Monday, 6 October 2014

ജീന്‍സ് കെ പീച്ചേ ക്യാ ഹേ ?


“ചോളീ കെ പീച്ചേ ക്യാ ഹേ?” എന്ന ചോദ്യമായിരുന്നു തൊണ്ണൂറുകളുടെ  ആരംഭത്തില്‍ കേട്ട ഒരു ഹിന്ദിസിനിമാഗാനം. പാട്ടുകേട്ടാല്‍ ജനം അര്ത്ഥം ആലോചിച്ചു വിഷമിക്കുമെന്ന് പറഞ്ഞു കുറെ പണിയില്ലാത്തവന്‍മാര്‍ പാട്ടിനെതിരെ രംഗത്തെത്തി.തുടര്‍ന്നാണ് മലയാള സിനിമാ ഗാനമുള്‍പ്പടെ സകല സിനിമാഗാനങ്ങളും കോതയ്ക്ക് പാട്ടുകളായാവിര്‍ഭവിച്ചത്.ഇപ്പോള്‍, ദേ ഗാനഗന്ധര്‍വന്‍ ചോദിക്കുന്നു “ ജീന്‍സ് കെ പീഛേ ക്യാ ഹേ?
ആസ്ഥാനഗായകന്‍ സാമൂഹ്യ പരിഷ്കര്‍ത്താവായത് നേരം ഇരുട്ടിവെളുത്തപ്പോഴല്ല, പണ്ടേ തുടങ്ങിയതാണ്. സംശയമുണ്ടെങ്കില്‍ 2011-ലെ അദ്ദേഹത്തിന്റെ ഒരു ചാനല്‍ ഇന്‍റര്‍വ്യു ശ്രദ്ധിയ്ക്കുക.  
യേശുദാസ് സംസാരിക്കുമ്പോള്‍ ആരും ശ്രദ്ധിച്ചുപോകും. ഇടയ്ക്കെങ്ങാനും ഒരു പാട്ടുപാടിയാല്‍എന്നു പ്രതീക്ഷിക്കുന്നതുകൊണ്ടല്ല, താടിയും മുടിയും ഉടുപ്പുമൊക്കെ അദ്ദേഹത്തിന് ആള്‍ ദൈവത്തിന്റെ പരിവേഷം നല്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇടയ്ക്കിടെ വിളിച്ച് സംസ്ഥാന സര്ക്കാര്‍ ഓരോരോ പാരിതോഷികം നല്‍കുന്നത്. ഈയ്യിടെയും വിളിച്ചുകൊടുത്തു ഒരുലക്ഷം രൂപ . ഇങ്ങനെ ഓരോലക്ഷമ് വീതം കൊടുക്കാന്‍ പറ്റിയ വേറെയാളുകള്‍ സംസ്ഥാനത്തില്ലാ യെന്നതും ഒരു പ്രതിസന്ധിയാണ്. ആരെയും വെറുപ്പിക്കാതെ, ആരോടും പകയില്ലാതെ സത്യങ്ങള്‍ തുറന്നു പറയുന്ന ആളാണ് എന്നു ആദേഹത്തിന്റെ ആരാധകര്‍ പറയുമ്പോഴാണ് വേറൊരു കൂട്ടര്‍ ആദേഹത്തിനെതിരെ  ചൂലുമായി ഇറങ്ങിയിരിക്കുന്നത്. ചൂലെടുത്തവരില്‍ ഇടത്തുനിന്നും വലത്തുനിന്നുമുള്ള പെണ്ണുങ്ങള്‍ ഉണ്ട്. എന്നുവെച്ചാല്‍ ചൂലിനടി ഇരുവശത്തുനിന്നും കിട്ടുമെന്ന് ചുരുക്കം. .
ഏതൊ
രു വ്യക്തിയുമായും അഭിമുഖം നടത്തുമ്പോള്‍ കുടുംബകാര്യങ്ങള്‍  ചോദിക്കുന്നകൂട്ടത്തിലാണ് അഭിമുഖക്കാരന്‍ ഇങ്ങനെ ചോദിച്ചത്. 

