Monday, 8 July 2019

ഉത്തോലകം -ഒന്നാം വർഗ്ഗം.


കഥ

സംഭവം നടന്നത് പത്തമ്പതു കൊല്ലം മുമ്പാണ്. തങ്കീ സ്കൂളിൽ പഠിക്കുന്ന കാലം. ഏഴാംക്ളാസിലാണെന്നു തോന്നുന്നു, സയൻസ് വളരെ രസകരമായി പഠിച്ചു നടന്ന കാലം. നന്നായി പഠിപ്പിക്കുന്ന  ഒരു സിസ്റ്റർ അവിടെ ഉണ്ടായിരുന്നു, നല്ല കാപ്പിപ്പൊടി നിറമുള്ള ഉടുപ്പു ധരിച്ച സിസ്റ്റർ. തല മൂടുന്നത് കറപ്പു തുണികൊണ്ടാണ്, കഴുത്തിൽ മാത്രം കുറച്ചു വെള്ളത്തുണി, പള്ളി മണികളുടെ ഷേപ്പിൽ. എന്തിനാണ് ഇത്രയും ഭാഗത്തു മത്രം വെള്ള നിറം. ഞാൻ എന്റെ കൂട്ടുകാരൻ ഫീൽഡിനോട് ചോദിച്ചിട്ടുണ്ട്

" അതു പിന്നെ അവർ ഇരുട്ടത്തൊക്കെ നടക്കുമ്പോൾ കാണണ്ടേ, വെള്ളായമില്ലെങ്കിൽ കാണാൻ പറ്റൂല"

ഫീൽഡ് - വിചിത്രമായ പോരായി എനിക്കു തോന്നിയിരുന്നു. കൂടെയുള്ള വരൊക്കെ ജോസഫ്, ആന്റണി, റെയ്നോൾഡ്, കുമാർ, ശുഭ, പുഷ്പലത, അന്നമ്മ, ലളിത, അയിഷ, ജുനൈത്ത്  എന്നൊക്കെ ആകുമ്പോൾ ഇവൻ മാത്രം ഫീൽഡ് ആയത് എങ്ങനെ?

ഇത്തരം പേരുകൾ ഉണ്ട് എന്നുള്ളത് ഡേവിഡ് കോപ്പർ ഫീൽഡ് ഒക്കെ പഠിച്ചു തുടങ്ങിയപ്പോഴാണ്. എരുമ വളർത്തു കാരനായ ഇവന്റെ അപ്പന് ഇങ്ങനെയൊരു പേരു കണ്ടു പിടിക്കാൻ എങ്ങനെ സാധിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുത്തി.

കർമ്മലീത്ത സഭാംഗമായ സിസ്റ്ററിന്റെ വേഷത്തെക്കുറിച്ച് ഫീൽഡിന്റെ വിശദീകരണം തൃപ്തികരമായി തോന്നിയെങ്കിലും അവർ തിരിഞ്ഞു നിന്നാൽ കഴുത്തിലെ വെള്ള നിറം കാണില്ലല്ലോ എന്ന എന്റെ ചോദ്യത്തിന് ഫീൽഡിന് മറുപടി ഇല്ലായിരുന്നു.

ഞങ്ങളുടെ സയൻസ് സിസ്റ്ററിന്റെ പേര് സെനറ്റിത്ത മരിയ എന്നോ മറ്റോ ആണ് - ഞങ്ങളെല്ലാം മദർ എന്നാണ് വിളിച്ചിരുന്നത് . അങ്ങനെ കേൾക്കുന്നതായിരിക്കും സിസ്റ്ററിന് ഇഷ്ടപ്പെടുകയെന്ന് ഞാനും ഫീൽഡും മറ്റുള്ളവരും കരുതിയിരുന്നു.

പിന്നെ പഠിത്തത്തിന്റെ കാര്യം. ഞാൻ തന്നെയാണ് ക്ളാസിൽ ഫസ്റ്റ്. തൊട്ടടുത്ത് രാജൻ എന്നൊരുത്തനുണ്ട്. അവന്റെ അപ്പൻ പള്ളിക്കമ്മറ്റിയിലെ അംഗമായിരുന്നതിനാൽ പള്ളി സ്കൂളിൽ ഒരു പിടിയുമുണ്ടായിരുന്നു. അതിന്റെ മേൽകൈ രാജന് കിട്ടുകയും ചെയ്തിരുന്നു. ടീച്ചർമാർക്കെല്ലാം രാജനെയായിരുന്നു ഇഷ്ടം. ഫീൽഡും ഞാനും പിന്നാമ്പുറത്തായിരുന്നു. ഫീൽഡിന്റെ കാര്യമായിരുന്നു കഷ്ടം. കൂടുതൽ മാർക്കു വാങ്ങി ഞാൻ ഒരു വിധം പിടിച്ചു നിന്നപ്പോൾ ഫീൽഡ് ഗതി കിട്ടാതെ വലയുകയായിരുന്നു. ഏതു പരീക്ഷയ്ക്കും അവന്റെ മാർക്ക് 9 -ൽ താഴെ. എന്നു വെച്ചാൽ ഒറ്റയക്കത്തിലാണ് എപ്പോഴും മാർക്ക്. ഫീൽഡിനെ കുറ്റം പറയാൻ പറ്റില്ല. വീട്ടിൽ ചെന്നാൽ ഏരുമകളുമായി മൽപിടിക്കുന്ന അവന് പുസ്തകം തുറക്കാൻ എവിടെ നേരം. പഠിപ്പിച്ചഭാഗം വായിച്ചു കേൾപ്പിക്കാൻ എന്റെ അമ്മ പറയും പോലെ  അവന്റെ അപ്പൻ അവനോടു പറഞ്ഞിട്ടില്ല.

