Saturday, 25 May 2019

നിങ്ങൾ അന്വേഷിക്കുന്ന ആൾ ഇദ്ദേഹമാണ്- കഥ


രാമൻ നായർ ആരാണെന്നു എന്നോടു പലരും ചോദിക്കാറുണ്ട് . അദ്ദേഹം എന്റെ നാട്ടുകാരനാണെന്നും പെയിന്റിംഗ് പണിയാണ് ജോലിയെന്നും ഒക്കെ പറയാറുണ്ടെങ്കിലും ചിലർക്കു അതു പോര. അദ്ദേഹത്തെ നേരിൽ കാണണം, സംസാരിക്കണം. അദ്ദേഹത്തെ നേരിൽ കാണണമെങ്കിൽ വീട്ടിൽ ചെല്ലണം അല്ലെങ്കിൽ ജോലി സ്ഥലത്ത് ചെന്ന് അന്വേഷിക്കണം. അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്നു തന്നു കൂടെ എന്നാണു് പുന്നപ്ര ചന്തയ്ക്കു സമീപം താമസം മി വള്ളിക്കാടൻ ചോദിച്ചത്. ഫോൺ നമ്പർ കൊടുക്കുന്നതിൽ വിഷമമില്ല, പക്ഷെ രാമൻ നായരോടു ചോദിക്കാതെങ്ങനെ?

രാമൻ നായർക്കെന്താ പ്രത്യേകതയെന്ന് ഇതു വായിക്കാൻ മെനക്കെടുന്നവർക്ക് ചിലപ്പോൾ തോന്നിയേക്കാം. അതിനു കാരണമുണ്ട്.

രാമൻ നായർ എന്റെ വീടിനു മുന്നിലൂടെയാണ് രാവിലെ പണിക്ക് പോകുന്നതും വൈകിട്ടു തിരികെ വരുന്നതും. പണിയൊന്നുമില്ലാതെ വീട്ടിൽ കുത്തിയിരിക്കുന്ന ഞാൻ അദ്ദേഹത്തെ എന്നും കാണും. എന്തെങ്കിലും സംസാരിച്ചിട്ടെ പോകു. പെൻഷൻ വാങ്ങാൻ പോയില്ലെ? ടീച്ചർക്കു സുഖമാണോ, മകൻ ആഴ്ചതോറും വരുമോ? പോലുള്ള നിരുപദ്രവകരമായ ചോദ്യങ്ങളെ അദ്ദേഹം ചോദിക്കാറുള്ളു. ഒരിക്കൽ പോലും വായ്പ ചോദിച്ചിട്ടുമില്ല. ഇക്കാരണങ്ങളാലാവണം എനിക്ക് അദ്ദേഹത്തോടു പ്രത്യേക അടുപ്പം തോന്നി.

വയസ് 67 ആയെങ്കിലും പണിക്കു പോകും. കൂടെയുള്ള ടീമ്സ് എല്ലാം പിള്ളാരാണ്.

"എത്ര നാളിങ്ങനെ പണി ചെയ്തു കഷ്ടപ്പെടാനാണ് നായരെ, ഇനിയങ്ങു വിശ്രമിച്ചു കൂടെ?"
" അതു പാടില്ല സാറെ, വെറുതെയിരുന്നാൽ നമ്മൾ പെട്ടെന്നു വയസ്സാകും, ക്ഷീണിക്കും, എന്തെങ്കിലും ചെയ്തോണ്ടിരുന്നാൽ ക്ഷീണം തോന്നില്ല. നമ്മുടെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ നോക്കു. എന്നെക്കാൾ ഒരു വയസ് മൂത്തതാണു് , തോന്നുമോ കണ്ടാൽ. അയാൾ വിശ്രമമില്ലാതെ ജോലി നോക്കുന്നു, വ്യായാമം ചെയ്യുന്നു. അതു കൊണ്ട് സാറും ഈ കുത്തിയിരുപ്പൊക്കെ അവസാനിപ്പിക്കണം"

രാമൻ നായരെക്കുറിച്ച് ഞാൻ, മനസ്സിലാക്കിയ കാര്യം അയാൾ നാടിന്റെ സ്പന്ദനം കൃത്യമായി അറിയുന്നുവെന്നതാണ്. അല്ലെങ്കിൽ മമ്മുട്ടിയുടെ പ്രായം എങ്ങനെ കൃത്യമായി അറിഞ്ഞു?

"രാമൻ നായർ ഏതു പത്രമാണ് വായിക്കുന്നത്?" ഞാൻ ചോദിച്ചു.

" ഞാൻ പത്രം വായിക്കാറില്ല. ഏതെങ്കിലും പത്രം സത്യം പറയാറുണ്ടോ? പത്രം വായിച്ചെന്തിനാ നുണ നേരത്തെ അറിയുന്നത്? പക്ഷെ ഞാൻ ന്യൂസ് ചാനൽ കാണാറുണ്ട്, ഒന്നല്ല, അഞ്ചെണ്ണം. അഞ്ചെണ്ണം മാറി മാറി കണ്ടാൽ ഏകദേശ ധാരണ കിട്ടും അതാണ് ഞാൻ സാറിനോട് പറയാറുള്ളത് "

