Wednesday, 7 September 2022

വൈറസ് - കഥ

#വൈറസ് 
കഥ -കെ എ സോളമൻ

കഥ എഴുതുന്നതിന് നാളുകൾക്ക് മുമ്പേ കടലാസും പേനയും ഉപേക്ഷിച്ച കഥാകാരൻ തൻറെ പുതിയ കഥ വായിക്കാനായി വേദിയിലേക്ക് വന്നു

മൈക്ക് പിടിച്ച് നേരെ ആക്കിയതിനു ശേഷം സദസ്സിൽ സന്നിഹിതരായ സാംസ്കാരിക ട്രൂപ്പ് അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞു.

"മാന്യ സുഹൃത്തുക്കളെ, എൻറെ ഏറ്റവും പുതിയ കഥയാണ്, നിങ്ങൾ ബോറടിക്കാതിരിക്കാൻ വളരെ സംക്ഷിപ്തമായിട്ടാണ് എഴുതിയിട്ടുള്ളത്. കഥയിലേക്ക് കടക്കാം. കഥയുടെ പേര് വൈറസ് "

കഥ വായിക്കുന്നതിനായി കഥാകാരൻ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ഓൺ ചെയ്തു. ഗൂഗിൾ ഡ്രൈവിൽ കടന്ന് കഥ സ്ക്രീനിലേക്ക് കൊണ്ടുവന്നു.

കഥ വായിക്കാൻ തുടങ്ങിയതും അതിലെ അക്ഷരങ്ങൾ ഓരോന്നായി താഴെ വീഴുന്നതായിട്ട് കഥാകാരൻ കണ്ടു. പണ്ട് ഡയറിയിൽ കഥയെഴുതി വായിച്ച കാലത്ത്  ഉണ്ടാകാത്ത അനുഭവം.

അയാൾ മൊബൈലിന്റെ അവിടെയും ഇവിടെയും തട്ടി നോക്കി. വിരലുകൾ കൊണ്ട് കുത്തി നോക്കി , ഓഫ് ചെയ്യാൻ നോക്കി.  ഓഫ് ആകുന്നതുമില്ല. 

 കഥാകാരൻ എന്താണ് കാണിക്കുന്നത് എന്ന് മനസ്സിലാകാതെ ശ്രോതാക്കൾ ആകാംക്ഷയുടെ നോക്കിയിരുന്നു.

 കൈ മുദ്രകൾ നിർത്തി കഥാകാരൻ പറഞ്ഞു: "മൊബൈൽ ഹാങ്ങ് അല്ല, വൈറസ് ബാധ ആണെന്ന് തോന്നുന്നു. വൈറസ് ക്ലീനർ ഡൗൺലോഡ് ചെയ്യാനും പറ്റുന്നില്ല, അതുകൊണ്ട് ഈ കഥ ഈ പരിപാടിയുടെ അവസാനം ഞാൻ  വായിക്കാം. അല്ലെങ്കിൽ അടുത്ത തവണ വായിക്കാം, നന്ദി, നമസ്കാരം"

 ശ്രോതാക്കൾ കൈയടിച്ചു.

Sunday, 17 July 2022

#പുരസ്കാരം #മഹത്തരം, #പക്ഷെ ... .

ചെറുതും വലുതുമായ എല്ലാ അവാര്‍ഡുകളും മഹത്തരമാണ്, അതു കിട്ടുന്നത് ഒര് ആദരവാണ്, വേണ്ടാത്തവര്‍ അത് വാങ്ങാന്‍ പോകരുത്.

