Wednesday, 18 November 2020

ഒറ്റമരം


പടർന്നാകെ പന്തലിച്ചുള്ള ശിഖരങ്ങളും കാറ്റത്തിളികിയാടുന്നൊരിലകളും പൂക്കളും
ഇടയിലൂർന്നിറങ്ങും സൂര്യ കിരണങ്ങളും
ചേർന്നോരുലകമായ് നില്ക്കുമീ ഒറ്റമരം

കിളികളേനേകം വന്നു പോയെന്നാകിലും
കടൽത്തിര പോലെ വന്നു പിന്നെയും കൂട്ടുകാർ
കണ്ണീരുറഞ്ഞ വയോധികരും പുതുസ്വപ്ന
സഞ്ചാരികളും വന്നാശ്വസിച്ചീടുന്നു.

ഒരു നല്ലകാലം വരുമെന്ന്  കാണുവാൻ.   
ഇനിയില്ല മോഹവും മോഹഭംഗങ്ങളും
ഈ തീരത്തിങ്ങനെ ഏതാനും നാൾ കൂടി
നിന്നിട്ടു ശാന്തമായി താനേ മറഞ്ഞീടാം
-കെ എ സോളമൻ

..

Tuesday, 18 August 2020

പ്രതീക്ഷ - കഥ


'കുഞ്ഞൂട്ടി , കുഞ്ഞൂട്ടി?'

' എന്താച്ചാ'

നീ എന്തെടുക്കവാ?

എന്താച്ചാ കാര്യം?

നനക്ക്  എന്നതാണ് വേണ്ടത്?

അച്ചൻ കാര്യാന്താന്നു പറ.

ഈ ഇരിക്കുന്ന ചിക്കുപായെല്ലാം വിറ്റു കാശു കിട്ടുമ്പോൾ അച്ചൻ നനക്ക് എന്നതാ വാങ്ങിത്തരേണ്ടത്.

എപ്പഴാ വിൽക്കുന്നത്?

അതു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ? പള്ളിപ്പുറത്തമ്മയുടെ പെരുനാളു വരുമ്പോ, ആഗസ്റ്റ് 15 ന്

എനിക്കൊരു മഞ്ഞച്ചുരിദാർ മതി, അച്ചാ

മഞ്ഞച്ചുരിദാറോ  , പ്പോ, ചൂച്ചൂന് എന്തു ട്ട് വേണം?

അവൾക്ക് ഉടുപ്പ് മതിയെന്ന് .

അപ്പോ അനുവിനോ?

അവള് കൊച്ചല്ലേ അച്ചാ, ദേ,. ചിരിച്ചോണ്ടിരിക്കുവാ?

അവൾക്കും ഒരു മഞ്ഞ ഉടുപ്പു വാങ്ങാം, ല്ലേ ?

അച്ചൻ വാങ്ങിത്തരാതിരിക്കുമോ?

ഇല്ല മോളെ, ഇതെല്ലാം വിറ്റു കാശു കിട്ടട്ടെ. നിൻ്റെ മ്മക്കും ഒരു സാരി വാങ്ങി ക്കൊടുക്കണം

"അച്ചനും  വേണം നല്ലഒരു മുണ്ടും ഷർട്ടും
ഉം, നമുക്കൊരുമിച്ചു പോയ് വേണം വാങ്ങാൻ " കുഞ്ഞുട്ടി

കുമാരൻ്റെയും മകൾ കുഞ്ഞൂട്ടിയുടേയും സംഭാഷണം അങ്ങനെ നീണ്ടുനീണ്ടു പോയി.

അനിൽ കുമാർ എന്ന് പേര്. കുമാരൻ എന്ന് നാട്ടുകാർ വിളിക്കും. വാർപ്പു പണി യായിരുന്നു. 

ലോകത്തെ മുഴുവനായി ഞെട്ടിച്ച് കോ വിഡ് രോഗം വ്യാപകമായതോടെ അയാൾക്ക് പണിയില്ലാതായി. ചിട്ടി അടവുൾപ്പെടെ എല്ലാം മുടങ്ങി

താത്കാലിക ആശ്വാസത്തിനാണ്  കായൽ ഇറമ്പത്തെ  കൈതോല വെട്ടി പായ് നെയ്ത്  ഭാഗ്യം കൂട്ടി വെച്ചത്. പള്ളിപ്പുറത്തമ്മയുടെ പെരുന്നാളിനു വില്ക്കണം
                      * * * * *
'അച്ചാ അച്ചാ?'
എന്താ, കുഞ്ഞൂട്ടി?
ഇന്നല്ലേ, ആഗസ്റ്റ് 15, ഞങ്ങട ടീച്ചർ  മൊബീലിൽ പറഞ്ഞു. ചുരിദാർ വാങ്ങണ്ടേ?