നായർ പറയുന്നത് പലപ്പോഴും ശരിയാണെന്നു തോന്നിയതുകൊണ്ടാണ് ഫേസ് ബുക്കിൽ അദ്ദേഹത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഞാൻ അവ ഷെയർ ചെയ്യാൻ തുടങ്ങിയത്. എന്നു കരുതി അദ്ദേഹം പറയുന്നത് എല്ലാം ഷെയർ ചെയ്യാനും ആവില്ല അവ ശരിയാണെങ്കിൽ പോലും. ഉദാഹരണത്തിന് അദ്ദേഹം കഴിഞ്ഞ ദിവസം എന്നോടു ചോദിച്ചത് ഇങ്ങനെയാണ്

"ദേശിയ പാത വികസനം വീണ്ടും വന്ന സ്ഥിതിക്ക് ശ്രീധരൻപിള്ളക്കെതിരെ തോമസ്ഐസക് ഖുമൈനി പ്രഖ്യാപിച്ച ഫത്വാ പിൻവലിക്കുമോ സാറെ " എന്നാണ്‌.
ദേശീയപാത വികസനത്തിന് ബി ജെ പി പ്രസിഡന്റ് ശ്രീധരൻ പിള്ള ടോർപിഡോ വെച്ചെന്നും അതുകൊണ്ടു പിള്ളയെ സാമൂഹ്യ മായി ബഹിഷ്കരിക്കണമെന്നും മന്ത്രി തോമസ് ഐസക്ക് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നായർ ഇങ്ങനെ ചോദിച്ചത്

പക്ഷെ ഇതു ഞാൻ ഫേസ് ബുക്കിൽ പോസ്റ്റു ചെയ്തില്ല

ജീവതത്തിൽ അഭിമുഖീകരിക്കുന്ന ഏതുതരം പ്രയാസവും ചിരിച്ചു കൊണു നേരിടാൻ രാമൻ നായർക്ക് ഒരു പ്രത്യേക കഴിവുണ്ടെന്നു ഞാൻ മനസ്സിലാക്കി. അതിനു പ്രേരകമായ ഒരു സംഭവം അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു

" സാറെ, എനിക്ക് മൂത്രമൊഴിക്കുന്നതു സംബന്ധിച്ചു ഒരു പ്രശ്നമുണ്ടായിരുന്നു. മൂത്രശങ്ക തോന്നിയാൽ ഉടൻ നടത്തിയിരിക്കണം, അല്ലെങ്കിൽ പ്രശ്നമാണ് "

ഞാനും സമ്മതിച്ചു. " ശരിയാണ് നായരെ, മെസ്സേജ് തലച്ചോറിൽ നിന്ന് പോയാൽ വാൽവ് ഒപ്പണാകും. ക്ളോസ് ചെയ്യാനുള്ള മെക്കാനിസം പ്രായമായ പലരിലും വർക്കു ചെയ്യില്ല. എന്നു വെച്ചാൽ പിടിച്ചാൽ കിട്ടില്ല"

" അതു തന്നെയാണ് സാറെ എന്റെയും പ്രശ്നം. ഒരു രക്ഷയുമില്ലാതെ നടന്ന സമയത്ത് ഞാൻ പെയിന്റിംഗ് വർക്കിനു ചെന്ന സ്ഥലത്തെ സാറു പറഞ്ഞത്, ചാത്തനാട്ട് ഒരു ഹോമിയോ ഡോക്ടർ ഉണ്ടെന്നും മരുന്നു കഴിച്ചാൽ മാറുമെന്നും. അദ്ദേഹം തന്ന തുള്ളിമരുന്ന് 2മാസം കഴിച്ചു. ആദ്യത്തെ ഒരാഴ്ച മരുന്നു പിടിച്ചതു പോലെ തോന്നി, പക്ഷെ പിന്നീടു പഴയതുപോലായി. മരുന്നുമായി പുത്തനങ്ങാടിയിലെ ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം പറയുകയാണ് മൂത്രരോഗത്തിന്റെതല്ല, മന്തിന്റെ മരുന്നാണതെന്ന് "

" എന്റെ കൂടെ വർക്കു ചെയ്യുന്ന പയ്യന്റെ കാർന്നോർ പറഞ്ഞതിന് പ്രകാരമാണ് ആയുർവേദത്തിലേക്കു മാറിയത്. തിരുവിതാംകൂർ ആര്യവൈദ്യശാലയുടെ ഒരു ലേഹ്യമുണ്ട്. താമരനൂലാണ് അടിസ്ഥാന ഘടകം. പിടിച്ചിടത്തു നില്ക്കും എന്നാണ് അയാൾ പറഞ്ഞത്. രണ്ടു ഡപ്പി വാങ്ങിക്കഴിച്ചു. കൊളസ്ട്രോൾ കൂടിയതല്ലാതെ മൂത്രമൊഴുക്കിന് തടസ്സമുണ്ടായില്ല"

രാമൻ നായർ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ നമ്മൾ കേട്ടിരുന്നു പോകും. അതാണു രാമൻ നായരുടെ രീതി.

ഇടയ്ക്കു കയറി ഞാൻ ചോദിച്ചു " ഇപ്പോൾ രോഗമെങ്ങനെ, മറിയോ?"

" അതിലേക്കല്ലേ വരുന്നത്. ആയുർവേദത്തിനു ശേഷം സിദ്ധഔഷധക്കാരുടെ നീറ്റു മരുന്നു കുറെ പ്രാതലിന്റെയും അത്താഴത്തിന്റെയും കൂടെ കഴിച്ചു. മാറ്റമുണ്ടായില്ല"

" എന്തിനേറെ പറയുന്നു, സാറിന്റെ കൂട്ടുകാരൻ ഗോപാലകൃഷ്ണൻ ചേട്ടൻ പറഞ്ഞതനുസരിച്ചാണ് കൊച്ചിടൗൺ ആശുപത്രിയിൽ ഓപ്പറേഷൻ നടത്താൻ പോയത്. 50000 രൂപായെ ചെലവാകു എന്നാണ് ഗോപാലകൃഷ്ണൻ ചേട്ടൻ പറഞതെങ്കിലും എല്ലാം കഴിഞ്ഞു വന്നപ്പോൾ മൊത്തം ഒന്നര ലക്ഷം പോയി. കുറച്ചു കാശുകടമുണ്ട്, പണി ചെയ്തു വീട്ടണം"

" കാശു പോയാലെന്ത്, രോഗം മാറിയല്ലോ ?" ഞാൻ

" ഹ ഹ ഹ " രാമൻ നായർ ചിരിച്ചു കൊണ്ടു പറഞ്ഞു.
" ഇപ്പോൾ ഞാൻ എവിടെ പെയിൻറു ജോലിക്കു ചെന്നാലും ആദ്യമെതന്നെ ടോയ്ലറ്റു കണ്ടു വെക്കും. ചില രോഗം വന്നാൽ അത് നമ്മേം കൊണ്ടേ പോകൂ സാറെ "
" അപ്പോ, രോഗം മാറിയില്ലെന്നാണോ പറഞ്ഞു വരുന്നത്? "
" എന്നല്ല, എല്ലാ രോഗങ്ങളും മാറില്ല പക്ഷെ ആശുപത്രിക്കാർ മറാത്ത രോഗവും ചികിത്സിക്കും, അതാണല്ലോ അവരുടെ പണി. അതി കലശലല്ലായിരുന്നു  ഒന്നര ലക്ഷം മുടക്കി ഓപ്പറേറ്റു ചെയ്യും മുമ്പ്‌. ഇപ്പോൾ ഒരു മൂത്രപ്പുര കൂടെ കൊണ്ടു നടക്കണമെന്നു മാത്രം "

നിങ്ങൾ അന്വേഷിച്ച രാമൻ നായർ ഇദ്ദേഹമാണ്.
-കെ എ സോളമൻ
വീക്ഷണം  ഞായർ, 26 മെയ് 2019

Saturday, 13 April 2019

ക്വട്ടേഷൻ - കഥ

ഇതൊരു ഉപകഥയാണ്,  മെയിൻ കഥ വേറെ.
ഇവിടെ ഒരു സ്വകാര്യ എയിഡഡ്കോളജുണ്ട്. ഒരുകുടുംബ ട്രസ്റ്റാണ് കോളജ് ഭരിക്കന്നത്, കുടുംബനാഥൻ കോളജ് മാനേജർ. എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും സംഭാവന കൊടുക്കന്നതുകൊണ്ടും എല്ലാവരിൽ നിന്നും സംഭാവന പിരിക്കുന്നതു കൊണ്ട് വലിയ കുഴപ്പമൊന്നുമില്ലാതെ കോളജു നടന്നു പോകുന്നു. അധ്യാപക നിയമനത്തിന് കോഴ ഒരു കോടി കവിയും. വിദ്യാർത്ഥി സമരവും പഠിപ്പുമുടക്കുമൊക്കെ ഒരു ഭാഗത്തുനടക്കുമെങ്കിലും മൊത്തത്തിൽ നോക്കിയാൽ വലിയ കുഴപ്പമൊന്നും കൂടാതെയാണ് മുന്നോട്ടു eപാകുന്നത്. രഷ്ട്രീയ നേതാക്കളുടെ ശുപാർശക്കത്തു നോക്കി മാനേജുമെന്റു ക്വാട്ടായിൽ  അഡ്മിഷൻ കൊടുക്കുന്നതിനാൽ ഒരു വിഷയത്തിലും 100 ശതമാനം വിജയം ലഭിക്കാറില്ലയെന്നതു ഒരു വാസ്തുതയാണ്. എങ്കിലെന്ത്. 3-4 എം എൽ എ രെയും രണ്ടു മന്ത്രിമാരെയും ഇതിനകം സംഭാവന ചെയ്തു കഴിഞ്ഞു.

ആകെ അലട്ടാറുള്ള  പ്രധാന പ്രശ്നം കോളജിലേക്കു വേണ്ട പർചേസുകളാണ്. സർക്കാരിനെ പറ്റിക്കുന്നവരാണ് മനേജർമാർ എന്ന ധാരണ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കുള്ളതിനാൽ പർച്ചേസ് നടത്താൻ ഒത്തിരി ഫോർമാലിറ്റികളാണ്. ഏതു പർച്ചേസിനും 3 ക്വട്ടേഷൻ നിർബ്ബന്ധം, ഏറ്റവുംകുറഞ്ഞേ ക്വട്ടേഷനേ അംഗീകരിക്കാവു എന്നൊക്കെയുള്ളതുകൊണ്ട് ക്വാളിറ്റി സാധനങ്ങൾ വാങ്ങിക്കുക ശ്രമകരവുമാണ്. എന്നാൽ അതു മറികടക്കാൻ കമ്മത്തിനെ പരിചയപ്പെട്ടതു കൊണ്ട് സാധിച്ചു. കമ്മത്ത് പരമ്പരയിലെ എത്രാമത്തെ കമ്മത്താണ് നിലവിലെ കമ്മത്ത് എന്നതു മാത്രം നിശ്ചയമില്ല

മാനേജർ സ്ഥലത്തെ കച്ചവടക്കാരനായ വാസുദേവക്കമ്മത്തിനെ വിളിച്ചു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചു

കമ്മത്തും മക്കളും പണ്ടു മുതൽക്കേ
കച്ചവടക്കാരാണ്. ഒരു മകന് ടെക്സ്റ്റ് യിൽസ് എങ്കിൽ മറ്റൊരാൾക്ക് പേപ്പർമാർട്ട്. ഇനിയുമൊരാൾക്ക് മെഡിക്കൽ ഷോപ്പ്.  ആര്യാസ് ഹോട്ടൽ ശൃംഖല നോക്കി നടത്തുന്നത് മരുമകനാണ്. ഇറക്കുമതി സാധനങ്ങളാണ് വേണ്ടതെങ്കിൽ അതിനു മുണ്ടു വിദേശത്തു സംവിധാനം

മൂന്നു കൊട്ടേഷനുകളുമായി കമ്മത്തിന്റെ ദൂതൻ മാനേജരെ വന്നു കണ്ടു.  ഒരു ക്വട്ടേഷൻ സ്വന്തം പേരിലും  മറ്റേതു രണ്ടും വേറെ പേരുകളിലും. കച്ചവടം കമ്മത്തുമായി ഉറപ്പിക്കാൻ യാതൊരു തടസ്സവുമുണ്ടായില്ല. പരീക്ഷ സമയങ്ങളിൽ കുട്ടികൾക്കുള്ള ഉത്തരക്കടലാസിനുള്ള പേപ്പർ നൾകന്നതും കമ്മത്തു തന്നെ. അതിനു പറ്റിയ ക്വട്ടേഷനുകളും കമ്മത്തിന്റെ പക്കലുണ്ട്. വാസുദേവക്കമ്മത്തുമായുള്ള പരിചയവും അടുപ്പവും കോളജിലക്കു ആവശ്യമായ ഗുണമേന്മയുള്ള സാധനങ്ങൾ പർച്ചേസ് ചെയ്യാൻ വലിയൊരു സഹായമായി.

സർക്കാർ പണമുപയോഗിച്ച്  മാനേജരും കമ്മത്തും തമ്മിൽ നടത്തുന്ന  ഇടപാടിൽ ഏതെങ്കിലും വിധത്തിലുള്ള കമ്മീഷൻ ഏർപ്പാട് ഉണ്ടോയെന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല. കാരണം ലണ്ടൻ സ്റ്റോക്കു എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കെ ഡി ബി ക്യു എന്ന സ്ഥാപനം കമ്മത്ത് ആന്റ് കമ്പനിയുടേതാണ്. അവർ കമ്മീഷൻ കൊടുക്കുമെന്നു പറയുന്നതു തന്നെ ശുദ്ധ അസംബന്ധം.
- കെ എ സോളമൻ

Saturday, 12 January 2019

പ്രാകൃതത്തിലേക്ക്? -കവിത

മഹാനായ റൂസ്സോ
ജീൻ ഷാക്ക് റൂസ് സോ
താങ്കളെന്താണ് നിശബ്ദതയെക്കുറിച്ച്  പറഞ്ഞത്?
നിശബ്ദത ദുഃഖപൂർണ്ണമെന്നോ?
അതു മരണത്തിലേക്കു നയിക്കുന്നുവെന്നോ?
എങ്കിൽ എവിടെയാണ് ശാന്തത
മരിച്ചു കഴിഞ്ഞാൽ സർവ്വവും ശാന്തമാണെന്നോ ?

താങ്കൾൾ ഉപേക്ഷിച്ച പോയ ജനീവനഗരത്തിലേക്ക്
എന്തിനായി തിരികെ യെത്തി ?

അസമത്വത്തിന്റെ ഉല്പത്തി, അടിസ്ഥാനം.
ഇവ താങ്കളുടെ കണ്ടെത്തലുകളായിരുന്നു.
മനുഷ്യർ  നല്ലവരാണെന്നും സംസ്കാരവും സ്ഥാപനങ്ങളുമാണ് ദുഷിപ്പിക്കുന്നതെന്നും
താങ്കൾ പറഞ്ഞു.
സംസ്കാരത്തെ ഉപേക്ഷിച്ച് പ്രാകൃതത്തിലേക്കു മടങ്ങാം താങ്കളാണ്ആഹ്വാനം ചെയ്തത് -
തിന്മകൾക്ക്  പരിഹാരം പ്രാകൃതം, താങ്കളാണ് ആദ്യം പറഞ്ഞത്

ശരിയാണ് റൂസ്സോ,
ഇന്നു മനുഷ്യൻ പ്രാകൃതത്തിലേക്കു മടങ്ങു യാണ്.

നാലുകാലിൽ നടക്കാൻ
കാലമേറെവേണ്ട മനുഷ്യന്
വസ്ത്രം  ഉപേക്ഷിക്കപ്പെട്ടു
വസ്ത്രരാഹിത്യം മനഷ്യൻ
ബർമുഡയെന്നും ലെഗിൻസെന്നും പേർ ചൊല്ലി വിളിച്ചു.
ലഹരിയും മയക്കവും
എവിടെയും സുലഭം

പ്രണയ ചാപല്യങ്ങളും മാസമുറകളം
ഉത്സവക്കാഴ്ചകളായി.
കീഴാളമുദ്രകൾ നാടുനീളെ പണിതു നവോത്ഥാന വിഡ്ഢികളെ സൃഷ്ടിച്ചു.
ധനികവർഗത്തെ ആക്രമിച്ച്
സ്വയം ധനികരായി മാറി.

താങ്കൾ മിണ്ടാതിരുന്നെങ്കിൽ
താങ്കളെ കാണാതിരുന്നെങ്കിൽ
ഈ ലോകത്തിന്റെ ഗതി യെന്താകുമായിരുന്നു റൂസ്സോ?