ഞങ്ങളെ മദർ അന്നു പഠിപ്പിച്ച ഉത്തോലക തത്വം ഇന്നും മനസ്സിലുണ്ട്. തുടർപഠനത്തിൽ കോളജ് ക്ളാസുകളിൽ വരെ ഉത്തോലക തത്വം കേൾക്കേണ്ടി വന്നെങ്കിലും മദർ അന്നു പഠിപ്പിച്ചതിന് ഒരു മാറ്റവും വേണ്ടി വന്നില്ല

അടിസ്ഥാനപരമായ ഒരു ലഘുയന്ത്രമാണ്‌ ഉത്തോലകം. ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ്‌ ഉത്തോലകം. ഇംഗ്ളീഷിൽ ലിവർ എന്ന വിളിക്കും. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും. ധാരം, രോധം, യത്നം എന്നീ മൂന്ന് ഭാഗങ്ങൾ ഒരു ഉത്തോലകത്തിനുണ്ട്. ധാരത്തെ ഫൽക്രം (fulcrum) എന്ന് ഇംഗ്ലീഷിൽ പറയാമെന്ന് മദർ പറഞ്ഞപ്പോൾ കേട്ടു നിന്ന സദാശിവൻ മാഷ് പറഞ്ഞത് അത് ഫുൽക്രം എന്നു വായിക്കണമെന്നാണ്. ആലോചനയിൽ പോലും അലോഹ്യമില്ലാത്ത മദർ അരയിൽ തൂക്കിയിട്ട കൊന്ത മണിയിൽ തെരുപ്പിടിക്കുന്നതാണ് അപ്പോൾ കണ്ടത്

ഉത്തോലകം ചലിക്കുമ്പോൾ കേന്ദ്രമാക്കിരിക്കുന്ന സ്ഥിരവിന്ദുവാണ് ധാരം. ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് യത്നം. ഉത്തോലകം ഉപയോഗിച്ച് ഏത് വസ്തുവിനെയാണോ നാം ഉയർത്തുന്നത് ആ വസ്തുവാണ് രോധം. ധാരം, രോധം, യത്നം എന്നിവയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഉത്തോലകങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം.

ധാരം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് ഒന്നാം വർഗ്ഗ ഉത്തോലകം. കത്രിക ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം, അതായത് ഇതിലെ ധാരം, രോധത്തിനും യത്നത്തിനും ഇടയിലാണ്.

രോധം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് രണ്ടാം വർഗ്ഗ ഉത്തോലകം. പാക്ക്‌വെട്ടി രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം.

യത്നം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് മൂന്നാം വർഗ്ഗം.  ഫോർസെപ്സ് മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്

മദർ ഇതു നന്നായി പഠിപ്പിച്ചുവെങ്കിലും ഫീൽഡിനു ഒന്നും മനസ്സിലായില്ല. മുഖ്യ പഠിപ്പി രാജന് ഇതു മനസ്സിലായെങ്കിലും  അവന് വർഗ്ഗം ഒന്നും രണ്ടും എപ്പോഴുംമാറിപ്പോകും. ഇതു ഞാൻ മനസ്സിലാക്കുകയും ചെയ്തു.

കുട്ടികൾ പഠിച്ചോയെന്നു മദർ ചെക്കു ചെയ്യുന്നത് മത്സരം നടത്തിയാണ്. വളർന്നു പന്തലിച്ച ഒരു മാവു സ്കൂൾ മുറ്റത്തുണ്ട്. സയൻസ് കോമ്പറ്റീഷൻ മാവിൻ ചുവട്ടിൽ വെച്ചു നടത്തും. ക്ളാസിലെ കുട്ടികളെ മദർ രണ്ടായി വിഭജിക്കും. ഒരു ടീമിന്റെ ക്വാപ്റ്റൻ രാജനും മറ്റേതിന്റെ ചുമതല എനിക്കും. ക്യാപ്റ്റൻ ആകാൻ പറ്റിയ പെൺകുട്ടികൾ ക്ളാസിൽ ഇല്ലാത്തതിനാൽ ക്യാപ്റ്റൻ പദവി സ്ഥിരം ഞങ്ങൾക്കാണ്. ക്യാപ്റ്റൻമാരാണ് ടീമംഗങ്ങളെ സെല്ക് ടു ചെയ്യുക. ഫീൽഡിനെ ഒരിക്കൽ പോലും രാജൻ ടീമിലെടുക്കില്ലെന്നു എനിക്കറിയാം. അതുകൊണ്ട് ഞാൽ ആദ്യമേ തന്നെ ഫീൽഡിനെ സെലക്ടു ചെയ്യും. അവനു വിഷമം തോന്നരുതല്ലോ? അതിന്റെ നന്ദി അവന് എപ്പോഴും ഉണ്ടായിരുന്നു. അല്ലെങ്കിൽ ചായക്കടയിൽ കൊടുക്കാൻ കൊണ്ടു പോയ എരുമപ്പാൽ  കുപ്പിയിൽ പകർന്ന് പലദിവസം എന്നെ ഏല്പിക്കുമോ? വേണ്ടെന്നു പറഞ്ഞാലും അവൻ സമ്മതിക്കില്ല.

മത്സരമാരംഭിക്കുമ്പോൾ  നറുക്കു കിട്ടുന്നതു രാജന് ആണെങ്കിൽ ആദ്യം അവൻ ഫീൽഡിനോടു ചോദ്യം ചോദിച്ച് ഔട്ടാക്കും. ഉത്തരം അറിയാൻ പാടില്ലാത്തതു കൊണ്ട് അവന് സങ്കടവുമില്ല.  ഒരോരുത്തർ ഔട്ടാകുന്നത് അനുസരിച്ചാണ് സ്കോർ കിട്ടുന്നത്. ഏതു ടീമിൽ എല്ലാവരും ഔട്ടാകുന്നു അവർ തോറ്റു.

പക്ഷെ ഈ പഠനകളരിയിൽ കൂടുതൽ ജയവും ഞങ്ങളുടെ ടീമിനായിരുന്നു. അതിനു ഞാനൊരു വിദ്യ കണ്ടു വെച്ചിരുന്നു. രാജൻ വായിച്ചു പഠിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാഠഭാഗം ഞാൻ കാണാതെ പഠിച്ചു വെയ്ക്കും. ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ ചോദ്യം രാജനോടാവും ആദ്യം. ,രാജൻ ഔട്ട്. പിന്നെ ബാക്കിയുള്ളതുങ്ങളുടെ കാര്യം പറയേണ്ടല്ലോ? മന്ത്രിയും തേരുകളും നഷ്ടപ്പെട്ട ചതുരംഗ കളത്തിലെ കാലാളുകളുടെ അവസ്ഥ. ക്യാപ്റ്റൻ ഇല്ലാതാകുന്നതോടെ എല്ലാം ഔട്ട്. രാജൻ ഔട്ടാകുന്നതു കാണുമ്പോൾ ഫീൽഡിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് മൽസരത്തിനിടയിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്
ഉത്തോലക പാഠ മത്സരത്തിൽ രാജൻ ടീമിന് ഒരിക്കൽ പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല

