Saturday, 16 August 2014

ആരും തിടുക്കം കാട്ടരുത് പ്ലീസ്-കഥ കെ എ സോളമന്‍

            

           പി പി പൂക്കോയയുടെ സ്വന്തം കലാ സാഹിത്യ സാംസകാരിക സമിതിയാണ് പി പി പി കലാസാഹിത്യസമിതി. വട്ടയാല്‍ ചുറ്റുവട്ടത്തെ അരക്കവികളെയും മുക്കാല്‍കവികളെയും സംഘടിപ്പിച്ചു പതിമാസ സാഹിത്യ സംഗമം നടത്തുകയാണ് സമിതിയുടെ മുഖ്യ പ്രവര്‍ത്തനപരിപാടി. എന്തൊക്കെ പ്രശ്നമുണ്ടായാലും പ്രതിമാസസംഗമം നടന്നിരിക്കും. ഒരിക്കല്‍ സ്വന്തം ബീവി കുളിമുറിയില്‍ തെന്നിവീണ് കാലിലെ കുഴതെറ്റിയ ദിവസം പോലും സംഗമത്തിന് മുടക്കം വരുത്തിയില്ല. ബീവിയെ ആശുപത്രിയില്‍  അഡ്മിറ്റാക്കിയത്തിനുശേഷം ഓടിയെത്തി പരിപാടി സംഘടിക്കികയായിരുന്നു പൂക്കോയ.

            പി പി പി കലാസാഹിത്യസമിതിക്കു പേരിനു ഒരു എക്സിക്യൂട്ടിവു കമ്മിറ്റിയുണ്ട്. നമ്മുടെ ചില രാഷ്ട്രീയ പാര്‍ട്ടികളുടേത് മാതിരി പ്രസിഡെന്‍റ്, സെക്രട്ടറി തുടങ്ങി എല്ലാവരും നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളാണ്. സ്വയം നോമിനേറ്റ് ചെയ്താണു പൂക്കോയ തന്നെ സമിതിയുടെ സെക്രട്ടറി ആയത്. തങ്ങളൊക്കെ ഏതൊക്കെ സ്ഥാനങ്ങളാണ് അലങ്കരിക്കുന്നതെന്ന് കമ്മിറ്റിയംഗങ്ങള്‍ അറിയുന്നതു തന്നെ പൂക്കോയ പറയുമ്പോളാണ്. ഇന്ന് പ്രസിഡെന്‍റ് ആയി ഇരിക്കുന്നവന്‍ നാളെ ആ സ്ഥാനത്തുണ്ടോ എന്നറിയാന്‍ പൂക്കോയയോടു തന്നെ ചോദിക്കണം. അതുകൊണ്ടാണ് ചെയര്‍മാനാക്കാം  എന്ന ഓഫര്‍ വന്നപ്പോള്‍ പോലും അത് വേണ്ടെന്ന് രാമന്‍ നായര്‍ പറഞ്ഞത്.

            മാസത്തില്‍ ഒന്നു വെച്ചാണ് സാഹിത്യ സംഗമങ്ങള്‍. അത്യാവശ്യ  സന്ദര്‍ഭങ്ങളില്‍ അത് രണ്ടിലേയ്ക്കും മൂന്നിലേയ്ക്കും നീളും. ഡിമാന്‍ഡ് അനുസരിച്ചു പരിപാടിയില്‍ മാറ്റം വരുത്താനും മാറ്റിവെയ്ക്കാനും സെക്രട്ടറിക്ക് അധികാരമുണ്ട്.
            ഇക്കഴിഞ്ഞത് 152-മത് പരിപരിപാടി. സാഹിത്യ സൃഷ്ടികളുടെ അവതരണത്തോടൊപ്പം അഞ്ചു സാഹിത്യ നായകരെ ഷാള് പുതപ്പിച്ച് ആദരിക്കുകയും ചെയ്തു.

           പൂക്കോയയുടെ വേദികളിലില്‍ ആര്‍ക്കും എന്തും എഴുതി ക്കൊണ്ടുവന്നു വായിയ്ക്കാം. മുന്‍പരിചയംപോലും വേണമെന്നില്ല. വഴിയേ പോയചിലമദ്യപര്‍ വരെ കവിത ചൊല്ലിപ്പോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവതരിപ്പിക്കപ്പെടുന്ന രചനകള്‍ക്ക് മുന്‍കൂട്ടി  സെന്‍സറിങ്ങ് ഇല്ല. അതുകൊണ്ടു തന്നെ “ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്” എന്ന മട്ടിലാണ് പലരുടെയും എഴുത്ത്. സെന്‍സറിങ് ഏര്‍പ്പെടുത്താമെന്ന് വെച്ചാല്‍ ചിലര്‍ പിന്നീട് വരില്ല. സമിതി നടന്നു പോകണമല്ലോ?

             രാമന്‍ നായര്‍ സമിതിയുടെ സ്ഥിരസാന്നിധ്യമാണ്. സൃഷ്ടി അവതരിപ്പിക്കാനുള്ള താല്‍പര്യം കൊണ്ടല്ല, അവ വായിക്കുന്നത് കേള്‍ക്കാന്‍വേണ്ടിയാണ് മുടങ്ങാതെ  എത്തുന്നത്. ചിലരുടെയൊക്കെ കവിത കേട്ടാല്‍ അന്നും പിറ്റേന്നും നല്ല ഉഷാറായിരിക്കും.

              ഇക്കവിത “ ഇങ്ങോട്ട് വന്നപ്പോള്‍ ബസ്സിലിരുന്നു രചിച്ചതാണ്” എന്നൊക്കെ ചില കവികള്‍ തങ്ങളുടെ   വൈദഗ്ദ്യം വിളിച്ച് പറയുന്നതു കേള്‍ക്കാന്‍ നല്ല രസമുണ്ട്. അത് പോട്ടെന്നു വെക്കാം. സഹിക്കാന്‍ പറ്റാത്തത് മുതുക്കന്മാരായ ചില കവികളുടെ ശൃംഗാര കവിതകളാണ്. വെണ്ണയും വെണ്‍മണിയും തോല്ക്കും മട്ടിലാണ് യുവതികളുടെ അംഗപ്രത്യംഗ വര്‍ണ്ണന. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കോല്‍മയിര്‍ കൊള്ളുന്നതുകൊണ്ടാണ് അന്നേ ദിവസം രാത്രിയില്‍ രാമന്‍ നായര്‍ക്ക് ഉറങ്ങാന്‍ പറ്റാതാവുന്നത്.കോല്‍മയിര്‍ ഉറക്കം കെടുത്തും. വയസ്സറുപത് പിന്നിട്ടിട്ടും രാധയായി വേഷം കെട്ടുന്ന കിളവി മാരുമുണ്ട് കവികളില്‍.

