Tuesday, 20 July 2021

ഒരുകോഫീഹൗസ്അപാരത - കഥ

#ഒരുകോഫീഹൗസ്അപാരത - കഥ

ഇതഃപര്യന്തമുള്ള എൻറെ നിരീക്ഷണത്തിൽ ഞാൻ മനസ്സിലക്കിയത്  കേരളത്തിൽ ഇന്ത്യൻ കോഫീ ഹൗസുഷോപ്പുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരെല്ലാം തടിയന്മാരും തടിച്ചികളുമാണെന്നാണ് സൂര്യകാന്തി എണ്ണയിൽ  പാകം ചെയ്ത ഭക്ഷണങ്ങൾ നിരന്തരംകഴിക്കുന്നതിനാലാകാം ആളുകൾ ഇങ്ങനെ സ്ഥൂല ശരീരികൾ ആകുന്നത്. ഇതിന് യാതൊരു വിധ ശാസ്ത്രീയ തെളിവും എനിക്കില്ല, വെറും തോന്നലുകൾ മാത്രം.

സൂര്യകാന്തി എണ്ണയിലാണ് അവർ വറുക്കലും പൊരിക്കലും വാറ്റലുമൊക്കെ നടത്തുന്നത്. കേരകൃഷിയുടെ പ്രോത്സാഹനമാർത്തിട്ടാകാം വെളിച്ചെണ്ണ കോഫീ ഹൗസിൻ്റെ ഏഴയലത്ത് കയറ്റില്ല.

മസാല ദോശ. ഗീ റോസ്റ്റ് , വാഴയ്ക്കാപ്പം തുടങ്ങി എല്ലാം പ്രപ്പയർ ചെയ്യുന്നത് സൂര്യകാന്തി എണ്ണയിലാണ്. അകാര്യം ബോർഡെഴുതി അവിടെ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ജപ്പാൻ കുടിവെള്ളം ഉപയോഗിക്കുന്നുവെന്ന ബോർഡ് വരെ യുണ്ട്. ഇതു കണ്ടാൽ തോന്നും അടുത്ത കാലം വരെ ജപ്പാൻ, കുടിവെള്ളം ഉപrയാഗിച്ചിരുന്നില്ലന്ന് .

 അതെന്താലും തർക്കങ്ങൾക്കൊന്നും കോഫീ ഹാസ് മാനേജ്മെൻ്റ് ആഗ്രഹിക്കുന്നില്ല അതു കൊണ്ടാണ് അനവധി ബോർഡുകൾ അവിടവിടെ സ്ഥാപിച്ചിരിക്കുന്നത്.

ശരീരഭാരം സാമാന്യ മള്ളതിനാലും കുറച്ചു കാലം കൂടി ജീവിച്ചിരിക്കുന്നതു കാണാൻ ആഗ്രഹമുള്ളതിനാലും ഭാര്യയുടെ കൃത്യമായ നിർദ്ദേശമുണ്ട് വല്ലിടത്തും കേറി ആവശ്യമില്ലാതെ വെട്ടി വിഴുങ്ങതെന്ന്.
അതുകൊണ്ട് ഇപ്പോൾ അവിടം സന്ദർശിക്കുന്നത്  ഒരു കപ്പ് ചായയോ കോഫിയോ  കുടിക്കുന്നതിനു വേണ്ടിമാത്രമാണ്.

അങ്ങനെ ഇരിക്കെയാണ് കൊറോണ എന്ന മഹാമാരി പൊട്ടി പ്പുറപ്പെട്ടത്. പടർന്നു പിടിക്കുന്ന രോഗം കൊറോണ യാണോ കോവി ഡാണാ , മെയ്ഡ് ഇൻ ചൈനയാണോ എന്ന് തിരിച്ചറിയും മുമ്പ് ഇന്ത്യൻ കോഫീ ഹൗസുകൾ പൂട്ടിച്ചു. ചായ കുടിയും മുടങ്ങി.
കോവിഡ് വ്യാപകമായതോടെ,  അനു വാദം കിട്ടിയതിനാൽ കോഫി ഹൗസ് രണ്ടു മാസമായി തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. അതോടെ ചായ കുടിയും ഞാൻ പുനരാരംഭിച്ചു. 

 മാസ്ക്, സാനിറ്റൈസർ  തുടങ്ങിയ അനുസാരികളുമായിട്ടാണ് യാത്രയെങ്കിലും കോഫീ ഹൗസിൽ കയറുമ്പോൾ ഇവ രണ്ടും ഉപയോഗിക്കണം. അതും നമ്മുടെ സ്വന്തം സാനിറ്റൈസർ പറ്റില്ല, അവരുടേതു തന്നെ കൈയിൽ പുരട്ടണം

കോവിഡ് ജാഗ്രത തുടരുമ്പോഴും ആളുകൾ കോഫി ഹൗസ് ഇപ്പോൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഫീ ഹൗസിൽ എത്തി സാനിറ്റൈസർ പുരട്ടി ക്കൊണ്ടിരുന്നപ്പോൾ എനിക്കൊപ്പം എത്തിയ ഒരു കസ്റ്റമർ  മാസ്ക് അഴിച്ചുമാറ്റി സാനിറ്റൈസർ തൻ്റെ നരച്ചതാടി മീശയിലും മുടിയിലുംതടവുന്നതു കണ്ടു.  എനിക്കെന്തോ സംശയമുണ്ടെന്ന് തോന്നിയതിനാലാവണം എന്നെ ബോധവൽക്കരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു " വയറസാണ്, മൈക്രോ ഓർഗാനിസം, എവിടെ വേണമെങ്കിലും പറ്റി പിടിച്ചിരിക്കാം ". അദ്ദേഹം  വിവരവും വിദ്യാഭ്യാസവുമുള്ള ആളാണെന്നു എനിക്കു തോന്നുകയും ചെയ്തു.

