Saturday, 30 March 2024

മഴയെ കുറിച്ച് എന്ത് പറയാൻ?

മഴയെക്കുറിച്ച് എന്ത് പറയാൻ

മഴയെ ക്കുറിച്ച് എന്തുപറയാന്‍ 
കവിത - കെ. എ സോളമൻ

മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?  
ജ്വലിച്ചുനില്ക്കും സൂര്യനെ മറച്ചു
വെയിലിനെ ആട്ടിപ്പായിച്ചു 
കാര്മേ്ഘത്തേരിലേറിവരും 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

സൂര്യന്‍ ജ്വലിക്കും ആകാശപ്പരപ്പിൽ
കരിനിഴല്‍ചായം തേച്ച് 
ഭൂമിയുടെ സ്വസ്ഥതയിലേക്ക് 
ചരൽവാരിവിതറിക്കൊണ്ട് 
അസ്ത്രം പോല്‍ പാഞ്ഞടുക്കും
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?
 
ഭൂമിയുടെ സൌമ്യമാം പുതപ്പിനെ 
പറിച്ചെറിയും കോടക്കാറ്റിനാല്‍
വടുക്കളില്‍ സൂചികുത്തുന്ന, 
പുതുമണ്ണിന്‍ ഗന്ധം വമിക്കുന്ന 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍
  
കൊടുംതണുപ്പില്‍  ആകെ തളര്‍ന്നു 
നാളയെക്കുറിക്കാകുലപ്പെട്ട-
കുടിലില്‍ നിന്നുയര്ന്ന  രോദനം
പുതുരാഗമെന്നുവാഴ്ത്തിയ 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

കൊടിയമഴയും തണുപ്പും  
നനഞ്ഞമണ്ണിൻറെ മടുപ്പിക്കുംഗന്ധവും 
പ്രണയാതുരഗാനമായി പാടിയ 
മഴക്കവികളെക്കുറിച്ച് എന്തു പറയാന്‍?
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

Tuesday, 19 March 2024

ഓർമ്മ പൂക്കൾ കവിത

#ഓർമ്മപ്പൂക്കൾ
സ്നേഹാർദ്ര തലങ്ങളിൽ, ശിരസ്സുയർത്തി നിൽക്കുന്നു, എൻ്റെ അമ്മ
കൃപയുടെ വിളക്കുമാടം, എല്ല അമ്മമാരെയും പോലെ
അമ്മയുടെ പുഞ്ചിരി, ഒരു സൂര്യരശ്മി, എൻ്റെ ആത്മാവിനെ കുളിർപ്പിക്കുന്നു, അമ്മയുടെ തലോടലിൽ, ഞാൻ എൻ്റെ  ലോകം തീർക്കുന്നു.

മൃദുലമായ കൈകളാൽ, ഇരുണ്ട രാത്രികളിലും 
തിളക്കമുള്ള ദിനങ്ങളിലും എന്നെ വഴി നയിക്കുന്നു. 
എൻ്റമ്മയുടെ ചിരി ഒരു സാന്ത്വന ഗാനം പോലെ പ്രതിധ്വനിക്കുന്നു, 
ആ സൗഹൃദ സാന്നിധിയിൽ, ഞാൻ എന്നും സ്വതന്ത്രനായിരുന്നു.
എൻ്റെമ്മയുടെ കണ്ണുകൾ, നക്ഷത്രങ്ങൾ പോലെ, 
സാമ്യമകലുമൊരു  സാന്ത്വന തിളക്കം, കാരുണ്യം

ഓരോ വാക്കിലും ജ്ഞാനം മന്ത്രിക്കുന്ന ശബ്ദം
സംഗീതം പോലെ, ഞാൻ എപ്പോഴും കേൾക്കാറുണ്ട്. 
കൊടുങ്കാറ്റിലും പരീക്ഷണങ്ങളിലും ശക്തമായി ഒപ്പംനിലകൊണ്ടവൾ, 
എല്ലാ സ്നേഹവും കരുതലും എനിക്കായിരുന്നെന്ന തോന്നൽ

കനൽവഴികളിൽ വീഴാതെ കാത്ത ദിവ്യ സ്നേഹം
പിരിയാതെ പിൻപറ്റിയ കനിവിൻ്റെ ഉറവിടം എൻ്റെ അമ്മ
അമ്മയെ ഓർക്കുമ്പോൾ  അറിയുന്നു നാമെല്ലാം
അറിയാതെ പോയൊരാ സ്നേഹാർദ്ര നിമിഷങ്ങളെ
കെ എ സോളമൻ

പിൻ കുറിപ്പ്:
My mother was the most beautiful woman I ever saw. All I am I owe to my mother. I attribute my success in life to the moral, intellectual and physical education I received from her.
-George Washingfon

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു എൻ്റെ അമ്മ. ഞാൻ കടപ്പെട്ടിരിക്കുന്നത് എൻ്റെ അമ്മയോടാണ്. അമ്മയിൽ നിന്ന് എനിക്ക് ലഭിച്ച ധാർമ്മികവും ബൗദ്ധികവും കായികവുമായ വിദ്യാഭ്യാസമാണ് എൻ്റെ ജീവിതത്തിലെ വിജയത്തിന് കാരണം.

