Friday, 30 May 2025

കാല്പനിക ബജറ്റ് കാവ്യം

കാല്പനിക ബജറ്റ് കാവ്യം (Repost from 21-2-2018)

കേരള ബഡ്ജറ്റ് അവതരണത്തിന് ശേഷം മന്ത്രിയും പരിവാരങ്ങളും ആലോഷത്തിലാണ്. പലർക്കും ചാനലിൽ നിന്ന് താഴെ ഇറങ്ങാൻ നേരം കിട്ടിയിട്ടില്ല. ബഡ്ജറ്റിനൊപ്പം തൊട്ടുകൂട്ടാൻ ചൈനീസ് പെൺ കവികൾ ലഭ്യമല്ലാത്തതിനാൽ മലയാള കവയിത്രിമാരാണ് ബജറ്റ് എമ്പാടും. ഇതൊടെ ഇവരെല്ലാം എഴുത്തു നിർത്തി നാടുവിടുമോയെന്ന സംശയവും ബാക്കിയാവുന്നു.

ഈ വർഷത്തെ ബജറ്റ് സാഹിത്യം വായിച്ച് ഹർഷോന്മാദ പുളികതരാവുന്നവർ തോമസ് ജി ഐസ്ക് ജിയുടെ കഴിഞ്ഞ കൊല്ലത്തെ ബജറ്റ് കോപ്പി കണ്ടെടുത്തു വായിക്കുന്നതു നന്നായിരിക്കും

ഇന്റെർനെറ്റ് പൊതു അവകാശമാക്കുമെന്നതായിരുന്നു അന്നത്തെ ഒരു പ്രഖ്യാപനം. അങ്ങനെ ആക്കിയോ യെന്നു ചോദിച്ചാൽ ആ പണി മുകേഷ് അംബാനിയെ ഏല്പിക്കുകയയിരുന്നു. റിലയൻസ് ജിയോയിലൂടെ അംബാനി ചേട്ടൻ ഇന്റർനെറ്റ് വില്ലവം നടത്തിയതിനെ  ഇന്റർനെറ്റ് പൊതു അവകാശമാക്കിയതായി കരുതാം

പ്രവാസി ചിട്ടി വഴി  12000 കോടി രൂപാ സ്വരൂപിക്കുമെന്ന് ഒരു ഭീഷണിയുണ്ടായിരുന്നു. പ്രവാസി ചിട്ടി യുടെ വരിയോല അച്ചടിച്ചുകിട്ടാൻ വൈകിയതുകൊണ്ട് ഒരു രൂപാ പോലും ആ ഇനത്തിൽ വന്നു ചേർന്നില്ല. ചിട്ടിയെന്നു കേൾക്കുമ്പോൾ 'ഞാൻ ആ നാട്ടുകരനല്ല ' എന്നു പറയാൻ പ്രവാസി പഠിക്കുകയും ചെയ്തു.

കിഫ്ബി വഴി 50,000 കോടിയുടെ വികസനം എന്നതായിരുന്നു മുൻവർഷ ബജറ്റിലെ പ്രധാന തള്ള്. ഒന്നും കിട്ടിയില്ലയെന്നു പറയുന്നില്ല, ഒരു 4000 കോടിയോളം കിട്ടി. പക്ഷെ ഈ കേന്ദ്ര സാഹായം കിപ് ബി, കിഡ്നി യൊന്നൊക്കെ ഖതംതാൽ അടിച്ചില്ലേലും  കിട്ടും. കിഫ് ബിക്ക് ബജറ്റുമായി ബന്ധമില്ലായെന്ന്  ഹാർവാർഡ് റിട്ടേണിയായ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതഗോപിനാഥ് പറഞ്ഞെങ്കിലും ഹാർവാർഡ് ഡോക്ട്രേറ്റിനെക്കാൾ ഒട്ടും പിന്നിലില്ല തൊണ്ടഴുക്കു ഡോക്ട്രേറ്റ് എന്ന് കാണിക്കേണ്ടത് അത്യാവശ്യമായതിനാൽ ഇത്തവണയും കിഫ് ബിയിൽ തന്നെ  തൂങ്ങിയിരിക്കുകയാണ് ധനമന്ത്രിജി.