 പല തവണ ചായ കുടിച്ച് ബോറടിച്ചതു കൊണ്ടാവണം അന്നെനിക്ക് കോഫി കുടിക്കാനാണ് തോന്നിയത്. ഒരു വെറൈറ്റി, അത്രേയുള്ളൂ. 

സാമൂഹ്യ അകലം പാലിച്ച് കസേരയിൽ ഇരുന്ന് അല്പനേരം പിന്നിട്ടപ്പോൾ തലപ്പാവുകാരനെത്തി ഓർഡർ വാങ്ങാൻ. പതിവു കാണുന്ന ആളല്ലായിരുന്നു അന്ന്.
" വൺ കോഫീ, പ്ളീസ് "
" വിത്തൗട്ട്, സേർ? "
"നോ, വിത്ത് "
"ഓ കേ, സേർ "

തിരികെ പോകുന്ന വഴിയിൽ തലപ്പാവുകാരനെ  സാനിറ്റൈസർ താടിയിൽ തൂവിയ ആൾ തടഞ്ഞു നിർത്തി ചോദിച്ചു.
" എന്തുണ്ട്‌ കഴിക്കാൻ?"
"മസാല ദോശ, ഗീ റോസ്റ്റ്,  പൂരീമസാൽ, വട, ബീഫ് റോസ്റ്റ്, ബീഫ് ഫ്റൈ, മുട്ട റോസ്റ്റ്, വാഴയ്ക്കാപ്പം, സ്ക്രാംബിൾഡ് എഗ് ഓൺ ടോസ്റ്റ്, ബ്രഡ് ജാം ... "
" ഒരു മസാല ദോശ "
എല്ലാവരുടെയും ഗതികേട് ഇതാണ്, മസാല ദോശ മാത്രമേ ഓർക്കു
" ഡിങ്ക് സ്, കുടിക്കാൻ ?"
"ചായ "

അധികം വൈകിയില്ല, എൻ്റെ കോഫീ മേശപ്പുറത്ത് എത്തി. കോവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്തു ഇടതു കൈയ്യിൽ എടുത്തു കപ്പിൻ്റെ പുറകുവശം ഞാൻ ചുണ്ടോടു ചേർത്തു.  കപ്പിൻ്റെ മറ്റു വശങ്ങളിലെല്ലാം വയറസ് പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ളതിനാലാണ് കപ്പിൻ്റെ പിടിഭാഗം ഞാൻ ചുണ്ടോടു ചേർത്തത്.

ബില്ലിലേക്ക് ഞാൻസൂക്ഷിച്ച നോക്കി, ശരിയാണ്, ചായ തന്നെ. ജീ എസ് റ്റി, എ എസ് റ്റി,  ഐസക് റ്റി എല്ലാം കയറ്റി ബിൽ തുക 11 രൂപാ 49 പൈസ. റൗണ്ട് ഓഫ് 11 രുപ .

11 രൂപാ കൗണ്ടറിൽ കൊടുത്ത് കിറുമ്മാതെ ഞാൻ പുറത്തേക്ക് ഇറങ്ങി. തലപ്പാവുകാരൻ എന്നെ നോക്കി പുഞ്ചിരിച്ചു. എൻ്റെ കാഫി കുടിക്കാൻ പോകുന്ന  സാനിറ്റൈസർ താടിക്കാരൻ്റെ വിധി ഓർത്തപ്പോൾ വിവരണാതീതമായ ഒരു മനഃസ്സുഖം എനിക്കനുഭവപ്പെടുകയും ചെയ്തു.

കെ എ സോളമൻ

Saturday, 22 May 2021

#അശുഭസംഖ്യ?


13- ഒരു അശുഭ സംഖ്യയാണെന്ന് ചിലർ കരുന്നു., അതിന് കാരണങ്ങളും ഉണ്ട്. അതുപറയും മുമ്പ് ഭാഗ്യ സംഖ്യകൾ അഥവാ തികഞ്ഞ സംഖ്യകൾ ഏതെന്ന് നാം അറിയണം

6 എന്നത് ഒരു തികഞ്ഞ സംഖ്യയാണ്. അതിന്റെ ഘടകങ്ങളുടെ ആകെത്തുകയ്ക്ക് തുല്യമാണ് ആ സംഖ്യ. 6-ൻ്റെ ഘടക സംഖ്യകളാണ് 1, 2, 3. ഇവ മൂന്നും കൂട്ടിയാൽ അതായത് 1 + 2 + 3 = 6 ആണ്. ഇങ്ങനെ ഘടകങ്ങൾ എല്ലാം കൂട്ടിയാൽ സഖ്യ കിട്ടിയാൽ അത്തരം സംഖ്യകളെ തികഞ്ഞ സംഖ്യ.കൾ എന്ന വിളിക്കും. 6 എന്നത് ആദ്യത്തെ തികഞ്ഞ സംഖ്യയാണ്.

