു നെറോണയുടെ വിഷയവും ഫിസിക്സ് തന്നെ !

മാത്യു അച്ഛൻ ഫിസിക്സ് പഠിച്ചതിനെക്കുറിച്ച് ചില കഥയൊക്കെ ഞാൻ കേട്ടിട്ടുണ്ട്. പറയാനവസരം ലഭിച്ചിരുന്നെങ്കിൽ ഞാനാക്കഥ അവിടെ പറയുമായിരുന്നു.

കഥ എന്നോട് പറഞ്ഞത് ആലപ്പുഴസനാതന ധർമ്മ കോളേജിലെ ഫിസിക്സ് പ്രൊഫസർ വസന്തമണി സാറാണ്.  ഒരിക്കൽ എക്സാമിനറായി എസ് ഡി കോളജിൽ ചെന്നപ്പോൾ വസന്തമണി സാറായിരുന്നു ലബോറട്ടറിയുടെ ചാർജ്. കുശലാന്വേഷണത്തിൽ  വസന്തമണി സാർ ഫാദർ മാത്യുവിനെ കുറിച്ച് എന്നോടു ചോദിച്ച :

" നിങ്ങളുടെ കോളേജിൽ ഒരു ഫാദർ മാത്യു ഉണ്ടല്ലോ, അദ്ദേഹവുമായിട്ടെങ്ങനെ?"

ഞാൻ പറഞ്ഞു " ഉണ്ട്. ഫാദർ മാത്യു നെറോണ. ഞങ്ങളുടെ കോളജിന്റെ മാനേജർ എൻറെ അപ്പോയ്ന്റ്മെൻറ് ഓർഡർ ഒപ്പിട്ട് തന്നതും അദ്ദേഹമാണ്. വളരെ നല്ല സൗഹൃദമാണ്. "

"ഫാദർ മാത്യുവിന് അങ്ങനെ ആകാനെ കഴിയൂ. ഇവിടെ ഞങ്ങളുടെ ബിഎസ്‌സി സ്റ്റുഡൻറ് ആയിരുന്നു. ഫിസിക്സിനുള്ള സംശയങ്ങൾ കൂടുതലും എന്നോടാണ് ചോദിക്കുക. സംശയങ്ങൾ ചോദിക്കാൻ എൻറെ വീട്ടിലെത്തും. മണിക്കൂറുകളോളം ചെലവഴിക്കും. വീട്ടുകാരുമായും നല്ല സൗഹൃദത്തിൽ ആയിരുന്നു.. ഭക്ഷണം ഒന്നും കഴിക്കാത്ത ആളായതുകൊണ്ട് ഒരു കാപ്പിയിൽ കാര്യങ്ങർ ഒതുങ്ങും. ഫിസിക്സ് കട്ടിയായ വിഷയം ആണ് എന്നാണ് മാത്യു എപ്പോഴും പറയാറുണ്ടായിരുന്നത്. ഒരുപക്ഷേ അന്ന് കോളേജിൽ ചിലവിട്ടതിൽ കൂടുതൽ സമയം എൻറെ വീട്ടിൽ ആയിരുന്നു ഫാദർ മാത്യു ഉണ്ടായിരുന്നത്. എനിക്ക് കഴിയാവുന്ന രീതിയിൽ അദ്ദേഹത്തിന് ഞാൻ ചില ലെസൻസ് പറഞ്ഞുകൊടുക്കുകയും ചെയ്തിട്ടുണ്ട് "

വസന്തമണിസർ പറഞ്ഞ കാര്യങ്ങൾ ഞാൻ മാത്യു അച്ചനുമായി ഷെയർ ചെയ്തു. വസന്തമണി സാറിനെ മാത്യുഅച്ചനും വളരെ ഇഷ്ടമായിരുന്നു.

ഫിസിക്സ് എന്ന വിഷയത്തെക്കുറിച്ച് ഒരു ചൊല്ലുണ്ട്
" ഫിസിക്സ് പ്രത്യക്ഷത്തിൽ സിമ്പിൾ ആണ്., എന്നാൽ ഫിസിക്സ് പഠിക്കുന്നവരും പഠിപ്പിക്കുന്നവരും അത്ര സിമ്പിൾ അല്ല :

ഈ നിയമം ഏറെക്കുറെ ശരിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നാൽ മാത്യു അച്ചനിൽ എത്തുമ്പോൾ ഈ ധാരണ പിശകും. മാത്യു അച്ചൻ വളരെ സിമ്പിൾ ആയിരുന്നു , ആണ്.