കെ ഫോൺ പദ്ധതി എന്നൊരു സാധനം കഴിഞ്ഞ തവണ പ്രഖ്യാപിച്ചിരുന്നു. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റെർനെറ്റ് എന്നതായിരുന്നു പ്രഖ്യാപനം. ഫോൺ കിട്ടാത്തവർ ആരും തന്നെ പരാതിയുമായി ചെല്ലാത്തതിനാൽ ഇതു സംബന്ധിച്ചു തർക്കമൊന്നും അവശേഷിക്കുന്നില്ല.

3000 കോടിയുടെ യമണ്ടൻ പക്കേജായിരുന്നു മുൻ കൊല്ലം കെ എസ് ആർ ടി ക്കായി പ്രഖ്യാപിച്ചത്.  2017-18 ൽ കോർപറേഷനെ ലാഭത്തിലാക്കുമെന്നും ജീവനക്കാരുടെ
ശമ്പളവും പെൻഷനും തടസ്സം കൂടാതെ ന ൾ കുമെന്നുമായിരുന്നു പ്രഖ്യാപനം. പെൻഷൻ കിട്ടി മരുന്നു വാങ്ങാൻ പോലും കഴിയാതെ ആറുപേർ ആത്മഹത്യ ചെയ്തു, .കുറെ പേർമരിച്ചു.  ഒന്നും നടന്നില്ല. ഇപ്പോൾ പറയുന്നു കെ എസ് ആർ ടി സി യെ മൂന്ന് ലാഭ കേന്ദ്രങ്ങൾ ആക്കി മാറ്റുമെന്ന്.  മൂന്നു ലാഭ കേന്ദ്രങ്ങൾക്കു പകരം ഒരെണ്ണം നഷ്ടകേന്ദ്രമായാൽ പോലും ബ്രേക്കു ഡൗൺ വണ്ടികളെപ്പോലെ ജീവനക്കാരെ പെരുവഴിയിൽ കിടത്തിയത് മോശമായിപ്പോയി. സ്ഥലവും കെട്ടിടവുമായി കോർപ്പറേഷനിൽ കുമിഞ്ഞുകൂടിയ സ്വത്തു വിറ്റെങ്കിലും ജീവനക്കാരുടെ അന്തസ് നിലനിർത്താൻ മന്ത്രി ശ്രമിക്കണമായിരുന്നു.

പന്ത്രണ്ട്  ഐടി ഹാർഡ്വെയർ പാർക്കുകൾ എന്നതായിരുന്നു  വേറൊരു മലർപ്പൊടി സ്വപ്നം. വന്നു വന്നു ഇപ്പോൾ ഹാർഡുവെയറുമില്ല സോഫ്റ്റുവെയറുമില്ല. ആകെയുള്ളത് ചാനൽ കാമറയ്ക്കു മുന്നിലിരുന്നുള്ള വയറു കുലുക്കി ചിരി മാത്രം. എല്ലാ താലൂക്കിലും ഒരോ ഗവണ്മെന്റ് കോളജ് എന്നൊരു പ്രഖ്യാപനവും ഇടയ്ക്കെങ്ങോ കേട്ടിരുന്നു. പിള്ളേർക്കു വിദ്യാഭ്യാസം ലഭിച്ചാൽ ചോദ്യം ചോദിക്കുമെന്നതുകൊണ്ട് ആപദ്ധതി മുമ്പേ പരണത്താക്കി. ഇനിയങ്ങോട്ടു ഉദ്യോഗസ്ഥ നിയമനങ്ങൾ പോലും ഇല്ല . അഭ്യസ്തവിദ്യരായ യുവാക്കൾ ചോദ്യം ചോദിക്കേണ്ട, മദ്യം ചോദിച്ചോളു എന്നതാണ് നിലവിലെ പോളിസി. ഇൻഡ്യൻ നിർമ്മിത വിദേശ മദ്യത്തിനൊപ്പം വിദേശ നിർമിത വിദേശമദ്യവും ബിവറേജസ് ഔട്ട്ലറ്റിൽ ലഭ്യമാണെന്ന് പ്രജകളെ ചാനൽ വഴി അറിയിക്കും

ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കടലാസ്സിൽ വിശ്രമിക്കുമ്പോൾ ബജറ്റേ തിര കാര്യങ്ങളായ മന്ത്രിമാരുടെ വിദേശയാത്ര. സമാജികരുടെ അരലക്ഷം -കാൽ ലക്ഷം വരുന്ന കണ്ണടവാങ്ങൽ, കോടികളുടെ മെഡിക്കൽ റി ഇംബോഴ്സ്മെന്റ് . സിനിമാനടികളുടെ ആരോഗ്യ സംരക്ഷണം ,  പോലിസ് പ്രൊട്ടക്ഷൻ എന്നിവ ഏറ്റെടുത്തു വിജയിപ്പിച്ച കാര്യം കാണാതിരുന്നു കൂടാ.

അങ്ങനെ കഴിഞ്ഞ ബഡ്ജറ്റിലെ സകല പ്രപ്പോസലുകളും പൂർത്തികരിച്ച സ്ഥിതിക്ക് പുതിയ ബഡ്ജറ്റിലെ നിർദ്ദേശങ്ങൾ പ്രാവർത്തികമാകുമോ യെന്ന ചോദ്യം അപ്രസക്തമാണ്. അവ അടുത്ത കൊല്ലം വിശകലനം ചെയ്യാം, അതല്ലേ നല്ലത്?
- കെ എ സോളമൻ

Sunday, 18 May 2025

സമർപ്പിത ജീവിതം -കവിത

#കവിത
#സമർപ്പിതജീവിതം
(മാരാരിക്കുളം ഗ്രാമോദ്ധാരണ സമിതി മൂൻ പ്രസിഡൻറ് ശ്രീ വിഎസ് പ്രഭാകരക്കുറുപ്പിനെ അനുസ്മരിച്ചു കൊണ്ട്)

മാരാരിക്കുളത്തിൻ മണ്ണിൽ സ്നേഹത്തിൻ പൂവിരിച്ച തേരാളി
ഗ്രാമോദ്ധാരണത്തിൽ മികവ് കാട്ടിയോൻ
മാധ്യമ തേജസ്സായ്, വാക്കുകളാൽ വെളിച്ചമായവൻ

രാഷ്ട്രഉപദേഷ്ടാവായ്, നന്മ കാട്ടിയോൻ.
സമൂഹ മനസ്സിൽ സ്നേഹമായ് വെളിച്ചമായ് നിന്നവൻ
സാംസ്കാരിക തേരിലേറിയ,
ദേശസ്നേഹത്തിൻ്റെ കനൽ നെഞ്ചിലേറ്റിയ,
സമർപ്പിത ജീവിതം.

മായാത്തൊരോർമ്മയായി 
ഒന്നാം ചരമദിനത്തിൽ ഞങ്ങളിതാ അർപ്പിക്കുന്നു കണ്ണീർ പൂക്കൾ.
ഹൃദയത്തിൽ നിറയും ഓർമ്മകൾ മന്ത്രിക്കുന്നു.
വിടവാങ്ങിയെങ്കിലും, അങ്ങേ നാമം മുഴങ്ങുന്നു,
സ്മരണകളിൽ എന്നും ജീവിക്കും വി എസ് പ്രഭാകരക്കുറുപ്പ്.
-കെ എ സോളമൻ

#Appreciation

[18/05, 8:39 pm] Mohanachandran P: ശ്രീ സോളമൻ സാറിന് നമസ്കാരം.

The poem was very touching.Our heartfelt thanks to all of you for organising the meeting and expressing your respect and love to chettan.'Mararikulam' where. hewas born and brought up was a great inspiration for him Chettan 's immense love for the place and the people we have seen throughout his life.
Our  heartfelt thanks to shree solomon for the meaningful poem in memory of chettan(VSP kurup) .🙏🙏🙏🙏

[18/05, 8:39 pm] Mohanachandran P: വത്സല ചേച്ചി വി എസ് പ്രഭാകരക്കുറുപ്പിന്റെ സഹധർമ്മിണി

