Thursday, 19 November 2026

വൃശ്ചിക പ്രഭാതം

#വൃശ്ചിക #പ്രഭാതം- കവിത
​സ്വപ്ന വർണ്ണങ്ങളായ് വിരിഞ്ഞൊരാ രാജവീഥികൾ, സ്നിഗ്ദ്ധ വസന്തങ്ങൾ
ജീവിതത്തിൽ കനൽക്കാറ്റു വീശിയ വേനൽ, വർഷങ്ങൾ, പുത്തൻ പ്രതീക്ഷകൾ

​സാന്ത്വനത്തിൻ ശരത്കാല സന്ധ്യകൾ,
മഞ്ഞു പെയ്യുന്ന ഹേമന്ത രാവുകൾ,
കാലചക്രത്തിൻ ഇരുണ്ട വീഥിയിൽ
ലക്ഷ്യബോധമില്ലാത്തൊരീ യാത്രകൾ

​മിന്നലേറ്റു കരിഞ്ഞുവീഴുന്നൊരാ ചെമ്പകത്തിൻ പൊൻപൂവിതളുകൾ
ഒക്കെയും വീണ്ടും ഓർമ്മയിലുണരുന്നു വൃശ്ചികം വന്നു മെല്ലെ വിളിക്കവേ

​നീണ്ട യാത്രയിലെത്ര ഋതുക്കളായ്
കാറ്റു പോലെ മറഞ്ഞുപോയ് യൗവനം,
ഓർക്കുവാൻ മടിക്കുന്ന മനസ്സിൻ്റെ നൊമ്പരങ്ങൾ, നിരാശാ നിമിഷങ്ങൾ

​ആശയും നിരാശകളുമേറെ വേദന തന്നൊരാ കയ്പേറും ഓർമ്മയും
ഒക്കെയൊന്നിച്ചൊതുക്കി സുദീർഘമീ യാത്രയിലെൻ്റെ കരുത്താക്കി മാറ്റി നീ

​എങ്കിലെന്തേ, സമൃദ്ധമായേകിയ
നന്മകൾക്കായ് കൃതജ്ഞനാണെപ്പോഴും,
ഓർത്തിടുന്നു ഞാൻ നിർവൃതിയോടെയെൻ
ജന്മമാസം വീണ്ടും പിറക്കവേ!
- കെ എ സോളമൻ

No comments:

Post a Comment