പക്ഷെ പല അവാർഡുകളും ഒരു തരം പുറംപൂച്ചിന്റെ ഭാഗമായി കഴിഞ്ഞു. ഒന്നോ രണ്ടോ സീരിയലിൽ അഭിനയിച്ചാൽ, ഒരു സിനിമയിൽ മുഖം കാണിച്ചാൽ ടിയാൻ നാട്ടിലെ മുഖ്യ സാംസ്കാരിക നായകനാവും. പുരസ്കാരങ്ങളെല്ലാം അയാളെ തേടിയെത്തും. ജീവിതകാലം മുഴുവനും ആത്മാർത്ഥതയോടെ ജോലി ചെയ്ത, ശിഷ്ട ജീവിതം സ്വസ്ഥമായി കഴിയാൻ ആഗ്രഹിക്കുന്ന ഒരു അധ്യാപകനെയോ, ഡോക്ടറെയോ, തയ്യൽക്കാരനെയോ ഇത്തരം പുരസ്കാരങ്ങൾ തേടി എത്താറില്ല.  നമ്മുടെ പുരസ്കാര വിതരണ സമ്പ്രദായത്തിലെ വലിയൊരു വൈകല്യമാണിത്.

അക്കാദമികളിലും പുരസ്കാരം നിർണയ സമിതികളിലും എത്തിപ്പെടുന്നത് രാഷ്ട്രീയ ആഭിമുഖ്യം പുലർത്തുന്നവരാണ്. അവാർഡ് വിതരണത്തിൽ അവർ അവരുടെ താത്പര്യം മാത്രമേ സംരക്ഷിക്കൂ . അർഹതയുള്ളവർ  പലപ്പോഴും തഴയപ്പെടുന്നതായാണ് കാണുന്നത്. 

കിട്ടിയഅവാര്‍ഡുകള്‍ തിരികെ നല്കി പ്രതിഷേധിക്കുന്ന ചില ഫ്റാഡുകൾ ഉണ്ട്. ഇവർക്ക് അവാർഡ് ലഭിച്ചത് തന്നെ ചിലരുടെ പുറം ചൊറിഞ്ഞു കൊടുത്തിട്ടായിരിക്കും. അങ്ങനെയുള്ളവർ പുരസ്കാരം. തിരികെ നൽകുമ്പോൾ .കിട്ടിയ പണം കൂടി പലിശ സിഹിതം തിരികെ കൊടുക്കാൻ ബാധ്യസ്ഥരാണ് പക്ഷേ അങ്ങനെ ചെയ്തു കാണുന്നില്ല.

ഇന്ന് കാണുന്ന പല പുരസ്കാ വിതരണങ്ങളും നീതിപൂർവ്വകമല്ല എന്നുതന്നെയാണ് വിശ്വാസം. അന്യോന്യം പുറം ചൊറിയലിന്റെ ഭാഗമായി മാറി നമ്മുടെ പുരസ്കാര വിതരണ സമ്പ്രദായം

Monday, 11 July 2022

#കളഞ്ഞുപോയ #സൗഹൃദങ്ങൾ


നമ്മുടെ നല്ല കാലത്തും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നിൽക്കുന്നവരാണ് അടുത്ത സുഹൃത്തുക്കൾ. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കാൻ കഴിയുന്നതും സുഹൃത്തുക്കളോട് മാത്രമായിരിക്കും. നമ്മുടെ ജീവിതത്തെ താങ്ങി നിർത്തുന്ന തൂണുകളിലൊന്നാണ് നല്ല സുഹൃദ് ബന്ധങ്ങൾ.

എന്നാൽ ഒരു മനുഷ്യൻറെ ജീവിതത്തിൽ പല കാലഘട്ടങ്ങൾ ഉള്ളതുകൊണ്ട് സുഹൃത്തുക്കളും മാറും. പത്താം ക്ലാസിൽ കൂടെ പഠിച്ചിരുന്ന എത്ര സുഹൃത്തുക്കളെ 60 പിന്നിട്ട ഒരാൾക്ക് ഓർക്കാൻ കഴിയും? എന്നുവെച്ചാൽ സുഹൃത്ത് ബന്ധങ്ങൾ മാറിക്കൊണ്ടിരിക്കും