അതിന് പായ് വിറ്റില്ലല്ലോ മകളേ,, വില്ക്കാൻ പാടില്ലെന്ന്. സർക്കാരിൻ്റെ വിലക്കുണ്ട്, രോഗം പടരും

അപ്പോ, എന്തു ചെയ്യും, അച്ചാ ?

"നമുക്ക് മുത്തിയമ്മയുടെ പെരുന്നാളിന്  വില്ക്കാം, വെച്ചൂര് നമുക്കൊരുമിച്ചു പോകാം, അടുത്ത മാസമാണ് പെരുന്നാൾ. രോഗമൊക്കെ അപ്പോഴെക്കും മാറും. മോളു വിഷമിക്കണ്ടാ, ട്ടോ " മകളുടെ പ്രതീക്ഷ അയാൾ വിമാനത്തിലേറ്റി. ഒപ്പം അയാളുടെ പ്രതീക്ഷയും

സംശയത്തോടെ നോക്കുന്ന മകളുടെ കണ്ണുകളിലേക്ക് ദയനീയമായ നോട്ടം പായിച്ച്. ആശ്വസിപ്പിക്കാനെന്ന വണ്ണം അവളുടെ മുടിയിൽ  അയാൾ സാവകാശം തലോടി.

അച്ചന് വിഷമം തോന്നാതിരിക്കാൻ എല്ലാം സമ്മതിച്ചെന്ന മട്ടിൽ ആ മുന്നാം ക്ളാസ്കാരി ചെറുതായി പുഞ്ചിരിച്ചു.

                       ....................

Tuesday, 28 July 2020

അസാധാരണ കാലം

അടയാളപ്പെടുത്താൻ
 ഒരു കല്ലു പോലുമില്ലാതെ,
വിജനമായ ഒരിടത്ത്,
പോഷകസമൃദ്ധമായ മണ്ണിനടിയിൽ
പുഴുക്കൾ വിരുന്നുവരുന്നതും കാത്ത്
എൻ്റെ ശവക്കുഴിക്കു മുകളിൽ
വേണ്ടപ്പെട്ടവരാരോ നട്ട ചെടി
വൻമരമായി വളരുന്നതും കണ്ട്
ഞാൻ പതുക്കെ പതുക്കെ
ഭൂമിയിലേക്കു തിരികെ
മണ്ണോടുമണ്ണടിയുന്നത് ....
കാവ്യാത്മകം ഈ ശിഥിലചിന്തകൾ?

(പക്ഷേ അസാധാരണ കാലത്ത്,  അസാധാരണ ഇടങ്ങളിൽ ബറിയൽ എന്ന ലക്ഷ്വറി ആഗ്രഹിക്കരുത്. ക്രിമേഷനാണ് അഭികാമ്യം)
- കെ എ സോളമൻ

Monday, 20 July 2020

സമാധാനം

.
അതെ, സംശയമില്ല, അന്നു പള്ളി വൈദ്യുതീകരിച്ചിരുന്നില്ല. വൈദ്യുതിയും വിളക്കുകളും വരുന്നത് പിന്നീടാണ്. ഫാൻ വരുന്നത് അതിനും എത്രയോ കാലത്തിനു ശേഷം.

തങ്കി സെൻ്റ് മേരീസ് പള്ളിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. പള്ളിക്കകത്ത് കറണ്ട് വന്നത് എന്നാണെന്നു കൃത്യമായി ഓർമ്മയില്ല 1964 ലോ മറ്റോ ആകണം, കൃത്യമായ തിയതി ഓർമ്മയുള്ളവർ പറയട്ടെ.400 കൊല്ലം പഴക്കമുള്ള പള്ളിയാണെങ്കിലും വൈദ്യതിക്ക് അവിടെ പത്തറുപതു കൊല്ലത്തെ ചരിത്രമേയുള്ളു.

അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാകണം. പള്ളിക്കകത്ത് വയറിംഗ് നടക്കുമ്പോൾ പോയി നോക്കി നിന്നിട്ടുണ്ട്. സ്കൂളിൽ നിന്ന് പള്ളിയിലേക്ക് ഒറ്റ ഓട്ടത്തിനെത്താം. വയറിംഗ്കാരൻ്റെ കലാവിരുത് കണ്ട് ഭാവിയിൽ ആരംഗത്തു ചുവടുറപ്പിച്ചാലോ എന്നൊരു മോഹവും തോന്നാതിരുന്നില്ല.

