Wednesday, 30 October 2013

ആന്‍ ആപ്പിള്‍ വിത്ത്‌ ഇരുമ്പന്‍ പുളി !

Photo


കൊളസ്ട്രോള്‍ പലവിധമുണ്ട്‌. നല്ല കൊളസ്ട്രോള്‍ മോശം കൊളസ്ട്രോള്‍ തുടങ്ങിയവ. എച്ച്ഡിഎല്‍ എല്‍ഡില്‍ എന്നൊക്കെ ചില ലാബറട്ടറിക്കാര്‍ പറയും. വാതപ്പനി ബാധിച്ചുചെന്നാലും ഡോക്ടര്‍ നിര്‍ദ്ദേശിക്കുക പഞ്ചസാരയുടെ അളവ്‌, കൊളസ്ട്രോള്‍, തൈറോയിഡ്‌ ഇവയൊക്കെ ടെസ്റ്റ്‌ ചെയ്യാനാണ്‌. ഡോക്ടര്‍മാരുടെ സംഘടനയും ലാബ്‌ ടെക്നീഷ്യന്മാരും തമ്മില്‍ വിവിധ ടെസ്റ്റിന്റെ കാര്യത്തില്‍ കൂട്ടുകച്ചവടമുണ്ടെന്നാണ്‌ വര്‍ത്തമാനം. കമ്മീഷന്‍ കാശായിത്തന്നെ ഡോക്ടറുടെ വീട്ടില്‍ കൃത്യമായി എത്തിക്കൊള്ളും. ടെസ്റ്റിന്‌ രോഗിയോട്‌ നിര്‍ദ്ദേശിക്കണമെന്നുമാത്രം!
ഇരുമ്പന്‍ പുളി കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ നല്ലതെന്ന്‌ ഇന്നലെയും ചാനലിലെ പെണ്‍കുട്ടി പറഞ്ഞു. രണ്ട്‌ ഇരുമ്പന്‍പുളി ഒരു ദിവസം, കൊളസ്ട്രോളിന്റെ പൊടിപോലും കാണില്ല.
80 പിന്നിട്ട പാറുക്കുട്ടിയമ്മക്ക്‌ യാതൊരുവിധ ആരോഗ്യപ്രശ്നവുമില്ല. അഞ്ചുവര്‍ഷമായി ഓട്സാണ്‌ പ്രഭാതഭക്ഷണം. ചില ദിവസങ്ങളില്‍ വൈകിട്ടും അതുതന്നെ. കമ്പനിക്കാര്‍ ഓട്സിന്റെ ഉല്‍പാദനം ആരംഭിക്കും മുമ്പുതന്നെ പാറുക്കുട്ടിയമ്മ ഓട്സ്‌ കുടിക്കാന്‍ തുടങ്ങിയതാണ്‌. ഓട്സില്‍ ഫൈബറുണ്ട്‌, ഫൈബറുള്ള ആഹാരമാണ്‌ ആരോഗ്യത്തിന്‌ ഉത്തമം. അതുകൊണ്ടുതന്നെ ബേക്കറി സാധനങ്ങള്‍ ഭക്ഷിക്കാറില്ല. മൈദകൊണ്ടുണ്ടാക്കിയ ബേക്കറി സാധനങ്ങളില്‍ ഫൈബറില്ല, മാത്രമല്ല ശരീരത്തിന്‌ പിടിക്കാത്ത പഞ്ചസാര, കളറിംഗ്‌ ഐറ്റംസ്‌ എല്ലാമുണ്ടുതാനും.
ഓട്സുമായുള്ള തന്റെ ബന്ധം അരക്കിട്ടുറപ്പിച്ചത്‌ ഒരു പ്രകൃതിസ്നേഹിയാണ്‌. അദ്ദേഹം മത്സ്യമാംസാദിയൊന്നും കഴിക്കില്ല. പൂര്‍ണാരോഗ്യവാന്‍, സസ്യാഹാരമാണ്‌ പഥ്യം. ഓട്സ്‌ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്ന്‌ ഒരു കുടുംബശ്രീ സെമിനാറില്‍ അദ്ദേഹം പ്രസംഗിച്ചത്‌ പാറുക്കുട്ടിയമ്മ ഇപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെയാണ്‌: 