Wednesday, 13 March 2024

പി -റൈസ് -കഥ

#പി_റൈസ് - കഥ 
പടർന്നു പന്തലിച്ച  പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമപഞ്ചായത്ത് ഉണ്ട് കെ സ്പേസിൽ .. ആ പഞ്ചായത്തിലെ  വാർഡ് അംഗമാണ് ശ്രീമാൻ പി.കെ. പരമേശ്വരൻ.

പ്രായത്തിൽ റിക്കാർഡ് ഇട്ടതുകൊണ്ട് പരമൻ ചേട്ടൻ എന്നാണ് നാട്ടുകാർ വിളിക്കുക. വിചിത്രമായ സിദ്ധാന്തങ്ങൾ കണ്ടെത്തുകയും അവ പ്രായോഗിക തലത്തിൽ അവതരിപ്പിക്കുകയാണ് അദ്ദേഹത്തിൻറെ പ്രധാന ഹോബി. കൂട്ടത്തിൽ അദ്ദേഹം വിളിച്ചു കൂട്ടുന്ന യോഗങ്ങളിൽ എത്തുന്നവർക്ക് രണ്ട് കിലോ പി'റൈസ് കൊടുക്കും ..പി റൈസ് എന്നുവെച്ചാൽ പരമൻ റൈസ്, സ്വന്തം പോക്കറ്റിലെ കാശുമുടക്കി ചെയ്യുന്നതാണ്.  ബി- റൈസിനും, കെ റൈസിനും  വളരെ മുമ്പുതന്നെ പഞ്ചായത്തിൽ പ്രചാരത്തിലുള്ള റൈസ് ആണ് പി. റൈസ് . 

മരണം വരെ പഞ്ചായത്ത് മെമ്പർ ആയിരിക്കണമെന്നുള്ള ആഗ്രഹമാണ് ഇത്തരമൊരു സൗജന്യ പി -കിറ്റ് വിതരണത്തിന്റെ പിന്നിൽ. കിറ്റ് കിട്ടിയാൽ ജനം വോട്ട് ചെയ്യും, ഇത് പരമൻ നേരത്തെ മനസ്സിലാക്കിയിരുന്നു.

മഴപെയ്യാൻ സാധ്യതയുള്ള ഒരു സായാഹ്നത്തിൽ, തലയ്ക്കകത്തും മുകളിലും മേഘങ്ങൾ കുന്നുകൂടിയപ്പോൾ,  ഒരു കാലൻകുടയും വീശി പരമു ചേട്ടൻ വാർഡുവാസികളെ പഞ്ചായത്ത് ഹാളിൽ ഒരുമിച്ചുകൂട്ടി.

അദ്ദേഹം അവരെ അഭിസംബോധന ചെയ്തു 
"എൻ്റെ പ്രിയപ്പെട്ട നാട്ടുകാരെ, നിങ്ങളോട് ഒരു പ്രധാന കാര്യം എനിക്ക് അറിയിക്കാൻ ഉണ്ട്!" അദ്ദേഹം ശബ്ദമുയർത്തി പറഞ്ഞു. .

"ജപ്പാനിലെ നിർത്താതെ പെയ്യുന്ന മഴയുടെ പിന്നിലെ നിഗൂഢത ഞാൻ അനാവരണം ചെയ്തു!" 
"നമ്മുടെ സ്വന്തം അറബിക്കടലിൽ നിന്ന് യാത്ര ചെയ്യുന്ന കനിവാർന്ന മേഘങ്ങൾക്ക് നന്ദി.! ജപ്പാൻ രാജ്യത്തെ.നനയ്ക്കുന്ന ഈ മഴയ്ക്ക് കാരണം നമ്മുടെ മേഘങ്ങളാണ് , അറബിക്കടലിൽ നിന്ന് നമ്മൾ സൗജന്യമായി കൊടുക്കുന്ന മഴമേഘങ്ങൾ "

പരമൻറെ.വിചിത്രമായ വിശദീകരണം കേട്ട് ഗ്രാമവാസികൾ അന്തം വിട്ടു. അദ്ദേഹത്തിൻ്റെ അചഞ്ചലമായ ശുഭാപ്തിവിശ്വാസത്തെ അഭിനന്ദിക്കാതിരിക്കാൻ അവർക്ക് കഴിഞ്ഞില്ല. 

