Tuesday, 9 July 2013

“മഞ്ഞു വീണുകൊണ്ടിരിക്കുന്നു” - ബാലചന്ദ്രന്‍ പാണാവള്ളിയുടെ കഥകള്‍

“മഞ്ഞു വീണുകൊണ്ടിരിക്കുന്നു” - ബാലചന്ദ്രന്‍ പാണാവള്ളിയുടെ കഥകള്‍ - ആസ്വാദനം 



സാഹിത്യരൂപമായ ചെറുകഥ ഗദ്യത്തിലുള്ള കല്പിതകഥ (Fiction) യുടെ ഒരു ഉപവിഭാഗമാണ് . ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നതെങ്കില്‍ അത് മനോഹരമായി ചെയ്തിരിക്കുന് ബാലചന്ദ്രന്‍ പാണാവള്ളി തന്റെ മഞ്ഞു വീണുകൊണ്ടിരിക്കുന്നു” എന്ന സമാഹാരത്തില്‍.   കാര്യങ്ങൾ പരത്തി പറയാതെ സംഗ്രഹിച്ചു പറയുകയാണു ബാലചന്ദ്രന്‍ ഇവിടെ ചെയ്തിരിക്കുന്നത്..

യുക്തിബോധത്തിന് നിരക്കുന്ന ഇതിവൃത്തംയഥാർത്ഥമനുഷ്യരുടെ ഛായയും പ്രകൃതിയുമുള്ള കഥാപാത്രങ്ങൾവിശ്വസനീയമായ ജീവിതചിത്രണം,ഭാവസൂചകമായ അന്തരീക്ഷസൃഷ്ടിഒരു സംഭവത്തെയോ കഥാപാത്രത്തെയോ കേന്ദ്രീകരിച്ചുള്ള ധ്വന്യാത്മകമായ ആഖ്യാനംജീവിതത്തിന്റെ ആന്തരിക സത്യത്തിലേക്ക് ഉൾക്കാഴ്ച ഇവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഈചെറുകഥ സമാഹാരം

ഏതാണ്ട് 1930 തൊട്ട് ഇങ്ങോട്ടുള്ള അരശതാബ്ദക്കാലം മലയാളചെറുകഥയുടെ സുവർണ്ണ ദശയാണ്. ഇക്കാലങ്ങളിൽ കഥയുടെ രൂപഭാവങ്ങളിൽ സാരമായ പരിവർത്തനം സംഭവിച്ചു. ഇതിവൃത്തം കെട്ടിച്ചമച്ച് കഥപറഞ്ഞുരസിപ്പിക്കുന്നരീതി മാറി. വിനോദത്തേക്കാൾ അധികം, ജീവിത യാഥാർത്ഥ്യസ്പർശിയായ സോദ്ദേശ്യകഥാരചയുടെ കാലമാണിത്. ജീവിതത്തെസംബന്ധിക്കുന്ന സത്യങ്ങളെ ധീരതയോടെ തുറന്നുകാണിക്കുവാനും വിമർശിക്കുവാനും വെല്ലുവിളിക്കുവാനും ഞെട്ടിപ്പിക്കുവാനും എഴുത്തുകാർക്ക് മടിയില്ലാതായി. ഈ ധൈര്യം തന്നെയാണ് ബാലചന്ദ്രന്‍ ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്. ആമുഖത്തില്‍ അദ്ദേഹം പറയുന്നു, കഥയെഴുത്തിന്റെ പേരില്‍ “ ഉള്ളില്‍ അലകടലുമായി നാളുകളായി ജീവിക്കുകയാണ് ഞാനും ഭാര്യയും. ചെറിയ കാര്യങ്ങള്‍ മാത്രമേ ഞാന്‍ കഥകളിലൂടെ പറഞ്ഞിട്ടുള്ളൂ,പറയാനുള്ളതൊക്കെ വലിയ ദുഖങ്ങളാണ്, കഥകള്‍ ഇനിയും ഞാന്‍ പറയും” സ്വന്തം  ജീവിതാനുഭവത്തില്‍ നിന്ന് ചീന്തിയെടുത്ത പല ടുകള്‍ ഈ പുസ്തകത്തില്‍ സുലഭം..  

വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്കെതിരെയുള്ള പ്രതിരോധമായിബാലചന്ദ്രന്റെ കഥ മാറുന്നകാഴ്ച പുസ്തകത്തിലുണ്ട്.. വ്യക്തിയുടെ ഒറ്റപ്പെട്ട പ്രതിരോധത്തിന്റെ ശക്തിയും ആത്മാർത്ഥതയും രചനകളില്‍ വ്യക്തമാവുന്നു.ഭാഷ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിലാണു കഥാകാരന്‍ ഉപയോഗിച്ചിരിക്കുന്നത്