വൈദ്യുതി വരുന്നതിനു മുമ്പ് സക് റാ  രിയിലും പുറത്തും വെളിച്ചം വിതറിയിരുന്നത് വലിയ കാലുകളിൽ സൂക്ഷിച്ചിരുന്ന മെഴുകുതിരികളാണ്. പളളിക്കകം പ്രകാശമാനമാക്കാൻ കുറ്റൻ തൂണുകളിൽ സ്ഥാപിച്ച മെഴുകുതിരി തട്ടുകളുണ്ട്. ഈ തട്ടുകളെല്ലാം അർദ്ധഗോളാക്വതിയലുള്ള വലിയ ചില്ലു പാത്രങ്ങളിലാണ് സംരക്ഷിച്ചിരുന്നത്.  കാറ്റടിച്ചാലും മെഴുകുതിരികൾ അണഞ്ഞു പോകില്ലായിരുന്നു.

പകൽ കുർബ്ബാനകളിൽ തൂണുകളിലെ വിളക്കുകൾ തെളിക്കുമായിരുന്നില്ല. ക്രിസ്മസ്, ഈസ്റ്റർ രാവുകളിൽ ഇവയെല്ലാം പ്രകാശിച്ചു നില്ക്കുന്നതു കാണാൻ നല്ല രസമായിരുന്നു. തൂണുകളിലെ വിളക്കുകൾ തെളിക്കുന്നതും കെടുത്തുന്നതും ശ്രമകരമായ ജോലിയായിരുന്നു. കപ്യാർ മത്തായി സാർ ഒരു നിയോഗം പോലെ ഈ ജോലി നിർവഹിച്ചിരുന്നു. 

കപ്യാർ മത്തായി സാറിന സാറെന്നു ചേർക്കാതെ വിളിക്കാനാവില്ല. സ്കൂൾ എൽ പി വിഭാഗത്തിൻ്റെ ഹെഡ്മാസ്റ്റർ കുടിയിരുന്നു അദ്ദേഹം. മത്തായി സാറിനോട് എനിക്കു വളരെ വലിയ കടപ്പാട് ഉണ്ടെങ്കിലും അദ്ദേഹം എൻ്റെ ഹെഡ്മാസ്റ്റർ ആയിരുന്നില്ല. തങ്കി സ്കൂളിൽ ഞാൻ പഠിക്കാൻ ചേർന്നത് അഞ്ചാം ക്ളാസ് മുതലാണ്. ഒന്നു മുതൽ നാലുവരെ കോനാട്ടുശേരി ഗവ.എൽ പി സ്കൂളിലെ പഠനത്തിനു ശേഷമാണ് തങ്കി സെൻ്റ് ജോർജ് യു പിയിൽ ഞാൻ ഉപരിപഠനത്തിനെത്തുന്നത്.

പറഞ്ഞു കൊണ്ടുവന്നത് മെഴുകുതിരി ക്കാലുകളെ കുറിച്ചാണല്ലോ? സാക്റാരിയിൽ ഉയരത്തിൽ സൂക്ഷിച്ചിട്ടുള്ള മെഴുകുതിരികൾ കത്തിക്കാൻ ഒരു ഇരുമ്പുകമ്പിയുണ്ട്. കമ്പിയുടെ അറ്റത്ത് മെഴുകുതിരി ഹോൾഡറും പ്ളാവിലക്കുമ്പിൾ പോലെ തിരി അണക്കാനുള്ള ഒരു സംവിധാനവുമുണ്ട്. കുമ്പിൾ തിരിക്കു മുകളിൽ ചേർത്തു പിടിച്ചാൽ ഓക്സിജൻ കിട്ടാതെ അണഞ്ഞുപോകും. തീ കത്തുന്നതിന് ഓക്സിജൻ വേണം, സ്കൂളിൽ പഠിപ്പിച്ചതാണ്.

കുർബ്ബാനയ്ക്കക്കുമുമ്പു് തിരികൾ കത്തിക്കാൻ കമ്പിയിലെ ഹോൾഡറിൽ ചെറിയ തിരിi കത്തിച്ചു വെയ്ക്കും. കൊടുത്താനായി കുമ്പിളും ഉപയോഗിക്കും.

