Monday, 29 July 2013

ജോര്‍ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ ! - -ജന്‍മഭൂമി

Photo: ഔര്വരിലെ പഴയ പത്രക്കടലാസുകള്‍ പഴം പൊരി ചുരുട്ടികളഞ്ഞില്ലെങ്കില്‍ തുറന്നു നോക്കാം. ഇതൊക്കെ പ്രസിദ്ധീകരിച്ച പത്രക്കാര്‍ വിവരം കെട്ടവരെന്നു ഔവരിലെ കപട ബുദ്ധിജീവികള്‍ ആക്രോശിച്ചുകളയുമോ? ഞാന്‍ ഇവനെ അവിടെ ഏല്‍പ്പിക്കുകയാണ്, അല്പം തീറ്റയും വെള്ളവും കൊടുത്തേക്കണം

സരിതാ രാജകുമാരി രക്ഷിച്ചു, അല്ലായിരുന്നെങ്കില്‍ ജോര്‍ജ്ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ രാജകുമാരന്റെ ജനനം സംബന്ധിച്ച്‌ ഒത്തിരിപുലയാട്ടുകള്‍ കാണേണ്ടി വരുമായിരുന്നു.

ജോര്‍ജ്ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ രാജകുമാരനെ അറിയില്ലേ? അദ്ദേഹമാണ്‌ അംശവടി ഇല്ലാത്ത ഭാവി രാജാവ്‌. . വില്യം യുവരാജാവിന്റെയും റാണി കേറ്റ്‌ മിഡില്‍ ടണ്ണിന്റേയും സീമന്ത പുത്രന്‍. . ജനനം ലണ്ടനിലെ പോഷ്‌ ആശുപത്രിയില്‍. അറുപത്തിനാല്‌ വെടിപൊട്ടിച്ചാണ്‌ പ്രസവം ലോകത്തെ അറിയിച്ചത്‌.
പാപ്പരാസികളും ചാനല്‍ ലേഖകരും പത്രക്കാരും ആശുപത്രി കോമ്പൗണ്ടില്‍ അട്ടിപ്പേറു കിടക്കുകയായിരുന്നു, പ്രസവത്തിന്റെ ഓരോ നിമിഷവും ലോകത്തെ അറിയിക്കാന്‍. നടി ശ്വേതാ മേനോന്റെ ക്യാമറ പ്രസവം കഴിഞ്ഞാല്‍ അറിയപ്പെടുന്ന മറ്റൊരു കാമറാ പ്രസവമാണ്‌ കേറ്റിന്റെ തിരുവയറൊഴിയല്‍. കൊളോണിയല്‍ ഉച്ഛിഷ്ടം ഭക്ഷിച്ചു മടുക്കാത്തവര്‍ക്ക്‌ ഈ പ്രസവം ചാനലില്‍ കാണാനുള്ള സാധ്യത വിരളവുമാണ്‌.

വില്യം-കേറ്റ്‌ ദമ്പതികളുടെ കുട്ടി ജനിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ വെടിപൊട്ടിച്ചതു മനസ്സിലാക്കാം. അവിടെ നടക്കുന്ന ഓരോ പ്രസവവും മൂന്നാംലോക രാജ്യങ്ങലിലെ സുകര പ്രസവം പോലല്ല എന്നറിയിക്കേണ്ട ആവശ്യം അവര്‍ക്കുണ്ട്‌..  പോരാത്തതിന്‌ ഡയാന രാജകുമാരി കാര്‍ അപകടത്തില്‍ പെട്ട്‌ മരിച്ചതിന്റെ ദുരൂഹതയും നാണക്കേടും ഒഴിവാക്കി എടുക്കേണ്ടതും രാജകുടുംബത്തിന്റെ ആഗ്രഹമാണ്‌.

ഇന്ത്യന്‍ പ്രസിഡന്റ്‌ പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും കൊച്ചിന്റെ മുതുമുത്തശ്ശി എലിസബത്ത്‌ രാജ്ഞിക്ക്‌ സന്ദേശമയച്ച്‌ ആഹ്ലാദം പങ്കുവെച്ചു. സന്ദേശം എന്തായാലും അത്‌ കമ്പിമാര്‍ഗമായിരിക്കില്ല, ഇന്ത്യന്‍ കമ്പി വകുപ്പ്‌ കമ്പി സേവനം എന്നന്നേയ്ക്കുമായി ഉപേക്ഷിച്ചു കഴിഞ്ഞുവല്ലോ.