38 - ഓളം തികഞ്ഞ സംഖ്യകളെ  ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്‌. പുതിയൊരെണ്ണം കണ്ടെത്തിയാൽ ഒരു ഡോക് റേറ്റ് തരപ്പെടുത്താവുന്നതേയുള്ളു..

4 ഒരു തികഞ്ഞ സംഖ്യയല്ല, കാരണം അതിന്റെ ഘടകങ്ങളുടെ ആകെത്തുക 1 + 2 എന്നത് 4 ൽ കുറവാണ്. 

12-ഉം ഒരു തികഞ്ഞ സംഖ്യയല്ല, കാരണം അതിന്റെ ഘടകങ്ങളുടെ ആകെത്തുക, 1 + 2 + 3 + 4 + 6 എന്നത് 12 നെക്കാൾ വലുതാണ്. 12 പോലുള്ള സംഖ്യകളെ സമൃദ്ധ സംഖ്യകൾ എന്ന് വിളിക്കുന്നു. 

എന്നാൽ 13-നെ സന്തുഷ്ട സംഖ്യ ( ഹാപ്പി നമ്പർ) എന്നാണ് വിളിക്കക. അതിൻ്റെ കാരണമിതാണ്
1^{2}+3^{2}=10
. 1^{2}+0^{2}=1
13-ൻ്റെ അക്കങ്ങളുടെ വർഗ്ഗങ്ങളുടെ തുക കണ്ടാൽ 10 കിട്ടും. അങ്ങനെ കിട്ടുന്ന 10-ൻ്റെ അക്കങ്ങളുടെ തുക കണ്ടാൽ 1 കിട്ടും. ഇതിൽ കൂടുതൽ സന്തോഷം വെറെന്തുണ്ട്. അപൂർവമായ  ഈ ഭാഗ്യം മറ്റു സംഖ്യങ്ങൾക്കില്ല.

12-നെ ഡസൻ എന്ന വിളിക്കുമെങ്കിൽ 13-നെ ബേക്കേഴ്സ് ഡസൻ എന്നു പറയും. പാശ്ചാത്യ ബോർമകളിൽ നിന്ന് ഒരു ഡസൻ റൊട്ടി വാങ്ങിയാൽ ഇപ്പോഴും 13- എണ്ണം കിട്ടും.

13-ൻ്റെ മേൻമകൾ പറഞ്ഞാൽ തീരില്ല.

എന്നാൽ ഈ സന്തുഷ്ട സംഖ്യ13 പലർക്കും അൺ ലക്കി നമ്പരാണ്. കാരണങ്ങൾ പലതുണ്ടെങ്കിലും പ്രധാനമായവ പുരാതന ങ്ങളാണ്.

ക്രിസ്തുമത വിശ്വാസത്തിൽ പതിമൂന്നാമത്തെ അതിഥിയെ ചുറ്റിപ്പറ്റി ഒരു കഥയുണ്ട്. അവസാനത്തെ അത്താഴത്തിൽ 13-ാമത്തെ അതിഥിയായി എത്തിയ യൂദാസ് സ്‌കറിയോത്ത യേശുവിനെ ഒറ്റിക്കൊടുക്കുന്ന വ്യക്തിയാണ്. സ്വന്തം ഗുരുവിനെ ചതിക്കുന്നതാനെക്കാൾ ഹീനമായ പ്രവൃത്തി വെറെ എന്തുണ്ട്?  ഈ ദൗർഭാഗ്യത്തിൽ കുറെ13- എന്ന സംഖ്യയ്ക്കും ചുമക്കേണ്ടി വന്നു.

പുരാതന നോർസ് കഥയിൽ പറയുന്നത് ലോകത്ത് ആദ്യമായി തിന്മയും പ്രക്ഷുബ്ധതയും അവതരിപ്പിക്കപ്പെട്ടത് വാൽഹല്ലയിലെ ഒരു അത്താഴവിരുന്നിൽ വെച്ചായിരുന്നുവെന്നാണ്. വഞ്ചകനും നികൃഷ്ടനുമായ ലോകി എന്നയാൾ പ്രത്യക്ഷപ്പെട്ടതാണ് സന്ദർഭം.  പതിമൂന്നാമത്തെ അതിഥിയായുള്ള ലോകിയുടെ വരവ്, വിരുന്നിൽ പങ്കെടുത്ത 12 ദേവന്മാരെയും അസ്വസ്ഥരാക്കി.

13-ൻ്റെ ദൗർഭാഗ്യം ഇപ്പോഴും തുടരുന്നു അതു കൊണ്ട് ഹോട്ടലുകൾക്ക് 13 നമ്പർ ഉള്ള മുറിയില്ല. ഉണ്ടെങ്കിൽ തന്നെ താമസിക്കാൻ പലർക്കും താല്പര്യമില്ല. 13-ാം നമ്പർ ബസുകൾ കൂട്ടിയിടികളിൽ മികച്ചത് എന്ന പഠന പിൻബലമില്ലാത്ത നിഗമനങ്ങളുമുണ്ട്.

13-ാം നമ്പർ സ്റ്റേറ്റുകാറിനോടുള്ള വിരക്തിയും അങ്ങനെയുണ്ടായതാവണം.

പക്ഷെ 13 നെ  ഭാഗ്യ സംഖ്യയായി കാണുന്ന ഒത്തിരി പേരുണ്ട്. ലോട്ടറി ടിക്കറ്റു പോലും 13-ൽ അവസാനിക്കുന്നവ എടുക്കന്നവർ ഏറെ. 13-ൻ്റെ എല്ലാ ഭാഗ്യ നിർഭാഗ്യങ്ങളും ഓരോരുത്തരുടെ വിശ്വാസമനുസരിച്ച് വ്യഖ്യാനിക്കപ്പെടുന്നു.

13 ഒരു സന്തോഷദായകമായ സംഖ്യയാണ്.

കെ എ സോളമൻ

Friday, 2 April 2021

നമ്മുടെ മദ്യകേരളം!



മദ്യം ഒഴുകുന്ന നാടാണ് നന്മുടെ
മദ്യം മണക്കുന്ന  കേരള ദേശം
ഒന്നാണ് നമ്പരെന്നുള്ളോരു തള്ളലിൽ
ഒന്നിച്ചിരുന്നു നാം നാണിച്ചു പോകുന്നു

കേരളം മുങ്ങുന്ന നീറും കയങ്ങളിൽ
തീരുന്നു ദുരിതമായ് മദ്യപാനോൽസവം
നേട്ടങ്ങളെല്ലാമേ പാഴായ് മാറുന്നു
കോട്ടങ്ങളിൽ കൂപ്പുകുത്തിനാംവീഴുന്നു

മദ്യം ഒഴുകുന്ന നാടാണ് നന്മുടെ
മദ്യം മണക്കുന്ന  കേരള ദേശം

മദ്യം പാടില്ലെന്നാരോ പറഞ്ഞു.
മദ്യമേ പാടുള്ളു,  നാമിന്നറിഞ്ഞു
മദ്യം വിഷമെന്നു ചൊല്ലിയ ഗുരുവിനെ
മദ്യംമരുന്നെന്നു ചൊല്ലി തിരുത്തുന്നു

മദ്യം ഒഴുകുന്ന നാടാണ് നന്മുടെ
മദ്യം മണക്കുന്ന  കേരള ദേശം

മദ്യത്തിനെതിരെ നാവൊന്നനങ്ങിയാൽ
മദ്യാനുകൂലികൾ കൂട്ടമായെത്തും
ചാനലിൽ തുപ്പും നടക്കും പെടുക്കും
ജനകീയമെന്നങ്ങതിനെ പുകഴ്ത്തും

മദ്യം ഒഴുകുന്ന നാടാണ് നന്മുടെ
മദ്യം മണക്കുന്ന  കേരള ദേശം

- കെ എ സോളമൻ

Thursday, 11 March 2021

ഒരു കോവീഡിയൻ അപാരത - കഥ

ഒരു കോവീഡിയൻ അപാരത - കഥ

ഏതു യാത്രയുടെ ഒടുവിലാണ് ഇവിടെ വന്നതെന്ന് ഓർമ്മയില്ല. തിരക്കൊഴിഞ്ഞ സ്ഥലമായ ഒരു വലിയപള്ളിയുടെ അകം. ഒറ്റതിരിഞ്ഞു ആളുകൾ പള്ളിക്കകത്തും പുറത്തും നടക്കുന്നു  ഉച്ചതിരിഞ്ഞ നേരമായതുകൊണ്ടാവണം പള്ളിയിൽ പ്രാർത്ഥനയൊന്നുമില്ല. വല്ലാത്ത ക്ഷീണം. ഭക്ഷണമാണെങ്കിൽ കഴിച്ചിട്ടുമില്ല.
അടുത്തു കണ്ട ബഞ്ചിൽ ഇരുന്നു..കൈയ്യിലുള്ളത്  8 മൂലയുള്ള പഴയ മോഡൽ റെക്സിൻ ബാഗ്. അതിനകത്തു കാര്യമായിട്ടൊന്നുമില്ല. പഴ്സ് പാൻ്റ്സിൻ്റെ ഇടത്തേ പോക്കറ്റിലാണ് . കൈ തടവി പഴ്സ് ഉറപ്പാക്കുന്ന ശീലം എപ്പോഴോ തുടങ്ങിയതാണ്. പാൻ്റ്സിൻ്റെ വലത്തേ പോക്കറ്റിൽ ടൗവലും ചീപ്പും

ക്ഷീണം കൊണ്ടാവണം ബഞ്ചിലിരുന്ന ഉടൻ മയങ്ങിപ്പോയി. ബാഗ് ബഞ്ചിൻ്റെ ഒരറ്റത്തേക്ക് യാന്ത്രികമായി തളളി വെച്ചതിനു ശേഷം അതിൽ തല അമർത്തി ഉറങ്ങി.

എത്ര നേരം അങ്ങനെ ഉറങ്ങി എന്നറിയില്ല കടും നീല ഉടുപ്പും ഉടുപ്പിൽ ഏതോ സ്റ്റിക്കറും പതിച്ച 3 പേർ വന്ന് എന്നെ ബഞ്ചിൽ നിന്ന് പിടിച്ചെഴുൽപ്പിച്ചു.