ഈ ഉത്തോലകക്ളാസ് അവസാനിക്കും മുമ്പ് രണ്ടു പേരെക്കൂടി പരിചയപ്പെടേണ്ടതുണ്ട്. ഒന്ന് മത്തോമാപ്ള എന്ന മത്തായി ചേട്ടൻ. തൊണ്ടഴുക്കു-കയർപിരിയാണ് തൊഴിൽ. അപ്പനപ്പുപ്പൻമാർ തുടങ്ങി ചെയ്തു പോരുന്നതാണ്. പക്ഷെ കാര്യമായ പുരോഗതിയില്ല. കഷ്ടിച്ചു കഴിഞ്ഞു പോകാമെന്ന് മാത്രം. പക്ഷെ പി എച്ച് ഡി പ്രബന്ധത്തിൽ വരെ മത്തായി ചേട്ടന്റെ തൊണ്ട ഴക്കും കയറു പിരിയും കയറിക്കൂടിയിട്ടുണ്ട്. പ്രമുഖനായ ഒരു രാഷ്ടീയ നേതാവ് തന്റെ പി എച്ച്‌ ഡി തിസീസിൽ മത്തോ ചേട്ടന്റെ ഇന്റർവ്യൂ ചേർത്തിട്ടുണ്ട്‌. ഈ മേഖലയിൽ ഗവേഷണം ചെയ്യുന്ന ഒട്ടേറെ ഗവേഷകർ മത്തോ ചേട്ടനുമായി അഭിമുഖവും നടത്തുകയുമുണ്ടായി'. ഒരു അഭിമുഖം നടന്ന അവസരത്തിൽ മത്തായിയുടെ വിവിധ ജോലികളുടെ ഫോട്ടോയെടുത്തത് ചേർത്തലയിലെ പ്രമുഖ ഫാട്ടോഗ്രാഫറായ ഷേണായിയാണ്. അദ്ദേഹം അന്നെടുത്ത ഒരു ഫോട്ടോയ്ക്കു രാജ്യാന്തരതലത്തിൽ സമ്മാനവും കിട്ടി. മത്തോമപ്ളയ്ക്ക് എന്തു പഠിത്തമുണ്ടെന്നോ  അദ്ദേഹം ഉത്തോലകതത്വം പഠിച്ചിട്ടുണ്ടോയെന്നോ ആർക്കുമറിയില്ല.

അടുത്ത ആൾ മാസ്റ്റർ പ്രഭാകരൻ ആണ്. അദ്ദേഹം ഒരു സ്കൂളിലെയും മാസ്റ്ററല്ല, കാഥികനാണ്. മജീഷ്യൻമാർ പ്രഫസർ എന്നു പേരിനു കൂടെ ചേർക്കുന്നതു പോലെ, മലയാളം മുന്ഷികൾ വിദ്വാൻ എന്നു ചേർക്കന്നതു പോലെ ഒരു ആചാരം . കേട്ടിട്ടില്ലേ, മജീഷ്യൻ പ്രഫസർ ഭാഗ്യനാഥ്, വിദ്വാൻഗോപാലകൃഷ്ണൻ എന്നൊക്കെ? മാസ്റ്റർ പ്രഭാകരൻ ബി എസ് സി ബോട്ടണി സെക്കന്റ് ക്ളാസ് ആണ്. ജോലി കൊടുക്കാമെന്ന് സ്ഥലം സ്കൂൾ മാനേജർ പറഞ്ഞെങ്കിലും പ്രഭാകരൻ വേണ്ടെന്നു വെച്ചു. ഏഴാം ക്ളാസുകാരൻ പോലും പോലിസിൽ സി ഐ ഡി ആകുന്ന കാലം.

കാഥികനുള്ള പ്രശസ്തിയും സ്വീകരണവും വരുമാനവും സ്കൂൾ മാസ്റ്ററിനില്ലായെന്നതായിരുന്നു പ്രഭാകരന്റെ കണ്ടെത്തൽ. അന്നത്തെ നിലയിൽ അതു ശരിയായിരുന്നു. സാംബശിവനും കെടാമംഗലവുമൊക്കെ കഥാപ്രസംഗ കൊടുമുടിയിൽ നില്ക്കുന്ന കാലം. താനും അവർക്കൊപ്പം എന്നദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നു പറയും പോലെ മാസ്റ്റർ പ്രഭാകരന് നാട്ടിൽ വലിയ മതിപ്പില്ലായിരുന്നു. സാംബശിവനും കെടാമംഗലവും കുമ്പനാടനുമൊക്കെ വന്നു കഥ പറഞ്ഞു പോയിട്ടും പ്രഭാകരന് നാട്ടിൽ അവസരം കിട്ടിയില്ല.

ഈ കുറവ് പരിഹരിച്ചത് മറ്റൊരു മാർഗ്ഗത്തിലാണ്. രാവിലെ പതിനൊന്നു മണിയാകുമ്പോൾ അമ്പാസഡർ കാറിൽ അദ്ദേഹം ട്രൂപ്പുമായി ചന്തക്കവലയിൽ വന്നിറങ്ങും. ഇന്നലെ രാത്രി കഥ തലശ്ശേരിയിലായിരുന്നു, തിരികെ എത്താൻ വൈകിയതാണെന്ന് ഇതു കാണുന്ന ജനം ഊഹിക്കും. അല്ലെങ്കിൽ അങ്ങനെ യാണെന്നു പറഞ്ഞു കൊടുക്കാൻ പ്രഭാകരൻ തന്നെ ആളെ ചട്ടം കെട്ടിയിരിക്കും.. ബി എസ് സി ബോട്ടണി പാസ്സാകും മുമ്പേ തന്നെ അദ്ദേഹം ഉത്തോലകതത്വം നന്നായി പഠിച്ചിരുന്നു എന്ന കാര്യവും മറക്കണ്ട. ചിന്താവിഷ്ടയായ സീത എന്ന സ്വന്തം കഥാ പ്രസംഗത്തിൽ ഉത്തോലകതത്വം എത്ര നന്നായി അദ്ദേഹം അവതരിപ്പിച്ചിരുന്നുവെന്നു കഥ കേട്ടവർക്കേ അറിയൂ.