ചെറുപ്പക്കാരിലാണ് സുഹൃത്ത് ബന്ധങ്ങൾ കൂടുതൽ ദൃഢമായി കാണുന്നത്. പ്രായം കൂടുന്തോറും ബന്ധങ്ങൾ കുറഞ്ഞു വരും. അത് കുടുംബങ്ങളിൽ പോലും കാണാം. വൃദ്ധന്മാർ ഒറ്റയ്ക്ക് നടക്കുന്നത്  കണ്ടിട്ടില്ലേ? ആരും സംസാരിക്കാനില്ലാതെ വിഷമിക്കുന്നവർ. അതിലൊന്നും ഒരു അസ്വാഭാവികതയും ഇല്ല, ജീവിത ഗതി അങ്ങനെയാണ്.

മാറിയകാലത്ത് ആൽച്ചുവട്ടിലും ഗ്രാമ ഗ്രന്ഥാലയങ്ങളിലും ഇരുന്ന്  സംസാരിക്കാനും വായിക്കാനും ആളെ കിട്ടില്ല. സൗഹൃദം പങ്കിടാൻ ഏതെല്ലാം സ്ഥലങ്ങൾ, ഏതെല്ലാം രീതികൾ ഇതെല്ലാം കാലം വരുത്തിവെച്ച് മാറ്റങ്ങളായി കണ്ടു കൊണ്ട് സമാധാനത്തോടെ ജീവിക്കാൻ പഠിക്കുക. അതാണ് വേണ്ടത്. നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങൾ ഓർത്ത് ദുഃഖിക്കതിരിക്കുക

- കെ എ സോളമൻ

Tuesday, 7 June 2022

നിലാവിൻ #നിഴൽ


നീ നിന്റെ വിദൂരമാം വീട്ടിലാണ് 
ജനിച്ച വീട്ടിലേക്ക് വരാരെയില്ലല്ലോ?
അല്ലെങ്കിൽ തന്നെ ആരുണ്ടവിടെ
ആരാണ് നിനക്കവരിന്നിപ്പോൾ ?

അന്യദേശത്ത് ബന്ധിക്കപ്പെട്ട നീ 
ആ ദേശം ഉപേക്ഷിക്കില്ലയെന്നറിയാം
ഞാൻ അറിയുന്നത് പോലെ നിന്നെ -
ആരറിയാനാണവിടെയും ഇവിടെയും? 

മണിക്കൂറുകൾ ഫോണിൽ പറഞ്ഞു -
സങ്കടങ്ങളെന്നു നിനക്കു തോന്നിയവ
ഒരിക്കലെന്റെ കൈകളിൽചിരിച്ചു നീ
കൈകളപ്പോൾ മരവിച്ചുതണുത്തു പോയ്

എന്റെ വേദന അഹങ്കാരിയുടേതാണ്
ആഗഹങ്ങൾക്ക് അറുതി ഇല്ലാത്തവൻ
നീ എന്റെചുണ്ടുകൾ പറിച്ചെടുത്തില്ലേ?
ഇല്ല, എനിക്കങ്ങനെ തോന്നിയതാകാം

നമ്മളിനി വീണ്ടും കണ്ടുമുട്ടുമോ
വീടിനു മുന്നിലെ പുളിമരക്കീഴിൽ?
നിഷിദ്ധമല്ലാത്ത സ്നേഹത്തണലിൽ
മേഘങ്ങളില്ലാത്ത അനന്തതയിൽ?

