Sunday, 5 January 2014
ഓര്‍മ്മകള്‍ ഉറങ്ങട്ടെ
പിറന്നുവീണ ആറുകാല്പ്പുര
ചാണകമെഴുതിയ തിണ്ണ
പിച്ച നടന്ന മണ്ണ്
തുളസിത്തറയില്ല, തുളസിയും
ഒറ്റപ്പല്‍ കാട്ടി ചിരിക്കു അമ്മൂമ്മ
പാട്ടുപാടിയുറക്കിയ എന്റമ്മ .
കളിപ്പാട്ടങ്ങളില്ല
പുത്തനുടുപ്പില്ല
കളിയ്ക്കാന്‍ ഒത്തിരികൂട്ടുകാര്‍
ഓര്‍മ്മതന്‍ പച്ചപ്പുകളില്‍
ഇവയെല്ലാം മങ്ങിയകാഴ്ച.
എല്ലാമൊരു പഴങ്കഥ
തിരികെപ്പോകണമെന്നുണ്ട്
എങ്കിലും വേണ്ട,
ആറുകാല്‍ പുരഎവിടെ?
എവിടെ ചാണകം മെഴുകിയ തിണ്ണ?
വരുമ്മോ എന്നമ്മ തിരികെ.
പാട്ടുപാടിയുറക്കാനായ്
എന്റെ കൊച്ചുപള്ളിക്കൂടം
ഓലമേഞ്ഞു തണുപ്പിച്ച ഷെഡ്
ആദ്യാക്ഷരം കുറിച്ച ഗുരുനാഥന്‍
സ്കൂളിന്പിന്നിലെ കളിമുറ്റം
ഒത്തിരി മാമ്പഴം വീഴ്ത്തിയ തേന്മാവ്.
തണലേകിയ ആല്മരം
തിരികെപ്പോകണമെന്നുണ്ട്
എങ്കിലും വേണ്ട
അവടൊത്തിരി കംപുട്ടെറുകള്‍
മൊബൈലില്‍ കളിക്കും സാറന്മാര്‍
പ്രോജക്ടുകള്‍ ചെയ്യും കുട്ടികള്‍
തെന്നിവീഴ്ത്താന്‍ ടൈലിട്ടതറ
വരുമോ തിരികെ
എന്റെ പ്രിയപ്പെട്ട ടീച്ചര്‍
പേരെഴുതിപഠിപ്പിച്ച ടീച്ചര്‍ ?
നടവഴിയിലെ വയല്‍പ്പരപ്പുകള്‍
ആമ്പല്‍വിരിയും പൂക്കുളങ്ങള്‍
പരല്‍ മീനുകള്‍ തെന്നിയോടുംപാടം
ഒറ്റക്കാലില്‍ തപസ്സുചെയ്യും നീളന്‍കൊക്ക്
കൊയ്ത്തുപാട്ടു പാടുംകിളികള്‍
തിരികെപ്പോകണമെന്നുണ്ട്
എങ്കിലും വേണ്ട
വയലെല്ലാംവറ്റി വരുണ്ടുപോയി
വരുമോയെന്‍ കിളികള്‍
ഇനിയുമൊരിക്കല്‍ക്കൂടി
കൊയ്തുപ്പാട്ട് വീണ്ടും മൂളാന്‍
എഴുതാന്‍പഠിച്ച നാള്‍
നിറമുള്ള ഓര്‍മ്മക്കായ്
നീ തന്ന സ്വര്ണമനിറമുള്ളപേന
ചന്ദന സുഗന്ധം, ആദ്യചുംബനം
തുളസികതിരിന്‍ മണം
പുസ്തകത്താളിനുള്ളിലെ
മയില്പ്പീലിത്തുണ്ട്
എങ്കിലും വേണ്ട
നിന്ടെ കണ്ണു നിറയുന്നതു
കാണാന്‍ എനിക്കാവില്ല
ഓര്‍മ്മകള്‍ഉറങ്ങട്ടെ, ഇല്ല
തിരികെ ഞാനില്ല
പുസ്തകത്താളിനുള്ളില്‍
ഇനിയുമുണ്ടോ എനിക്കായി
ഒരുമയില്‍പ്പീലിത്തുണ്ടുകൂടി?
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment