Monday, 11 July 2022

#കളഞ്ഞുപോയ #സൗഹൃദങ്ങൾ


നമ്മുടെ നല്ല കാലത്തും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നിൽക്കുന്നവരാണ് അടുത്ത സുഹൃത്തുക്കൾ. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കാൻ കഴിയുന്നതും സുഹൃത്തുക്കളോട് മാത്രമായിരിക്കും. നമ്മുടെ ജീവിതത്തെ താങ്ങി നിർത്തുന്ന തൂണുകളിലൊന്നാണ് നല്ല സുഹൃദ് ബന്ധങ്ങൾ.

എന്നാൽ ഒരു മനുഷ്യൻറെ ജീവിതത്തിൽ പല കാലഘട്ടങ്ങൾ ഉള്ളതുകൊണ്ട് സുഹൃത്തുക്കളും മാറും. പത്താം ക്ലാസിൽ കൂടെ പഠിച്ചിരുന്ന എത്ര സുഹൃത്തുക്കളെ 60 പിന്നിട്ട ഒരാൾക്ക് ഓർക്കാൻ കഴിയും? എന്നുവെച്ചാൽ സുഹൃത്ത് ബന്ധങ്ങൾ മാറിക്കൊണ്ടിരിക്കും

ചെറുപ്പക്കാരിലാണ് സുഹൃത്ത് ബന്ധങ്ങൾ കൂടുതൽ ദൃഢമായി കാണുന്നത്. പ്രായം കൂടുന്തോറും ബന്ധങ്ങൾ കുറഞ്ഞു വരും. അത് കുടുംബങ്ങളിൽ പോലും കാണാം. വൃദ്ധന്മാർ ഒറ്റയ്ക്ക് നടക്കുന്നത്  കണ്ടിട്ടില്ലേ? ആരും സംസാരിക്കാനില്ലാതെ വിഷമിക്കുന്നവർ. അതിലൊന്നും ഒരു അസ്വാഭാവികതയും ഇല്ല, ജീവിത ഗതി അങ്ങനെയാണ്.

മാറിയകാലത്ത് ആൽച്ചുവട്ടിലും ഗ്രാമ ഗ്രന്ഥാലയങ്ങളിലും ഇരുന്ന്  സംസാരിക്കാനും വായിക്കാനും ആളെ കിട്ടില്ല. സൗഹൃദം പങ്കിടാൻ ഏതെല്ലാം സ്ഥലങ്ങൾ, ഏതെല്ലാം രീതികൾ ഇതെല്ലാം കാലം വരുത്തിവെച്ച് മാറ്റങ്ങളായി കണ്ടു കൊണ്ട് സമാധാനത്തോടെ ജീവിക്കാൻ പഠിക്കുക. അതാണ് വേണ്ടത്. നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങൾ ഓർത്ത് ദുഃഖിക്കതിരിക്കുക

- കെ എ സോളമൻ

Tuesday, 7 June 2022

നിലാവിൻ #നിഴൽ


നീ നിന്റെ വിദൂരമാം വീട്ടിലാണ് 
ജനിച്ച വീട്ടിലേക്ക് വരാരെയില്ലല്ലോ?
അല്ലെങ്കിൽ തന്നെ ആരുണ്ടവിടെ
ആരാണ് നിനക്കവരിന്നിപ്പോൾ ?

അന്യദേശത്ത് ബന്ധിക്കപ്പെട്ട നീ 
ആ ദേശം ഉപേക്ഷിക്കില്ലയെന്നറിയാം
ഞാൻ അറിയുന്നത് പോലെ നിന്നെ -
ആരറിയാനാണവിടെയും ഇവിടെയും? 

മണിക്കൂറുകൾ ഫോണിൽ പറഞ്ഞു -
സങ്കടങ്ങളെന്നു നിനക്കു തോന്നിയവ
ഒരിക്കലെന്റെ കൈകളിൽചിരിച്ചു നീ
കൈകളപ്പോൾ മരവിച്ചുതണുത്തു പോയ്

എന്റെ വേദന അഹങ്കാരിയുടേതാണ്
ആഗഹങ്ങൾക്ക് അറുതി ഇല്ലാത്തവൻ
നീ എന്റെചുണ്ടുകൾ പറിച്ചെടുത്തില്ലേ?
ഇല്ല, എനിക്കങ്ങനെ തോന്നിയതാകാം

നമ്മളിനി വീണ്ടും കണ്ടുമുട്ടുമോ
വീടിനു മുന്നിലെ പുളിമരക്കീഴിൽ?
നിഷിദ്ധമല്ലാത്ത സ്നേഹത്തണലിൽ
മേഘങ്ങളില്ലാത്ത അനന്തതയിൽ?

