Thursday, 28 May 2026

കാർമേപ്പകർച്ച - കവിത

കാർമേഘപ്പകർച്ച
​കരിനീല വാനിൽ കറുപ്പുടുത്തെത്തുന്നു
ഇടവപ്പാതിതൻ ആദ്യയാമം,
അലറിവിളിക്കുന്ന വായുപ്രവാഹത്തിൽ
അടിയോടെയുലയുന്നു ഭൂമീദേവി.

​അംബരവീഥിയിൽ വെള്ളിത്തിരകളായി
അഗ്നിസർപ്പങ്ങൾ ഉണർന്നിടുമ്പോൾ
കണ്ണഞ്ചി നിൽക്കുന്ന മാനവലോകം
കൈകൂപ്പി പ്രാർത്ഥിപ്പൂ ഭീതിയോടെ.

​കടലിന്റെ ഗർജ്ജനം കാതുകളിൽ വന്നു
കയറുന്ന നേരത്ത് തീരഭൂമി,
നെഞ്ചകം നൊന്തു കരയുന്ന മക്കളുടെ
കണ്ണീരിലലിയുന്നു നിസ്സഹായം.

​മിണ്ടാമൃഗങ്ങളും പിഞ്ചുകുഞ്ഞുങ്ങളും
അറിയാതെ വിറകൊണ്ടുനോക്കിനിൽക്കെ,
ഇരുളിൽ മുങ്ങുന്ന വീഥികൾ തോറുമീ
ഇടിനാദം പ്രളയമായ് പെയ്തിറങ്ങി.

​പോയകാലത്തിൻ്റെനോവാർന്ന ഓർമ്മകൾ
മനസ്സിൽ വിതുമ്പലായ് എത്തിടുമ്പോൾ,
പ്രകൃതിയുടെ താളമാം രൗദ്രഭാവം നോക്കി
മാനവർ വിസ്മയം പൂണ്ടുനിൽപ്പൂ.
കെ എ സോളമൻ

No comments:

Post a Comment