            പ്രതിമാസസംഗമങ്ങളില്‍ ഷാള്‍ അണിയിച്ചു കവികളെ ആദരിക്കുന്ന ഏര്‍പ്പാട് പൂക്കോയ തുടങ്ങിയത് സമീപകാലത്താണ്. ആദരം കിട്ടുന്നത് കവികള്‍ക്കെല്ലാം സന്തോഷമുള്ള കാര്യമാണ്. ഇങ്ങനെ ആദരിക്കുന്നത് കൊണ്ട് രണ്ടു പ്രയോജനംമുണ്ടെന്ന് പൂക്കോയ. ഷാളിനും ചായയ്ക്കുമുള്ള പണം അവര്‍ തന്നെ മുടക്കുമെന്നുള്ളത് ഒന്നാമത്തെ കാര്യം. രണ്ടാമതായി ആദരം കിട്ടുന്ന എല്ലാകവികള്‍ക്കും അവരുടേതായ സമിതികളുണ്ട്. അവിടെയെല്ലാം പൂക്കോയയെ വിളിച്ച് തിരികെ ആദരിക്കുകയും ചെയ്യും. റിട്ടേണ്‍ ആദരവില്‍ പൂക്കോയയ്ക്ക് മുടൊക്കൊന്നുമില്ല. ചിലര്‍ തന്നെ ആദരിക്കുമ്പോള്‍ മറ്റുചിലര്‍ തന്നെ അനുമോദിക്കുകയാണെന്ന് പൂക്കോയ. ആദരവും അനുമോദനനവും ഇക്കൂട്ടരെ സംബ ന്ധിച്ചിടത്തോളം ഒന്നുതന്നെ. എന്നു വെച്ചാല്‍ ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ഥികലെ അനുമോദിച്ചാലും, വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററെ ആദരിച്ചാലും വലിയ വ്യ്ത്യാസമില്ല. രണ്ടും ഒന്നു തന്നെ!

           തങ്ങളെ ആദരിക്കണം ആദരിക്കണം എന്നു മുടങ്ങാതെ ആവശ്യപ്പെടുന്ന കവികളോട് പൂക്കോയ പറയുന്നതിങ്ങനെ.”. ഓരോ മാസവും 5 പേരെ വീതമാണ്പരിഗണിക്കുന്നത്.. നിങ്ങള്‍ തന്നെ തീരുമാനിക്ക് ആദരവ് വേണോ അനുമോദനം വേണോ എന്ന്. എല്ലാവ്ര്‍ക്കുമുള്ള ഷാള്‍ അടുത്തുള്ള ജൌളിക്കടയില്‍ സ്റ്റോക്കുണ്ട്. എല്ലാവരെയും ആദരിക്കുന്നുമുണ്ട് ആരും തിടുക്കം കാട്ടരുത് പ്ലീസ്”


       -കെ എ സോളമന്‍   

Sunday, 27 July 2014

പ്ലസ്‌ ടു കച്ചവടം


















പ്ലസ്‌ ടു ഇല്ലാത്ത പഞ്ചായത്തുകളില്‍ പ്ലസ്‌ ടു അനുവദിക്കാനുളള തീരുമാനം പരണത്ത് കേറ്റിയെങ്കിലും നിലവിലെ ഹയര്‍ സെക്കന്ഡറി സ്കൂളുകളില്‍ അധികബാച്ച് അനുവദിക്കുന്നതില്‍ കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി. അധിക ബാച്ച് ഇടപാടില്‍ കോടികളുടെ തിരിമറി നടന്നിട്ടുണ്ട് എന്ന ആരോപണം തള്ളിക്കളയനാവാത്ത വിധമാണു ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വാര്ത്തകള്‍. പ്ലസ് ടൂ ഇടപാടില്‍ ജില്ലയിലെ തീരദേശമേഖല പാടെ അവഗണിക്കപ്പെട്ടിരിക്കുകയാണ്.

ചേര്‍ത്തല താലൂക്ക് തുറവൂര്‍ പഞ്ചായത്തിലെ പള്ളിത്തോട് സെയിന്‍റ് സെബാസ്റ്റിയന്‍സ് സ്കൂള്‍ പത്താം ക്ലാസ് പരീക്ഷയ്ക്ക് 100 ശതമാനം വിജയം കൈവരിച്ചതാണ്. കോഴകൊടുക്കാത്തതു കൊണ്ടാവണം ഈ സ്കൂള്‍ മാനേജുമെന്‍റിന്റെ അപേക്ഷ പരിഗണിക്കപ്പെട്ടില്ല. ചെല്ലാനം, പള്ളിത്തോട്, അഴീക്കല്‍, ഒറ്റമശേരിഎന്നിവടങ്ങളിലെ കുട്ടികള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പ്ലസ് ടുപഠനം നടത്തുന്നത്.

തീരദേശ മേഖലയിലെ മറ്റൊരു ഹൈസ്കൂളായ തങ്കി സെയിന്‍റ് ജോര്‍ജസ് സ്കൂളില്‍ പ്ലസ് ടു തുടങ്ങാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. തീരദേശത്തെ മല്സ്യത്തൊഴിലാളികളെ സംരക്ഷിക്കുമെന്ന് പറയുന്ന സര്ക്കാര്‍ അവരുടെ ഉന്നമനത്തിന് വേണ്ട യാതൊന്നും ചെയുന്നില്ല എന്നതിന് തെളിവാണ് ഈ സ്കൂളുകളോടുള്ള അവഗണന.

