Monday 29 July 2024

കെ കള്ളുഷാപ്പ്

#കെകള്ളുഷാപ്പ്
പോഷകാഹാര കടയായ
ഒരു നൊസ്റ്റാൾജിക്ക് കള്ള് ഷാപ്പിന് (ഇപ്പോൾ ഫാമിലി റസ്റ്റോറൻറ് ) അത്യാവശ്യം വേണ്ട സാമഗ്രികൾ

ഷാപ്പിന്റെ അടുക്കള ഭാഗത്തിന് പുറത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ, അവയിൽ നക്കുന്ന രണ്ട്  പട്ടികൾ, ഒന്ന് ചെറുതും മറ്റൊന്ന് വലുതും. ദൂരെ മാറി ഈ രംഗം വാച്ച് ചെയ്യുന്ന മറ്റു രണ്ടു പട്ടികൾ . കൈ കഴുകുന്ന സ്ഥലത്ത്  മരക്കുറ്റിയിൽ ഉയർത്തിവച്ചിരിക്കുന്ന ടാപ്പ് പിടിപ്പിച്ച കാൻ, ടാപ്പിനു താഴെ തറയിൽ എല്ലിൻ കഷ്ണങ്ങളും മീൻ മുള്ളുകളും  ആഹാരവശിഷ്ടങ്ങളും നിർബ്ബന്ധം.  ടാപ്പിനു താഴെയുള്ള അഴുക്കു വെള്ളം കൈകഴുകുന്ന ആളിന്റെ കാൽ ചുവട്ടിൽ ഒഴുകിയെത്തിയിരിക്കണം. കുറച്ച് അകലെ മാറി മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ വിറകു കീറുന്ന എല്ലുംതോലുമവശേഷിപ്പിക്കുന്ന ഒരു അന്ത്യോഖ്യക്കാരൻ .

അകലെ മാറി കുന്തക്കാലിൽ ഇരുന്ന് കാരിമീൻ വൃത്തിയാക്കുന്ന ഗോമതിചേച്ചി . വൃത്തിയുള്ള ഒരു സാഹചര്യവും കള്ളുഷാപ്പിന് , ഹൈടെക് ആയാലും ലോ ടെക് ആയാലും, ഉണ്ടാകാൻ പാടില്ല

 ആട്ടമുള്ള പഴയബെഞ്ചുകളും ഡസ്കുകളും  ചുവപ്പ് നിറമുള്ള ഏതാനുംപ്ലാസ്റ്റിക് സ്റ്റൂളുകളും നിർബന്ധം . ഛർദിലിന്റെയും പുളിച്ച കള്ളിന്റെയും ദുർഗന്ധം, ചെറിയതോതിൽ ഏത് സമയത്തും ഉണ്ടായിരിക്കണം. ഡസ്കിൽ മീൻ ചാറ് ഒഴുകി ഉണങ്ങിയ പാട് അത്യാവശ്യം. ഉപഭോക്താവിന്റെ കാൽക്കീഴിൽ വാൽ ഉരുമി കറങ്ങുന്ന പൂച്ച, അത് വെളുത്തതോ കറുത്തതോ എന്നത് പ്രശ്നമല്ല, വാല് ഉരസിയിരിക്കണം. ഉപഭോക്താവ് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാൽ പൂച്ച അതിൻറെ നഖം ഉപഭോക്താവിന്റെ പാദത്തിൽ അമർത്തിശ്രദ്ധ ആകർഷിക്കണം

മുറികളിൽ നിന്ന് ഉയരുന്ന അസഭ്യം പറച്ചിൽ, പാരഡി ഗാനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കണം. കൂടുതലുംകലാഭവൻ മണിയുടെ നാടൻ പാട്ടുകൾ . കുട്ടനാടൻ കൊയ്ത്തുപാട്ടുകളും കൈതോല പാട്ടുകളും ആവശ്യത്തിന് വേണം.
 കൂട്ടത്തിൽ ഈ ചങ്ങമ്പുഴ കവിതയും ആകാം
വെള്ളംചേര്‍ക്കാതെടുത്തോരമൃതിനുസമമാം നല്ലിളം കള്ളു, 
ചില്ലിന്‍വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തില്ലുപരിയൊരു സുഖം – പോക വേദാന്തമേ നീ

 . പാനം നടന്നുകൊണ്ടിരിക്കെ തറയിലൂടെ എലികൾക്ക് ഓടിപ്പോകാനുള്ള വഴികൾ തീർച്ചയായും സജ്ജമാക്കിയിരിക്കണം.