ആകാശം തിളങ്ങട്ടെ നീലതേജസ്സിൽ  ഭൂമിയിൽ വീഴട്ടെ നിലാവിൻ നിഴലുകൾ
മനസ്സിൽ ഉയരട്ടെ ചെറുനിശ്വാസങ്ങൾ
കാത്തിരിക്കാമിനിയൊരു നാളിനായ്

- കെ എ സോളമൻ

Saturday, 7 May 2022

അമ്മയുടെ കൈകളിൽ - കവിത

#അമ്മയുടെ #കൈകളിൽ
(ഇന്നു മാതൃദിനം)

സുരക്ഷിതനായിരുന്നു ഞാൻ
ആദ്യശ്വാസത്തിൻ നാൾമുതൽ
എന്റെ അമ്മയുടെ  കൈകളിൽ

ഇരിക്കാൻ പഠിച്ചതും 
നടക്കാൻ തുടങ്ങിയതും
ആ കൈകളാൽ താങ്ങി.
കരയാൻ നേരം മുറുകെ പുണർന്നും
കൈകളാൽ കണ്ണീർ മെല്ലെ തുടച്ചും
ചേർത്തുപിടിച്ചും വീഴാതെ നോക്കിയും
കാലങ്ങളേറെ കൂടെ നടന്നതും
എന്റെ യമ്മ

മറക്കാനാവാത്ത കാലം
കൊടിയ നിരാശയുടെ,
കൊടും പട്ടിണിയുടെ കാലം.
തിരികെ വരാൻ  ആഗ്രഹിക്കുന്നുവെങ്കിൽ
അതെന്റമ്മയെ കാണാൻ മാത്രം

ചാണകതറയിലെ കൽപെരുമാറ്റം
മേയാൻ വൈകിയ പുരയിലെ സൂര്യകിരണങ്ങൾ
മഴവരല്ലെയെന്ന നേർത്ത പ്രാർത്ഥന
എല്ലാമൊരിക്കൽ കൂടി
എന്റെ അമ്മയുണ്ടെങ്കിൽ മാത്രം.

മരണപ്പെട്ടവരുടെ ജീവിതം
ജീവിക്കുന്നവരുടെ ഓർമകളിൽ
എങ്കിൽ ഞാൻ പറയും
എന്റെ അമ്മ
ചാന്ദ്രപ്രകാശമായായിരുന്നു 
തിളങ്ങുന്ന അരുവിപോലെ സാന്ദ്രമായിരുന്നു
നിറംമങ്ങിയ കാൻവാസിലെ
നക്ഷത്രവെളിച്ചം

സുരക്ഷിതനായിരുന്നു ഞാൻ
ആദ്യശ്വാസത്തിൻ നാൾമുതൽ
എന്റെ അമ്മയുടെ  കൈകളിൽ

- കെ എ സോളമൻ

.

Saturday, 9 April 2022

ഈ #മണ്ണിൽതന്നെ #ജീവിതം

#ഈ #മണ്ണിൽതന്നെ #ജീവിതം
കവിത 

ഇരുൾ തിങ്ങിയ മുറിയിൽ
ആരോടും മിണ്ടാതെ 
ഏകനായിരിക്കേണം,
ഇരുന്നു കഴിയുമ്പോൾ അറിയാം
ഭയാനകമായിരുന്നു ആ നിമിഷങ്ങളെന്ന്.

മൗനസാഗരചിന്തയിൽ മുഴുകണം
മുനിമാരെപോലെ 
ഹൃദയമൗനങ്ങളോട്പറയണം
കരയാനിനി നേരമില്ലെന്ന്

ഞാൻ അതു കേട്ടു, ഇപ്പോഴും കേൾക്കുന്നു 
പാവങ്ങളുടെ കരിച്ചിൽ
കിടപ്പാടം നഷ്ടപ്പെടുമെന്ന ചിന്ത
പോലീസ് സൈറണുകളുടെ ഭീഷണി
നെയിംപ്ളേറ്റില്ലാ പോലീസ് ഭ്രാന്ത്.