ഇനിയാണ് പ്രധാന സംഭവം. സ്കൂളു നേരെത്തെ വിടുകയും ഞാൻ കൊന്തിക്കളി കഴിഞ്ഞു വീട്ടിലേക്കു പോരുകയും ചെയ്യുന്ന നേരം. മത്തായി ചേട്ടൻ ഒരു ഉന്തുവണ്ടി നിറയെ അഴുകിയ തൊണ്ട് കയറ്റിക്കൊണ്ടു വരുന്നു. രണ്ടു പേർ വേണ്ടി വരുന്ന ജോലി ഒറ്റയ്ക്കു ചെയ്യുന്നതു കണ്ടപ്പോൾ സഹായിക്കാമെന്നു ഞാനും കരുതി. പുറകിൽ ഭാരം കൂടുതലായതിനാൽ വണ്ടി ഒന്നാം വർഗ്ഗഉത്തോലക തത്വമനുസരിച്ചല്ല നീങ്ങുന്നത് എന്ന് എനിക്കു മനസ്സിലായി. പുറകിൽ നിന്ന് തള്ളുന്നതിനു ഒപ്പം മേല്പോട്ടു പൊക്കിയിട്ടും മുമ്പിലെ വണ്ടിക്കൈക്കൊപ്പം മത്തായി ചേട്ടൻ കാലുറക്കാതെ മേലോട്ടു പൊങ്ങുന്നുണ്ടായിരുന്നു. മത്തായി ചേട്ടനെ നിലത്തു നിർത്താൻ ഏഴാം ക്ളാസ് കാരന്റെ ശക്തി മതിയാകില്ലെന്നും തോന്നി. വളരെ വിഷമം പിടിച്ചാണ് അദ്ദേഹം വണ്ടി നിയന്ത്രിക്കുന്നത്. എങ്ങനെയെങ്കിലും തൊണ്ട് വീട്ടുമുറ്റത്തെത്തിച്ചാൽ മതി എന്ന സ്ഥിതി. ചക്രശ്വാസം വലിക്കുക എന്നു പറയുന്നത് ഇത്തരം അവസ്ഥയെയാണ്

വണ്ടി ചന്തക്കവലയിൽ എത്തി. വണ്ടിയിൽ നിന്ന് തൊണ്ടുചീഞ്ഞ വെള്ളം റോഡിലേക്കു ഒഴുകുന്നുണ്ട്- അതാ ചന്തക്കവലയിൽ നില്ക്കുന്നു കാഥികൻ മാസ്റ്റർ പ്രഭാകരൻ.  ഇന്നു കഥാപ്രസംഗമില്ലെന്നു തോന്നുന്നു. അമ്പാസഡർ കാർ കണ്ടില്ല.

വണ്ടിക്കൈയ്യിൽ പൊങ്ങിക്കളിക്കുന്ന മത്തായി ചേട്ടനോട് പ്രഭാകരൻ
"മിസ്റ്റർ മത്തായി, ഡോണ്ട് യു നോ പ്രിൻസിപ്പിൾ ആഫ് ലിവർ, ഫസ്റ്റ് ഓർഡർ? " ഉത്തോലക തത്വം അറിയില്ലേടോ മാപ്ളേ എന്നു ശ്രേഷ്ഠ ഭാഷ.

" ഫ് ഭാ, പട്ടിക്കഴുവറീട മോനെ, ഡാ ഷേ, @& *? നിന്റെ ചോകോത്തിയോടു പോയി ചോദിക്കടാ, അവന്റെ കോ. . . ലെ ഒരു ചോദ്യം " മത്തോമാപ്ള തന്റെ എല്ലാ ഭാരവും അവിടെ ഇറക്കി വെച്ചു.

കാഥികൻ മാസ്റ്റർ പ്രഭാകരൻ അന്നു പോയ വഴിയിൽ പിന്നീടു പുല്ലുമുളച്ചിട്ടില്ല.
- കെ എ സോളമൻ

Saturday, 8 June 2019

എന്നാണ് ആദ്യമായ് കണ്ടത്?

പ്രണയപ്പിറാവുകൾ ചോദിക്കുന്ന ചോദ്യമുണ്ട്
ഞാനും പതിവു തെറ്റാതെ നിന്നോടു അതു തന്നെ ചോദിക്കുന്നു
എന്നാണ് നിന്നെ ഞാൻ ആദ്യമായി കണ്ടത്?

നിന്നെക്കുറിച്ച് എനിക്ക് എക്കാലത്തു മറിയാമായിരുന്നു.
നിന്നെ എപ്പോഴും സ്വപ്നം കണ്ടിരുന്നു
എന്റെ വിരലുകളുടെ ചലനം നിനക്കു പരിചയമുള്ളവയായിരുന്നു.
നിന്റെ ചുണ്ടുകൾ ലോലവും അതി മനോഹരവുമാണ്.
കണ്ണുകൾ കരിങ്കൂവളങ്ങളും കാതരവുമാണ്

എല്ലാ രഹസ്യങ്ങളും നീയുമായ് ഞാൻ പങ്കുവെച്ചില്ലേ?
നീ അറിയാത്ത ഒരു രഹസ്യവും എനിക്കു ഇല്ലായിരുന്നു
ഞാൻ പറയുന്നതെന്തും നീ അതീവ ശ്രദ്ധയോടെ കേൾക്കുമായിരുന്നില്ലേ?
നമ്മൾ കുറച്ചു കാലത്തേക്കു മാത്രമുള്ള സുഹൃത്തുക്കൾ ആയിരുന്നോ?

എന്റെ ചിന്തകളുടെ ഉറവിടം നീ ആയിരുന്നു
കഥയുടെ ആരംഭവും കഥാവസാനവും നിന്നിൽ തന്നെയായിരുന്നു.
ദയാവായ്പുള്ള, സൂക്ഷ്മതയുള്ള
സുന്ദരിയായിരുന്നു നീ

എത്രയോ തവണ ഞാൻ പറഞ്ഞിട്ടുണ്ട്
ഒരിക്കലുമുപേക്ഷിച്ചു പോകില്ലയെന്ന്
നിന്നെക്കുറിച്ചുള്ള ചിന്തകളാണ് ഉള്ളിലെപ്പോഴും

ഞാൻ നിന്നെ ഏറെഅറിയുന്നു
എന്റെ ഉള്ളിലെവിസ്ഫോടനങ്ങൾക്ക് കാരണം നീയാണ്
ഒരു പക്ഷെ ഞാനിങ്ങനെ കുറിച്ചില്ലെങ്കിൽ
നീ പോലുമറിയാതെ പോകും എന്റെ തേങ്ങലുകൾ

ആർക്കുമറിയാത്തൊരു സത്യമുണ്ട്
അതോർത്ത് ഞാൻ അത്ഭുതപ്പെടുകയും ചെയ്യും
നീ എന്നിൽ നിന്ന് എന്നേക്കുമായ് അകന്നു പോയാൽ
ഞാൻ എന്താകുമെന്ന്?
മറുപടി കാലത്തിനു മാത്രമേ അറിയൂ

നമ്മൾ ഒരുമിച്ചു നടന്ന വഴികൾ എനിക്കിഷ്ടമാണ്
അവിടങ്ങളിലെ ഏകാന്ത യാത്ര
എനിക്കിന്നും സൗഖ്യദായകം
കാത്തിരിക്കണമെന്നതാവാം സത്യം, കാലമാണതു പറയേണ്ടത്.