ഇ.കെ.നയനാര്‍ സര്‍ക്കാരിന്റെ കാലത്താണ്‌ വിപുലമായി ഒടുവില്‍ പ്ലസ്‌ ടു അനുവദിച്ചത്‌. അന്ന്‌ പി.ജെ. ജോസഫായിരുന്നു വിദ്യാഭ്യാസ മന്ത്രി. അദ്ദേഹത്തിനെതിരെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഒരു നേതാവിനെതിരെയും അക്കാലത്ത്‌ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട്‌ ആ നേതാവും മന്ത്രിയും തെറ്റി. ഒടുവില്‍ ഇരുവരും യു.ഡി.എഫിലെത്തി. അന്ന്‌ നടന്നതു പോലെയുളള വലിയ അഴിമതിയാണ്‌ പ്ലസ്‌ ടു കച്ചവടത്തിലൂടെ ലീഗും യു.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തുന്നത്.
ഓരോ പ്ലസ്‌ ടു ബാച്ച്‌ അനുവദിക്കുമ്പോഴും ലക്ഷങ്ങള്‍ കൈക്കൂലികൊടുക്കണമെന്നതും . കൈക്കൂലി ഇല്ലെങ്കില്‍ അദ്ധ്യാപക പോസ്റ്റുകള്‍ നല്‍കണമെന്നതും ലജ്ജാകരമാണ്.


കെ എ സോളമന്‍

Thursday, 10 July 2014

ഓപ്പറേഷന്‍ കൂബര്‍- കഥ –കെ എ സോളമന്‍




പഠിക്കാന്‍ അല്പം പിന്നോക്കമായിരുന്നെങ്കിലും പ്രായോഗികതയില്‍ വളരെ മുന്നിലായിരുന്നു ഫ്രാന്‍സിസ്- ഞങ്ങളുടെ ആറാം ക്ലാസ് സഹപാഠി. ക്ലാസ് ടീച്ചര്‍ കുമാരപിള്ള സാര്‍ അവനെ പൊറിഞ്ചു എന്നാണ് വിളിക്കുക. പീറ്ററെ പത്രോസെന്നും, മൈക്കളിനെ മിഖായേല്‍ എന്നും ജേക്കബ്ബിനെ യാക്കോബ് എന്നും ജോര്‍ജിനെ ഗീവര്‍ഗീസെന്നും, ഫ്രാന്‍സീസിനെ പൊറിഞ്ചുവെന്നും മലയാളത്തില്‍ വിളിക്കാമെന്നു പിള്ളസാര്‍. എങ്കില്‍ കുമാരപിള്ളയ്ക്ക് ഇംഗ്ലിഷില്‍ എന്തുവിളിക്കാമെന്ന് ചോദിക്കണമെന്ന് പലകുറി തോന്നിയിട്ടുണ്ടെങ്കിലും സാറിന്റെ മുന്നിലെത്തുംപോള് ഞങ്ങളൊക്കെ ചോദ്യം മറക്കും. ഫ്രാന്‍സിസ് മാത്രമേ സാറിന്റെ മുന്പില്‍ അല്പമെങ്കിലും ധൈര്യം കാട്ടിയിരുന്നുള്ളൂ.

ഞങ്ങളുടെ ക്ലാസിലെ വെളുത്തുതുടത്തകുട്ടിയായിരുന്നു ഉഷാകുമാരി, സ്കൂളിലെ തന്നെ ഗീത ടീച്ചറിന്റെ മോള്‍. ഞങ്ങളെല്ലാം വളരെ അല്‍ഭൂതത്തോടെയാണ് ഉഷാകുമാരിയെ കണ്ടിരുന്നത്. കുമാരപിള്ളസാറിനു പോലും ഉഷാകുമാരി കഴിഞ്ഞിട്ടേ ക്ലാസില്‍ മാറ്റുകൂട്ടികള്‍ ഉള്ളൂ.പള്ളിവക സ്കൂളാണെന്കിലും മറ്റുസാമുദായങ്ങളില്‍ നിന്നുള്ളവരെയും സ്കൂളില്‍ നിയമിക്കുമായിരുന്നു. അങ്ങനെയാണ് കുമാര്‍പിള്ള സാറും ഗീതട്ടീച്ചറുമൊക്കെ സ്കൂളില്‍ എത്തിയത്.

ഒരിക്കല്‍ ഇന്‍റര്‍വല്‍ സമയത്ത് ഉഷാകുമാരി ക്ലാസില്‍ തലകറങ്ങി വീണു.കുമാരപിള്ളസാറിനെ വിവരമറിയിക്കാന്‍ ഞങ്ങള്‍ തിരക്കുകൂടിയപ്പോള്‍ ഫ്രാന്‍സിസ് പുറത്തേക്ക് ഓടുന്നതാണ് കണ്ടത്.
“ഇവനെന്തിനാണ് ഓടുന്നത്, ഉഷാകുമാരിയുടെ തലകറക്കത്തിന് കാരണം ഇവനാണോ?” മറ്റുള്ളവര്‍ക്ക് ഇങ്ങനെയൊക്കെ തോന്നാമെങ്കിലും ഞങ്ങല്‍ക്കാര്‍ക്കും അവനെക്കുറിച്ച് ഒരു സംശയവും ഇല്ലായിരുന്നു.

പള്ളിക്കവലയിലെ സന്ധ്യാവ് ചേട്ടന്റെ മുറുക്കാന്‍ കടയില്‍നിന്നു ഒരു സോഡ വാങ്ങിക്കൊണ്ടുവന്നു ഉഷാകുമാരിയുടെ മുഖത്ത് തളിച്ചതിന് ശേഷമാണ് അവന്‍ ശ്വാസം വിട്ടത്. തലകറക്കം വിട്ടെഴുന്നേറ്റ ഉഷാകുമാരി ഫ്രാന്‍സിനെ നോക്കിച്ചിരിച്ചപ്പോള്‍ അവന്റെ മുഖത്തെ നിര്‍വൃതിഒന്നു കാണേണ്ടത് തന്നെയായിരുന്നു.. ഈ ബുദ്ധി എന്തുകൊണ്ട് ആദ്യം തോന്നിയില്ല എന്ന നിരാശ ഞങ്ങള്‍ എല്ലാവരുടെയും മുഖത്തു നിഴലിക്കുകയും ചെയ്തു. ഉഷാകുമാരി ഇനി എപ്പോഴെങ്കിലും തലകറങ്ങുംപോള് ആദ്യംതന്നെ സോഡ വാങ്ങാന്‍ ഓടണമെന്ന് വിചാരിച്ചെങ്കിലും പിന്നീടൊരിക്കലും അവള്‍ക്ക് തലകറക്കം ഉണ്ടായില്ല. കുമാരപിള്ള സാറിനും ഗീതട്ടീച്ചറിനുംഫ്രാന്‍സിസ്നോട്തുടര്‍ന്നങ്ങോട്ട് വല്യ കാര്യമായിരുന്നു.