സ്വന്തം വിഷയം ഫിസിക്സ് ആയതുകൊണ്ട് ഞങ്ങളുടെ ഫിസിക്സ് ഡിപ്പാർട്ട്മെൻറിനോടു അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു പരിഗണന ഉണ്ടായിരുന്നു. 

ഒരിക്കൽ ഞാൻ മാത്യു അച്ചനോട് പറഞ്ഞു:
" അച്ചാ നമ്മുടെ ലാബ് വളരെ വിശാലമാണ്, 80 കുട്ടികൾ ഒരുമിച്ചു നിന്നാലും പ്രാക്ടിക്കൽ ക്ലാസ്സ് നടത്തുന്നതിന് പ്രയാസമില്ല. പക്ഷേ ഉള്ള ഒരു കുഴപ്പം ലാബിൽ ലൈറ്റിന്റെ അളവ് കുറവായി തോന്നും. 150 ലക്സ് എങ്കിലും വേണം, അതിപ്പോൾ ഇവിടെ ഇല്ല "

ലക്സ് എന്താണെന്നു അച്ചൻ ചോദിച്ചില്ല. അത് വിശദീകരിക്കാൻ ഞാൻ മിനക്കെട്ടതുമില്ല

അച്ചൻ ചോദിച്ചു" അതിതെന്താ പരിഹാരം? ട്യൂബുകൾ എല്ലാം കത്തുന്നില്ലേ ?"

" ട്യൂബുകൾ കത്തുന്നുണ്ട്. പക്ഷേ മഴക്കാലത്ത് കറണ്ട് പോകുമ്പോൾ ഒന്നും തന്നെ കാണാൻ പറ്റാത്ത അവസ്ഥയാണ്. ഡ്രോയിങ് ബോർഡിൽ കുത്തുന്ന പിന്നുകളും , വെയിറ്റ് ബോക്സിലെ ചെറിയ വെയിറ്റുകളും, കോമ്പസ് നീഡിലും മാറി കിടന്നാൽ കാണില്ല . ഈ ഡെസ്കുകൾ എല്ലാം വൈറ്റ് പെയിൻറ് അടിച് കിട്ടിയാൽ ഈ പ്രശ്നം പരിഹരിക്കാം ട്യൂബ് കത്തിക്കാതെ കറണ്ട് ലാഭിക്കുകയും  ചെയ്യാം. ലാബിന്റെ അപ്പീയറൻസും മാറും " ഞാൻ

ഒട്ടും വൈകിയില്ല പെയിന്റിംഗ് തൊഴിലാളികളെ വരുത്തി അദ്ദേഹം പ്രശ്നം പരിഹരിച്ചു. 

അങ്ങനെ എന്ത് പ്രശ്നമുണ്ടെങ്കിലും അദ്ദേഹത്തോട് പറഞ്ഞാൽ മതി ഒരു തടസ്സവും കൂടാതെ പരിഹരിച്ചു തരുമായിരുന്നു..
ത്രുടരും)

അന്ന് ഫിസിക്സ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ  വരുത്തിയിരുന്നത് ഇൻഡോറിൽ നിന്നും മറ്റും ആണ്. ഇങ്ങനെ വരുന്ന ചില ഉപകരണങ്ങൾ ചിലപ്പോൾ ലാബിലെ ആവശ്യത്തിന് പറ്റാതെ വരും. ചിലത് ഡിഫക്ടീവ് ആകും . അടയാളപ്പെടുത്തിയിരിക്കുന്ന സ്കെയിൽ പ്രീഡിഗ്രി ലാബിലെ ഉപയോഗത്തിന് യോജിക്കാത്തവയും. ഇത്തരം ഉപകരണങ്ങൾ ലഭിച്ചു കഴിഞ്ഞാൽ പിന്നെ മാറ്റിയെടുക്കുക പ്രയാസം