ഞായറാഴ്ചകളിൽ പള്ളിയിൽ നേരത്തെ എത്തുകയും താമസിച്ചു പോരുകയും ചെയ്യുന്നതിനാൽ ഈ തിരികൾ കത്തിക്കുന്നതും കെട്ടുത്തുന്നതും ഞാൻ എത്രയോ പ്രാവശ്യം നോക്കി നിന്നിരിക്കുന്നു. ഒന്നു രണ്ടു തവണ തിരികെടുത്താൻ സാർ അനുവദിച്ചിരുന്നു. പക്ഷെ അദ്ദേഹം ചെയ്തിരുന്ന വേഗത്തിലും ഭംഗിയിലും ഞങ്ങൾക്കാർക്കും അതു ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല.

അങ്ങനെ പണ്ടു സിനിമാകൊട്ടകയിൽ ഒടുക്കം ജനഗണമന കേൾക്കുന്നതു പോലെ കുർബ്ബാന കഴിഞ്ഞ് മെഴുകതിരികൾ ഇരുമ്പുകമ്പിയിലെ കുമ്പിൾ കൊണ്ടു് അണക്കുന്നത് കാണുന്നത് ഞങ്ങൾക്ക് പ്രത്യേകിച്ച് എനിക്കു ഒരു ശീലമായി. 

ഏതെങ്കിലും ആഴ്ച അതു കാണാനായില്ലെങ്കിൽ എനിക്ക് യാതൊരുവിധ സമാധാനവുമില്ലായിരുന്നു.

കെ എ സോളമൻ

Sunday, 5 July 2020

രാത്രിയിലെശബ്ദങ്ങൾ


പാതിരാ കോഴിയുടെ കൂവൽ കേട്ടാണ് കണ്ണു തുറന്നത്. നേരം വെളുക്കാൻ ഇനിയുംഒത്തിരി നേരമുണ്ട്. ഒരു ചെമ്പോത്ത് പാടുന്നതിൻ്റെ ശബ്ദം കേൾക്കാം. അതിനു കൗണ്ടറായി
 പിന്നാലെ മറ്റൊന്നിൻ്റെ ശബ്ദവും. ഒരു പ്രത്യേക താളത്തിലാണ് രണ്ടും ശബ്ദമുണ്ടാക്കുന്നത്. ഒരെണ്ണം ശബ്ദമുണ്ടാക്കിത്തീരുന്നതുവരെ രണ്ടാമത്തേതു കാത്തു നില്ക്കും

പെട്ടെന്നാണ് ചീവിടുകളുടെ ശബ്ദം ഉച്ചത്തിലായത്. തവളകൾ പെക്ക് റോം പൊക്ക് റോം എന്നു ഒച്ചവെച്ചു തുടങ്ങി. മഴവരുന്നുണ്ടെന്ന് തോന്നുന്നു.  കാതിനു ചുറ്റും കൈക്കുമ്പിൾ പിടിച്ചു മഴയുടെ വരവ് ഉറപ്പു വരുത്തി. അതെ, മഴ വരുന്നുന്നുണ്ട്. 

മഴത്തുള്ളികൾ ഓലക്കീറുകളിൽ പതിച്ച് പഴയ നോസ്റ്റാൾജിക് ശബ്ദമുണ്ടാക്കി, ഓലപ്പുരയിൽ മഴത്തുള്ളികൾ വീഴുമ്പോഴുള്ള ഇമ്പമേറിയ ശബ്ദം. ഈ ശബ്ദമുണ്ടാകാൻ മുറിയോടു ചേർന്നുള്ള ഷെഡിൻ്റെ ഷീറ്റിനു മുകളിൽ ഓലക്കീറുകൾ നിരത്തിയിരുന്നു ഞാൻ, ആരും കാണാതെ.

ഷീറ്റിനു മേൽ ഓലക്കീറുകൾ നിരത്തുന്നതു കണ്ടാൽ  ഓരോർത്തർക്കായി വിശദീകരണം നൾകേണ്ടി വരും. അവർക്കറിയില്ലല്ലോ ബാല്യത്തിലേക്ക് തിരികെ പ്പോകുന്നതിൻ്റെ സുഖം.