മനോരമ ന്യൂസിന്റെ ‘നേരെചൊവ്വെ‘യില്‍ ആണ്  സംസ്ഥാനത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് ചില വിളംബരങ്ങള് നടത്തിയത്.. ഗുരുവായൂരപ്പന്‍ തന്റെ അപ്പനാണെന്ന് അവകാശപ്പെടുകയുകയും, യേശുക്രിസ്തു അപ്പോള്‍ ആരാണെന്ന ചോദ്യത്തിന് മറുപടി പറയാതിരിക്കുകയും ചെയ്ത അഭിമുഖമായിരുന്നു അത്. പ്രസ്തുത അഭിമുഖം കഴിഞ്ഞതോടെയാണ് ഗയാകനെ നെഞ്ചിലേറ്റി നടന്ന കുറച്ചധികം ആരാധകര്‍ അദ്ദേഹത്തെ താഴെ വെച്ചത്..
“ആദ്യ കുട്ടി ജനിക്കാന്‍ താമസിച്ചപ്പോള്‍ ആള്‍ ദൈവത്തെ കാണാന്‍ എന്തുകൊണ്ടുപോയില്ല?” മറുപടിയായിരുന്നു രസകരം. “ആള്‍ ദൈവത്തിന്റെ കരുണകൊണ്ടു കുട്ടിജനിച്ചാല്‍ കുട്ടിയെ കൈകളില്‍ എടുക്കുമ്പോള്‍ ആള്‍ ദൈവത്തെ ക്കുറിച്ചു ഓര്മ വരും, അതിനു താല്‍പര്യമില്ല” എന്നാണ്.  ആള്‍ ദൈവങ്ങളുടെ പുറകെ നടക്കുന്ന ലക്ഷക്കണക്കിനു ഭക്തരുടെ മുഖത്തടിച്ചുള്ള ആക്ഷേപമായിപോയി അത്.  നൂറു കണക്കിനു ക്ഷേത്രങ്ങളിലും പള്ളികളിലും നടന്നു അവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലുകളുടെയും  പ്ളാസ്റെര്‍ ഓഫ് പാരിസ്  ബിംബങ്ങളുടെയും മുന്നില്‍ ഉരുളുനേര്‍ച്ചയും തുലാഭാരവും നടത്തുന്ന ഭക്തനാണു ആള്‍ ദൈവങ്ങളെ ഇങ്ങനെ പരിഹസിച്ചത്. പാട്ടുപ്രൊഡക്ടുകള്‍ മാര്‍ക്കറ്റ് ചെയ്യാന്‍  ഗായകന് ക്രിസ്തുവും, കൃഷനും, ചാത്തനും, ചാമുണ്ഡിയുമെല്ലാം ജഗദീശ്വരന്റെ വിവിധരൂപങ്ങളാണ്’
ജഗദീശ്വര പ്രഭാവം ഒരു വിമാനയാത്രയില്‍ ഗാനഗന്ധര്‍വന് അനുഭവപ്പെട്ടതു ഇങ്ങനെ. അദ്ദേഹം തന്നെ പത്രത്തില്‍ എഴുതിയാതാണ്
" ഏറണാകുളത്തെ ഒരു സ്ഥലത്തുകൂടെ പോകുന്ന വഴിയില്‍ ഒരു കുരിശടി ഉണ്ട്. എവിടെ പോയാലും ഞാന്‍ ഈ കുരിശടിയില്‍ ഇറങ്ങി പ്രാര്‍ത്ഥിച്ചിട്ടേ പോകാറുണ്ടായിരുന്നുള്ളൂ. ഒരു ദിവസം അത്യാവശ്യമായി ചെന്നൈയില്‍ ഒരു റെക്കോര്‍ഡിങ്ങിന് പോകേണ്ടി വന്നു. ചില പ്രശ്നങ്ങള്‍ കാരണം പുറപ്പെടാന്‍ തന്നെ വൈകി. കുരിശടിയില്‍ കാര്‍ എത്തിയപ്പോള്‍ ആലോചിച്ചു, ഇന്നിനി ഇറങ്ങണോ, ഫ്ലൈറ്റ് മിസ്സായാലോ എന്ന്‍. എന്നാല്‍ എന്തോ അവിടെ ഇറങ്ങി പ്രാര്‍ത്ഥിക്കാതെ പോകാന്‍ മനസ്സ് അനുവദിച്ചില്ല. ഞാന്‍ ഇറങ്ങി പ്രാര്‍ത്ഥിച്ചു. അതുകഴിഞ്ഞു പക്ഷേ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഫ്ലൈറ്റ് പോയിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു റെക്കോര്‍ഡിങ് ആയിരുന്നു. എനിക്കാകെ വിഷമം ആയി. എന്നാല്‍ പിന്നീടാണ് അറിഞ്ഞത്, ആ ഫ്ലൈറ്റ് തകര്‍ന്ന് അതിലുണ്ടായിരുന്ന 88 പേര്‍ മരണമടഞ്ഞു എന്ന്‍. ജഗദീശ്വരന്‍ എന്റെ ജീവന്‍ തിരിച്ചുതരുന്നതില്‍ നടത്തിയ ഇടപെടല്‍ അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്"
 ഈ 88 പേര്‍ മരിച്ച അപകടം ഏതെന്നൂ ഒരു ചരിത്രകാരനും പിടിയില്ല.
ഏറണാകുളത്തെ കുരിശടിക്കപ്പുറം ചാത്തന്‍ മഠം ഉണ്ടാകാതിരുന്നത് ഭാഗ്യം, ഉണ്ടായിരുന്നേല്‍ രണ്ടാമത്തെ ഫ്ലൈറ്റും മിസ്സായേനെ. വേറൊരു 88 പേരുടെകാര്യം പറയാനുമില്ല.

2011ല്‍ യേശുദാസിന് 71 വയസ്. ഇപ്പോള്‍ 74. പ്രായം കൂടുംതോറും വിവരാദോഷവും കൂടും എന്ന്പെങ്കുട്ടികളുടെ “ ജീന്‍സ് കെ പീച്ചേ ക്യാ ഹേ ? എന്ന ചോദ്യത്തിലൂടെഅദ്ദേഹം തെളിയിച്ചിരിക്കുന്നു. കോഴിയിറച്ചി കഴിച്ചില്ലേല്‍ ഭാര്യ പിണങ്ങിപ്പോകുമെന്നുവരെ  ഗന്ധര്‍വന്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
പാടാനല്ലാതെ തെ മറ്റുകാര്യങ്ങള്‍ക്ക് യേശുദാസ് വാപൊളിക്കാതിരിക്കുന്നതാണ് നല്ലത്. പാട്ടുകാരന്‍ സാമൂഹ്യ പരിഷ്കര്‍ത്താവാകുന്നതു മറ്റൊരുദുരന്തം.!

-കെ എ സോളമന്‍ 6-10-14




No comments:

Post a Comment