ഇതിന് ഒരു പരിഹാരം തേടിയാണ് തൃശ്ശൂർ പൂങ്കുന്നത്തുള്ള സയൻറിഫിക് അപ്ലയൻസ് എന്ന സ്ഥാപനത്തിൻറെ മേൽവിലാസം  ലഭ്യമാക്കി അവിടെ പോയത്. ഒരു റിട്ടയേർഡ് ഫിസിക്സ് പ്രൊഫസറും അദ്ദേഹത്തിൻറെ മകനും കൂടി വീട്ടിൽ തന്നെ നടത്തുന്ന ഒരു സ്ഥാപനം. അവിടെ നിന്ന് നേരിട്ടു സാധനം  വാങ്ങാമെന്നായിരുന്നു അച്ചന്റെ തീരുമാനം. അതിനു കൂടെ കൂട്ടിയത് എന്നെയാണ്.

വിശേഷങ്ങൾ പങ്കുവെച്ചുള്ള തൃശൂർ യാത്ര. പൂങ്കുന്നത്തുള്ള സ്ഥാപനം കണ്ടെത്താൻ അല്പം പണിപ്പെട്ടു. അവിടെ ചെന്ന് കഴിഞ്ഞപ്പോൾ കച്ചവടക്കാരന്റെ സ്ഥാനം അച്ചൻ ഏറ്റെടുത്തു. എന്തെല്ലാം ഉപകരണ വേണമെന്ന് എന്നോടായി അച്ചന്റെയും മാനേജരുടെയും ചോദ്യം.

ലാബിന്റെ റിക്വയർമെൻറ്സ് എനിക്ക് അറിയാമായിരുന്നതുകൊണ്ട് സാധനങ്ങൾ എടുക്കുന്നതിൽ പ്രയാസം നേരിട്ടില്ല. അതുകഴിഞ്ഞുള്ള റിട്ടേൺ യാത്രയായിരുന്നു രസകരം.
അത്യാവശ്യമുള്ള സാധനങ്ങൾ കൈ തൂക്കമായി തന്നെ എടുത്തു ബാക്കിയുള്ള സാധനങ്ങൾ പാഴ്സൽ ചെയ്യാനും പറഞ്ഞു

കുറച്ചു സാധനങ്ങൾ ഞാൻ എടുത്തുകൊള്ളാം എന്ന് അച്ഛൻ കൂടെക്കൂടെ പറഞ്ഞെങ്കിലും അത് ഞാൻ അനുവദിച്ചില്ല. സന്തത സഹചാരികളായ ബാഗും കുടയും കൂടെയുള്ളപ്പോൾ അച്ഛൻ എങ്ങനെയാണ് കൈയിൽ ലാബുസാധനങ്ങൾ അടങ്ങിയ പാർസൽ തൂക്കി എടുക്കുക ?

യാത്രയിൽ അച്ഛൻ ഭക്ഷണം കഴിച്ചില്ല. ഒരു നാരങ്ങ വെള്ളം പോലും വാങ്ങി കുടിക്കണമെന്നില്ലായിരുന്നു. പക്ഷേ എൻറെ അവസ്ഥ അങ്ങനെ അല്ലായിരുന്നതിനാൽ അച്ഛനെ നോക്കിയിരുത്തി ലഘു ഭക്ഷണത്തിൽ ഞാൻ കാര്യങ്ങൾ ഒതുക്കുകയായിരുന്നു.

 ട്രാൻസ്പോർട്ടിങ് ചാർജ് നഷ്ടപ്പെടുത്താതെ കോളേജിൽ ലാബ് സാധനങ്ങൾ എത്തിക്കുന്നതായിരുന്നു അച്ചന്റെ രീതി. അങ്ങനെ പലതവണ ഞങ്ങൾ പൂങ്കുന്നത്തു പോയി ലാബിലെ ആവശ്യത്തിനായി ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്.  എല്ലാതവണയും കൂടെ കൂട്ടിയിരുന്നത് എന്നെയാണ്, സീനിയറും ജൂനിയറുമായ മറ്റ് അധ്യാപകർ ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നിട്ടു പോലും.

അച്‌ചൻറെ കൂടെ മധുരയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയത് ഞാൻ ഓർക്കുന്നു. കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ഫ്രാൻസിസ് സെൽമ ക്യൂനിയുടെ വിവാഹമായിരുന്നു അത് , 1985-ൽ ആണെന്നു ഓർമ്മ.