കോഴിയുടെ കൂവൽ നിന്നു. ചെമ്പോത്തുകൾ സംഗീതം മതിയാക്കി. ചീവീടു കൾ ഒന്നടങ്കം നിദ്രയിലായി. തവളകളുടെ പൊക്രാം ശബ്ദവും നിലച്ചു. മഴ തിമിർത്തു പെയ്യുന്നുണ്ട്. ഓലക്കീറുകളിൽ മഴത്തുള്ളികൾ തീർത്ത സംഗീതം കൺപോളകളിൽ കനം തീർത്തു.

ബാല്യകാല സുഖസുഷുപ്തിയിലേക്ക് ഞാൻ പതിയെ പതിയെ ....

- കെ എ സോളമൻ

Thursday, 14 May 2020

മറക്കുമോ എന്നെനീ ?

നിനക്കു സുഖമാണെന്നു കരുുതട്ടെ
എൻ്റെസ്നേഹ ചുംബനം 
മറക്കുമോ എന്നെ നീ ?

ഓർമ്മകൾ എപ്പോഴും പുതിയതാണ്,
നിന്നോടൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മരിക്കാനും .
ഞാൻ അകലെയാണ് 
കാതങ്ങൾ അകലെ ,പ്രതിസന്ധികളുടെ നടുവിൽ ജീവിക്കുന്നു.
ഈ മരുഭൂമിയിൽ ഒരു മരുപ്പച്ചയുണ്ട്.
സന്തോഷകരമായ സ്പന്ദനങ്ങളും, കുറെ സ്വപ്നങ്ങളും

ഒരിക്കലും നിൻ്റെ പ്രതീക്ഷകൾ മങ്ങരുത്
ആകാശത്തേക്ക് നോക്കു നീ.
ശാന്തഗംഭീരമായ നീല നിറം കാണന്നില്ലേ?
ഒരു കാര്യം ഞാൻ പറഞ്ഞുകൊള്ളട്ടെ
എന്റെ ഹൃദയം എപ്പോഴും   നിന്നോടൊപ്പമുണ്ട്
ചിരിയും സൗഹൃദവും നേരമ്പോക്കും കരച്ചിലടക്കാനുള്ള
എൻറെ മരുന്നുകളാണവ
ഞാൻ എങ്ങനെ സുഖമായിരിക്കുന്നുവെന്ന് കൊടിയ വൈറസ് പോലും അത്ഭുതപ്പെടുന്നു.

ഞാൻ നിന്നെ കാണാൻ കാത്തിരിക്കുകയാണ്,
ജീവിതം ആ നിമിഷം തിരികെത്തരുമെന്ന പ്രതീക്ഷയിൽ
വാക്കുകൾ ഇല്ലാത്ത ഹൃദയ ഗാനം
എനിക്കതു പാടാൻ കഴിയുന്നതേയില്ല.

നമ്മെ എങ്ങനെ തിരുത്താമെന്ന് പ്രകൃതിക്ക് അറിയാം, കാലത്തിനും.
ഭൂമിയും അതു തന്നെപറയുന്നു, 
നിന്നെ  സ്നേഹപൂർവ്വം ആലിംഗനം ചെയ്യുന്നു,
മറക്കുമോ എന്നെ നീ ?

- കെ എ സോളമൻ

Wednesday, 13 May 2020

ഇൻ്ററാക്ടീവ്സെഷൻ!

ഇൻ്ററാക്ടീവ് ക്ളാസിൽ പരമേശ്വരപിള്ള സാറിനോട് വിദ്യാർത്ഥി കുശാൽ കുമാർ:
സാർ, ഒരു സംശയം

പിള്ളസാർ: ചോറിക്കൂ, ചോദിക്കൂ, പറയാം

കൃശാൽ: അപ്പോ സാർ, നമ്മൾ പരീക്ഷയ്ക്ക് എസ്സേ ക്വസ്റ്റ്യന് എന്തുമാത്രം ഉത്തരം എഴുതണം, പാരഗ്രാഫ് ക്വസ്റ്റ്യന് എങ്ങനെ, ഷോർട്ട് ആൻസറിന്?

പിള്ളസാർ: അത്രേയുള്ളോ സംശയം, പറഞ്ഞു തരാം. അതായത് നമ്മൾ പരീക്ഷയ്ക്ക് എസ്സേ എസ്സേയായിട്ടു തന്നെ എഴുതണം, പാരഗ്രാഫിന് പാരഗ്രാഫ് മതി, ഷോർട്ട് ആൻസർ ക്വസ്റ്റ്യന് ഉത്തരം ഫോർട്ടു ആയിരിക്കുകയും വേണം. ഇപ്പോ മനസ്സിലായോ?
- കെ എഎസ്