“ഞാന്‍ തികച്ചും സസ്യഭുക്കാണ്‌. ഇന്നുവരെ എനിക്കൊരു പല്ലുവേദനപോലും വന്നിട്ടില്ല. നമ്മുടെ വയറിന്‌ പിടിക്കാത്ത ആഹാരവസ്തുക്കള്‍ വലിച്ചുകേറ്റി നമ്മുടെ വയറിനെ നാംതന്നെ പീഡിപ്പിക്കേണ്ടതുണ്ടോ?” അര്‍ത്ഥവത്തായ വര്‍ത്തമാനമായിരുന്നു അദ്ദേഹത്തിന്റേത്‌. പക്ഷെ അദ്ദേഹം പറഞ്ഞ ഒരു കാര്യത്തില്‍ പാറുക്കുട്ടിയമ്മ ഇപ്പോഴും സംശയമുണ്ട്‌. അദ്ദേഹം പറഞ്ഞത്‌ ഇതാണ്‌:
 “എനിക്ക്‌ ഇപ്പോള്‍ വയസ്‌ അമ്പത്തിയഞ്ച്‌. ഞാന്‍ എന്റെ ജീവിതത്തില്‍ ആഗ്രഹിച്ച പ്രധാനപ്പെട്ട കാര്യം ഞാന്‍ മരിക്കുന്നതുവരെ മൂന്നുപേര്‍ മരിക്കരുതെന്നാണ്‌, ഒന്ന്‌ ഇഎംഎസ്‌, രണ്ട്‌ വയലാര്‍ രാമവര്‍മ്മ, മൂന്ന്‌ എന്റെ അമ്മ. എന്റെ പ്രാര്‍ത്ഥന പക്ഷെ ദൈവം കേട്ടില്ല. അവര്‍ മൂന്നും ഇന്നില്ല.” 
കൂടുതല്‍ പേര്‍ മരിക്കരുത്‌ എന്ന്‌ അദ്ദേഹം പ്രാര്‍ത്ഥിക്കാതിരുന്നത്‌ എന്തുകൊണ്ടും നന്നായി എന്ന്‌ പാറുക്കുട്ടിയമ്മക്ക്‌ തോന്നി. അച്ഛന്‍ മരിക്കരുതെന്ന്‌ എന്തുകൊണ്ട്‌ പ്രാര്‍ത്ഥിച്ചില്ലായെന്ന്‌ ആ പ്രകൃതിസ്നേഹിയോട്‌ ചോദിക്കണമെന്ന്‌ തോന്നിയെങ്കിലും ചോദിച്ചില്ല.
ഇളയ മരുമകള്‍ അശ്വതി കൃത്യമായി ഭക്ഷണവും ഓട്സും പാറുക്കുട്ടിയമ്മക്ക്‌ നല്‍കും. ഭക്ഷം കഴിക്കുക, സീരിയല്‍ മുടങ്ങാതെ കാണുക, ഇതാണ്‌ പാറുക്കുട്ടിയമ്മയുടെ കുറച്ചുനാളായുള്ള റൂട്ടീന്‍.
രാവിലത്തെ ഓട്സില്‍ ആപ്പിള്‍, അമുല്‍, ചക്കര ഇവയെല്ലാം ചേര്‍ക്കും. ഓട്സുണ്ടാക്കി മരുമള്‍ കാട്ട്രോളിന്‍ അടച്ചുവെച്ചിട്ടാണ്‌ ജോലിക്ക്‌ പോകുക, ചൂട്‌ നഷ്ടപ്പെടരുതല്ലോ?
മരുമകള്‍ ജോലിക്ക്‌ പോയിക്കഴിഞ്ഞാല്‍ പാറുക്കുട്ടിയമ്മ തൊടിയിലേക്കിറങ്ങും. രണ്ട്‌ ഇരുമ്പന്‍ പുളി പറിച്ചുകൊണ്ടുവന്നു ഓട്സില്‍ അരിഞ്ഞിടും. ആപ്പിള്‍ കഷണവും ഇരുമ്പന്‍പുളിയും കൂടിയാവുമ്പോള്‍ നല്ല രസം.
ഇരുമ്പന്‍ പുളി കൊളസ്ട്രോള്‍ കുറക്കും, ആപ്പിളുള്ളതുകൊണ്ട്‌ ഡോക്ടറെയും കാണണ്ട. ആന്‍ ആപ്പിള്‍ വിത്ത്‌ ഇരുമ്പന്‍ പുളി എ ഡേ, കീപ്പ്സ്‌ ദി ഡോക്ടര്‍ എവെ!

കെ.എ. സോളമന്‍

No comments:

Post a Comment