രാഷ്ട്രീയം പലപ്പോഴും ഇരുണ്ടതും കൊടുങ്കാറ്റു നിറഞ്ഞുമാണ്. ഭൂരിപക്ഷം ജനങ്ങളും അക്ഷരാഭ്യാസം ഇല്ലാത്തവരും അന്തവിശ്വാസികളും. അത്തരമൊരു ലോകത്ത്, പരമൻ്റെ  സിദ്ധാന്തങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്

 
ഉടനെ തന്നെ മഴ ചെയ്തു. ഹാളിന്റെ മേൽക്കൂര ഷീറ്റുകളിൽ മഴവെള്ളം തട്ടിച്ചിതറുന്ന ശബ്ദത്തിൽ പരമു മെമ്പർ തുടർന്നു പറഞ്ഞത് അവർക്ക് കേൾക്കാനായില്ല

 അങ്ങനെ, ഹാളിൽ പ്രതിധ്വനിക്കുന്ന കൂട്ടച്ചിരിയിൽ, അവിടെ കൂടിയിരുന്ന ജനം മുഴുവനും പുറത്ത് പെയ്യുന്ന  മഴയും തങ്ങളുടെ പ്രിയപ്പെ മെമ്പറുടെ ഭാവനാ ഭ്രാന്തും നന്നായി ആസ്വദിച്ചു.

തുടർന്ന് എല്ലാവർക്കും രണ്ട് കിലോ പി റൈസ് സഞ്ചികൾ നൽകി. എല്ലാ സഞ്ചികളിലും പരമൻ്റെ ചിരിക്കുന്ന ഫോട്ടോ പതിപ്പിച്ചിരുന്നു.

കൂടുതൽ അരി ചോദിച്ചവരോട് പരമൻ പറഞ്ഞു " സപ്ലൈകോയിൽ ചെന്ന് വാങ്ങിക്കോളു "

സപ്ലൈകോയിലെ അരി സൗജന്യമാണോയെന്ന് ആരും ചോദിച്ചില്ല അതുകൊണ്ട് മറുപടിയും പറയേണ്ടി വന്നില്ല.

കുട കൊണ്ടുവന്നവർ. അരിയുമായി ഹാൾ വിട്ടു പുറത്തേക്ക് പോയി ബാക്കിയുള്ളവർ മഴ മാറാൻ വേണ്ടി അവിടെ കാത്തിരുന്നു.
                        * * *

Wednesday, 28 February 2024

അത്ഭുത വാതിൽ - കഥ

#അത്ഭുതവാതിൽ - കഥ
കെ എ സോളമൻ
കെട്ടുകഥകൾ പുഴ പോലെ ഒഴുകുന്ന ചെറിയ ഗ്രാമം. ഗ്രാമത്തിൽ ഒരിടത്തായി ഒരു കാട്, കാട്ടിലുള്ളിൽ ഒരു ക്ഷേത്രം. പറമ്പിൽ  അമ്മയുടെ ക്ഷേത്രം :രഹസ്യങ്ങളുടെ കലവറയാണ് ആ ചെറിയ ക്ഷേത്രം എന്ന് ഗ്രാമവാസികൾ

ക്ഷേത്രത്തിൻറെ ചുവരുകൾക്കുള്ളിൽ വിചിത്രമായ സംഭവങ്ങൾ നടക്കാറുണ്ടെന്നു പറയപ്പെടുന്നു . 

 അടങ്ങാത്ത ജിജ്ഞാസ ഉള്ളവനും കുഴപ്പങ്ങളിൽ ചെന്ന് ചാടാനുള്ള കഴിവുള്ളവനുമാണ് കുമാരൻ. കുറച്ചകലെയുള്ള ഗ്രാമത്തിൽ നിന്ന് ഈ ഗ്രാമത്തിലേക്ക് ബന്ധു സന്ദർശനത്തിന് എത്തിയതാണ് 

നിർഭാഗ്യകരമായ ആദിവസം കുമാരൻ പറമ്പിൽ അമ്മയുടെ ക്ഷേത്രം ഒറ്റയ്ക്ക് സന്ദർശിക്കാൻ തീരുമാനിച്ചു. ഉത്സവകാലത്ത് അല്ലാതെ ആരും തന്നെ ആ ക്ഷേത്രത്തിൽ സാധാരണ പോകാറില്ല. ക്ഷേത്രത്തിൻ്റെ പ്രധാന കവാടം സ്വയം  തുറക്കുകയും അടയുകയും ചെയ്യുന്ന ഒന്നാണെന്ന് ഗ്രാമവാസികൾക്കിടയിൽ സംസാരം ഉണ്ടെങ്കിലും ആ വാതിൽ ആരും തുറക്കാൻ ധൈര്യപ്പെടാറില്ല