കോളേജിൽ നിന്ന് അധ്യാപകരെ പ്രതിനിധീകരിച്ച് ഞാൻ മാത്രമേ മധുരയ്ക്ക് പോകാനുണ്ടായിരുന്നുള്ളു.  വിവാഹ കാർമ്മികൻ ആയതുകൊണ്ട് മാത്യു അച്ചൻ പ്രത്യേക ക്ഷണിതാവ് ആയിരുന്നു.

ഞാനും മാത്യു അച്ചനും എറണാകുളത്തു നിന്നും തമിഴ്നാട് സർക്കാരിൻറെ ലൈൻ ബസ്സിലാണ് മധുരയ്ക്ക് പോയത്. അച്ഛൻ കൂടെ ഉണ്ടായിരുന്നതുകൊണ്ട് യാത്രാക്ളേശം കാര്യമായി അനുഭവപ്പെട്ടില്ല.

മധുരയിൽ എട്ടുമണിക്ക് മുമ്പായി തന്നെ വധുവിന്റെ വീട്ടിൽ എത്തി. അവിടെ ചെന്നതിനുശേഷം അച്ഛൻ ആ വീട്ടിലെ ഒരു അംഗമായി മാറി. വിവാഹ സൽക്കാരങ്ങൾ കഴിഞ്ഞ് 2 മണിക്ക് ശേഷമാണ് അച്ചനെ വീണ്ടും കൂടെ കൂട്ടാൻ ആയത്. പിന്നെ തിരികെ എറണാകുളത്തേക്കുള്ള യാത്ര.  അങ്ങോട്ടുമിങ്ങോട്ടും ഉള്ള മുഴുവൻ യാത്രയിൽ ഒരിക്കൽ പോലും പതിവും പടി ഒരു നാരങ്ങാവെള്ളം പോലും അച്ചൻ കുടിച്ചില്ല. എനിക്കും കുടിക്കാനായില്ല. ഇന്നത്തെ പോലെ . കൂപ്പി വെള്ളം കൂടെ കരുതുന്ന  കാലമായിരുന്നില്ല അന്ന്.

ഈ ഒരു ഓർമ്മ ഉള്ളതു കൊണ്ടാവാം പിന്നീട് മധുര യാത്ര നടത്തിയപ്പോൾ എല്ലാം കുപ്പിവെള്ളം ഞാൻ കൂടെ കരുതിയിരുന്നു.

ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. മാനേജർ ആകും മുമ്പ് അച്ചൻ കോളജിന്റെ അസിസ്റ്റന്റ് മാനേജരും സേക്രഡ് ഹാർട്ട് സെമിനാരിയുടെ റെക്ടറുംആയിരുന്നു. കോളേജിൻറെ വസ്തുവകകൾ സംരക്ഷിക്കപ്പെട്ടിരുന്നതും കോളേജിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയിരുന്നത് അച്ഛൻറെ പൂർണ്ണ ഉത്തരവാദിത്തത്തിലായിരുന്നു. 

കോളേജിന്റെ  വടക്കുവശത്തുള്ള കോമ്പൗണ്ടും സീക്രട്ട് ഹാർട്ട് സെമിനാരി കോമ്പൗണ്ടും നിറയെ കശുമാവുകൾ ഉണ്ടായിരുന്നു. ഡിസംബർ- ജനുവരി -ഫെബ്രുവരി മാസങ്ങളിൽ കശുമാവുകളിൽ നിറയെ മാങ്ങയും ഉണ്ടായിരുന്നു. ഇവയിൽനിന്ന് ലഭിക്കുന്ന കശുവണ്ടി   നഷ്ടപ്പെടാതെ നോക്കുക ശ്രമകരമായ ഒരു ജോലി ആയിരുന്നു.

അച്ഛൻ രണ്ടു ജോലിക്കാരെ ഇതിനായി നിയമിക്കുകയും ചെയ്തു. ആദ്യകാലങ്ങളിൾ കൃത്യമായി കശുവണ്ടി ശേഖരിച്ച് ജോലിക്കാർ സെമിനാരിയിൽ ഏല്പിച്ചിരുന്നെങ്കിലും പിന്നീട് അവയുടെ എണ്ണം കുറയാൻ തുടങ്ങി.500 ഉം 600ഉം കശുവണ്ടികൾ കിട്ടിയിരുന്ന സ്ഥാനത്ത് ചിലപ്പോൾ അത് 50 ലേക്ക് ചുരുങ്ങി. ഇത് അച്ഛൻറെ ശ്രദ്ധയിൽപ്പെട്ടു. അച്ഛൻ ജോലിക്കാരോട് വിവരം അന്വേഷിച്ചു