ഭുമിയിലെ നിശബ്ദതയെ
ശബ്ദമുഖരിതമാക്കുന്നത്‌
സംഗീത സാന്ദ്രമാക്കുന്നത്‌.
പ്രാകൃത മണെന്നോ?
എങ്കിൽ പറയൂ
നീണ്ട ഇരുന്നൂറ്റിയമ്പതു കൊല്ലം പോരെങ്കിൽ
പ്രാകൃതത്തിലേക്കു മടങ്ങാൻ
ഇനി എത്ര കൊല്ലം കൂടി?
പറയൂ എത്ര ദൂരംകൂടി?

- കെ എ സോളമൻ

Monday, 31 December 2018

നവവൽസരം 2019!

ദു:ഖം ഘനീഭവിച്ച ഒത്തിരി ദിനങ്ങളുടെ ഒരു വർഷം കടന്നു പോയി. ഭീകരാക്രമണം, നിപാ വ്യാപനം, കനത്ത - നാശനഷ്ടങ്ങൾക്കിടയായ വെള്ളപ്പൊക്കം തുടങ്ങിയവയെല്ലാം കഴിഞ്ഞ കൊല്ലത്തെ ദുഃഖകരമായ പാദമുദ്രകളായിരുന്നു. എങ്കിലും സന്തോഷത്തിന്റെ ഏതാനും നിമിഷങ്ങളും 2018 നമുക്കു സമ്മാനിച്ചിരുന്നു.

നീൽ ഗൈമാൻ പറഞ്ഞ വാക്കുകൾ ഈ പുതുവർഷദിനത്തിൽ നമുക്ക് സന്തോഷം നൾകുന്നതാണ്. അദ്ദേഹം പറഞ്ഞു: " ഇന്നാരംഭിക്കുന്ന ഈ വർഷത്തിലും നിങ്ങൾക്ക് തെറ്റുകൾ സംഭവിച്ചേക്കാം. തെറ്റു വരുത്തിയാൽ അതിനർത്ഥം നിങ്ങൾ എന്തോ പുതിയ കാര്യം ചെയ്തുവെന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, കൂടുതൽ പഠിക്കാനും ജീവിക്കാനും മാറ്റങ്ങളിലേക്ക് നിങ്ങളെ തന്നെ നയിക്കാനും കഴിയുന്നു. മുമ്പു ചെയ്യാത്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്, അതാണ് വിലമതിക്കപ്പെടുന്നത്. എന്തെങ്കിലും ചെയ്യുന്നുവെന്നത് നമ്മേ സംബന്ധിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ് "

പുതുവൽസരദിനം പുതിയ തുടക്കത്തിന്റെ ദിനമാണ്. പുതിയൊരദ്ധ്യായം നിങ്ങളുടെ ജീവതത്തിൽ എഴുതാൻ പോകുന്നു. പുതിയ ചോദ്യങ്ങൾ ചോദിക്കപ്പെടണം അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുകയും വേണം. പുതിയ ഇലകൾ തളിർക്കും, പഴുത്തിലകൾ കൊഴിയും.
നവവൽസരാശംസകൾ!

കെ എ സോളമൻ

Tuesday, 9 October 2018

പാതിമയക്കത്തിലെ സ്ത്രീസുരക്ഷ


കഥ - കെ എ സോളമൻ

പതിവു ഉച്ചമയക്കമാണ് ഒന്നര തൊട്ട് രണ്ടുവരെ, അര മണിക്കൂർ. രണ്ടായിക്കഴിഞ്ഞാൽ ആരും വിളിക്കേണ്ട, ഉണരും, ആട്ടോമാറ്റിക് ആണ്.

ഈ ശീലം എന്നു തുടങ്ങിയെന്നു ചോദിച്ചാൽ കൃത്യമായി ഡാനി സാറിന് പറയാനാവില്ല. ഒരു അഞ്ചു കൊല്ലം അല്ലെങ്കിൽ ആറ്‌, ജോലി കിട്ടിയിട്ട് കൊല്ലം 12 കഴിഞ്ഞു. ക്ഷീണം തോന്നിയത് അഞ്ചാറു കൊല്ലം കഴിഞ്ഞാണ്. ടെസ്റ്റ് ചെയ്ത ഡോക്ടർ മധുരം കുറക്കണമെന്നു പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് കൂടുതൽക്ഷീണം. കുറിച്ചു തന്ന ഗുളിക ഒന്നു വീതം മുടങ്ങാതെ കഴിക്കുന്നുമുണ്ട്.

ഡാനി സാറിന്റെ മുഴുവൻ പേര് ഫ്റാൻസിസ് ഡാനിയേൽ. വിളിക്കാനുള്ള സൗകര്യമോർത്തിട്ടാവണം എല്ലാവരും ഡാനിയെന്നു വിളിക്കും.. തുപ്പുകാരി മീന വിളിക്കുന്നത് അത്ര ഇഷ്ടമില്ല. അവർ ഡാനി സാർ എന്ന് വിളിക്കുന്നതു കേൾക്കുമ്പോൾ ഡാ-യ്ക്ക് രണ്ടു ഡായുടെ കനുമുള്ളതായി തോന്നും. അതു കൊണ്ട് അവരെ അടുപ്പിക്കാറില്ല. കൂടുതൽ അടുപ്പിച്ചാൽ വായ്പ ചോദിക്കും. അങ്ങനെ കുറെയെണ്ണമുണ്ട്, കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാൻ അറിയാത്തവർ. എന്നും കടം കേറിയ ജീവിതം.