എന്തായാലും അത് അറിഞ്ഞിട്ട് തന്നെ കാര്യം: കുമാരൻ തീരുമാനിച്ചു. അവൻ കാടിനുള്ളിൽ കടന്ന് ക്ഷേത്രത്തിൻറെ പ്രവേശനകവാടത്തിലെത്തി. ക്ഷേത്രത്തിന്റെ  ഓട്ടോമാറ്റിക് വാതിൽ  " ക്രീക്ക് " എന്ന ശബ്ദത്തോടെ  തുറന്നു :വാതിൽ പെട്ടെന്ന് തുറന്ന ആഘാതത്തിൽ കുമാരൻ ക്ഷേത്രത്തിനുള്ളിൽ അകപ്പെടുകയും വാതിൽ  അടയുകയും ചെയ്തു

കുമാരൻ്റെ  ധൈര്യം മുഴുവൻ ഒറ്റ നിമിഷം കൊണ്ട്. ചോർന്നുപോയി. ക്ഷേത്രത്തിൻ്റെ ചുവരുകൾക്കുള്ളിൽ അകപ്പെട്ടെന്നു മനസ്സിലാക്കിയ കുമാരൻ പരിഭ്രാന്തനായി. 

എങ്കിലും നാട്ടിൽ താൻ നടത്തിയിട്ടുള്ള സാഹസങ്ങളെ കുറിച്ച് അവൻ ഓർത്തു. മരണപ്പെട്ടാലും വേണ്ടില്ല ഈ ക്ഷേത്രത്തിൻറെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരണം, അവൻ തീരുമാനിച്ചു.

 മങ്ങിയ വെളിച്ചമുള്ള ഇടനാഴിയിലൂടെ അവൻ നടന്നു, പൂർണ നിശബ്ദത. മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഇനി രഹസ്യങ്ങൾ  കണ്ടുപിടിക്കേണ്ട, എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയിൽ  പല  ആശയങ്ങങ്ങളും കുമാരന് തോന്നി.

ക്ഷേത്രത്തിനുള്ളിലെ വിചിത്രമായ വിഗ്രഹങ്ങൾ, പുരാവസ്തുക്കൾ അയാളുടെ ഓരോ ചലനവും നിരീക്ഷിക്കുന്നതായി തോന്നി. ചാക്ക് കെട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന ഉണങ്ങിയ സസ്യങ്ങളും പലതരം ചായപ്പൊടികളുടെ ശേഖരവും അയാളുടെ ശ്രദ്ധയിൽപ്പെട്ടു

 പെട്ടെന്ന്  എന്തോ ഒരു ഭാരമുള്ള വസ്തു അവൻ്റെ  തലയ്ക്ക് പുറകിൽ വന്നിടിച്ചു. അവൻ ഇടറിവീണു. കണ്ണിലൂടെ പൊന്നിച്ച പറക്കുകയും മുന്നിലിരുന്ന്  മുയലുകൾ സംസാരിക്കുകയും ചെയ്യുന്നതായി അവന് തോന്നി

ബോധം വീണപ്പോൾ ക്ഷേത്രത്തിൻറെ വിസ്മയകരമായ വാതിലിന് പുറത്ത് താൻ ഇരിക്കുന്നതായി കുമാരൻ മനസ്സിലാക്കി. വിചിത്രവേഷം ധരിച്ച് മുഖവരണം ഇട്ട ആജാനുബാഹുവായ ഒരു മനുഷ്യൻ മുന്നിൽ.

ആജാനുബാഹു കാറ്റിരമ്പും ശബ്ദത്തിൽ പറഞ്ഞു. " ഈ നിഗൂഢ ക്ഷേത്രത്തിൻറെ ഉടമ ഞാനാണ്. ഇതിനകത്ത് നടക്കുന്ന കാര്യങ്ങൾ ഏറെക്കുറെ പിടികിട്ടിയിട്ടുണ്ടാകും. ആരോടും ഒരക്ഷരം മിണ്ടരുത്. ഉറപ്പു തന്നാൽ വെറുതെ വിടാം അല്ലെങ്കിൽ  ഉണക്കി ചാക്കിൽ കെട്ടി ക്ഷേത്രത്തിനുള്ളിൽ തന്നെ സൂക്ഷിക്കും . എന്തു പറയുന്നു?"

"മാപ്പ് മാപ്പ്, ഞാൻ ആരോടും മിണ്ടില്ല" കുമാരൻ സാഷ്ടാംഗ പ്രണാമം ചെയ്തു.