“ഫ്രാന്‍സീസിനെ കണ്ടുപഠിക്കൂ ‘ കുമാരപിള്ളസാര്‍ ഞങ്ങളെ തുടന്ന് ഉപദേശിച്ചത് ഇങ്ങനെയായിരുന്നു.അത്രയും നാള്‍ പൊറിഞ്ചുവെന്ന് വിളിച്ചിരുന്ന സാര്‍ അവനെ പിന്നീട് ഫ്രാന്‍സിസ് എന്നെ വിളിച്ചിട്ടുള്ളൂ.


സ്കൂളിനോട് ചേര്‍ന്നുള്ള പള്ളിയിലെ കുമ്പസാരത്തിന്റെ മുന്‍ഗണനാനിയമം ഞങ്ങള്‍ കൂട്ടുകാര്‍ക്ക് പറഞ്ഞുതന്നത് ഫ്രാന്‍സിസ് ആണ്. കുമ്പസാര ക്യൂവില്‍ പലപ്രാവശ്യം നിന്നിട്ടും ഞങ്ങളെ കുമ്പസാരിരിപ്പിക്കാന്‍ അച്ഛന്‍ സമ്മതിച്ചില്ല, എന്നാല്‍ ഫ്രാന്‍സീസിനെ അതിനുവദിക്കുകയും ചെയ്തു.

“ഇതെന്തു സൂത്രം?” ഞങ്ങള്‍ അവനോടു ചോദിച്ചു.
“കുമ്പസാരിച്ചിട്ടു എത്ര നാളായെന്ന് ആദ്യം പറയണം, എന്നിട്ടേ ചെയ്ത പാപങ്ങള്‍ ഏറ്റുപറയാവു.”
അവന്‍ പറഞ്ഞത് വളരെ ശരിയാണെന്ന് അടുത്ത ശ്രമത്തില്‍ ഞങ്ങല്‍ക്കെല്ലാം ബോധ്യമാകുകയും ചെയ്തു.

ആറാം ക്ലാസ്സും ഏഴും കഴിഞ്ഞു ഞങ്ങളെല്ലാം യു പി സ്കൂള്‍ വിട്ടു, പലപല സ്കൂളുകളില്‍ ചേര്‍ന്ന്. ഫ്രാന്‍സിസും ഉഷാകുമാരിയും ഏതൊക്കെ സ്കൂളില്‍ ചേര്‍ന്നെന് ചിലരോടെക്കേ അന്വേഷിച്ചെങ്കിലും ആര്‍ക്കും കൃത്യമായഅറിവില്ലായിരുന്നു.

അങ്ങനെ കൊല്ലങ്ങള്‍ കുറെ പിന്നീട്ടു, കൃത്യമായി പറഞ്ഞാല്‍ 40കൊല്ലം. ഫ്രാന്‍സീസിനെ വല്ലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഉഷാകുമാരിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. ഇപ്പോഴിതാ ഫ്രാന്‍സിസിനെ അടുത്തു കിട്ടിയിരിക്കുന്നു. ഒത്തിരി സംസാരിക്കണമെന്നുണെങ്കിലും അവന്റെവേഷം കണ്ടപ്പോള്‍ എനിക്കു തെല്ലു വിഷമം തോന്നി. ഷര്‍ട്ട് തോളില്‍ അല്പം പിഞ്ചിയിരിക്കുന്നു, ഒറ്റമുണ്ടാണ് ഉടുത്തിരിക്കുന്നത്, അതും പുതിയതല്ല. കുടയുടെ ശീല നരച്ചിരിക്കുന്നു. എങ്കിലും അവന്റെ മുഖത്ത് പഴയ ചിരിയുണ്ട്.

സംസാരിച്ച് കഴിഞ്ഞപ്പോളാണ് എനിക്കുതോന്നിയത് അവന്‍ സാമ്പത്തികമായി അല്പം വിഷമിത്തിലാണെന്ന്. പത്തിരുന്നൂറു രൂപകൊടുത്തു സഹായിക്കാമെന്ന് വെച്ചാല്‍ മൂന്നാമതൊരാള് കൂടെയുള്ളപ്പോള്‍ എങ്ങനെയാണതൂ ചെയ്യുക? ഞാന്‍ അവന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി.

വീട്ടിലെത്തി അത്താഴമൊക്കെ കഴിച്ചു കിടന്നിട്ടും ഉറക്കം വന്നില്ല. ഒരു 100 രൂപ കൊടുത്തുപോലും എന്റെ ആറാം ക്ലാസ് സ്നേഹിതനെ സഹായിക്കാന്‍ കഴിയാത്ത വിഷമമായിരുന്നു എനിക്ക്.

രാവിലെ എഴുന്നേറ്റെങ്കിലും ഫ്രാന്‍സിസ്നേ കുറിച്ചുള്ള വിചാരമായിരുന്നു. പത്രംവായിക്കാന്‍ തുടങ്ങിയപ്പോഴും തെളിഞ്ഞുവന്നത് ഫ്രാന്‍സിസ്ന്‍റെ മുഖമാണ്. 

ഇന്നുതന്നെ അവന്ഒരു അഞ്ഞൂറുരൂപ  കൊടുക്കണം, ഞാന്‍ തീരുമാനിച്ചു.

പത്രത്തില്‍ എന്തൊക്കെയാണ് വിശേഷങ്ങള്‍? 

മോഡി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവില്ല. 

പ്രാദേശിക വാര്‍ത്താപേജ് വായിച്ചപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്..

കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ പുതുപ്പറമ്പില്‍വീട്ടില്‍ ഫ്രാന്‍സിസ്നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്നു 15 മുദ്രപ്പത്രങ്ങള്‍, 25 പ്രമാണങ്ങള്‍, 250 ചെക്ക് ലീഫുകള്‍ എന്നിവ പിടിച്ചെടുത്തു. ഓപ്പറേഷന്‍ കൂബര്‍!

                 ---------------------------------------   

Monday, 7 July 2014

പുഴയൊഴുകും വഴി -ഹൈക്കു കവിത –കെ എ സോളമന്‍



1)പുഴയൊഴുകും  വഴി

പുല്ലാനിപ്പരപ്പില്ല,
പുഴയൊഴുകും വഴിയില്ല, എങ്ങും
മാര്‍ബിള്‍ സൌധങ്ങള്‍ മാത്രം

2) ദൈവം
ഞാന്‍ മരിക്കും, നീ ജീവിക്കും
ഏതാണ് മെച്ചം?
അറിയാം, ദൈവത്തിനു മാത്രം.