അവർ പറഞ്ഞു:  "അച്ചോ, ഇപ്പോൾ മാങ്ങയുടെ എണ്ണം തീരെകുറവാണ്. പഴയതുപോലെ മാവ് പൂക്കുന്നില്ല. കുറെയെണ്ണം കാക്ക കൊത്തിക്കൊണ്ടുപോകും. അണ്ണാന്റെ ശല്യവും കൂടുതലാണ് ഇതിന് പരിഹാരം ഉണ്ടാക്കിയാൽ  കൂടുതൽഎണ്ണം കിട്ടും "

അച്ഛൻ പിന്നീട് ഒന്നും ചോദിക്കില്ല. പറഞ്ഞ കഥ അച്ഛൻ വിശ്വസിച്ചിട്ടില്ല എന്ന് ജോലിക്കാർക്കും കേട്ട കഥ ശരിയല്ലെന്നു അച്ഛനും അറിയാം.

ജോലിക്കാർ മദ്യപിക്കുന്നവരല്ല. വിശപ്പ് അകറ്റാൻ വേണ്ടി ചെറിയ കളവ് കാണിക്കുന്നത് വലിയ അപരാധമല്ല എന്ന് അച്ഛൻ കരുതിയിട്ടുണ്ടാവണം

തനിക്ക് നൽകിയ ആദരവിന് നന്ദി  അർപ്പിച്ചുകൊണ്ട്   അദ്ദേഹംപറഞ്ഞു: 

"നിങ്ങളിൽ പലരും ലക്ഷം രൂപയോളം ശമ്പളം വാങ്ങുന്നവരാണ്. അത് മുഴുവൻ ചെലവഴിക്കാനും കഴിയും. ഒരു ചെറിയ തുക നമുക്ക് ചുറ്റുമുള്ള പാവങ്ങൾക്കായി,   അർഹതപ്പെട്ടവർക്കായി, മാറ്റി വെച്ചാൽ അതൊരു പുണ്യ പ്രവൃർത്തിയാകും. അങ്ങനെയാണ് നാം ചെയ്യേണ്ടത്. അതിൻറെ പേരിൽ നമ്മൾ ആരിൽ നിന്നും ഒരിക്കലും നന്ദി പ്രതീക്ഷിക്കയുമരുത്. അതിൻറെ ആവശ്യമില്ല "

ശരിയാണ്, എനിക്കും തോന്നിയിട്ടുണ്ട് ഒരു 100 രൂപ  മാത്യുഅച്ചനെ ഏൽപ്പിച്ചാൽ അത് അർഹതപ്പെട്ട കരങ്ങളിൽ എത്തിച്ചേരുമെന്ന്

82 പിന്നിട്ട അച്ഛൻ ഇപ്പോഴും കർമ്മനിരതനാണ്. ഭവന സന്ദർശനവും ആശുപത്രികളിലെത്തി രോഗികളെ ആശ്വസിപ്പിക്കുന്നതും അർഹതപ്പെട്ടവർക്ക് ആവുന്ന സഹായം എത്തിക്കുന്നതും ഇക്കാര്യങ്ങൾ ഒക്കെ കൃത്യമായി ഡയറിയിൽ എഴുതി സൂക്ഷിക്കുന്നതും അച്ചന്റെ ദിനചര്യയിൽ പെട്ട കാര്യങ്ങൾ. ഇവയെല്ലാം  ആരോഗ്യത്തോടെ അഭുംഗരം തുടരട്ടെ എന്ന ആശംസകളോടെ

- കെ എ സോളമൻ

Monday, 19 December 2022

ആരാധകരുടെ സംഘട്ടനം

ആരാധകർതമ്മിൽ സംഘട്ടനം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫുട്ബോൾ ലോകകപ്പ് ആഘോഷം അക്രമാസക്തമായതായി റിപ്പോർട്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ആരാധകർ പോലീസ് ഉദ്യോഗസ്ഥരെ വരെ ആക്രമിച്ചു, കണ്ണൂരിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വാക്കേറ്റത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൂടാതെ കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകരും ഏറ്റുമുട്ടി.