പാതി ലക്കുകേടിൽ നില്ക്കുന്ന ഷാപ്പ് ജീവനക്കാരൻ പറയുന്ന കണക്ക് കൊട്ടത്താപ്പിലുള്ളതാണെങ്കിലും ചോദ്യം ചെയ്യാതെ പണം കൊടുത്തിട്ടു പോരാൻ ഉപഭോക്താവിന് മനസ്സ് ഉണ്ടാകണം. സ്ഥിരം ഉപഭോക്താക്കൾ സ്ഥിര വരുമാനക്കാരാണ് എങ്കിൽ അവർക്ക് പറ്റുപടി സമ്പ്രദായം പഴയപടി തുടരുകയും വേണം  .ഉപഭോക്താവ് പറയുന്ന ഏത് തെറിയും ക്ഷമയോടെ കേൾക്കാൻ ജീവനക്കാരന് മനസ്സുണ്ടാകുകയും വേണം.

ഷാപ്പിലേക്ക് കയറുമ്പോൾ ഗൗരവത്തിലും ഷാപ്പിൽ നിന്ന് ഇറങ്ങുമ്പോൾ ചിരിച്ചുകൊണ്ടും ലോട്ടറി കച്ചവടം നടത്തുന്ന ഒന്ന് രണ്ട് പേർ ഷാപ്പിന്റെ പടിവാതിലിൽ നിലയുറപ്പിച്ചിരിക്കണം. ലോട്ടറിയും കള്ളുമാണ് നാടിൻറെ നിലനിൽപ്പിന് അത്യാവശ്യം എന്നുള്ളത് ഉപഭോക്താക്കൾ മാത്രമല്ല ഷാപ്പ് ജീവനക്കാരും ഓർക്കണം

ഷാപ്പിൽ വിന്നാഗരി മോഡൽ മയക്കുകള്ളും കപ്പയും കാരിക്കറിയും മാത്രമേ ഉള്ളൂ എങ്കിലും ആട്, കോഴി താറാവ്, കാട, ആമ (നിയമ വിരുദ്ധം), പോത്ത്, പന്നി, ഞണ്ട്, കൊഞ്ച്, വരാൽ, കരിമീൻ , നെമ്മീൻ, ചൂര, കൊക്ക് (നിയമ വിരുദ്ധം) എന്നിങ്ങനെ സകലമാന പക്ഷി മൃഗാദികളുടെയും പേര് എഴുതി പ്രദർശിപ്പിക്കാനും മറന്നു പോകരുത്.

ഇതൊക്കെ ഒരുക്കിയാൽ ഷാപ്പ് നൊസ്റ്റാൾജിക് ആകും. നൊസ്റ്റാൾജിയക്ക് കൂടുതൽ ആവശ്യക്കാരുള്ള ഇക്കാലത്ത് ആളുകൾ ഫാമിലി റസ്റ്റോറൻറ് എന്ന് കരുതി ഇടിച്ചു കയറും കെ-കള്ള് ഷാപ്പിലേക്ക്. .ഷാപ്പ് എയർകണ്ടീഷൻ ചെയ്യാനെ പാടില്ല.

കെ എ സോളമൻ

Friday 26 July 2024

വീണ്ടുമൊരു സൂര്യോദയം

വീണ്ടുമൊരു സൂര്യാദയം
കവിത - കെ എ സോളമൻ

സന്ധ്യാ നേരങ്ങളിൽ, ഒരു ആത്മാവ് ഒറ്റയ്ക്ക് അലയുന്നു,
കാണാൻ കണ്ണില്ല, കേൾക്കാൻ കാതില്ല
ചിരിക്കാൻ പല്ലുകളും.

നിശബ്ദതയിൽ പൊതിഞ്ഞ്,
സൗമ്യമായ സ്വരത്തിനായി കൊതിച്ചു,
വാർദ്ധക്യത്തിൻ്റെ ഭാരം പേറി
മുകളിലെ വിദൂര നക്ഷത്രങ്ങൾ പോലെ ഓർമ്മകൾ മിന്നിമറയുന്നു,

ഓരോ ചുവടും ഒരു നല്ല ജീവിതത്തിൻ്റെ സാക്ഷ്യമാണ്,
ബലഹീനത അതിൻ്റെ  കയ്യുറയിൽ മുറകെ പിടിക്കുന്നു.
ഉള്ളിൽ പ്രതീക്ഷയുടെ തീക്കനൽ .