കോവിഡ് ബാധപോൽ കേരളമെമ്പാടും
നിറയുന്നു കുറ്റികൾ,
പിഴുതെറിയുന്നു ജനങ്ങൾ

ഭീഷണി മുഴക്കലുകൾ
മുകളിൽ പോലീസ് ഹോണുകൾ സ്റ്റേഡിയത്തിൽ പൗരമുഖ്യരുടെ
ആഹ്ലാദപ്രകടനങ്ങൾ

സുഗന്ധവ്യഞ്ജന സ്റ്റോർപോൽ 
നടിമാർ ചാനലിൽ വിലസുന്നു
മിനിസ്കർട്ടും ഹാഫ് സ്കർട്ടും ധരിച്ച് .
ഗർജിക്കുന്നു, പോകണം 
കാസർ ടു കന്യാകുമാരി
ഒൺലി ഫോർ അവേഴ്സ്
വേണം കെ റെയിൽ:

വിധിക്കപ്പെട്ടവർ പറയുന്നു
വിട്ടു തരില്ലെരിക്കലും
ഞങ്ങളുടെ മണ്ണും മണവും കിടപ്പാടവും .
ഞങ്ങൾക്കും ജീവിക്കണം
ഞങ്ങൾ പോകുന്നു സന്താപത്തിലേക്ക്
ചിറകരിഞ്ഞാലും പറക്കും.
നുള്ളി എറിഞ്ഞാലും തളിർക്കും പൂക്കും, എങ്ങാട്ടുമില്ല.
ഈ മണ്ണിൽ തന്നെ ജീവിതം,
ഈ മണ്ണിൽ തന്നെ മരണം

- കെ എ സോളമൻ

Wednesday, 1 December 2021

ജാലകം മറയ്ക്കുമ്പോൾ

#ജാലകം #മറയ്ക്കുമ്പോൾ

ഇത് രാത്രിയാണ്
വഴിയിലൂടെ പോകുന്നവർക്ക് കാണാം
ജാലകം തുറന്നിട്ടിരിക്കുന്നു
മുറിയിൽ വെളിച്ചവുമുണ്ട്.

രണ്ടുവർഷമായി തുറന്നിട്ടിരുന്ന ജാലകം
തിരശ്ശീലയാൽ ഞാൻ മറക്കുന്നു
എനിക്ക് ഭയം തോന്നിത്തുടങ്ങി
അവർക്കെന്നെ കാണാമോയെന്ന ഭയം

ആരാണവരെന്നോ ?
ആൽഫയും ബീറ്റയും ഗാമയും പിന്നെ
ഡൽറ്റയും ഓമൈക്രോണും
എനിക്ക് ദുഃഖം തോന്നി
ഒട്ടും സമ്പന്നമല്ലാത്ത പുരാതന
അക്ഷരമാലാക്രമത്തെയോർത്ത്.

എനിക്കെന്നും കാണാമായിരുന്ന -
കടൽതീരം കണ്ണിൽ നിന്നു മറഞ്ഞു
ആളുകൾ വരുന്നതും പോകുന്നതും.
തീരത്ത് നിരാശാപാണ്ടങ്ങളുമായി കുനിഞ്ഞിരിക്കുന്നവർ,
ഇല്ല, അവർ ഇനി കാഴ്ചയിൽ ഇല്ല .

തിരമാലകൾ ഉയരുന്നതും 
തെളിയുന്നതും.പൊങ്ങി മറയുന്നതും
എത്രയെത്ര പ്രാവശ്യം?
അവസാനത്തെ തിരയും മങ്ങുകയാണ്
 എങ്കിലും ഞാൻ ആഗ്രഹിക്കുന്നു
കടലും തിരയും ആകാശവും 
നിങ്ങളുടേതാകട്ടെ .
 
നനവുള്ള മൂടൽമഞ്ഞ് വീണ്ടും വരട്ടെ
ആഴങ്ങളിലേക്കു ചുഴലികൾ
അപ്രത്യക്ഷമാകട്ടെ .
 ഒറ്റയ്ക്കല്ലെങ്കിൽ സ്നേഹം
നിങ്ങളെ കാത്തിരിപ്പുണ്ട്
 നിശബ്ദത അനന്തമാകാതിരിക്കട്ടെ.

-കെ. എ സോളമൻ

Wednesday, 20 October 2021

അങ്ങനെയൊരാളില്ല, സർ


കഥ - കെ എ സോളമൻ

ഇത് വായിക്കുന്നവർ ഇത്തരത്തിലുള്ള പല കഥകളിലെയും കഥാപാത്രങ്ങളായി എപ്പോഴെങ്കിലും അവതരിപ്പിട്ടുണ്ടാവാം. അതുകൊണ്ട് കാലിക പ്രസക്തി ഉണ്ട് .