പിന്തുണയ്ക്കുന്നവർ തമ്മിലുള്ള ഇത്തരത്തിലുള്ള ഏറ്റുമുട്ടൽ പ്രധാനമായും അവരുടെ വൈകാരിക ബന്ധങ്ങൾ മൂലമാണ് ഉണ്ടാകുന്നത്, കാരണം പിന്തുണയ്ക്കുന്നവരെ പ്രതിരോധിക്കണമെന്ന് അവർക്ക് തോന്നുന്നു, ഇത് ഫുട്ബോളിൽ പലപ്പോഴും സംഭവിക്കാറുണ്ട്. ഫുട്ബോളിൽ, ഒരു മത്സരത്തിന്റെ ശരാശരി ദൈർഘ്യം 90 മിനിറ്റാണ്, ഇത് ആരാധകർക്ക് വ്യത്യസ്ത തരത്തിലുള്ള വികാരപ്രകടനങ്ങൾക്കു കാരണമാകുന്നു. അമിതമായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഇത് വർദ്ധിപ്പിക്കുന്നു. 

ഒരേയൊരു പ്രതിവിധി ആരാധകരെ തമ്മിലടിക്കാൻ യഥേഷ്ടം വിടുകയും അങ്ങനെ എനർജി വേസ്റ്റാക്കാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ്. രണ്ടു മൂന്നു ദിവസം ആശുപത്രിയിൽ കിടക്കുമ്പോൾ നേരിയ ശമനം കിട്ടും

എന്നാൽ നിരപരാധികൾ ആക്രമിക്കപ്പെട്ടാൽ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുക തന്നെ വേണം.. ഫുട്‌ബോൾ താരങ്ങളുള്ള രാജ്യങ്ങളിൽ പ്രശ്‌നങ്ങൾ കുറവാണ്, അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തരായ ഒരു കളിക്കാരൻ പോലും ഇല്ലാത്ത രാജ്യങ്ങളിലാണ് ഇത്തരം തമ്മിലടികൂടുതൽ, ഇത് തികച്ചും മനസ്സിലാക്കാൻ കഴിയാത്ത ഒന്നാണ്.

-കെ എ സോളമൻ 

Wednesday, 2 November 2022

പ്രഭാതം - ഹൈക്കു കവിതകൾ

#ഹൈക്കു -കെ എ സോളമൻ
1) #പ്രഭാതം
നടത്തം പ്രഭാതത്തിൽ
പെട്ടെന്നു ചെയ്യുന്ന മഴ
പ്രഭാതങ്ങൾ ഇനിയുമുണ്ട്.
        
2) #ശ്മശാനം
ആളൊഴിഞ്ഞാലും
പൂക്കൾ കൂട്ടിന്
ഞെട്ടറ്റ ഒരു പൂവ്.

3) #ചെമ്പരത്തി
ചെമ്പരത്തിപ്പൂവ്
ഇളം കാറ്റിൽ തലയാട്ടിയില്ല
ചെവിയിലിരിക്കുമ്പോൾ എങ്ങനെ ?

4) #ലഹരി
അച്ഛനുമമ്മയും
അവർ മിണ്ടുന്നതേയില്ല
മകൻ മാത്രം അമറുന്നു.

5) #ക്ളോക്
ആറ്റിറമ്പലെ വീട് 
പുറത്തേഭിത്തിയിൽ ക്ലോക്ക് 
ടിക് ടിക് ആർക്കോവേണ്ടി 
      
6) #വീട്
വീട് പുതിയതാണ്
കിടന്നിട്ടു ഉറക്കം വരുന്നില്ല
ആള് പഴയതാണ്

7) #കളനാശിനി
കളിവേണ്ടെന്നു കളനാശിനി
ആകെ പേടിച്ചുപോയി
തൊട്ടാവാടി

8) #നാണി
എന്താണിങ്ങനെ കേശുവേട്ടാ?
എഴുപതു പിന്നിട്ട നാണി
നാണം കുണുങ്ങുന്നു

9) #യുവതി
അക്കരെയുള്ള യുവതി
ഇക്കരയുള്ള തോണിക്കാരൻ
തുഴയോടു തുഴ

10) #നരബലി
മരങ്ങൾ സാക്ഷിയാവണം
ജീവനോടെ മുറിക്കണം
പേരു നരബലി.