അവർ സൗമ്യമായി സംസാരിച്ചു തുടങ്ങി
"ഞങ്ങൾ കോവിഡ് ആർമിയുടെ അംഗങ്ങളാണ്. താങ്കൾ ഈ സമയത്ത് ഉറങ്ങുന്നത് കോവിഡ് മൂലമാണോയെന്ന് സംശയിക്കുന്നു. കൂടുതൽ തുമ്മുന്നതും ചുമക്കുന്നതുമായ ആളുകളെയും ഞങ്ങൾ കണ്ടെത്താറുണ്ട് . പുറത്ത് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെ മൊബൈൽ യൂണിറ്റ് കിടപ്പുണ്ട്. താങ്കൾ ഞങ്ങളോടൊപ്പം അവിടെ വരെ വന്നു കോവിഡ് ടെസ്റ്റിനു വിധേയനാവണം. ആൻ്റിജൻ ടെസ്റ്റോ, ആർ സി പി ആർ ടെസ് റ്റോ ഏതു വേണമെങ്കിലും താങ്കൾക്ക് തിരഞ്ഞെടുക്കാം. എല്ലാം സൗജന്യമാണ് "

ഇന്ത്യൻ ആർമി, പി.ജെ. ആർമി എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ കോവിഡ് ആർമി എന്ന് കേൾക്കുന്നത് ആദ്യമാണ്.

സൗമ്യമായി സംസാരിച്ച അവരോടു ഞാൻ സൗമ്യമായി തിരികെ ചോദിച്ചു.
" ഇപ്പോൾ ടെസ്റ്റു നടത്താൻ താല്പര്യമില്ലെങ്കിലോ?"

" അതു താങ്കളുടെ ഇഷ്ടം. പക്ഷെ ഇവിടെ ഇങ്ങനെ കിടക്കാൻ പറ്റില്ല "

ഞാൻ ബാഗുമെടുത്തു പുറത്തേയ്ക്കിറങ്ങി. ഇടതു പോക്കറ്റിൽ തടവി  പഴ്സ് ഉറപ്പാക്കിയ ശേഷം പോക്കറ്റിൽ കൈയ്യിട്ടു പഴ്സ് പുറത്തെടുത്തു തുറന്നു നോക്കി . 20-ൻ്റെ 3 നോട്ടുകൾ. ഇന്ത്യൻ കറൻസി നോട്ടുകളിൽ ഏറ്റവും ഭംഗിയുള്ളത് എന്ന് ആരോ പറഞ്ഞതുകൊണ്ടാണ് 20-ൻ്റെ നോട്ടുകൾ പഴ്സിൽ അവശേഷിച്ചത്ത്. അതായത് 60 രൂപയുണ്ട്, പിന്നെ ഏതാനും ചില്ലറത്തുട്ടുകളും എന്തായാലും ഊണു കഴിച്ചിട്ടു തന്നെ കാര്യം.

40 രുപ, 50 രൂപ. 99 രൂപ എന്നിങ്ങനെ വിവിധ നിരക്കിൽ ഊണുകൾ വിൽക്കുന്നതിൻ്റെ ബോർഡുകൾ അവിടവടെ കാണാം. 40 ൻ്റെ ഊണുകഴിക്കാമെന്നുറച്ചു.

അപ്പോഴാണ് മാസ്ക്  ധരിച്ചിച്ചിട്ടില്ലയെന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. ബാഗിൽ കൈയ്യിട്ടു മാസ്ക് തിരഞ്ഞെങ്കിലും കിട്ടിയില്ല. അത് എവിടയോ വെച്ചു നഷ്ടപ്പെട്ടു. ഒരു പക്ഷെ കിടന്നുറങ്ങിയ സ്ഥലത്തു വെച്ചായിരിക്കും. തിരികെ പോയി എടുക്കാനൊന്നും പറ്റില്ല, കോവിഡ് ആർമി!

കൈയ്യിലുള്ള ടൗവൽ ഉപയോഗിച്ച് വായും മൂക്കും മൂടിക്കെട്ടാമെന്ന് നോക്കിയപ്പോൾ അതിനു നീളവും പോരാ.

അടുത്തു കണ്ട കടയിൽ കയറിൽ ഒരു മാസ് കു വാങ്ങാമെന്ന് കരുതി. മാസ്ക് നിർമ്മാണവും കച്ചവടവും വൻ വ്യവസായമായ കാലത്ത് മാസ്ക് ലഭ്യമല്ലാത്ത കടകളില്ല.

അടുത്തു കണ്ട റെഡിമെയ്ഡ് ഷോപ്പിലാണ് കയറിയത്. വില്പനയ്ക്കുള്ള ധാരാളം വസ്ത്രങ്ങൾ തൂക്കിയിട്ടുണ്ട് എങ്കിലും വില്പപനക്കാരെ ആരെയും അവിടെകണ്ടില്ല.

"ഇവിടാരുമില്ലേ?"  എൻ്റെ ചോദ്യം കേട്ട് മൂന്ന് യുവതികളുടെ തലകൾ ഒരു കാബിനിൽ നിന്നു ഒന്നിച്ചു പൊങ്ങി വരുന്നതു കണ്ടു. സുന്ദരികളായ അവർ മൂവരും ഊണുകഴിക്കയായിരുന്നു

അവരിലെ മുതിർന്ന ഒരുത്തി എന്നോടു ചോദിച്ചു
"എന്താ വേണ്ടത് "
"ഒരു മാസ്ക് "
" അതിനു താമസമുണ്ട്. ഉണ്ടായിരുന്നത് തീർന്നു, അപ്പുറത്തു തയ്ക്കുന്നുണ്ട് "

" മാസ്ക് തയ്ക്കുകയോ?"