3) കാലം
കാലം ഒരു പ്രവാഹം
നാട്ടറിവുകള്‍ അന്യം
നാടന്‍ പൂക്കളെപ്പോലെ

4) പച്ച

പച്ചനിറമുള്ളവര്‍ നിങ്ങള്‍
ഞങ്ങള്‍ മഞ്ഞനിറക്കാര്‍
പൂക്കളും കലഹിക്കുന്നു

5) അന്യന്‍

അമ്മയും മകളും കൂട്ട്
അച്ഛനാണന്യന്‍,
കാലത്തിന്ടെ നെറികേട്.

6) കോട്ട

മതിലുകള്‍ തകര്‍ക്കേണം
കോട്ടകള്‍ കെട്ടിടേണം
മനസ്സുകളില്‍ മാത്രം


(കുറിപ്പ്: സ്ഥലകാല ബോധം പകര്‍ന്നു നല്‍കുന്ന ജാപ്പനീസ് കവിതാരൂപം ഹൈക്കു. മൂന്നുവരിയാണ് ചിട്ട. പ്രാദേശിക മാറ്റങ്ങള്‍ അനുവദനീയം )

Saturday, 28 June 2014

ഗ്രന്ഥാവലോകനം-ഭാഷാതിലകം- കൊക്കോതമംഗലം എ വി നായര്‍.


മനുഷ്യന്‍ സമൂഹജീവിയാണ്. ആ നിലയില്‍ചുറ്റുപാടുമുള്ളവരുമായി സംവദിക്കാതെ  മനുഷ്യന് സ്വാഭാവിക ജീവിതം നയിക്കാനാവില്ല. ജീവിതത്തെ സ്വാധീനിക്കുന്ന പ്രകൃതി പ്രതിഭാസത്തെ മനസ്സില്‍ സൂക്ഷിച്ചുവെയ്ക്കാന് മനുഷ്യന്‍ ശ്രദ്ധിക്കുന്നു. ആവശ്യം വരുമ്പോള്‍ അവ പുറത്തെടുത്തു  പ്രയോഗിക്കുകയും ചെയ്യുന്നു.

ഭാഷയെ ചേതോഹരമാക്കുന്നവയാണ് ശൈലികള്‍. ശൈലി എന്നത് ശീലം  എന്നവാക്കില്‍ നിന്നു ഉല്‍ഭവിച്ചത്.  അനുഭവങ്ങളിലൂടെ സമൂഹം ശീലിച്ചുവന്ന പ്രയോഗങ്ങളാണ് ശൈലികള്‍. വ്യംഗ്യമായ അര്‍ത്ഥം വരുന്ന ഭാഷാപ്രയോഗമാണിത്. ഒരു പദം വാച്യാര്‍ഥത്തില്‍ പ്രയോഗിച്ചാല്‍ ശൈലിയാവില്ല. ശൈലികള്‍ വാക്കുകളായും വാക്യങ്ങളായും വരാം. ശരീരാവയവങ്ങള്‍, ജീവിത പരിസരം, പുരാണ കഥാപാത്രങ്ങള്‍, മൃഗങ്ങള്‍, തൊഴിലുകള്‍, അഭ്യാസമുറകള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ശൈലിക്ക് കാരണമാകുന്നു. ഏറെപ്രതീക്ഷയോടെ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്നു  ട്രയിന്‍ ചാര്‍ജ് വര്‍ദ്ധന, ഗ്യാസ്–പെട്രോള്‍ വിലവര്‍ധന എന്നൊക്കെ വാര്ത്ത ശ്രവിക്കുമ്പോള്‍ “വല്ലാത്ത ഇരുട്ടടി” എന്നു ജനം പറഞ്ഞുപോകും. ഇവിടെ ഇരുട്ടടി എന്നത്  - രഹസ്യമായി നേരിടുന്ന അപകടം എന്നാണ്.

."കറവപ്പശു" പതിവായുപയോഗിക്കുന്ന ഒരു ശൈലിയാണ്. കറക്കുന്ന പശുതന്നെ. ഉദ്യോഗമുള്ള മക്കളെ ഈ ശൈലികൊണ്ടാണ് ഇക്കാലത്ത് വിശേഷിപ്പിക്കുന്നത്. ശമ്പളം മുഴുവന്‍ അച്ഛന്റെ കൈയില്‍ കൊണ്ടുക്കൊടുക്കുന്ന മക്കളെ വിശേഷിപ്പിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ വേറൊരു ശൈലിയുണ്ടോ? "മിണ്ടാപ്പൂച്ച കലമുടച്ചു" എന്ന് കേട്ടാലോ? പൂച്ചയെക്കുറിച്ചും കലത്തെക്കുറിച്ചും ആരെങ്കിലും ചിന്തിക്കാറുണ്ടോ? പാവത്താനെന്ന് തോന്നിച്ചിരുന്ന ആരോ അതിസാഹസികമായ കൃത്യം ചെയ്തു എന്നേ അര്‍ത്ഥമാക്കൂ. "അണ്ടികളഞ്ഞ അണ്ണാന്‍"-പുതിയ കാലത്ത് വളരെയധികം പ്രയോഗിക്കപ്പെടുന്ന ശൈലിയാണിത്. സ്ഥാനം കിട്ടുമെന്ന് കരുതി ആറ്റുനോറ്റിരിക്കയും ഒടുവില്‍, സ്ഥാനം കിട്ടാതെ അപമാനിതനാവുകയും ചെയ്ത ആളെനോക്കി ഇങ്ങനെ കളിയാക്കാറുണ്ട്. “കണ്ണേ കരളേ വി എസ്സെ”എന്നു ഏതെങ്കിലും കോംറെഡ് മുദ്രാവാക്യം മുഴക്കിയാല്‍ അത് നേതാവിനോടുള്ള സ്നേഹാധിക്യമാണ് കാണിക്കുന്നത്.