കാലത്തിൻ്റെ മൂടൽമഞ്ഞിലൂടെ, ഒരു ആത്മാവ്,
പറയാത്ത കഥകൾ,
കടൽ പോലെ ആഴത്തിലുള്ള ജ്ഞാനം,
ഏകാന്തത ഒരു കൂട്ടാളി,
എന്നിട്ടും നിസ്സംഗനല്ല, ഏകാന്തതയിൽ, ഹൃദയം യഥാർത്ഥത്തിൽ സ്വതന്ത്രമാകാം.
ഋതുക്കൾ കടന്നുപോകുന്നു,
നിഴലുകൾ അവയുടെ തളിരുകൾ നീട്ടുന്നു,
ആലിംഗത്തിനായി കൊതിക്കുന്നു.

എങ്കിലും?
എങ്കിലും പ്രതീക്ഷയുടെ ഒരു മിന്നൽ ഇരുട്ടിനെ തുളച്ചുകയറുന്നു,
ഒരു സൂര്യോദയം കാത്തിരിക്കുന്നു,
അതിൻ്റെ  കൃപാകടാക്ഷത്തോടെ, നിശബ്ദമായ മുറിക്കപ്പുറം
ആശ്വാസം വാഗ്ദാനം ചെയ്തുകൊണ്ട്

അതിനാൽ, പ്രായമേറിയ മനുഷ്യാ,
ധൈര്യത്തോടെ നടക്കൂ,
നിങ്ങളുടെ യാത്രയുടെ അവസാനം വർഷങ്ങളാൽ മാത്രം കണക്കാക്കനുള്ള തല്ല,

നിങ്ങളുടെ ചിന്തയിൽ, കാലാതീതമായ ഒരു ഗാനം, വർഷങ്ങളായി,
ഹൃദയത്തിൽ പ്രതിധ്വനിക്കുന്നുണ്ട്
അതെ, നിൻ്റെ ഹൃദയത്തിൽ പ്രതിദ്ധ്വനിക്കുന്നുണ്ട്.

ധൈര്യമായി മുന്നോട്ടു പോകു
തിരിഞ്ഞു നോക്കാതെ..
                  *  *  *


Friday 5 July 2024

അധ്യാപകന്റെ ഉദ്ദേശം - കഥ

#അദ്ധ്യാപകൻ്റെ ഉപദേശം - കഥ
ഇക്കാലയളവിൽ ഒത്തിരി മുഖങ്ങൾ കണ്മുന്നിലൂടെ കടന്ന് പോയിട്ടുണ്ട്, കൂടുതലും വിദ്യാർത്ഥികളായി. ഇവരെയൊക്കെ ഉപദേശിക്കുക എന്നത് പണ്ടത്തെ ഒരു രീതിയായിരുന്നു. ഉപദേശം മൂലംഎത്ര വിദ്യാർത്ഥികൾ നേരെയായി എന്നതിൽ ആരുമായും തർക്കത്തിനില്ല

പക്ഷേ നിലവിൽ ആരെയും അങ്ങനെ ഉപദേശിക്കാറില്ല.  ഫിസിക്സ്  മാത്രം പഠിപ്പിക്കും. പഠിക്കേണ്ടവർ പഠിക്കുമെന്നു വിശ്വാസം. 

എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ എന്ന് ചോദിച്ചാൽ, ഉപദേശം കൊണ്ട് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല എന്നതു തന്നെ കാരണം. മാത്രമല്ല, ദൈവഭക്തി, ഗുരുഭക്തി, പിതൃഭക്തി, മാതൃഭക്തി ഇവയൊക്കെ വേണമെന്ന് വിചാരിച്ചാൽ അതു കാലഘട്ടത്തിന് യോജിച്ചതല്ലെങ്കിലോ യെന്ന തോന്നലും

 വിശക്കുന്നവന്റെ മുമ്പിൽ വിളമ്പിക്കിട്ടിയ ആഹാരം കാണുമ്പോൾ "ദൈവമേ നന്ദി" യെന്നു മനസ്സിൽ ധ്യാനിച്ചാൽ അതാണ് ഏറ്റവും വലിയ പ്രാർത്ഥന. 