" അതെ, ഇവിടെ മാസ്ക് തയ്ച്ചാണ് കൊടുക്കുന്നത്, പുറത്തു നിന്നു വരുന്ന മസ്കുകൾ എങ്ങനെ വിശ്വസിക്കും, അവ കൊറോണ പരത്തുന്നതാണെങ്കിലോ? അത്യാവശ്യമാണെങ്കിൽ എൻ്റെ മാസ്കു തരാം"

"ഛേ " ഞാൻ പുറത്തേയ്ക്കു നടന്നു. എനിക്കു സംശയം തോന്നി, ആ യുവതി കളിയാക്കിയതാണോ? എയ്  അങ്ങനെ ആവാൻ  തരമില്ല. അവരുടെ മുഖഭാവം അങ്ങനെ അല്ലായിരുന്നു. അതു മാത്രമല്ല, ഛെ എന്നു പറഞ്ഞതു തെറ്റായിപ്പോയെന്നു എനിക്കു തോന്നി. ചുണ്ടിൽ ചെഞ്ചായം പൂശീ റ്റി വി സ്ക്രീനിൽ വന്ന് കാമുക ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന യുവതിയെപ്പോലുള്ള ആ യുവതിയോടു അങ്ങനെ പ്രതികരിക്കരുതായിരുന്നു. 

കടയിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ മൈക്കിൽ അനൗൺസ് ചെയ്യുന്നതു കേട്ടു. 

" വരൂ കടന്നു വരൂ, രാജ്യത്തെ 138 കോടി 94 ലക്ഷം ജനങ്ങളിൽ 119 കോടിയും കോവിഡ്വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. നിങ്ങൾ എന്താ മടിച്ചു നില്ക്കുന്നത്. കടന്നു വരു, ഈ കരവാനിലേക്ക് . കോ വിഡ് വാക്സിൻ ഫ്രീ . ഒരു രേഖയും വേണ്ട നിങ്ങളുടെ വിരൽ തുമ്പു മാത്രംമതി - അതിലുണ്ട് എല്ലാം രേഖകളും "

ഓഹോ, എങ്കിൽ പിന്നെ വാക്സിൻ എടുത്തിട്ട് 40 രൂപയുടെ ഊണുകഴിക്കാം..ഇന്ത്യൻ ജനസംഖ്യ ഇത്ര കൃത്യമായി വേറെയാരും പറയുന്നതു ഞാൻ കേട്ടിട്ടില്ല.  ഞാൻ കരവാനി ലേക്ക് നടന്നു.

സ്വീകരിക്കാൻ വാതിൽ പടിക്കൽ സ്റ്റിക്കറൊട്ടിച്ച നേവിബ്ളൂ കോട്ടിട്ട ഒരു സുന്ദരി.  രണ്ടു കസേരയുള്ളതിൽ ഒന്നിൽ ഒരാൾ കോവിഡ് വാക്സിൻ എടുത്തു കൊണ്ടരിക്കുന്നു.

അകത്തു പ്രവേശിച്ച എന്നോടു അവിടെ ഇരുന്ന യുവതി:
"സേറിൻ്റെ ഫിംഗർ കാണിക്കൂ . സോറി ഒരു കാര്യം പറയാൻ വിട്ടു. ഇവിടെ കോവിഡ് വാക്സിൻ എടുക്കുന്നതിന് ഖാദി ബോർഡ് തയ്യാറാക്കിയ പ്രത്യേകതരം ഷർട്ടുണ്ട്. ഇടത്തേ ത്തോളിൽ രണ്ടു ദ്വാരം വെട്ടിയ ഷർട്ട്. ഒരു ദ്വാരം ആദ്യ ഡോസ് ഇൻജക്ഷനും രണ്ടാമത്തേത് ബൂസ്റ്റർ ഡോസിനും. സേർ വിഷമി,ക്കാനില്ല. ഷർട്ട് ഇവിടെ കിട്ടും, 340 രൂപാ. ഖാദി ബോർഡിൻ്റേതായതു കൊണ്ടാണ് ഇത്ര വില കുറച്ചു നല്കുന്നത് "

ഞാൻ ഇടത്തേ പോക്കറ്റിൽ തടവി. 40 രൂപയുടെ ഊണ് !.

ഞാൻ പറഞ്ഞു " ഞാൻ പോയിട്ടു പിന്നെ വന്നാൽ മതിയോ "

" അത് സേറിൻ്റെ ഇഷ്ടം. ഇപ്പോഴാണെങ്കിൽ തിരക്കു കുറവായിരുന്നു "

എൻ്റെ നിസ്സാഹയത അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ നില്ക്കാതെ ഞാൻ കരവാനിൽ നിന്ന് പുറത്തു കടന്നു.