കഥകള്‍ പലതും  ഹൃദയത്തിൽ മുറിവേൽപ്പിക്കുന്ന കൂർത്ത ചീളുകളായ് മാറുന്നു. ടൈറ്റില്‍ കഥ “മഞ്ഞു വീണു കൊണ്ടിരിക്കുന്നു” എന്നത് തന്നെ തെളിവാര്‍ന്ന ഉദാഹരണം. തന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും വേണ്ടി ജീവിച്ച നേഴ്സ് സൂസി. സൂസിയുടെ ചിന്തകളായാണ് കഥ പുരോഗമിക്കുന്നത്.  വിശാലമായ പാര്‍ക്കിലെ  ബെഞ്ചിലിരിക്കുന്ന വൃദ്ധ ദമ്പതികളുടെ കളിയും ചിരിയും സൂസിക്ക് ഹൃദ്യമായിതോന്നി. തനിക്ക് ഇതുപോലൊരു ജീവിതമില്ല, അഥവ ഉണ്ടാകില്ല വൃദ്ധദമ്പതികള്‍ ഇരുന്ന ബെഞ്ച് ശൂന്യമാകിന്നിടത്ത് കഥ അവസാനിക്കുമ്പോള്‍ അനുവാചകന്റെ മനസിലും  ഒരു ചെറിയ ദുഖം അവശേഷിക്കുന്നു..

വല്‍സലയുടെയും ഭര്‍ത്താവ് സുമേഷിന്റെയും പ്രതീക്ഷയുടെ കഥയാണ് “ ശുഭപ്രതീക്ഷ”. ജോര്‍ജുകുട്ടി എന്ന സുഹൃത്തിനെ ഒരുപാട് വിശ്വസിച്ചിരുന്നു,മകന് ഒരു ജോലിസുഹൃത്തു സഹായിക്കുമെന്ന് കരുതി.  പ്രതീക്ഷ അസ്തമിക്കുന്നിടത്ത് അപ്രതീക്ഷിതമായത്  സംഭവിക്കുന്നു. ഒരു വഴി അടഞ്ഞാല്‍ മറ്റൊന്നു തുറക്കുമെന്ന സത്യം സ്വന്തം കഥയിലൂടെ അനാവരണം ചെയ്യുകയാണ് കഥാകാരന്‍..
മിശ്രവിവാഹിതരായ മനോജിന്റെയും ഏല്‍സയുടെയും പരസപര സമര്‍പ്പണത്തിന്റെ കഥയാണ് “പ്രഥമസ്ഥാനം.”. മനോജിന്റെ കണ്ണുകളില്‍ ആനന്ദ ബാഷ്പം  നിറയ്ക്കാന്‍ ഏല്‍സയ്ക്ക് കഴിയുന്നിടത്ത് കഥ അവസാനിക്കുന്നു.    
  
ഗള്‍ഫ് ജീവിത്തിന്റെ മരവിപ്പിൽ നിന്നുള്ള മോചനവും സ്വന്തം നാടിന്ടെ  ഐശ്വര്യവുംപ്രതിപാദിക്കുന്നതാണ് “സ്വര്ണം വിളയുന്ന നാട്”  എന്ന കഥ. വേദന കടച്ചമര്‍ത്തി സ്വന്തം കുടുംബത്തിന് വേണ്ടിയാണ് സേതുമാധവന്‍ അബുദാബിയില്‍ ഒട്ടകങ്ങളെ സംരക്ഷിക്കുന്ന ജോലി ചെയ്തത്. നാട്ടില്‍ തിരികെയെത്തിയ സേതു മണ്ണില്‍ പൊന്നുവിളയിക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. സ്വന്തം നാട് തന്നെയാണ് സ്വര്‍ഗം എന്നു സമര്‍ത്ഥിക്കുന്ന കഥയില്‍ കൃഷിയുടെ മഹത്വവും കഥാകാരന്‍ വരച്ചുകാട്ടുന്നു.  

.അങ്ങനെ ആധുനിക സമൂഹം നേരിടുന്ന പ്രതിസന്ധികളും ജീവിതത്തിലുണ്ടാകുന്ന  പ്രശ്നങ്ങളും ക്ഷമയോടെ നോക്കിക്കാണുകയാണ് 16 കഥകള്‍ അടങ്ങുന്ന ഈ സമാഹാരത്തിലൂടെ  കഥാകാരന്‍
ആധുനികത, ഉത്തരാധുനികത പോലുള്ള വിശേഷണങ്ങളില്‍ പെടുത്തി ബാലചന്ദ്രന്റെ കഥകള്‍ കാണേണ്ടതില്ല. സ്വന്തം അനുഭവങ്ങള്‍നേരില്‍ കണ്ട കാര്യങ്ങള്‍ ഇവയെല്ലാം തെല്ലും അതിശയോക്തി കലര്‍ത്താതെതെളിമയോടെ  കഥാകാരന്‍ വിവരിക്കുന്നു. അതുകൊണ്ടു തന്നെ ഒരു നല്ല വയാനുഭവമാണ് ബാലചന്ദ്രന്‍ പാണാവള്ളിയുടെ  “മഞ്ഞു വീണുകൊണ്ടിരിക്കുന്നു” എന്ന ചെറുകഥാ സമാഹാരം. ആശംസകള്‍ !


-കെ എ സോളമന്‍  

No comments:

Post a Comment