“കണ്ണിലെണ്ണയൊഴിച്ച്” കാത്തുസംരക്ഷിച്ചു എന്ന് കേള്‍ക്കുമ്പോള്‍, ജാഗ്രതയോടെ  കാവലിരുന്നു എന്നേ അര്‍ത്ഥമുള്ളൂ. അല്ലാതെ ആരും കണ്ണിലെണ്ണ ഒഴിക്കാറില്ല. ചെമ്പ് തെളിയുക, കുതിര കയറുക, കാല് പിടിക്കുക, മറുകണ്ടം ചാടുക, മുടന്തന്‍ന്യായം, പൊടിക്കൈപ്രയോഗം, ചെണ്ടകൊട്ടിക്കുക..... തുടങ്ങി ഭാഷയെ ചോതോഹരമാക്കിത്തീര്‍ക്കുന്ന എത്രയെത്ര ശെലികള്‍.
ഒരു ജനതയുടെ സ്വത്വം തിരിച്ചറിയാന്‍ അവരുടെ ഭാഷയുടെ സവിശേഷതകള്‍ വിശകലനം ചെയ്‌താല്‍ മതി . സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ് ഭാഷ .ഭാഷയിലെ ശൈലികള്‍ സ്വാഭാവികമായും രൂപപ്പെട്ടുവരുന്നത്‌ ഈ സാംസ്കാരിക പശ്ചാത്തലത്തിലായിരിക്കും. ഒരു ജനതയുടെ സ്വഭാവസവിശേഷതകള്‍ ശൈലിയില്‍ പ്രകടമാണ്. ഭാഷയ്ക്കകത്തെ കൂട്ടായ്മയില്‍ നിന്നാണ് ഇതു രൂപം കൊള്ളുന്നത്‌ .നിരവധി കാലത്തെ തേച്ചുമിനുക്കലിലൂടെയാണ് ശൈലികള്‍ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് .


 ഏതാനും ശൈലികളും അവയുടെ പൊരുളും ഇങ്ങനെ വായിയ്ക്കാം  
 അക്കരപ്പച്ച – മിഥ്യാഭ്രമം,       അധരവ്യായാമം - വ്യര്‍ത്ഥഭാഷണം
·അബദ്ധപഞ്ചാംഗം – പരമാബദ്ധം,  ആകാശക്കോട്ട - മനോരാജ്യം
·ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം
·ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആള്‍
·ഉരുളയ്ക്കുപ്പേരി - തക്ക മറുപടി, ഉര്‍വശി ചമയുക - അണിഞ്ഞ് ഒരുങ്ങുക
·ഊതി വീര്‍പ്പിക്കുക - പെരുപ്പിച്ചു കാണിക്കുക
·എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു, ഏട്ടിലെ പശു - നിഷ്ഫല വസ്തു
ഓട്ട പ്രദക്ഷിണം - തിടുക്കത്തില്‍ നിര്‍വഹിക്കുന്ന കൃത്യം
കടശ്ശിക്കൈ - അവസാനകര്‍മ്മം, കണ്ടകശനി - വലിയ കഷ്ടകാലം
കാക്കപ്പൊന്ന് - വിലകെട്ട വസ്തു, കുറുപ്പില്ലാകളരി - നാഥനില്ലായ്മ
ഗജനിമീലനം - കണ്ടാലും കണ്ടില്ലെന്ന നാട്യം, ഗോപി തൊടുക - വിഫലമാവുക
ചാക്കിട്ടു പിടുത്തം - സ്വാധീനത്തില്‍ വരുത്തുക
·ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തു, തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി
ദീപാളികുളിക്കുക - ധൂര്‍ത്തടിക്കുക
ധൃതരാഷ്ട്രലിംഗനം - ഉള്ളില്‍ പകവെച്ച സ്നേഹ പ്രകടനം
·നിര്‍ഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു
പതിനെട്ടാമത്തെ അടവ് - അവസാനമാര്‍ഗ്ഗം
പള്ളിയില്‍ പറയുക – വിലപ്പോവാതിരിക്കുക,
പൊട്ടന്‍ കളി - വിഡ്ഢിവേഷം അഭിനയിക്കുക, മര്‍ക്കടമുഷ്ടി - അയവില്ലാത്ത നില
കുതികാല്‍വെട്ടുക – വഞ്ചിക്കുക, മുട്ടുശാന്തി - താല്‍ക്കാലികമായ ഏര്‍പ്പാട്
രാമേശ്വരത്തെ ക്ഷൌരം - പൂര്‍ത്തിയാക്കാത്ത കാര്യം
വളംവച്ചു കൊടുക്കുക – പ്രോത്സാഹിപ്പിക്കുക, വിഷമവൃത്തം - ദുര്‍ഘടസ്ഥിതി
വെടിവട്ടം – നേരംപോക്ക്,  വെള്ളിയാഴ്ചക്കറ്റം - ദുര്‍ബലമായ തടസ്സവാദം
·                    
എല്ലാം ശൈലികളും കണ്ടെത്തി പഠിക്കുകയും  എഴുതിവെയ്ക്കുകയും ചെയ്യുന്നത് ഭാഷാസ്നേഹികളുടെ രീതിയാണ്. വിദ്യാര്‍ഥികള്‍ക്ക്, പ്രാസംഗികര്‍ക്ക്,  എഴുത്തുകാര്‍ക്ക് ശൈലിയിലുള്ള ജ്ഞാനം കൂടിയേ തീരൂ.

ഒട്ടുമിക്ക ശൈലികളും എഴുതിവെയ്ക്കുക എന്ന ശ്രമകരമായ ജോലിയാണ് തന്റെ “ഭാഷാതിലകം” എന്ന ഗ്രന്ഥത്തിലൂടെ ശ്രീ കൊക്കോതമംഗലം എ വി നായര്‍ നിര്‍വഹിച്ചിരിക്കുന്നത്. ശൈലികല്‍ എഴുതി നേരിട്ടു അര്ത്ഥം പറയുന്നതിന് പകരം ഒരു നൂതന സമീപനം എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നു. പതിനഞ്ചു ചാര്‍ട്ടുകളിലായാണ് അദ്ദേഹം ശൈലികല്‍ക്രോഡീകരിച്ചിരിക്കുന്നത്. തലങ്ങും വിലങ്ങുംകോണോടുകോണും ശൈലികല്‍ വായിച്ചെടുക്കകയും അര്ത്ഥം കണ്ടെത്തുകയുമാവാം. ഭാഷാപ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വളരെ പ്രയോജനപ്പെടുന്നതാണ് ഈ ഗ്രന്ഥം. ഒരു മല്‍സരക്കളിയുടെ രൂപത്തിലും ഗ്രന്ഥപാരായണം സാധ്യമാകുന്നു.