എൻ്റെ പ്രിയപ്പെട്ട സൂസന്ന മരിയ വന്ന് ചെവിയിൽ ഒച്ച വെച്ചില്ലായിരുന്നെങ്കിൽ ഈ കോവീഡിയൻ സ്വപ്നം അനന്തമായി നീണ്ടു പോകുമായിരുന്നു

-കെ എ സോളമൻ

#മഞ്ഞിൻകണങ്ങൾ


ഒരു ശൈത്യത്തിലായിരുന്നു നമ്മളാദ്യമായി കണ്ടത്
ഏതോ ദേശാടനപ്പക്ഷികൾ വിരുന്നെത്തിയ കാലം
നമ്മളറിഞ്ഞു:

ഒരു മഴക്കാറും പെയ്യാതെ പോയില്ല
ഒരു മരവും തണൽ വിരിക്കാതിരുന്നില്ല
ഒരു കിളിയും പാടാതിരുന്നില്ല
ഒരു പുഴയും ഒഴുകാതിരുന്നില്ല
ഒരിക്കലും സൂര്യനുദിക്കാതിരുന്നില്ല

നമുക്ക് മൂന്നാറിൻ കുന്നിലെ തണുപ്പിലേക്കു പോകാം
ചെടികളും പൂക്കളും കണ്ടുരസിക്കാം
തണുത്ത കാറ്റിനുള്ളിലേക്കു നടക്കാം
അപരിചിതരുടെ കൈകളിലെ
മഞ്ഞിൻ കണങ്ങളായി തെറിക്കാം
- കെ എ സോളമൻ

Saturday, 30 January 2021

എനിക്കറിയില്ല - കവിത


എനിക്കറിയില്ല, എന്താണ് പറയേണ്ടതെന്ന്
എനിക്കറിയില്ല,  എന്താണ് കാണേണ്ടതെന്ന്
എനിക്കറിയില്ല, എന്താണ് ചെയ്യേണ്ടതെന്ന്
സ്വപ്നത്തിലല്ല ഞാൻ, നിശ്ചയം

സ്വപ്നത്തിലല്ലെന്നതിന് എന്താണ് തെളിവ്?
രാജകുമാരൻ്റെ മേലങ്കിയില്ല
കൂടെ നടക്കുവാൻ കാവൽക്കാരില്ല
ശരത്കാല വസതിയും കളികളുമില്ല,
ചെങ്കോലിനായുള്ള മോഹവുമില്ല.

ഒരിക്കൽ ഞാൻ കണ്ട സ്വപ്നങ്ങളിലെല്ലാം
മഴയും നിലാവും സ്വന്തമായി തോന്നി
ഇന്നിതാ സൂര്യനും ചന്ദ്രനും താരകളും
പലജാതി മനുഷ്യർ പങ്കിട്ടെടുത്തു.

എനിക്കറിയില്ല, എന്താണ് പറയേണ്ടതെന്ന്
എനിക്കറിയില്ല,  എന്താണ് കാണേണ്ടതെന്ന്

കെ എ സോളമൻ

Tuesday, 19 January 2021

ഒരു_പ്രീഡിഗ്രി_അപാരത

#ഒരു_പ്രീഡിഗ്രി_അപാരത

ഞാൻ നിങ്ങളുടെ ഫിസിക്സ് അധ്യാപകൻ. ഇന്നു നിങ്ങളുടെ ഫിസിക്സ് ക്ളാസ് ആരംഭിക്കുകയാണ്. ഇക്കൊല്ലം മൂന്നധ്യാപകരാണ് ഓരോ ആഴ്ചയിലും നിങ്ങളെ ഫിസിക് സ്  പഠിപ്പിക്കാൻ വരുന്നത്. അടുത്ത കൊല്ലവും മൂന്നു പേർ. പക്ഷെ രണ്ടു കൊല്ലവും ഞാൻ ഉണ്ടായിരിക്കും, മറ്റു രണ്ടു പേരും മാറാം. ഞാൻ നിങ്ങളുടെ പ്രാക്ടിക്കൽ ചാർജുള്ള അധ്യാപകനാണ് , അതാണ് കാരണം

എന്താണ് പ്രാക്ടിക്കൽ ചാർജ് എന്ന് നിങ്ങളിൽ ചിലർക്കു സംശയമുണ്ടാകാം. അതു വഴിയേ മാറിക്കോളും

ആഴ്ചയിൽ ആകെ 25 മണിക്കൂറാണ് ക്ളാസ് . ഫിസിക്സിൻ്റെ 3 ക്ളാസ് ഒഴിവാക്കിയാൽ ബാക്കി വിഷയങ്ങൾക്ക് 22 ക്ളാസ്.  പത്തിരുപതു അധ്യാപകരെങ്കിലും നിങ്ങളെ പഠിപ്പിക്കാനെത്തും. ഓരോരുത്തരുടെയും മുഖമോർത്തു വെച്ചാൽ നിങ്ങൾക്ക് കൊള്ളാം, കാരണംഅവർ പഠിപ്പിക്കന്നത് എന്താണെന്ന് ഓരോ ക്ളാസിലും വന്ന് നിങ്ങളോടു പറയണമെന്നില്ല, അതനുഭവമാണ് 

ഇത്തരമൊരു കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടിയാണ് എന്തു വിഷയമാണ്  ഞാൻ പഠിപ്പിക്കുന്നതെന്ന് ആദ്യമേ പറഞ്ഞത്. അടുത്ത മൂന്നാലു കളിസിലും വിഷയം എന്തെന്ന് ഓർമ്മിപ്പിക്കും അല്ലെങ്കിൽ നിങ്ങളിൽ ചിലർ കരുതും ഇതു മ്യൂസിക്‌ സാറാണെന്ന്.

