#ആദ്യാക്ഷരം #മാർക്കറ്റ് #ചെയ്യുമ്പോൾ!
വിദ്യാരംഭം എന്നത് കേവലമൊരു ആത്മീയ ചടങ്ങല്ല; മറിച്ച് കച്ചവട സാധ്യതകളുടെ മഹോത്സവമാണ്! കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന ഈ അപൂർവ്വ നിമിഷം കൊഴുപ്പിക്കാൻ കൈയ്യും മെയ്യും മറന്ന് നിൽക്കുകയാണ് നമ്മുടെ പൊതുസമൂഹം.
പുഴപോലെ ഒഴുകിയെത്തുന്ന കുരുന്നുകളും അവരുടെ രക്ഷിതാക്കളും ചേരുമ്പോൾ ക്ഷേത്രപ്പറമ്പുകൾ പെട്ടെന്ന് വമ്പൻ റീട്ടെയിൽ ഔട്ട്ലെറ്റുകളായി മാറുകയാണ് പതിവ്. ക്ഷേത്രങ്ങളിൽ കുരുന്നുകളെ നാവിൽ ഹരിശ്രീ കുറിച്ച് അക്ഷരലോകത്തേക്ക് ആനയിക്കാൻ ഇരിക്കുന്നത് പലപ്പോഴും അക്ഷരജ്ഞാനത്തെക്കാൾ അല്പവിദ്യാഭ്യാസം മാത്രമുള്ള ചില പൂജാരിമാരാണ്. അതു പോട്ടെ, 'അക്ഷരമെഴുതിച്ചില്ലെങ്കിലും മന്ത്രം ചൊല്ലാൻ അറിയാമല്ലോ' എന്ന് ആശ്വസിക്കാം. എന്നാൽ യഥാർത്ഥ വില്ലന്മാർ പ്രത്യക്ഷപ്പെടുന്നത് ഇതിനുശേഷമാണ്!
പോസ്റ്റൽ ഡോക്ടറേറ്റ് നേടിയവരും ഞാൻ ഇന്നലെ ഡോക്ടറായി എന്ന കഥാപ്രസംഗം നടത്തുന്ന ചില വികട സാംസ്കാരികന്മാരും ആദ്യാക്ഷരവേദിയിൽ ഉണ്ട്.
ചാനൽ ക്യാമറകളുടെ ഫ്ലാഷ് ലൈറ്റുകൾ തിളങ്ങുമ്പോൾ, വെള്ളയും വെള്ളയും ധരിച്ച് 'അഭിനവ മഹർഷിമാർ' ആവേശഭരിതരാകും. ഇത്തരം രാഷ്ട്രീയ ഗുരുക്കന്മാരുടെ മുന്നിലേക്ക് കുഞ്ഞുങ്ങളെ തള്ളിവിടുമ്പോഴാണ് കരയേണോ ചിരിക്കണോ എന്ന് അറിയാത്ത അവസ്ഥ ഉണ്ടാകുന്നത്.
നാടിന് നാശം മാത്രം സംഭാവന ചെയ്യുന്ന രാഷ്ട്രീയക്കാരും എഴുത്തിന്നു റെഡി. കുഞ്ഞിന്റെ നാവിൽ വിരൽ തൊടുമ്പോൾ വരക്കുന്നത് പാർട്ടി ചിഹ്നമോ കൊടിയുടെ നിറമോ ആകാം.. ഇത്തരം നേതാക്കളുടെ വിരൽത്തുമ്പിൽ നിന്ന് അറിവ് നേടുന്ന കുഞ്ഞുങ്ങളുടെ ഭാവി ഏത് തലതിരിഞ്ഞ വഴിക്ക് തിരിയുമോ എന്തോ!
ഇതിലും വലിയ തമാശ ചില രക്ഷിതാക്കളുടെ ജാഗ്രതയാണ്. ഇവർ ഇൻഷുറൻസ് പോളിസി എടുക്കുന്നതുപോലെയാണ് 'ആദ്യാക്ഷരം എഴുതിക്കുന്നത്. "ഒരു ഗുരു പിഴച്ചാൽ അടുത്ത ഗുരു രക്ഷിക്കും" എന്നതാണ് പോളിസി. രാവിലെ ആറുമണിക്ക് ക്ഷേത്രപൂജാരിയെക്കൊണ്ട് എഴുതിക്കും. 'ക്ഷേത്രത്തിലെ ഗുരുവിന് ക്വാളിറ്റി പോരെങ്കിലോ, കട്ടിംഗ് എഡ്ജ് ആകാതിരുന്നാലോ' എന്ന പേടി കാരണം അടുത്ത സ്റ്റോപ്പ് പ്രമുഖ പത്രമാപ്പീസിലാണ്! അവിടെയിരിക്കുന്ന സാംസ്കാരിക നായകനായ വരിയെഴുത്ത് ഗുരുവിനെക്കൊണ്ട് അടുത്ത റൗണ്ട് എഴുതിയ്ക്കും! രണ്ടു പേരും ഒരുമിച്ച് തോറ്റുകൊടുക്കില്ലെന്ന ഉറച്ച വിശ്വാസമാണ് ഈ രക്ഷിതാക്കളുടെ ആത്മബലം.
പോരാത്തതിന് ചിലർ ഇപ്പോൾ 'പാക്കേജ് വിദ്യാരംഭവും' അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. ഒന്നാമത്തെ ഗുരു അക്ഷരം എഴുതിക്കും, രണ്ടാമത്തെ ഗുരു ഇൻസ്റ്റാഗ്രാം റീൽസിന് വേണ്ടിയുള്ള ക്ലോസ് അപ്പ് ഷോട്ട് എടുത്തു കൊടുക്കുകയും ചെയ്യും.. ഇത്തരം റീൽസിൽ വാ പൊളിച്ചിരിക്കുന്ന കുഞ്ഞിനെയും കുഞ്ഞിൻറെ വായ് പൊളിക്കാൻ വേണ്ടി വായ് പൊളിച്ചു കാണിക്കുന്ന ഗുരുവിന്റെയും ഇതുകണ്ട് വാ പൊളിക്കുന്ന രക്ഷിതാക്കളുടെയും ക്ലോസപ്പ് ചിത്രങ്ങൾ കാണാം
നാളെ കുട്ടി വലുതായി വല്ല സിവിൽ സർവീസോ സയന്റിസ്റ്റ് പദവിയോ നേടുമ്പോൾ "ഞാൻ അന്ന് രണ്ട് പ്രീമിയം ഗുരുക്കന്മാരെക്കൊണ്ട് ഡബിൾ ഡോസ് ഹരിശ്രീ എഴുതിച്ചതുകൊണ്ടാ!" എന്ന് വാട്സാപ്പ് ഗ്രൂപ്പുകളിൽ അഭിമാനത്തോടെ മെസ്സേജ് അയയ്ക്കാം!
ചെറിയൊരു ചടങ്ങിനെ പോലും ഇത്തരത്തിൽ മെഗാ ഇവന്റാക്കി മാറ്റി, വിദ്യാരൂപിയായ സരസ്വതീദേവിയെ നിലത്തിരുത്തി കച്ചവടം നടത്തുന്ന നിലവാരമില്ലായ്മക്കെതിരെ ആരും ചിന്തിക്കില്ല. അക്ഷരം എന്നത് വിപണിയിലെ ഉൽപ്പന്നമല്ലെന്നും, ആദ്യാക്ഷരം കുറിക്കൽ ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടിയുള്ള ഫോട്ടോഷൂട്ട് അല്ലെന്നും ആരോട് പറയാൻ ?
No comments:
Post a Comment