ഇന്ത്യന്‍ രാഷ്ട്രപതിയുള്‍പ്പെടെ മൂന്നാംലോക രാഷ്ട്രങ്ങളിലെ രാഷ്ട്രീയനേതാക്കള്‍ക്ക്‌ ബ്രിട്ടീഷ്‌ അടിമത്വത്തിന്റെ കെട്ട്‌ ഇനിയും വിട്ടുമാറിയിട്ടില്ല. ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചുകൊണ്ടുപോയ ധനത്തെക്കുറിച്ച്‌ അതുകൊണ്ടുതന്നെ ഒരുത്തനും ഒരു പരാതിയുമില്ല.

121- കോടി ഇന്ത്യന്‍ ജനസംഖ്യയില്‍ 50 കോടിയും ദാരിദ്ര്യരേഖയ്ക്ക്‌ താഴെ. 600 രൂപയുണ്ടെങ്കില്‍ നാലംഗ കുടുംബത്തിന്‌ ഒരു മാസം സുഭിക്ഷമായി കഴിയാമെന്നും പ്രഖ്യാപിച്ചിട്ടുള്ള മുഖ്യമന്ത്രിമാരും ഈ രാജ്യത്തുതന്നെ. പാവപ്പെട്ടവന്റെ മത്സ്യമായ മത്തി കിലോ ഒന്നിന്‌ 120 രൂപ, കൊടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പോലും രാജകുമാരന്റെ ജനനം ആഘോഷിക്കുകയാണ്‌ നേതാക്കളും ചാനലുകളും പത്രങ്ങളും.

സരിതാ നായരും ശാലുമേനോനും ഇല്ലായിരുന്നെങ്കില്‍ ചാനലുകളില്‍ 24 മണിക്കൂറും കേറ്റിന്റെ പ്രസവം നിറയുമായിരുന്നു. പ്രസവ സമയത്ത്‌ കേറ്റ്‌ എന്താണ്‌ ഭക്ഷിച്ചത്‌, ഏതു വസ്ത്രമാണ്‌ ധരിച്ചത്‌, മുടിയില്‍ തിരുപ്പണ്‍ ഉണ്ടായിരുന്നോ, നാലു കാമറാ വെച്ചു പ്രസവം ഷൂട്ട്‌ ചെയ്തോ,  വില്യമിന്റെ വിഐപി ഫ്രഞ്ചിയുടെ നിറമെന്തായിരുന്നു തുടങ്ങി എല്ലാം വിളമ്പുമായിരുന്നു. പ്രേക്ഷകരെ സരിതാ നായര്‍ രക്ഷിച്ചുവെന്ന്‌ തന്നെ പറയാം.

യേശുക്രിസ്തു ജനിച്ചത്‌ കാലിത്തൊഴുത്തിലാണ്‌ , 2000 വര്‍ഷം മുമ്പ്‌. . ദൃക്‌സാക്ഷികളാവാന്‍ പാപ്പരാസികള്‍ ചെന്നില്ല, ഏതാനും കന്നുകാലികള്‍ മാത്രം. ചാനലുകള്‍ അന്നുണ്ടായിരുന്നെങ്കില്‍പ്പോലും കവറേജു കിട്ടുമായിരുന്നില്ല. എന്തൊക്കെയാണ്‌ ജോര്‍ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ രാജകുമാരനെപ്പറ്റി പറയുന്നത്‌? ഭാവിയില്‍ അദ്ദേഹം ആരാകുമെന്ന്‌ ചൈനക്കാര്‍ തന്നെ പ്രവചിച്ചു കഴിഞ്ഞു. മുത്തച്ഛന്റെ പാരമ്പര്യം വെച്ചു നോക്കിയാല്‍ ഭാര്യ ജീവിച്ചിരിക്കെത്തന്നെ മറ്റൊരുത്തിയുടെ പുറകേ കൂടും, ഭാര്യ മരിക്കുമ്പോള്‍ കാമുകിയെ  കല്യാണം കഴിക്കും. ഇങ്ങനെ യൊന്നുമായിരിക്കില്ല, ജോര്‍ജ്ജ്‌ രാജകുമാരന്‍., അദ്ദേഹം ലോകം തന്നെ മാറ്റിമറിക്കും. ഇതാണ്‌ ചാനല്‍ ഗാര്‍ബിജ്‌ വില്‍ക്കുന്നവരുടെ മുഴുനീള വായ്ക്കുരവ.

കെ.എ.സോളമന്‍

No comments:

Post a Comment