#വേലിയകം തെക്കിനി- കഥ -

#വേലിയകം തെക്കിനി- കഥ - -കെ എ സോളമൻ
(മറക്കാതെ ബാല്യം - 8ാം ഭാഗം)
പുരയിടം നിറഞ്ഞുള്ള വീടുകൾ ആയിരുന്നു അന്ന് അവിടെയുള്ള പണക്കാർക്ക്. രണ്ടുനില കെട്ടിടങ്ങൾ പ്രചാരത്തിൽ ഇല്ല. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ കേറി പരിസര നിരീക്ഷണം നടത്താൻ അന്നവിടെ ഇരുനിലകെട്ടിടങ്ങൾ ഇല്ലായിരുന്നു. ആകെ ഉള്ളത് കടക്കരപ്പള്ളി ചന്തയിലെ കോൺഗ്രസ് ഓഫീസ് ആണ് അതുകൊണ്ട് ഞങ്ങൾ കുട്ടികൾ  കോൺഗ്രസ് ഓഫീസിലാണ് കയറുക. പലകത്തട്ടിലാണ് ഓഫീസിൻ്റെ മുകളിലത്തെ നില പണിഞ്ഞിരുന്നത്.

1964 കാലഘട്ടം ആണെന്നാണ് ഓർമ്മ. കോൺഗ്രസ് ഓഫീസിൽ ആർക്കും കയറാം. അവിടെ ഇരുന്നു നോക്കിയാൽ ചുറ്റുപാടും കാണാം. ചന്തയിൽ പോകുന്നവരെയും വരുന്നവരെയും കൃത്യമായി കാണാം. ആരും തന്നെ നമ്മുടെ ദൃഷ്ടിയിൽ പ്പെടാതെ രക്ഷപെടില്ല. ആ കാഴ്ച അന്ന് ഏറെ ആസ്വദിച്ചിരുന്നു.

വലിയ വീടുകളുടെ ഒരു ആകർഷണമായിരുന്നു  തെക്ക് കിഴക്ക് ആയുള്ള തെക്കിനി. മെയിൻ കെട്ടിടത്തിന്റെ പത്തിലൊന്ന് ചെലവ് മതിയാകും തെക്കിനി നിർമിക്കാൻ. ഞങ്ങളൊക്കെ അന്ന് താമസിച്ചിരുന്ന അറുകാപുര നിർമ്മിക്കാൻ തെക്കിനി നിർമ്മാണ ചിലവിന്റെ നൂറിൽ ഒന്ന് തുക മതിയാകും. ഒറ്റ ഹാൾ ആയിട്ടാണ് തെക്കിനി നിർമ്മിക്കുക. 

വേലിയകം വീടിൻറെ തെക്കിനി അതി മനോഹരമായിരുന്നു. രണ്ടു വാതിലുകൾ പടിഞ്ഞാറും വടക്കും. ചുറ്റിനും ജനലുകൾ.  ആഞ്ഞിലിത്തടിയിൽ തീർത്ത നിർമ്മിതികൾ. പോളിഷ് ചെയ്തു മനോഹരമാക്കിയിരുന്നു വാതിലുകളും ജനലുകളും

തെക്കിനിക്കു പടിഞ്ഞാറും വടക്കും വീതികൂടിയ വരാന്തകളും ഉണ്ടായിരുന്നു . കട്ടിൽ, കോച്ചി, മേശ, കസേര എന്നിവ തെക്കിനിക്കകത്ത്യ കാണും.  വീട്ടിലെ  കാരണവർ വിശ്രമിക്കാനാണ് സാധാരണ തെക്കിനി ഉപയോഗിച്ചിരുന്നത്. 

വേലിയകം തെക്കിനിയിൽ  വേലിയകൻ തന്നെയായിരുന്നു വിശ്രമിച്ചിരുന്നത്. ലഘു ഭക്ഷണം കൃത്യസമയത്ത് തെക്കിനിയിൽ അദ്ദേഹത്തിൻറെ  മേശപ്പുറത്ത് എത്തണം, അതായിരുന്നു ചിട്ട. 

ഞങ്ങൾ കുട്ടികൾക്ക് തെക്കനിയുടെ വരാന്തയിൽ ഇരിക്കാൻ അനുവാദം ഉണ്ടെങ്കിലും അകത്തേക്ക്  പ്രവേശനം ഇല്ലായിരുന്നു.