ആകാശം തിളങ്ങട്ടെ നീലതേജസ്സിൽ  ഭൂമിയിൽ വീഴട്ടെ നിലാവിൻ നിഴലുകൾ
മനസ്സിൽ ഉയരട്ടെ ചെറുനിശ്വാസങ്ങൾ
കാത്തിരിക്കാമിനിയൊരു നാളിനായ്

- കെ എ സോളമൻ

Saturday, 7 May 2022

അമ്മയുടെ കൈകളിൽ - കവിത

#അമ്മയുടെ #കൈകളിൽ
(ഇന്നു മാതൃദിനം)

സുരക്ഷിതനായിരുന്നു ഞാൻ
ആദ്യശ്വാസത്തിൻ നാൾമുതൽ
എന്റെ അമ്മയുടെ  കൈകളിൽ

ഇരിക്കാൻ പഠിച്ചതും 
നടക്കാൻ തുടങ്ങിയതും
ആ കൈകളാൽ താങ്ങി.
കരയാൻ നേരം മുറുകെ പുണർന്നും
കൈകളാൽ കണ്ണീർ മെല്ലെ തുടച്ചും
ചേർത്തുപിടിച്ചും വീഴാതെ നോക്കിയും
കാലങ്ങളേറെ കൂടെ നടന്നതും
എന്റെ യമ്മ

മറക്കാനാവാത്ത കാലം
കൊടിയ നിരാശയുടെ,
കൊടും പട്ടിണിയുടെ കാലം.
തിരികെ വരാൻ  ആഗ്രഹിക്കുന്നുവെങ്കിൽ
അതെന്റമ്മയെ കാണാൻ മാത്രം

ചാണകതറയിലെ കൽപെരുമാറ്റം
മേയാൻ വൈകിയ പുരയിലെ സൂര്യകിരണങ്ങൾ
മഴവരല്ലെയെന്ന നേർത്ത പ്രാർത്ഥന
എല്ലാമൊരിക്കൽ കൂടി
എന്റെ അമ്മയുണ്ടെങ്കിൽ മാത്രം.

മരണപ്പെട്ടവരുടെ ജീവിതം
ജീവിക്കുന്നവരുടെ ഓർമകളിൽ
എങ്കിൽ ഞാൻ പറയും
എന്റെ അമ്മ
ചാന്ദ്രപ്രകാശമായായിരുന്നു 
തിളങ്ങുന്ന അരുവിപോലെ സാന്ദ്രമായിരുന്നു
നിറംമങ്ങിയ കാൻവാസിലെ
നക്ഷത്രവെളിച്ചം

സുരക്ഷിതനായിരുന്നു ഞാൻ
ആദ്യശ്വാസത്തിൻ നാൾമുതൽ
എന്റെ അമ്മയുടെ  കൈകളിൽ

- കെ എ സോളമൻ

.

Saturday, 9 April 2022

ഈ #മണ്ണിൽതന്നെ #ജീവിതം

#ഈ #മണ്ണിൽതന്നെ #ജീവിതം
കവിത 

ഇരുൾ തിങ്ങിയ മുറിയിൽ
ആരോടും മിണ്ടാതെ 
ഏകനായിരിക്കേണം,
ഇരുന്നു കഴിയുമ്പോൾ അറിയാം
ഭയാനകമായിരുന്നു ആ നിമിഷങ്ങളെന്ന്.

മൗനസാഗരചിന്തയിൽ മുഴുകണം
മുനിമാരെപോലെ 
ഹൃദയമൗനങ്ങളോട്പറയണം
കരയാനിനി നേരമില്ലെന്ന്

ഞാൻ അതു കേട്ടു, ഇപ്പോഴും കേൾക്കുന്നു 
പാവങ്ങളുടെ കരിച്ചിൽ
കിടപ്പാടം നഷ്ടപ്പെടുമെന്ന ചിന്ത
പോലീസ് സൈറണുകളുടെ ഭീഷണി
നെയിംപ്ളേറ്റില്ലാ പോലീസ് ഭ്രാന്ത്.