ശ്രീ കൊക്കോതമംഗലം എ വി നായര്‍ എഴുതിയ ഇരുപതാമത്തെ പുസ്തകമാണിത്. കഥ, കവിത, നാടകം എന്നിവയായിരുന്നു 19 പുസ്തകങ്ങളും. ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ട മലയാളത്തിന് ശ്രീ നായര്‍ നല്കിയ മികച്ച സംഭാവനയാണ് അദ്ദേഹത്തിന്റെ “ ഭാഷാതിലകം”.    
എഴുത്തുകാരന്റെ സൃഷ്ടികള്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്ന സമൂഹമാണ് വളര്‍ന്ന് വരുന്നത്. പത്ര-പുസ്തക വായനയില്‍നിന്നു ജനം ചാനല്‍-ലാപ് ടോപ്-മൊബൈല്‍ പോലുള്ള  ഇ- വായനയിലേക്ക് മാറുകയും ചെയ്യ്ന്നു. എഴുത്തിലെ വിഷയങ്ങള്‍ അതുകൊണ്ടുതന്നെ ഏറിയ പങ്കും പ്രണയം,വാണിഭം, പീഡനം, ക്രൂരത, കുറ്റപത്രം തുടങ്ങിയവയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ “ഭാഷാതിലകം” പോലുള്ളവേറിട്ട ഗ്രന്ഥം എഴുതാന്‍ തയ്യാറായ ഈ എഴുത്തുകാരനെ അഭിനന്ദിക്കണം. നമ്മുടെ പൈതൃകവും,  സംസ്‌കാരവും, നന്മയുമെല്ലാം വരും തലമുറകള്ക്കു കൈമാറാന്‍ എളിയ ശ്രമംനടത്തിയ . ശ്രീ കൊക്കോതമംഗലം എ വി നായര്‍ക്കു സര്വ്വവിധ  ആശംസകളും! .
ചേര്‍ത്തല                           പ്രൊഫ. കെ എ സോളമന്‍
28-6-2014                      
 


Friday, 27 June 2014

പ്രകൃതിയും മനുഷ്യനും എന്റെ കവിതകളില്‍- കെ എ സോളമന്‍


ഒട്ടുമിക്ക കവിതകളിലെയും പ്രമുഖമായ ഉള്ളടക്കം പ്രകൃതിയും മനുഷ്യനുമാണ്.  ഇവ രണ്ടും അവലംബമാക്കി തന്നെയാണ് മറ്റു ഉള്ളടക്കങ്ങൾ. ഈ ഉള്ളടക്കങ്ങളില്‍ കഥകള്‍ കാണും, ദര്‍ശനമുണ്ടാകും, തത്വചിന്തയും ജീവിതവീക്ഷണവും വിശകലനവുമൊക്കെയുണ്ടാകും. മാനുഷികഭാവങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ പ്രകൃതി യഥേഷ്ടം കടന്നു വരിക യാദൃച്ഛികമല്ല .

കവിതയിലും  കലാസൃഷ്ടികളിലുംപ്രകൃതിയും മന്‍ഷ്യനും ഇഴചേർന്നു നില്ക്കുന്നു.  ഇക്കാണാവുന്ന പ്രകൃതിഭംഗിയെ മനോഹരമായി  വർണ്ണിക്കുന്നതി ലൂടെ മാത്രമല്ല, കാവ്യത്തിന്റെ ഭാഷ, താളം, പദാവലി, പ്രമേയം, ദർശനം എന്നിവയിലെല്ലാം ഈ  പ്രകൃതി സൌന്ദര്യം നമുക്ക് കണ്ടെടുക്കാനാവും.  അതു കാവ്യത്തിന്റെ അല്ലെങ്കില്‍ കലാശില്‍പത്തിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കും..

പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാവേണ്ടത് സര്‍ഗാത്മകതയുടെ സാദൃശ്യ മാണെന്ന തിരിച്ചറിവാണ് പ്രകൃതി സൌന്ദര്യത്തിന്റെ കാതല്‍. ജൈവവൈവിധ്യങ്ങളുടെ നാശം ഈ സാദൃശ്യത്തെ  കാര്യമായി ബാധിക്കുന്നു.  ഒരു കുന്നിടിച്ചാല്‍, ഒരു പുഴവരണ്ടാല്‍  അത് പ്രകൃതിയെ നൊംബരപ്പെടുത്തും, മനുഷ്യനെയും.  മരവും പക്ഷിയും പൂക്കളും തവളയും  മല്‍സ്യങ്ങളും ചെറുപ്രാണികളും മൃഗങ്ങളും  മനുഷ്യനുമൊക്കെ തമ്മിലുള്ള ബന്ധങ്ങള്‍ ലോകത്താകമാനമുള്ള കവിഹൃദയങ്ങളില്‍ രൂപം കൊണ്ടിട്ടുണ്ട്.  

ഈ ലോകപ്രകൃതി മനുഷ്യനു മാത്രമായി സ്വന്തമല്ല. കോടാനുകോടി  സൂക്ഷ്മജീവികളുടെയും അനേകം ചെറുപ്രാണികളടക്കമുള്ളവയുടെയും ആവാസകേന്ദ്രമാണ് ഈ ഭൂമി. ഭൂമിയെ ഈ വിധം സംരക്ഷിക്കുന്നതില്‍ മനുഷ്യനെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം സൂക്ഷ്മജീവികള്‍ കാട്ടുന്നതുകൊണ്ടു. ഭൂമിയുടെ മേല്‍ അവയ്ക്കുള്ള അവകാശം നിഷേധിക്കാനാവില്ല. ഇതുകൊണ്ടുതന്നെയാണ് കവിതകളില്‍പരിസ്ഥിതി വാദം ശക്തമായി കടന്നു വരുന്നത്.