കുളത്തിൽ വീണുള്ള വേലിയകൻ്റെ പെടുമരണത്തിനു ശേഷം ഏതാനും മാസങ്ങൾ തെക്കിനി അടച്ചിട്ടിരിക്കുകയായിരുന്നു ഞങ്ങൾ തെക്കിനിയിലേക്ക് പോകാതായി.  വലിയ പേടിയായിരുന്നു കാരണം..

 വീടിൻ്റെ തെക്കുപടിഞ്ഞാറെ മൂലയിലെ ചെമ്മീപ്പുളിയിലെ അറുകൊലയും വേലിയകൻ്റെ പ്രേതവും ചേർന്ന് തെക്കിനിയിൽ വിഹരിക്കയാണെന്ന് ഇതു സംബന്ധിച്ചു അറിവുള്ളവർ പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ചിരുന്നു  വേലിയകൻ്റെ സഹോദരി കല്യാണി മൂത്തമ്മയും ഇതേ താണ്ട് അംഗികരിച്ച മട്ടിലായിരുന്നു '

ഞങ്ങൾ പതിവായി സമ്മേളിക്കുന്ന വർക്ക് ഏരിയയിൽ വെച്ച് ആരെങ്കിലും തെക്കിനിയുടെ കാര്യം പരാമർശിച്ചാൽ കല്യാണി മൂത്തമ്മ അൽപനേരം കണ്ണുകളടച്ച് കൈകൂപ്പി നിൽക്കും, അറുകെലയും അന്തരിച്ച സഹോദരനും ഒരുമിച്ച് തെക്കനിയിൽ സമ്മേളിക്കുന്ന കാര്യം അംഗീകരിക്കുന്ന മട്ടിൽ.

ഏതാണ്ട് ആറുമാസം കഴിഞ്ഞ് തെക്കനിക്കു മുന്നിലെ മുറ്റത്ത് ആഴി കൂട്ടി അഗ്നിപൂജയോടെ ഉച്ചാടനവും ആവാഹനവും നടത്തി കാരണവരുടെ  പ്രേതത്തെ നാടുകടത്തിയെങ്കിലും അറുകൊല അവിടം വിട്ടുപോയില്ല.  അറുകൊലയുടെ സെറ്റപ്പ് അങ്ങനെയാണെന്നാണ് അന്ന് ഞങ്ങളോട് മുതിർന്നവർ വിശദീകരിച്ചു തന്നത്. ഭാഗ്യത്തിന് യക്ഷി അങ്ങോട്ടൊന്നും തിരിഞ്ഞുനോക്കിയില്ല, അവർ തെക്കേ കുളക്കരയിലെ പനയിൽ സുഖമായി വസിക്കുകയായിരുന്നു.

കല്യാണ മൂത്തമ്മയുടെ ഏകമകൾ ലക്ഷ്മിക്കുട്ടിയും, ഭർത്താവ് വാസുദേവനും വേലിയകം വീടിൻറെ പൂർണ ചുമതല ഏറ്റെടുത്തു. വാസുദേവൻ കോട്ടയത്ത് പോലീസ് സിഐഡി ആയിരുന്നതുകൊണ്ട് വീട്ടിലെ ലൊട്ടുലൊടുക്കു പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചിരുന്നതേയില്ല. പോലീസിനെ ഭീകര പട്ടികയിൽ പെടുത്തിരുന്ന അക്കാലത്ത് സിഐഡി വാസുദേവനെയും ഞങ്ങൾ ആക്കൂട്ടത്തിൽ പെടുത്തി. ഞങ്ങൾ അദ്ദേഹത്തിൻറെ കണ്ണും വെട്ടത്ത് പോയില്ല. ആഴ്ചയുടെ അന്ത്യം അദ്ദേഹം വീട്ടിലെത്തുന്ന സമയത്ത് വേലിയകത്ത് പൂരത്തിന്റെ ബഹളം ആയിരുന്നു. 

സി ഐ ഡിക്കു വേണ്ടി സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരിക്കും മാലക്കുഞ്ഞമ്മയും കല്യാണി മൂത്തമ്മയും പരിവാരങ്ങളും. ലക്ഷ്മിക്കുട്ടി അമ്മയെ മാലക്കുഞ്ഞമ്മ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്.