എങ്കിലുമൊന്നുണ്ട് ഓർമ്മിക്കുവാൻ
ജീവിതം ഉന്മേഷഭരിതമായത്
നിന്നെ കണ്ടെത്തിയ നാൾ മുതലാണ്
എന്റെ ജീവിതം മാറി മറിഞ്ഞതും അന്നു മുതലാണ്
നിന്നെ ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു
നിന്നെയും എന്നെയും കുറിച്ചു മാത്രമാണെന്റെ ചിന്തകൾ
- കെ എ സോളമൻ

Saturday, 25 May 2019

നിങ്ങൾ അന്വേഷിക്കുന്ന ആൾ ഇദ്ദേഹമാണ്- കഥ


രാമൻ നായർ ആരാണെന്നു എന്നോടു പലരും ചോദിക്കാറുണ്ട് . അദ്ദേഹം എന്റെ നാട്ടുകാരനാണെന്നും പെയിന്റിംഗ് പണിയാണ് ജോലിയെന്നും ഒക്കെ പറയാറുണ്ടെങ്കിലും ചിലർക്കു അതു പോര. അദ്ദേഹത്തെ നേരിൽ കാണണം, സംസാരിക്കണം. അദ്ദേഹത്തെ നേരിൽ കാണണമെങ്കിൽ വീട്ടിൽ ചെല്ലണം അല്ലെങ്കിൽ ജോലി സ്ഥലത്ത് ചെന്ന് അന്വേഷിക്കണം. അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്നു തന്നു കൂടെ എന്നാണു് പുന്നപ്ര ചന്തയ്ക്കു സമീപം താമസം മി വള്ളിക്കാടൻ ചോദിച്ചത്. ഫോൺ നമ്പർ കൊടുക്കുന്നതിൽ വിഷമമില്ല, പക്ഷെ രാമൻ നായരോടു ചോദിക്കാതെങ്ങനെ?

രാമൻ നായർക്കെന്താ പ്രത്യേകതയെന്ന് ഇതു വായിക്കാൻ മെനക്കെടുന്നവർക്ക് ചിലപ്പോൾ തോന്നിയേക്കാം. അതിനു കാരണമുണ്ട്.

രാമൻ നായർ എന്റെ വീടിനു മുന്നിലൂടെയാണ് രാവിലെ പണിക്ക് പോകുന്നതും വൈകിട്ടു തിരികെ വരുന്നതും. പണിയൊന്നുമില്ലാതെ വീട്ടിൽ കുത്തിയിരിക്കുന്ന ഞാൻ അദ്ദേഹത്തെ എന്നും കാണും. എന്തെങ്കിലും സംസാരിച്ചിട്ടെ പോകു. പെൻഷൻ വാങ്ങാൻ പോയില്ലെ? ടീച്ചർക്കു സുഖമാണോ, മകൻ ആഴ്ചതോറും വരുമോ? പോലുള്ള നിരുപദ്രവകരമായ ചോദ്യങ്ങളെ അദ്ദേഹം ചോദിക്കാറുള്ളു. ഒരിക്കൽ പോലും വായ്പ ചോദിച്ചിട്ടുമില്ല. ഇക്കാരണങ്ങളാലാവണം എനിക്ക് അദ്ദേഹത്തോടു പ്രത്യേക അടുപ്പം തോന്നി.

വയസ് 67 ആയെങ്കിലും പണിക്കു പോകും. കൂടെയുള്ള ടീമ്സ് എല്ലാം പിള്ളാരാണ്.

"എത്ര നാളിങ്ങനെ പണി ചെയ്തു കഷ്ടപ്പെടാനാണ് നായരെ, ഇനിയങ്ങു വിശ്രമിച്ചു കൂടെ?"
" അതു പാടില്ല സാറെ, വെറുതെയിരുന്നാൽ നമ്മൾ പെട്ടെന്നു വയസ്സാകും, ക്ഷീണിക്കും, എന്തെങ്കിലും ചെയ്തോണ്ടിരുന്നാൽ ക്ഷീണം തോന്നില്ല. നമ്മുടെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ നോക്കു. എന്നെക്കാൾ ഒരു വയസ് മൂത്തതാണു് , തോന്നുമോ കണ്ടാൽ. അയാൾ വിശ്രമമില്ലാതെ ജോലി നോക്കുന്നു, വ്യായാമം ചെയ്യുന്നു. അതു കൊണ്ട് സാറും ഈ കുത്തിയിരുപ്പൊക്കെ അവസാനിപ്പിക്കണം"

രാമൻ നായരെക്കുറിച്ച് ഞാൻ, മനസ്സിലാക്കിയ കാര്യം അയാൾ നാടിന്റെ സ്പന്ദനം കൃത്യമായി അറിയുന്നുവെന്നതാണ്. അല്ലെങ്കിൽ മമ്മുട്ടിയുടെ പ്രായം എങ്ങനെ കൃത്യമായി അറിഞ്ഞു?

"രാമൻ നായർ ഏതു പത്രമാണ് വായിക്കുന്നത്?" ഞാൻ ചോദിച്ചു.

" ഞാൻ പത്രം വായിക്കാറില്ല. ഏതെങ്കിലും പത്രം സത്യം പറയാറുണ്ടോ? പത്രം വായിച്ചെന്തിനാ നുണ നേരത്തെ അറിയുന്നത്? പക്ഷെ ഞാൻ ന്യൂസ് ചാനൽ കാണാറുണ്ട്, ഒന്നല്ല, അഞ്ചെണ്ണം. അഞ്ചെണ്ണം മാറി മാറി കണ്ടാൽ ഏകദേശ ധാരണ കിട്ടും അതാണ് ഞാൻ സാറിനോട് പറയാറുള്ളത് "

നായർ പറയുന്നത് പലപ്പോഴും ശരിയാണെന്നു തോന്നിയതുകൊണ്ടാണ് ഫേസ് ബുക്കിൽ അദ്ദേഹത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഞാൻ അവ ഷെയർ ചെയ്യാൻ തുടങ്ങിയത്. എന്നു കരുതി അദ്ദേഹം പറയുന്നത് എല്ലാം ഷെയർ ചെയ്യാനും ആവില്ല അവ ശരിയാണെങ്കിൽ പോലും. ഉദാഹരണത്തിന് അദ്ദേഹം കഴിഞ്ഞ ദിവസം എന്നോടു ചോദിച്ചത് ഇങ്ങനെയാണ്