ഞങ്ങളുടെ കോളേജിൽ ഫ്രാൻസിസ്  പാറക്കൽ എന്ന ലണ്ടൺ റിട്ടേൺ സർ പ്രിൻസിപ്പൽ ആയിരിക്കുമ്പോൾ നടന്ന സംഭവമാണ്.  പാറക്കൽ സാറിന്റെ കാലഘട്ടം കോളജിന്റെ സുവർണ്ണ കാലം എന്നു പറയാം. ഞങ്ങൾ അധ്യാപകരൊക്കെ പഠിപ്പിക്കുന്നതിനൊപ്പം  ഇംഗ് ളിഷിൽ പരസ്പരം സംസാരിക്കാനും തുടങ്ങിയത്. അക്കാലത്താണ്. സാർ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ഇംഗ്ലീഷിലായിരുന്നു. കൈ കഴുകൽ അല്ല ഹാൻഡ് വാഷ് ആയിരുന്നു അദ്ദേഹത്തിന്റെ രീതി.

കോളജിൽ ഞങ്ങളോടൊപ്പം  ജോലി ചെയ്തിരുന്ന ആംഗ്ലോ-ഇന്ത്യൻ കാരനായ ഒരു പിയൂൺ ഉണ്ടായിരുന്നു. പേരു് ഗിൽബർട്ട് ഓസ്റ്റിൻ കൊറിയ. കൊറിയയുടെ മാതൃഭാഷ ഇംഗ്ലീഷ് ആയതിനാൽ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന പ്രിൻസിപ്പലിനോട്  അദ്ദേഹത്തിന് ഒരു പ്രത്യേക ആഭിമുഖ്യം ഉണ്ടായിരുന്നു. പ്രിൻസിപ്പലിന് തിരിച്ചും അങ്ങനെ ആയിരുന്നുവെന്നു വേണം കരുതാൻ
. 
ഞങ്ങൾ അധ്യാപകർക്ക് ചെയ്യാൻ കഴിയുന്ന തിലും നന്നായി അവർ രണ്ടാളും സായിപ്പിന്റെ ഭാഷയിൽ കമ്യൂണിക്കേഷൻ നടത്തുമായിരുന്നു.

 എൻറെ ഡിപ്പാർട്ട്മെൻറിലെ ഒരു അധ്യാപകനായിരുന്നു ദിവാകരൻ ആചാരി. കോളജിന്റേത് ന്യൂനപക്ഷ മാനേജ്മെന്റ് ആയിരുന്നെങ്കിലും അധ്യാപക നിയമനത്തിൽ  മെറിറ്റിന് വലിയ പ്രാധാന്യമാണ് കൊടുത്തിരുന്നത്. അതു കൊണ്ട് ലത്തീൻ ക്രിസ്ത്യാനികൾക്കൊപ്പം അവിടെ ആശാരിയും നമ്പൂതിരിയും ഷേണായിയും പെന്തക്കോസ്ത്യം നായരുമൊക്കെ അധ്യാപകരായി ഉണ്ടായിരുന്നു.

കമ്യൂണിക്കേഷൻ എളുപ്പമായതു കൊണ്ട് ഒരിക്കൽ പാറക്കൽ സാർ കൊറിയയോടു പറഞ്ഞു.
"ആസ്ക് മി ദിവാകരൻ  ആചാരി ടു മീറ്റ് മി "
എന്നു വെച്ചാൽ ആചാരി സാറിനെ കണ്ടു പറയണം പ്രിൻസിപ്പലിനെ ഒന്നു ചെന്നു കാണണമെന്ന്.

ഞങ്ങളുടെ  ഡിപ്പാർട്ട്മെൻറും പ്രിൻസിപ്പാളിന്റെഓഫീസും അടുത്തടുത്തായിരുന്നു. എന്തോ അത്യാവശ്യ കാര്യം പറഞ്ഞേൽപിക്കാനാണ്, ആചാരി സാർ വരുന്നതും നോക്കി പ്രിൻസിപ്പൽ കാത്തിരുന്നു.

അര കിലോമീറ്റർ അകലെ കോളേജ് ഗ്രൗണ്ടും കഴിഞ്ഞ് അച്ചൻമാരുടെ സെമിനാരി ഉണ്ട് .  അവിടെ കുറെ ആശാരിമാർ ചേർന്ന് കോളേജ് കെട്ടിടനിർമ്മാണത്തിന്  ആവശ്യമായ പണി ചെയ്യുന്നുണ്ടായിരുന്നു. ദിവാകരൻ ആചാരിയെ തിരക്കി കൊറിയ അങ്ങോട്ടുപോയി . അര മുക്കാൽമണിക്കൂർ കാത്തിരുന്നിട്ടും കൊറിയയെയും ആചാരിയെയും കാണാത്തതിനാൽ പ്രിൻസിപ്പലിന് ഉത്കണ്ഠയായി.  