വരാൽ കറിയുടെ റെസിപ്പി കൃത്യമായി അറിയാത്തതുകൊണ്ട് കുഞ്ഞാമ്മയെ വിളിക്കും.  കുഞ്ഞാമ്മ എൻറെ അമ്മ ത്രേസ്യയാണ്. കുഞ്ഞാമ്മ വെച്ച വരാൽ കറി ആണെങ്കിൽ സിഐഡിക്ക് ധൈര്യമായി വിളമ്പാം എന്ന് മാലക്കുഞ്ഞമ്മയ്ക്ക് അറിയാം. എപ്പോഴും പോയി വരാൽ കറി വെച്ചു കൊടുക്കാൻ താല്പര്യം ഇല്ലെങ്കിലും മകൻ അവിടെ കറങ്ങുന്നതിനാൽ എൻറെ അമ്മ സന്തോഷത്തോടെ ആ ജോലി സ്വീകരിച്ചു പോന്നു.

സി ഐ ഡി -മാലക്കുഞ്ഞമ്മ ദമ്പതികൾക്ക് അഞ്ചു മക്കൾ - രണ്ടാണും,  മൂന്നുപെണ്ണും കൊച്ചപ്പൻ, ബേബി, കുഞ്ഞുമോൾ, മോഹൻ, അമ്പിക്കുഞ്ഞ്. എല്ലാവരും എന്നെക്കാൾ മൂത്തവർ. ഇവരാരും തന്നെ ഞങ്ങളോടു അധികം സംസാരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങാടി പിള്ളേരും നാട്ടു പിള്ളാരും   തമ്മിലുള്ള കൂട്ട് കെട്ടിന്  പണ്ടുമുതലേ വിലക്ക് ഉള്ളതാണ്.

സിഐ  ഡിയുടെ അക്കാലത്തെ സമ്പാദ്യത്തിൻ്റെ ഒരു ഭാഗം  കോട്ടയത്ത് വീടും പുരയിടവുമായി പിന്നീടു രൂപാന്തരപ്പെട്ടു.  വേലിയകം വീട്ടിൽ നിന്ന് എല്ലാവരും ചില ദിവസങ്ങളിൽ അവിടെ പോയ താമസിക്കുന്ന പതിവും തുടങ്ങി. എന്നാൽ അമ്മയെ പിരിഞ്ഞ് മാറി നിൽക്കാൻ കല്യാണി മൂത്തമ്മയുടെ മകൾ ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് കഴിഞ്ഞില്ല. അവർ കൂടുതൽ ദിവസവും അമ്മയുടെ കൂടെ  വീട്ടിൽ തന്നെ ആയിരുന്നു.

പുതുക്കി പണിത തെക്കിനി മോൻ (മോഹൻ) ചേട്ടൻറെ സ്റ്റുഡി റൂമായി മാറി.  

തെക്കിനി പുതുക്കി പണിത കാലത്തെ ഒരു സംഭവം എന്റെ ജീവിതത്തിലെ ടേണിംഗ് പോയിൻ്റായി ഇന്നും ഓർമയിൽ.

തെക്കിനിക്കെട്ടിടത്തിൻ്റെ സകല ഓടുകളും ഇറക്കി താഴെ വച്ചു. പൂപ്പല് പിടിച്ച് കറുത്തിരുന്ന ഓടുകൾ തേച്ച് വെടിപ്പാക്കുക എന്ന ജോലി ഞങ്ങൾ കുട്ടികൾക്കായി കൊച്ചപ്പൻ ചേട്ടൻ ടെൻഡർ ചെയ്തു. കുട്ടികളാവുമ്പോൾ ചെലവിൽ ചെറിയ ലാഭം അദ്ദേഹം പ്രതീക്ഷിച്ചു കാണണം  . ബാലവേല നിരോധിക്കണം എന്ന ഒരു ചിന്ത പോലും അക്കാലത്ത് ആരുടെയും തലയിൽ ഉദിച്ചിരുന്നില്ല

 ഒരു ഓട് വെളിപ്പിക്കാൻ രണ്ടു പൈസ. 10 പൈസയ്ക്ക് ഒരു ചായ കിട്ടുന്ന അക്കാലത്ത് കാശിന് വളരെ വില ഉണ്ടായിരുന്നു. 

