പശു
പശു നമുക്ക് പാല്‍ തരുന്നു… സ്കൂളില്‍ പഠിച്ചത് അങ്ങനെയാണ്…
പക്ഷെ പശു തന്റെ കിടാവിനു വേണ്ടി ഉണ്ടാക്കുന്ന പാല്‍ നാം പശുവില്‍ നിന്നും ബലമായി കറന്നു എടുക്കുകയല്ലേ? പശുവിന്റെ തല മേല്പോട്ട് കെട്ടി നിര്‍ത്തിയിട്ടു, അതിന്റെ കിടാവിനെ അരികില്‍ കൊണ്ട് നിര്‍ത്തി, പശുവിന്റെ അകിടില്‍ ചെറുതായി തട്ടുമ്പോള്‍, പശു തന്റെ കിടാവ് പാല്‍ കുടിക്കുവാന്‍ എത്തി എന്ന് ഓര്‍ത്തുകൊണ്ട് പാല്‍ ചുരത്തുന്നു. അങ്ങനെ നാം പശുവിനെ പറ്റിച്ചു കൊണ്ട് പാല്‍ കറന്നു എടുക്കുന്നു…
എന്നിട്ട് പശു നമുക്ക് പാല്‍ തരുന്നു എന്ന് പറയുന്നു.. പശു കേള്‍ക്കണ്ട …
പാല്‍ മാത്രമല്ല, പശുവില്‍ നിന്നും നാം മറ്റു പലതും എടുക്കുന്നു, നാം പോലും അറിയാതെ.. അതൊരുവലിയ ലിസ്റ്റ് ആണ്
പശുവിനെ കൊല്ലരുത് എന്ന് പറയുന്നവര്‍ പോലും എല്ലാ ദിവസവും പശുവിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന വസ്തുക്കള്‍ യഥേഷ്ടം ഉപയോഗിക്കുന്നു… അത് എന്തൊക്കെ ആണെന്ന് അറിയണ്ടേ…? വേണ്ടെങ്കില്‍ മറ്റൊന്നു പറയാം. പശുവിനെ നമുക്ക് തെങ്ങില്‍ കെട്ടാം
തെങ്ങ്
പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്അഥവാ കേരവൃക്ഷം. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു.18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽനീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.
തെങ്ങിന്റെ ഫലമാണ് തേങ്ങ. തെക്കു നിന്ന് വന്ന കായ എന്നർത്ഥത്തിൽ തെങ്കായ് ആണ് തേങ്ങ ആയി മാറിയത്. തേങ്ങയുണ്ടാകുന്ന മരം തെങ്ങുമായി. തെങ്ങുകൊണ്ട് ഉലക്ക മുതലായുള്ളസാമാനം പണിയിച്ചിടാം.ഓല കീറി മൊടഞ്ഞിട്ടീ-വീടു ചോരാതെ കെട്ടിയാൽമഴയും മറ്റുമേല്ക്കാതെപാർക്കാം. നമുക്കിതിന്‍ കുരുത്തോല പുഴുങ്ങീട്ടുമഞ്ഞു കൊള്ളിച്ചുണക്കിയാൽതെറുത്തു തോടപോലാക്കിപെൺകിടാങ്ങൾക്കണിഞ്ഞിടാം .ചൂട്ടും മടലുമെല്ലാം തീകത്തിക്കാന്‍ നല്ലത്.കുളുർത്തു മധുരിച്ചുള്ളോരിളന്നീരു കുടിക്കുകിൽതളർച്ച തീരുമെല്ലാർക്കും, വിളങ്ങും മുഖമേറ്റം.കള്ളെടുത്തു കുറുക്കീട്ടുവെള്ളച്ചക്കരയാക്കിയാൽ പിള്ളർക്കെന്നല്ല വല്യോർക്കും കൊള്ളാം.
പക്ഷേ തെങ്ങ് അമേരിക്കയില്‍ ഇല്ല.
അമേരിക്ക
ഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് വടക്കെ അമേരിക്ക. വടക്ക് ആർട്ടിക്ക് സമുദ്രവും കിഴക്ക് അറ്റ്‌ലാന്റിക് സമുദ്രവുംതെക്കുകിഴക്കു കരീബിയൻ കടലും തെക്കും പടിഞ്ഞാറും ശാന്ത സമുദ്രവുമാണു അതിരുകൾ.
അമേരിക്കാ വര്‍ണ വെറിയന്‍മാരുടെ രാജ്യമാണ്. ആരാണ് നീ ഒബാമ എന്ന ആളാണ് അവിടത്തെ പ്രണാബ് കുമാര്‍ മുഖര്‍ജി അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവല്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായി നയതന്ത്ര ചര്ച്ച നടത്തുകയാണ്. ഗുജറാത്തില്‍ ഗോവധ നിരോധനമുണ്ട് പശുവിനെ കൊല്ലാന്‍ പാടില്ല, കൊന്നാല്‍ -----
അശോക് രാജിന്റെ കഥാവതരണം ഇങ്ങനെ നീണ്ടപ്പോള്‍ സമിതിയദ്ധ്യക്ഷന്‍ പ്രശസ്തകവി നെയ്യാറ്റിങ്കര സഹദേവന്‍ ഇടപെട്ടു.
“ അശോക് രാജ്, താങ്കള്‍ ഏത് കഥയാണ് വായിക്കുന്നത് ?
“ പ്രസിദ്ധമായ ഗോവധം എന്ന എന്റെകഥ സാര്‍.” അശോക് രാജ്
“ മേലില്‍ അതിവിടെ വായിച്ചു പോകരത്.”
“ അതെന്താ സാര്‍?”
“ ഇന്നെത്രയാണ് തീയതി, 13. ഇത് പതിമൂന്നാം തവണയാണ് ഈ കഥ ഞാന്‍ കേള്‍ക്കുന്നത്. ഗുജറാത്തില്‍ ഗോവധം നിരോധിച്ചിരിക്കുകയല്ലേ?. ഇവിടെയും നിരോധിച്ചിരിക്കുകയാണ്”
കഥ തുടര്‍ന്നു വായിക്കണമോ വേണ്ടയോ എന്ന സംശയത്താല്‍ ഉരിഞ്ഞുപോയമുണ്ടിന്റെ മടിക്കുത്ത് ഇടതുകയ്യില്‍ താങ്ങി അശോക് രാജ് അനങ്ങാതെഅങ്ങനെ നിന്നു.
No comments:
Post a Comment