പക്ഷേ പ്രാർത്ഥനയെ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ ?

പഠിപ്പിച്ചു വിട്ടവർ സർക്കാർ ഉദ്യോഗവും മറ്റു ഉദ്യോഗവും കഴിഞ്ഞ്  റിട്ടയർ ചെയ്തുകൊണ്ടിരിക്കുന്ന കാലം. ഇക്കാര്യം പരിഗണിക്കാതെ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ ചില കുട്ടികൾ അവരുടെ വിവാഹത്തിനു ക്ഷണിക്കും, ജോലി കിട്ടുമ്പോൾ അറിയിക്കും. 

വിവാഹത്തിന് ക്ഷണിക്കുമ്പോൾ പങ്കെടുക്കാൻ പറ്റുകയാണെങ്കിൽ പങ്കെടുക്കും. അധ്യാപകൻ ആയതുകൊണ്ട് പ്രത്യേക ഗിഫ്റ്റ് ഒന്നും കരുതേണ്ടതില്ല, ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുഖം കാണിച്ചതിനു ശേഷം സദ്യയും കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങാം. ദൂരെയുള്ള വിവാഹങ്ങൾ ആണെങ്കിൽ ആശംസകൾ മതിയാകും
ഇമെയിൽ, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഒക്കെ ഉള്ളതിനാൽ ആശംസകൾ അയക്കുന്നത ഇന്ന് വളരെ എളുപ്പമാണ്.

കഴിഞ്ഞ ദിവസമാണ് ശ്രീലക്ഷ്മിഎന്നെ വിളിച്ചത്. ആ കുട്ടിക്ക് ഇൻഫോപാർക്കിലെ ഒരു ഐടി കമ്പനിയിൽ ജോലി കിട്ടി സാറിൻറെ അനുഗ്രഹം വേണം. അനുഗ്രഹം വാട്സാപ്പിലൂടെ നൽകിയെങ്കിലും  പ്രത്യേകിച്ച് ഉപദേശം ഒന്നും കൊടുത്തില്ല.

പക്ഷെ ജോലി കിട്ടിയ വിവരം അറിയിക്കാൻ  ശിവപ്രസാദ്  എന്നെ വിളിച്ചപ്പോൾ എനിക്ക് ഉപദേശം കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ, കേരള സർക്കാരിൻറെ അറിയപ്പെടുന്ന ഒരു കമ്പനിയിലാണ് ജോലി കിട്ടിയത്. പ്രസ്തുത കമ്പനിയിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് എന്ന് പേരുകാരായ മറ്റുള്ളവർക്ക് ഭാവിയിൽ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ കമ്പനിയുടെ പേര് ഞാൻ റിസർവ് ചെയ്യുകയാണ്.

ഞാൻ ശിവപ്രസാദിനെ ഉപദേശിച്ചു. ഒത്തിരി നാളുകൾക്ക് ശേഷം  കൊടുക്കുന്ന ഒരു ഉപദേശം

" ശിവപ്രസാദിൻ്റെ ഓഫീസ് ജനസമ്പർക്കം കൂടുതലുള്ള ഒരു ഓഫീസ് ആണെന്ന് അറിയാമല്ലോ? യുവാക്കളും യുവതികളും പ്രായമുള്ളവരും ഒക്കെ ഓരോരോ ആവശ്യത്തിനായി വരും. അവരോടെല്ലാം സ്നേഹത്തോടെ, സൗമ്യമായി പെരുമാറണം. ആദ്യമൊക്കെ നമ്മൾ സ്നേഹത്തോടെ പെരുമാറിയാലും ജോലിയിലെ ക്ലേശം മൂലം മുരടിപ്പു ബാധിക്കാം ചിലപ്പോൾ സ്നേഹത്തോടെ പെരുമാറാൻ  മറന്നുപോയേക്കാം. ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ല  വരുന്ന ആളുകളുടെ മുഖത്ത് നോക്കി സ്നേഹത്തോടെ സംസാരിക്കണം. അവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ചെയ്തു കൊടുക്കാൻ സാധിക്കുന്നതാണെങ്കിൽ ഉടനെ തന്നെ ചെയ്തു കൊടുക്കണം  മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കരുത്. കൂടുതൽ സമയം ആളുകളെ നിർത്തി വിഷമിപ്പിക്കുകയും ചെയ്യരുത്, പ്രത്യേകിച്ച് യുവതികളെയും പെൺകുട്ടികളെയും "