മീനയെ എന്തിന് പറയുന്നു, ഒരു സ്ത്രീയെയും അധികം അടുപ്പിക്കാറില്ല. അടുപ്പിച്ചാൽ കൂടുതൽ സ്വാതന്ത്ര്യ മെടുക്കും. ഭാര്യയാണെങ്കിൽ പോലും അധികം തുള്ളിക്കരുത്, തലയിൽ കയറും

ഡിപ്പാർട്ടുമെന്റിലും ക്ളാസുകളിലും താൻ സ്ട്രിക്ടായിരുന്നു. അനാവശ്യ സംസാരമില്ല, കളിതമാശകളും കുറവ്. ഡിപ്പാർട്ട്മെന്റ് എന്നു പറയാനില്ല. ചെറിയ കോളജ് ആയതു കൊണ്ട് ഒരു സ്റ്റാഫ് റൂമിൽ എട്ടൊമ്പതു പേരുണ്ട്. അഞ്ചു പുരുഷന്മാരുള്ളതിൽ താൻ ഒഴിച്ച് ഒരുത്തനും സ്റ്റാഫ് റൂമിൽ ഇരിക്കില്ല. ഒന്നുകിൽ കാന്റീൻ, അല്ലെങ്കിൽ സംഘടനാ പ്രവർത്തനം , അതുമല്ലെങ്കിൽ ചീട്ടുകളി. കുട്ടികൾ വന്നു ചിലരെയൊക്കെ തിരക്കുന്നതു കാണാം, ഇല്ല ഇല്ല എന്നു പറയുന്നത് തന്റെ ജോലിയുടെ ഭാഗമായി പലപ്പോഴും തോന്നിയിട്ടുണ്ട്.

വർക്കിംഗ് ടൈമിൽ ചീട്ടുകളിയെന്നല്ല ഒരു കളിയും പാടില്ലെന്നു സർക്കുലർ ഉണ്ട്. ഇതേക്കുറിച്ച് ആരും ചോദിക്കാറില്ല. യാതൊരു പ്രയോജനവും ചെയ്യാത്ത എത്രയോ സർക്കുലറുകൾ സർക്കാർ ഓഫീസികളിൽ കറങ്ങി നടക്കാറുണ്ട്‌.

ക്ളാസിൽ പോകുന്നത് പ്രധാനമായും അധ്യാപികമാരാണ്, പലർക്കും ഇന്നവേഷൻ കുറവ്. പുതുതായി ഒന്നും പഠിച്ചു പഠിപ്പിക്കില്ല. പണ്ടാരോ കൊടുത്ത ലക്ചർ നോട്ട് അതേപടി നോക്കി പഠിപ്പിക്കും. പലവിധ കഥകളികൾ കണ്ടു പരിശീലിച്ചുള്ള കുട്ടികൾക്ക് ഒരു കളിയും ബോറടിയല്ല.

ടീച്ചർമാർ കൂടുതൽ സമയവും സാരിയെക്കുറിച്ചുള്ള വർണ്ണനകളാണ്. വില കൂടിയ സാരി എവിടെ കിട്ടുമെന്ന് എല്ലാവർക്കുമറിയാം. മക്കളുടെ കാര്യം അപൂർവ്വമായി ചർച്ചാ വിഷയമാകുമെങ്കിലും ഭർത്താക്കന്മാരെക്കുറിച്ച് അധികമാരും മിണ്ടാറില്ല. മോഡേൺ ബ്റഡും മുട്ടക്കറിയുമാണ് തന്റെ വീട്ടിൽ ആഴ്ചയിൽ മൂന്നു ദിവസം ബ്റേക്ക് ഫാസ്റ്റിനെന്നു ഒരു ടീച്ചർ പറഞ്ഞത് കേട്ടിട്ടുണ്ട്‌

രസമെന്താന്നു വെച്ചാൽ ശ്രദ്ധിക്കാൻ മെനക്കെടാറില്ലെങ്കിലും താൻ ഒറ്റയ്ക്കിരുന്നാണ് ഇവളുമാരുടെ സംസാരം കേൾക്കുന്നത്? തന്റെ ഉച്ചയുറക്കം മുറിഞ്ഞു പോകാനും സ്റ്റാഫ് റൂമിലെ സ്ത്രീകളുടെ ബഹളം കാരണമായിട്ടുണ്ട്‌.

ഇവരിൽ ഒരുത്തിയുണ്ട്, പേര് സുമ. പട്ടുസാരി പ്രദർശനമാണ് ഇഷ്ട വിനോദമെങ്കിലും പഠിപ്പിക്കുന്ന  വിഷയം ഫിസിക്സാണ്. ആ വിഷയം അണ്ടിപ്പിണ്ണാക്കാണോ അതോ കടലപ്പിണാക്കാണോ എന്നറിയില്ല. സ്റ്റാഫ് റൂമിലെ അലമാരയിൽ ഒരു സി.ആർ ഒ ഉണ്ട്. ദിവസവും അതു പൊക്കിക്കൊണ്ട് ക്ളാസിലേക്കു പോകുന്നതു കാണാം. അതിന്റെ കൃത്യമായ ഉപയോഗം ടീച്ചർക്കോ കുട്ടികൾക്കോ അറിയാത്തതുകൊണ്ട് മറ്റുള്ളവരും തത്കാലം അറിയേണ്ടതില്ല. എന്തായാലും തനിക്കവരെ കാണുന്നതു കലിയാണ്. അവർക്കും അങ്ങനെ തന്നെ. പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാ അവരോടു ഇത്രമാത്രം വിരോധമെന്ന്. ശരിയാണ്, ചിലരോടു ഇഷ്ടവും വെറുപ്പും തോന്നാൻ പ്രത്യേകിച്ചു കാരണമൊന്നും വേണ്ടല്ലോ?