"എങ്കിൽ പൊയ്ക്കോളൂ, നേരെ നടന്നാൽ കാടിനു പുറത്തെത്താം, തിരിഞ്ഞു നോക്കരുത്" ആജാനുബാഹു

 കുമാരൻ നേരേ നടന്നു, തിരിഞ്ഞു നോക്കാതെ. സാഹസികത ദാഹത്തിന് അതിരുകൾ വേണം, കുമാരൻ ആദ്യമായി തീരുമാനമെടുത്തു. ക്ഷേത്രത്തിൻറെ അത്ഭുത വാതിലുകൾ സൂക്ഷിക്കണമെന്ന് പലരോടും പറയണമെന്ന് കുമാരന് തോന്നിയെങ്കിലും ഒരിക്കൽ പോലും അതേക്കുറിച്ച് ആരോടും മിണ്ടിയില്ല

 പറമ്പിൽ അമ്മയുടെ ക്ഷേത്ര ചുവരുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ, രഹസ്യങ്ങളായിത്തന്നെ ഇന്നും തുടരുന്നു. 
                    *  *  *

Monday, 26 February 2024

പടിഞ്ഞാറൻ കാറ്റ്

കഥ
പടിഞ്ഞാറൻ കാറ്റ് 

മാസാന്ത്യ സാഹിത്യ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കവിത യെഴുതാൻ ഇരുന്നതാണ്, വിഷയം കിഴക്കൻകാറ്റ്.

മാസത്തിൽ നാലെണ്ണമെന്ന കണക്കിൽ സാഹിത്യ ട്രൂപ്പുകളുടെ സംഗമമുണ്ട്. ഒരെണ്ണത്തിൽ ഏതെങ്കിലും വിഷയ കേന്ദ്രീകൃത ചർച്ചയാണെങ്കിൽ മറ്റൊല്ലാറ്റിലും കഥ, കവിത എന്നിവയുടെ ആവിഷ്കാരമാണ്. കവി സ്വന്തം കവിത ചൊല്ലുക, കഥാകാരൻ സ്വന്തം കഥ വായിക്കുക, ഊഴം കാത്തിരിക്കുക, മറ്റു കവികൾ ഇവയെല്ലാം കേൾക്കുക എന്നതാണ് ചിട്ട

ഒരേ രണ്ടുവരിക്കവിത തന്നെ പല വേദികളിൽ പലതവണ വായിക്കുന്ന കവികളുമുണ്ട്. രണ്ടുവരിക്കവിതയെ രണ്ടുതരിക്കവിത യെന്നു വിളിച്ചാലും തെറ്റില്ല. കവിത വായിക്കാൻ എഴുന്നേറ്റു പോകുകയും പെട്ടെന്നു തിരികെ എത്തുകയും ചെയ്യുന്നതാണ് ഇത്തരം കവിതകളുടെ പ്രധാന ലക്ഷണം.

എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ  ഒരേ കവിത തന്നെ പല വേദികളിൽ ആവർത്തിക്കുന്നതിൽ താല്പര്യമില്ല. അതു കൊണ്ടാണ് പുതിയ വിഷയമായ കിഴക്കൻ കാറ്റിനെക്കുറിച്ചെഴുതാൻ തെക്കു- വടക്കു വീണു കിടക്കുന്ന ചില്ലിത്തെങ്ങിന്റെ നടുവിൽ കയറി ഇരുന്നത്. നല്ല കിഴക്കൻ കാറ്റ് കിട്ടുകയും ചെയ്യും

വീണു കിടക്കുന്ന തെങ്ങിനെ പറ്റി പറയാവുണ്ട്, തെക്കോട്ടു വീണാണ് കിടക്കുന്നതെങ്കിൽ അത് അവിടെത്തന്നെ കിടക്കും. ഈ തെങ്ങിന്റെ കാര്യം വെച്ചു നോക്കിയാൽ അതും ശരിയുമാണ്. എത്ര മാസമായി ഈ തെങ്ങു ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. ഇതിന്റെ ഉടമസ്ഥന് തെങ്ങ് വേണ്ട. എടുത്തോണ്ടു പോയ്ക്കോ എന്നു പറഞ്ഞിട്ടും ആർക്കും വേണ്ട, കൂലി ചെലവാണ് പ്രശ്നം

വീണു കിടക്കുന്ന മനുഷ്യരുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെ. ആർക്കും വേണ്ടാത്ത അവസ്ഥ, അത് അതിദയനീയമാണ്.