‘തോരത്തെ മഴയെന്‍ നിരാശ’ എന്ന എന്റെ കവിത ഒരുപക്ഷേ ഒരു വിരോധാഭാസമായി ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. മഴയെ സ്നേഹിക്കാത്ത കവിയോ? പ്രകൃതിയെ സ്നേഹിക്കുന്ന കവിക്കും എന്തുകൊണ്ട് മഴയയെ സ്നേഹിക്കാന്‍ കഴിയുന്നില്ല? അതിനു കാരണം മഴ ഈ കവിയെ സംബന്ധിച്ചിടത്തോളം പട്ടിണിയുടെ പ്രതീകമാണ്. തോരാത്ത മഴ കര്‍ഷകര്‍ക്കും, കായല്‍, കടല്‍ എന്നിവിടങ്ങളില്‍ പണിയെടുത്ത് ജീവിക്കുന്നവര്‍ക്കും വറുതി യുടെ കാലമാണ്. പണിയില്ലാതെ കഷ്ടപ്പെടുകയും അടുപ്പില്‍ തീ പുകയാതെ സങ്കടപ്പെടുകയും ചെയ്യുന്ന മഴക്കാലം എങ്ങനെ സന്തോഷദായകമാവും. മഴയില്ലെങ്കില്‍ ജലമില്ല, കായലില്ല, മരങ്ങളില്ല എന്നൊക്കെയുള്ള വലിയകാര്യങ്ങള്‍ മഴമൂലം വയര്‍  പൊരിയുന്നകുട്ടിക്ക്  മനസ്സിലാവില്ല. മഴയുടെ രാവ് ഇന്നും ഈ കവിക്ക് തരുന്നത് പേക്കിനാവിന്റെ ഓര്‍മ്മകളാണ്. എങ്കിലും മഴയെ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കാണു കഴിയുക.? മഴയെ വര്‍ണ്ണിക്കുക മാത്രം ചെയ്യുന്നവരുടെ ബോധമില്ലായ്മ തിരുത്താനകില്ലെങ്കിലും ഈ ലോകത്ത്  മഴകൊണ്ട് കഷ്ടപ്പെടുന്നവര്‍ ഉണ്ട് എന്നു ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഈ കവിത.

മാനം കറുത്താല്‍ ഉള്ളില്‍ തീയാണെന്ന് എഴുതിയത് സത്യം തന്നെ. പക്ഷേ എല്ലാവര്‍ക്കുമുണ്ടല്ലോ  ജീവിതത്തില്‍ പല ഋതുക്കള്‍.

പ്രകൃതിയിലെ എന്തിനെയും സ്നേഹിക്കാനും മരങ്ങളോട് സംവദിക്കാനും ഈ കവിക്ക് ഇന്നും കഴിയുന്നുവെന്നത് യാഥാര്‍ഥ്യം. ഇപ്പോള്‍ മഴയും ഇഷ്ടമാണ്. ദശാ സന്ധികള്‍ പിന്നിടുംബോള് മനുഷ്യനു ഇഷ്ടങ്ങള്‍ മാറും എന്നത് തന്നെ ന്യായീകരണം.

നിര്‍മലവും നിഷ്കളങ്കവുമായ മനുഷ്യഹൃദയത്തെയും സ്നേഹിക്കാന്‍ ഈ കവിക്ക് കഴിയും. ഈ ലോകം ഗുസ്തിക്കാര്‍ക്ക് മാത്രമല്ല നിസ്സഹായനും ജീവിക്കാനുള്ളതാണ് എന്നു കവിയാകുമ്മുന്‍പേ കണ്ടുപിടിച്ചിരുന്നു. ഈ കവിയുടെ മനുഷ്യസ്നേഹം അറിയിക്കുന്നകവിതകളാണ് മരം, മറയില്ല മായില്ല നിന്റെ മന്ദസ്മിതം, പറക്കുകപ്പക്ഷി , പച്ചമരതകക്കല്ല്, മൃദുസ്പര്‍ശങ്ങള്‍ തുടങ്ങിയവ. മരത്തിന്റെ വിലാപം ഹൃദയസ്പര്‍ശിയായി തോന്നുന്നുവെങ്കില്‍ അനുവാചകന് ആര്‍ദ്രമായ ഒരു ഹൃദയമുണ്ട്, പ്രകൃതിയോട് ആകൃത്രിമമായ ഒരടുപ്പമുണ്ട്. പ്രകൃതിയെയും മരങ്ങളെയും നശിപ്പിക്കുന്നവരുടെ തിരിച്ചറിവിനായുള്ള ചോദ്യ്ങ്ങല്‍ ഉള്ളില്‍ത്തട്ടി വന്നതാണ്.

പറക്കുക പക്ഷി എന്ന കവിത തീര്‍ച്ചയായും ജീവിതാഹ്വാനത്തിന്റെ കവിതയാണ്. പ്രതീക്ഷ ആരും കൈവിടരുത്. ആയിരം വാതിലുകള്‍ അടഞ്ഞുകണ്ടാലും ഒരുവാതില്‍ തുറന്നു കിടപ്പുണ്ടാകും.
മനുഷ്യന്‍ എന്ന കവിതയില്‍ ഒരു യഥാര്‍ത്ഥ മനുഷ്യന്‍ എങ്ങനെയെന്ന് വെളിപ്പെടുത്താന്‍ തന്നെയാണ് ശ്രമിച്ചത്.
മധുരം, സുഖം, സന്തോഷം മാലാഖയുടെ
ഈ സ്വര്‍ഗജീവിതം എനിക്കു മടുത്തു
ഞാന്‍ പിശാചാകാന്‍ തീരുമാനിച്ചു
കൈപ്പു, ദു:ഖം, കൊലവെറി, കൊല
ഈ നരകവും എനിക്കു മടുത്തു
ഒടുക്കം
ഞാന്‍ മനുഷ്യനാകാന്‍ തീരുമാനിച്ചു.!

സുഖദുഖ സമ്മിശ്രമല്ല മനുഷ്യ ജീവിതം എന്നാര്‍ക്കാണു പറയാന്‍ കഴിയുക?

മുതിര്‍ന്ന പൌരന്‍ എന്ന കവിതയില്‍ വാര്‍ദ്ധക്യകാല വ്യെഥതന്നെയാണ് വിഷയം
മരവിച്ചുപോയൊരു മാനസവും
ചിരിയൊടുങ്ങിപ്പോയ ചൂണ്ടുകളുമായി
നഷ്ടപ്പെടാനായി ഒന്നുമില്ലാതെ നടന്നുപോകുന്ന മുതിര്‍ന്ന പൌരന്‍ എന്റെ എക്കാലത്തെയും ദുഖമാണ്.

ആലപ്പുഴ ആര്‍ ബ്ളോക്ക് കേന്ദ്രമായിനടക്കുന്ന കായല്‍ ടൂറിസത്തില്‍ മനുഷ്യന്‍ പ്രകൃതിയെകാണാതെ മദ്യത്തില്‍ അഭിരമിക്കുന്ന കാഴ്ച ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ‘പരല്‍ മീന്‍’ എന്ന കവിതയില്‍.

ഇങ്ങനെ സ്വന്തം കവിതയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ കവികള്‍ക്ക് മതിവരില്ല ഈ സത്യം ഉള്‍ക്കൊണ്ട് എന്റെ കുറിപ്പുഇവിടെ അവസാനിപ്പിക്കുന്നു. നന്ദി.

  
-കെ എ സോളമന്‍