"ദേശിയ പാത വികസനം വീണ്ടും വന്ന സ്ഥിതിക്ക് ശ്രീധരൻപിള്ളക്കെതിരെ തോമസ്ഐസക് ഖുമൈനി പ്രഖ്യാപിച്ച ഫത്വാ പിൻവലിക്കുമോ സാറെ " എന്നാണ്‌.
ദേശീയപാത വികസനത്തിന് ബി ജെ പി പ്രസിഡന്റ് ശ്രീധരൻ പിള്ള ടോർപിഡോ വെച്ചെന്നും അതുകൊണ്ടു പിള്ളയെ സാമൂഹ്യ മായി ബഹിഷ്കരിക്കണമെന്നും മന്ത്രി തോമസ് ഐസക്ക് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നായർ ഇങ്ങനെ ചോദിച്ചത്

പക്ഷെ ഇതു ഞാൻ ഫേസ് ബുക്കിൽ പോസ്റ്റു ചെയ്തില്ല

ജീവതത്തിൽ അഭിമുഖീകരിക്കുന്ന ഏതുതരം പ്രയാസവും ചിരിച്ചു കൊണു നേരിടാൻ രാമൻ നായർക്ക് ഒരു പ്രത്യേക കഴിവുണ്ടെന്നു ഞാൻ മനസ്സിലാക്കി. അതിനു പ്രേരകമായ ഒരു സംഭവം അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു

" സാറെ, എനിക്ക് മൂത്രമൊഴിക്കുന്നതു സംബന്ധിച്ചു ഒരു പ്രശ്നമുണ്ടായിരുന്നു. മൂത്രശങ്ക തോന്നിയാൽ ഉടൻ നടത്തിയിരിക്കണം, അല്ലെങ്കിൽ പ്രശ്നമാണ് "

ഞാനും സമ്മതിച്ചു. " ശരിയാണ് നായരെ, മെസ്സേജ് തലച്ചോറിൽ നിന്ന് പോയാൽ വാൽവ് ഒപ്പണാകും. ക്ളോസ് ചെയ്യാനുള്ള മെക്കാനിസം പ്രായമായ പലരിലും വർക്കു ചെയ്യില്ല. എന്നു വെച്ചാൽ പിടിച്ചാൽ കിട്ടില്ല"

" അതു തന്നെയാണ് സാറെ എന്റെയും പ്രശ്നം. ഒരു രക്ഷയുമില്ലാതെ നടന്ന സമയത്ത് ഞാൻ പെയിന്റിംഗ് വർക്കിനു ചെന്ന സ്ഥലത്തെ സാറു പറഞ്ഞത്, ചാത്തനാട്ട് ഒരു ഹോമിയോ ഡോക്ടർ ഉണ്ടെന്നും മരുന്നു കഴിച്ചാൽ മാറുമെന്നും. അദ്ദേഹം തന്ന തുള്ളിമരുന്ന് 2മാസം കഴിച്ചു. ആദ്യത്തെ ഒരാഴ്ച മരുന്നു പിടിച്ചതു പോലെ തോന്നി, പക്ഷെ പിന്നീടു പഴയതുപോലായി. മരുന്നുമായി പുത്തനങ്ങാടിയിലെ ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം പറയുകയാണ് മൂത്രരോഗത്തിന്റെതല്ല, മന്തിന്റെ മരുന്നാണതെന്ന് "

" എന്റെ കൂടെ വർക്കു ചെയ്യുന്ന പയ്യന്റെ കാർന്നോർ പറഞ്ഞതിന് പ്രകാരമാണ് ആയുർവേദത്തിലേക്കു മാറിയത്. തിരുവിതാംകൂർ ആര്യവൈദ്യശാലയുടെ ഒരു ലേഹ്യമുണ്ട്. താമരനൂലാണ് അടിസ്ഥാന ഘടകം. പിടിച്ചിടത്തു നില്ക്കും എന്നാണ് അയാൾ പറഞ്ഞത്. രണ്ടു ഡപ്പി വാങ്ങിക്കഴിച്ചു. കൊളസ്ട്രോൾ കൂടിയതല്ലാതെ മൂത്രമൊഴുക്കിന് തടസ്സമുണ്ടായില്ല"

രാമൻ നായർ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ നമ്മൾ കേട്ടിരുന്നു പോകും. അതാണു രാമൻ നായരുടെ രീതി.

ഇടയ്ക്കു കയറി ഞാൻ ചോദിച്ചു " ഇപ്പോൾ രോഗമെങ്ങനെ, മറിയോ?"

" അതിലേക്കല്ലേ വരുന്നത്. ആയുർവേദത്തിനു ശേഷം സിദ്ധഔഷധക്കാരുടെ നീറ്റു മരുന്നു കുറെ പ്രാതലിന്റെയും അത്താഴത്തിന്റെയും കൂടെ കഴിച്ചു. മാറ്റമുണ്ടായില്ല"

" എന്തിനേറെ പറയുന്നു, സാറിന്റെ കൂട്ടുകാരൻ ഗോപാലകൃഷ്ണൻ ചേട്ടൻ പറഞ്ഞതനുസരിച്ചാണ് കൊച്ചിടൗൺ ആശുപത്രിയിൽ ഓപ്പറേഷൻ നടത്താൻ പോയത്. 50000 രൂപായെ ചെലവാകു എന്നാണ് ഗോപാലകൃഷ്ണൻ ചേട്ടൻ പറഞതെങ്കിലും എല്ലാം കഴിഞ്ഞു വന്നപ്പോൾ മൊത്തം ഒന്നര ലക്ഷം പോയി. കുറച്ചു കാശുകടമുണ്ട്, പണി ചെയ്തു വീട്ടണം"