ആരെങ്കിലും തന്നെ നോക്കി വരുന്നുണ്ടോ എന്ന മട്ടിൽ തെങ്ങിന്റെ തല തൊണ്ണൂറു ഡിഗ്രി വളവിൽ മേലോട്ടു വളർന്നിട്ടുണ്ട്, തേങ്ങയില്ലാതെ ഏതാനും ഓലകളുമായി

കിഴക്കൻ കാറ്റിനായി കാത്തിരുന്ന എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പടിഞ്ഞാറുനിന്നു കാറ്റു വീശാൻ തുടങ്ങി, കാറ്റിന്റെ ശക്തി കൂടി വന്നു. ഒരു പക്ഷെ, അല്ല തീർച്ചയായും മഴ പെയ്യും

പടിഞ്ഞാറൻ കാറ്റ് എന്നെ തോളിലേറ്റിയത് പഴയൊരു കാലത്തേയ്ക്കാണ്, കോളജിലെ പ്രീഡിഗ്രി കാലം, കൗമാര പ്രണയത്തിന്റെയും അനശ്വര പ്രേമത്തിന്റെയും കാലം.

പക്ഷെ ഇവിടെ പ്രണയത്തിനു തത്കാലം സ്ഥാനമില്ല. പ്രണയ ഭക്ഷ്യമേളയൊക്കെ നടക്കുന്ന ഇക്കാലത്തെ പ്രണയമായിരുന്നില്ല, അന്നത്തെ വിഷാദഗാന പ്രണയങ്ങൾ

ജനൽ തുറന്നിട്ടാൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് കടന്നു പോകും ക്ളാസ് മുറിയിലൂടെ. വീട്ടിൽ നിന്നു തന്നു വിടുന്ന ചോറും കടല മെഴുക്കുപുരട്ടിയും കഴിച്ചാൽ ഉച്ചയ്ക്കുശേഷം ഉറങ്ങിയാൽ എന്തെന്ന തോന്നലാണ് എപ്പോഴും.

രണ്ടു മണിക്കാണ് തോമച്ചൻ സാറിന്റെ ഫിസിക്സ് ക്ളാസ്. കെ എക്സ് തോമസ് എന്നാണ് ശരിക്കും പേര്.

തോമാച്ചൻ സാറിനെക്കുറിച്ചു പറഞ്ഞില്ല. സാറു് അതിബുദ്ധിമാനെന്നു ഒരു കൂട്ടം കൂട്ടികളും  ഇത്തരം ബുദ്ധി കൊണ്ട് ആർക്കെന്തു പ്രയോജനമെന്നു ചിന്തിക്കുന്ന മറ്റൊരു വിഭാഗം കുട്ടികളുമാണ് ക്ളാസിൽ. സാറ് അതിബുദ്ധിമാനെന്നു ഒരു വിഭാഗം കുട്ടികൾ ചിന്തിക്കാൻ കാരണമെന്തെന്നു വെച്ചാൽ മരപ്പല കയിൽ തയ്യാറാക്കിയ ഒരു റേഡിയോ സർക്യൂട്ട് അദ്ദേഹം  ക്ളാസിൽ കൊണ്ടുവരുകയും അതിൽ നിന്ന് ആദ്യമേ തന്നെ പാട്ടുകേൾപ്പിക്കുകയും ചെയ്തിരുന്നു. ഡയോഡ് വാൽവ്, ട്രയോഡ് വാൽവ് എന്നിവ അധ്യാപകർക്കു പോലും ശരിക്കറിയാത്ത കാലത്ത് ഇങ്ങനെയൊരു നിർമ്മതി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. സാറിനെ ഭക്ത്യാദരവോടെ നോക്കാൻ ഇതായിരുന്നു ഒരു  കാരണം. പിന്നെ ഓരോ ചോദ്യത്തിനും എങ്ങും തൊടാതുള്ള അദ്ദേഹത്തിന്റെ മറുപടിയും.

പക്ഷെ സത്യം പറയാമല്ലോ, സാറിന്റെ ക്ളാസ് അറുബോറായിരുന്നു. സാറ് എന്താണ് പഠിപ്പിക്കുന്നതെന്നു പല കുട്ടികൾക്കും മനസ്സിലായിരുന്നില്ല. പക്ഷെ അധ്യാപകരായാൽ ഇങ്ങനെ വേണം എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറഞ്ഞിരുന്നത്.

പുസ്തകം നോക്കി പഠിപ്പിക്കുന്നതാണ് സാറിന്റെ രീതി. അല്ലാതെ .വീട്ടിലിരുന്നു കാണാതെ പഠിച്ചു വന്നിട്ടു ക്ളാസിലെത്തി. മറന്നു പോയാൽ തെറ്റു പഠിപ്പിക്കുന്നത രീതി സാറിനില്ല.