കരിപുരണ്ട  മേച്ചിൽ ഓടുകൾ വാർപ്പിലെ വെള്ളത്തിൽ മുക്കിവയ്ക്കുക, കുറച്ചു കഴിഞ്ഞ് അവ ഓരോന്നായി എടുത്ത് പൊതി മടൽ കൊണ്ട് ഉരച്ച് വെളുപ്പിക്കണം. മടൽ വീട്ടിൽ നിന്ന് കൊണ്ടുവരേണ്ട അവിടെ തന്നെ ധാരാളം ഉണ്ട്.

വീട്ടിലെ ദാരിദ്ര്യം ശരിക്ക് അറിയാവുന്ന തൊട്ടയൽവക്കത്തെ  ഞങ്ങൾ മൂന്നു കുട്ടികൾ പണി ഏറ്റെടുത്തു.  ഓട് ഉരച്ച് തുടങ്ങിയപ്പോഴാണ് മനസ്സിലായിയത് ഒരെണ്ണം വെളുപ്പിക്കാൻ കാൽ മണിക്കൂറെങ്കിലും വേണം. വെളുത്തത് പോരെങ്കിൽ കൊച്ചപ്പൻ ചേട്ടൻ വീണ്ടും പറയും , ഒന്നുകൂടി ഉരക്കാൻ.

 കൊച്ചപ്പൻ ചേട്ടൻ വക്കീലിന് പഠിക്കുന്ന ആളാണ്.

ഉരച്ച് വെളുപ്പിക്കുമ്പോൾ  ഓടിലെ പൂപ്പൽ അല്ല പകരം കൈയ്യിലെ തൊലിയായിരുന്നു നഷ്ടപ്പെട്ടുകൊണ്ടിരുന്നത്.

10 ഓട് വെളുപ്പിച്ചാൽ 20 പൈസ, 100 ഓടിന് രണ്ടുരൂപാ . രണ്ടു രൂപ കൂലി കിട്ടുന്നത് അന്ന് നിസ്സാര കാര്യമല്ലായിരുന്നു. തുമ്പാപണിക്കാർക്ക് അന്ന് ദിവസക്കൂലി  10 രൂപയായിരുന്നു !
ഒരു ദിവസം വെളുപ്പിച്ച ഓടിൽ അല്പം പൂപ്പൽ അവശേഷിക്കുന്നത് കൊച്ചപ്പൻ കണ്ടുപിടിച്ചു.

അദ്ദേഹം ചോദിച്ചു:
" നിന്നോട് പറഞ്ഞത് മനസ്സിലായില്ലേ? നീ ഇപ്പോഴും പഴയ പോഴൻ തന്നെ ആണോ?"

പണ്ടുമുതലേ ഞാൻ പോഴൻ ആണെന്നറിഞ്ഞതു കേട്ടു ചിരിച്ചുകൊണ്ട്  ഞാൻ നിന്ന്. നിസ്സഹായർ പോഴന്മാരായി അഭിനയിക്കുന്നത് ബുദ്ധിപൂർവമായ ഒരു പ്രവൃത്തിയാണ്.

പക്ഷെ എൻറെ ഉള്ളു പൊള്ളിയ ചോദ്യമായിരുന്നു അത് എന്ന് എനിക്ക് പിന്നീട് തോന്നി.  ക്ളാസിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ പഠിക്കുന്ന ഞാൻ പോഴൻ ആണെന്ന് മുദ്രകുത്തപ്പെട്ടത് എൻ്റെ ചങ്കിൽ തട്ടി .  പിന്നീടുള്ള ജീവിതകാലം മുഴുവനും " ഞാൻ പോഴനല്ല " എന്ന് തെളിയിക്കാനുള്ള ശ്രമമായിരുന്നു.. ഇങ്ങനെ ഒരു ചോദ്യം എൻറെ മുന്നിൽ പിന്നീടു വന്നു പെട്ട ഒരു കുട്ടിയോടും ഞാൻ ചോദിച്ചിട്ടില്ല. 

ചില ചോദ്യം നമ്മെ പൊള്ളിക്കുമെങ്കിലും അത് ജീവിതത്തിലെ വഴിത്തിരിവായി മാറും എന്നുള്ളത് ഒരു സത്യമാണ്.
(തുടരും....)