" കാശു പോയാലെന്ത്, രോഗം മാറിയല്ലോ ?" ഞാൻ

" ഹ ഹ ഹ " രാമൻ നായർ ചിരിച്ചു കൊണ്ടു പറഞ്ഞു.
" ഇപ്പോൾ ഞാൻ എവിടെ പെയിൻറു ജോലിക്കു ചെന്നാലും ആദ്യമെതന്നെ ടോയ്ലറ്റു കണ്ടു വെക്കും. ചില രോഗം വന്നാൽ അത് നമ്മേം കൊണ്ടേ പോകൂ സാറെ "
" അപ്പോ, രോഗം മാറിയില്ലെന്നാണോ പറഞ്ഞു വരുന്നത്? "
" എന്നല്ല, എല്ലാ രോഗങ്ങളും മാറില്ല പക്ഷെ ആശുപത്രിക്കാർ മറാത്ത രോഗവും ചികിത്സിക്കും, അതാണല്ലോ അവരുടെ പണി. അതി കലശലല്ലായിരുന്നു  ഒന്നര ലക്ഷം മുടക്കി ഓപ്പറേറ്റു ചെയ്യും മുമ്പ്‌. ഇപ്പോൾ ഒരു മൂത്രപ്പുര കൂടെ കൊണ്ടു നടക്കണമെന്നു മാത്രം "

നിങ്ങൾ അന്വേഷിച്ച രാമൻ നായർ ഇദ്ദേഹമാണ്.
-കെ എ സോളമൻ
വീക്ഷണം  ഞായർ, 26 മെയ് 2019

Saturday, 13 April 2019

ക്വട്ടേഷൻ - കഥ

ഇതൊരു ഉപകഥയാണ്,  മെയിൻ കഥ വേറെ.
ഇവിടെ ഒരു സ്വകാര്യ എയിഡഡ്കോളജുണ്ട്. ഒരുകുടുംബ ട്രസ്റ്റാണ് കോളജ് ഭരിക്കന്നത്, കുടുംബനാഥൻ കോളജ് മാനേജർ. എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും സംഭാവന കൊടുക്കന്നതുകൊണ്ടും എല്ലാവരിൽ നിന്നും സംഭാവന പിരിക്കുന്നതു കൊണ്ട് വലിയ കുഴപ്പമൊന്നുമില്ലാതെ കോളജു നടന്നു പോകുന്നു. അധ്യാപക നിയമനത്തിന് കോഴ ഒരു കോടി കവിയും. വിദ്യാർത്ഥി സമരവും പഠിപ്പുമുടക്കുമൊക്കെ ഒരു ഭാഗത്തുനടക്കുമെങ്കിലും മൊത്തത്തിൽ നോക്കിയാൽ വലിയ കുഴപ്പമൊന്നും കൂടാതെയാണ് മുന്നോട്ടു eപാകുന്നത്. രഷ്ട്രീയ നേതാക്കളുടെ ശുപാർശക്കത്തു നോക്കി മാനേജുമെന്റു ക്വാട്ടായിൽ  അഡ്മിഷൻ കൊടുക്കുന്നതിനാൽ ഒരു വിഷയത്തിലും 100 ശതമാനം വിജയം ലഭിക്കാറില്ലയെന്നതു ഒരു വാസ്തുതയാണ്. എങ്കിലെന്ത്. 3-4 എം എൽ എ രെയും രണ്ടു മന്ത്രിമാരെയും ഇതിനകം സംഭാവന ചെയ്തു കഴിഞ്ഞു.

ആകെ അലട്ടാറുള്ള  പ്രധാന പ്രശ്നം കോളജിലേക്കു വേണ്ട പർചേസുകളാണ്. സർക്കാരിനെ പറ്റിക്കുന്നവരാണ് മനേജർമാർ എന്ന ധാരണ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കുള്ളതിനാൽ പർച്ചേസ് നടത്താൻ ഒത്തിരി ഫോർമാലിറ്റികളാണ്. ഏതു പർച്ചേസിനും 3 ക്വട്ടേഷൻ നിർബ്ബന്ധം, ഏറ്റവുംകുറഞ്ഞേ ക്വട്ടേഷനേ അംഗീകരിക്കാവു എന്നൊക്കെയുള്ളതുകൊണ്ട് ക്വാളിറ്റി സാധനങ്ങൾ വാങ്ങിക്കുക ശ്രമകരവുമാണ്. എന്നാൽ അതു മറികടക്കാൻ കമ്മത്തിനെ പരിചയപ്പെട്ടതു കൊണ്ട് സാധിച്ചു. കമ്മത്ത് പരമ്പരയിലെ എത്രാമത്തെ കമ്മത്താണ് നിലവിലെ കമ്മത്ത് എന്നതു മാത്രം നിശ്ചയമില്ല

മാനേജർ സ്ഥലത്തെ കച്ചവടക്കാരനായ വാസുദേവക്കമ്മത്തിനെ വിളിച്ചു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചു

കമ്മത്തും മക്കളും പണ്ടു മുതൽക്കേ
കച്ചവടക്കാരാണ്. ഒരു മകന് ടെക്സ്റ്റ് യിൽസ് എങ്കിൽ മറ്റൊരാൾക്ക് പേപ്പർമാർട്ട്. ഇനിയുമൊരാൾക്ക് മെഡിക്കൽ ഷോപ്പ്.  ആര്യാസ് ഹോട്ടൽ ശൃംഖല നോക്കി നടത്തുന്നത് മരുമകനാണ്. ഇറക്കുമതി സാധനങ്ങളാണ് വേണ്ടതെങ്കിൽ അതിനു മുണ്ടു വിദേശത്തു സംവിധാനം

മൂന്നു കൊട്ടേഷനുകളുമായി കമ്മത്തിന്റെ ദൂതൻ മാനേജരെ വന്നു കണ്ടു.  ഒരു ക്വട്ടേഷൻ സ്വന്തം പേരിലും  മറ്റേതു രണ്ടും വേറെ പേരുകളിലും. കച്ചവടം കമ്മത്തുമായി ഉറപ്പിക്കാൻ യാതൊരു തടസ്സവുമുണ്ടായില്ല. പരീക്ഷ സമയങ്ങളിൽ കുട്ടികൾക്കുള്ള ഉത്തരക്കടലാസിനുള്ള പേപ്പർ നൾകന്നതും കമ്മത്തു തന്നെ. അതിനു പറ്റിയ ക്വട്ടേഷനുകളും കമ്മത്തിന്റെ പക്കലുണ്ട്. വാസുദേവക്കമ്മത്തുമായുള്ള പരിചയവും അടുപ്പവും കോളജിലക്കു ആവശ്യമായ ഗുണമേന്മയുള്ള സാധനങ്ങൾ പർച്ചേസ് ചെയ്യാൻ വലിയൊരു സഹായമായി.