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൊറിയ തിരികെയെത്തി പ്രിൻസിപ്പാളിനോട് പറഞ്ഞു.

" അങ്ങനെയൊരാളില്ല, സർ, ഞാൻ അവിടെ എല്ലാം തിരിക്കി . ഒരു നാരായണനാചാരി ഉണ്ട് , ഒരു ചെല്ലപ്പൻ ആചാരിയും ഉണ്ട്, മറ്റൊരാൾ തമ്പി ആചാരി. വേറെയും ചിലരുണ്ട്. പക്ഷെ  സാറു പറഞ്ഞ ദിവാകരൻ ആചാരി മാത്രം ഇല്ല . അത്രടം വരെ നടന്നു പോയത് കൊണ്ടാണ് തിരികെ എത്താൻ വൈകിയത്.

പ്രിൻസിപ്പൽ പാറക്കൽ സാറും ആംഗ്ളോ ഇന്ത്യൻ പീയൂൺ കൊറിയയും ഒന്നാം ഭാഷയായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനാൽ.  ഇവരുടെ തുടർന്നുള്ള സംഭാഷണം കേട്ട് ചിരി നിയന്ത്രിക്കുന്ന ബന്ധപ്പാടിലായിരുന്നു  ഞാനുൾപ്പെടെ ഇടങ്ങേറു കണ്ടാസ്വദിക്കാൻ നടക്കുന്ന രണ്ടു മൂന്നുപേർ.

"തന്നെ പറഞ്ഞയച്ചഎന്നെ വേണം പറയാൻ" എന്നത് എങ്ങനെ ഇംഗ്ലീഷിൽ പറയാം എന്ന് അന്നാണ് എനിക്ക് ആദ്യമായി മനസ്സിലായത് .

കെ എ സോളമൻ

Sunday, 3 October 2021

വിമുക്തി ക്ലബ്



അടുത്ത വർഷം ഗാന്ധിജയന്തിക്ക് മുന്നോടിയായി കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിമുക്തി ക്ലബ്ബുകൾ ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി ഗോവിന്ദൻ പറയുന്നു.. ലഹരി വസ്തുക്കളോടുള്ള ആസക്തിയുടെ ഭീഷണിയെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കുന്നതിനാണിത്.

കുട്ടികൾ പോലും ഈ തിന്മയ്ക്ക് ഇരയാകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നത് ശരിയാണ്. നേതാക്കളുടെ ഉദാസീനമായ സമീപനം മൂലമാണ് ഇത് സംഭവിച്ചത്. യുവാക്കൾക്ക് ബെവ്കോ വിൽപന പോയിന്റുകൾ സന്ദർശിക്കുന്നതിന് പ്രായ നിയന്ത്രണമുണ്ടെങ്കിലും അത് കർശനമായി നടപ്പാക്കിയിട്ടില്ല. പോലീസിന്റെയും എക്സൈസിന്റെയും അലസമനോഭാവം ഈ സംസ്ഥാനത്തെ മയക്കുമരുന്ന് കച്ചവടക്കാർ ഒരു മേച്ചിൽ സ്ഥലമാക്കി.. ചില പോലീസ് ഉദ്യോഗസ്ഥർ പോലും മയക്കുമരുന്ന് വ്യാപാരികളുടെ ഏജന്റുമാരാണ്, അവർ ഈ വൃത്തികെട്ട ബിസിനസിൽ നിന്ന് വലിയ ലാഭം നേടുകയും ചെയ്യുന്നു.

കേരളത്തിലുടനീളം എണ്ണമറ്റ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ച ശേഷം, വിമുക്തി ക്ലബ്ബുകൾ കോമ്പസുകളിൽ തുറക്കുന്നത് പ്രയോജനപ്പെടില്ല. ലഹരി പദാർത്ഥങ്ങളോടുള്ള ആസക്തി അപകടകരമായ നിലയിലെത്തിയെന്ന് വിലപിച്ചുകൊണ്ട്. മയക്കുമരുന്ന്, മദ്യ കേസുകൾ സൗന്ദര്യവർദ്ധക ചികിത്സയിലൂടെ നിയന്ത്രിക്കാനാകില്ല, എന്നാൽ മയക്കുമരുന്ന് കടത്തുകാരെ പിടികൂടാൻ കർശനമായ പോലീസ് നടപടി പ്ളാൻ ചെയ്താൽ. അതു ഗുണം ചെയ്യും.

കെ എ സോളമൻ