പത്താം ക്ളാസിലെ പോലെ എല്ലാ കോളജുകളിലും ഫിസിക്സ് പഠിപ്പിക്കാൻ ഒരേ പുസ്തകമല്ല ഉപയോഗിച്ചിരുന്നത്. വിഷയം ഒന്നുതന്നെ യാണെങ്കിലും വ്യത്യസ്ത എഴുത്തുകാരുടെ പുസ്തകമാണ് ഫോളോ ചെയ്തിരുന്നത്. പത്തമ്പതു കൊല്ലം മുമ്പ് പ്രീ ഡിഗ്രി പഠിച്ചവർക്ക് ഈ കാര്യമൊക്കെ നന്നായറിയാം

ക്രിസ്ത്യൻ കോളജായതുകൊണ്ടാവണം ഞങ്ങളുടെ കോളജിൽ സി .ജെ ഡാനിയേൽ, പി-എ ഡാനിയേൽ, യു-വി ജോൺ, പി ഐ പോൾ എന്നിവരുടെ പുസ്തകമാണ് ഫിസിക്സ് പഠിക്കാനായി വാങ്ങിയിരുന്നത്‌. എസ്.എൻ കോളജിലാവട്ടെ കേശവൻ, കുമാരൻ, വൽസൻ എന്നിവരുടെ പുസ്തകമായിരുന്നു. കുറച്ചങ്ങോട്ടു മാറി കായംകുളം എം എസ് എം കോളജിൽ സിറാജുദ്ദീൻ, മൊയ്ദീൻ കുഞ്ഞ്, ഹസൻ, ഫാത്തിമ എന്നിവരുടെ പുസ്തകമായിരുന്നു. ജാതീയമായ വേർതിരിവ് പുസ്തകം ഫോളോ ചെയ്യുന്ന കാര്യത്തിൽ പ്രകടമായിരുന്നെങ്കിലും ന്യൂട്ടന്റെ ചലന നിയമങ്ങളും, ഉത്തോലകതത്വങ്ങളും ഡാനിയേലിന്റെയും, കേശവന്റെയും  സിറാജുദ്ദീന്റെയും പുസ്തകങ്ങളിൽ ഒന്നു തന്നെയായിരുന്നു. അന്നും ഇന്നും ശാസ്ത്ര വിഷയങ്ങളുടെ പുസ്തകമെഴുത്തെന്നത് പുരാണങ്ങൾ പകർത്തുന്നതു പോലെ വരുമാനം കിട്ടുന്ന ഒരു വിനോദമായിരുന്നു.

ഡാനിയേലിന്റെ പുസ്തകവുമായി തോമച്ചൻ സാർ ഉച്ചയ്ക്കു രണ്ടു മണിക്ക് ക്ളാസിൽ കയറിവരും. അപ്പോൾ ശക്തമായ പടിഞ്ഞാറൻ കാറ്റ് വീശുന്നുണ്ടായിരിക്കും. പാതി കൂമ്പിയ കണ്ണൂകൾ പണിപ്പെട്ടുതുറന്ന് അക്ഷമരാകാൻ ഞങ്ങൾ കുട്ടികൾ പാടുപെടും.

തോമച്ചൻസാർ  വലതു കൈയ്യിൽ ചോക്കു പിടിക്കും. ഇടതു കൈയ്യ് കൊണ്ട് ഡാനിയേലിന്റെ പുസ്തകത്തിന്റെ നട്ടെല്ലിൽ പിടിച്ച് പടിഞ്ഞാറൻ കാറ്റിനെതിരെ കാണിക്കും. കാറ്റടിച്ചു തുറന്നു വരുന്ന പുസ്തകത്താൾ അദ്ദേഹം വിരൽ കടത്തി വേർതിരിക്കും. എന്നിട്ട് അതങ്ങു പഠിപ്പിക്കും. അങ്ങനെ ഓരോ ദിവസവും കാറ്റത്തു തുറന്നു വരുന്ന പേജാണ് ഫിസിക്സ് എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. ഒരു ദിവസം തുറന്നു വീണത് ഓതേഴ്സിന്റെ പേരെഴുതിയ ആദ്യ പേജായിരുന്നു. അദ്ദേഹം പറഞ്ഞു, സി.ജെ ഡാനിയേൽ തേവര എസ് എച്ച് കോളെജിലെ പ്രഫസറാണ്, പി എ ഡാനിയേലും അവിടെ തന്നെ പ്രഫസർ, യു. വി ജോണും പി ഐ പോളും തൊടുപുഴ ന്യൂമാൻ കോളജ് പ്രഫ സേഴ്സ്. കൈവെട്ടു ജോസഫ് സാറിന്റെ പൂർവികർ എന്നുകൂടി പറഞ്ഞേനെ ഇന്നായിരുന്നെങ്കിൽ.