സർക്കാർ പണമുപയോഗിച്ച്  മാനേജരും കമ്മത്തും തമ്മിൽ നടത്തുന്ന  ഇടപാടിൽ ഏതെങ്കിലും വിധത്തിലുള്ള കമ്മീഷൻ ഏർപ്പാട് ഉണ്ടോയെന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല. കാരണം ലണ്ടൻ സ്റ്റോക്കു എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കെ ഡി ബി ക്യു എന്ന സ്ഥാപനം കമ്മത്ത് ആന്റ് കമ്പനിയുടേതാണ്. അവർ കമ്മീഷൻ കൊടുക്കുമെന്നു പറയുന്നതു തന്നെ ശുദ്ധ അസംബന്ധം.
- കെ എ സോളമൻ

Saturday, 12 January 2019

പ്രാകൃതത്തിലേക്ക്? -കവിത

മഹാനായ റൂസ്സോ
ജീൻ ഷാക്ക് റൂസ് സോ
താങ്കളെന്താണ് നിശബ്ദതയെക്കുറിച്ച്  പറഞ്ഞത്?
നിശബ്ദത ദുഃഖപൂർണ്ണമെന്നോ?
അതു മരണത്തിലേക്കു നയിക്കുന്നുവെന്നോ?
എങ്കിൽ എവിടെയാണ് ശാന്തത
മരിച്ചു കഴിഞ്ഞാൽ സർവ്വവും ശാന്തമാണെന്നോ ?

താങ്കൾൾ ഉപേക്ഷിച്ച പോയ ജനീവനഗരത്തിലേക്ക്
എന്തിനായി തിരികെ യെത്തി ?

അസമത്വത്തിന്റെ ഉല്പത്തി, അടിസ്ഥാനം.
ഇവ താങ്കളുടെ കണ്ടെത്തലുകളായിരുന്നു.
മനുഷ്യർ  നല്ലവരാണെന്നും സംസ്കാരവും സ്ഥാപനങ്ങളുമാണ് ദുഷിപ്പിക്കുന്നതെന്നും
താങ്കൾ പറഞ്ഞു.
സംസ്കാരത്തെ ഉപേക്ഷിച്ച് പ്രാകൃതത്തിലേക്കു മടങ്ങാം താങ്കളാണ്ആഹ്വാനം ചെയ്തത് -
തിന്മകൾക്ക്  പരിഹാരം പ്രാകൃതം, താങ്കളാണ് ആദ്യം പറഞ്ഞത്

ശരിയാണ് റൂസ്സോ,
ഇന്നു മനുഷ്യൻ പ്രാകൃതത്തിലേക്കു മടങ്ങു യാണ്.

നാലുകാലിൽ നടക്കാൻ
കാലമേറെവേണ്ട മനുഷ്യന്
വസ്ത്രം  ഉപേക്ഷിക്കപ്പെട്ടു
വസ്ത്രരാഹിത്യം മനഷ്യൻ
ബർമുഡയെന്നും ലെഗിൻസെന്നും പേർ ചൊല്ലി വിളിച്ചു.
ലഹരിയും മയക്കവും
എവിടെയും സുലഭം

പ്രണയ ചാപല്യങ്ങളും മാസമുറകളം
ഉത്സവക്കാഴ്ചകളായി.
കീഴാളമുദ്രകൾ നാടുനീളെ പണിതു നവോത്ഥാന വിഡ്ഢികളെ സൃഷ്ടിച്ചു.
ധനികവർഗത്തെ ആക്രമിച്ച്
സ്വയം ധനികരായി മാറി.

താങ്കൾ മിണ്ടാതിരുന്നെങ്കിൽ
താങ്കളെ കാണാതിരുന്നെങ്കിൽ
ഈ ലോകത്തിന്റെ ഗതി യെന്താകുമായിരുന്നു റൂസ്സോ?

ഭുമിയിലെ നിശബ്ദതയെ
ശബ്ദമുഖരിതമാക്കുന്നത്‌
സംഗീത സാന്ദ്രമാക്കുന്നത്‌.
പ്രാകൃത മണെന്നോ?
എങ്കിൽ പറയൂ
നീണ്ട ഇരുന്നൂറ്റിയമ്പതു കൊല്ലം പോരെങ്കിൽ
പ്രാകൃതത്തിലേക്കു മടങ്ങാൻ
ഇനി എത്ര കൊല്ലം കൂടി?
പറയൂ എത്ര ദൂരംകൂടി?

- കെ എ സോളമൻ

Monday, 31 December 2018

നവവൽസരം 2019!

ദു:ഖം ഘനീഭവിച്ച ഒത്തിരി ദിനങ്ങളുടെ ഒരു വർഷം കടന്നു പോയി. ഭീകരാക്രമണം, നിപാ വ്യാപനം, കനത്ത - നാശനഷ്ടങ്ങൾക്കിടയായ വെള്ളപ്പൊക്കം തുടങ്ങിയവയെല്ലാം കഴിഞ്ഞ കൊല്ലത്തെ ദുഃഖകരമായ പാദമുദ്രകളായിരുന്നു. എങ്കിലും സന്തോഷത്തിന്റെ ഏതാനും നിമിഷങ്ങളും 2018 നമുക്കു സമ്മാനിച്ചിരുന്നു.

നീൽ ഗൈമാൻ പറഞ്ഞ വാക്കുകൾ ഈ പുതുവർഷദിനത്തിൽ നമുക്ക് സന്തോഷം നൾകുന്നതാണ്. അദ്ദേഹം പറഞ്ഞു: " ഇന്നാരംഭിക്കുന്ന ഈ വർഷത്തിലും നിങ്ങൾക്ക് തെറ്റുകൾ സംഭവിച്ചേക്കാം. തെറ്റു വരുത്തിയാൽ അതിനർത്ഥം നിങ്ങൾ എന്തോ പുതിയ കാര്യം ചെയ്തുവെന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, കൂടുതൽ പഠിക്കാനും ജീവിക്കാനും മാറ്റങ്ങളിലേക്ക് നിങ്ങളെ തന്നെ നയിക്കാനും കഴിയുന്നു. മുമ്പു ചെയ്യാത്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്, അതാണ് വിലമതിക്കപ്പെടുന്നത്. എന്തെങ്കിലും ചെയ്യുന്നുവെന്നത് നമ്മേ സംബന്ധിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ് "

പുതുവൽസരദിനം പുതിയ തുടക്കത്തിന്റെ ദിനമാണ്. പുതിയൊരദ്ധ്യായം നിങ്ങളുടെ ജീവതത്തിൽ എഴുതാൻ പോകുന്നു. പുതിയ ചോദ്യങ്ങൾ ചോദിക്കപ്പെടണം അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുകയും വേണം. പുതിയ ഇലകൾ തളിർക്കും, പഴുത്തിലകൾ കൊഴിയും.
നവവൽസരാശംസകൾ!

കെ എ സോളമൻ