"സാർ, സാർ? " തന്റെ ഉച്ചമയക്കത്തിന് ഭംഗം വരുത്തിയ പീയൂൺ മാത്യുവിനെ അല്പം ദ്വേഷ്യത്തോടെ ആണ് നോക്കിയത്. ഇത്തരം ദേഷ്യങ്ങൾ നല്ലവണ്ണം പരിചിതമായതിനാൽ മാത്യു ചിരിച്ചു കൊണ്ടു പറഞ്ഞു:
" സാറിനെ പ്രിൻസിപ്പൽ വിളിക്കുന്നു. ഉടൻ ചെന്നു കാണണമെന്ന് "

ഒരു വിളി താൻ പ്രതീക്ഷിച്ചിരുന്നതതാണ്. അതിത്ര പെട്ടെന്നാകുമെന്നു കരുതിയില്ല.

താൻ ഊണും കഴിഞ്ഞ് ഉച്ചമയക്കിത്തിലായിരുന്നു.  ഇരുന്നുറങ്ങുന്ന കസേരയുടെ പുറകിലാണ് സി ആർ ഒ സൂക്ഷിക്കുന്ന അലമാര. കസേരയ്ക്കും അലമാരയ്ക്കുമിടക്ക് ഒരാൾക്ക് നില്ക്കാനുള്ള സ്പേസ് ഉണ്ട്. തന്നെ സിസ്റ്റർബ് ചെയ്യേണ്ട അല്ലെങ്കിൽ പറഞ്ഞിട്ടും കാര്യമില്ല എന്നു തോന്നിയതിനാലാവണം സുമ ടീച്ചർ തനിയെ സി- ആർ ഒ പൊക്കി അലമാരയിൽ വയ്ക്കാൻ ശ്രമിച്ചുത് . അലമാരയുടെ മേൽത്തട്ടിൽ കൈയെത്താതെ വന്നതിനാൽ തന്റെ കസേരയുടെ ബാറിൽ ചവുട്ടി ഏന്തി വലിഞ്ഞാണ് സി.ആർ ഒ വെച്ചത്. ഈ ഉദ്യമത്തിൽ കസേരയുടെ ബാർ ഒടിയുകയും സി ആർ ഒ ഉൾപ്പെടെ സുമ തന്റെ മേൽ വീഴുകയും ചെയ്തു.

ഞെട്ടിയുണർന്ന ദേഷ്യത്തിന്
"എന്താ സ്ത്രീയെ, നിങ്ങളീ കാട്ടുന്നത് " എന്നു ചോദിക്കുകയും ചെയ്തു.

ഒച്ച കേട്ട് ഓടി വന്നവർ എന്തോ കാണാൻ പാടില്ലാത്തതു കണ്ടതുപോലെ നോക്കുകയും ചെയ്തു.

ഇതവർക്ക് വലിയ ഇൻസൾട്ടായി പോയി. സ്ത്രീത്വത്തെ അപമാനിച്ചതിന് പ്രിൻസിപ്പാളിനും വനിതാ കമ്മീഷനും പരാതി കൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി.

"എന്തു പുല്ലെന്നു വെച്ചാൽ നിങ്ങൾ ചെയ്യ് "

അന്നേരത്തെ ദ്വേഷ്യത്തിന് അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് വേണ്ടെന്നു തോന്നി. മറ്റു ടീച്ചർമാർ പിന്തരിപ്പിക്കാൻ നോക്കിയതു പരാജയപ്പെട്ടതാകാം  പ്രിൻസിപ്പൽ വിളിപ്പിച്ചത്

പ്രിൻസിപ്പൽ പറഞ്ഞു : " ഡാനി സംശയച്ചതു തന്നെ. സംഗതി ഗുരുതരമാണ്, സ്ത്രീ സുരക്ഷാ നിയമം. ജോലി സ്ഥലത്ത് സ്തീകളെ എബ്യൂസ് ചെയ്യാൻ പാടില്ല "

" ഞാൻ എബ്യൂസ് ചെയ്തെന്നാണോ സാറു കരുതുന്നത്, അതും ആ സാധനത്തെ?"

" ഡാനി ദ്വേഷ്യപ്പെടാൻ വേണ്ടി പറഞ്ഞതല്ല, എനിക്കു കാര്യങ്ങൾ നന്നായി അറിയാം.
സ്ത്രീകളെ സഹായിക്കാനായി എല്ലാജില്ലകളിലും വനിതാ ഹെല്‍പ് ലൈന്‍ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നതു അറിയാമോ? ഈ ഹെൽപ് ലൈനൊക്കെ ഇങ്ങാട്ടോടിക്കേറി വന്നാൽ നാണക്കേടാകും. സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഗൗരവത്തോടെ അന്വേഷിച്ചു നടപടിയെടുക്കണമെന്നതാണ് സര്‍ക്കാരിന്‍റെ നയം."