Sunday, 9 October 2022

അനിതടീച്ചറും സൂസന്നയും

#അനിതടീച്ചറുംസൂസന്നയും - കഥ
കെ എ സോളമൻ

കോവിഡ് കൊടുമ്പിരി കൊണ്ട കാലത്താണ് സൂസന്നഎൽകെജി ക്ലാസിൽ ചേർന്നത്. ക്ലാസുകൾ എല്ലാം തന്നെ ഓൺലൈൻ ആയിരുന്നു.  മിക്കക്ലാസുകളും എടുത്തിരുന്നത് അനിത ടീച്ചറാണ്.

ലാപ്ടോപ്പിൽ ഇരുന്ന് ടീച്ചർ പഠിപ്പിക്കും പാട്ടുപാടും, കഥ പറയും,  ചോദ്യങ്ങൾ ചോദിക്കും, ഉത്തരം ടീച്ചർ തന്നെ പറയും , കുട്ടികളെ കൊണ്ട് പറയിപ്പിക്കും,  പരീക്ഷ നടത്തും, എല്ലാവർക്കും എ പ്ളസ് പ്ളസ് കൊടുക്കുകയും ചെയ്യും.

സൂസന്ന വരക്കുന്ന പൂവിന്റെയും പൂച്ചയുടെയും  ചിത്രങ്ങൾ ഫാട്ടോയെടുത്ത് ടീച്ചർക്ക് അയക്കും. എല്ലാം ഗുഡ് ആണെന്നു ടീച്ചർ പറയും. ഗുഡ് മാത്രമല്ല അതിന്റെ കൂടെ സ്റ്റാറും കൂടി ഉണ്ടെന്ന് ടീച്ചർ പറയും. സ്റ്റാർ കിട്ടുന്നത് സൂസന്നയ്ക്ക് വളരെ സന്തോഷം ഉള്ള കാര്യമായിരുന്നു

അനിത ടീച്ചറിന് സൂസന്നയെ വളരെ ഇഷ്ടമായിരുന്നു അതുപോലെ സൂസന്നയ്ക്ക് അനിത ടീച്ചറിനെയും ഇഷ്ടമായിരുന്നു. 

ഒരിക്കൽ അമ്മയെയും കൂട്ടി പ്രോഗ്രസ് കാർഡ് ഒപ്പിടാൻ സ്കളിലെത്തിയപ്പോഴാണ് സൂസന്ന ആദ്യമായി അനിത ടീച്ചറെ നേരിൽ കാണുന്നത്. സൂസന്ന ഓടിച്ചെന്ന് ടീച്ചറെ കെട്ടിപ്പിടിച്ചു. ടീച്ചർ സൂസന്നയുടെ തലയിൽ മൃദുവായി തലോടി. അഞ്ചു മിനിറ്റോളം അവർ.അങ്ങനെ തന്നെ നിന്നു. മറ്റു കുട്ടികളുടെ കാര്യം കൂടി ടീച്ചറിന് നോക്കേണ്ടതുണ്ട് എന്ന കാര്യം സൂസന്ന ഓർത്തതേയില്ല.

എൽകെജി വാർഷിക പരീക്ഷ കഴിഞ്ഞതോടെ കോവിഡ് ഏതാണ്ടൊക്കെ ഒഴിഞ്ഞു. നൂസന്നയ്ക്ക് യുകെജിയിലേക്ക് പ്രമോഷനായി.

പുതിയ യൂണിഫോമും പുതിയ ബാഗും പുതിയ ടിഫിൻ കാരിയറുമായി സൂസന്ന സ്കൂളിൽ പോയി തുടങ്ങി.  ക്ലാസിൽ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളും വീട്ടിൽ വന്ന് അമ്മയോടും അപ്പയോടും പറയും.

