Friday 5 July 2024

അധ്യാപകന്റെ ഉദ്ദേശം - കഥ

#അദ്ധ്യാപകൻ്റെ ഉപദേശം - കഥ
ഇക്കാലയളവിൽ ഒത്തിരി മുഖങ്ങൾ കണ്മുന്നിലൂടെ കടന്ന് പോയിട്ടുണ്ട്, കൂടുതലും വിദ്യാർത്ഥികളായി. ഇവരെയൊക്കെ ഉപദേശിക്കുക എന്നത് പണ്ടത്തെ ഒരു രീതിയായിരുന്നു. ഉപദേശം മൂലംഎത്ര വിദ്യാർത്ഥികൾ നേരെയായി എന്നതിൽ ആരുമായും തർക്കത്തിനില്ല

പക്ഷേ നിലവിൽ ആരെയും അങ്ങനെ ഉപദേശിക്കാറില്ല.  ഫിസിക്സ്  മാത്രം പഠിപ്പിക്കും. പഠിക്കേണ്ടവർ പഠിക്കുമെന്നു വിശ്വാസം. 

എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ എന്ന് ചോദിച്ചാൽ, ഉപദേശം കൊണ്ട് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല എന്നതു തന്നെ കാരണം. മാത്രമല്ല, ദൈവഭക്തി, ഗുരുഭക്തി, പിതൃഭക്തി, മാതൃഭക്തി ഇവയൊക്കെ വേണമെന്ന് വിചാരിച്ചാൽ അതു കാലഘട്ടത്തിന് യോജിച്ചതല്ലെങ്കിലോ യെന്ന തോന്നലും

 വിശക്കുന്നവന്റെ മുമ്പിൽ വിളമ്പിക്കിട്ടിയ ആഹാരം കാണുമ്പോൾ "ദൈവമേ നന്ദി" യെന്നു മനസ്സിൽ ധ്യാനിച്ചാൽ അതാണ് ഏറ്റവും വലിയ പ്രാർത്ഥന. 

പക്ഷേ പ്രാർത്ഥനയെ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ ?

പഠിപ്പിച്ചു വിട്ടവർ സർക്കാർ ഉദ്യോഗവും മറ്റു ഉദ്യോഗവും കഴിഞ്ഞ്  റിട്ടയർ ചെയ്തുകൊണ്ടിരിക്കുന്ന കാലം. ഇക്കാര്യം പരിഗണിക്കാതെ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ ചില കുട്ടികൾ അവരുടെ വിവാഹത്തിനു ക്ഷണിക്കും, ജോലി കിട്ടുമ്പോൾ അറിയിക്കും. 

വിവാഹത്തിന് ക്ഷണിക്കുമ്പോൾ പങ്കെടുക്കാൻ പറ്റുകയാണെങ്കിൽ പങ്കെടുക്കും. അധ്യാപകൻ ആയതുകൊണ്ട് പ്രത്യേക ഗിഫ്റ്റ് ഒന്നും കരുതേണ്ടതില്ല, ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുഖം കാണിച്ചതിനു ശേഷം സദ്യയും കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങാം. ദൂരെയുള്ള വിവാഹങ്ങൾ ആണെങ്കിൽ ആശംസകൾ മതിയാകും
ഇമെയിൽ, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഒക്കെ ഉള്ളതിനാൽ ആശംസകൾ അയക്കുന്നത ഇന്ന് വളരെ എളുപ്പമാണ്.

കഴിഞ്ഞ ദിവസമാണ് ശ്രീലക്ഷ്മിഎന്നെ വിളിച്ചത്. ആ കുട്ടിക്ക് ഇൻഫോപാർക്കിലെ ഒരു ഐടി കമ്പനിയിൽ ജോലി കിട്ടി സാറിൻറെ അനുഗ്രഹം വേണം. അനുഗ്രഹം വാട്സാപ്പിലൂടെ നൽകിയെങ്കിലും  പ്രത്യേകിച്ച് ഉപദേശം ഒന്നും കൊടുത്തില്ല.

പക്ഷെ ജോലി കിട്ടിയ വിവരം അറിയിക്കാൻ  ശിവപ്രസാദ്  എന്നെ വിളിച്ചപ്പോൾ എനിക്ക് ഉപദേശം കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ, കേരള സർക്കാരിൻറെ അറിയപ്പെടുന്ന ഒരു കമ്പനിയിലാണ് ജോലി കിട്ടിയത്. പ്രസ്തുത കമ്പനിയിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് എന്ന് പേരുകാരായ മറ്റുള്ളവർക്ക് ഭാവിയിൽ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ കമ്പനിയുടെ പേര് ഞാൻ റിസർവ് ചെയ്യുകയാണ്.