"ഇതൊക്കെ സാറെവിടെന്നണ് മനസ്സിലാക്കിയത്. പത്രത്തിൽ നിന്നല്ലേ? ഞാനും വയിച്ചിട്ടുണ്ട്. പുരുഷ പീഡനത്തിത് വല്ല നടപടിയുമുണ്ടോ, സാർ? സാറിനു വിഷമം തോന്നരുത്, ചോദിക്കുന്നതുകൊണ്ട്‌. സാർ, ഈ കസേരയിൽ ഇരുന്നു മയങ്ങുകയാണെന്നു വിചാരിക്കുക . ഓഫീസ് സൂപ്രണ്ട് തങ്കമണി സാറിന്റെ മേലേട്ടു അലച്ചുവീണാൽ സാറ് എന്തു ചെയ്യും?"

'' ങ് ഹേ? അതൊക്കെ ശരി ഡാനി, ഞാനൊരു കാര്യം ചെയ്യാം. ആ ശ്രീകല ടീച്ചറെയും സീമയെയും വിട്ടു സംസാരിപ്പിച്ചു നോക്കാം. ഡാനി ഇതിന്റെ പേരിൽ അവരോടൊന്നും ചോദിക്കാനും പറയാനും നില്ക്കരുത്. ഫയൽ ഏതായാലും ക്ളോസ് ചെയ്യണമല്ലോ? ഇന്നുതന്നെ ഒരു വിശദീകരണമെഴുതി തന്നേക്കൂ"

"വിശദീകരണമെഴുതിത്തരാം, അതോടൊപ്പം എനിക്ക് ഒരു മാസത്തെ ലീവും അനുവദിക്കണം"

" ലീവെന്തിനാണ്, ആരു കുട്ടികളെ പഠിപ്പിക്കും?"

"സാറു പഠിപ്പിക്കും.. ഇനി ആരും കുട്ടികളെ പഠിപ്പിച്ചില്ലെങ്കിലും അവർ എങ്ങനെയെങ്കിലും പഠിക്കും. അതാണല്ലോ പലയിടങ്ങളിലും കാണുന്നത്. സാറിന്റെ കോളജിൽ അധ്യാപകൻ സഹാധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു എന്നു കേൾക്കുന്നതിനെക്കാൾ നല്ലതല്ലേ ലീവ് അനുവദിക്കുന്നത്? ഒരു മാസം മതി, പ്രക്ഷുബ്ദമായ മനസ്സു തണുപ്പിച്ചിട്ടു ഞാൻ തിരികെ വരാം ഇപ്പോൾ തന്നെ വിശദീകരണമെഴുതി കൊടുത്തു വിട്ടേക്കാം "

" ഡാനി ഇരിക്കു, പറയുന്നതു കേൾക്കു "

പ്രിൻസിപ്പൽ തുടർന്നു പറയുന്നതു കേൾക്കാൻ നില്ക്കാതെ ഡാനി സാർ ചേമ്പർ വിട്ട്പുറത്തേക്കിറങ്ങി.   ഹാഫ്‌ ഡോർ ശക്തമായടയുന്ന ശബ്ദം അകലെ സ്റ്റാഫ്റൂമിലും പ്രതിദ്ധ്വനിച്ചു.

Saturday, 8 September 2018

മലയാളത്തിന്റെ പ്രളയം!

പ്രളയത്തിൽ പെട്ടു പോയവരോട്
നിങ്ങൾ സംസാരിച്ചിട്ടുണ്ടോ?
എങ്കിൽ പറയൂ,
എന്താണവർ പറഞ്ഞത്?
എന്താണ് കേട്ടതു നിങ്ങൾ?

കൂറ്റന്‍ മാളിക തകർന്നുവീണെന്നോ
വന്മതിലും ഗേറ്റും കാറുകളും
മേശയും കസേരയും കാവൽപുരയും
റ്റിവി യും കംപ്യൂട്ടറും പിന്നെ
സീസീ ടീവീ യും ഒഴുകിപ്പോയെന്നോ?
അതോ,

സ്വപ്നങ്ങൾപൂവണിയില്ലെന്നോ,
പ്രതീക്ഷകൾ സ്ഫലമാകില്ലെന്നും
ചിന്തകൾ ചിതറിപ്പോയെന്നും പറഞ്ഞോ?അണയാത്ത രോഷാഗ്നികൾ
ആരുടെ കണ്ണിലാണ് കണ്ടത്?

ഇല്ല, അവരുടെ മറുപടികൾ
ഓർമ്മപ്പെടുത്തലുകളാണ്
ജീവിച്ചിരിച്ചിരിക്കുന്നവരോടുള്ള
ഓർമ്മപ്പെടുത്തലുകൾ
വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ
ജാതി മത വേർതിരിവിനെതിരെ
പണ ധൂർത്തിനെതിരെ
വിശാല മാനവികകതയുടെ
ഓർമ്മപ്പെടുത്തലുകൾ

പരസ്പര സ്‌നേഹത്തിന്റെ കാഴ്ചകള്‍
കണ്ണുകൾ നനയിച്ച നിമിഷങ്ങള്‍,
ഊര്‍ജം നല്‍കിയ അനുഭവങ്ങള്‍,
ഒരുമയുടെ പ്രാര്‍ത്ഥനകള്‍
സാന്ത്വന നിമിഷങ്ങങ്ങളുടെ ഓർമ്മകൾ

മതിലുകൾ തകർക്കണമെന്നും
അതിരുകൾ മാറ്റി വരക്കണമന്നും
ക്ഷമിക്കാൻ പഠിക്കണമെന്നും
സ്നേഹിക്കണമെന്നും
പുഞ്ചിരി മായരുതെന്നും
പറഞ്ഞു തന്ന പ്രളയം
മലയാളത്തിന്റെ മഹാപ്രളയം

- കെ എ സോളമൻ