Saturday, 18 July 2015

ചാറ്റല്‍ മഴ –കവിത –കെ എ സോളമന്‍



ചാറ്റല്‍മഴ പെയ്യുന്നത് കാണാന്‍ സുഖം
കവിത എഴുതുന്നവർക്ക്
കമിതാക്കളെ തേടുന്നവര്‍ക്ക്  
തൊടിനിറയെ കൃഷിയുള്ളവര്‍ക്ക്

ചാറ്റല്‍മഴ പെയ്യുന്നത് കാണാന്‍ സുഖം
ചോരാത്തമേല്‍ക്കൂരയും വീടും ഉള്ളവര്‍ക്ക്
ജനാലയില്‍ പിടിച്ചു സ്വപനം കാണുന്നവര്‍ക്ക്
ജനറം ബസ്സില്‍ യാത്രചെയ്യുന്നവര്‍ക്ക്

ചാറ്റല്‍മഴ പെയ്യുന്നത് കാണാന്‍ സുഖം
കീറാത്ത ഉടുപ്പുകൾ ഉള്ളവർക്ക്
റേഷന്‍ കടയില്‍ കാത്തു കിടക്കാത്തവര്‍ക്ക്
വീട്ടില്‍ ഗാസ്അടപ്പുള്ളവര്‍ക്ക്  

ചാറ്റല്‍മഴ പെയ്യുന്നത് കാണാന്‍ സുഖം
പട്ടിണിയുടെ സമൃദ്ധിഅറിയാത്തവര്‍ക്ക്
കൂട്ടിമുട്ടാത്ത കണക്കുകള്‍ ഇല്ലാത്തവര്‍ക്ക്
വിശന്നു പൊരിഞ്ഞവയര്‍ ചുമക്കാത്തവര്‍ക്ക്   

ചാറ്റല്‍മഴ പെയ്യുന്നത് കാണാന്‍ സുഖം.
ഗുണനവും ഹരണവും സങ്കലനവും
കൂട്ടിമുട്ടിക്കലും അറിയാത്തവര്‍ക്ക്.
ഒന്നും വാങ്ങാനില്ലാത്തവര്‍ക്ക്

കൂട്ടിക്കിഴിച്ച കണക്കുകളില്‍
എന്റെ വിശപ്പു ഇതാ ഇല്ലാതാകുന്നു
ഇല്ല, ഈ മഴയൊന്നും എന്റേതല്ല  
എല്ലാം  വഴിയില്‍ മറന്ന സ്വപ്നങ്ങള്‍.


                ------------------------------------

No comments:

Post a Comment