ഞാൻ ശിവപ്രസാദിനെ ഉപദേശിച്ചു. ഒത്തിരി നാളുകൾക്ക് ശേഷം  കൊടുക്കുന്ന ഒരു ഉപദേശം

" ശിവപ്രസാദിൻ്റെ ഓഫീസ് ജനസമ്പർക്കം കൂടുതലുള്ള ഒരു ഓഫീസ് ആണെന്ന് അറിയാമല്ലോ? യുവാക്കളും യുവതികളും പ്രായമുള്ളവരും ഒക്കെ ഓരോരോ ആവശ്യത്തിനായി വരും. അവരോടെല്ലാം സ്നേഹത്തോടെ, സൗമ്യമായി പെരുമാറണം. ആദ്യമൊക്കെ നമ്മൾ സ്നേഹത്തോടെ പെരുമാറിയാലും ജോലിയിലെ ക്ലേശം മൂലം മുരടിപ്പു ബാധിക്കാം ചിലപ്പോൾ സ്നേഹത്തോടെ പെരുമാറാൻ  മറന്നുപോയേക്കാം. ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ല  വരുന്ന ആളുകളുടെ മുഖത്ത് നോക്കി സ്നേഹത്തോടെ സംസാരിക്കണം. അവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ചെയ്തു കൊടുക്കാൻ സാധിക്കുന്നതാണെങ്കിൽ ഉടനെ തന്നെ ചെയ്തു കൊടുക്കണം  മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കരുത്. കൂടുതൽ സമയം ആളുകളെ നിർത്തി വിഷമിപ്പിക്കുകയും ചെയ്യരുത്, പ്രത്യേകിച്ച് യുവതികളെയും പെൺകുട്ടികളെയും "

"അതെ സർ അങ്ങനെ തന്നെയായിരിക്കും" ശിവപ്രസാദ്

ശിവപ്രസാദ് കറ തീർന്ന ഒരു ഫുട്ബോൾ പ്രേമിയാണ്. അദ്ദേഹത്തിൻറെ ആൽബത്തിൽ എല്ലാം ലോകപ്രശസ്ത ഫുട്ബോൾ താരങ്ങളുടെ ഫോട്ടോയാണ്. പക്ഷേ വനിത ഫുട്ബോൾ താരങ്ങളുടെ ഫോട്ടോ ഒരെണ്ണം പോലും ഇല്ല

 ശിവപ്രസാദ് അല്ലാതെ മറ്റൊരാളാണ് വിളിച്ചിരുന്നതെങ്കിൽ ഇത്തരം ഒരു ഉപദേശം ഞാൻ  നൽകില്ലായിരുന്നു. അതിനു കാരണമുണ്ട്, പുരാണങ്ങളിലെ ശ്രീഹനുമാനുമായി ബന്ധപ്പെട്ടതാണത്

രാമായണത്തിൽ  ദൃഢഭക്തിയുടെ ഉത്തമോദാഹരണമായാണല്ലോ ശ്രീഹനുമാൻ അറിയപ്പെടുന്നത്.  ആഞ്ജനേയ സ്വാമി എന്നും വിളിക്കും. കോടിക്കണക്കിന് ഭക്തരാൽ ആരാധിക്കപ്പെടുന്ന ആഞ്ജനേയ സ്വാമി തന്റെ ബുദ്ധിശക്തികൊണ്ടും, ശ്രീരാമഭക്തി കൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനാണ് . രാമനാമം ജപിക്കുന്നിടത്തു ഹനുമൽ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമൽ ഭക്തരെ ബാധിക്കില്ലെന്നുമാണ് വിശ്വാസം.

ഒരാൾ ആഞ്ജനേയ സ്വാമിയെ സാധന ചെയ്യുകയാണെങ്കിൽ ബ്രഹ്മചര്യം പിന്തുടരുന്നത് പ്രധാനമാണ്. സ്ത്രീകളോടു അധികം ഇടപെടാതെ  പൊതുവെ അകറ്റി നിർത്തുകയും വേണം. കൂടാതെ മദ്യം, മത്സ്യ - മാംസാദി, പുകയില എന്നിവ ഉപയോഗിക്കാനും പാടില്ല . ആഞ്ജനേയ സ്വാമിക്ക്  ഇത്തരം കാര്യങ്ങൾ ഇഷ്ടമല്ല എന്നതാണ് വിശ്വാസം.

അപ്പോൾ എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ഉപദേശിച്ചത്?

ശിവപ്രസാദ് കറതീർന്ന ആഞ്ജനേയ  ഭക്തനാണ്.
-കെ എ സോള്ളൻ
                      *  *  *

No comments:

Post a Comment