ഒരോ മണിക്കൂർ വെച്ചളള ക്ളാസാണെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു. ദിവസവും അഞ്ചു മണിക്കൂർ. ഉച്ചയ്ക്ക് ഒരു മണിക്കൂർ ലഞ്ച് ബ്റേക്ക്. ഓരോ അവറിന് ശേഷവും 5 മിനിട്ട് ഇൻ്റർവെൽ.

ക്ളാസിൽ നോട്ട്സ് തരണമെന്ന നിബന്ധന ഇല്ല. വേണമെങ്കിൽ തരാം എന്നതാണ് നിലവിലെ രീതി.  ഞാൻ എന്തായാലും നോട്സ് തരുന്നുണ്ട്, പക്ഷെ ഒരു വ്യവസ്ഥ

തരുന്ന നോട്സ് ഒരു 200 പേജിൻ്റെ വരയിടാത്ത നോട്ടുബുക്കിൽ എഴുതണം. ബുക്ക് എല്ലാ ക്ളാസിലും കൊണ്ടുവരണം. നോട്സ് റഫ് ബുക്കിൽ എഴുതി പിന്നീട് നോട്ടുബുക്കിൽ പകർത്താം എന്ന കണ്ടീഷൻ സ്വീകാര്യമല്ല, കാരണം നിങ്ങളൊക്കെ വലിയ തിരക്കുള്ള ആളുകളാണ്. ബുക്കു ചിലപ്പോഴെക്കെ ഞാൻ പരിശോധിക്കും, ബുക്ക് ഇല്ലെങ്കിൽ എന്തു ചെയ്യുമെന്ന് അപ്പോഴെ പറയാൻ പറ്റു. എന്തായാലും സ്കൂളിലെ പോലെ വഴക്കും അടിയും ഇരുട്ടിപ്പിടുത്തവും കൂടെ ഓടി കയറേത്തട്ടിവീഴലും നിർത്തിപ്പൊരിക്കലും ഇല്ല . ചെറിയ രീതിയിൽ ഇരുത്തി പൊരിക്കൽ ചിലപ്പോൾ ഉണ്ടായേക്കാം

പിന്നെ ക്ളാസിൽ കയറുന്ന സമയം. അധ്യാപകർ ബല്ലടിക്കും മുമ്പേ ക്ളാസിലെത്തും എന്നൊക്കെ നിങ്ങൾ ചിലരിൽ നിന്ന് കേൾക്കാനിടയുണ്ട്. പക്ഷെ എൻ്റെ രിതിയിൽ ചെറിയ മാറ്റമുണ്ട്.

ബല്ലടിച്ചു കഴിഞ്ഞാലെ ക്ളാസിലെത്തൂ പക്ഷെ അര മിനിട്ടിൽ കൂടുതൽ വൈകില്ല. എന്തുകൊണ്ടങ്ങനെയെന്നു ചോദിച്ചാൽ വിദ്യർത്ഥികൾ അധ്യാപകനെ പുറത്ത് നിന്ന് ആനയിച്ച്  അകത്തു കയറ്റുന്നതിനോടു താല്പര്യമല്ല. വിദ്യാർത്ഥികൾ ക്ളാസിൽ ഉണ്ടായിരിക്കണം, വൈകി ക്‌ളാസിൽ എത്താനും പാടില്ല.ജനുവിൻ വൈകലിന് അതിൻ്റേതായ പരിഗണന കിട്ടും.

അധ്യാപകൻ ക്ളാസിൽ പ്ളാറ്റഫോമിലോട്ടു കയറുമ്പോൾ എഴുന്നേറ്റു നിന്നു ബഹുമാനം കാണിക്കുന്നത് നല്ല ശീലമാണ്.

പിന്നെ ക്ളാസ് നിർത്തുന്ന കാര്യം. ക്ളാസ് പിരിയാനുള്ള ബല്ലടിച്ചാൽ അപ്പോൾ നിർത്തും . തുടർ ധാരകോരൽ ഇല്ല. ക്ളാസിൻ്റെ അവസാനം "ഇൻഡ്യ ഈസ് മൈ കൺട്രി " എന്നു പൂർണ്ണ മാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൺട്രി അ ടുത്ത ക്ളാസിൽ പറയും.  അതു കൊണ്ട്, ഇങ്ങേരെപ്പോഴാണ് ക്ളാസ് നിർത്തുന്നത് എന്ന ചിന്ത ഈ ഇരിക്കുന്ന 90 പേരിൽ  ആർക്കും തന്നെവേണ്ട.

രാവിലെ കാണുമ്പോൾ ഒരു ഗുഡ് മോണിംഗ് കേൾക്കുന്നത് സന്തോഷകള്ള കാര്യമാണ്, എന്നുവെച്ച് ഒരേ ദിവസം തുടരെത്തുടരെ ഗുഡ് മോണിംഗ് പറഞ്ഞ് ബോറടിപ്പിക്കരുത്.

അപ്പോൾ നമുക്ക് ക്ളാസ് തുടങ്ങിയേക്കാം അല്ലേ? ടേക്ക് യുവർ നോട്ടു ബുക്ക്.

എൻ ബി :
2000 എ ഡി ക്ക് മുമ്പ് ഇതൊക്കെ കേട്ടു വിരണ്ടവരും വിരളില്ല എന്നു നടിച്ചവരും ഇന്ന് കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിയുന്നത് കാണുമ്പോൾ നല്ല രസം തോന്നുന്നുണ്ട്
-കെ എ സോളമൻ