ഈ പടിഞ്ഞാറൻ കാറ്റ് അഭ്യാസത്തിൽ മറ്റുള്ള അധ്യാപകരുടെ പോർഷനും തോമാച്ചൻ സാർ ഞങ്ങളെ പഠിപ്പിച്ചു. അത് ഡിപ്പാർട്ടുമെന്റിൽ സംഘർഷത്തിനു കാരണമായിട്ടുണ്ടോ യെന്ന കാര്യം വ്യക്തമായി ഓർക്കുന്നില്ല. അന്നുമിന്നും ഒരധ്യാപകന്റെ ടോപ്പിക് വേറൊരു അധ്യാപകൻ കയറിയെടുക്കുന്നത് ആരും ഇഷ്ട്ടപെട്ടിരുന്നില്ല.

കാറ്റു അതിശക്തമായി വീശിത്തുടങ്ങി.  മഴത്തുള്ളികൾ കനത്തിൽ തലയിലും ഇരിക്കുന്ന തെങ്ങിലുംപതിച്ചു. കിഴക്കൻ കാറ്റിനെക്കുറിച്ച് കവിത പിന്നീടാകാം എന്ന് കരുതി ഞാൻ വീട്ടിലേക്ക് അതിവേഗം  നടന്നു.

-കെ എ സോളമൻ

Monday, 19 February 2024

K-rice & B-rice

K-Rice  vs B-Rice 

Sir,
The Kerala government has introduced K-Rice. Apparently this is the case to counter the Centre’s “Bharat Rice” distribution. This reflects the current politicization of social measures in India.

While both initiatives aim to provide subsidized rice to vulnerable populations, the framing of these programmes highlights the broader ideological divide between the Centre and the State. The name “K-Rice” carries a distinct regional identity. It emphasizes Kerala's autonomy and its distinctive approach to governance. The distribution of K rice implicitly challenges the authority of the central government over social policies.

The effectiveness of the K rice programme in tackling food insecurity and poverty in Kerala is, however, suspect. How might a cash-starved state allocate resources to the challenges faced by marginalized communities in the state?. Although the emergence of “K-Rice” reflects the dynamics of federalism, its true value will be determined by its ability to improve the lives of those it intends to support.

K.A. Salaman

Saturday, 17 February 2024

സീതയും അക്ബറും

#സീതയും #അക്ബറും
സിലിഗുരി മൃഗശാലയിൽ പെൺസിംഹത്തിന് 'സീത' എന്നും ആൺസിംഹത്തിന് 'അക്ബർ' എന്നും പേരിട്ടത് ഒരു സംശയകരമായ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. ലളിതമായ കാരിക്കേച്ചറുകളിലേക്ക് ചുരുക്കി മൃഗങ്ങളുടെ അന്തർലീനമായ അന്തസ്സ് ലംഘിക്കുന്നതാണ് ഈ രീതി. ഇത് സ്റ്റീരിയോടൈപ്പുകളെ നിലനിർത്തുകയും സാംസ്കാരിക പക്ഷപാതങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഹിന്ദു പുരാണങ്ങളിലെ ആദരണീയ വ്യക്തിത്വമായ സീതയുടെയും ഭാരത ചരിത്രത്തിലെ മുഗൾ ചക്രവർത്തിയായ അക്ബറിൻ്റെയും പേര് സിംഹങ്ങൾക്കു നൽകി അവയെ ഒരുമിച്ച് സൂക്ഷിക്കുന്നത് ചിലരുടെ മതവികാരം വ്രണപ്പെടുത്താനുള്ള കരുതിക്കൂട്ടിയ ഒരു ശ്രമമായി കണക്കാക്കാം. കൂടാതെ, അത്തരം പേരിടൽ രീതികൾ സാംസ്കാരിക ചരിത്രത്തെ വികലമാക്കുന്നതിനും വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്കും കാരണമാകും.

മൃഗങ്ങളെ മനുഷ്യരൂപങ്ങളുടെ ഹോമോണിമുകളിലേക്ക് ചുരുക്കുന്നതിലൂടെ, ഈ ജീവിവർഗങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കപ്പെടുന്നു. നമുക്ക് വേണ്ടത് ഈ മൃഗങ്ങളുടെ ആവാസവ്യവസ്ഥയുടെ അടിയന്തിര സംരക്ഷണമാണ്.

ഇതു നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും, മൃഗശാലകളിലെ മൃഗങ്ങൾക്ക് പേരിടുന്നത് ശ്രദ്ധയോടെ സമീപിക്കണം. അല്ലാത്തപക്ഷം, അത് വർഗീയ വിദ്വേഷത്തിനും മൃഗങ്ങളെ ബന്ധിപ്പിച്ച് "ലവ് ജിഹാദ്" പോലുള്ള അനാവശ്യ ചർച്ചകൾക്കും ഇടയാക്കും.

-കെ എ സോളമൻ