കോവിഡ് ബാധപോൽ കേരളമെമ്പാടും
നിറയുന്നു കുറ്റികൾ,
പിഴുതെറിയുന്നു ജനങ്ങൾ

ഭീഷണി മുഴക്കലുകൾ
മുകളിൽ പോലീസ് ഹോണുകൾ സ്റ്റേഡിയത്തിൽ പൗരമുഖ്യരുടെ
ആഹ്ലാദപ്രകടനങ്ങൾ

സുഗന്ധവ്യഞ്ജന സ്റ്റോർപോൽ 
നടിമാർ ചാനലിൽ വിലസുന്നു
മിനിസ്കർട്ടും ഹാഫ് സ്കർട്ടും ധരിച്ച് .
ഗർജിക്കുന്നു, പോകണം 
കാസർ ടു കന്യാകുമാരി
ഒൺലി ഫോർ അവേഴ്സ്
വേണം കെ റെയിൽ:

വിധിക്കപ്പെട്ടവർ പറയുന്നു
വിട്ടു തരില്ലെരിക്കലും
ഞങ്ങളുടെ മണ്ണും മണവും കിടപ്പാടവും .
ഞങ്ങൾക്കും ജീവിക്കണം
ഞങ്ങൾ പോകുന്നു സന്താപത്തിലേക്ക്
ചിറകരിഞ്ഞാലും പറക്കും.
നുള്ളി എറിഞ്ഞാലും തളിർക്കും പൂക്കും, എങ്ങാട്ടുമില്ല.
ഈ മണ്ണിൽ തന്നെ ജീവിതം,
ഈ മണ്ണിൽ തന്നെ മരണം

- കെ എ സോളമൻ

Wednesday, 1 December 2021

ജാലകം മറയ്ക്കുമ്പോൾ

#ജാലകം #മറയ്ക്കുമ്പോൾ

ഇത് രാത്രിയാണ്
വഴിയിലൂടെ പോകുന്നവർക്ക് കാണാം
ജാലകം തുറന്നിട്ടിരിക്കുന്നു
മുറിയിൽ വെളിച്ചവുമുണ്ട്.

രണ്ടുവർഷമായി തുറന്നിട്ടിരുന്ന ജാലകം
തിരശ്ശീലയാൽ ഞാൻ മറക്കുന്നു
എനിക്ക് ഭയം തോന്നിത്തുടങ്ങി
അവർക്കെന്നെ കാണാമോയെന്ന ഭയം

ആരാണവരെന്നോ ?
ആൽഫയും ബീറ്റയും ഗാമയും പിന്നെ
ഡൽറ്റയും ഓമൈക്രോണും
എനിക്ക് ദുഃഖം തോന്നി
ഒട്ടും സമ്പന്നമല്ലാത്ത പുരാതന
അക്ഷരമാലാക്രമത്തെയോർത്ത്.

എനിക്കെന്നും കാണാമായിരുന്ന -
കടൽതീരം കണ്ണിൽ നിന്നു മറഞ്ഞു
ആളുകൾ വരുന്നതും പോകുന്നതും.
തീരത്ത് നിരാശാപാണ്ടങ്ങളുമായി കുനിഞ്ഞിരിക്കുന്നവർ,
ഇല്ല, അവർ ഇനി കാഴ്ചയിൽ ഇല്ല .

തിരമാലകൾ ഉയരുന്നതും 
തെളിയുന്നതും.പൊങ്ങി മറയുന്നതും
എത്രയെത്ര പ്രാവശ്യം?
അവസാനത്തെ തിരയും മങ്ങുകയാണ്
 എങ്കിലും ഞാൻ ആഗ്രഹിക്കുന്നു
കടലും തിരയും ആകാശവും 
നിങ്ങളുടേതാകട്ടെ .
 
നനവുള്ള മൂടൽമഞ്ഞ് വീണ്ടും വരട്ടെ
ആഴങ്ങളിലേക്കു ചുഴലികൾ
അപ്രത്യക്ഷമാകട്ടെ .
 ഒറ്റയ്ക്കല്ലെങ്കിൽ സ്നേഹം
നിങ്ങളെ കാത്തിരിപ്പുണ്ട്
 നിശബ്ദത അനന്തമാകാതിരിക്കട്ടെ.

-കെ. എ സോളമൻ