Friday, 11 October 2013

സാമ്പത്തിക പ്രതിസന്ധിയില്ല; വൈഷമ്യം മാത്രം - മാണി

ഒരുവര്‍ഷത്തേക്ക് പുതിയ തസ്തികയില്ല 
30,000 താത്കാലിക തസ്തികകള്‍ പുനഃപരിശോധിക്കും


തിരുവനന്തപുരം:ധനവകുപ്പിന്റെ അനുമതിയില്ലാതെ ഈ വര്‍ഷം പുതിയ തസ്തിക സൃഷ്ടിക്കില്ല. 30,000 താത്കാലിക തസ്തികകള്‍ തുടരണമോ എന്ന് പരിശോധിക്കാന്‍ ധനവിനിയോഗ വിഭാഗം സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെടുക. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികള്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷനും നിയന്ത്രണം കൊണ്ടുവരും. സാമ്പത്തികച്ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രി കെ.എം. മാണിയും വ്യത്യസ്ത പത്രസമ്മേളനങ്ങളില്‍ പറഞ്ഞു. ട്രഷറിയില്‍ പ്രതിസന്ധിയില്ല. വരുമാനത്തേക്കാള്‍ സംസ്ഥാനത്തിന്റെ ചെലവ് ഉയര്‍ന്നതാണ് ഇപ്പോഴത്തെ സാമ്പത്തിക വൈഷമ്യത്തിന് കാരണം. ഇത് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണ്ടിവരും. പദ്ധതിച്ചെലവ് വെട്ടിക്കുറയ്ക്കില്ല. അതേസമയം പദ്ധതിയേതര ചെലവുകള്‍ ബജറ്റ് വിഹിതത്തിന് അപ്പുറത്ത് അനുവദിക്കില്ലെന്ന് മാണി പറഞ്ഞു. 

Comment: സാമ്പത്തിക പ്രതിസന്ധിയില്ല; വൈഷമ്യം മാത്രം, എന്നുവെച്ചാല്‍ ആസ്മാ അശേഷമില്ല, ശ്വാസം കഴിക്കാന്‍ പറ്റില്ലെന്നേയുള്ളൂ . പാവം യുവാക്കള്‍, എന്തെങ്കിലും തൊഴില്‍ കിട്ടുമെന്ന് കരുതിയത് വെറുതെയായി.
-കെ എ സോളമന്‍ 

No comments:

Post a Comment