"അതെ സർ അങ്ങനെ തന്നെയായിരിക്കും" ശിവപ്രസാദ്

ശിവപ്രസാദ് കറ തീർന്ന ഒരു ഫുട്ബോൾ പ്രേമിയാണ്. അദ്ദേഹത്തിൻറെ ആൽബത്തിൽ എല്ലാം ലോകപ്രശസ്ത ഫുട്ബോൾ താരങ്ങളുടെ ഫോട്ടോയാണ്. പക്ഷേ വനിത ഫുട്ബോൾ താരങ്ങളുടെ ഫോട്ടോ ഒരെണ്ണം പോലും ഇല്ല

 ശിവപ്രസാദ് അല്ലാതെ മറ്റൊരാളാണ് വിളിച്ചിരുന്നതെങ്കിൽ ഇത്തരം ഒരു ഉപദേശം ഞാൻ  നൽകില്ലായിരുന്നു. അതിനു കാരണമുണ്ട്, പുരാണങ്ങളിലെ ശ്രീഹനുമാനുമായി ബന്ധപ്പെട്ടതാണത്

രാമായണത്തിൽ  ദൃഢഭക്തിയുടെ ഉത്തമോദാഹരണമായാണല്ലോ ശ്രീഹനുമാൻ അറിയപ്പെടുന്നത്.  ആഞ്ജനേയ സ്വാമി എന്നും വിളിക്കും. കോടിക്കണക്കിന് ഭക്തരാൽ ആരാധിക്കപ്പെടുന്ന ആഞ്ജനേയ സ്വാമി തന്റെ ബുദ്ധിശക്തികൊണ്ടും, ശ്രീരാമഭക്തി കൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനാണ് . രാമനാമം ജപിക്കുന്നിടത്തു ഹനുമൽ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമൽ ഭക്തരെ ബാധിക്കില്ലെന്നുമാണ് വിശ്വാസം.

ഒരാൾ ആഞ്ജനേയ സ്വാമിയെ സാധന ചെയ്യുകയാണെങ്കിൽ ബ്രഹ്മചര്യം പിന്തുടരുന്നത് പ്രധാനമാണ്. സ്ത്രീകളോടു അധികം ഇടപെടാതെ  പൊതുവെ അകറ്റി നിർത്തുകയും വേണം. കൂടാതെ മദ്യം, മത്സ്യ - മാംസാദി, പുകയില എന്നിവ ഉപയോഗിക്കാനും പാടില്ല . ആഞ്ജനേയ സ്വാമിക്ക്  ഇത്തരം കാര്യങ്ങൾ ഇഷ്ടമല്ല എന്നതാണ് വിശ്വാസം.

അപ്പോൾ എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ഉപദേശിച്ചത്?

ശിവപ്രസാദ് കറതീർന്ന ആഞ്ജനേയ  ഭക്തനാണ്.
-കെ എ സോള്ളൻ
                      *  *  *

Thursday 4 July 2024

വട അഡിക്ഷൻ - കഥ

കഥ
വട അഡിക്ഷൻ - കെ എ സോളമൻ
പതിവായി  ഒരു വെജ് കട്ട്ലെറ്റും കോഫിയും ആയിരുന്നു സായാഹ്നത്തിൽ അയാളുടെ ചിട്ട.

അപ്പോഴാണ് സുഹൃത്ത് ഉപദേശിച്ചത്,  ഒരേ കാര്യത്തിൽ നമ്മൾ പതിവായി ഇടപെട്ടുകൊണ്ടിരുന്നാൽ അത് അഡിക്ഷനായി മാറും.  മാറ്റിയെടുക്കാൻ പ്രയാസം.
ഉദാഹരണത്തിന്. ......

തുടർന്നാണ് അയാൾ കട്ട്ലറ്റും കോഫിയും ഉപേക്ഷിച്ച് ചായ -വട കോമ്പിനേഷൻ സ്വീകരിച്ചത് . ഇപ്പോൾ അഡിക്ഷൻ വടയിലാണ്!
                                 * * *