"ഇന്ന് എന്താണ് പഠിപ്പിച്ചത് " അമ്മ ചോദിക്കും
"ഇന്ന് ഇംഗ്ലീഷിലും കണക്കും പഠിപ്പിച്ചു "
" അനിത ടീച്ചർ എന്താണ് പഠിപ്പിച്ചത് ?"
"ടീച്ചർ ഒന്നും പഠിപ്പിച്ചില്ല , ഇന്ന് ഒരു പാട്ട് പാടി തന്നു "

" ഏത് പാട്ട് ?" 
"ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
 ഹൗ ഐ വാണ്ടർ വാട്ട് യു ആർ "

" ഇത് എൽകെജിയിൽ ടീച്ചർ പഠിപ്പിച്ച പാട്ടല്ലേ ?!
" ആണു, പക്ഷേ ടീച്ചർ ഇന്നും പാടി "

പിന്നീട് ഒരു ദിവസം അമ്മ ചോദിച്ചു
"ഇന്ന് അനിത ടീച്ചർ വല്ലതും പഠിപ്പിച്ചു വോ ? "
"ഇന്ന് ടീച്ചർ വെജിറ്റബിൾസിന്റെ പേരാണ് പഠിപ്പിച്ചത് "

ഓരോ ദിവസവും ക്ലാസ് കഴിഞ്ഞു വരുമ്പോൾ അമ്മ സൂസന്നയോട് ചോദിക്കും. ഇന്ന് അനിത ടീച്ചർ എന്താണ് പഠിപ്പിച്ചത് എന്ന് .

സൂസന്ന പറയും ഇന്ന് ചിത്രം വരയ്ക്കാൻ പഠിപ്പിച്ചു , പെയിൻറ് ചെയ്യാൻ പഠിപ്പിച്ചു ,  മുടി പിന്നിയിടുന്നത് പഠിപ്പിച്ചു, ഹെയർ ബോ വെക്കുന്നത് പഠിപ്പിച്ചു , അങ്ങനെ ഒത്തിരി ഒത്തിരി വിശേഷങ്ങൾ

ഒരു ദിവസം സൂസന്ന പറഞ്ഞു 
"ഇന്ന് അനിത ടീച്ചർ ഒന്നും പഠിപ്പിച്ചില്ല ടീച്ചറിന്റെ മകൾക്ക് സുഖമില്ലായിരുന്നു. ടീച്ചർക്ക് എന്നെപ്പോലെ ഒരു മകൾ ഉണ്ട് . ടീച്ചറിന്റെ മകൾക്ക് ഇന്ന് പനിയായിരുന്നു അതുകൊണ്ട് ടീച്ചറിന് ഒരു സന്തോഷം ഇല്ലായിരുന്നു "

ക്ലാസുകളും അനിത ടീച്ചറിന്റെ വിശേഷങ്ങളുമായി ദിവസങ്ങൾ, ആഴ്ചകളായി, മാസങ്ങളായി കടന്നുപോയി. 
വീണ്ടും പ്രോഗ്രസ്സുകാർഡ് ഒപ്പിടാനുള്ള ദിവസം

സൂസന്നയും അമ്മയും വീണ്ടും സ്കൂളിലെത്തി.

പ്രോഗ്രസ് കാർഡ് ഒപ്പിടുവിക്കാൻ ഇരിക്കുന്ന ടീച്ചറിനോട് അമ്മ പറഞ്ഞു:

" ഇവളുടെ അനിത ടീച്ചർ വന്നില്ലേ? ഒന്നു കാണാൻ പറ്റുമോ ? "

"ഏത് അനിത ടീച്ചർ ?" സംശയത്തോടെ ക്ലാസ് ടീച്ചർ ചോദിച്ചു

"ഇവളെ പഠിപ്പിക്കുന്ന അനിത ടീച്ചർ :

"ഇവരെ പഠിപ്പിക്കുന്നത് ഞാനാണ് പ്രധാനമായും . പിന്നെ വേറെ ഒന്ന് രണ്ടുപേർ കൂടിയുണ്ട്. ആ കൂട്ടത്തിൽ അനിത ഇല്ല "

"ഇവളെ എൽകെജിയിൽ പഠിപ്പിച്ചിരുന്ന അനിത ടീച്ചർ ?"

"ഓ ആ അനിതയോ? അനിത കഴിഞ്ഞ കൊല്ലം തന്നെ ഗവൺമെൻറ് സ്കൂളിൽ ജോലി കിട്ടി പോയല്ലോ "

അമ്മ സൂസനയെ നോക്കി. ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിൽ അനിതടീച്ചർ ബോർഡിൽ വരച്ചിട്ട ചിത്രത്തിൽ നോക്കി സൂസന്ന അനങ്ങാതെ നിന്നു

              * * * *